ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name: വാളൂരാന്‍
Location: തൃശ്ശൂര്‍, Qatar

ഇടവഴിയെന്ന പേരില്‍ അല്പം സ്ഥലം നേരത്തേ പതിച്ചുകിട്ടിയിരുന്നു. ഇടക്ക് വനവാസത്തിനു പോകും. ഇത്തവണ പോയപ്പോള്‍ എത്തിപ്പെട്ടതാണ് പടമെടുപ്പിന്റെ ലോകത്ത്. ഓരോരോ പ്രാന്ത് അല്ലാണ്ടെന്താ....

Sunday, June 14, 2009

ഗ്രേസിയുടെ ഭാര്യ

ഇത്തവണ കഥയില്‍ അംഗങ്ങള്‍ കുറവാണ്‌ നാലുപേര്‍ മാത്രം. കണക്കില്‍ നാലുപേരുണ്ടെങ്കിലും ക്‍ടാങ്ങള്‍ക്ക്‌ വല്യ റോളൊന്നുമില്ല. കേന്ദ്രകഥാപാത്രങ്ങളെക്കുറിച്ച്‌ പറയുമ്പോ വെറുതെ ഒരു മേമ്പൊടിക്ക്‌ ഇടക്ക്‌ വന്നുപോവും അത്രേള്ളൂ. പതിവു രീതിയില്‍ കുടുംബനാഥനില്‍ നിന്നാണ്‌ കഥ തുടങ്ങാറ്‌. ഇവിടെയും അത്‌ തെറ്റിക്കുന്നില്ല.

ഗ്രേസി
കുടുംബനാഥ
സ്കൂള്‍ ടീച്ചര്‍
30 വയസ്സ്‌

ബിനോയ്‌
ഗ്രേസിയുടെ ഭാര്യ
പണിയില്ല
35 വയസ്സ്‌

രണ്ടുമക്കള്‍
മൂത്തവള്‍ - അനു (മൂന്നാം ക്ലാസ്‌)
ഇളയവന്‍ - ബിനു (രണ്ട്‌ വയസ്സ്‌)

തുടക്കത്തില്‍ തന്നെ എന്തോ പിഴച്ചപോലെ തോന്നിയോ. അല്ല എന്തിന്‌ വായനക്കാരെ കുറ്റം പറയണം. അങ്ങിനെയാണല്ലോ തുടങ്ങിയത്‌. ബിനോയില്‍ നിന്നും അവതരണം തുടങ്ങേണ്ടതിനു പകരം ഗ്രേസിയില്‍ നിന്നല്ലേ എഴുതിത്തുടങ്ങിയത്‌. എന്നാല്‍ നിങ്ങള്‍ക്ക്‌ തെറ്റി. ശരിയായ രീതിയില്‍ തന്നെയാണ്‌ തുടങ്ങിയത്‌. ഇവിടെ കുടുബനാഥനല്ല നാഥ തന്നെയാണ്‌. കാരണം മറ്റൊന്നുമല്ല ജോലിയെടുത്ത്‌ കുടുംബം പോറ്റുന്നത്‌ ഗ്രേസിയാണ്‌. ടീച്ചറാണെങ്കിലും വീട്ടിലെ ചെലവുകള്‍ ഒന്നു വട്ടമെത്തിക്കാന്‍ ഗ്രേസി കിടന്ന് പെടാപ്പാട്‌ പെടുന്നത്‌ കാണുമ്പോഴാണ്‌ ബിനോയുടെ പണിയെന്താണെന്ന് അറിയാന്‍ വായനക്കാര്‍ ജിജ്ഞാസുക്കളാകുന്നത്‌. കോഴിക്കോട്‌ ആര്‍.ഇ.സി.യില്‍ നിന്ന് രണ്ടാം റാങ്കില്‍ എഞ്ചിനീയറിങ്ങ്‌ പാസായ ബിനോയ്‌ ഇപ്പോള്‍ ചെയ്യുന്നത്‌ ഗ്രേസിയുടെയും കുട്ടികളുടെയും തുണികള്‍ കഴുകുക, കുടുംബത്തിനുവേണ്ട ഭക്ഷണസസാധങ്ങള്‍ ഉണ്ടാക്കുക, വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കുക, പച്ചക്കറി വാങ്ങുക, കുട്ടികളെ കുളിപ്പിക്കുക, ടിവി കാണുക എന്നിവയാണ്‌. ആദ്യത്തെ അവതരണത്തിലുള്ള പൊരുത്തക്കേട്‌ എന്തായിരുന്നു എന്ന് ഇപ്പോള്‍ വായനക്കാര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ടാവുമല്ലോ. എങ്കില്‍ പിന്നെ ഇനിയും ഈ മുഖവുരയുമായി നില്‍ക്കാതെ നേരിട്ട്‌ കഥയിലേക്ക്‌ കടക്കുക തന്നെ. ബിനോയിക്കെന്നും അവധിയാണെങ്കിലും ഗ്രേസിക്കാകെ കിട്ടുന്ന ഒരു ഞായറാഴ്ചയില്‍ നിന്നും തന്നെ കഥ തുടങ്ങാം.

മൂടിക്കെട്ടിയ ആകാശമായിരുന്നു രാവിലെ തന്നെ. ഗ്രേസിക്കാകെ മടുപ്പു തോന്നി. തിരക്കുകളുടെ ഒടുക്കം കിട്ടുന്ന ഒരു വാരാന്ത്യം, അതും ഇതുപോലെ ഇരുണ്ടിരിക്കുമ്പോള്‍ അവള്‍ക്കെന്തോ അസ്വസ്ഥതപോലെ തോന്നി. ഇനി എല്ലാരെയും കുത്തിപ്പൊക്കി എണീപ്പിച്ചിട്ടു വേണം കുര്‍ബ്ബാനക്കു പോകാന്‍. അതിനാക്കേളേറെ പള്ളിയിലെത്തിയാല്‍ ചുറ്റുനിന്നും വരുന്ന പരിഹാസ നോട്ടങ്ങളെയാണ്‌ സഹിക്കാന്‍ വയ്യാത്തത്‌. ബിനോയിക്കാണെങ്കില്‍ ഇങ്ങനെയൊക്കെ ആള്‍ക്കാര്‍ നോക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ടെന്ന ഒരു വിചാരമേ ഇല്ല. പുറത്തിറങ്ങാന്‍ തന്നെ മടിയാണ്‌. എത്ര പറഞ്ഞാലും ബിനോയ്‌ പുറകിലേ നടക്കൂ. എന്നുമുതലാണ്‌ ഇങ്ങനെയൊരു തലതിരിച്ചില്‍ ഉണ്ടായതെന്ന് ഗ്രേസിക്ക്‌ ഓര്‍മ്മയില്‍ വന്നില്ല.

മൂത്തവളുടെ ചോദ്യം കേട്ടുകൊണ്ടാണ്‌ ബിനോയ്‌ കണ്ണ്‌ തുറന്നത്‌.
"പപ്പാ, എന്റെ കൂട്ടുകാരുടെയൊക്കെ പപ്പമാരാ ജോലിക്ക്‌ പോണേ, ഈ പപ്പമാത്രമെന്താ ജോലിക്ക്‌ പോകാത്തേ?"

ഗ്രേസിയുടെ മുഖത്ത്‌ തികച്ചും അസുഖകരമായതെന്തോ കേട്ടപോലെയുള്ള ഒരു നീരസം നിഴലിട്ടു. തന്റെ ഭാവമെന്താണെന്ന് ബിനോയ്‌ ഒളികണ്ണിട്ട്‌ നോക്കുന്നത്‌ കാണാത്ത പോലെ അവള്‍ ക്ലോക്കിലേക്ക്‌ അലസമായി നോക്കിക്കൊണ്ട്‌ കിടന്നു.

"മമ്മി ജോലിക്ക്‌ പോണില്ലേ, പിന്നെന്താ?"
തികച്ചും നിഷ്കളങ്കമായ രീതിയില്‍ ബിനോയ്‌ മറുപടി കൊടുക്കുന്ന കേട്ടപ്പോള്‍ അരിശം വന്നതായിരുന്നു. നല്ലൊരു ഞായറാഴ്ച എന്തിന്‌ വെറുതെ വഴക്കില്‍ തുടങ്ങണം എന്ന് കരുതി അവള്‍ നിശ്ശബ്ദമായി അയാള്‍ക്ക്‌ പുറംതിരിഞ്ഞു കിടന്നു. അല്ലെങ്കിലും ഇതിനെക്കുറിച്ചൊക്കെ വാതോരാതെ എത്ര വട്ടം പിടിച്ചിരുത്തി സംസാരിച്ചിരിക്കുന്നു. എന്തു ഫലം. ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പേ വീണ്ടും ഈ കൊച്ചു കൊച്ചു വീട്ടുജോലികളുടെ സൗകര്യത്തിലേക്ക്‌ എല്ലാ തലവേദനകളില്‍ നിന്നും ഒളിച്ചോടി അയാള്‍ രക്ഷപ്പെടും.

പള്ളിയില്‍ സാരിത്തലപ്പുകൊണ്ട്‌ തല മറച്ച്‌ മുട്ടുകുത്തിയിരിക്കുമ്പോള്‍ സൗമ്യനും വൃദ്ധനുമായ അച്ചന്റെ ലോലമായ ശബ്ദം അവളുടെ കാതുകളില്‍ മുഴങ്ങി - "ഇതാ ഞാന്‍ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുന്നില്‍ വക്കുന്നു. ഇന്ന് ഞാന്‍ നിങ്ങളോട്‌ ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുന്നു എങ്കില്‍ അനുഗ്രഹവും നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‍പനകള്‍ അനുസരിക്കാതെ ഇന്നു ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കില്‍ ശാപവും വരും"

അനുഗ്രഹത്തെയും ശാപത്തെയും തമ്മില്‍ ഇഴപിരിക്കാന്‍ അവള്‍ നന്നേ പണിപ്പെട്ടു. സുന്ദരനായ സൗമ്യനായ ഉന്നതവിദ്യാഭ്യാസമുള്ളയാള്‍ തന്നെ ജീവിതത്തില്‍ തുണയായ്‌ വന്നപ്പോള്‍ ഇതുതന്നെയാണ്‌ ദൈവാനുഗ്രഹം എന്ന് അഹങ്കരിച്ചു. ഇപ്പോള്‍ ഇതാ നിഷ്ക്രിയനായി അന്തര്‍മുഖനായി ജീവിതത്തിന്റെ വെല്ലുവിളികളില്‍ നിന്ന് വളരെ കൗശലത്തോടെ ഒളിച്ചോടി അടുക്കളയിലും വീടിന്റെ പിന്നാമ്പുറങ്ങളിലും അലസമായ നിമിഷങ്ങളൊടുക്കുന്നു. ഒരിക്കല്‍ അനുഗ്രഹമായത്‌ തന്നെ ഇപ്പോള്‍ ശാപത്തിന്റെ വേഷത്തിലും. യഹോവയുടെ കല്‍പനകളില്‍ എന്തോ അവള്‍ക്കത്ര വിശ്വാസം തോന്നിയില്ല. അല്ലെങ്കില്‍ തനിക്ക്‌ മാത്രം എന്തേ ഇങ്ങനെ വരാന്‍.

കുര്‍ബ്ബാന കഴിഞ്ഞ്‌ പള്ളിമേടയില്‍ നിന്ന് അച്ചന്‍ പുറത്ത്‌ വരുവാന്‍ അവള്‍ കാത്തുനിന്നു. എല്ലാ ആഴ്ചയും അച്ചന്‍ ബിനോയെ വിളിച്ച്‌ ഉപദേശിക്കുന്നതാണ്‌. പ്രത്യേകിച്ച്‌ പ്രയോജനമൊന്നും കാണില്ലെന്നും അറിയാം. എങ്കിലും എന്നെങ്കിലും അയാള്‍ക്ക്‌ നല്ല ബുദ്ധി തോന്നിപ്പിക്കും എന്ന് തന്നെ വിശ്വസിച്ചു.

"ബിനോ, നിന്റെ ജോലിക്കാര്യം എന്തായി?" അച്ചന്റെ ചോദ്യം ബിനോയ്ക്കത്ര ഇഷ്ടപ്പെട്ടില്ല എന്ന് അയാളുടെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു.
"അച്ചോ, തല്‍ക്കാലം ഇവളുടെ ശമ്പളം ഉണ്ടല്ലോ, പിന്നെ പിള്ളേരുടെ കാര്യങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അവരല്ലേ അച്ചോ ഇനി നമ്മുടെ പ്രതീക്ഷ." താനെന്തോ മഹാത്യാഗമാണ്‌ അവള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ചെയ്യുന്നതെന്ന മട്ടില്‍ ബിനോയ്‌ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗ്രേസിയുടെ മുഖം രക്തം വാര്‍ന്നപോലെയായി. നിസ്സഹായനായി അച്ചന്‍ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ അവള്‍ വിതുമ്പിപ്പോയി. എല്ലാ ഞായറാഴ്ചകളുടെയും പതിവ്‌ ആവര്‍ത്തനം അവളെ അഗാധമായ വേദനകളുടെ എതോ താഴ്‌വരയിലേക്ക്‌ തള്ളിയിട്ടു. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലാത്തപോലെ ബിനോയ്‌ ഇളയവന്റെ കയ്യില്‍ പിടിച്ചുകൊണ്ട്‌ പടികളിറങ്ങിത്തുടങ്ങി.

"ബിനോയ്ക്കുഞ്ഞിനിപ്പൊഴും കുടുംബകാര്യം തന്നെയാ അല്ല്യോ?" കവലയില്‍ തട്ടുകട നടത്തുന്ന ഏലിക്കുട്ടി ചോദിച്ചപ്പോള്‍, തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്ന മട്ടില്‍ അയാള്‍ മുഖം താഴ്ത്തി നടന്നു. ഒരു വിളറിയ ചിരി ചിരിച്ചതല്ലാതെ ഗ്രേസിയും അതിന്‌ മറുപടി പറയാന്‍ നിന്നില്ല.

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയറായിരുന്ന ബിനോയ്‌ ഇപ്പോള്‍ തന്റെ ലോകം അടുക്കളയുടെ ചുമരുകള്‍ക്കുള്ളില്‍ ഒതുക്കുന്നത്‌ ഏതോ ദുസ്വപ്നം പോലെയാണ്‌ ഇപ്പൊഴും ഗ്രേസിക്ക്‌ തോന്നുന്നത്‌. എന്നുമുതലായിരുന്നു ഈ പിന്‍വലിയല്‍ എന്ന് ഓര്‍ത്തെടുക്കാന്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്കായില്ല. ഇടക്കിടക്ക്‌ ജോലിക്ക്‌ പോകാതെ മടിപിടിച്ചിരുന്ന് അവസാനം വല്ലപ്പോഴും മാത്രമായി ഓഫീസില്‍ പോക്ക്‌. എന്ത്‌ ചോദിച്ചാലും വ്യക്തമായ മറുപടിയില്ല.

"ബിനോയ്‌, ഇങ്ങനെ ജീവിതം നശിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഞങ്ങളുടെ ഹെഡ്‌മാഷ്‌ക്ക്‌ സ്വന്തമായി ഒരു വലിയ ഇലക്ട്രിക്കല്‍ കമ്പനിയുണ്ട്‌. ഞാന്‍ ഒന്ന് സൂചിപ്പിച്ചിട്ടുണ്ട്‌. നാളെ അവിടെ വരെയൊന്ന് പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ്‌ ചെയ്തേ തീരൂ. ഇന്ന് ഇവിടുത്തെ പണികളൊക്കെ ഞാന്‍ ചെയ്തോളാം. ആ പഴയ പുസ്തകങ്ങളൊക്കെ ഒന്നെടുത്ത്‌ റെഫര്‍ ചെയ്യൂ." ഗ്രേസിക്ക്‌ ശബ്ദം അല്‍പം കനത്ത്‌ തന്നെ പറയേണ്ടി വന്നു. എങ്കിലും ഇതുവരെയുള്ള അനുഭവം വച്ച്‌ അയാളത്‌ ചെവിക്കൊള്ളുമെന്ന് അവള്‍ക്ക്‌ പ്രതീക്ഷയില്ലായിരുന്നു.

"ഹേയ്‌, പിന്നെ കുട്ടികളുടെ കാര്യം ഒന്നും ശരിയാവില്ല. നിനക്ക്‌ പൈസയുടെ കാര്യം മാത്രേള്ളൂ" വളരെ നേര്‍ത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞൊപ്പിച്ചു. പറഞ്ഞതിനുശേഷം അവളുടെ മുഖത്തേക്ക്‌ നോക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ടായിരുന്നില്ല.

"എങ്കില്‍ ഞാന്‍ റിസൈന്‍ ചെയ്യാം. കുട്ടികളെ നോക്കാന്‍ അമ്മമാരാണല്ലോ ഏറ്റവും യോജിച്ചത്‌."

"അഛന്റെ സ്നേഹം കൊടുക്കാന്‍ നിന്നെക്കൊണ്ട്‌ കഴിയുമോ?"

"ലോകത്ത്‌ വേറെയും ഒരുപാട്‌ കുട്ടികളുണ്ട്‌. അവരുടെയെല്ലാം അഛന്മാര്‍ പണിയെടുക്കാതെ വീട്ടിലിരിക്കുകയല്ല ചെയ്യുന്നത്‌. ഞാന്‍ സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നതാണ്‌. ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നത്ര ഗൗരവമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ഇങ്ങനെ ബാലിശമായി സംസാരിക്കരുത്‌"

"നിനക്കെന്താ ഞാനിപ്പൊ ഒരു ശല്യമാണോ? എങ്കില്‍ ഞാന്‍ എങ്ങോട്ടെങ്കിലും പോയ്ക്കോളാം" ജോലിയുടെ കാര്യം പറയുമ്പോഴെല്ലാം കേള്‍ക്കുന്ന പതിവു വാക്കുകളായതുകൊണ്ട്‌ അവള്‍ക്കതില്‍ അത്ര വേദനയോ ഗൗരവമോ തോന്നിയില്ല എന്നു മാത്രമല്ല ഒരു പുഛമാണ്‌ അവള്‍ക്കയാളോട്‌ അപ്പോള്‍ തോന്നിയത്‌.

"അദ്ധ്വാനിച്ച്‌ ഭാര്യയെയും മക്കളെയും നോക്കേണ്ട നിങ്ങള്‍ക്ക്‌ നാണമില്ലേ ഇങ്ങനെ നിസ്സാരമായി സംസാരിക്കാന്‍" അവളുടെ ശബ്ദം പതിവില്ലാത്ത രീതിയില്‍ കഠിനമാവുന്നത്‌ അയാളില്‍ അലോസരമുണ്ടാക്കി. സാധാരണ ഇത്തരം സംഭാഷണങ്ങള്‍ വന്നാല്‍ ഉടന്‍ അയാള്‍ വീടിന്റെ പുറകിലേക്ക്‌ പോയി ഒന്നും സംഭവിക്കാത്തതുപോലെ എന്തെങ്കിലും പണികള്‍ ചെയ്യുകയാണ്‌ പതിവ്‌. പക്ഷേ ഇത്തവണ അവളുടെ വാക്കുകളുടെ കാര്‍ക്കശ്യം അയാളെ ഒന്നു തളര്‍ത്തി. സ്കൂളില്‍ മോഷണത്തിന്‌ പിടിക്കപ്പെട്ട ഒരു കുട്ടിയുടെ നിസ്സഹായത അയാളുടെ മുഖത്ത്‌ തെളിവായി. അല്‍പനേരം മൗനമായിരുന്നതിനു ശേഷം അയാള്‍ ഷര്‍ട്ടെടുത്തിട്ട്‌ പുറത്തേക്കിറങ്ങി. അത്‌ അവള്‍ക്ക്‌ തികഞ്ഞ ഒരു പുതുമയായിരുന്നു. വളരെ നിര്‍ബ്ബന്ധിച്ചാലല്ലാതെ എന്തെങ്കിലും കാര്യത്തിന്‌ അയാള്‍ വീടിന്‌ വെളിയിലിറങ്ങുന്നത്‌ അവള്‍ കണ്ടിട്ടേയില്ലായിരുന്നു. എങ്കിലും അധികം വൈകാതെ തന്നെ അയാള്‍ തിരിച്ചെത്തി ഒന്നും സംഭവിക്കാത്തപോലെ ഫ്രീസറില്‍ നിന്നും വലിയ ഒരു മീനെടുത്ത്‌ കഴുകി വൃത്തിയാക്കാനാരംഭിച്ചു. അടുത്തുനിന്നിരുന്ന ഗ്രേസിയുടെ അത്യന്തം ദയനീയമായ മുഖത്തെ അയാള്‍ വളരെ കൗശലപൂര്‍വ്വം അവഗണിച്ച്‌ മീനിന്റെ ചെതുമ്പലുകള്‍ ഓരോന്നായി ഇളക്കിയെടുത്തു.

അന്നുമുഴുവനും തന്നെ അയാള്‍ എന്തെങ്കിലും റെഫര്‍ ചെയ്യുകയോ ഇന്റര്‍വ്യൂവിനായി തയ്യാറെടുക്കുകയോ ചെയ്തില്ല. അങ്ങിനെയൊരു സംഭവം കേട്ടതുപോലെയുള്ള ഭാവം പോലും അയാള്‍ക്കുണ്ടായില്ല. എങ്കിലും അയാളുടെ കഴിവുകളില്‍ അവള്‍ക്കിപ്പൊഴും നല്ല മതിപ്പുണ്ടായിരുന്നു. നാളെ രാവിലെ എങ്ങിനെയെങ്കിലും മാഷുടെ അടുത്ത്‌ എത്തിക്കാനായാല്‍ പ്രതീക്ഷയുണ്ട്‌.

"നാളെ രാവിലെ എട്ടുമണിക്കാണ്‌ മാഷ്‌ ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്‌" മറ്റാരോടോ ആണ്‌ അവള്‍ സംസാരിക്കുന്നതെന്ന മട്ടില്‍ അയാള്‍ തികച്ചും അലസനായി ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു. അവസാനത്തെ ആശയും പൊലിയുന്നപോലെയാണ്‌ ഗ്രേസിക്ക്‌ തോന്നിയത്‌. ആരും കാണാതെ അല്‍പനേരം ഇരുന്ന് കരയണമെന്ന് അവള്‍ക്ക്‌ തോന്നി. അടുക്കള വരാന്തയില്‍ തനിച്ച്‌ പോയിരുന്ന് ഒരു തേങ്ങലായ്‌ തുടങ്ങിയ അവളുടെ സങ്കടം ഒരു പെരുമഴയായ്‌ അലച്ചുപെയ്തു. എല്ലാ സ്വപ്നങ്ങളും തന്നെ ഒറ്റക്കാക്കിയിട്ട്‌ ഇരുളിലേക്കിറങ്ങി അലിഞ്ഞില്ലാതായപോലെ. എത്രനേരം അങ്ങിനെയിരുന്നു എന്നോര്‍മ്മയില്ല, ഒരു നേര്‍ത്ത തലോടലാണ്‌ അവളെ സങ്കടപ്പെരുങ്കടലില്‍ നിന്നുണര്‍ത്തിയത്‌.

"ഞാന്‍ നാളെ പോകാം" അയാളുടെ ശബ്ദം ഒട്ടും ആത്മവിശ്വാസമില്ലാത്തതായിരുന്നെങ്കിലും പോസിറ്റീവ്‌ ആയ ഒരു മറുപടി കുറെക്കാലമായി അയാളില്‍ നിന്നും കേട്ടിട്ടില്ലാത്തതുകൊണ്ട്‌ അവള്‍ക്കെന്തോ വലിയ സന്തോഷം തോന്നി. ദീര്‍ഘമായതും ദൃഢമായതുമായ ഒരാലിംഗനത്തിലമര്‍ന്നപ്പോള്‍ അവള്‍ സ്വപ്നങ്ങളെല്ലാം തിരികെയെത്തിയെന്ന ആമോദത്തില്‍ ജ്വലിച്ചു. ഏറെ നാളുകള്‍ക്കു ശേഷം ജീവിതം വീണ്ടും പുഷ്പങ്ങള്‍ വിരിച്ച പാതയിലേക്ക്‌ വിരുന്നുവരികയാണെന്ന് അവള്‍ കിനാക്കണ്ടു. തികഞ്ഞ ശാന്തതയോടെ അയാളുടെ ചുമലില്‍ തലചായ്ച്ചുകൊണ്ട്‌ അവള്‍ കണ്ണുകള്‍ പതുക്കെയടച്ചു. അമ്മക്കിളിയുടെ ചിറകിലൊതുങ്ങിയ കുഞ്ഞിക്കിളിയുടെ സുരക്ഷിതത്വം അവള്‍ അനുഭവിച്ചു.

പ്രസന്നമായ ഒരു പ്രഭാതത്തിലേക്കായിരുന്നു അവള്‍ ഉണര്‍ന്നത്‌. കുറെയധികം നാളുകളായി തന്നെ വേട്ടയാടിക്കൊണ്ടിരുന്ന ആ ദുസ്വപ്നം ഒന്ന് തീര്‍ന്നുകിട്ടിയതില്‍ അവള്‍ യഹോവയോട്‌ നന്ദി പറഞ്ഞു. എങ്കിലും ബിനോയ്‌ അവസാനനിമിഷം മനസ്സ്‌ മാറുമോ എന്ന് അവള്‍ക്ക്‌ കലശലായ ശങ്കയുണ്ടായിരുന്നു. പക്ഷേ പാന്റും ഷര്‍ട്ടുമൊക്കെയിട്ട്‌ രാവിലെ തന്നെ അയാള്‍ റെഡിയായി ഇറങ്ങുന്ന കണ്ടപ്പോള്‍ അവള്‍ക്ക്‌ ഒട്ടും വിശ്വസിക്കാനായില്ല. പുറകെ ചെന്ന് അയാളുടെ കൈകളെടുത്ത്‌ തലോടിക്കൊണ്ട്‌ അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു "മാഷ്‌ എന്തായാലും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്‌. കമ്പനി എവിടെയാണെന്ന് ബിനോയ്ക്ക്‌ അറിയില്ലല്ലോ, ഞാന്‍ കൃത്യമായി പറഞ്ഞു തരാം"

"ഇന്ന് ബിനുവിന്റെ ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിക്കാന്‍ ചെല്ലണമെന്ന് വില്ലേജാഫീസില്‍ നിന്ന് പറഞ്ഞിട്ടുണ്ട്‌. കുട്ടികളുടെ കാര്യങ്ങള്‍ അത്ര നിസ്സാരമായി തള്ളിക്കളയാന്‍ പറ്റില്ല."
കയ്യില്‍ നിന്ന് പതുക്കെ അവളുടെ പിടിവിടുവിച്ചുകൊണ്ട്‌ അയാള്‍, വളരെ നേര്‍ത്ത ശബ്ദത്തില്‍, അവള്‍ കേള്‍ക്കണമെന്ന് അത്ര നിര്‍ബ്ബന്ധമില്ലാത്തപോലെ പറഞ്ഞുകൊണ്ട്‌ തന്റെ ചെരുപ്പുകള്‍ക്കായി അവിടെ പരതുകയും ശേഷം ഒട്ടും തന്നെ ക്ലേശമില്ലാത്ത മുഖത്തോടെ പടികള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.

Tuesday, August 05, 2008

കറന്റ്‌ പോയ ചില നിമിഷങ്ങള്‍....

അന്നും പ്രത്യേകതയൊന്നും ഉണ്ടായിരുന്നില്ല. ഒരു സാധാരണ ദിവസം. അല്ലെങ്കിലും കുടുംബം നാട്ടിലുള്ള ഗള്‍ഫ്‌കാരനെന്ത്‌ പ്രത്യേകത? എല്ലാ ദിവസവും ഒരുപോലെ. മൊബൈലില്‍ അലാറം നിര്‍ത്തിയിട്ട്‌ വീണ്ടും കമിഴ്‌ന്നു കിടന്നു. ഉറങ്ങിപ്പോകരുതേ എന്ന് വിചാരിച്ച്‌ പാതിമയക്കത്തിലാണ്‌ കിടന്നത്‌ എങ്കിലും പതിവുപോലെ അഞ്ചുമിനിറ്റെന്ന് കരുതി അര മണിക്കൂറിലാണ്‌ അവസാനിച്ചത്‌. പിന്നെയൊരു വെപ്രാളമാണ്‌. എഴുന്നേല്‍ക്കാന്‍ അല്‍പം വൈകി എന്നു തോന്നിയാല്‍പിന്നെ രാവിലെ ആകെ മൂഡൗട്ടാണ്‌. ഇഷ്ടംപോലെ സമയം കിട്ടുമെന്നറിയാം എങ്കിലും ഒരു തിരക്കാണ്‌ പിന്നെ എല്ലാത്തിനും. ഇന്ന്‌ ചെറുപയറാണ്‌ കൂട്ടാന്‍ വക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇന്നലെത്തന്നെ വെള്ളത്തിലിട്ട്‌ വച്ചിട്ടുണ്ട്‌. അല്ലെങ്കിലും അതുണ്ടാക്കാന്‍ കുറച്ചു സമയം മതി. എന്നാലും കുളി കഴിഞ്ഞിട്ടേ അടുക്കളയില്‍ കടക്കാറുള്ളൂ. അവളുണ്ടായിരുന്നെങ്കില്‍ അടുക്കളയിലെ ഒരു പണിയും ചെയ്യാന്‍ സമ്മതിക്കില്ല.

കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ കറന്റ്‌ പോയത്‌. വലുതായിട്ടെന്തോ നഷ്ടപ്പെട്ടവനെപ്പോലെ പെട്ടെന്നൊന്നു പരിഭ്രമിച്ചു. ഇത്രയും വര്‍ഷത്തിനിടക്ക്‌ ആകെ ഒരിക്കലേ ഇതിനു മുന്‍പ്‌ കറന്റ്‌ പോയതായിട്ട്‌ ഓര്‍മ്മയുള്ളൂ. പെട്ടെന്ന്‌ എല്ലാം നിശ്ചലമായപോലെ. നല്ല ചൂടുള്ള ദിവസമാണ്‌. രാവിലെ അഞ്ചരക്ക്‌ പോലും പൈപ്പിലൂടെ നല്ല ചൂടുള്ള വെള്ളമാണ്‌ വരുന്നത്‌. ഒരു നനുത്ത നിശ്ശബ്ദത അവിടെ നിറഞ്ഞു. ദേഹത്ത്‌ സോപ്പ്‌ തേക്കുമ്പോള്‍ പോലും അതിന്റെ നേരിയ ശബ്ദം കേള്‍ക്കുന്നു. വെള്ളത്തുള്ളികള്‍ തറയില്‍ വീഴുന്ന ഒച്ച കേള്‍ക്കുന്നു.

"ശ്ശൊ മതി, ആരെങ്കിലും ഇപ്പോ കേറി വരും" നഗ്നമായ മുതുകിലും മുലകളിലും കാലുകളിലും താന്‍ സോപ്പ്‌ തേച്ചുകൊടുക്കുമ്പോള്‍ അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. എങ്കിലും തന്റെ കൈകളെ തടഞ്ഞില്ല.

"വന്നാലെന്താ, പുതുമോടിയാണെന്ന് കരുതിക്കോളും, അത്രന്നെ", വീണ്ടും അവളുടെ നഗ്നതയില്‍ ഒഴുകിപ്പരക്കുന്ന ഒരു വെള്ളത്തുള്ളിയായി ആ തണുപ്പിനെ നുകര്‍ന്നു. പെട്ടെന്ന് പുറത്ത്‌ അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ അവള്‍ കലശലായി പരിഭ്രമിച്ചു. കുറച്ചു കഴിഞ്ഞ്‌ അമ്മ പോയി എന്നുറപ്പായപ്പോളാണ്‌ ഒരുവിധത്തില്‍ പുറത്ത്‌ ചാടിയത്‌. അന്നുരാത്രിയില്‍ തന്റെ ചെവികളെ മൃദുവായി കടിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു - "കല്യാണം കഴിഞ്ഞ്‌ ഒരാഴ്ചയായപ്പോഴേക്കും ഒരുമിച്ച്‌ നീരാട്ടു തുടങ്ങിയെന്നെങ്ങാനും അമ്മയറിഞ്ഞാല്‍... ഛെ നാണക്കേട്‌...."

ചുറ്റുമുള്ള മുറികളിലെ ഏസികളെല്ലാം തന്നെ നിന്നുപോയകാരണം തികഞ്ഞ നിശ്ശബ്ദതയായിരുന്നു എങ്ങും. സൂര്യനുദിക്കുന്നത്‌ അതിരാവിലെയായ കാരണം കുളിമുറിയിലേക്ക്‌ നല്ല വെളിച്ചം വന്നിരുന്നു. ഇപ്പോ എല്ലാവരും ചാടിപ്പിടഞ്ഞെഴുന്നേല്‍ക്കുമെന്നതിന്‌ സംശയമില്ല, ഏസിയില്ലാതെ ഉറങ്ങുകയോ! എന്തോ ഒരു നഷ്ടം തന്നിലേക്കരിച്ചു കയറുന്ന പോലെ തോന്നി. വേഗം കുളി കഴിച്ചെന്നു വരുത്തി പുറത്തിറങ്ങി. മുറിയില്‍ കൂടെയുള്ള ഹിന്ദിക്കാരന്‍ മൂളുകയും അങ്ങോട്ടും ഇങ്ങോട്ടും തിരിയുകയും മറിയുകയുമൊക്കെ ചെയ്യുന്നു. താന്‍ ഏസി നിര്‍ത്തിയതാണെന്നാണ്‌ അവന്‍ കരുതിയത്‌.

"ഭായ്‌, ഏസി ചാലൂ കരോ"

"അരേ ദോസ്ത്‌, മേനേ ബന്ദ്‌ നഹി കിയാ യാര്‍, പവര്‍ നഹി ഹെ"

അവന്‍ വിശ്വാസം വരാത്തപോലെ എന്നെ തുറിച്ച്‌ നോക്കി. അതിനെ അവഗണിച്ച്‌ നല്ലെണ്ണ കൈത്തണ്ടയിലൊക്കെ പുരട്ടി ബ്രില്‍ക്രീം തലയില്‍ പുരട്ടാന്‍ എടുത്തു.

"അച്ചാ, എന്റെ തലയിലും പെരട്ടിത്താ..." അവന്‍ തന്റെ കുളി കഴിഞ്ഞു വരുന്നതും കാത്ത്‌ റെഡിയായി നില്‍ക്കും തലയും നീട്ടിപ്പിടിച്ചുകൊണ്ട്‌. ജീവിതത്തില്‍ ആദ്യമായിക്കണ്ട അഛനെ ആദ്യം അവന്‍ ശരിക്കും പേടിയോടെയാണ്‌ നോക്കിയത്‌. ഒരു പരിചയവുമില്ലാത്തപോലെ. പിന്നെ തലയില്‍ ക്രീം പുരട്ടിക്കൊടുക്കാനും, വണ്ടിയില്‍ മുന്നിലിരുത്തി ആനയെക്കാണിക്കാന്‍ കൊണ്ടുപോകാനും, പുറത്തുപോയി വരുമ്പോള്‍ കപ്പലണ്ടിയും അലുവയും വാങ്ങിക്കൊണ്ടുവരാനും തുടങ്ങിയതോടെ അവനും തന്റെയൊപ്പം കൂടി. വിചാരിച്ചത്രയും പ്രശ്നക്കാരനല്ല അഛനെന്ന് അവനു തോന്നിത്തുടങ്ങി.

"കളിക്കാം, കുളിക്കാം, കാട്ടില്‍പോവാം, ആനെക്കണ്ടാ പേടിക്ക്വോ?"

"ഇല്ല"

മുഖത്തേക്ക്‌ ഊതിയിട്ട്‌, താന്‍ പേടിച്ചു പോയപോലെ അഭിനയിക്കുന്നത്‌ കാണുമ്പോള്‍ ഉറക്കെ കൈകൊട്ടിച്ചിരിക്കും അവന്‍.

"ദേ പേടിച്ചേ"

"അച്ചനിനി എന്നാ പോണേ" ഒരിക്കല്‍ അമ്പലപ്പറമ്പില്‍ നിന്നും രണ്ടു ബലൂണും വാങ്ങി തന്റെ വിരലില്‍ തൂങ്ങിക്കൊണ്ട്‌ വരുമ്പോള്‍ അവന്‍ ചോദിച്ചു. ആ ചോദ്യത്തിന്റെയൊപ്പം തന്റെ കൈവിരലിലെ പിടുത്തം അല്‍പം മുറുക്കിയിരുന്നു അവന്‍. തന്റെ പിടി അയച്ചാല്‍ അഛന്‍ പോയെങ്കിലോ എന്നവന്‍ ഭയപ്പെടുന്നപോലെ തോന്നി. എന്തെങ്കിലും ഒരു മറുപടി പറയുന്നതിനു പകരം താന്‍ അവനെ കൂടുതല്‍ ചേര്‍ത്തു പിടിച്ചു.

അടുക്കളയില്‍ ആദ്യം എത്തുന്നത്‌ താനാണ്‌. നിറയെ പാറ്റകളുടെ ഒരു ബഹളമായിരിക്കും അടുക്കളയില്‍ കടക്കുമ്പോള്‍ തന്നെ. പിന്നെ അതിനെയെല്ലാം ഓടിക്കലാണ്‌ ആദ്യത്തെ പണി. ചോറുവച്ചുകൊണ്ടുപോകാതെ ഒരു രക്ഷയുമില്ല. സൈറ്റിന്റെ നാലയലത്തെങ്ങും ഒരു ചെറിയ കഫ്റ്റേരിയ പോലുമില്ല. ഒന്നും കൊണ്ടുപോയില്ലെങ്കില്‍ വായു ഭക്ഷണം തന്നെ. താന്‍ വെളുപ്പിനേ തുടങ്ങുന്ന കാരണം അടുക്കളയില്‍ തിരക്കില്ല, വേഗം നോക്കിയില്ലെങ്കില്‍ ഇപ്പോ വരും ഒരു പട. പിന്നെ ഇവിടെയെങ്ങും നില്‍ക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. പച്ചക്കറി മാത്രം കഴിക്കുന്ന തനിക്ക്‌ ഇറച്ചിയും മീനും ഒക്കെ തട്ടിക്കളിക്കുന്ന കാണുന്നതേ ചതുര്‍ഥിയാണ്‌. ചെറുപയര്‍ വക്കുമ്പോള്‍ തേങ്ങ അരച്ചു ചേര്‍ക്കാറുണ്ട്‌. ഇന്നിപ്പോള്‍ ഇനി അതിനെന്തു ചെയ്യും, മിക്സി അനങ്ങില്ലല്ലോ. സാരല്യ, അങ്ങിനെ തന്നെ ഇടാം. ഒരു ദിവസം ഇപ്പോ തേങ്ങ അരക്കാതെ ഇട്ടെന്ന് വച്ച്‌ ഒരു കുഴപ്പവും വരാനില്ല. ഒരു വലിയ എക്സോസ്റ്റ്‌ ഫാനും ഏസിയും മോട്ടോറും എല്ലാംകൂടി എപ്പോഴും ബഹളമാണ്‌ അടുക്കളയിലെപ്പൊഴും. അന്ന് ആദ്യമായാണ്‌ ഒരു അനക്കവുമില്ലാതെ അടുക്കള ഉറങ്ങുന്ന കണ്ടത്‌.

അരി തിളക്കുന്ന ഒച്ച മാത്രം. അരി തിളക്കുന്നത്‌ ആദ്യമായിട്ട്‌ കാണുന്ന പോലെ തോന്നി. അരിക്കലത്തിന്റെ അടപ്പ്‌ കയ്യില്‍ നിന്ന് താഴെ വീണപ്പോള്‍ അമ്മ പറഞ്ഞു

"ആ കൈക്കില കൂട്ടി പിടിക്കൂ, എന്തിനാ കൈ പൊള്ളിക്കുന്നത്‌"

"അമ്മേ ഇന്നെന്താ കൂട്ടാന്‍"

"ഇന്നവിയല്‌, അതല്ലേ പ്രിയപ്പെട്ടത്‌"

"അതു മാത്രേള്ളൂ?"

"പിന്നെ വേണമെങ്കില്‍ ആ മുറ്റത്ത്‌ പന്തലിന്റെ ചോട്ടില്‍ പോയാല്‍ നല്ല കിളുന്ത്‌ പടവലങ്ങ പറിച്ചോണ്ട്‌ വന്ന്‌ ഓലന്‍ വച്ച്‌ തരാം"

പ്രിയപ്പെട്ട വിഭവങ്ങള്‍ ഓരോന്നോരോന്നായി അമ്മ ഉണ്ടാക്കി. പറമ്പിന്റെ തെക്കേ അറ്റത്ത്‌ നട്ടിരുന്ന ചുവന്ന ചീരകൊണ്ട്‌ തോരനും, പാളയങ്കോടന്‍ കായ തൊലികളയാതെ വീട്ടില്‍ തന്നെ ആട്ടിയെടുത്ത വെളിച്ചെണ്ണയില്‍ വറുത്തതും, കഴിഞ്ഞ കൊല്ലം കണ്ടങ്കോരന്‍ മാവില്‍ വലിഞ്ഞ്‌ കേറി വലത്തോട്ടികൊണ്ട്‌ പറിച്ചെടുത്ത മാങ്ങകൊണ്ട്‌ നല്ല കടുമാങ്ങയുണ്ടാക്കിയതും, ഓലന്‍ വച്ചപ്പോള്‍ അഛനെപ്പോലെ തന്നെ മകനും പ്രിയപ്പെട്ടതായതിനാല്‍ അവനു കൊടുക്കാതെ താന്‍ മുഴുവനും കഴിച്ചപ്പോള്‍ അവന്‍ പിണങ്ങിക്കരഞ്ഞതും.....

അടുക്കളയില്‍ നല്ല ചൂടായിരുന്നു. പാറ്റകളൊക്കെ ചുറ്റുമുള്ള മരത്തിന്റെ തട്ടുകളിലേക്ക്‌ പിന്‍വലിഞ്ഞിരിക്കുന്നു. കറണ്ട്‌ പോയകാരണം ഇന്ന് എല്ലാവരും നേരത്തേ എഴുന്നേറ്റിട്ടുണ്ട്‌. ചിലരൊക്കെ വന്ന് അടുക്കളയിലേക്ക്‌ എത്തിനോക്കിയിട്ട്‌ പോയി. ഇനിയിപ്പോ കുളിമുറിയുടെ മുന്നിലായിരിക്കും നീണ്ട നിര. വെള്ളമെങ്ങാന്‍ തീര്‍ന്നാല്‍ കഴിഞ്ഞു കഥ. അടുപ്പിന്റെയടുത്ത്‌ കുറച്ചുനേരം നിന്നപ്പോഴേക്കും ശരിക്കു വിയര്‍ത്തു. മൂക്കിന്റെ അറ്റത്തുകൂടി വിയര്‍പ്പുതുള്ളി ഇറ്റുവീണു.

പുറകില്‍ക്കൂടി ചെന്ന് അവളെ കെട്ടിപ്പിടിച്ചപ്പോള്‍ അവള്‍ കൈ തട്ടിമാറ്റാന്‍ നോക്കി.

"ഛെ, ഇതെന്താ ഇത്‌, ആകെ വിയര്‍ത്ത്‌ ഒഴുകിയിരിക്കുകയാണ്‌"

"ഈ വിയര്‍പ്പെനിക്കിഷ്ടമാണ്‌"

"ഇതെന്ത്‌ കൂത്താണപ്പാ, ഞാനീ അടുപ്പിന്റെ ചുവട്ടില്‍ പണിഞ്ഞിട്ട്‌ നനഞ്ഞൊട്ടിയിരിക്കുകയാ, അപ്പൊഴാണോ ശൃംഗരിക്കാന്‍ വന്നേക്കുന്നേ?"

"നിന്നോട്‌ ശൃംഗരിക്കാനെനിക്ക്‌ സമയോം കാലോമൊക്കെ നോക്കണൊ?"

"പിന്നല്ലാതെ, ഇത്‌ കിടപ്പുമുറിയല്ല, അടുക്കളയാ, അമ്മയിപ്പോ വരും വെറുതെ എന്തിനാ ചമ്മുന്നത്‌?"

"ഒരു ചമ്മലുമില്ല, ഞാന്‍ അയല്‍വക്കത്തെ പെണ്ണിനെയൊന്നുമല്ലല്ലോ കേറിപ്പിടിക്കുന്നത്‌"

സംസാരം തുടര്‍ന്നതല്ലാതെ ആ വിയര്‍പ്പില്‍ നിന്നും മാറാന്‍ താനോ, തന്റെ കൈപ്പിടിയില്‍ നിന്നും വഴുതാന്‍ അവളോ തയ്യാറായില്ല. തീക്ഷ്ണമായ ചുംബനങ്ങള്‍ അവളുടെ വിയര്‍പ്പിന്റെ ഉപ്പുരസം മുഴുവന്‍ തന്റെ സിരകളിലെത്തിച്ചു. അടുപ്പിന്റെ ചൂടില്‍നിന്നല്ലാതെ രണ്ടുപേരും വിയര്‍ത്തു. മൂക്കിന്റെയറ്റത്തുകൂടി വിയര്‍പ്പുതുള്ളി ഇറ്റു വീണു.

ഇന്ന്‌ കാപ്പിക്ക്‌ വെള്ളം തിളപ്പിക്കാന്‍ കെറ്റില്‍ ഇല്ല. സോസ്‌പാനില്‍ വെള്ളം തിളപ്പിച്ച്‌ കട്ടന്‍കാപ്പിയുണ്ടാക്കി. എന്നും വിചാരിക്കും രാത്രി വരുമ്പോള്‍ പാലുവാങ്ങണമെന്ന്, പിന്നെ മറക്കും. ദിവസവും കാപ്പികുടിച്ചോണ്ടിരിക്കുമ്പോള്‍ ഇന്റര്‍നെറ്റിലാണ്‌ ശ്രദ്ധ മുഴുവന്‍. ഇന്ന് ഒന്നുമില്ല. കമ്പ്യൂട്ടര്‍ ഓണാക്കുകയേ വേണ്ട, അവധി. അപ്പോഴാണ്‌ കഴിഞ്ഞാഴ്ച പുറത്തുപോയപ്പോള്‍ മാതൃഭൂമി വാങ്ങിയതോര്‍മ്മ വന്നത്‌. ആ കടയില്‍ മാതൃഭൂമിയൊന്നും ഉണ്ടാവാറില്ല, ഇത്തവണ കണ്ടപ്പോള്‍ ഒന്നും നോക്കാതെ രണ്ടെണ്ണം വാങ്ങി. നെറ്റിന്റെയുള്ളില്‍ നിന്നിറങ്ങിയിട്ട്‌ വായിക്കാന്‍ സമയം കിട്ടണ്ടേ. പലപ്പോഴും അത്‌ മേശപ്പുറത്തിരുന്ന് തന്നെ ഇളിച്ചുകാട്ടാറുണ്ട്‌. മനപ്പൂര്‍വ്വം അതിനെ അവഗണിച്ച്‌ കമ്പ്യൂട്ടര്‍ ഓണാക്കാറാണ്‌ പതിവ്‌. ഇപ്പോ എന്തായാലും വേറൊന്നുമില്ല അതിന്റെ ഊഴമാണ്‌. നിര്‍മ്മല്‍കുമാര്‍ കത്തെഴുത്തിനെക്കുറിച്ചെഴുതിയത്‌ വായിച്ചപ്പോള്‍ വളരെ ഉത്സാഹം തോന്നി.

"ഇപ്പോള്‍ നാലുപേര്‍ കാണ്‍കെ ഒരിന്‍ലന്‍ഡെടുത്ത്‌ കത്തെഴുതാന്‍ ശ്രമിച്ചുനോക്കൂ. കാഴ്ച്ചക്കാരില്‍ ആദ്യം കൗതുകവും പിന്നെ സംശയവും നിറയുന്നത്‌ കാണാം. നിഗൂഢമായ എന്തോ നിങ്ങള്‍ ചെയ്യുകയാണെന്ന് മലയാളി കരുതിയേക്കാം..."

അടുത്തു കിടപ്പുണ്ടായിരുന്ന വരയിട്ട കടലാസും പൈലറ്റിന്റെ പേനയും തന്നോടെന്തോ മൃദുവായി പറയുന്നപോലെ തോന്നി അയാള്‍ക്ക്‌. പെട്ടെന്ന് മറ്റേതോ സ്ഥലങ്ങളിലേക്കോ കാലങ്ങളിലേക്കോ പറന്നിറങ്ങിയപോലെ തോന്നി അയാള്‍ക്ക്‌. അവള്‍ക്കല്ലാതെ പിന്നെ താനാര്‍ക്കാണ്‌ എഴുതുക. ആ തൂലിക പ്രണയതുരമാവുന്നതയാളറിഞ്ഞു.

"പ്രിയേ,
നിന്നെക്കാണാതിരിക്കുമ്പോള്‍ നിന്നെ ഞാന്‍ കൂടുതല്‍ സ്നേഹിക്കുന്നു. നിന്റെ വിയര്‍പ്പുതുള്ളികളെയും നനുത്ത സാമീപ്യത്തെയും ഞാനേറെക്കൊതിക്കുന്നു. എന്റെ സ്വപ്നങ്ങള്‍ പറന്നലയുന്നത്‌ നിന്റെ മൃദുലമായ കൈവിരല്‍ത്തലോടലിനായി മാത്രം. നിന്റെ ഊഷ്മളമായ ഉച്ഛ്വാസം എന്നെ വിരഹിയാക്കുന്നു, പ്രിയേ നീയെത്ര അകലെയാണ്‌...."

"പ്രിയേ..." അങ്ങിനെ തന്നെയാണ്‌ എന്നും ഇ-മെയില്‍ അയക്കുമ്പോള്‍ എഴുതിത്തുടങ്ങാറ്‌. പക്ഷേ വീടുപണിയുടെ കാര്യങ്ങളെക്കുറിച്ചും, അവളുടെ സ്വര്‍ണ്ണം പണയം വക്കുമ്പോള്‍ എത്ര പലിശ കൊടുക്കണമെന്നതിനെക്കുറിച്ചും, തറയിലൊട്ടിക്കുന്ന ടൈല്‍സിന്റെ നിറത്തിനെക്കുറിച്ചും, തന്റെ അഛന്‍ അവളെ എപ്പോഴും ചീത്ത പറയുന്നതിനെക്കുറിച്ചും ഒക്കെയാണ്‌ എഴുത്ത്‌ പതിവ്‌. പക്ഷേ ഇന്നെന്തോ ആ വക കാര്യങ്ങളൊന്നും തന്നെ പേനയില്‍ നിന്നും വന്നില്ല. ഇനിയൊരിക്കലും കറണ്ട്‌ വരാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. എത്ര മനോഹരമായിരുന്നു കഴിഞ്ഞ കുറച്ചു നിമിഷങ്ങള്‍. സ്നേഹവും പ്രണയവും വിയര്‍പ്പിന്റെ ആസക്തിയുമെല്ലാം തന്നില്‍ പറന്നിറങ്ങി, ഒരു വെറും പകല്‍ക്കിനാവുപോലെ. എങ്കിലും അതിന്റെയൊരു സുഖം... ഒരു പൊങ്ങുതടി പോലെ ഇങ്ങനെ പൊങ്ങിക്കിടന്നൊഴുകാന്‍....

പെട്ടെന്നാണ്‌ ശബ്ദങ്ങള്‍ ഉയിരെടുത്തത്‌, ആദ്യം ഏസിയുടെ മുരളിച്ചയായിരുന്നു, പിന്നെ ഫാനിന്റെ, മോട്ടോറിന്റെ.. ശബ്ദങ്ങള്‍ കൂടി വന്നു. കറന്റ്‌ വന്നതിന്റെ ആഹ്ലാദ സ്വരങ്ങള്‍ അപ്പുറത്തുനിന്നും കേട്ടു. കറന്റില്ലാതെ ഒരു നിമിഷം പോലും കഴിയാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഏസിയുടെ തണുപ്പ്‌ സിരകളിലേക്ക്‌ പടര്‍ന്നു. വിയര്‍പ്പ്‌ പതുക്കെ കുറയാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ശീതീകരണി മുറിയുടെ ഓരോ മുക്കിലും അതിന്റെ തീക്ഷ്ണമായ തണുപ്പ്‌ വീശിനിറച്ചു. പതുക്കെ എഴുന്നേറ്റ്‌ കമ്പ്യൂട്ടറിന്റെ അടുത്ത്‌ ചെന്ന് സ്വിച്ച്‌ ഓണ്‍ ചെയ്തു. ജിമെയില്‍ തുറന്ന് അവള്‍ക്ക്‌ മെയില്‍ അയക്കാന്‍ ടൈപ്പ്‌ ചെയ്ത്‌ തുടങ്ങി....

"പ്രിയേ... മതിലുപണിക്ക്‌ ഇന്ന് ആശാരിമാര്‍ വരാമെന്ന് പറഞ്ഞിട്ട്‌ വന്നോ, നീ ബാങ്കില്‍ പോയി കുറച്ചുകൂടി ലോണിന്റെ കാര്യം ശരിയാക്കാമെന്ന് പറഞ്ഞിട്ട്‌ ഇനിയെന്നാ പോകുന്നേ, എന്റെ ലീവ്‌ ഞാന്‍ ഒന്നുകൂടി എക്സ്റ്റന്റ്‌ ചെയ്തു, അല്ലാതെ ഈ അടവുകളെല്ലാം കൂടി വല്യ പാടാണ്‌......"

പെട്ടെന്ന്‌ അടുക്കളയില്‍ നിന്ന് അരിയടുപ്പത്തിട്ടത്‌ കരിഞ്ഞ മണം വന്നപ്പോള്‍ തിരക്കിട്ട്‌ പുറത്തേക്ക്‌ നടക്കുന്ന വഴി ആ വരയിട്ട കടലാസിലെ പ്രണയത്തിന്റെ ഉപ്പുപടര്‍ന്ന വിയര്‍പ്പുതുള്ളികള്‍ അറിയാതെയെങ്കിലും കാല്‍പ്പാദങ്ങള്‍ക്കുകീഴെ ഞെരിഞ്ഞമര്‍ന്നു. ഒരു തേങ്ങല്‍ ഉള്ളിലെങ്ങാനും ഉയര്‍ന്നുവോ?

Labels:

Saturday, May 24, 2008

സ്നേഹബന്ധനം

കത്തിയെരിയുന്ന വെയിലായിരുന്നു പുറത്ത്‌. കോലായിലെ മരത്തിന്റെ തൂണും ചാരിയിരിക്കുന്ന അഛമ്മയുടെ, ഇളംചൂടുള്ള നനുത്ത വയറില്‍ തലചേര്‍ത്തുകൊണ്ട്‌ അപ്പു ചോദിച്ചു -

"ഇതിന്റെയുള്ളില്‍ കുഞ്ഞുവാവയുണ്ടോ?"

"ഉം.. ഉണ്ടായിരുന്നു കുറേ നാള്‍ മുന്‍പ്‌... നിന്റെ അച്ഛന്‍" അപ്പുവിന്റെ എണ്ണയിട്ട്‌ ചീകിവച്ച മുടിയില്‍ തലോടിക്കൊണ്ടിരുന്നു അവര്‍. അപ്പൂന്റെ അഛനും ഇതുപോലെ തന്റെ മടിയില്‍ കിടന്ന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതേ ചോദ്യം ചോദിച്ചത്‌ അവരോര്‍ത്തു. ഒപ്പം അവന്‍ എപ്പൊഴും ഉണ്ടാവണമെന്നായിരുന്നു വേറൊരു അമ്മയും കൊതിക്കാത്തത്രയും തീവ്രമായി ആഗ്രഹിച്ചത്‌, എന്നിട്ടും അവന്‍ തന്നെയിട്ടിട്ടു പോയി ദൂരേക്ക്‌. മേടമാസത്തിലെ ചൂട്‌ പുറത്ത്‌ കത്തുന്നുണ്ടായിരുന്നു. ചെടികളൊക്കെ മയങ്ങി നില്‍ക്കുകയാണ്‌. ഉമ്മറത്തിരുന്ന് നോക്കിയാല്‍ മുറ്റവും കഴിഞ്ഞ്‌ പാടവരമ്പിന്റെ അറ്റത്ത്‌ റോഡ്‌ വരെ കാണാം. ഒരു പട്ടുപാവാടയുമിട്ട്‌ അശ്വതി തുള്ളിച്ചാടി വരുന്ന കണ്ടപ്പോഴേ അഛമ്മയുടെ മുഖത്ത്‌ നീരസം തെളിഞ്ഞു. അഛമ്മക്കങ്ങിനെയാണ്‌, അപ്പുവുമായി ആര്‌ കളിക്കാന്‍ വരുന്നതും അവര്‍ക്ക്‌ ഇഷ്ടല്ല.

"അപ്പൂ... വാടാ, ദേ പൊഴക്കടവില്‌ ആനെക്കുളിപ്പിക്കുന്നു, കാണണോങ്കീ വേഗം വാ, രാച്ചീം, അഞ്ജൂം, സുബൈറുമൊക്കെ പോയിട്ടുണ്ട്‌"

"ഇല്ല്യ മോളേ, നീ പൊയ്കോ, അപ്പൂന്‌ ആനേടെ അടുത്തുപോകുന്നത്‌ പേട്യാ"

"ഹേയ്‌ എനിക്ക്‌ പേട്യൊന്നൂല്യ..." ചാടിയെണീക്കാന്‍ നോക്കിയെങ്കിലും അവരുടെ കനത്ത കൈത്തണ്ടകളെ ഭേദിക്കാന്‍ അപ്പുവിനായില്ല.

"ഇന്നലെക്കൂടി രാത്രി പായ നനച്ചതാ, എന്നിട്ടിപ്പോ പേടിയില്യാത്രേ, മോളു പൊയ്ക്കോ, ഞാനും അപ്പൂംകൂടി ശീവേലിക്ക്‌ വരുമ്പോ ആനേ കണ്ടോളാം."

ദയനീയമായ മുഖത്തോടെ അപ്പു അഛമ്മയെ നോക്കിയെങ്കിലും അവര്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ പുറത്തെ വെയിലിലേക്കു കണ്ണുനട്ടിരുന്നു. അപ്പുവിന്റെ കണ്ണു നനഞ്ഞിരുന്നു. വരമ്പത്തുകൂടി കുഞ്ഞുപാവാട കണങ്കാല്‍ വരെ പൊക്കിപ്പിടിച്ച്‌ വേഗത്തില്‍ നടന്നുപോകുന്ന അശ്വതിയെ അവന്‍ കണ്ണിമക്കാതെ നോക്കിയിരുന്നു. എന്നാ എനിക്കിനി ഇവരുടെ കൂടെ കൊതിതീരുവോളം ഒന്നു കളിക്കാന്‍ പറ്റുക? ആരുടെയെങ്കിലും കൂടെ കളിക്കാനിറങ്ങുമ്പോഴേക്കും അഛമ്മയുടെ വിലക്കുവരും. അഛമ്മക്ക്‌ താന്‍ ആരുടെ കൂടെയും പോകുന്നത്‌ പിടിക്കില്ല, എപ്പൊഴും അടുത്ത്‌ വേണം. എത്ര നേരമാണെന്ന് വച്ചാ ഇവിടെ ഇങ്ങനെ നടക്കുക. അടുത്ത തവണ അഛന്‍ വരുമ്പോള്‍ പറയണം തന്നെയും കൊണ്ടു പോകണമെന്ന്. അല്ലെങ്കില്‍ വേണ്ട, അഛമ്മ ഒറ്റക്കാവില്ലേ. പാവം താന്‍ മാത്രല്ലേ ഉള്ളൂ അഛമ്മക്ക്‌.

അഛന്‍ പറയാറുണ്ട്‌ അഛമ്മയുടെ ഇത്ര കടുത്ത സ്നേഹം കാരണമാണ്‌ അമ്മ നമ്മളെ ഇട്ടേച്ച്‌ പോയതെന്ന്. അഛന്‍ കുട്ടിയായിരുന്നപ്പോഴും ഇങ്ങനെയായിരുന്നത്രേ, എങ്ങോട്ടും വിടില്ല, എപ്പോഴും കൂടെവേണം. പിന്നെപ്പിന്നെ അഛന്‍ മുതിര്‍ന്നിട്ടും കല്യാണം കഴിഞ്ഞിട്ടും ആ സ്നേഹത്തിന്റെ തീവ്രത കുറഞ്ഞില്ല. അമ്മ പലപ്പോഴും പറയുന്ന കേട്ടിട്ടുണ്ട്‌ പണ്ടത്തെപ്പോലെ ഇങ്ങനെ ഇനി പൂട്ടിയിടാന്‍ പറ്റില്ല, തന്റെ ഭര്‍ത്താവാണ്‌, തങ്ങളുടേതായ സ്വകാര്യതകളില്‍ ഇടപെടരുതെന്ന്. പിന്നെ കുറച്ചുനാള്‍ അഛമ്മ ആരോടും മിണ്ടാതെ നടക്കും, അതു കഴിഞ്ഞാല്‍ വീണ്ടും പഴയപടി. ഒരിക്കല്‍ അഛന്‌ മദ്രാസിലേക്ക്‌ ട്രാന്‍സ്ഫര്‍ ആയിയെന്ന് കേട്ടപ്പോഴേ അമ്മ പാക്കിംഗ്‌ ഒക്കെ തുടങ്ങിക്കഴിഞ്ഞു. അഛമ്മ സമ്മതിച്ചില്ല, ബഹളമായി. അവസാനം അമ്മ തന്നെ ജയിച്ചു, അഛമ്മ ഒറ്റക്കായി.

അപ്പൂന്‌ അഛമ്മയുടെ ഈ സ്നേഹം പലപ്പോഴും ഭാരമായി തോന്നാറുണ്ട്‌. ഗോലികളിക്കാനോ, അശ്വതീടൊപ്പം ഊഞ്ഞാലാടാനോ, അമ്പലപ്പറമ്പില്‍ പോയി ഓടിക്കളിക്കാനോ, പുഴക്കടവില്‍ ഒന്നു നീന്താനോ....എല്ലാത്തിനും വിലക്കാണ്‌. ഒരിക്കല്‍ അഛന്‍ അഛമ്മയെ ഇട്ടേച്ച്‌ പോയ പോലെ എന്നെങ്കിലും താനും ഇട്ടിട്ട്‌ പോകുമെന്ന്‌ അകാരണമായ ഒരു ഭയം പോലെ. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവര്‍ അപ്പൂനെ ചേര്‍ത്തു പിടിക്കും ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന് മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌. ഇതൊക്കെയാണെങ്കിലും അപ്പൂന്‌ അഛമ്മയെ ഇഷ്ടാണ്‌. അവന്‌ ഉണ്ണിയപ്പമുണ്ടാക്കിക്കൊടുക്കാനും, എണ്ണ തേപ്പിച്ച്‌ ചൂടുവെള്ളത്തില്‍ കുളിപ്പിക്കാനും, തലമുടി ചീകി വച്ച്‌ കുട്ടിക്കൂറ പൗഡര്‍ ഇട്ടുകൊടുക്കാനും, അമ്പലത്തീന്ന് അധികം മധുരമില്ലാത്ത പാല്‍പ്പായസം വാങ്ങിക്കൊടുക്കാനും അവന്‌ വേറെ ആരാ ഉള്ളത്‌. എങ്കിലും അപ്പു അധികം വേറെ ആരോടെങ്കിലും അടുത്താല്‍ അവര്‍ മുഖം കറുപ്പിക്കും. അപ്പുവിന്റെ ജീവിതവും നിമിഷങ്ങളും തനിക്കുവേണ്ടി മാത്രമാവണമെന്ന ഒരു കടുംപിടുത്തം. അശ്വതിയേയും സുബൈറിനേയും അവനില്‍ നിന്ന്‌ മനപ്പൂര്‍വം അകറ്റി നിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവരോട്‌ അടുക്കാനുള്ള അവസരം കുറയ്ക്കാനെന്നവണ്ണം അവനെ അല്‍പം ദൂരെയുള്ള ഇംഗ്ലീഷ്‌ മീഡിയത്തിലാണ്‌ ചേര്‍ത്തിരുന്നത്‌. പക്ഷേ അവിടെയും അവനു നിറയെ കൂട്ടുകാരുണ്ടെന്നത്‌ അവര്‍ മനപ്പൂര്‍വം മറക്കാന്‍ ശ്രമിച്ചു. അഛമ്മ കഴിഞ്ഞാല്‍ പിന്നെ അപ്പൂന്‌ ലോകത്തില്‍ ഏറ്റവും ഇഷ്ടം കണക്കാണ്‌. കണക്കില്‍ അവനു കിട്ടിയിരിക്കുന്നയത്ര സമ്മാനങ്ങള്‍ വേറെയാര്‍ക്കും കിട്ടിയിട്ടില്ല. കണക്കുപരീക്ഷയുടെ തലേന്ന് മാത്രം അവനൊന്നും പഠിക്കില്ല, അവനെല്ലാം അറിയാം.

അന്ന്‌ രാവിലത്തെ അസംബ്ലിയില്‍ സിസ്റ്റര്‍ സെലീന അപ്പൂനെ വിളിപ്പിച്ച്‌ എല്ലാരോടുമായി അനൗണ്‍സ്‌ ചെയ്തു അപ്പൂന്‌ സംസ്ഥാന തല മാത്‌സ്‌ ഒളിമ്പ്യാഡിലേക്ക്‌ സെലക്ഷന്‍ കിട്ടിയെന്ന്. ഇത്ര ചെറുപ്രായത്തില്‍ത്തന്നെ ഇതില്‍ പങ്കെടുക്കാന്‍ പറ്റുന്ന ആദ്യത്തെ കുട്ടിയാണെന്ന് സിസ്റ്റര്‍ പറഞ്ഞപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. യു.പി. സെക്ഷനില്‍ നിന്നുപോലും ഇതുവരെ ആര്‍ക്കും കിട്ടാത്തതാണ്‌ നാലില്‍ പഠിക്കുന്ന അപ്പു കരസ്ഥമാക്കിയിരിക്കുന്നത്‌. രാത്രി അഛമ്മയുടെയൊപ്പം കിടക്കുമ്പോള്‍ അപ്പു സെലക്ഷന്റെ കാര്യമൊക്കെ പറഞ്ഞു. അവര്‍ പ്രത്യേകിച്ചൊരു താല്‍പര്യവുമില്ലാത്ത മട്ടില്‍ മിണ്ടാതെ കിടന്നു. പക്ഷേ ഒളിമ്പ്യാഡിന്‌ തിരുവനന്തപുരത്ത്‌ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അഛമ്മ എഴുന്നേറ്റിരുന്ന് അവനെ തീക്ഷ്ണമായി നോക്കി.

"എങ്ങനെ പോണൂന്നാ പറയണേ, ഇവിടെയാരാ ഉള്ളേ നിന്നെ കൊണ്ടുപോകാന്‍"

"അതൊന്നും കുഴപ്പമില്ല അഛമ്മേ, സിസ്റ്റര്‍മാര്‍ കൊണ്ടുപൊയ്ക്കൊള്ളും"

"ഹേയ്‌ അത്‌ ശരിയാവില്ല, നിന്നെ തന്നെ വിട്ടിട്ട്‌ ഞാന്‍ എന്ത്‌ മനസ്സമാധാനത്തിലാ ഇവിടെ കഴിച്ചു കൂട്ട്വാ"

"അപ്പോ പിന്നെ എന്താ ചെയ്യാ അഛമ്മേ?"

"നീ കുറെ വലുതാവുമ്പോ പോയാ മതി. അല്ലെങ്കിലും നീയിപ്പോ ഒരുപാട്‌ പഠിച്ച്‌ പുറത്ത്‌ ജോലിക്കൊക്കെ പോകണ്ട ആവശ്യമെന്താ. എന്റെയീ സ്വത്ത്‌ മുഴുവന്‍ നിനക്കുള്ളതു തന്നെയാ. നിന്റെ അഛന്‍ ഒരുപാട്‌ പഠിച്ചിട്ടാ വല്യ ജോലികിട്ടി എന്നെയും ഇട്ടിട്ട്‌ പോയത്‌"

"പറ്റില്ല്യ പറ്റില്ല്യ എനിക്ക്‌ പോണം, ഞാന്‍ അഛനോട്‌ പറഞ്ഞോളാം എന്നെ കൊണ്ടോവാന്‍"

"എന്നാ പിന്നെ അഛനും മോനും കൂടിയങ്ങ്‌ കഴിഞ്ഞാ പോരേ?" അഛമ്മയുടെ ചുണ്ടുകള്‍ ദേഷ്യം കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു.

അന്ന്‌ അവനെ കെട്ടിപ്പിടിക്കാതെ അവര്‍ ദൂരെ മാറിക്കിടന്നു. തനിക്കാരുമില്ലാത്ത പോലെ തോന്നി അപ്പൂന്‌. പെട്ടെന്ന് താന്‍ വല്ലാതെ ഒറ്റപ്പെട്ടപോലെ. തനിക്കറിയാം അഛമ്മ ഒരിക്കല്‍ വിടില്ല എന്നു പറഞ്ഞാല്‍ പിന്നെ എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല. കഴിഞ്ഞ കൊല്ലം ടൂറിനു പോകാന്‍ എത്ര കരഞ്ഞു പറഞ്ഞതായിരുന്നു, പക്ഷേ വിട്ടില്ല. താന്‍ മാത്രമില്ലാതെ കഴിഞ്ഞ തവണ സ്കൂളില്‍ നിന്നും എല്ലാരും പോയി. ഇനി അഛനോടു പറഞ്ഞാലേ രക്ഷയുള്ളൂ. അവന്‍ പതുക്കെ ശബ്ദമുണ്ടാക്കാതെ എണീറ്റ്‌ കമ്പ്യൂട്ടറിന്റെ അടുത്തുപോയി, അഛനു മെയില്‍ എഴുതി.

....അഛാ, വെന്‍ വില്‍ യു കം? ഐ വാണ്ട്‌ ടു സീ യു. ഐ ഗോട്ട്‌ സെലക്ഷന്‍ ഇന്‍ മാത്‌സ്‌ ഒളിമ്പ്യാഡ്‌, ബട്‌ അഛമ്മ ഡസ്‌ നോട്ട്‌ ഗിവ്‌ പെര്‍മിഷന്‍. ഐ വാണ്ട്‌ ടു സീ യു അഛാ, പ്ലീസ്‌ കം.....

പുറകില്‍ അനക്കം കേട്ട്‌ നോക്കിയപ്പോള്‍ അഛമ്മ തന്നെത്തന്നെ നോക്കി നില്‍ക്കുന്നു. "നീയെന്താ എഴുതിയത്‌ അഛന്‌? വേഗം വന്ന്‌ കൊണ്ടുപോകാനാവും അല്ലേ"

"ഹേയ്‌ ഞാന്‍ കണക്കിന്റെ ഒന്നു രണ്ട്‌ സംശയം ഉണ്ടായിരുന്നു അത്‌ എഴുതിയതാ" അഛമ്മക്ക്‌ ഇംഗ്ലീഷ്‌ അറിയില്ലാന്ന്‌ അവനറിയാം എങ്കിലും കള്ളം പറയുന്നതിലെ ജാള്യത മുഖത്ത്‌ തെളിഞ്ഞിരുന്നു. ഒന്നും മിണ്ടാതെ അവര്‍ പോയിക്കിടന്നു. രാത്രി ഏറെ വൈകിയിട്ടും അഛമ്മയുടെ അടക്കിയ വിതുമ്പലുകള്‍ അവനെ വേദനിപ്പിച്ചു.

ഉണ്ണിയപ്പത്തിന്റെ കൊതിപ്പിക്കുന്ന മണമാണ്‌ പിറ്റേന്ന് അവനെ ഉണര്‍ത്തിയത്‌. പല്ലുതേച്ചുവന്ന അവന്റെ രണ്ടു കയ്യിലും നിറയെ നല്ല ചൂടുള്ള ഉണ്ണിയപ്പം വച്ചു കൊടുത്തു. ചൂടുകാരണം വായിലിരുന്ന ഒരു കഷണം അവന്‍ വിഴുങ്ങി, ഇറങ്ങിപ്പോയ വഴിയൊക്കെ നല്ല ചൂട്‌. അഛമ്മയോട്‌ കഴിഞ്ഞ രാത്രി നുണ പറഞ്ഞതില്‍ അവനപ്പോള്‍ വിഷമം തോന്നി. അവന്‍ ഒളികണ്ണിട്ട്‌ അവരുടെ മുഖത്തുനോക്കി. അഛമ്മ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇപ്പൊഴും അവരുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്ന പോലെതോന്നി. അവന്‌ അഛമ്മയോട്‌ ഒരുപാട്‌ സ്നേഹം തോന്നി. അശ്വതി പാടവരമ്പില്‍ നിന്ന് കൈകാട്ടി അവനെ വിളിച്ചിട്ടും അവന്‍ കണ്ടഭാവം വച്ചില്ല. അപ്പോള്‍ അഛമ്മയുടെ മുഖത്ത്‌ ഒരു ചെറിയ തിളക്കം മിന്നിമറയുന്നത്‌ അവന്‍ ശ്രദ്ധിച്ചു. രാവിലത്തെ അപ്പൂന്റെയീ സന്തോഷം പക്ഷേ വൈകീട്ടായപ്പോഴേക്കും ഒക്കെ മാറി മറിഞ്ഞു. അവന്റെ കണക്കു പുസ്തകം കാണാനില്ല. അവന്റെ ജീവന്റെ പാതിയാണാ പുസ്തകം. അവനെവിടെപ്പോയാലും അത്‌ കൂടെയുണ്ടാകും. അപ്പു എല്ലാ കണക്കുകളും ചെയ്തു പഠിച്ചിരുന്നത്‌ അതിലായിരുന്നു. അതാണ്‌ ഇപ്പോ കാണാതായിരിക്കുന്നത്‌. സ്കൂളില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്നതായി നല്ല ഓര്‍മ്മയുണ്ട്‌ അവന്‌. കുറച്ചുനേരം നോക്കിയിട്ടും കാണാതായപ്പോള്‍ അവന്‌ കരച്ചില്‍ വന്ന പോലെയായി.

"അഛമ്മേ എന്റെ കണക്കുപുസ്തകം കണ്ടോ?" ഒരു വിതുമ്പലിന്റെ വക്കിലെത്തി അവന്‍ ചോദിച്ചു.

"നീ സ്കൂളിലെങ്ങാനും ഇട്ടിട്ടു പോന്നിട്ടുണ്ടാവും, ഇവിടെ കിടന്ന്‌ തപ്പിയിട്ടെന്താ കാര്യം?"

"ഞാന്‍ കൊണ്ടു വന്നതാ, എനിക്ക്‌ നല്ല ഓര്‍മ്മേണ്ട്‌"
"ആ എന്നാ അവിടെയെങ്ങാനുമുണ്ടാവും" എന്നൊരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ്‌ അഛമ്മ അടുക്കളയിലേക്ക്‌ പോയി.

"അഛമ്മേ, അതൊന്ന് നോക്കിയെടുത്ത്‌ താ, ഞാന്‍ ചെയ്തത്‌ മുഴുവന്‍ അതിലാ"

"ഒന്നു കിണുങ്ങാതിരിക്ക്‌, എനിക്കിവിടെ നൂറുകൂട്ടം പണീണ്ട്‌"

അവനവിടെ മുഴുവന്‍ പരതി നോക്കി. എങ്ങുമില്ല. അവനാകെ നിരാശയായി. ഇനി അത്‌ കിട്ടില്ല എന്നു തന്നെ കരുതി. അതില്ലെങ്കില്‍ പിന്നെ ഒളിമ്പ്യാഡിന്‌ പോയിട്ട്‌ കാര്യമില്ല. തപ്പുന്നതിനിടയില്‍ അഛമ്മയുടെ മുറിയിലും വെറുതേ കയറി. അവന്റെ സങ്കടം ദേഷ്യമായിത്തുടങ്ങി. അവനവിടെ കണ്ടതൊക്കെ വാരിവലിച്ചിട്ടു. കൈതപ്പൂവൊക്കെ ഇട്ടു വച്ചിരിക്കുന്ന പഴയ തുണിപ്പെട്ടി തുറന്നപ്പോള്‍ അവന്‍ അന്തിച്ചു നിന്നുപോയി. തന്റെ പുസ്തകം കുറെ കഷണങ്ങളായി അതിന്റെ ഒരു മൂലക്ക്‌ ചുരുട്ടിക്കൂട്ടിയിട്ടിരിക്കുന്നു. ഒരു പേജ്‌ പോലും കീറാത്തതായി ബാക്കിയില്ല. അവന്‍ കരഞ്ഞുകൊണ്ട്‌ പുറത്തേക്ക്‌ ഒറ്റയോട്ടമായിരുന്നു, ദൂരെ കശുമാവിന്‍ചുവട്ടില്‍ പോയിരുന്ന് അവന്‍ മതിയാവോളം കരഞ്ഞു. അന്ന് രാത്രി അവന്‍ അത്താഴം കഴിച്ചില്ല. പലപ്പോഴും അവന്‍ അറിയാതെ വിതുമ്പിപ്പോയി. തലയില്‍ തലോടാനായി വന്ന അഛമ്മയുടെ കൈ തട്ടിമാറ്റി അവന്‍ കമ്പ്യൂട്ടറിന്റെ അടുത്തേക്ക്‌ പോയി അഛനെഴുതി

..ഡാഡി, യു ഷുഡ്‌ കം ടുമാറോ, ഐ വില്‍ കം വിത്‌ യു, ഐ വാണ്ട്‌ ടു സ്റ്റേ വിത്‌ യു...

അന്ന്‌ രാത്രി അവനും അഛമ്മയും കരച്ചിലായിരുന്നു. അവന്‌ അഛമ്മയോട്‌ കലശലായ ദേഷ്യം തോന്നി, അവനവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന് തോന്നി. കെട്ടുപാടുകളില്ലാത്ത ലോകത്തേക്ക്‌, കളിക്കൂട്ടുകാരുടെയിടയിലേക്ക്‌ ഒക്കെ ഓടിയിറങ്ങിപ്പോകുന്നതായി അവന്‍ കിനാവ്‌ കണ്ടു. അഛമ്മ തന്നെ ഒരു കസേരയില്‍ കെട്ടിയിടുന്നതായും, അശ്വതിയെ ഒരു വലിയ വടിയെടുത്ത്‌ അടിച്ചോടിക്കുന്നതായും പേടിസ്വപ്നം കണ്ട്‌ അവന്‍ അന്ന് രാത്രി നൊന്തു പനിച്ചു.

പിറ്റേന്ന് മുഴുവന്‍ അവന്‌ നല്ല പനിയായിരുന്നു. അഛമ്മ കണ്ണുചിമ്മാതെ അവന്‌ കൂട്ടിരുന്നു. ഓരോ അഞ്ചുമിനുറ്റ്‌ കൂടുമ്പോഴും അവര്‍ നനഞ്ഞ തുണി നനച്ച്‌ അവന്റെ നെറ്റിയിലിട്ടു. ചുക്കുകാപ്പി അനത്തി ചൂടോടെ അവനെ കുടിപ്പിച്ചു. ഒരുപണികള്‍ക്കും പോകാതെ അവന്റെ തലയില്‍ തലോടിക്കൊണ്ട്‌ അവരവിടെ തന്നെയിരുന്നു. അവന്‌ അല്‍പം സ്വസ്ഥത തോന്നി.

"അഛമ്മയെന്തിനാ എന്റെ പുസ്തകം കീറിക്കളഞ്ഞത്‌" പെട്ടെന്ന്‌ അവന്‍ ചോദിച്ചു. അവരത്‌ പ്രതീക്ഷിച്ചിരുന്നില്ല, അവരുടെ മുഖം വിളറിയപോലെയായി.

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അഛമ്മ ഒരിക്കലും ഇങ്ങനെ കരയുന്നത്‌ അവന്‍ കണ്ടിട്ടില്ല. അവനെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു

"നീ എന്നെ വിട്ട്‌ പോകരുത്‌"

അവരുടെ ഇളം ചൂടുള്ള, മടക്കുകളുള്ള വയറില്‍ മുഖം പൂഴ്ത്തി അവന്‍ അഛമ്മയോട്‌ ചേര്‍ന്ന് കിടന്നു, അവന്റെ ചുണ്ടില്‍ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു.

Wednesday, October 17, 2007

ചില വെജിറ്റേറിയന്‍ തത്വചിന്തകള്‍

ശങ്കരന്‍ മാഷ്‌ വെജിറ്റേറിയനാണ്‌. ഭാര്യ സൗദാമിനിയും വെജിറ്റേറിയനാണ്‌ എന്നാണ്‌ മാഷ്‌ കരുതിയിരിക്കുന്നത്‌. മാഷ്‌ കൂടെയുള്ളപ്പോള്‍ അതങ്ങിനെ തന്നെയാണുതാനും. പക്ഷേ കോഴിക്കറിയും കരിമീന്‍ വറുത്തതും ആണ്‌ സൗദാമിനി ഏറ്റവും കൊതിക്കുന്ന വിഭവങ്ങള്‍. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മോള്‍ക്കും ചെറുപ്പത്തിലേ സസ്യേതരത്തിനോടാണ്‌ കൂടുതല്‍ താല്‍പര്യം. എന്തേ മാഷും വീട്ടുകാരും ഇങ്ങനെ നേര്‍വിപരീതമായി? അതിനു കാരണമുണ്ട്‌. മാഷ്‌ക്ക്‌ പച്ചക്കറിയേ പറ്റൂ എന്നു മാത്രമല്ല, ഇറച്ചിയും മറ്റും കഴിക്കുന്നവരോട്‌ തികഞ്ഞ വിരോധവുമാണ്‌. വീട്ടില്‍ മുട്ട പോയിട്ട്‌ പാല്‍ പോലും വാങ്ങില്ല. മീനും ഇറച്ചിയുമൊക്കെ മിക്കനേരവും ഉണ്ടാവാറുള്ള വീട്ടില്‍ നിന്നാണ്‌ സൗദാമിനി, മാഷുടെ വെജിറ്റേറിയന്‍ ജീവിതത്തിലേക്ക്‌ വന്നത്‌. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടുതോന്നിയെങ്കിലും താനതൊക്കെ കഴിക്കുന്നതു പോയിട്ട്‌ ആലോചിക്കുന്നതുപോലും മാഷറിഞ്ഞാല്‍ ഉണ്ടാക്കുന്ന പുകിലോര്‍ത്ത്‌ സൗദാമിനി ഒതുങ്ങിക്കൂടി.

സ്കൂളിലേക്കു വീട്ടില്‍ നിന്നും അഞ്ചുമിനിറ്റു നടക്കാനുള്ള വഴിയേ ഉള്ളൂ, പക്ഷേ മാഷാ വഴിയേ പോകാറില്ല. അബ്ദുക്കാദറിന്റെ ഇറച്ചിവെട്ടുകട, പോകുന്ന വഴിക്കാണെന്നുള്ളതുതന്നെ കാരണം. മിക്ക ദിവസവും അവിടെ വെട്ടലൊന്നുമുണ്ടാവാറില്ലെങ്കിലും മാഷതിലേ പോവില്ല. പാടത്തുകൂടെ ചെളിയും ചവിട്ടി ഇരുപതു മിനുറ്റ്‌ കറങ്ങിത്തിരിഞ്ഞാണ്‌ സ്കൂളിലെത്തുക.

സാധാരണ മാഷ്‌ ചോറുകൊണ്ടുപോവുകയാണ്‌ പതിവ്‌. ഉച്ചക്ക്‌ ഊണൊക്കെ കഴിഞ്ഞ്‌ ഒരു ചെറിയ മയക്കം. അന്നൊരു ദിവസം വെറുതേ ക്ലാസ്സുകളിലൊക്കെയൊന്നു കയറിയിറങ്ങി നടന്നപ്പോള്‍ എല്ലാരും ഇരുന്നു ചോറുണ്ണുകയായിരുന്നു. മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായത്‌ ഹനീഫയുടെ മോന്‍ അല്‍താഫാണ്‌. അവനൊരു മീനിന്റെ കഷണമെടുത്തു തിന്നുന്നതു കണ്ടുകൊണ്ടാണ്‌ മാഷകത്തേക്കു വന്നത്‌.

"ബഞ്ചിലിരുന്നാണോടാ തിന്നുന്നത്‌" എന്നു ചോദിക്കലും രണ്ടു പൊട്ടിക്കലും ഒരുമിച്ചായിരുന്നു. പെട്ടെന്നാര്‍ക്കും ഒന്നും മനസ്സിലായില്ല കാരണം അവന്‍ മാത്രമല്ല അവരെല്ലാവരും ബഞ്ചിലിരുന്നുതന്നെയായിരുന്നു കഴിച്ചിരുന്നത്‌. കയ്യില്‍ തിണര്‍ത്തുകിടക്കുന്ന അടിയുടെ പാടുമായി വീട്ടിലെത്തിയ അല്‍താഫിനെ കണ്ടിട്ട്‌ ഹനീഫ അതെന്തായാലും വെറുതേ വിടാന്‍ തീരുമാനിച്ചിട്ടുണ്ടായില്ല. ഹാലിളകിക്കൊണ്ട്‌ ഹെഡ്‌മാഷ്‌ടെ ഓഫീസിലേക്കു കയറിവന്ന ഹനീഫയെ പറഞ്ഞു സമാധാനിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ മാഷ്ക്ക്‌ കുറച്ചു പണിപ്പെടേണ്ടി വന്നു. അന്ന് ആറാമത്തെ പിരീഡ്‌, ഭൂമിയിലെ സസ്യജാലത്തെക്കുറിച്ച്‌ മാഷ്‌ ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോള്‍ പ്യൂണ്‍ പൈലോത്‌ സ്ലിപ്പുമായി വന്നു - "വൈകീട്ടു പോകുന്നതിനു മുന്‍പ്‌ ഹെഡ്‌മാഷെ കാണണം". നാലുമണിക്ക്‌ എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ മാഷ്‌ പതുക്കെ ഓഫീസിലേക്കു നടന്നു.

"എന്താ മാഷെ ഇങ്ങനെയൊക്കെയായാല്‍ എന്താ ചെയ്യാ"

"മനസ്സിലായില്ല"

"ആ ഹനീഫയെ ഒന്നു സമാധാനിപ്പിച്ചു വിടാന്‍ ഞാനെത്ര കഷ്ടപ്പെട്ടുവെന്നറിയോ മാഷ്ക്ക്‌? ഇതൊരു ആശ്രമമൊന്നുമല്ല, ഒരു ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ നടത്തുന്ന സ്കൂളാണ്‌. ഇവിടെയുള്ള കുട്ടികളോട്‌ മീനും ഇറച്ചിയും ഒന്നും കഴിക്കരുതെന്നു പറയാന്‍ പറ്റില്ല"

"ഉയര്‍ന്ന വിദ്യാഭ്യാസവും ലോകപരിചയവുമുള്ള സെബാസ്റ്റ്യന്‍ മാഷ്‌ ഇങ്ങനെ പറയരുത്‌. മനുഷ്യന്റെ ശരീര ഘടന തന്നെ.."

അതു മുഴുമിപ്പിക്കുന്നതിനു മുന്നേ സെബാസ്റ്റ്യന്‍ മാഷ്‌ ഇടക്കുകയറി പറഞ്ഞു - "മാഷെത്രാമത്തെ തവണയാണ്‌ ഇതെന്നോടു പറയുന്നത്‌? ഞാന്‍ എംഎസ്സി ചെയ്തത്‌ സുവോളജിയാണ്‌, അതുകൊണ്ട്‌ ഘടനയെക്കുറിച്ച്‌ ഇനിയുമെന്നോടു പറയരുത്‌. മാഷ്ക്ക്‌ കുറച്ചുകൂടി പ്രാക്റ്റിക്കല്‍ ആയി ജീവിച്ചുകൂടെ?"

കുറച്ചുനാള്‍ എന്തായാലും അല്‍പം ശമനമുണ്ടായിരുന്നു. പക്ഷേ എന്തുകാര്യം? എന്തായാലും ഹനീഫയെ ഒന്നുപദേശിക്കുന്നതു നല്ലതായിരിക്കുമെന്നു പലപ്പോഴും മാഷ്ക്കു തോന്നി. പക്ഷേ പകലൊന്നും കക്ഷിയുടെ അടുത്തേക്ക്‌ അടുക്കാന്‍ പറ്റില്ല. എം80യില്‍ മീനും വച്ച്‌ കുഴല്‍ പോലെയുള്ള ഹോണുമടിച്ചുകൊണ്ട്‌ ചാളഅയിലോ എന്നു കൂവുന്ന കേള്‍ക്കുമ്പോഴേ വഴിമാറി നടക്കും. വണ്ടി പോയിക്കഴിഞ്ഞ്‌ കുറേ നേരത്തേക്ക്‌ റോട്ടിലൂടെ നാറീട്ട്‌ നടക്കാനേ പറ്റില്ല. ഒരു ദിവസം വൈകീട്ട്‌ മീനില്ലാതെ ഹനീഫയെ കിട്ടിയപ്പോള്‍ മാഷ്‌ പതുക്കെ തുടക്കമിട്ടു.

"ഹനീഫക്ക്‌ നല്ല വല്ല ജോലിയും ചെയ്തു ജീവിച്ചൂടേ?"

"ഹേയ്‌ ഇതു നല്ല ജോല്യാ മാഷേ, ചെലവു കഴിച്ച്‌ ഇരുനൂറ്റമ്പതുറുപ്യേക്കൂടുതല്‍ മോന്ത്യാവുമ്പോ പോക്കറ്റിലുണ്ടാവും, എന്താപ്പോ ഇതിനൊരു പോരായ്ക?"

"തനിക്കറിയോ, ഈ മനുഷ്യ ശരീരത്തിന്റെ ഘടന തന്നെ പച്ചക്കറി തിന്നു ജീവിക്കാനാണ്‌"

"എന്നാ ഞമ്മളൊന്ന് ചോദിക്കട്ടെ, എത്ര കോടി കിലോ മീനിനെയാണ്‌ ഒരു ദിവസം പിടിക്കണത്‌ ലോകം മുഴുവന്‍, എത്ര കോടി കോഴീനെയാണ്‌ ഓരോ ദിവസോം തിന്നു തീര്‍ക്കണത്‌. ഒരു രണ്ടീസം ഇതൊക്കെയങ്ങട്‌ നിര്‍ത്തിവച്ചാ പിന്നെ ലോകണ്ടോ ന്റെ മാഷേ"

"മനുഷ്യര്‍ക്കു തിന്നാന്‍ പറ്റുന്ന വേറെയെന്തൊക്കെയുണ്ടു ഹനീഫേ നമുക്കു ചുറ്റും"

"ന്റെ മാഷേ, ത്രേം ആള്‍ക്കാര്‌ എറച്ചീം മീനും കഴിച്ചിട്ടു വരെ ഇവിടെ തെകയാനുള്ള അരി ആന്ധ്രേന്ന് കൊണ്ടരണം, പിന്നെ എല്ലാരും ചോറുമാത്രം തിന്നാന്‍ തൊടങ്ങിയാല്‍, പടച്ചോനേ ആലോചിക്കാന്‍ പറ്റണില്ല."

കൂടുതല്‍ സംസാരിച്ചിട്ടും കാര്യമൊന്നുമില്ലെന്നു മാഷക്കു മനസ്സിലായിട്ടാണോ എന്തോ അധികം സംസാരം നീണ്ടില്ല.

നാട്ടില്‍ കല്യാണത്തിനു വിളിച്ചാല്‍ കൃസ്ത്യാനികളുടേയും മുസ്ലീമുകളുടേയും കല്യാണവീടുകളിലാണെങ്കില്‍ മാഷ്‌ പോവില്ല. മാഷ്ക്കറിയാം അവിടെ ആ വൃത്തികെട്ട സാധനങ്ങള്‍ മാത്രെ ഉണ്ടാകൂ. ഹിന്ദുക്കളുടേതായാലും ഇപ്പോ പരിഷ്കാരമല്ലേ, സൂക്ഷിക്കണം. പല സ്ഥലത്തും ഇപ്പോ ഇറച്ചി ഫാഷനായിത്തുടങ്ങിയിട്ടുണ്ട്‌. അഥവാ ഇനി സൗദാമിനിയെ തനിയേ പറഞ്ഞുവിടുകയാണെങ്കില്‍ തന്നെ ആദ്യമേ അവിടുത്തെ ഭക്ഷണമെന്താണെന്ന്‌ അന്വേഷിച്ചിട്ടേ വിടൂ. ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പിന്നെ വളരെ ശ്രദ്ധിച്ചല്ലേ നടക്കൂ. ഒരിക്കല്‍ ജോസപ്പേട്ടനാണ്‌ പണിപറ്റിച്ചത്‌. മാഷെ കല്യാണത്തിനു വിളിക്കാന്‍ നേരത്ത്‌ ആദ്യമേ തന്നെ ജോസപ്പേട്ടന്‍ പറഞ്ഞു, പച്ചക്കറി മാത്രേ ഉള്ളൂ, മാഷെന്തായാലും വരണം. എന്നാല്‍ പിന്നെ മാഷും വിചാരിച്ചു ഒന്നു പോയി തലകാണിച്ചിട്ടു പോന്നേക്കാം. ജോസപ്പിന്റെ മോള്‌ ഷീല തന്റെ ക്ലാസ്സിലെ കുട്ടിയാണ്‌. അവിടെച്ചെന്നു ഇലയിട്ടപ്പോഴല്ലേ മാഷ്‌ അന്തിച്ചുപോയത്‌, ബ്രഡ്ഡും കോഴിക്കറിയുമാണ്‌ വിളമ്പുന്നത്‌. അതു മാഷ്ടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. മുഖത്തെ രക്തമെല്ലാം വാര്‍ന്നുപോയ പോലെയായിരുന്നു. സൗദാമിനിക്ക്‌ പെട്ടെന്ന്‌ മാഷ്ടെ ഭാവമാറ്റം പിടികിട്ടി. കോഴിക്കറി വിളമ്പുന്ന കണ്ടിട്ട്‌ സൗദാമിനിക്ക്‌ സഹിച്ചില്ല. വളരെ ദയനീയമായി മാഷെ നോക്കിക്കൊണ്ട്‌ സൗദാമിനി ചോദിച്ചു,
"മാഷേ, ഞങ്ങള്‍ കഴിച്ചിട്ടു വന്നാല്‍ മതിയോ അതോ?"

ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി. അപ്പോഴേക്കും നടന്നുതുടങ്ങിയിരുന്ന മാഷുടെ പുറകേ ഒപ്പമെത്തനായി സൗദാമിനി ഓടി. അതു കഴിഞ്ഞ്‌ ഒന്നുരണ്ടുവട്ടം ജോസപ്പേട്ടനെ വഴിയില്‍ വച്ചു കണ്ടെങ്കിലും മാഷൊന്നും പറഞ്ഞില്ല പക്ഷേ അടുത്ത അരക്കൊല്ല പരീക്ഷക്ക്‌ ജോസപ്പേട്ടന്റെ മോള്‍ ആദ്യമായിട്ട്‌ തോറ്റു.

എപ്പോഴും കിട്ടാക്കനിക്കാണല്ലോ സ്വാദു കൂടുതല്‍ തോന്നുക. കോഴിക്കറിയെന്നു പറഞ്ഞാല്‍ സൗദാമിനിക്കു ജീവനാണ്‌. വല്ലപ്പോഴും തന്റെ വീട്ടില്‍ പോകുമ്പോള്‍ എന്തെങ്കിലും ഒരു വഴിയുണ്ടെങ്കില്‍ ശനിയും ഞായറും പോകാതിരിക്കാന്‍ നോക്കും, മാഷും കൂടെ വന്നാല്‍ പിന്നെ കഴിഞ്ഞു കഥ. സ്കൂളുള്ള ഏതെങ്കിലും ദിവസം പോയാല്‍ അമ്മയോടു പറഞ്ഞ്‌ സ്വാദോടുകൂടി എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം. അവിടെയാവുമ്പോള്‍ വീട്ടില്‍ തന്നെ നല്ല കോഴിയുണ്ട്‌. മാഷും കൂടിയുണ്ടെങ്കില്‍ അമ്മ കോഴികളെയൊക്കെ പിടിച്ചു കൊട്ടയിട്ടു മൂടും, അല്ലെങ്കില്‍ മാഷ്‌ അമ്മയെയും ചീത്ത പറയും. ഈ സാമ്പാറും അവീലും കഴിച്ച്‌ നാക്കിനൊന്നും ഇപ്പോ ഒരു രുചിയുമില്ല. പക്ഷേ ഒരിക്കല്‍ പറ്റിപ്പോയി, വെള്ളിയാഴ്ചയായിരുന്നു സൗദാമിനി വീട്ടിലേക്കു പോയത്‌, പിറ്റേന്ന് കാലത്തു തന്നെ വരാം എന്നു പറഞ്ഞാണ്‌ പോയത്‌. വൈകീട്ട്‌ സ്കൂളൊക്കെ കഴിഞ്ഞ്‌ സന്ധ്യയാവാറായപ്പോള്‍ മാഷ്‌ മോളേയും കൊണ്ട്‌ അങ്ങോട്ടു വന്നു. അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നല്ല മസാലയൊക്കെ വറുത്തരച്ച്‌ അസ്സലായി നാടന്‍കോഴിയെ വച്ച്‌ അമ്മയും മോളും കൂടി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ മാഷ്‌ കേറിവന്നത്‌. പിന്നെ അവിടെ നടന്ന കോലാഹലമൊന്നും പറയണ്ട. മാഷെ ഇത്രയും രൗദ്രഭാവത്തില്‍ അതിനു മുന്‍പു കണ്ടിട്ടില്ല. ആ നിമിഷം തന്നെ മോളെയും വിളിച്ചുകൊണ്ട്‌ അവിടെനിന്നിറങ്ങി. അതിനു ശേഷം ഇതുവരെ സൗദാമിനിയുടെ വീട്ടിലേക്ക്‌ മാഷ്‌ പോയിട്ടില്ല. പിന്നെ എപ്പൊഴെങ്കിലും വീട്ടില്‍പോകുന്ന കാര്യം പറഞ്ഞാല്‍ അപ്പോ മാഷു ചീത്തപറയും.

"വൃത്തികെട്ട ഓരോന്ന്‌ വാരിവലിച്ച്‌ തിന്നാനല്ലേ, പൊയ്ക്കോളൂ, എന്നിട്ട്‌ അവിടെത്തന്നെയങ്ങട്‌ കൂടിക്കോളൂ."

"ഇതെന്തൊരു സൂക്കേടാ, മാഷക്കു വേണ്ടെങ്കി കഴിക്കണ്ട അത്രേള്ളൂ, ബാക്കീള്ളോരെല്ലാരും എന്തിനാ നരകിക്കണേ"

"എന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു കഴിയുകയാണെങ്കില്‍ മാത്രം ഇവിടെ കഴിഞ്ഞാല്‍ മതി"

"സ്വന്തം കാര്യം മാത്രം നോക്ക്യാ മതീല്ലോ"

"അപ്പറഞ്ഞത്‌ നിനക്കും ബാധകമാണ്‌"

ഇനി വീണ്ടും സംസാരിക്കാന്‍ നിന്നാല്‍ രണ്ടുപേര്‍ക്കും സംയമനം പോകുമെന്നു കണ്ട്‌ സൗദാമിനി ഒരു കൊട്ട മുഖവുമായി പിന്‍വാങ്ങി. ഇന്നിനി ഒന്നും ഉണ്ടാക്കാന്‍ വയ്യ. അല്ലെങ്കിലും ഈ വെള്ളരിക്കയും വഴുതനങ്ങയും കാണുമ്പോഴേ കലിവരും. ഇത്തവണത്തെ വനിതയിലെന്താ പാചകക്കുറിപ്പുള്ളതെന്നു നോക്കാം. കോഴിക്കറി ഏതെല്ലാം വിധത്തില്‍ വക്കാന്‍ പറ്റുമെന്ന് സൗദാമിനിക്ക്‌ കാണാപ്പാഠമാണ്‌. ആ മിസ്സിസ്‌ കേയെം മാത്യു ഉണ്ടായിരുന്നപ്പോള്‍ എത്ര തരത്തിലുള്ള കോഴിക്കറികളുടെ പാചകക്കുറിപ്പുകളാണ്‌ അവര്‍ ഇടാറ്‌. മലബാറില്‍ മസാല അരച്ച ഒന്ന്‌, തിരുവല്ലയില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞത്‌, ശ്ശോ ഒരിക്കല്‍ പോലും ഇതൊന്നും ഉണ്ടാക്കിനോക്കാന്‍ പറ്റിയിട്ടില്ലല്ലോ. ഈ കോഴി പാചകക്കുറിപ്പുകള്‍ വായിക്കുന്നതു തന്നെ വേറെ ഏതെങ്കിലും കറിയുടെ പേജെടുത്ത്‌ മടക്കിപ്പിടിച്ചിട്ടായിരിക്കും. അബദ്ധത്തിലെങ്ങാനും മാഷ്‌ ചാടി വന്നാല്‍ പെട്ടെന്നു പേജ്‌ മറിക്കും അപ്പോള്‍ മാഷ്‌ നോക്കുമ്പോള്‍ കാണുക പാവക്കാ കിച്ചടിയുണ്ടാക്കുന്നത്‌ അല്ലെങ്കില്‍ കായും ചേനയും എരിശ്ശേരിയുണ്ടാക്കുന്നത്‌ അങ്ങിനെയെന്തെങ്കിലുമായിരിക്കും. അപ്പുറത്തെ വീട്ടിലെ സുധാകരന്‍ ഗള്‍ഫീന്നു വന്നപ്പോ പറയുന്നുണ്ടായി അവിടെ ദുബായിലൊക്കെ കോഴിയുടെ വിഭവങ്ങള്‍ മാത്രം കിട്ടുന്ന കടകളുണ്ടത്രേ. എന്തോ ഒരു പേരു പറഞ്ഞത്‌ തിരിഞ്ഞില്ല. കോഴിയുടെ വിഭവങ്ങള്‍ മാത്രം വില്‍ക്കുന്ന കടയെക്കുറിച്ചാലോചിച്ചപ്പോഴേ സൗദാമിനിക്കു രോമാഞ്ചമുണ്ടായി. എന്തോ അനങ്ങുന്ന പോലെതോന്നി തിരിഞ്ഞുനോക്കിയപ്പോള്‍ കയ്യിലെ വനിതയിലേക്കു തുറിച്ചുനോക്കിക്കൊണ്ടു നില്‍ക്കുന്ന മാഷ്‌. ഈസ്റ്റര്‍ വിഭവമായി നല്ല ബ്രൗണ്‍ നിറത്തില്‍ ഒരു മുഴുവന്‍ കോഴിയെ പൊരിച്ചുവച്ചിരിക്കുന്നതിന്റെ നടുപ്പേജിലെ തന്നെ വര്‍ണ്ണചിത്രം സൗദാമിനിയുടെ കയ്യിലിരുന്നു വിറച്ചു. മാഷ്‌ തൊട്ടടുത്തിരുന്ന ചില്ലുഗ്ലാസ്സെടുത്ത്‌ ഒരൊറ്റയേറായിരുന്നു, അടുക്കള മുഴുവന്‍ സൗദാമിനിയുടെ മനസ്സുപോലെ ചിതറിയ കുപ്പിക്കഷണങ്ങള്‍ നിറഞ്ഞു. പുറത്തു നെല്ലു പുഴുങ്ങുന്നതിന്നടിയില്‍ കത്തിച്ചിരുന്ന ചൂട്ടിന്റെയൊപ്പം അന്നു വനിതകൂടി കത്തിയമര്‍ന്നു. അതിനുശേഷം എപ്പോഴെങ്കിലും വനിത വാങ്ങിയിട്ടുണ്ടെങ്കില്‍ അതിലെ പാചകക്കുറിപ്പുകളുടെ പേജുകള്‍ കീറിക്കളഞ്ഞിട്ടേ മാഷു വീട്ടിലേക്കു കൊണ്ടുവരൂ.

കെഴക്കേലെ ബീവാത്തൂന്റെ മോള്‍ടെ കല്യാണത്തിനു ക്ഷണം വന്നപ്പോഴേ മാഷ്‌ പോകണ്ട എന്ന് തീരുമാനിച്ചതാണ്‌. സൗദാമിനിയേയും പറഞ്ഞു ശട്ടം കെട്ടി ആ ഭാഗത്തേക്കെങ്ങും പോയേക്കരുതെന്നു പറഞ്ഞ്‌.

"മാഷെന്താ പറേണേ, തൊട്ടു കെഴക്കേലെ കല്യാണത്തിനു പോയില്ലെങ്കില്‍ മോശല്ലേ"

"എനിക്കറിയാം നിന്റെ മോശമൊക്കെ, ആ പൂതി മനസ്സിലുണ്ടെങ്കില്‍ ഇപ്പോഴേ കളഞ്ഞോളൂ"

"മാഷേ നമുക്കീ നാട്ടില്‍ തന്നെ ഇനിയും താമസിക്കേണ്ടതാണ്‌, നാട്ടുകാരെ വെറുപ്പിച്ചുകൊണ്ട്‌ ഇങ്ങനെ ഓരോന്ന് തുടങ്ങിയാല്‍ കഷ്ടമാണ്‌"

"വെറുപ്പിക്കണ്ട, നീ ഒരു കാര്യം ചെയ്യ്‌, രവിലെ തന്നെ പോയിട്ടു പോരെ. ഞാന്‍ സ്കൂളില്‍ പോയി കഴിഞ്ഞിട്ടു മതി. പക്ഷേ അവിടുന്നെന്തെങ്കിലും കഴിച്ചിട്ടാണ്‌ വരുന്നതെങ്കില്‍ പിന്നെ ഇങ്ങോട്ട്‌ കേറണമെന്നില്ല"

രാവിലെ തന്നെ പോകാന്‍ ഒരുങ്ങിക്കെട്ടിയിട്ട്‌ ഇറങ്ങിയപ്പോള്‍ ഉച്ചയാവാറായി. പേടിക്കണ്ട മാഷിനി വൈകീട്ടല്ലേ വരൂ. മാഷുടെ താക്കീതുണ്ടായിരുന്നെങ്കിലും സൗദാമിനി കഴിക്കണ്ട എന്നുള്ള ഉറച്ച തീരുമാനത്തിലൊന്നുമായിരുന്നില്ല. നിര്‍ബ്ബന്ധിക്കുകയാണെങ്കില്‍ പിന്നെ കഴിക്കാതിരിക്കുന്നതു ശരിയല്ല. മുസ്ലീങ്ങളുടെ കല്യാണവീട്ടിലെ കോഴിക്കറിക്ക്‌ ഭയങ്കര സ്വാദാണ്‌. മാഷടെ കൂടെ കൂടുന്നതിനു മുന്നേ ചില കൂട്ടുകാരികളുടെ കല്യാണത്തിനു പോയിട്ടുള്ള സ്വാദ്‌ ഇപ്പോഴും മനസ്സിലുണ്ട്‌. ബീവാത്തു നിര്‍ബ്ബന്ധിച്ചൂന്നു മാത്രല്ല സൗദാമിനിക്കു കൂടെ നിന്നു നിറയെ വിളമ്പിക്കൊടുത്തു.

സൗദാമിനി ഇപ്പൊഴും പറയും അന്നു തനിക്കു കണ്ടകശ്ശനിയുടെ അപഹാരം ഉച്ചിയിലായിരുന്നു അതാണ്‌ മാഷ്‌ക്ക്‌ ആ സമയത്തു തന്നെ സ്കൂളില്‍ നിന്നു തിരിച്ചു വരാന്‍ തോന്നിയത്‌. ചൂടുകാലമായിട്ടാണെന്നു തോന്നുന്നു ചോറിന്റെയൊപ്പം വച്ച അവിയല്‍ വളിച്ചുപോയിയത്രെ. എന്നാ പിന്നെ വീട്ടില്‍ വന്നു കഴിക്കാമെന്നു വെച്ചു മാഷ്‌. പക്ഷേ വീടിനടുത്തെത്താറായപ്പോഴാണ്‌ കല്യാണത്തിന്റെ കാര്യമോര്‍ത്തത്‌. അയ്യോ പെട്ടു, കല്യാണപ്പെണ്ണിന്റെ ആങ്ങള മനാഫ്‌ പടിക്കല്‍ തന്നെ നില്‍ക്കുന്നുണ്ട്‌. മാഷ്‌ ഒന്നുമറിയാത്ത പോലെ കാലു വലിച്ചുനീട്ടി നേരെ നോക്കി നടന്നു.

"മാഷേ, എന്താ വൈകിയത്‌. മാഷു വരുമെന്നറിയാമായിരുന്നു, രാവിലെ വരുമെന്നാ കരുതീത്‌"

"അത്‌, ഇന്ന് സ്കൂളില്‍ ഇന്‍സ്പെക്ഷന്‍ ആയിരുന്നു, പോകാതിരിക്കാന്‍ പറ്റിയില്ല"

"സാരല്യ മാഷേ, എന്തായാലും വരൂ, സൗദാമിനിച്ചേച്ചി ദാ കഴിച്ചു തുടങ്ങി"

മാഷ്‌ ഞെട്ടി, അവള്‍ കഴിക്ക്യേ. രാവിലെ വന്നു തല കാണിച്ചു പോരാന്‍ പറഞ്ഞിട്ട്‌ അവള്‍ പരസ്യമായിട്ട്‌ ഇരുന്നു കഴിക്ക്യേ. ഇനി എന്തിനു ജീവിക്കണം. ഈ നാട്ടിലെല്ലാവര്‍ക്കുമറിയാം താന്‍ എത്രമാത്രം വെജിറ്റേറിയന്‍ ജീവിതരീതിയുമായി ഒട്ടിച്ചേര്‍ന്നിരിക്കുന്നു എന്ന്‌. മീന്‍കാരന്‍ ഹനീഫ അതാ സൗദാമിനിക്ക്‌ കോഴിക്കറിയുടെ ചാര്‍ ഒഴിച്ചു കൊടുക്കുന്നു. പെട്ടെന്നു മാഷെക്കണ്ട സൗദാമിനി പകച്ചുപോയി. എന്തു ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട മാഷ്‌ സൗദാമിനിയുടെ മുഖമടച്ച്‌ ഒന്നുകൊടുത്ത്‌ അവളെയും വലിച്ചിഴച്ചുകൊണ്ട്‌ വീട്ടിലേക്കു പോയി.

അന്നു വൈകീട്ടു വായനശാലയിലേക്കെന്നു പറഞ്ഞിറങ്ങിയ മാഷ്‌ നേരെ ജങ്ക്ഷനിലേക്കാണ്‌ പോയത്‌. ഗോപിയുടെ പെട്ടിക്കടയില്‍ നിന്നും ഒരു വനിത വാങ്ങി. അതില്‍ നിറയെ ക്രിസ്തുമസ്‌ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ ഉണ്ടായിരുന്നു. മുഖചിത്രത്തിനു താഴെ വലതുവശത്തായി "കോഴികൊണ്ടുള്ള പത്തു ക്രിസ്മസ്‌ വിഭവങ്ങള്‍" എന്നു ചെരിച്ചെഴുതിയിരുന്നു. മാഷ്‌ അതില്‍ നിന്നും ഒരു പേജ്‌ പോലും കീറാതെയാണ്‌ സൗദാമിനിക്കു കൊണ്ടുക്കൊടുത്തത്‌. സൗദാമിനി അതു കണ്ടതായിപ്പോലും ഭാവിച്ചില്ല. വെറുതെയൊന്നു പാളി നോക്കിയപ്പോള്‍ കണ്ട "കോഴികൊണ്ടുള്ള പത്തു ക്രിസ്മസ്‌ വിഭവങ്ങള്‍" എന്ന തലക്കെട്ടു കണ്ടിട്ട്‌ സൗദാമിനിക്ക്‌ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആദ്യമായിരുന്നെങ്കില്‍ ആര്‍ത്തിയോടെ അതുമുഴുവനും വായിച്ചിട്ടേ പിന്നെ എന്തെങ്കിലും പണിക്കു പോകൂ. പക്ഷെ ഇപ്പോള്‍ അതു കണ്ടപ്പോള്‍ കലിയാണ്‌ വന്നത്‌. പെട്ടെന്ന്‌ ഏതോ ബാധ കൂടിയപോലെ വനിത വലിച്ചെടുത്ത്‌ അതിലെ പാചകക്കുറിപ്പുകളുള്ള പേജുകളൊക്കെ വന്യമായ ഒരാവേശത്തോടെ വലിച്ചുകീറി ചുരുട്ടിക്കൂട്ടിക്കൊണ്ട്‌ അടുക്കളയിലേക്ക്‌ അടുപ്പു ലക്ഷ്യമാക്കി നടന്നു. അടുപ്പിലിടുന്നതിനു മുന്നേ ഒരു നിമിഷം ആലോചിച്ചുനിന്നതിനു ശേഷം പിന്തിരിഞ്ഞ്‌ ആ പേജുകളൊക്കെ ഡൈനിംഗ്‌ റ്റേബിളില്‍ വച്ച്‌ ചുളുക്കൊക്കെ മാറ്റി മാഷു വരുന്നുണ്ടോ എന്നു നോക്കി ഒരു പരിഭ്രമത്തോടെ കിടക്ക പൊക്കി അതിനടിയില്‍ ഭദ്രമായി വച്ച്‌ ഒന്നുമറിയാത്തപോലെ തിരിച്ച്‌ അടുക്കളയില്‍ വന്ന്‌ ഒരു ചെറിയ പുഞ്ചിരിയോടെ ബാക്കിയുള്ള പണികളില്‍ മുഴുകി.

Monday, October 15, 2007

ബാക്കി കഥ നാളെയെങ്ങാനുമെഴുതാം...

"...സൂര്യന്‍ ഉച്ചിയിലൂടെ ഒരു ലാവ കണക്കേ ഉരുകിയിറങ്ങുകയായിരുന്നു. കാലുകള്‍ നിലത്തുറക്കാത്തതു പോലെയും ഓര്‍മ്മ മങ്ങുന്നതുപോലെയും തോന്നി അയാള്‍ക്ക്‌. വിശപ്പ്‌ അതിന്റെ ഏറ്റവും രൗദ്രഭാവത്തില്‍ തന്നെ കീഴടക്കുമെന്നു തോന്നിയപ്പോഴാണ്‌ അറബിത്തള്ളക്കു വാങ്ങിക്കൊണ്ടുവന്ന കുബ്ബൂസില്‍ നിന്നും ഒരെണ്ണം എടുത്തത്‌. അതിന്റെ പ്രതികരണം അപ്പോള്‍ തന്നെയുണ്ടായി. ഇന്നലെ വൈകീട്ട്‌, വെള്ളം നനക്കുന്ന പൈപ്പുകൊണ്ട്‌ തന്റെ മുതുകു മുഴുവന്‍ തല്ലിപ്പൊളിച്ചു ആ തള്ള. എന്നിട്ടും പോരാഞ്ഞ്‌ ഈ പനയില്‍ കെട്ടിയിട്ടിരിക്കുകയാണ്‌. വിശപ്പ്‌ ഒരു തരം മരവിപ്പായി മാറിത്തുടങ്ങി. വിശപ്പിന്റെയും വേദനയുടേയും ഉഷ്ണത്തിന്റെയും ഒരു സമ്മിശ്ര മയക്കത്തില്‍, ഒരു നാക്കിലയുടെ മുന്നിലിരുന്നു പിറന്നാളുണ്ണുന്ന ഉണ്ണിയുടെ മുഖം തെളിഞ്ഞുവന്നു. മോനേ നിനക്കൊരുപിടി ചോറ്‌ വായില്‍ തരാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയല്ലോ. എന്തിനിങ്ങനെയൊരു ജീവിതം, ഭക്ഷണമില്ലാതെ, പ്രിയപ്പെട്ടവരില്ലാതെ, ഒന്നുമില്ലാതെ, ഈ കനലുരുകും മണലില്‍...."

ഉച്ചക്കും വൈകീട്ടും തീറ്റ കേയെഫ്‌സിയായതുകാരണം, ആ വരി എഴുതി മുഴുമിപ്പിക്കുന്നതിനു മുന്നേ എഴുത്തുകാരനു തൂറാന്‍മുട്ടി. സുഖശോധന കഴിഞ്ഞുവന്ന്‌ ഏസി മാക്സിമം തണുപ്പിലാക്കി കട്ടിയുള്ള ബ്ലാങ്കറ്റ്‌ തലവഴി മൂടി അയാള്‍ അവളുടെ കൊഴുത്ത ശരീരത്തോട്‌ ഒട്ടിപ്പിടിച്ചുകിടന്നു.

"ഓ, ഇനി ബാക്കിയുള്ള കഥ നാളെയെങ്ങാനുമെഴുതാം..."

Friday, September 28, 2007

ദൈവവധു

നല്ല തുടുത്ത ഈന്തപ്പഴത്തില്‍ ആട്ടിന്‍പാലും കല്‍ക്കണ്ടവും ചേര്‍ത്തുണ്ടാക്കുന്ന വിശേഷപ്പെട്ട പലസ്തീനി വിഭവം ഖദ്ദാഷിനായി ഒരുക്കുമ്പോള്‍ സൈദ അറിയാതെ വിതുമ്പിപ്പോയി. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കു മാത്രം കൊടുക്കുന്ന വിഭവമാണ്‌ അത്‌, ജീവനെക്കാളേറെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടിമാത്രം പലസ്തീനി പെണ്‍കുട്ടികള്‍ ഉണ്ടാക്കുന്നത്‌. അവരുടെ പ്രണയം കൂടി ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടാണത്രേ അതിനിത്ര മധുരം.

"ഹേയ്‌ സൈദാ നീയതിനിടക്ക്‌ ഹലീബാജ്‌ ഉണ്ടാക്കാന്‍ പോയോ, എല്ലാരും നിന്നെ അവിടെ തിരക്കുന്നുണ്ട്‌"

രായ്ദയുടെ സ്വരം കേട്ട്‌ സൈദ പെട്ടെന്ന് തിരിഞ്ഞു നോക്കി. ആരും കാണാതെ ഉണ്ടാക്കണമെന്നു കരുതിയതായിരുന്നു അപ്പോഴെക്കും ഈ ചേച്ചി എവിടുന്നു വന്നു. അല്ലെങ്കിലും തന്റെ പ്രണയത്തില്‍ ആദ്യം മുതലേ അവളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

"ചേച്ചീ, നീയിതാരോടും പോയി പറയരുത്‌, ഇന്നു ഞാന്‍ ഹലീബാജ്‌ ഉണ്ടാക്കുന്നെന്നു പറഞ്ഞാല്‍ ബാപ്പുജി എന്നെ കൊത്തി നുറുക്കും. നാളേക്കായി എന്റെ മണിയറ ഒരുക്കുകയാണവര്‍"

"പിന്നെ നീയെന്തിന്‌ ഇതിനു സമ്മതിച്ചു, ഇതു നീ ഖദ്ദാഷിനോട്‌ ചെയ്യുന്ന ചതിയാണ്‌?"

"ആയിരിക്കാം, പക്ഷേ എനിക്കറിയില്ല, എനിക്കിനി ഇന്നും കൂടിയേ ഖദ്ദാഷ്‌ എന്റെ പ്രിയപ്പെട്ടവനായിട്ടുള്ളൂ, നാളെ മുതല്‍ അവനൊറ്റയാണ്‌, ഞാനും."

"നോക്കൂ നിങ്ങളുടെ പ്രണയത്തിന്‌ ആദ്യമേ കൂട്ടുനിന്നവളാണ്‌ ഞാന്‍. നീ ഇത്ര നിസ്സംഗതയോടെ അവനെ ഉപേക്ഷിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍, സൈദാ ഞാനൊരിക്കലും ഇതില്‍ പങ്കുചേരില്ലായിരുന്നു."
"ചേച്ചീ, ഞാന്‍ നിസ്സഹായയാണ്‌, എനിക്കെന്തെങ്കിലും ഉപേക്ഷിച്ചേ പറ്റൂ"

"ബാപ്പുജിയോട്‌ എനിക്ക്‌ ബഹുമാനമുണ്ട്‌ സ്നേഹമുണ്ട്‌. എന്നാലും ഞാന്‍ പറയുന്നു, നീ ബാപ്പുജിയുടെ വാക്കുകള്‍ തള്ളണമായിരുന്നു."

"മഹാപാപം പറയരുത്‌, ഇതെന്റെ സ്വന്തം തീരുമാനമാണ്‌" അതു പറയുമ്പോള്‍ സൈദയുടെ സ്വരം പതറിയിരുന്നു.

സയ്യിദ്‌ ഹലാവ വളരെ വളരെ സന്തോഷത്തിലായിരുന്നു. മണിയറയിലെ അലങ്കാരങ്ങളൊക്കെ അയാള്‍ നേരിട്ടാണ്‌ പറഞ്ഞ്‌ ചെയ്യിപ്പിച്ചിരുന്നത്‌. മൂന്ന്‌ ഒട്ടകങ്ങളെയും പത്ത്‌ ആടിനേയുമാണ്‌ അറക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്‌. ഒന്നിനും ഒരു കുറവും വരരുത്‌. സൈദ ഇതിനു സമ്മതിക്കുമോ എന്ന് അയാള്‍ക്ക്‌ സംശയമായിരുന്നു. പുറത്തു ശക്തിയായി പൊടിക്കാറ്റു വീശുന്നു, നാളെയും ഇങ്ങനെയാണെങ്കില്‍ ക്ഷണിച്ചവര്‍ എല്ലാവരും വരുമോ ആവോ. ഇതുപോലൊരു ആഘോഷം എന്തായാലും ഇനി ഈ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ആ ഖദ്ദാഷിനെയാണ്‌ ശ്രദ്ധിക്കേണ്ടത്‌, അവനെങ്ങാനും അവളുടെ മനസ്സു മാറ്റിയാല്‍, ദൈവമേ ആലോചിക്കാന്‍ കൂടി പറ്റുന്നില്ല. കഴിഞ്ഞ കൊല്ലം ഇതേപോലെ ഒരു മണിയറ ഒരുങ്ങിയതായിരുന്നു ഇവിടെ രായ്ദക്കുവേണ്ടി, പക്ഷേ അവള്‍ ബാപ്പുജിയുടെ മാനം കെടുത്തി അബ്ദുള്ളയുടെ കൂടെ ഇറങ്ങിപ്പോയി. ദൈവം മുകളിലിരുന്നു കാണുന്നുണ്ടല്ലോ ഇതെല്ലാം.

അന്നു വൈകീട്ട്‌ എല്ലാവരുടേയും കണ്ണുവെട്ടിച്ച്‌ ഖദ്ദാഷിനെ കാണാന്‍ അവള്‍ കുറേ പണിപ്പെട്ടു. പ്രണയാര്‍ദ്രമായ, അത്തറിന്റെ നേര്‍ത്ത സുഗന്ധമുള്ള ഒരിളംകാറ്റിന്റെയൊപ്പം ഖദ്ദാഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവളെ തഴുകി. പ്രിയനേ നീയെനിക്കു മാപ്പുതരിക, നീയെന്നെയണിയിച്ച പ്രണയസൗമ്യമാം ഉടയാടകള്‍ ഞാനിവിടെയുപേക്ഷിക്കുന്നു. എനിക്കു പോയേ തീരൂ. എന്റെ ജീവിതത്തിലിനി മാത്രകള്‍ മാത്രം ബാക്കി. എന്റെ മരണത്തിനായ്‌ മണിയറയൊരുങ്ങുന്നു. ദൈവത്തോടൊപ്പമുള്ള എന്റെ ജീവിതം തുടങ്ങുന്നു.

"സ്വയം മരിക്കാന്‍ തയ്യാറായിക്കൊണ്ട്‌ നീയെനിക്കെന്തിന്‌ ഹലീബാജുണ്ടാക്കി?"

പെട്ടെന്ന് ഖാദ്ദാഷിന്റെ ചോദ്യം കേട്ട്‌ സൈദ ഞെട്ടിപ്പോയി. കുറെയധികം ചോദ്യങ്ങളിലൂടെ വളരെനാള്‍ മനസ്സുടക്കി നടന്നതാണ്‌. സ്വയം ഒടുങ്ങാന്‍ തന്നെ തീരുമാനിച്ചു. ബാപ്പുജിയുടെ എത്രയോ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്‌. തന്റെ കുടുംബത്തില്‍ നിന്ന് ദൈവത്തോടു ചേരാന്‍ അവസാനമായിട്ട്‌ എന്നെ കിട്ടിയപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുകയായിരുന്നു.

"ഇന്നു വൈകീട്ട്‌ എനിക്കു മൈലാഞ്ചിയിടുന്നതു വരെ നീയെനിക്കു പ്രിയപ്പെട്ടവന്‍, എന്റെ ഉയിരിന്റെ പാതി, പിന്നെ ഞാന്‍ ദൈവത്തിന്റെ മണവാട്ടിയാണ്‌, മരണത്തിന്റെ മണവാട്ടിയാണ്‌, പിന്നെ എനിക്കു നിന്നെ കാണാനേ കഴിയില്ല. പ്രിയനേ നീയറിയുന്നോ, എനിക്കു നിന്നെ സ്വപ്നം കാണാന്‍ കൂടി കഴിയില്ല, എന്റെ ഓര്‍മകളില്‍ പോലും നീയുണ്ടാവില്ല, എനിക്ക്‌ ഓര്‍മകളേ ഉണ്ടാവില്ല...."

"നോക്കൂ പ്രിയേ, മരണം സ്വയം തിരഞ്ഞെടുക്കാനുള്ള അധികാരം ദൈവം ആര്‍ക്കും കൊടുത്തിട്ടില്ല, നീയീ ചെയ്യുന്നത്‌ തികഞ്ഞ ദൈവനിന്ദയാണ്‌, നീ നിന്റെ ബാപ്പുജിയെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളോ? എന്തിനിത്രനാളും ജീവിച്ചു, ഈ മരണത്തെ വരിക്കുന്നതിനോ? എന്നെ പ്രണയത്തിന്റെ സുഗന്ധമൂട്ടിയതെന്തിന്‌? ഈ പ്രണയത്തിനു നീ മരണം വിധിച്ചതെന്തിന്‌?"

"അറിയില്ല, അറിയില്ല... ഇപ്പോള്‍ ഉത്തരങ്ങള്‍ എന്നില്‍ നിന്നും ഒഴിഞ്ഞു പോകുന്നു. അറിയാമോ നിനക്ക്‌, മരണവധുവിനിടുന്ന മൈലാഞ്ചിക്ക്‌ കടും ചുവപ്പുനിറമാണ്‌. ഇളംചൂടുള്ള മുലപ്പാല്‍ എന്റെ ചുണ്ടുകളിലിറ്റിച്ച, വിരല്‍ പിടിച്ചെന്നെ നടത്തിയ ഉമ്മയിപ്പോള്‍ എനിക്കു മരണത്തിന്റെ മൈലാഞ്ചിയരക്കുന്ന തിരക്കില്‍. ഒരു ചുവപ്പിന്റെ മേലാപ്പ്‌ എനിക്കായൊരുങ്ങുന്നു. പാട്ടും വാദ്യങ്ങളും നീയും കേള്‍ക്കുന്നില്ലേ, അതില്‍ വിരഹമോ, ഭക്തിയോ, സായൂജ്യമോ, വേദനയോ എനിക്കു തിരിച്ചറിയാന്‍ പറ്റുന്നില്ല"

"ഈ നഷ്ടം എനിക്കു മാത്രമേ ഉള്ളൂ എന്നു നീയറിയുക. നിന്റെ ബാപ്പുജിക്ക്‌ നീയൊരു തികഞ്ഞ സൂഫിയായതിലെ ഹര്‍ഷം, ഉമ്മക്ക്‌ നീ ദൈവത്തില്‍ ചേരുന്നതിന്റെ സായൂജ്യം, എനിക്കോ? എനിക്കെന്തുണ്ട്‌?"

"പ്രിയനേ, ഇതു ഞാനുണ്ടാക്കിയ ഹലീബാജാണ്‌, നിനക്കായ്‌ മാത്രം. എന്റെയുള്ളിലിനി പ്രണയം ഒരു കണികപോലും ശേഷിക്കുന്നില്ല, അതത്രയും ഞാനിതില്‍ ചേര്‍ത്തിരിക്കുന്നു. നീയെന്നെ കാണാന്‍ നാളെ വരരുത്‌. ഇന്നു രാത്രി മൈലാഞ്ചിയിട്ടാല്‍ പിന്നെ ഞാന്‍ ദൈവവധുവാണ്‌, മറ്റുള്ളവരുടെ പെണ്ണിനെ നോക്കുന്നത്‌ അഭിമാനികളായ അറബി പുരുഷന്മാര്‍ക്ക്‌ ചേര്‍ന്നതല്ല."

സ്ഫടികത്തിന്റെ പാത്രം താഴെ വീണുടയുമോ എന്നു പലതവണ ഭയപ്പെട്ടു സൈദ. ആ മധുരം കഴിക്കണോ വേണ്ടയോ എന്ന്‌ പെട്ടെന്ന് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല ഖദ്ദാഷിന്‌. നീല ഞരമ്പുകളോടിയ അവളുടെ കൈ ചുംബിച്ചപ്പോള്‍ അവന്റെയുള്ളില്‍ കനലെരിഞ്ഞു. തന്റെ പാതിയെന്നു പിന്നെയും പിന്നെയും കനവുകളിലുറപ്പിച്ചവള്‍. സ്നേഹസ്മൃതികളില്‍ സജലമായ കണ്ണുകളില്‍ അവന്‍ ആ കൈകള്‍ ചേര്‍ത്തുവച്ചു. ആ കണ്ണീര്‍ലവണങ്ങളില്‍ അവന്റെ പ്രണയോഷ്മളമായ ഹൃദയത്തിന്റെ ചൂട്‌ അവളിലേക്ക്‌ പെയ്തിറങ്ങി. ഒരു പ്രത്യേക താളത്തിലുള്ള അറബിപാട്ട്‌ ഒരു മെലിഞ്ഞ പെണ്‍കുട്ടി നല്ല ഈണത്തില്‍ പാടുന്നുണ്ടായിരുന്നു. ദൈവത്തിന്റെ പ്രണയം സ്വീകരിക്കുന്ന ഒരു സൂഫിവധുവിന്റെ തീക്ഷ്ണമായ ഭക്തി വര്‍ണ്ണിച്ചുകൊണ്ടുള്ള ഒരു കവിതയായിരുന്നു അത്‌. പെട്ടെന്ന്‌ ഖദ്ദാഷ്‌ അവളുടെ കൈവിട്ട്‌, അവളുടെ കാലില്‍ വീണു, ദൈവവധുവിന്റെ അനുഗ്രഹം കിട്ടാനായി. ഒരു മാത്ര മുന്‍പുവരെ തന്റെ പ്രണയത്തിലലിഞ്ഞവന്‍ ഇപ്പോള്‍ തന്റെ അനുഗ്രഹത്തിനായി കാല്‍ക്കീഴില്‍ വീണപ്പോള്‍, സൈദ തികച്ചും പകച്ചു പോയി.

"ഖദ്ദാഷ്‌, എഴുന്നേല്‍ക്ക്‌, പോ ഇവിടുന്ന്, പുറത്തുപോ, എനിക്കിനി നിന്നെ കാണേണ്ട..." വളരെ വന്യമായ ശക്തിയില്‍ അവനെ വലിച്ചെഴുന്നേല്‍പ്പിച്ച്‌ പുറത്തേക്കു തള്ളി സൈദ.
"ഞാനോ നിന്നെ അനുഗ്രഹിക്കാന്‍, വേണ്ട, എനിക്കതിനെന്തര്‍ഹത, പോകൂ ഇവിടുന്ന്.." അവനുപിന്നില്‍ ആ വാതിലുകള്‍ ശക്തിയായി വലിച്ചടക്കുമ്പോള്‍ സൈദ അലറിക്കരഞ്ഞുകൊണ്ട്‌ ഏതോ അഗാധതകളിലേക്കു വീണുപോയി. ഇതുവരേക്കും ചഞ്ചലയാകാതെ പിടിച്ചുനിന്ന സൈദ ഒരു നിമിഷം പതറിപ്പോയി. ഉണ്മയേത്‌ എന്നറിയാതെ അവളുടെ ചിന്തകളില്‍ ഉഷ്ണം വീശി. ദൈവമേ നിനക്കെന്തിനു ഞാന്‍? ജീവിതത്തിന്റെ സ്വച്ഛതകളിലേക്കു നിനക്കെന്നെ ഉപേക്ഷിച്ചുകൂടേ?

പെട്ടെന്നു വാതില്‍ തുറന്ന് ഒരു വലിയ തളികയില്‍ മൈലാഞ്ചിയരച്ചതും മഞ്ഞള്‍ അരച്ചതും കൊണ്ട്‌ സൈദയുടെ ഉമ്മയും ഒരു പറ്റം അറബിപ്പെണ്‍കുട്ടികളും അകത്തേക്കു വന്നു. കരച്ചിലിന്റെ അഗാധതകളില്‍ ഉലഞ്ഞുപോയ അവളെക്കണ്ട്‌ ആ മാതൃഹൃദയം ദീപ്തമായി. ഒരു നിമിഷാര്‍ദ്ധമെങ്കിലും ആ മാറില്‍ പാല്‍ ചുരന്നു. പെട്ടെന്ന്, വളരെ പെട്ടെന്ന് അവളെ എഴുന്നേല്‍പ്പിച്ച്‌ മുഖവും കൈകളും ഒക്കെ തുടച്ച്‌ ആ കൈകളില്‍ മൈലാഞ്ചിയിടുവിച്ചു തുടങ്ങി, അതിനു മുന്നേ വേണ്ട പ്രാര്‍ഥനകള്‍ പോലും ചെയ്യാതെ. ഇനിയിവള്‍ ദൈവവധു. ഇനിയീ ലോകത്തില്‍ അവള്‍ക്കവകാശികള്‍ ആരുമില്ല, ബന്ധുക്കള്‍ ആരുമില്ല. എല്ലാം ഇവിടെയവസാനിക്കുന്നു. ഇനി പ്രണയമില്ല, മാതാപിതാക്കളില്ല, കൂട്ടുകാരില്ല, ഇനിയൊരു ദിവസം മുഴുവന്‍ ദൈവത്തില്‍ ചേരാനുള്ള പ്രാര്‍ഥനകള്‍ മാത്രം. എന്തുചെയ്യണമെന്നറിയാതെ പകച്ചിരുന്നു സൈദ. ദൈവം തന്നില്‍ അവകാശം സ്ഥാപിച്ചിരിക്കുന്നു. ഇനി ഓര്‍മ്മകളില്ല, കളിചിരികളില്ല, സ്വപ്നങ്ങളില്ല. താനിപ്പോള്‍ വധുവായിരിക്കുന്നു ദൈവത്തിന്റെ, അതൊ മരണത്തിന്റെയോ, ദൈവവും മരണവും ഒന്നാണോ?

പെണ്‍കുട്ടികള്‍ ഉറക്കെ പ്രാര്‍ഥനകള്‍ ചൊല്ലാന്‍ തുടങ്ങി. അതില്‍ കാമുകിമാരും, ഭാര്യമാരും, അമ്മമ്മാരും ഉണ്ടായിരുന്നു. ഇതൊന്നുമല്ലാതെ അവര്‍ക്കു നടുവില്‍ ഒരു മണവാട്ടിയുടെ മുഖഭാവങ്ങള്‍ തെല്ലുമില്ലാതെ അവളും.

Friday, July 20, 2007

തെറ്റ്‌

ആത്മഹത്യാമുനമ്പില്‍ കൈകോര്‍ത്ത്‌ കണ്ണുകളിറുകെയടച്ച്‌ മരണത്തിന്റെയാഴങ്ങളിലേക്കൂളിയിടാന്‍ ഒരുമാത്ര ശേഷിക്കേ...

'അല്ലെങ്കില്‍ നമുക്കു ജീവിച്ചാലോ...?'

'ഉം...."

കോര്‍ത്ത വിരലുകള്‍ ഒന്നുകൂടി മുറുക്കി ഉറച്ച കാലടികളോടെ അവര്‍ തിരിഞ്ഞു നടന്നു.