Wednesday, November 15, 2006

കുട്ടികളോട്‌ പെരുമാറാന്‍ അറിയാത്തവര്‍

അതൊരു അമ്പലമൊന്നുമായിരുന്നില്ല, ഒരു ചെറിയ ഫ്ലാറ്റ്‌. വളരെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചുകൊണ്ട്‌ കുറച്ചുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു ഫോട്ടോകള്‍ പ്ലാസ്റ്റിക്കിന്റെ മാലയൊക്കെയിട്ട്‌ വച്ചിട്ടുണ്ട്‌. അല്‍പം കഴിഞ്ഞപ്പോള്‍ കുറച്ചു പ്രായമായ ഒരാള്‍ ഷര്‍ട്ടൊക്കെ അഴിച്ചുമാറ്റി പൂജ ചെയ്തുതുടങ്ങി. ഉടനെ തന്നെ എല്ലാവരും കൂടി ഭജന പാടാനും മന്ത്രങ്ങള്‍ ചൊല്ലാനും തുടങ്ങി. നേരത്തേ വളരെ മൃദുവായി സംസാരിച്ചുകൊണ്ടിരുന്നവരാണ്‌ ഇത്ര ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലുന്നത്‌ എന്ന്‌ വിശ്വസിക്കാന്‍ പറ്റിയില്ല. കൂടുതല്‍ ആളുകളും ഒരേ താളത്തിലും രീതിയിലുമായിരുന്നു പാടിയിരുന്നത്‌ എന്നതില്‍നിന്നും അവരെല്ലാം അവിടെ സ്ഥിരമായി വരാറുള്ളവരായിരുന്നിരിക്കണം. എനിക്ക്‌ മന്ത്രങ്ങളൊന്നും അറിയാത്തതുകൊണ്ട്‌ ഞാന്‍ വെറുതേ ഓരോരുത്തരേയും നോക്കിക്കൊണ്ടിരുന്നു. അപ്പോഴാണ്‌ വാതില്‍ തുറന്ന്‌ വളരെയധികം വണ്ണമുള്ള ഒരു ചെറുപ്പക്കാരന്‍ അകത്തേക്ക്‌ വന്നത്‌. അയാള്‍ രണ്ടുവയസ്സില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു ചെറിയ കുട്ടിയെ കയ്യിലെടുത്തിരുന്നു. കുട്ടിക്ക്‌ അയാളേപ്പോലെ അമിതമായി വണ്ണമുണ്ടായിരുന്നില്ലെന്നുമാത്രമല്ല, വളരെ മെലിഞ്ഞിട്ടായിരുന്നു എന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. എന്റെ അല്‍പം മുന്‍പിലായി അയാള്‍ വന്നിരിക്കുകയും കുട്ടിയെ നിലത്തു നിര്‍ത്തുകയും ചെയ്തു. മന്ത്രോച്ചാരണത്തിന്റെ ശബ്ദം കുറച്ചെങ്കിലും കൂടിയിട്ടേയുണ്ടായിരുന്നുള്ളൂ. ഒച്ചയും ബഹളവുമൊന്നും ആ കുട്ടി ശ്രദ്ധിച്ചതായി തോന്നിയില്ല. അവന്‍ ചുറ്റും ഓരോരുത്തരേയും നോക്കിക്കൊണ്ടിരിക്കുകയാണ്‌, അവസാനം എന്റെ നേരെയും. ഞാന്‍ തല ചെരിച്ചുകൊണ്ട്‌ അവനെനോക്കി ചിരിച്ചുകാണിച്ചു. അവന്‍ തിരിച്ചും ചിരിക്കുമെന്ന്‌ എനിക്കുറപ്പായിരുന്നു. പക്ഷേ, അവന്റെ മുഖത്ത്‌ ഒരു വികാരവുമുണ്ടായിരുന്നില്ല. കാണാന്‍ നല്ല ഓമനത്തമുള്ള മുഖമായിരുന്നെങ്കിലും ഒട്ടും തന്നെ ചിരിച്ചിരുന്നില്ല. എനിക്കു വിഷമമായി. എന്നെ എന്താണാവോ ഇഷ്ടപ്പെടാഞ്ഞത്‌? വീണ്ടും അവന്‍ എന്നെത്തന്നെ നോക്കുന്നതുവരെ ഞാന്‍ കണ്ണിമ പൂട്ടാതെ അവനെത്തന്നെ ശ്രദ്ധിച്ചു. കൂടെയുള്ളവരൊക്കെ മന്ത്രം ചൊല്ലലില്‍ തന്നെ മുഴുകിയിരിക്കുന്നു. അടുത്ത തവണ അവനെന്നെ നോക്കിയപ്പോള്‍ ഞാന്‍ അവനെ ചിരിപ്പിക്കാനായി മുഖം കൊണ്ട്‌ എന്തോ ഗോഷ്ടി കാണിച്ചു. പക്ഷേ, അവനത്‌ കണ്ടതായിപ്പോലും ഭാവിച്ചില്ല. ഞാനാകെ എന്തോ നഷ്ടപ്പെട്ടുപോയപോലെ പുറകിലെ ചുമരില്‍ ചാരിയിരുന്നു. എവിടെയോ ഉള്ള ആരുടെയോ കുട്ടിയുടെ ഒരു പുഞ്ചിരി കിട്ടാന്‍ ഞാനിത്ര വിഷമിക്കുന്നതെന്തിനാണെന്ന്‌ എനിക്കുതന്നെ മനസ്സിലായില്ല. ഞാന്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒരു പക്ഷേ ആ കുട്ടിയുടെ രീതി അതാവും, അധികം ചിരിക്കാത്ത കുട്ടിയാവും. പക്ഷേ എന്റെ സ്വസ്ഥത അധികനേരം നീണ്ടില്ല. അടുത്തിരിക്കുന്നുണ്ടായിരുന്നയാള്‍ അയാളുടെ നല്ല ഭംഗിയുള്ള മൊബൈല്‍ ഫോണ്‍ അവന്റെ നേരെ നീട്ടി. പക്ഷേ അവനത്‌ വാങ്ങാതിരുന്നപ്പോള്‍ എനിക്കു നേരത്തേ തോന്നിയ വിഷമം അല്‍പം കുറഞ്ഞപോലെ തോന്നി. മാത്രമല്ല ആ മൊബൈല്‍കാരനോട്‌ അല്‍പം പുച്ഛവും തോന്നാതിരുന്നില്ല. പക്ഷേ രണ്ടുമൂന്നുതവണ ശ്രദ്ധിക്കാതിരുന്നിട്ടും അവസാനം അവനതു വാങ്ങുകതന്നെ ചെയ്തു. നേരത്തേ വല്ലപ്പോഴുമെങ്കിലും എന്റെ നേരെ നോക്കിയിരുന്ന അവനിപ്പോള്‍ ആ ഫോണില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. അവന്റെ മുഖം അല്‍പം കൂടി വികസിച്ച പോലെ തോന്നി. അയാള്‍ ഷേക്ക്‌ഹാന്റിനായി കൈനീട്ടിയപ്പോള്‍ അവനും അവന്റെ കൈ നീട്ടി. അതെനിക്ക്‌ അസഹ്യമായിത്തോന്നി. അയാളുടെ പ്രവൃത്തിയില്‍ എന്തോ കാപട്യമുള്ളപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. അവന്‍ ആ മൊബൈലില്‍ നമ്പറുകള്‍ ഞെക്കാന്‍ തുടങ്ങി. അപ്പോള്‍ അയാള്‍ അവനോട്‌ കുറച്ചുകൂടെ അടുത്തിരുന്നു. എനിക്കയാളോട്‌ കലശലായ ദേഷ്യം വന്നു. മന്ത്രങ്ങളൊന്നും ചൊല്ലാതെ വെറുതെ ചെറിയ കുട്ടികളുമായിട്ട്‌ കളിച്ചുകൊണ്ടിരിക്കുന്നു. പതുക്കെ ഞാനയാളെ തോണ്ടിവിളിച്ചിട്ടു പറഞ്ഞു.

"നിങ്ങളിത്ര വിലപിടിച്ച മൊബൈലൊക്കെയാണോ കുട്ടികള്‍ക്ക്‌ കളിക്കാന്‍ കൊടുക്കുന്നത്‌. നിങ്ങളേപ്പോലുള്ളവരാണ്‌ കുട്ടികളെ ചീത്തയാക്കുന്നത്‌."

അയാള്‍ വെറുതേ എന്നെ നോക്കി ചിരിച്ചു. പക്ഷേ അതൊരു നിരുപദ്രവമായ ചിരിയായിട്ട്‌ എനിക്കു തോന്നിയില്ല. എന്റെ വാക്കുകളെ അയാളൊട്ടും മുഖവിലക്കെടുക്കാത്തപോലെ. എങ്കിലും അയാള്‍ ആ ഫോണ്‍ തിരികെ വാങ്ങുമെന്നും ആ കുട്ടി പിന്നെ അയാളുമായിട്ട്‌ അധികം അടുക്കില്ലെന്നും ഞാന്‍ മനസ്സില്‍ കരുതി. പക്ഷേ അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ആ കുട്ടിയുടെ നേരെ കൈ നീട്ടുകയും അവന്‍ അയാളെ നോക്കി ചെറുതായി ചിരിക്കുകയും ചെയ്തു. എനിക്കത്‌ ഒട്ടും തന്നെ സഹിക്കാനാവുമായിരുന്നില്ല. ഞാന്‍ എഴുന്നേറ്റ്‌ ആ കുട്ടിയുടെ കയ്യില്‍ നിന്നും ബലമായി ഫോണ്‍ വാങ്ങി അയാളുടെ മടിയിലേക്കിട്ടു. കുട്ടി പേടിച്ചുപോയിരുന്നു. അവന്‍ അച്ഛനോടു ചേര്‍ന്നു നിന്നുകൊണ്ട്‌ എന്നെ പകച്ചു നോക്കി. ഞാന്‍ അയാളോട്‌ അല്‍പം ഒച്ച ഉയര്‍ത്തിത്തന്നെയാണ്‌ സംസാരിച്ചത്‌ -

"നിങ്ങള്‍ ഭജന പാടാന്‍ വന്നതാണോ അതോ കുട്ടികളുടെ കൂടെ കളിക്കാന്‍ വന്നതോ?"

മന്ത്രം ചൊല്ലിക്കൊണ്ടിരുന്ന പലരും എന്നെ ശ്രദ്ധിച്ചുതുടങ്ങി. ഒരു കുറ്റവാളിയെ എന്ന പോലെ ഞാനയാളെ നോക്കി. അയാള്‍ ലജ്ജിതനായി തലതാഴ്ത്തിയിരുന്നത്‌ എനിക്കല്‍പം സ്വസ്ഥത നല്‍കി. ഇനി ആ കുട്ടി തന്നെ നോക്കുമ്പോള്‍ എന്തു ചെയ്തു കാണിച്ചാലാണ്‌ അവന്‍ ചിരിക്കുക എന്ന്‌ ഞാന്‍ ഗഹനമായി ആലോചിച്ചുതുടങ്ങി. ഒന്നുരണ്ടു തവണ എന്നെ അവന്‍ നോക്കാന്‍ തുടങ്ങിയപ്പോഴേക്കും ഞാന്‍ കൈകൊണ്ടും തലകൊണ്ടുമൊക്കെ ഓരോ ആംഗ്യങ്ങള്‍ കാണിച്ചെങ്കിലും അവന്‍ വളരെ പേടിച്ചാണ്‌ എന്റെ നേരെ നോക്കിയിരുന്നത്‌ എന്ന്‌ ഞാനൊരു വേദനയോടെ അറിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന ഒരു അഞ്ചുവയസ്സുകാരി പെണ്‍കുട്ടി അവന്റെ അടുത്തുപോയിരുന്നു. അവന്‍ വളരെ കൗതുകത്തോടെ അവളെ നോക്കാന്‍ തുടങ്ങി. എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന വെളുത്തനിറത്തിലുള്ള ഉടുപ്പാണ്‌ അവള്‍ ഇട്ടിരുന്നത്‌. അവള്‍ അവന്റെ കൈകളില്‍ പിടിച്ചുകൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ആട്ടാന്‍ തുടങ്ങി. അവന്‍ വളരെ രസിച്ചുകൊണ്ട്‌ അവന്റെ തലയും രണ്ടുവശത്തേക്കും ആട്ടിക്കൊണ്ടിരുന്നു. എനിക്ക്‌ ആ കുട്ടിയെ വഴക്കുപറയണമെന്നും അവിടെ പിടിച്ചിരുത്തണമെന്നും തോന്നി. പക്ഷേ ഒരു കാരണവുമില്ലാതെ അങ്ങിനെ ചെയ്യാന്‍ എനിക്കൊരു ചമ്മല്‍ തോന്നി. ഉടനെതന്നെ അവര്‍ രണ്ടുംകൂടി ചിരിക്കാന്‍ തുടങ്ങി. ചുറ്റുമുള്ളവരും അതു കണ്ടെങ്കിലും അവരാരുമതു ശ്രദ്ധിച്ചതേയില്ല. ഞാന്‍ അവളുടെ അടുത്തുചെന്നിരുന്ന്‌ അവളെ ഉച്ചത്തില്‍ ശാസിച്ചു. തൊഴുതുപിടിച്ചുകൊണ്ട്‌ ഉച്ചത്തില്‍ നാമം ജപിക്കാന്‍ പറഞ്ഞു ഞാനവളോട്‌. പേടിച്ച്‌ അവള്‍ പെട്ടെന്ന്‌ കൈവലിച്ചു. അവനും വേഗം അവന്റെ അച്ഛന്റെ മടിയിലിരുന്നു. ഇനിയെങ്ങിനെയാണ്‌ അവനെയൊന്ന്‌ സന്തോഷിപ്പിക്കുക എന്നായി ഞാന്‍ വീണ്ടും ചിന്ത. പക്ഷേ അവര്‍ അടങ്ങിയിരുന്നില്ല. ഒരു രണ്ടുനിമിഷം കഴിഞ്ഞപ്പോഴേക്കും അവര്‍ വീണ്ടും കൈകള്‍ പിടിച്ച്‌ ആട്ടിക്കൊണ്ട്‌ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. എനിക്കത്‌ ഒട്ടും തന്നെ സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ ഉറക്കെയുറക്കെ ആ പെണ്‍കുട്ടിയെ ശകാരിക്കാന്‍ തുടങ്ങി. എന്നിട്ടും പോരാഞ്ഞ്‌ അവളുടെ ചെവിയില്‍ വളരെ ശക്തിയായി ഒരു പിച്ചും കൊടുത്തു. അവള്‍ കരഞ്ഞുകൊണ്ട്‌ നേരത്തേ മൊബൈല്‍ കൊടുത്തയാളുടെ അടുത്തേക്കോടി. അതയാളുടെ മകളായിരുന്നോ? പലരും മന്ത്രം ചൊല്ലല്‍ നിര്‍ത്തി തലയുയര്‍ത്തി എന്നെ നോക്കി. അയാള്‍ ആ പെണ്‍കുട്ടിയേയും കൊണ്ട്‌ കുറച്ച്‌ അകലെ നിന്നിരുന്ന ഒരു സ്ത്രീയുടെ അടുത്തേക്കുപോയി. എന്തൊക്കെയോ സംസാരിക്കുകയും എന്നെ കൈചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ പെണ്‍കുട്ടിയും അവളുടെ അച്ഛനും അവന്റെയടുത്തുനിന്നും ദൂരെ പോയപ്പോള്‍ എനിക്കു സമാധാനമായി. ഇനിയെന്തായാലും അവനെനിക്കൊരു ചിരി സമ്മാനിക്കാതിരിക്കില്ല. ഹോ, ഇത്രയും നേരം എന്തൊരു ടെന്‍ഷന്‍ ആയിരുന്നു. ഇപ്പോ എല്ലാം കലങ്ങിത്തെളിഞ്ഞപോലെ. ഭജന കഴിഞ്ഞാലും കുറച്ചുകൂടി കഴിഞ്ഞിട്ടു പോയാല്‍ മതി. അവന്‍ ഒരുപക്ഷേ എന്റെയൊപ്പം കളിക്കാന്‍ കൂടിയേക്കും. അവനിഷ്ടപ്പെട്ട കളികള്‍ എന്തൊക്കെയായിരിക്കും? കുട്ടികള്‍ക്ക്‌ പെട്ടെന്ന്‌ ഇഷ്ടപ്പെടുന്ന ഏതെങ്കിലും ഒന്നുരണ്ടുകളികളെങ്കിലും ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. ഷേക്ക്‌ഹാന്റിനായി ഞാന്‍ അവന്റെ നേരെ കൈനീട്ടി. ഏതോ ഭീകരജീവിയെ കണ്ടിട്ടെന്നപോലെ അവന്‍ ഒരൊറ്റകരച്ചിലായിരുന്നു. വീണ്ടും ആള്‍ക്കാര്‍ എന്നെ ശ്രദ്ധിച്ചുതുടങ്ങി. ഞാനാകെ വല്ലാതായി. അവന്‍ ഉറക്കെയുറക്കെ ഏങ്ങിയേങ്ങി കരയുകയാണ്‌. എന്നാലും ഇതൊക്കെകഴിയുമ്പോള്‍ അവന്‍ എന്റെയൊപ്പം കളിക്കാന്‍ വരുമെന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചു. മൊബൈല്‍ഫോണ്‍ പിടിച്ചയാള്‍ വേറെ ഒന്നുരണ്ടുപേരോട്‌ എന്നെച്ചൂണ്ടി എന്തോ പറയുന്നുണ്ടായിരുന്നു. അതിലൊരാള്‍ വന്ന്‌ എന്നോട്‌ പുറത്തേക്കൊന്നു വരാന്‍ പറഞ്ഞു. പുറത്തെത്തിയപ്പോള്‍ അയാള്‍ ഒന്നും മിണ്ടാതെ എന്നെ അവിടെ നിര്‍ത്തിയിട്ട്‌ അകത്തുകയറി കതകു കുറ്റിയിട്ടു. എനിക്കെന്താണ്‌ ചെയ്യേണ്ടത്‌ എന്നൊരു പിടുത്തവും കിട്ടിയില്ല. പക്ഷേ ഉടനെതന്നെ അകത്തുനിന്നും മണിയൊച്ചയും മറ്റും കേട്ടു. അപ്പോ എല്ലാവരും ഉടനേ തന്നെ പുറത്തുവരുമായിരിക്കും. അവന്റെ ഒരു ചിരികണ്ടിട്ടുവേണം തനിക്ക്‌ പോകാന്‍. നേരത്തേയുണ്ടായതെല്ലാം അവന്‍ മറന്നുകാണും. ഇപ്പോള്‍ കാണുമ്പോള്‍ എന്തായാലും ചിരിക്കാതിരിക്കില്ല. അധികം വൈകാതെ എല്ലാവരും പുറത്തേക്കുവന്നു. ആ തടിയനായ ചെറുപ്പക്കാരന്‍ എന്നെ കണ്ടപ്പോള്‍ അയാളുടെ ഭാര്യയോട്‌ എന്തോ പറയുന്നതും അവരുടെ മുഖം കനക്കുന്നതും ഞാന്‍ കണ്ടു. ആ സ്ത്രീയുടെ കയ്യിലായിരുന്നു അപ്പോള്‍ കുട്ടി. എന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ വെളുക്കെ ചിരിച്ചെങ്കിലും അവന്‍ തല തിരിച്ചുകളഞ്ഞു, മാത്രമല്ല അവന്‍ കരയാന്‍ തുടങ്ങുകയും ചെയ്തു. ഉടനെ ആ സ്ത്രീ അവനെ താഴെയിറക്കി. അയാള്‍ കാറിന്റെ താക്കോല്‍ അവന്റെ കയ്യില്‍ കൊടുത്തു. അതു കിട്ടിയപ്പോള്‍ അവന്‍ അയാളുടെ നേരെ നോക്കി ചിരിച്ചുതുടങ്ങി. പെട്ടെന്ന്‌ ഞാന്‍ മുന്നോട്ട്‌ ചെന്ന്‌ ആ താക്കോല്‍ പിടിച്ചുവാങ്ങി അയാള്‍ക്ക്‌ നേരെ എറിഞ്ഞു.

Monday, November 13, 2006

മഴവെള്ളച്ചാലുകള്‍

ഒരു നനവ്‌ അനുഭവപ്പെടുന്നപോലെ തോന്നി വിജയന്‌. അയാള്‍ വഴിയരുകില്‍ കിടക്കുകയായിരുന്നു. മഴ കുറേശ്ശെ പെയ്യുന്നുണ്ട്‌. വെള്ളം ചാലുകളായി ഒലിച്ചുതുടങ്ങുന്നതേയുള്ളു. മദ്യം മാത്രമാണ്‌ കുറച്ചുദിവസമായി ആഹാരം. കുറച്ചുമാറിയുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലേക്ക്‌ എത്തിപ്പെടാനാവുമോ എന്നയാള്‍ വെറുതേ ശ്രമിച്ചുനോക്കി. തല പൊക്കാനാവുന്നില്ല. എത്രയായി സമയം, ഏതാണ്‌ സ്ഥലം ഒന്നുമറിയില്ല. ഇനിയൊരു തിരിച്ചുപോക്കുണ്ടാകുമോ, അതുമറിയില്ല. വിഭ്രാന്തിയുടെ നിമിഷങ്ങളിലൂടെയുള്ള ഇഴച്ചിലായിരുന്നു വിജയന്റെ. എത്രയോ നേരം മണ്ണിന്റെ മണമുള്ള മഴവെള്ളച്ചാലുകളിലലിഞ്ഞ്‌ അയാളങ്ങിനെ കിടന്നു. അടുത്തുകൂടി വേഗത്തില്‍ പാഞ്ഞുപോയ ഒരു വണ്ടി കുറേ ചെളിവെള്ളം അയാളുടെ മുഖത്ത്‌ തെറിപ്പിച്ചു.

പെട്ടെന്ന്‌ മുഖത്ത്‌ നനവ്‌ തട്ടിയിട്ടാണ്‌ അയാള്‍ ഉണര്‍ന്നത്‌. അശ്വതി മുടിയില്‍ നിന്നും തന്റെ മുഖത്തേക്ക്‌ വെള്ളം ഇറ്റിക്കുന്നു. അവള്‍ വളരെ സുന്ദരിയായിത്തോന്നി വിജയന്‌. ആ കുളിര്‍മ്മ കിനിഞ്ഞിറങ്ങുന്നത്‌ തന്റെ മനസ്സിലേക്കെന്നും.
"ഇന്നെന്താ ബാങ്കില്‍ പോകുന്നില്ലേ, ഇങ്ങനെ കിടന്നാ മതിയോ?"
പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട്‌ വെറുതേ മൂളുകമാത്രം ചെയ്തു. പിന്നെ പെട്ടെന്ന്‌ അവളുടെ സാരിയുടെ തലപ്പില്‍ പിടിച്ച്‌ ശക്തിയായി വലിച്ച്‌ കട്ടിലിലേക്കിട്ട്‌ മുറുകെ പുണര്‍ന്നു. അവള്‍ ഉടനേതന്നെ പിടയുമെന്നും, എന്റെ കൈകള്‍ വിടുവിച്ച്‌ മുഖം വീര്‍പ്പിച്ചപോലെ നില്‍ക്കുമെന്നും, വേഗം എഴുന്നേറ്റുപോയി കുളിക്കാന്‍ പറയുമെന്നും, ഞാന്‍ ദേഷ്യപ്പെട്ട്‌ തിരിഞ്ഞു കിടക്കുമ്പോള്‍ ഒരു ചെറിയ പുഞ്ചിരിയോടെ എന്റെ അടുത്തു വന്നിരിക്കുമെന്നും എനിക്കറിയാമായിരുന്നു. സ്നേഹമയിയായ ഒരു ഭാര്യ എങ്ങിനെയൊക്കെ പെരുമാറണമെന്ന്‌ അവള്‍ക്ക്‌ നല്ല നിശ്ചയമുണ്ടായിരുന്നു. ദേഷ്യം വരുമ്പോള്‍ എന്നെ അനുനയിപ്പിക്കാനും, മടിപിടിച്ചിരിക്കുന്ന എന്നെ കുത്തിപ്പൊക്കാനും അവള്‍ക്ക്‌ നല്ല പാടവമായിരുന്നു. അവളുടെ പിണക്കങ്ങള്‍ക്ക്‌ നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളു.

ഒരാഴ്ചത്തെ പത്രങ്ങള്‍ കിട്ടിയതിലൂടെ വെറുതേ കണ്ണോടിച്ചുകൊണ്ടിരിക്കുകയായിരുന്നു അശ്വതി. പലപ്പോഴും അക്ഷരങ്ങളില്‍ത്തന്നെ ഉടക്കിനില്‍ക്കുകയാവും വായന, വാക്കുകളുടേയും വരികളുടേയും അര്‍ത്ഥങ്ങളിലേക്ക്‌ അത്‌ നീളാറില്ല. ഈ സെല്ലിന്റെ തുരുമ്പിച്ച നിസ്സംഗതയുമായി രണ്ടുവര്‍ഷം. ഇനിയെത്രനാള്‍ ബാക്കിയുണ്ട്‌, കണക്കെടുക്കാറില്ല. സ്നേഹാതുരമായ പൂക്കാലത്തെ വിലങ്ങുവച്ച്‌ ഈ കയ്ക്കുന്ന ഇരുട്ടിലേക്ക്‌ വന്ന ദിനങ്ങളെ ഓര്‍മ്മയില്‍നിന്ന്‌ പറിച്ചെറിയാന്‍ എത്രയേറെ പണിപ്പെട്ടിട്ടും മനസ്സില്‍ നീറിപ്പിടിക്കുന്നു. സ്നേഹത്തിന്റെ പ്രകാശം മാത്രമുണ്ടായിരുന്ന ജീവിതത്തില്‍ നിന്നും ഈ ഇരുളിന്റെ ഒറ്റപ്പെടലിലേക്ക്‌. താനെങ്ങിനെ ഈ രണ്ടുവര്‍ഷങ്ങളെ അതിജീവിച്ചു എന്ന്‌ അശ്വതി അത്ഭുതപ്പെട്ടു.

"ഞാനെങ്ങാനും മരിച്ചുപോയാല്‍ വിജയേട്ടനെന്താ ചെയ്യാ?"
"ഓ, ഒന്നുരണ്ടുകൊല്ലമൊക്കെ ഇങ്ങനെ വിഷമിച്ചിരിക്കും, പിന്നെ നല്ല ഒരു പെണ്ണിനെയൊക്കെക്കെട്ടി അടിച്ചുപൊളിച്ച്‌..."
ദേഷ്യം പിടിപ്പിക്കാന്‍ പറയുന്നതാണെന്ന്‌ അവള്‍ക്കറിയാമെങ്കിലും അതു കേള്‍ക്കുമ്പോളവളുടെ മുഖം കറുക്കും. പിന്നെ ദേഷ്യം തീര്‍ക്കാന്‍ വിജയന്‍ അവളേയും കൊണ്ട്‌ പുറത്തുപോയി തമിഴന്റെ കടയില്‍ നിന്നും രണ്ട്‌ പരിപ്പുവട വാങ്ങിക്കൊടുക്കും. അതില്‍ത്തീരുന്ന പിണക്കങ്ങളേ അവള്‍ക്കുണ്ടാകാറുള്ളൂ. അധികവും പുറത്തുപോകുവാന്‍ അവള്‍ക്ക്‌ താല്‍പര്യമുണ്ടാവാറില്ല. അഥവാ പോയാലും എത്രയും വേഗം തിരിച്ചെത്തണം. ഒരിക്കല്‍ ഒരു സിനിമകാണാന്‍ പോയിട്ട്‌ ഇന്റര്‍വെല്ലായപ്പോള്‍ അവള്‍ തിരിച്ചുപോകാമെന്നു പറഞ്ഞു.

മഴ ഇപ്പോള്‍ കുറേശ്ശെ ചാറുന്നതേയുള്ളു. ഇരുട്ടിനെത്തുളച്ച്‌ അകലെ നിന്നു വരുന്ന വണ്ടികളുടെ വെളിച്ചത്തില്‍ മഴച്ചാറ്റലിന്റെ വരകള്‍ കാണാമായിരുന്നു. കുറേ മഴ നനഞ്ഞപ്പോള്‍ അയാള്‍ അല്‍പം ബോധത്തിലേക്ക്‌ തിരിച്ചെത്തി. തിരിച്ചുപോകാനാവുമോ തനിക്കിനി. വേദനകള്‍ അന്യമായിരുന്ന തന്റെ ജീവിതത്തില്‍ എത്ര പെട്ടെന്നാണ്‌ ദുരന്തങ്ങള്‍ പെരുമഴയായ്‌ പെയ്തിറങ്ങിയത്‌. ബോധം മറഞ്ഞും തെളിഞ്ഞും വേച്ച്‌ വേച്ച്‌ ആ ചെളിപിടിച്ച റോഡിലൂടെ നടക്കുമ്പോള്‍ വിജയന്‍ വിഹ്വലമായ ഓര്‍മ്മത്തുരുത്തുകളിലേക്ക്‌ ഊര്‍ന്നുപോയി.

ശനിയാഴ്ചകളെയായിരുന്നു അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത്‌. അന്ന്‌ ബാങ്ക്‌ ഉച്ചവരെയേ ഉള്ളൂ. അരദിവസം കൂടുതല്‍ കിട്ടുന്ന വിജയന്റെ സാമീപ്യത്തെ അവളേറെ കൊതിച്ചു. ഫസ്റ്റ്‌ഷോയ്ക്ക്‌ പോകാമെന്നു പറഞ്ഞപ്പോള്‍ എതിര്‍ത്ത അവളെ ഒരു ദീര്‍ഘചുംബനത്തിലൂടെ അയാള്‍ സമ്മതിപ്പിച്ചു. വൈകി തിരിച്ചെത്തിയപ്പോള്‍, മുറി അടയ്ക്കാന്‍ മറന്നുപോയപോലെ, വാതില്‍ വെറുതേ ചാരിയിട്ടേ ഉള്ളു. അവള്‍ പരിഭ്രമിച്ചെന്നു തോന്നുന്നു, കയ്യിലെ പിടുത്തം കൂടുതല്‍ മുറുകുന്നത്‌ അറിഞ്ഞു. വണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ അകത്തെന്തോ തട്ടിമറിയുന്നതായി തോന്നി. തിരക്കിട്ടു അകത്തേക്കു പാഞ്ഞ അയാളെ അശ്വതി തടഞ്ഞു. പക്ഷേ അവളുടെ കൈകള്‍ തട്ടിക്കൊണ്ട്‌ അയാള്‍ അകത്തേക്കോടി. പെട്ടെന്ന്‌ തലയ്ക്കു പുറകില്‍ ഭാരമുള്ള എന്തോ വന്ന്‌ ഇടിച്ച പോലെ തോന്നി. ഒരു വലിയ ആള്‍ക്കൂട്ടത്തിലേക്കും അലറിക്കരയുന്ന അവളുടെ മുഖത്തേക്കുമാണ്‌ അയാള്‍ പിന്നെ കണ്ണുതുറന്നത്‌. അയാള്‍ക്കവളോട്‌ വളരെ സഹതാപം തോന്നി. തനിക്കെന്തോ വലുതായി പറ്റിയിരിക്കുന്നു എന്നവള്‍ കരുതുന്നുണ്ടാവും. പതുക്കെ തലപൊക്കി നോക്കിയപ്പോള്‍ നല്ല വേദനയുണ്ട്‌. ഒരു വിധത്തില്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവള്‍ വീണ്ടും കരഞ്ഞു തളരുകയായിരുന്നു. തന്റെ തല പൊട്ടിയിട്ടുണ്ടോ, ഇവളുടെ സാരിയില്‍ ഈ രക്തം എങ്ങിനെ വന്നു. അയാള്‍ക്ക്‌ കാര്യങ്ങള്‍ ശരിക്കും വ്യക്തമായില്ല. പിന്നെയും കുറച്ചുകൂടികഴിഞ്ഞ്‌, മൂലയില്‍ ഒരാള്‍ ചോരയൊലിപ്പിച്ചു കിടക്കുന്നതും അവളുടെ രോദനവും തമ്മില്‍ ചേര്‍ത്തുവായിക്കാന്‍ അയാള്‍ക്ക്‌ കുറച്ചു സമയമെടുത്തു. വീണ്ടും അയാള്‍ ബോധത്തിന്റെ അസ്വസ്ഥതകളില്‍ നിന്നും അബോധത്തിന്റെ ശാന്തിയിലേക്കു വീണു.

ഇന്നു വിവാഹിതരാവുന്നു എന്ന തലക്കെട്ടിനു താഴെ വിജയേട്ടന്റേയും അരുന്ധതിയുടേയും ചിത്രങ്ങള്‍ കണ്ടിട്ടും, ഇതു നേരത്തേ പ്രതീക്ഷിച്ചിരുന്നതിനാല്‍ ഒരു നിര്‍വ്വികാരത മാത്രമാണ്‌ അശ്വതിക്ക്‌ കൂട്ടായത്‌. അസംഭാവ്യങ്ങളെന്ന്‌ കരുതുന്ന പലതും ജീവിതങ്ങളെ മാറ്റിമറിക്കുന്നതെങ്ങിനെയെന്ന്‌ ഒരു നിമിഷം ഓര്‍ത്തുപോയി. ഇത്‌ കഴിഞ്ഞയാഴ്ചത്തെ പേപ്പറാണ്‌, അതായത്‌ ഒരാഴ്ചയായിട്ടുണ്ടാവും അവര്‍ പുതിയ ജീവിതം തുടങ്ങിയിട്ട്‌. ഒരിക്കല്‍ അച്ഛന്‍ കാണാന്‍ വന്നപ്പോള്‍ സൂചിപ്പിച്ചതാണ്‌, അരുന്ധതിക്ക്‌ വേറൊരു ആലോചന വരാന്‍ വിഷമമാണ്‌. ഒരുവിധം ശരിയായ രണ്ടുമൂന്നാലോചനകള്‍ തന്റെപേരില്‍ അലസിപ്പോയത്രേ. ഇതിനു സമ്മതിച്ചില്ലെങ്കില്‍ അവളെക്കൂടി കൊലയ്ക്കുകൊടുക്കുന്നതിനു സമമാണെന്നുവരെ പറഞ്ഞുവച്ചു അച്ഛന്‍. എനിക്കെന്തായിരുന്നു പിന്നെ പറ്റിയതെന്നോര്‍മ്മയില്ല. ഞാനിവിടെ മുഴുവന്‍ അലറിക്കരഞ്ഞു നടന്നിരുന്നതായും അഴികളില്‍ ഉറക്കെയുറക്കെ തലയിടിച്ചിരുന്നതായും കുറെ ദിവസം കഴിഞ്ഞപ്പോള്‍ വാര്‍ഡന്‍ പറഞ്ഞു. പിന്നെയെന്റെ മനസ്സില്‍ ചിമ്മിനിന്നിരുന്ന ചെരാതുകളൊക്കെ ഞാന്‍ കെടുത്തിവച്ചു. മരണത്തിന്റെ ചിറകടികള്‍ക്കായി കൊതിച്ചു. ഉഷ്ണക്കാറ്റുവീശുന്ന ഒരു കൊടുംവേനലിന്റെ ഉച്ചയില്‍ അരുന്ധതി തന്നെക്കാണാന്‍ ഒറ്റയ്ക്കുവന്നു. തികച്ചും അപരിചിതയേപ്പോലെ തോന്നി എനിക്കവളെ. വഴിയരുകിലോ ബസ്റ്റാന്റിലോ നില്‍ക്കുന്ന എതോ ഒരു പെണ്‍കുട്ടി. അവള്‍ പറഞ്ഞു, ഇത്‌ അച്ഛന്റെ വെറും ഭ്രാന്താണെന്ന്‌. വിജയേട്ടനെന്ന കറവപ്പശു കൈവിട്ടുപോകാതിരിക്കാനുള്ള അച്ഛന്റെ വൃത്തികെട്ട തന്ത്രം. അതിനു ബലിയാടാക്കുന്നത്‌ തന്നെയും. ഇല്ല അങ്ങിനെയുണ്ടായാല്‍ പിന്നെ ഈ അനിയത്തിയില്ല എന്നുറപ്പിച്ചോളൂ. ചേച്ചിക്കു തോന്നുന്നുണ്ടോ വിജയേട്ടന്‍ ചേച്ചിയെ മറന്നിട്ട്‌ എന്നെ കൂടെക്കൂട്ടുമെന്ന്‌. പക്ഷേ അച്ഛനെ പേടിക്കണം, എന്തു മാര്‍ഗത്തിലൂടെയും അയാളിതു നടത്താന്‍ നോക്കും. അശ്വതി ഒന്നും പറഞ്ഞില്ല. വാക്കുകള്‍ അവളില്‍ നിന്നും ഒഴിഞ്ഞു പോയിരുന്നു.

തുടര്‍ന്ന്‌ വായിക്കാന്‍ അശ്വതിക്ക്‌ ശ്രദ്ധ കിട്ടിയില്ല. ചിതറിക്കിടക്കുന്ന പേപ്പറുകള്‍ക്കിടയില്‍ നിന്നും രണ്ടുദിവസത്തിനു ശേഷമുള്ള പത്രത്തിന്റെ മുന്‍താളില്‍ വിജയേട്ടന്റെ ഫോട്ടോ വീണ്ടും കണ്ടു. പക്ഷേ അരുന്ധതിയില്ലല്ലോ, അപ്പോഴാണ്‌ തലക്കെട്ട്‌ ശ്രദ്ധിച്ചത്‌ - കാണ്മാനില്ല. വിവാഹദിവസം രാത്രി മുതല്‍ വിജയേട്ടന്‍ മിസ്സിംഗ്‌. തന്റെ കൈകാലുകള്‍ തളരുന്ന പോലെ തോന്നി അശ്വതിക്ക്‌, അക്ഷരങ്ങള്‍ മങ്ങുന്നപോലെയും. അക്ഷരങ്ങള്‍ ഉറുമ്പുകളേപ്പോലെ വരിയിട്ടുനീങ്ങുന്ന പോലെയും പിന്നെ ആ ഉറുമ്പുകള്‍ ആ കടലാസ്സുകളെല്ലാം തിന്നു തീര്‍ക്കുന്നപോലെയും തോന്നി അശ്വതിക്ക്‌.

മഴ ശരിക്കും തോര്‍ന്നിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ്‌ ചോര്‍ന്നൊലിക്കുന്ന ആ വഴിവക്കിലെ വീട്‌ തന്റെ ജീവിതം പോലെ തോന്നി വിജയന്‌. മഴയത്ത്‌ ഒന്നു കേറിനില്‍ക്കാന്‍ പോലും ഉപകാരമില്ലാത്ത കുറെ പഴംചുമരുകള്‍. ഓര്‍മ്മകള്‍ ഒടുങ്ങുന്നവരെയും അവള്‍ മാത്രം മതി തനിക്കെന്ന്‌ വാശിപിടിച്ചിട്ട്‌, പിന്നെ എന്തിന്‌, എന്തിനു ഞാനീ കൊടുംവേനലെടുത്തു തലയില്‍ ചൂടി. ഒരു തെറ്റ്‌, ഒരു നിമിഷാര്‍ത്ഥത്തിലെ പിഴ. അരുന്ധതിയുടെ നനുത്ത കൈകള്‍ക്ക്‌ കത്തിയൊട്ടും ചേരുന്നുണ്ടായില്ല. ഒന്നായാല്‍ പിന്നെ ഒന്നില്ലാതാവുമെന്നവള്‍ പറഞ്ഞു. അവളുടെ കണ്ണുകള്‍ നിര്‍ജ്ജീവങ്ങളായിരുന്നു. ഒട്ടും ആത്മവിശ്വാസത്തോടെയല്ല അവളതു പറഞ്ഞത്‌. അവളുടെ കൈകള്‍ വിറക്കുന്നുമുണ്ടായിരുന്നു. ഞാന്‍ സാവധാനം അവളുടെ വിരലുകള്‍ വിടര്‍ത്തി ആ കത്തി വാങ്ങി മേശമേല്‍ വച്ചു. പിന്നെ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ ചുംബിച്ചു... ഒരു മകളേപ്പോലെ അവളെന്നെച്ചേര്‍ന്നു നിന്നു, ഒരു ജീവനാളത്തെക്കെടുത്തിക്കൊണ്ടെന്നപോലെ എന്റെ കണ്ണീരുപ്പുകള്‍ അവളുടെ മൂര്‍ദ്ധാവിലലിഞ്ഞു. ഞാന്‍ ഒട്ടും ഉറച്ചതല്ലാത്ത കാല്‍വെപ്പുകളോടെ പുറത്തെ മഴയിലേക്കിറങ്ങി.

Sunday, November 05, 2006

ബ്ലോഗുകളും വിമര്‍ശനവും

പെരിങ്ങോടന്റെ "വിമര്‍ശനം- സാധ്യതകളും, അപചയങ്ങളും" എന്ന ലേഖനത്തിനനുബന്ധമായാണ്‌ ഈ പോസ്റ്റെഴുതുന്നത്‌. കൂടുതല്‍ ദൈര്‍ഘ്യമുള്ള കമന്റ്‌ പിന്മൊഴിയില്‍ നിന്നൊഴിവാക്കാനാണ്‌ ഒരു പോസ്റ്റാക്കിയിട്ടത്‌. വീയെമ്മിന്റെ നിലാപാടാണ്‌ കൂടുതല്‍ അഭികാമ്യമായത്‌ എന്നു തോന്നുന്നു. സമാനമനസ്കരായിട്ടുള്ളവരുടെ ബ്ലോഗുകളായിരിക്കും ഓരോരുത്തര്‍ക്കും കൂടുതല്‍ പഥ്യം. പിന്നെ വിമര്‍ശനത്തിന്റെ കാര്യം, കൂടുതല്‍ പേരും തങ്ങളുടെ "അഭിപ്രായം" മാത്രമാണ്‌ കമന്റുരൂപത്തിലിടുന്നതെന്നാണ്‌ തോന്നിയിട്ടുള്ളത്‌. ഓരോരുത്തരുടേയും ചിന്താരീതികളും അഭിരുചികളൂം മാറുന്നതിനനുസരിച്ച്‌ കമന്റിന്റെ രൂപഭാവങ്ങളിലും വ്യതിയാനം കണ്ടേക്കാം. കൂടുതല്‍ ഇഷ്ടം തോന്നുന്ന, അല്ലെങ്കില്‍ തന്റെ ചിന്തകളോട്‌/അനുഭവങ്ങളോട്‌/അഭിരുചികളോട്‌ കൂടുതല്‍ അടുത്തു നില്‍ക്കുന്ന പോസ്റ്റുകളിലായിരിക്കും അധികംപേരും കമന്റിടുക എന്നു തോന്നുന്നു. ഉദാ. ഞാന്‍ അക്ഷരശ്ലോകത്തിന്റെ ബ്ലോഗില്‍ അല്ലെങ്കില്‍ സമസ്യാ പൂരണത്തിന്റെ ബ്ലോഗില്‍ പോകാറില്ല, അഥവാ അവിടെപ്പോയി എന്തെങ്കിലും വായിച്ചാലും നല്ലതെന്നോ ചീത്തയെന്നോ കമന്റിടാറില്ല, കാരണം അക്ഷരശ്ലോകത്തെക്കുറിച്ച്‌ എനിക്കൊരു ചുക്കും അറിയില്ല, അത്രമാത്രം. പക്ഷേ വളരെ ആകാംക്ഷയോടെ അവിടുത്തെ ഒരു പോസ്റ്റിനായി കാത്തിരിക്കുന്നവരുണ്ടാകാം. പക്ഷേ ഞാന്‍ വീയെമ്മിന്റെയോ, മുരളിമേനോന്റെയോ, മറിയത്തിന്റെയോ, മാഗ്നിയുടെയോ, ഇടിവാളിന്റെയോ ഒരുപോസ്റ്റും വായിക്കാതെ വിടാറില്ല, അതു എനിക്കു കൂടുതല്‍ സന്തോഷം/സന്താപം അല്ലെങ്കില്‍ എന്തെങ്കിലും അനുഭവം തരുന്നു. പിന്നെ വിമര്‍ശനത്തെക്കുറിച്ചു പറയുമ്പോള്‍, പാര്‍വതിയുടെ ഒരു ചെറുകഥ, പലരും വായിച്ചിട്ടു പറഞ്ഞു - "നല്ല സബ്ജക്റ്റാണ്‌ പക്ഷേ എന്തോ ഒരു കുറവുണ്ട്‌ എന്ന്‌", എങ്കിലും ആര്‍ക്കും (എനിക്കും) അതെന്താണെന്ന്‌ വിശദീകരിക്കാനായില്ല. അപ്പോഴാണ്‌ പരാജിതന്‍ ഇന്നതായിരിക്കും പ്രശ്നമെന്നു പറഞ്ഞ്‌ ഒരു കമന്റിട്ടത്‌, അതു കണ്ടപ്പോള്‍ പലര്‍ക്കും തോന്നി, തങ്ങള്‍ പറയാനുദ്ദേശിച്ചതിതുതന്നെയാണെന്ന്‌. ഇങ്ങനെയുള്ളതാണ്‌ ക്രിയാത്മക വിമര്‍ശനമെന്നെനിക്കു തോന്നുന്നു. കടുത്ത വിമര്‍ശനം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുകാര്യം, പലരും എഴുതിത്തുടങ്ങുന്നവരായിട്ടുണ്ട്‌. അവര്‍ക്ക്‌ പ്രോത്സാഹനം കൊടുക്കേണ്ടതും അവരെ നേര്‍വഴിക്കു നടത്തേണ്ടതും ഒരു കടമയായിട്ടെടുത്തില്ലെങ്കിലും അവരെ മുളയിലേ നുള്ളിക്കളയരുത്‌. ചിലപ്പോള്‍ ബാലാരിഷ്ടതകള്‍ കാരണമാകാം രചനകളുടെ ഗുണം കുറയുന്നത്‌. പിന്നെ വെറുതേ കമന്റിടുന്നവര്‍ അങ്ങിനെയുള്ളവര്‍ക്ക്‌ രചന നന്നായില്ലെങ്കിലും കൊടുക്കുന്ന "നന്നായി, ഇഷ്ടമായി, ഉഗ്രന്‍" എന്നീ കമന്റുകള്‍ അവരുടെ ഉയര്‍ച്ചക്ക്‌ വിഘ്നം വരുത്തുകയേ ഉള്ളു എന്നു കരുതുന്നു. വാരഫലം സ്റ്റൈലിലുള്ള ബ്ലോഗുകള്‍/വിമര്‍ശനങ്ങള്‍ പലേ ബ്ലോഗുകളേയും ബൂലോഗര്‍ക്കു പരിചയപ്പെടാന്‍ ഇടനല്‍കും. ബ്ലോഗുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍, പലേ നല്ല ബ്ലോഗുകളും പലര്‍ക്കും മിസ്സാവുന്നുണ്ട്‌. ഓരോ വ്യത്യസ്ത വിഭാഗങ്ങളിലും ഓരോ പാനലുണ്ടാക്കി അവര്‍ ബ്ലോഗുകളെ നിരൂപണം ചെയ്യുന്ന ഒരു സംവിധാനം ആലോചിക്കാവുന്നതാണോ? എല്ലായ്പോഴും എതിര്‍പ്പുകളുണ്ടാവും ഏതുകാര്യത്തിനായാലും എന്നതിനു തര്‍ക്കമില്ല. എങ്കിലും ഇങ്ങനെയൊരു സംവിധാനം ബൂലോഗത്തിന്‌ പൊതുവേ ഗുണകരമായേക്കാം. പിന്നെ ഈ ഗ്രൂപ്പ്‌ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുക ഗ്രൂപ്പ്‌വഴക്ക്‌ തന്നെയാണ്‌. എങ്കിലും അതിനെ ഒന്നു മലയാളീകരിച്ച്‌ "കൂട്ടായ്മ" എന്നാക്കുമ്പോള്‍ ഒരു സൗഹൃദത്തിന്റെ ഗന്ധം കിട്ടുന്നു. ഈ സുഗന്ധത്തിനുവേണ്ടിത്തന്നെയാണല്ലോ പലരും ബൂലോഗത്തെത്തുന്നത്‌.

Thursday, October 19, 2006

ഒരു മരണത്തിന്റെ ശേഷിപ്പുകള്‍

തിരുപ്പിറവിക്കായി കണ്‍ചിമ്മിയിരുന്ന ഒരു ക്രിസ്മസ്‌ രാത്രിയിലായിരുന്നു ആ മരണം. ഈ മരുഭൂമിയില്‍ ഒരു മരണത്തിനും ഇത്ര വിലയുണ്ടെന്ന്‌ അന്നാണ്‌ എനിക്ക്‌ തിരിച്ചറിവായത്‌. ആ അപകടത്തില്‍ ഞാന്‍ മരിച്ചില്ല എന്നതായിരുന്നു എന്റെ നേരെയുള്ള ആദ്യത്തെ കുറ്റം. മൂവരില്‍ എന്റെ ജീവിതം മാത്രം ബാക്കിയായതിനാല്‍ ഞാന്‍ മാത്രമേ അവര്‍ക്ക്‌ ആശ്രയമായിട്ടുണ്ടായിരുന്നുള്ളൂ. ഞാനും കൂടി മരിച്ചിരുന്നെങ്കില്‍ ഇവരെന്തു ചെയ്യുമായിരുന്നോ അവോ, അറിയില്ല. എന്തായാലും എന്റെ ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ വളരെ താല്‍പര്യമെടുത്തു. എന്നാല്‍ മാത്രമേ എന്റെ നേരെ വധശിക്ഷ വിധിക്കുവാന്‍ അവര്‍ക്കാവുമായിരുന്നുള്ളൂ.

"നിനക്കറിയുമോ, നീ വണ്ടിയിടിച്ചു കൊലപ്പെടുത്തിയത്‌ എത്ര വലിയവനെയാണെന്ന്‌?"

കൊലപ്പെടുത്തുകയോ, ഞാനൊന്നു ഞെട്ടി. രാത്രി വൈകിയാല്‍ ഒറ്റയ്ക്കു പുറത്തിറങ്ങാന്‍ പോലും പേടിയുള്ള ഞാന്‍ കൊലപ്പെടുത്തിയെന്നോ? ചിലമ്പിച്ച ശബ്ദത്തില്‍ ഞാന്‍ അയാളോട്‌ താഴ്മയോടെ പറഞ്ഞു:

"ഞാന്‍ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോകാനാണ്‌ ആ വണ്ടിയില്‍ കയറിയത്‌, അതു മാത്രമാണ്‌ ഞാന്‍ ചെയ്ത കുറ്റം."

"ഒരു കുറ്റവാളിയല്ല അയാളെന്തൊക്കെ കുറ്റങ്ങള്‍ ചെയ്തു എന്നു പറയേണ്ടത്‌. എന്റെ പക്കല്‍ നിനക്കെതിരെ തെളിവുകളുണ്ട്‌."

"എനിക്കു വണ്ടിയോടിക്കാനറിയില്ല" നിസ്സഹായനായി ഞാന്‍ പറഞ്ഞു.

"നിന്റെ ലൈസന്‍സ്‌ ഞങ്ങള്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌."

ആ കനത്ത മീശ അയാളുടെ മുഖത്തിനുണ്ടായിരുന്ന ക്രൂര ഭാവം ഒന്നുകൂടി കൂട്ടി. വെട്ടിയൊതുക്കാത്ത ആ മീശരോമങ്ങള്‍ ഒരു നിരയില്ലാതെ ഉയര്‍ന്നു നിന്നിരുന്നു. ഞാന്‍ ഇന്നേവരെ ഒരു വണ്ടിയും ഓടിച്ചിട്ടില്ലെന്നും, കിട്ടിയ ലൈസന്‍സ്‌ എന്റേതല്ലെന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക്‌ വാക്കുകള്‍ പുറത്തു വന്നില്ല. ദൈവമേ, എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ്‌. പെട്ടെന്നാണ്‌ ലൈസന്‍സിലെ ഫോട്ടോയുടെ കാര്യം ഓര്‍ത്തത്‌. അതെന്നെ ഓര്‍മ്മിപ്പിച്ചത്‌ ദൈവം തന്നെ. പലപ്പോഴും ഇങ്ങനെ തന്നെ ദൈവം സഹായിക്കാറുണ്ട്‌. എത്ര കരുണാമയനാണ്‌ അങ്ങ്‌.

"താങ്കള്‍ ആ ലൈസന്‍സിലെ ഫോട്ടോ നോക്കൂ, അതെന്റെയല്ല."

കീഴടങ്ങി നില്‍ക്കുന്ന ഒരു പട്ടാളക്കാരന്റെ മീശപോലെത്തോന്നി എനിക്കപ്പോളയാളുടെ മീശ. എത്ര പെട്ടെന്നാണ്‌ ഒരാളുടെ രൂപം മാറുന്നത്‌ എന്നോര്‍ത്ത്‌ ഞാന്‍ അല്‍ഭുതപ്പെട്ടു. ഒരു വിജയിയുടെ അഹങ്കാരമോ പുച്ഛമോ മറ്റോ അയാള്‍ എന്റെ മുഖത്ത്‌ വായിച്ചിരിക്കണം. അയാള്‍ കയ്യിലുണ്ടായിരുന്ന തടിച്ച തുകലിന്റെ ബാഗില്‍ നിന്നും പാതി ഉരുകിയ ഒരു ലൈസന്‍സ്‌ കാര്‍ഡ്‌ പുറത്തെടുത്ത്‌ എന്നെ കാണിച്ചു. അപകടത്തില്‍ ഫോട്ടോയുടെ ഭാഗം ഉരുകിപ്പോയിരുന്നു. പേരു മാത്രമേ വായിക്കാന്‍ പറ്റുന്നുള്ളൂ. ഞാന്‍ കരഞ്ഞ പോലെയായി. ദൈവമേ, പരീക്ഷിക്കുകയാണോ? ആദ്യം മുതല്‍ തോല്‍വി മാത്രമുണ്ടായ ഒരു ഗുസ്തിക്കാരന്‍ അവസാനനിമിഷം തിരിച്ചടിക്കുന്നപോലെ അയാള്‍ എന്റെ മുഖത്തേയ്ക്ക്‌ അയാളുടെ മുഖം കൂടുതല്‍ അടുപ്പിച്ചു. ചെമ്മരിയാടിന്റെ മണമായിരുന്നു അയാള്‍ക്ക്‌. എങ്കിലും പേര്‌ എന്റെയല്ലല്ലോ എന്ന്‌ ഞാന്‍ പെട്ടെന്നാണ്‌ തിരിച്ചറിഞ്ഞത്‌. അത്‌ എനിക്കു കിട്ടിയ വലിയൊരു പിടിവള്ളിയായിരുന്നു.

"പക്ഷേ നോക്കൂ, ആ പേര്‌ എന്റെയല്ലല്ലോ..."

"ഇത്‌ നിന്റെ ലൈസന്‍സാണ്‌..." എന്നെ തുറിച്ചു നോക്കിക്കൊണ്ട്‌, കുറച്ചുകൂടി മുഖം അടുപ്പിച്ചുകൊണ്ട്‌ ഒരു മുരളുന്ന ശബ്ദത്തിലാണ്‌ അയാളതു പറഞ്ഞത്‌. വെറുതേ പറയുകയല്ല, അയാളത്‌ ഉറപ്പിക്കുകയായിരുന്നു.

"പക്ഷേ, അതിലെ പേര്‌..." ഞാന്‍ വിക്കി വിക്കി പറഞ്ഞു.

"ഇത്‌ നിന്റെ പേരല്ലാന്നുള്ളതിന്‌ എന്താ തെളിവ്‌?"

"തെളിവ്‌, തെളിവ്‌......" ഞാനാകെ വെറുങ്ങലിച്ചു. എന്റെ തൊണ്ട വരണ്ടുണങ്ങി. അയാള്‍ അപ്പോള്‍ ഗുസ്തിക്കാരനേപ്പോലെ ഗോദയില്‍ കയ്യുയര്‍ത്തി വിജയം അഘോഷിക്കുകയാണെന്നു തോന്നി എനിക്ക്‌. എന്റെ കാഴ്ച നശിക്കുന്ന പോലെയും ശരീരം തളരുന്ന പോലെയും തോന്നി. ഈ ഒരു നിമിഷം ഞാന്‍ ഞാനാണെന്നതിന്‌ ഒരു തെളിവുമില്ലാതായിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു മാത്രം. തെളിവിനായി ഒരു പേര്‌.... ഒരു പേര്‌...... ഈ ഭൂമിയിലിപ്പോള്‍ എന്നെ തിരിച്ചറിയാനായി ഒരു ചെറിയ അടയാളമെങ്കിലും... ഇല്ല, ആശയ്ക്കു വകയില്ല. എന്നെ ക്രൂശിക്കാന്‍ അവര്‍ക്ക്‌ ആ ലൈസന്‍സ്‌ ധാരാളം. എന്റെ ജീവനു വില പറഞ്ഞുകൊണ്ട്‌ ഏതോ ഒരു പേര്‌ ആ ലൈസന്‍സിന്റെ മൂലയില്‍. തെറിച്ചു നില്‍ക്കുന്ന അയാളുടെ മീശരോമങ്ങള്‍ക്കിടയിലൂടെ അയാള്‍ ചെറുതായി ചിരിക്കാന്‍ ശ്രമിക്കുന്നു. വൃത്തികെട്ട ഒരു വിജയത്തിന്റെ ചുവയുണ്ടായിരുന്നു ആ ചിരിക്ക്‌.

പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌ എന്റെ തലയ്ക്കകത്തെന്തോ മിന്നി. ഞാനെന്റെ പോക്കറ്റില്‍ കയ്യിട്ടു. എന്റെ ഐഡി കാര്‍ഡ്‌ പോക്കറ്റില്‍ത്തന്നെയുണ്ടായിരുന്നു. ഇപ്പോല്‍ എന്റെ മരണത്തിനു തടയിടാനുള്ള ഏക ആണി. എന്റെ രക്ഷകന്‍. ഞാനത്‌ അയാള്‍ക്കു നേരെ നീട്ടി. അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത്‌ ഞാനറിഞ്ഞു. ക്രമേണ ഒരു ചെറിയ ചിരി അയാളുടെ മുഖത്ത്‌ തെളിഞ്ഞു. അതിന്‌ ഒരു കോമ്പ്രമൈസിന്റെ ഛായയുണ്ടായിരുന്നു. എങ്കിലും ഞാനല്ല വണ്ടിയോടിച്ചിരുന്നത്‌ എന്നും ആ ലൈസന്‍സ്‌ എന്റേതല്ലെന്നും തെളിയിക്കാനായതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.

"ഗുഡ്‌"

കനത്ത കൈപ്പടം കൊണ്ട്‌ എന്റെ തോളില്‍ത്തട്ടി അയാള്‍ പതുക്കെപ്പറഞ്ഞു. ഒരറ്റം ഉരുകിയ ലൈസന്‍സും എന്റെ കാര്‍ഡും കൂടി അയാള്‍ ആ തുകല്‍ സഞ്ചി തുറന്ന്‌ അതിനുള്ളില്‍ നിക്ഷേപിച്ചു. അതില്‍ നിറയെ ചെറിയ കടലാസ്സുതുണ്ടുകളും എന്തൊക്കെയോ രേഖകളും കുത്തിനിറച്ചിരുന്നു. അതു തുറന്നപ്പോള്‍ മൂന്നാലു കഷണം കടലാസ്സു തുണ്ടുകള്‍ പുറത്തേക്കു ചാടിയത്‌ അയാള്‍ ശ്രദ്ധിച്ചില്ല. എന്നിട്ട്‌ അവിടെനിന്നും പതിഞ്ഞ കാല്‍വെപ്പുകളോടെ പുറത്തേക്കു നടന്നു.

പിന്നെയുള്ള ഒരാഴ്ച എനിക്ക്‌ സ്വസ്ഥതയുടേതായിരുന്നു. മരണം എന്നില്‍ നിന്നും അകന്നു പോകുന്നത്‌ ഞാനറിഞ്ഞു. ജീവിതത്തിന്റെ സമൃദ്ധികളിലേക്കുള്ള ഒരു തിരിച്ചു പോക്ക്‌, അതാണിനി വേണ്ടത്‌. ഇതെല്ലാം മറക്കാം.

ആരോ മുറിയിലേക്കു നടന്നുവരുന്ന ശബ്ദം. എന്റെ കാഴ്ച ആദ്യം ചെന്നു വീണത്‌ നടന്നുവന്നിരുന്ന ആള്‍ പിടിച്ചിരുന്ന തുകല്‍ ബാഗിലാണ്‌. ഇയാള്‍ എന്തിനാണ്‌ വീണ്ടും വന്നിരിക്കുന്നത്‌. എനിക്കരിശം വന്നു. ഒപ്പം ഭയവും. മരണത്തിന്റെ കാവല്‍ക്കാരനാണ്‌ അയാളെന്നെനിക്കു തോന്നാറുണ്ട്‌. ഒരു കഴുകനേപ്പോലെ എനിക്കു ചുറ്റും നടക്കുകയാണയാള്‍, എപ്പോഴെങ്കിലും ഒരു ചെറിയ പഴുതു കിട്ടിയാല്‍ എന്നെ കുടുക്കാനായി. അയാളുടെ മുഖത്തു നോക്കിയ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മീശ വെട്ടി ചെറുതാക്കിയിരിക്കുന്നു. ഒരു ചെറിയ കുറ്റിമീശ മാത്രമേ ഉള്ളൂ ഇപ്പോള്‍. അയാള്‍ ഒരു കോമാളിയേപ്പോലെ തോന്നിച്ചു. ഞാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട പോലെ അയാള്‍ അയാളുടെ മീശയില്‍ നിന്നും മോചിതനായിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ മനസ്സിലായത്‌, അത്‌ ഒരാഴ്ച മുന്‍പ്‌ എന്റെ കയ്യില്‍ നിന്നും കാര്‍ഡ്‌` വാങ്ങിക്കൊണ്ടുപോയ ആളല്ല. വേറെ ഒരാളാണ്‌. പക്ഷേ ആ തുകല്‍ ബാഗ്‌... അത്‌ നേരത്തേ ഉണ്ടായിരുന്ന കട്ടിമീശയുള്ള ആളുടെ കയ്യിലുണ്ടായിരുന്നതു തന്നെയാണ്‌. എന്റെ കാര്‍ഡും അറ്റമുരുകിയ ആ ലൈസന്‍സും അയാളതിലായിരുന്നു നിക്ഷേപിച്ചിരുന്നത്‌ എന്നു ഞാന്‍ വ്യക്തമായി ഓര്‍ത്തു.

"ഈ ലൈസന്‍സ്‌ നിങ്ങളുടെയാണല്ലേ?" തുകല്‍ ബാഗില്‍നിന്നും ആ അറ്റമുരുകിയ ലൈസന്‍സ്‌ എന്നെ കാണിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു. അയാളുടെ ശബ്ദം എനിക്കു ഭീതിയുണ്ടാക്കി. ഭയങ്കര ജ്വരം ബാധിച്ചവനേപ്പോലെ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. വളരെ വിഷമിച്ചാണ്‌ എനിക്ക്‌ സംസാരിക്കാന്‍ കഴിഞ്ഞത്‌.

"ആ ലൈസന്‍സ്‌ എന്റെയല്ല, എനിക്ക്‌ വണ്ടിയോടിക്കാനറിയില്ല.."

"നേരത്തേയുണ്ടായിരുന്നയാള്‍ എന്നെയേല്‍പ്പിച്ചിട്ടു പോയതാണ്‌ ഈ ലൈസന്‍സ്‌."

"അയാളെവിടെ പോയി?" പെട്ടെന്നു ഞാന്‍ ചാടിക്കയറി ചോദിച്ചു.

"അയാള്‍ ജോലിയവസാനിപ്പിച്ച്‌ അയാളുടെ രാജ്യത്തേയ്ക്ക്‌ തിരിച്ചുപോയി, ഇനി മടങ്ങി വരില്ല, ഇതാണ്‌ നിങ്ങള്‍ക്കെതിരേയുള്ള ഏറ്റവും വലിയ തെളിവെന്ന്‌ അയാള്‍ എന്നോടു പറഞ്ഞിരുന്നു"

എന്റെ കാല്‍കീഴില്‍ നിന്നും മണല്‍ ഊര്‍ന്നുപോകുന്ന പോലെയും ഞാന്‍ കടലിലേക്ക്‌ ഒലിച്ചു പോകുന്നപോലെയും തോന്നി. അയാളുടെ കയ്യില്‍നിന്നും ആ ലൈസന്‍സ്‌ തട്ടിപ്പറിച്ചെടുക്കാന്‍ തോന്നി എനിക്ക്‌. പെട്ടെന്ന്‌ ഞാനോര്‍ത്തു എന്റെ ഐഡിയും ആ മീശക്കാരന്‍ ഇതിനുള്ളിലാണല്ലോ നിക്ഷേപിച്ചത്‌.

"നോക്കൂ, ആ ലൈസന്‍സ്‌ എന്റേതല്ലെന്നതിന്‌ തെളിവായി എന്റെ ഐഡി അതിനുള്ളിലുണ്ട്‌."

"ഇല്ല, എനിക്കീ ലൈസന്‍സ്‌ മാത്രമാണ്‌ അയാള്‍ തന്നത്‌."

അയാള്‍ കൂടുതല്‍ എന്റെയടുത്തേയ്ക്കു നീങ്ങിനിന്നുകൊണ്ട്‌ പതിഞ്ഞ ശബ്ദത്തില്‍ മുരണ്ടു. വിയര്‍പ്പും അത്തറും കൂടിയ ഒരു വൃത്തികെട്ട മണം എന്റെ മൂക്കിലേക്കടിച്ചു. ഇതാണോ മരണത്തിന്റെ ഗന്ധം? എനിക്കവിടെനിന്നും ഓടി രക്ഷപ്പെടണമെന്നു തോന്നി. ഞാനാകെ വിയര്‍ക്കുന്നുണ്ടായിരുന്നു. വിയര്‍പ്പില്‍ കുതിര്‍ന്ന്‌ എന്റെ ശരീരം കിടക്കയോടൊട്ടി. ഏതോ ബാധയാവേശിച്ചവനെപ്പോലെ ഞാന്‍ ചാടിയെഴുന്നേറ്റ്‌ അയാളുടെ കയ്യില്‍ നിന്നും ആ ബാഗ്‌ തട്ടിപ്പറിച്ച്‌ അതില്‍ നിന്നും ഓരോരോ കടലാസ്സുതുണ്ടുകള്‍ പുറത്തേക്കു വലിച്ചിടാനാരംഭിച്ചു. അതിനുള്ളിലുള്ള സകലതും ഞാന്‍ ആ കിടക്കയില്‍ കുടഞ്ഞിട്ടു, എന്നിട്ട്‌ എന്റെ ഐഡി തിരയാന്‍ തുടങ്ങി. എത്രനേരം ഞാന്‍ ആ കടലാസ്സുതുണ്ടുകളിലൂടെ ഊളിയിട്ടു എന്നറിയില്ല. അവസാനം ഞാനതില്‍ മുഖം പൂഴ്ത്തി കമിഴ്‌ന്നു കിടന്നു. പഴകി ദ്രവിച്ചു തുടങ്ങിയ കടലാസ്സു തുണ്ടുകളും കിടയ്ക്കയിലെ വിയര്‍പ്പും കൂടിച്ചേര്‍ന്ന മണം എന്നില്‍ നിറഞ്ഞു. അയാള്‍ എന്റെ തൊട്ടടുത്താണ്‌ ഇപ്പോള്‍ നില്‍ക്കുന്നത്‌ എന്ന്‌ ഒരു വിറയലോടെ ഞാനറിഞ്ഞു.

എന്റെ ചെവിയില്‍ അയാളുടെ ചൂടുള്ള ശ്വാസം. "നിന്റെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടോ?" മരണത്തിനോട്‌ കൂടുതല്‍ അടുത്തുനിന്നുകൊണ്ടെന്നപോലെ അയാളെന്നോട്‌ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

Wednesday, October 18, 2006

ബാല്യങ്ങളുടെ ചില ക്ലോസപ്പ്‌ ഷോട്ടുകള്‍

ബാലനികേതന്റെ ഒരു വിദൂര ദൃശ്യം. കൂടുതല്‍ ക്ലോസപ്പിലേക്ക്‌ വരുമ്പോള്‍ ബോര്‍ഡിലെ പേര്‌ വ്യക്തമായി വായിക്കാന്‍ കഴിയുന്നു. ബാലനികേതന്‍ - Happy Home for Children. മതില്‍ക്കകത്തുതന്നെയുള്ള, മുകളില്‍ ഇരുമ്പുവല വിരിച്ച കിണറും അടുത്തുതന്നെ ഒരു മോട്ടോര്‍ഷെഡും അതിന്റെ മുകളില്‍ വാട്ടര്‍ ടാങ്കും കാണാം. നല്ലൊരു പുല്‍ത്തകിടിയും നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു ഗാര്‍ഡനും ദൃശ്യമാവുന്നു. കുട്ടികളാരെയും പുറത്തെങ്ങും കാണാനില്ല. അടുത്ത ക്ലോസപ്പ്‌ ഷോട്ട്‌ സുരേഷ്‌ ഗോപിയിലേക്ക്‌. ഏകദേശം 5 വയസ്സുള്ള, കാണാന്‍ അത്ര ഭംഗിയില്ലാത്ത ഒരു കുട്ടിയെ സുരേഷ്‌ ഗോപി എടുത്തുകൊണ്ടു നില്‍ക്കുന്നതിന്റെ സമീപദൃശ്യം. ഹോള്‍ നിറയെ അലങ്കാരങ്ങള്‍ ഉണ്ട്‌. "പുതുവര്‍ഷാശംസകള്‍" എന്ന്‌ ഗില്‍റ്റ്‌ പേപ്പറില്‍ വെട്ടി ഒട്ടിച്ചിരിക്കുന്നു. എല്ലാ മൂലയിലും, നടുക്കും നിറയെ ബലൂണുകള്‍ കെട്ടി വച്ചിരിക്കുന്നു. കുറച്ചു ബലൂണുകള്‍ പകുതി കാറ്റുപോയി തളര്‍ന്ന പോലെയാണ്‌. ക്രീം നിറമുള്ള ഷര്‍ട്ടും മെറൂണ്‍ നിറമുള്ള നിക്കറുമാണ്‌ ആണ്‍കുട്ടികള്‍ക്ക്‌, പെണ്‍കുട്ടികള്‍ക്ക്‌ ഉടുപ്പാണ്‌, മെറൂണ്‍ നിറമുള്ള കയ്യുകളാണ്‌ ഉടുപ്പിന്‌. നല്ല സുന്ദരനായ, ഏകദേശം 10 വയസ്സു പ്രായമുള്ള ഒരു ആണ്‍കുട്ടി ഒരു റോസാപ്പൂ സുരേഷ്‌ ഗോപിക്കു നേരെ നീട്ടുന്നു. പൂ വാങ്ങിയ സുരേഷ്‌ ഗോപി ആ കുട്ടിയെ ഉമ്മ വയ്ക്കുന്നതിന്റെ ഫോട്ടോ എടുക്കുന്ന പത്ര ഫോട്ടോഗ്രാഫര്‍.

ഇത്രയും എഴുതി നിര്‍ത്തിയിട്ട്‌ ആല്‍ഫ്രഡ്‌ ഒന്നുകൂടി വായിച്ചു നോക്കി. കുറെ ദിവസങ്ങളായി എഴുതണമെന്നു കരുതിയിട്ട്‌ ഇന്നാണ്‌ ആല്‍ഫിക്ക്‌ തുടങ്ങാന്‍ പറ്റിയത്‌. പുറത്ത്‌ ലോകം ഉറങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. വാഹനങ്ങളുടെ ശബ്ദവും, ഉച്ചത്തില്‍ ആരെയോ ചീത്ത പറഞ്ഞുകൊണ്ടുപോകുന്ന കുടിയന്മാരുടെ ശബ്ദവും ജനലടച്ചിരുന്നിട്ടും അകത്തേക്കു വരുന്നുണ്ടായിരുന്നു. പുറത്തെ അനക്കങ്ങള്‍ കുറയുമ്പോഴാണ്‌ സാധാരണ ആല്‍ഫി ജനല്‍ തുറക്കാറ്‌. തെരുവില്‍ ഭിക്ഷക്കാരും പട്ടികളും തമ്മില്‍ രാത്രി കിടക്കാനുള്ള സ്ഥലത്തിനു വേണ്ടി കശപിശ കൂടുന്നതിന്റെ ഒച്ച കേള്‍ക്കാം. എന്തായാലും കുറച്ചു ദൃശ്യങ്ങളെങ്കിലും എഴുതിത്തുടങ്ങാനായതില്‍ ആല്‍ഫിക്ക്‌ അല്‍പം സന്തോഷം തോന്നി.

കുട്ടികള്‍ ചിരിക്കുന്നതിന്റേയും അത്ഭുതത്തോടെയും കൗതുകത്തോടെയും സുരേഷ്‌ ഗോപിയുമായി ഇടപഴകുന്നതിന്റെയും സമീപ ദൃശ്യങ്ങള്‍. അച്ചടക്കത്തോടെയും സന്തോഷത്തോടെയുമുള്ള കുട്ടികളുടെ കളികളുടെ വിദൂര ദൃശ്യങ്ങള്‍. അടുത്ത ഫ്രെയ്മില്‍, വിളമ്പാനായി പാത്രങ്ങളില്‍ പകര്‍ന്നു വച്ചിട്ടുള്ള സദ്യവട്ടങ്ങളുടെ ക്ലോസപ്പ്‌. വളരെ ആഹ്ലാദത്തോടെയും ശബ്ദത്തോടെയും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന കുട്ടികളുടെ വിവിധ ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. അത്‌ ഫെയ്ഡ്‌ ആയി സുരേഷ്‌ ഗോപി കാറിലേക്ക്‌ കയറുന്നത്‌. തിളങ്ങുന്ന കണ്ണുകളുള്ള ആ കുട്ടിയെ തന്റെ അരികിലേക്കു വിളിച്ച്‌ റോസാപ്പൂവ്‌ തിരിച്ച്‌ കൊടുക്കുന്നു. കുട്ടിയുടെ കൈകളിലേക്കും റോസാപ്പൂവിലേക്കും വിടര്‍ന്നു നില്‍ക്കുന്ന ആ കുട്ടിയുടെ കണ്ണുകളിലേക്കും ക്ലോസപ്പ്‌ ഷോട്ടുകള്‍.

എഴുതിക്കൊണ്ടിരുന്ന പേനയിലെ മഷി തീരാറായെന്നു തോന്നി ആല്‍ഫിക്ക്‌. ഇപ്പോഴും ബ്രില്‍ എന്ന പേരുള്ള ഉരുണ്ട ചെറിയ കുപ്പിയിലെ മഷിയാണ്‌ ആല്‍ഫ്രഡ്‌ വാങ്ങുക. അടുത്തുതന്നെയുള്ള വാട്ടര്‍ഹീറ്റര്‍ ഓണ്‍ ചെയ്ത്‌ ഒരു കട്ടന്‍ ചായയുണ്ടാക്കി. ഫ്രിഡ്ജില്‍ ചെറുനാരങ്ങയുണ്ടായിരുന്നത്‌ നാലാക്കി മുറിച്ച്‌ ഒരു കഷണം ചായയില്‍ പിഴിഞ്ഞൊഴിച്ചു. എഴുതിത്തുടങ്ങിയാല്‍ ആല്‍ഫിക്കു പിന്നെ ആ രാത്രി മുഴുവനും എഴുത്തു തന്നെയാണ്‌ പതിവ്‌. പുതിയ മഷിക്കുപ്പി തുറന്ന്‌ സാവധാനം പേന നിറച്ച്‌ പഴയ തൂവാല കൊണ്ട്‌ പേനയുടെ പിരിയുടെയവിടെ നന്നായി തുടച്ചു. നഗരം മുഴുവന്‍ തളര്‍ന്ന്‌ ചുരുണ്ടുകൂടി ഉറങ്ങുകയാണ്‌. പുറത്ത്‌ തണുത്ത ഇരുട്ട്‌. ആല്‍ഫി അടുത്ത ഷോട്ട്‌ അവിടെനിന്നുതന്നെ എഴുതിത്തുടങ്ങി.

സ്ക്രീനില്‍ ഇരുട്ടുമാത്രം. പെട്ടെന്ന്‌ എന്തോ എറിഞ്ഞുടക്കുന്ന വലിയ ശബ്ദം. കല്ലുകൊണ്ടുപണിത തേക്കാത്ത ഒരു വീടിന്റെ ഇറയത്തു കിടക്കുന്ന ഒരു കുട്ടിയുടെ മുഖം അവ്യക്തമായി കാണാം. തെരുവില്‍ നിന്നും വരുന്ന വെളിച്ചം മാത്രമേ ആ കുട്ടിയുടെ മുഖത്തു വീഴുന്നുള്ളൂ. ക്യാമറ ആ കുട്ടിയുടെ മുഖത്തേയ്ക്കു സൂം ചെയ്യുമ്പോള്‍ ഭയം കൊണ്ടു വിറയ്ക്കുന്ന കണ്ണുകള്‍. ബാലനികേതനിലെ റോസാപ്പൂ കൊടുത്ത കുട്ടിയുടെ അതേ ഛായയിലുള്ള കുട്ടി. ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. ജനലില്‍ മറച്ചിരിക്കുന്ന കീറിയ ചാക്കിന്റെ വിടവിലൂടെ അകത്തെ ദൃശ്യങ്ങള്‍. മദ്യപിച്ച്‌ ലക്കുകെട്ട എകദേശം നാല്‍പതുവയസ്സു തോന്നുന്ന മെലിഞ്ഞയാള്‍ ചോറ്‌ വെള്ളമൊഴിച്ചിട്ടിരിക്കുന്ന ചട്ടി എടുത്ത്‌ എറിയുന്നു. ഒരു മൂലയ്ക്ക്‌ കാലും നീട്ടിയിരുന്ന്‌ എന്തൊക്കെയോ പിറുപിറുക്കുന്ന സാമാന്യം തടിയുള്ള വെളുത്ത നിറമുള്ള സ്ത്രീയുടെ നേര്‍ക്കാണ്‌ എറിയുന്നത്‌. ഏറിന്റെ ശക്തിയില്‍ അയാള്‍ പുറകിലേക്ക്‌ മലച്ചു വീഴുന്നു. ചാടിയെഴുന്നേറ്റ്‌ അയാള്‍ ആ സ്ത്രീയെ തല്ലാന്‍ കൈയോങ്ങുന്നു. അടി തടുത്ത ആ സ്ത്രീയുടെ കൈകള്‍ക്കുള്ളില്‍ അയാളുടെ കൈകള്‍ ഞെരിയുന്നത്‌ ക്യാമറ സൂം ചെയ്യുന്നു. കുറച്ച്‌ ബലപ്രയോഗത്തിനു ശേഷം അയാള്‍ക്ക്‌ കൈകള്‍ മോചിപ്പിക്കാനാവുന്നു. അയാള്‍ രാജുവിന്റെ പേരുവിളിച്ചലറിക്കൊണ്ട്‌ പുറത്തേക്ക്‌. ഇറയത്തു കിടന്നിരുന്ന രാജു ഇപ്പോഴവിടെയില്ല. ഇരുട്ടിലൂടെ ഓടി ഇടവഴിയിലേക്കു മറയുന്ന രാജുവിന്റെ അവ്യക്തമായ ദൃശ്യങ്ങള്‍.

ആല്‍ഫി ചായയുണ്ടാക്കി വച്ചത്‌ ഒട്ടും കുടിച്ചിരുന്നില്ല. അത്‌ ചൂടാറിയിരുന്നു. എഴുന്നേറ്റുചെന്ന്‌ ഫ്രിഡ്ജില്‍ നിന്നും മൂന്നാല്‌ ഐസ്‌ക്യൂബുകള്‍ എടുത്ത്‌ ചായയിലിട്ടു. പിന്നെ കുറേശ്ശെയായി തുണിയുടെ ചാരുകസേരയില്‍ ചാരിക്കിടന്ന്‌ ആസ്വദിച്ച്‌ കുടിച്ചു. പലപ്പോഴും നേരത്തേ തീരുമാനിച്ചുറപ്പിച്ച വഴികളിലൂടെ വരാന്‍ തന്റെ രചനകള്‍ കൂട്ടാക്കാറില്ലെന്ന്‌ ആല്‍ഫിക്കറിയാമായിരുന്നു. വളരെ വ്യക്തമായ പ്ലാനോടുകൂടി എഴുതിത്തുടങ്ങിയാലും പലപ്പോഴും അത്‌ അതിനിഷ്ടമുള്ള വഴികളിലൂടെയാണ്‌ ചലിക്കുക. ഇവിടെയും അതാവര്‍ത്തിക്കുമോ എന്ന്‌ ആല്‍ഫി ഭയപ്പെട്ടു. എങ്കിലും അയാള്‍ എഴുത്തു തുടര്‍ന്നു.

രാവിലെ ഒമ്പതരയോടടുത്ത സമയം. ഒരു ഇടവഴിയുടെ ഏരിയല്‍ വ്യൂ ആണ്‌. കുട്ടികള്‍ കൂട്ടമായി സ്കൂളിലേക്കു പോകുന്നു. ടാറിടാത്ത വഴിയിലെ കുഴികളില്‍ കെട്ടിക്കിടക്കുന്ന വെള്ളം തട്ടിത്തെറിപ്പിച്ച്‌ പടക്കം പൊട്ടിക്കുന്ന പോലെ ശബ്ദമുണ്ടാക്കുന്ന കുട്ടികള്‍. ചെളിവെള്ളം ഉടുപ്പില്‍ വീഴാതെ വളരെ സൂക്ഷിച്ച്‌ വഴിയുടെ അരികുചേര്‍ന്നു പോകുന്ന പെണ്‍കുട്ടികള്‍. സൈക്കിളില്‍ പോകുന്ന ചില കുട്ടികള്‍ കുഴികളില്‍ ചാടാതെ സൈക്കിള്‍ വെട്ടിച്ചുകൊണ്ടു പോകുന്നു. താഴെ വരെ കാലെത്താത്ത ഒരു ചെറിയ കുട്ടി സൈക്കിളില്‍ നിന്നും വീഴുന്നതിന്റെ ദൃശ്യം. ഉടുപ്പിലാകെ ചെളി. അടുത്തുള്ളവരെല്ലാം ചിരിക്കുന്നു. താന്‍ വീഴുന്നത്‌ മറ്റുള്ളവരെല്ലാം കണ്ടതിന്റെ ജാള്യത കുട്ടിയുടെ മുഖത്ത്‌. തോളിലൂടെ കയ്യിട്ടു പോകുന്ന രണ്ടു കുട്ടികളുടെ മുഖത്തേക്ക്‌ ക്യാമറ ഫോക്കസ്‌ ചെയ്യുന്നു. അതിലൊന്ന്‌ ബാലനികേതനിലെ കുട്ടിയും മറ്റേത്‌ രാജുവുമാണ്‌. അവരെ കണ്ടാല്‍ ഇരട്ടകളെപ്പോലെ. രണ്ടുപേരെയും മാറിപ്പോകും പെട്ടെന്ന്‌. രണ്ടുപേരുടേയും മുന്നില്‍ നിന്നുള്ള ദൃശ്യത്തോടൊപ്പം സംഭാഷണം വ്യക്തമായി കേള്‍ക്കാം.

അനില്‍: "ഇന്നലെ സുരേഷ്‌ ഗോപി വന്നൂടാ, എന്തു ഭംഗ്യാന്നോ കാണാന്‍."

രാജു: "നീയെന്നെ പറ്റിക്കാന്‍ പറയുന്നതല്ലേ, എനിക്കറിയാം."

"പിന്നേ, ഒന്നു പോടാ, സംശ്യോണ്ടെങ്കീ ഇന്നത്തേ പേപ്പറില്‍ നോക്കിക്കോ, സുരേഷ്‌ ഗോപി എനിക്കുമ്മ തരുന്നതിന്റെ ഫോട്ടോ ഉണ്ട്‌ നടുവിലത്തെ പേജില്‍. ഇന്നലെ ഏഷ്യാനെറ്റിലും കാണിച്ചിരുന്നു."

"നീയൊക്കെ വല്യ ഭാഗ്യവാനാ, എനിക്കു കൊതിയാവുന്നു."

"നിനക്കു വെറുതേ തോന്നുന്നതാ, ഞങ്ങള്‍ ആരുമില്ലാത്തവരല്ലേ."

"ആരും ഉണ്ടാവാതിരിക്കുന്നതാ നല്ലത്‌. ഉള്ളവരെക്കുറിച്ചോര്‍ത്തിട്ടു തന്നെ എനിക്കു പേടിയാവുന്നു."

"എന്നാലും ആരുമില്ലെങ്കില്‍ എപ്പൊഴും വല്യ വിഷമമാണ്‌ രാജൂ, എന്തോ ഒരു കുറവുണ്ടെടാ."

"എന്നാലും എന്തു നല്ല രസാണ്‌ നിങ്ങള്‍ക്ക്‌, എപ്പോഴും സിനിമാക്കാരും നേതാക്കന്മാരും ഒക്കെ വരുന്നു, നിറയെ സമ്മാനങ്ങള്‍ കിട്ടുന്നു, എപ്പോഴും നല്ല അടിപൊളിയായിട്ട്‌ തിന്നാന്‍ കിട്ടും, ഒന്നും പേടിക്കേണ്ട."

"പക്ഷേ നിങ്ങളൊക്കെ അച്ഛന്റേയും അമ്മയുടേയും കൂടെയൊക്കെ പോകുന്നതു ഞങ്ങള്‍ അതിന്റെയുള്ളിലിരുന്നു കാണുമ്പോള്‍ എന്തു വിഷമാന്നറിയോ? ഞങ്ങള്‍ക്കാരുമില്ലാന്നുള്ള വിഷമം ഒന്നുകൂടി കൂടുതലാവും. ഞങ്ങള്‍ക്ക്‌ അതിന്റെയുള്ളിലെ ലോകവും പുറത്തെ ലോകവും തമ്മില്‍ ഒരുപാടു ദൂരമുള്ള പോലെ."

"അതൊന്നും ഒരു വല്യ കാര്യല്ലാട്ടോ, എനിക്കു വീട്ടീന്ന്‌ തിന്നാന്‍ ഒന്നും കിട്ടാറില്ല മിക്കപ്പോഴും, നല്ല ഷര്‍ട്ടും നിക്കറും ഒരെണ്ണം പോലുമില്ല എനിക്ക്‌. ആ അച്ഛനെന്നു പറയുന്നയാളെപ്പേടിച്ച്‌ ഞാന്‍ ഒറ്റ രാത്രിയും ശരിക്കുറങ്ങാറില്ല. അമ്മയാണെങ്കില്‍ ചീത്തയാണെന്നാണ്‌ അടുത്തുള്ളവരൊക്കെ പറയുന്നേ. നിങ്ങളുടെയടുത്ത്‌ എന്നെയും കൂടി കൂട്ടുമോ?"

"ഹേയ്‌, നിനക്ക്‌ അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ, അങ്ങിനെയുള്ളവരെ അവിടെ ചേര്‍ക്കില്ല."

"അച്ഛനും അമ്മയുമുള്ളത്‌ ഇത്ര വല്യ ഒരു കുറ്റാണോ?"

"ആവോ ആര്‍ക്കാ അറിയാ..."

"ഈ അച്ഛനും അമ്മയും ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ?"

"എന്റെ ദൈവമേ, നീയെന്താടാ ഈ പറയണേ, ശാപം കിട്ടൂട്ടോ, ഞങ്ങള്‍ എത്രപേരാ അവിടെ അച്ഛനേയും അമ്മയേയും കിട്ടാനായിട്ട്‌ എല്ലാ ദിവസവും പ്രാര്‍ത്ഥിച്ചോണ്ടിരിക്കണേന്നറിയോ നിനക്ക്‌."

"എന്നാ നീയൊരു പണി ചെയ്തോ, എന്റെ അച്ഛനേയും അമ്മയേയും എടുത്തോ, പകരം എനിക്കവിടെ ഇത്തിരി സ്ഥലം തന്നാല്‍ മതി."

"നമുക്ക്‌ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലോ, നമ്മളെ കണ്ടാല്‍ ആരും തിരിച്ചറിയില്ല. രാജൂ, ഞാന്‍ നിന്റെ വീട്ടില്‍ പോകാം, നീ ബാലനികേതനിലേക്കും പൊയ്ക്കോ."

"എനിക്കു വല്യ സന്തോഷാണ്‌. എന്നാലും നീ അവിടുത്തെ കാര്യങ്ങളൊക്കെ എനിക്കു പറഞ്ഞു തരണം. അല്ലെങ്കീ എനിക്കവിടെ ഒരു പരിചയോമില്ലാതെ....."

"നീയൊന്നും പേടിക്കണ്ടാ, ഞാനൊക്കെ പറഞ്ഞു തരാം. പക്ഷേ നിന്റെ വീട്ടിലെ എല്ലാം എനിക്കും പറഞ്ഞു തരണം."

"എന്നാ പറഞ്ഞപോലെ, നമുക്കീ വെള്ളിയാഴ്ചതന്നെ ഇത്‌ ശരിയാക്കാം."

അനിലിന്റെയും രാജുവിന്റെയും മുഖത്തുനിന്നും ക്യാമറ വീണ്ടും ഇടവഴിയിലെ കുട്ടികളുടെ കൂട്ടത്തിലേക്ക്‌. സ്കൂളിലെ ഓഫീസിന്റെ മുന്നില്‍ കെട്ടിത്തൂക്കിയിരിക്കുന്ന ഒരു റെയില്‍പാളത്തിന്റെ കഷണത്തില്‍ കൂട്ടമണിയടിക്കുന്ന അച്ചുനായരിലേക്കു ദൃശ്യം കട്ടാവുന്നു. വരിയായി അസംബ്ലിക്കു നില്‍ക്കുന്ന കുട്ടികള്‍. പ്രാര്‍ത്ഥന ചൊല്ലുന്നത്‌ മൈക്കൊന്നുമില്ലാത്ത കാരണം ചെറിയതായിട്ട്‌ മാത്രം കേള്‍ക്കാം. വൈകിവന്ന കുട്ടികള്‍ ഗെയ്റ്റിനു പുറത്ത്‌ കാത്തുനില്‍ക്കുന്നു. പലരുടേയും മുഖത്ത്‌ നേരം വൈകിയതിന്റെ പരിഭ്രമം കാണാം.

ഇരുട്ടിനേയും നിശ്ശബ്ദതയേയും കീറിമുറിച്ചുകൊണ്ട്‌ മൂന്നരയുടെ ഗുഡ്സ്‌ ട്രെയിന്‍ അലറിക്കുതിച്ചു പോയി. ആല്‍ഫിയുടെ കണ്ണുകള്‍ വിടര്‍ന്നിരുന്നു. കാരണം ഇവര്‍ രണ്ടുപേരും തമ്മില്‍ ഇങ്ങനെയൊരു കൂടുമാറ്റം അയാള്‍ നേരത്തേ പ്ലാന്‍ ചെയ്തതായിരുന്നു. ഇതുവരെയുള്ളതെല്ലാം താന്‍ വിചാരിച്ച പോലെത്തന്നെ വന്നതുകൊണ്ട്‌ അയാള്‍ക്കല്‍പ്പം അശ്വാസം തോന്നി. ഇനിയെന്തായാലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. രാജുവും അനിലും അവരുടെ പുതിയ ലോകങ്ങളില്‍ പുതിയ കൗതുകങ്ങളില്‍ വിഹരിക്കട്ടെ. എത്ര ശ്രമിച്ചാലും ശുഭപര്യവസായിയാകാത്ത തന്റെ രചനകളില്‍ ആദ്യമായി ഒരെണ്ണം നല്ല രീതിയില്‍ അവസാനിച്ചതു കണ്ട്‌ ആല്‍ഫി പതിയെ ചാരുകസേരയിലേക്കു ചാഞ്ഞിരുന്നു.

എഴുതിത്തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അത്‌ അലക്ഷ്യമായി എവിടെയെങ്കിലും ഇടുന്നത്‌ ആല്‍ഫിയുടെ സ്ഥിരം പതിവാണ്‌. ഒരാഴ്ചയായി എഴുതിത്തീര്‍ത്തിട്ട്‌, എങ്കിലും അതൊന്നു കമ്പ്യൂട്ടറില്‍ കേറ്റാന്‍ ഇതുവരെ അയാള്‍ സമയം കണ്ടെത്തിയില്ല. ഇന്നത്തെ രാത്രി ആല്‍ഫി അതിനുവേണ്ടിത്തന്നെ നീക്കിവച്ചു. പതിനൊന്നു മണികഴിഞ്ഞപ്പോഴാണ്‌ പതുക്കെ സിസ്റ്റം ഒന്നു ഓണ്‍ ചെയ്തത്‌. അഞ്ചാറുദിവസമേ ആയുള്ളുവെങ്കിലും കുറേ നേരം തപ്പിയിട്ടാണ്‌ ആ കടലാസുകള്‍ അയാള്‍ക്ക്‌ കിട്ടിയത്‌. കുറച്ച്‌ ടൈപ്പ്‌ ചെയ്തപ്പോഴേക്കും കരണ്ട്‌ പോയി. പെട്ടെന്ന്‌ എന്തോ എറിഞ്ഞുടക്കുന്ന ശബ്ദം പുറത്തുനിന്ന്‌ കേട്ട പോലെ അയാള്‍ക്ക്‌ തോന്നി. ആരെയോ തെറി പറയുന്ന ഒരാണിന്റെ ശബ്ദം കേള്‍ക്കാം. നന്നായി മദ്യപിച്ചിരിക്കുന്ന പോലെ തോന്നി അയാളുടെ ശബ്ദം കേട്ടിട്ട്‌, വാക്കുകള്‍ തിരിയുന്നുണ്ടായില്ല ശരിക്കും. അല്‍പം കഴിഞ്ഞപ്പോള്‍ അയാളുടെ നിലവിളി കേട്ടു, കൂടെ ഒരു സ്ത്രീയുടെ ആക്രോശവും. നല്ല ഇരുട്ടാണ്‌ ഒന്നും കാണാന്‍ വയ്യ. അയാള്‍ ജനല്‍ തുറന്നിട്ടിട്ടും ഒന്നും കാണാന്‍ കഴിഞ്ഞില്ല. പക്ഷേ ഉടനെ തന്നെ ലൈറ്റ്‌ വന്നു. ആല്‍ഫിക്ക്‌ കുറേശ്ശെ തലകറങ്ങുന്നതു പോലെ തോന്നി. കട്ടന്‍ചായ കുടിക്കാഞ്ഞിട്ടായിരിക്കുമെന്നു കരുതി അയാള്‍ ഹീറ്റര്‍ ഓണ്‍ ചെയ്തു. പുറത്താരോ ഓടുന്ന ശബ്ദം കേട്ടു. വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടുന്നു. ജനലിലൂടെ നോക്കിയിട്ട്‌ ആരെയും കണ്ടില്ല. വാതില്‍ തുറന്നപ്പോള്‍ ഒരു ചെറിയകുട്ടി പേടിച്ചരണ്ട്‌ നില്‍ക്കുന്നു. തിളങ്ങുന്ന കണ്ണുകളില്‍ കലങ്ങിയ ഭയം. ആല്‍ഫി എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ തന്നെ അവന്‍ ഓടി അകത്തു കയറി ഒരു മൂലയില്‍ പോയി ഒളിച്ചിരുന്നു. ഇവനെ നല്ല പരിചയമുണ്ടല്ലോ എന്നു തോന്നി ആല്‍ഫിക്ക്‌. ഇത്‌ രാജുവാണല്ലോ.

"രാജൂ, എന്താ പറ്റ്യേ...?"

പേടിച്ചരണ്ട കണ്ണുകള്‍ ക്രുദ്ധമാവുന്നത്‌ അയാള്‍ കണ്ടു.

"നിങ്ങളാണ്‌ എല്ലാത്തിനും കാരണം..."

ആല്‍ഫിക്ക്‌ ഒന്നും മനസ്സിലായില്ല. അയാള്‍ അവനെ ആശ്വസിപ്പിക്കാനായി അടുത്തു ചെന്നു. അവനെ ചേര്‍ത്തു പിടിച്ചു തലയില്‍ പതുക്കെ തലോടി. പെട്ടെന്ന്‌ അവന്‍ പൊട്ടിക്കരഞ്ഞു. ആല്‍ഫി അവനെ ഒന്നുകൂടി ചേര്‍ത്തു നിര്‍ത്തി.

"രാജൂ, കരയാതെ"

"ഞാന്‍ രാജുവല്ല, അനിലാണ്‌"

"നീയെങ്ങിനെ ഇവിടെ?"

"നിങ്ങളല്ലേ എന്നെയും രാജുവിനേയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത്‌?"

"നിങ്ങള്‍ക്ക്‌ രണ്ടു പേര്‍ക്കും അതിഷ്ടമായിരുന്നല്ലോ"

"ആയിരുന്നു, പക്ഷേ ഈ ലോകം എന്റെ സ്വപ്നങ്ങളിലെയല്ലല്ലോ. ഇതു നരകമാണ്‌, എനിക്കീ സ്വാതന്ത്ര്യം വേണ്ട. എനിക്കീ അച്ഛനും അമ്മയും വേണ്ട, എന്റെ പ്രാര്‍ത്ഥനകളില്‍ നിന്ന്‌ ഞാന്‍ അവരെ അകറ്റി നിര്‍ത്തിക്കോളാം. ഞാനെന്തെങ്കിലും കഴിച്ചിട്ട്‌ രണ്ടുദിവസമായി, എല്ലാ ദിവസവും രാത്രി അയാളുടെ ചവിട്ടു കൊള്ളാതെ എണീറ്റോടും, ഉറങ്ങാറേയില്ല. അനാഥത്വം എത്ര വിലയുള്ളതായിരുന്നു എന്ന്‌ ഞാനിപ്പോളാണ്‌ അറിയുന്നത്‌."

കുട്ടിയുടെ ഏങ്ങലടികള്‍ കൂടി വന്നു. ആല്‍ഫി എന്താണ്‌ അവനോട്‌ പറയുക എന്നാലോചിച്ച്‌ കുറച്ചു നേരം നിന്നു.

"ശരി, എങ്കില്‍ നിങ്ങളെ പഴയ പോലെത്തന്നെ നിങ്ങളുടെ സ്വന്തം സ്ഥലങ്ങളിലേക്ക്‌ തിരിച്ചു വിടട്ടെ?"

"വേണ്ട"

ആല്‍ഫി അങ്ങിനെയൊരുത്തരം തീരെ പ്രതീക്ഷിച്ചില്ല.

"അതെന്താ?"

"സാരല്യ, ഇത്‌ ഞാന്‍ സഹിച്ചോളാം, രാജുവിന്‌ ഇപ്പോള്‍ ഭയങ്കര സന്തോഷാണ്‌. അവന്‌ ആ പുതിയ ലോകം എത്ര ഇഷ്ടമായെന്നോ? അവനിപ്പോ നല്ല ഉടുപ്പിട്ടാണ്‌ ക്ലാസ്സില്‍ വരുന്നത്‌, നല്ല ഭക്ഷണം കഴിക്കുന്നു, നന്നായി പഠിക്കുന്നു. അവനിപ്പോ ശരിക്കും ജീവിയ്ക്കുവാണ്‌. ഞാന്‍ തിരിച്ചു ബാലനികേതനിലേക്കു പോയാല്‍ അവന്‍ മടങ്ങി വരേണ്ടത്‌ ഇവിടേക്കു തന്നെയല്ലേ? ഞങ്ങളുടെ രണ്ടുപേരുടെയും വേദന മാറ്റാന്‍ നിങ്ങള്‍ക്കാകുമോ?"

ഒരു നിമിഷം എന്റെ ഉള്ളൊന്നു പിടഞ്ഞു. ഇതിനു ഞാനെന്തു മറുപടി കൊടുക്കും? പെട്ടെന്ന്‌ എന്റെ പിടി വിടുവിച്ച്‌ അവന്‍ പുറത്തേക്കോടി. പോകേണ്ടെന്നു പറയാനോ തിരിച്ചു വിളിക്കാനോ എനിക്കായില്ല. ഞാന്‍ ഒരു വെറും മൂഢനേപ്പോലെ തറയിലിരുന്നു.

Wednesday, October 04, 2006

തിടമ്പേറ്റുന്നത്‌ പാമ്പാടി ബൈജു

അങ്ങിനെ കൊടിയേറ്റം കഴിഞ്ഞു. പതാക ഉയര്‍ത്തി ജനഗണമനയും പാടി ഭക്തജനങ്ങള്‍ പിരിഞ്ഞുപോയി. നാരങ്ങാമിട്ടായി വിതരണം ഉണ്ടോ എന്നു നോക്കി ചില ചിന്നപ്പയ്യന്മാര്‍ കുറച്ചു നേരം കൂടി പമ്മിപ്പമ്മി കറങ്ങി നടന്നു. പിന്നെ അവരും സ്ഥലം വിട്ടു. മീനമാസത്തിലെ പൂയം നക്ഷത്രത്തിലാണ്‌ കൊടിയേറ്റം. പൂയത്തിന്‌ മീനത്തില്‍ വരാന്‍ അസൗകര്യമൊന്നുമില്ലാതിരുന്ന കാരണം എല്ലാ വര്‍ഷവും ഉത്സവം നടന്നിരുന്നു. അഥവാ പൂയത്തിന്റെ അസാന്നിദ്ധ്യമുണ്ടായാല്‍ കമ്മിറ്റി ഓഫീസില്‍ ഒരു ഫാക്സ്‌ മെഷീനും വാങ്ങി പരപ്പനങ്ങാടിയെക്കൊണ്ട്‌ പ്രശ്നം വെയ്പ്പിക്കാന്‍ വരെ തയ്യാറായിരുന്നു ഉത്സവക്കമ്മിറ്റി.

ചെന്നോത്ത്‌ രവീന്ദ്രമേനോന്‍ എന്ന 6'5" ഉയരവും 130 കിലോ തൂക്കവുമുള്ള ചെറിയ മനുഷ്യന്റെയായിരുന്നു അമ്പലവും സ്കൂളും പിന്നെ ആ റൂട്ടിലോടുന്ന നാലു ബസ്സുകളും. ഇതൊന്നും പോരാതെ തറവാട്ടില്‍ നില്‍ക്കുന്ന മഹേശ്വരന്‍ എന്ന കൊമ്പനും. നാട്ടില്‍ ഗുണ്ടായിസം കാണിക്കാന്‍ ഇതൊക്കെത്തന്നെ ധാരാളമായിരുന്നെങ്കിലും മേനോന്‍ ഹരിശ്ചന്ദ്രന്റെ തായ്‌വഴിയിലുള്ളതായിരുന്നു. അതുകൊണ്ടു തന്നെ വേണമെങ്കില്‍ ഒരു പഞ്ചായത്ത്‌ ഇലക്ഷന്‍ ജയിക്കാനുള്ള ജനസമ്മതിയുമുണ്ടായിരുന്നു. മഹേശ്വരനായിരുന്നു എല്ലാ വര്‍ഷവും എഴുന്നള്ളത്തിന്‌ തിടമ്പേറ്റുന്നത്‌. അമ്പലം മേനോന്റെയാണെങ്കിലും നാട്ടുകാര്‍ സ്വന്തം ജാനകിക്കുട്ടി പോലെയാണ്‌ ഉത്സവം നടത്തിയിരുന്നത്‌.

എല്ലാ വര്‍ഷത്തേയും ഏറ്റവും ഗംഭീര പരിപാടി, ഉത്സവം കഴിഞ്ഞിട്ട്‌ ആദ്യം ചേരുന്ന കമ്മിറ്റി മീറ്റിങ്ങാണ്‌. ഈ അമ്പലത്തില്‍ രണ്ടു ദിവസമാണ്‌ വെടിക്കെട്ട്‌, ഒന്ന്‌ വലിയവിളക്കിനും പിന്നെ ഈ മീറ്റിങ്ങിനും! നാട്ടിലെ എല്ലാ പുത്തന്‍ പണക്കാരും പൊങ്ങച്ചക്കാരും കമ്മിറ്റിയിലുണ്ടാകും. നോട്ടീസില്‍ ആരുടെ പേര്‍ വലുതായി വരുന്നുവോ അവന്‍ ഉഗ്രന്‍. പലേ പരിപാടികള്‍ക്കും സ്പോണ്‍സര്‍മാരെ കിട്ടാന്‍ കമ്മിറ്റിക്ക്‌ വല്യ വിയര്‍പ്പൊഴുക്കേണ്ടി വരാറില്ല, ഈ സ്വയംപൊങ്ങികളുള്ള കാരണം.

മേശ്ശേരിയിലെ ബൈജുവാണ്‌ നാട്ടിലെ പുതുപ്പണക്കാരിലെ പുതിയ താരോദയം. ഉദയന്‍ എന്നായിരുന്നു വിളിപ്പേര്‌. ഉദയനാണ്‌ താരം എന്ന ചിത്രം കക്ഷി 21 വട്ടം കണ്ടതായി കൊരട്ടി മാത തിയ്യേറ്ററില്‍ രേഖകളുണ്ട്‌. നാട്ടിലെ അല്‍പന്മാരുടെ കണ്‍കണ്ട ദൈവം. ഉത്സവത്തിനു മുന്നേയുള്ള മീറ്റിങ്ങില്‍ പുള്ളി കത്തിക്കയറി-

"അതേ, എല്ലാ കൊല്ലവും ഈ മഹേശ്വരനെ തന്നെ എഴുന്നള്ളിച്ചാല്‍ ആരു വരാനാ ഉത്സവത്തിന്‌? നമുക്ക്‌ കിടിലന്‍ ആനകളെ കൊണ്ടുവരണം."

ഉദയവര്‍മ്മത്തമ്പുരാന്റെ ഉള്ളിലിരുപ്പ്‌ മറ്റുള്ള അല്‍പന്മാര്‍ വളരെപ്പെട്ടെന്ന്‌ മണത്തു. എന്നാലും വേറെ ആന വന്ന്‌ ഉത്സവം കൊഴുക്കുന്നെങ്കില്‍ കൊഴുക്കട്ടയാവട്ടെ എന്നായി മറ്റുള്ളവര്‍.

"വല്യ ആന വന്നാല്‍ നല്ലതാണ്‌, പക്ഷേ ആര്‌ സ്പോണ്‍സര്‍ ചെയ്യും എന്നുകൂടി പറയൂ ഉദയാ"

"തിടമ്പേറ്റുന്ന ആനയെ ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം. പക്ഷേ നോട്ടീസില്‍ അത്‌ പ്രിന്റ്‌ ചെയ്യുകേം എല്ലാ ദിവസവും മൈക്കിലൂടെ അനൗണ്‍സ്‌ ചെയ്യുകേം വേണം."

യാതൊരു ഉളുപ്പുമില്ലാതെ ഉദയന്‍ തന്റെ ഡിമാന്റ്‌ വച്ചു. തനിക്കും മഹേശ്വരനുമിട്ട്‌ പാരഗ്രാഫ്‌ പണിയാനാണ്‌ കക്ഷിയുടെ ശ്രമമെന്ന്‌ മേനോന്‌ പെട്ടെന്ന്‌ ഓടി. മേനോന്‍ ഉവാച:

"എല്ലാ വര്‍ഷവും മഹേശ്വരനല്ലേ തിടമ്പേറ്റുന്നത്‌, ഇത്തവണ മാത്രായിട്ട്‌ അവനെ മാറ്റിയാല്‍ അവന്‍ ഇടഞ്ഞാലോ?"

വ്രണിതനായ ഉദയന്‍ ചീറ്റി - " മേന്‍നേ, നിങ്ങടെ അമ്പലാന്നുള്ള തണ്ടാണ്‌ നിങ്ങള്‍ക്ക്‌. ഞങ്ങളാരും കൂടിയില്ലെങ്കീ ഇവിടെ ഉത്സവം നടക്കില്ല്യാന്ന്‌ മറക്കണ്ട. മാത്രല്ല എല്ലാത്തവണയും ഞാന്‍ സ്പോണ്‍സര്‍ ചെയ്യാറുള്ള തായമ്പകയും ഉണ്ടാവില്ല്യ."

തുറുപ്പുഗുലാന്‍ എന്ന മൂന്നാംകിട ശീട്ട്‌ എടുത്തു വീശി ഉദയന്‍. തറയോല്‍ത്തറയാവാന്‍ മേനോന്‍ തയ്യാറാവാഞ്ഞതിനാല്‍ സംഭവം അവിടെ ഒതുങ്ങി. സാധാരണ അരങ്ങേറാറുള്ള തനത്‌ ദ്രാവിഡകലാരൂപങ്ങളായ തെറിവിളി, കഴുത്തില്‍പ്പിടി, നെഞ്ചില്‍ച്ചവിട്ട്‌ തുടങ്ങിയവയൊന്നും ഉണ്ടായില്ല.

സ്പോണ്‍സറുടെ പേര്‌ ആനയുടെ വലുപ്പത്തിലും ആനയുടെ പേര്‌ സ്പോണ്‍സറുടെ വലുപ്പത്തിലും നോട്ടീസില്‍ അടിച്ചുവന്നു. "തിടമ്പേറ്റുന്ന ആനയെ സ്പോണ്‍സര്‍ ചെയ്യുന്നത്‌ മേശ്ശേരി ബൈജു, ആന പാമ്പാടി രാജന്‍" കൂടാതെ കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പകയും താരത്തിന്റെ വക.

നോട്ടീസില്‍ പേരുവന്നതു പോരാഞ്ഞ്‌ താരം നാടു മുഴുവന്‍ മൈക്കുവച്ചു വിളമ്പി, ഇത്തവണത്തെ ഉത്സവം താനില്ലെങ്കില്‍ ചീറ്റിപ്പോകുമെന്നും, മേനോന്‍ വെറും അശുവാണെന്നും, മഹേശ്വരന്‍ കുഴിയാനയാണെന്നും!! ആനപ്രേമിയായ മേനോന്‌ തന്റെ അമ്പലത്തില്‍ പാമ്പാടി വരുന്നത്‌ വല്യ സന്തോഷമായെങ്കിലും താരത്തിന്റെ വിഴുപ്പലക്കല്‍ തീരെ സുഖിച്ചില്ല. ആന ഉടമകളുടെ സംഘത്തിലും ഏജന്റുമാരുടെയിടയിലും അത്യാവശ്യം നല്ല പേരുണ്ടായിരുന്നതിനാല്‍ ഒരു കളി കളിച്ചുനോക്കാന്‍ മേനോനും ഉറപ്പിച്ചു. പക്ഷേ, ഈ പാമ്പാടിക്കുമേല്‍ പറക്കാന്‍ ഏതു പരുന്തിനെ കൊണ്ടുവരും എന്നാലോചിച്ചിട്ട്‌ ഒരു പിടിയും കിട്ടിയില്ല.

വല്യവിളക്കുവരെ ഒരാനയേ ഉള്ളൂ, അത്‌ എല്ലാ വര്‍ഷവും മഹേശ്വരനാണ്‌. വല്യവിളക്കിന്‌ മാത്രാണ്‌ ഏഴാനയുടെ ഉത്സവം. രാവിലത്തെ ശീവേലി മതില്‍ക്കകത്തായതിനാല്‍ വൈകീട്ടത്തെ കാഴ്ചശീവേലിക്കും രാത്രിയിലെ എഴുന്നള്ളത്തിനും മാത്രമാണ്‌ ഏഴാന.

വല്യവിളക്കുവരെ താരത്തിനാധിയായിരുന്നു, മേനോന്‍ തനിക്കിട്ടു വയ്ക്കുമോന്നൊരു പേടി. ഓരോ പത്തു മിനിറ്റിലും ഉദയനാണ്‌ താരത്തിന്റെ പേര്‌ മൈക്കിലൂടെ അനൗന്‍സ്‌ ചെയ്തുകൊണ്ടിരുന്നു - തിടമ്പേറ്റുന്ന ആനയെ സ്പോണ്‍സര്‍ ചെയ്തത്‌ "പാമ്പാടി ബൈജു" പറഞ്ഞ്‌ പറഞ്ഞ്‌ ഒരിക്കല്‍ ദിലീപന്‍ അനൗണ്‍സ്‌ ചെയ്തത്‌ അങ്ങിനെയായിപ്പോയതാണ്‌!! ഉദയന്‍ കസവുമുണ്ട്‌ തോളിലിട്ട്‌ തലങ്ങും വിലങ്ങും നടന്നു.

ഉച്ചയായപ്പോഴേക്കും പെട്ടെന്ന്‌ വാര്‍ത്ത പരന്നു, വൈകീട്ട്‌ ഗുരുവായൂര്‍ പത്മനാഭന്‍ വരുന്നു. മേനോന്‍ മഹേശ്വരനെ പിന്‍വലിച്ച്‌ പകരം കളത്തിലിറക്കിയത്‌ സാക്ഷാല്‍ പത്മനാഭനെ. വൈകീട്ട്‌ അല്‍പം വൈകിപ്പോയ പത്മനാഭന്‍ എത്തിയത്‌ കൃത്യം തായമ്പകയുടെ സമയത്ത്‌. കല്ലൂരിന്റെ തായമ്പകയായിട്ടും ഒരൊറ്റയാള്‍ കാണാനില്ലാതെ സകലരും പത്മനാഭന്റെ സ്വീകരണത്തിനു പോയി. സ്പോണ്‍സര്‍ പാമ്പാടി ബൈജുവിന്റെ കാശുപോയ ഐറ്റം നമ്പ്ര 1. ദിലീപന്‍ പിന്നെയും അനൗണ്‍സ്‌ ചെയ്തുകൊണ്ടിരുന്നു "തിടമ്പേറ്റുന്ന ആനയെ സ്പോണ്‍സര്‍ ചെയ്തത്‌ മേശ്ശേരി ഉദയന്‍"

മേനോന്‍ ടപ്പേന്ന്‌ കമ്മിറ്റിയംഗങ്ങളെയെല്ലാം വലയിട്ട്‌ പിടിച്ച്‌ മീറ്റിംഗ്‌ കൂടി കൂവി: "നിങ്ങള്‍ പാമ്പാടിക്കു തിടമ്പേറ്റുമോ അതോ പത്മനാഭനു തിടമ്പേറ്റുമോ എന്നറിഞ്ഞിട്ടു മതി ബാക്കി ഉത്സവം."

ഉണ്ണാമന്മാരായ കമ്മിറ്റിക്കാര്‍ എല്ലാം പെട്ടു പോയി. എന്തു ചെയ്യും. പത്മനാഭന്‍ തിടമ്പേറ്റാനല്ലാതെ എങ്ങും പോകുന്ന പ്രശ്നമില്ല. ഏക്കത്തിനെടുത്തിട്ട്‌ തിരിച്ചു വിട്ട ചരിത്രവുമില്ല. ഗുരുവായൂരപ്പന്റെ സാന്നിധ്യമുണ്ടാവുമെന്നാണ്‌ പറയുക പത്മനാഭനെ എഴുന്നള്ളിക്കുമ്പോള്‍. താരത്തിനൊഴിച്ച്‌ ബാക്കിയെല്ലാര്‍ക്കും മേനോന്റെയൊപ്പം നില്‍ക്കാതെ തരമില്ലാതായി. ഉദയന്‍ കുറെ ചീറ്റി നോക്കിയെങ്കിലും പുറത്ത്‌ പത്മനാഭനേ ജനം അഘോഷിക്കുന്ന കണ്ടപ്പോള്‍ പതിയെ അടങ്ങി. ഉടന്‍ വന്നു അടുത്ത അനൗണ്‍സ്‌മെന്റ്‌ - "തിടമ്പേറ്റുന്ന, ഗജരത്നം ഗുരുവായൂര്‍ പത്മനാഭനെ സ്പോണ്‍സര്‍ ചെയ്തത്‌..."
അപ്പൊപ്പൊട്ടിയ ഒരു കതിനയില്‍ അവസാനത്തെ പേരു കേള്‍ക്കാഞ്ഞത്‌ എത്ര നന്നായി എന്നോര്‍ത്തു, അസ്തമയ താരം.

Tuesday, September 26, 2006

ഒരു കുഞ്ഞു നൊമ്പരം




അവന്‍ കൃഷ്ണ, എനിക്ക്‌ മകനായിപ്പിറന്നവന്‍. മൂന്നു വയസ്സിന്റെ കുതൂഹലങ്ങളില്‍ കളിയാടുന്നവന്‍. ഞാന്‍ കടലുകള്‍ക്കിപ്പുറത്ത്‌, അവനെ ഒരോര്‍മ്മച്ചിത്രമായി സൂക്ഷിക്കുന്നവന്‍. എപ്പോഴും അവന്‍ പറയുമത്രേ, ഞാന്‍ പിണക്കമാണ്‌, അച്ഛനെ ഇടിച്ച്‌ പപ്പടമാക്കും എന്ന്‌. ഇന്ന്‌ അവള്‍ വിളിച്ചപ്പോള്‍ പറഞ്ഞു - "ദേ അവനിന്നു പറയുവാ, അച്ഛനൊരുമ്മ കൊടുക്കണമെന്ന്‌" ഒരു നനുത്ത നൊമ്പരം എന്നില്‍ നിറഞ്ഞു.

Monday, September 25, 2006

അമ്മായിയപ്പന്‌ തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍

അമ്മായിയപ്പന്‌ തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍

ഇടിവാളിന്റെ ‍അമ്മായിയപ്പനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എന്ന പോസ്റ്റിനു നേരെ പിടിച്ച ഒരു ദര്‍പ്പണമാണ്‌ ഇത്‌. ഈ കണ്ണാടിയില്‍ കാണുന്നത്‌ പക്ഷെ തികച്ചും വ്യത്യസ്തമാണ്‌. ബാച്‌ലേഴ്സിന്റെ കൈക്കൂലിക്കോ പ്രലോഭനങ്ങള്‍ക്കൊ ഇതില്‍ യാതൊരു പങ്കുമില്ലെന്ന്‌ ആണയിടുന്നു.

അമ്മായിയപ്പന്‌ തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍

അന്നും പതിവുപോലെ താമസിച്ചാണെണീറ്റത്‌, അവള്‍. അയാള്‍ നാലു മണിക്കു തന്നെ എണീറ്റിരുന്നു. പണികള്‍ക്കിടയിലും അവള്‍ എണീറ്റോ എന്നായിരുന്നു അയാളുടെ വേവലാതി. എണീറ്റാലുടനെ ചായകിട്ടിയില്ലെങ്കില്‍ അവളുടെ വായിലുള്ളത്‌ മുഴുവന്‍ രാവിലെ തന്നെ കേള്‍ക്കണം. തിരക്കിനിടെ വീണ്ടും അയാളത്‌ മറന്നു. ഒരു അലര്‍ച്ച കേട്ടപ്പോഴാണ്‌ അയാള്‍ ചായയും കൊണ്ട്‌ ഓടിച്ചെന്നത്‌.

"ഇയാള്‍ക്ക്‌ രാവിലെ തന്നെ ഒന്ന്‌ കുളിച്ച്‌ വൃത്തിയായി വന്നാലെന്താ? കണികാണാനായി വന്നു നില്‍ക്കുന്ന കോലം കണ്ടില്ലേ?" സന്തോഷായി, ഇന്നത്തേക്കുള്ളതായി. ഇന്നത്തെ ദിവസം ഒട്ടും മോശാവില്ല.

"ദാ, ചായ..."

പപ്പടം കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ടായിരുന്നു അയാളുടെ നരച്ച ബര്‍മുഡയ്ക്ക്‌. ഇന്ന്‌ രാവിലെ പുട്ടും പപ്പടവുമായിരുന്നു അയാള്‍ ഉണ്ടാക്കിയത്‌.

അയാളോര്‍ത്തു, ബാച്ചിലര്‍ ആയിരുന്നപ്പോള്‍ പറ്റിറങ്ങുന്നതു വരെ കിടന്നുറങ്ങിയിരുന്നത്‌, വീണ്ടും രാവിലെ കിക്ക്‌ മാറാനായി ഒരു ഷിവാസും കൂടി പിടിപ്പിച്ച്‌, ശ്ശൊ.. യോഗമാണ്‌ യോഗം.

പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്‌ തീന്മേശയില്‍ വന്നതും, അയാള്‍ വിഭവങ്ങളെല്ലാം നിരത്തി.

എത്ര നാളായിട്ടു കൊതിക്കുന്നതാണെന്നോ, അപ്പവും സ്റ്റുവും കഴിക്കാനായിട്ട്‌, പക്ഷേ അവളോടെങ്ങാനും ഇതു പറഞ്ഞാല്‍ കൊന്നു കളയും അതില്‍ ഭേദം അന്നപൂര്‍ണയില്‍ പോയി കഴിക്കുന്നതാണ്‌.

ഇത്രയൊക്കെ ഒരുക്കിയിട്ടും ജ്യൂസ്‌ കിട്ടാന്‍ വൈകിയതിന്‌ എന്താ ഒരു പുകില്‌.

എങ്ങിനെയെങ്കിലും പണിയൊക്കെ ഒന്നു തീര്‍ത്ത്‌ തടിതപ്പാന്‍ നോക്കിയപ്പൊഴേക്കും "ഈ ചുരിദാറൊക്കെ തേച്ചുവക്കാന്‍ ഇനി എല്ലാ ദിവസവും പറഞ്ഞിട്ടു വേണോ..." അപ്പൊഴേക്കും ഒരു കെട്ട്‌ തുണികളുമായി അവളെത്തി.

അവള്‍ പുറത്തിറങ്ങി കാറില്‍കയറാന്‍ നേരത്താണ്‌ മുഖത്ത്‌ ഒരു പരിഭവം.

അപ്പോഴാണോര്‍ത്തത്‌, "ഹോ, പതിവുപോലെ ചെരിപ്പ്‌ തുടച്ച്‌ വച്ചിട്ടില്ലല്ലോ"!

സോറി കുട്ടീ എന്നു പറഞ്ഞ്‌ വേഗം ചെന്ന്‌ രണ്ടു ചെരിപ്പുകളും തുടച്ച്‌ മുന്നില്‍ കൊണ്ടുകൊടുത്തു.

പിന്നേം ബാക്കിയുള്ള പണിയെല്ലാം തീര്‍ത്ത്‌ കുളിച്ചെന്നു വരുത്തി മുറ്റത്തേക്കിറങ്ങിയപ്പോള്‍ അയാള്‍ക്ക്‌ എങ്ങിനെ പോകണമെന്ന്‌ സംശയമൊന്നുമുണ്ടായില്ല. കിട്ടുന്ന നക്കാപ്പിച്ച കൊണ്ടു ലോണെടുത്ത്‌ വാങ്ങിയിട്ട മാരുതി അവളെടുത്തോണ്ടു പോയി. ഇനി അടുത്ത ബസ്‌സ്റ്റോപ്പുവരെ കാല്‍നട തന്നെ. കല്യാണത്തിന്റെ 10ആം വാര്‍ഷികമായപ്പോള്‍ അമ്മായിയപ്പനോട്‌ ഒരു സെക്കന്റ്‌ഹാന്റ്‌ അംബാസ്സഡറെങ്കിലും വാങ്ങിത്തരാന്‍ പറഞ്ഞിട്ട്‌, കക്ഷിയുടെ തേച്ചാലും മായ്ച്ചാലും പോകാത്ത സാഹിത്യം ഇപ്പോഴും ചെവിയിലുണ്ട്‌.

തിരിച്ചു ബസ്സില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു, അമ്മായിയപ്പനെ ഒന്നുകൂടി മുട്ടുക തന്നെ, അയാള്‍ ഇങ്ങോട്ടു വന്നിട്ട്‌ നമ്മുടെ കാര്യങ്ങള്‍ നടക്കലുണ്ടാവില്ല.

അവള്‍ ഡ്രൈവു ചെയ്യുമ്പോള്‍ സൈഡിലിരിക്കുന്ന അയാളെ പുഛത്തോടെ നോക്കി. ഭാര്യവീട്ടില്‍ ഭാര്യയും അമ്മായിയമ്മയും കൂടി കുറെ നേരമായിട്ട്‌ കലപിലാന്ന്‌ സംസാരിച്ചോണ്ടിരുന്നിട്ടും അയാള്‍ക്ക്‌ ഒരു ചായപോലും കിട്ടിയില്ല.

കോണികേറി മുകളില്‍ ചെന്നപ്പോള്‍ അമ്മായിയപ്പന്‍ ഇരുന്ന്‌ എതോ എക്സ്‌മിലിറ്ററിയുടെ കയ്യില്‍ നിന്നും വാങ്ങിയ റം വലിച്ചുകേറ്റിക്കൊണ്ടിരിക്കുന്നു. റമ്മെങ്കില്‍ റം ഒരെണ്ണം വീശാന്‍ തന്നെ തീരുമാനിച്ചു ഒരു ഗ്ലാസ്സിനായി ചുറ്റും പരതി.

"എന്തേ ഇപ്പോ ങ്ങട്‌ കെട്ടിയെടുക്കാന്‍?"

അമ്മായിയപ്പന്റെ കടുപ്പിച്ച ചോദ്യത്തില്‍ അയാള്‍ ചൂളി. ഒന്നു വീശാനുള്ള പൂതി അതോടെ തീര്‍ന്നു. കെളവന്‍ രണ്ട്‌ അറ്റാക്ക്‌ വന്ന്‌ നിക്കുവാണ്‌, എന്നാലും ഉള്ളതെന്താണെന്നു വച്ചാ ആര്‍ക്കെങ്കിലും കൊടുക്കില്ല.

"അല്ലാ അച്ഛന്‌ പ്രായം കൂടിവരികയല്ലേ?"

"അതിന്‌ നിനക്കെന്നാ ചേതം?"

"അല്ലാ, ആ തെക്കേ മൂലേല്‌ കൃഷിചെയ്യാതിട്ടിരിക്കുന്ന സ്ഥലം..."

"ഡാ, .....മോനേ.... ആ വെള്ളം അങ്ങു വാങ്ങിയേരെ ഇപ്പത്തന്നെ, നടക്കുകേല"

"അല്ല, ഞാന്‍ അതില്‍ കുറച്ച്‌ വാഴവച്ചാലോന്നാലോചിക്കുവായിരുന്നു."

"ഫാ, ചെറ്റേ, സ്വന്തമായി അദ്ധ്വാനിച്ച്‌ ഉണ്ടാക്കാന്‍ നോക്കെടാ..."

"എന്നാല്‍, ആ കലുങ്കിന്റെയടുത്തുള്ള പാറയായിട്ടുള്ള നാലു സെന്റെങ്കിലും...."

"%^&#$$%^*%@^.... നിന്റെ തന്ത സമ്പാദിച്ചു കൂട്ടിയേക്കണതാണോടാ" പുളിച്ച തെറിയുടെ പിന്നാലെ എത്തിയത്‌ പുള്ളീ കുടിച്ചോണ്ടിരുന്ന ഗ്ലാസ്സായിരുന്നു.

രാത്രി ഒരു മണിയായി വീട്ടിലെത്തുമ്പോള്‍, ഹോസ്പിറ്റലില്‍ എന്തു തിരക്കാണ്‌, നെറ്റിയില്‍ സ്റ്റിച്ചിട്ടു പുറത്തു വന്നപ്പോള്‍ ഈ നേരമായി.

കുളിച്ചു പുതിയ നൈറ്റിയുമിട്ട്‌ അവള്‍ റെഡിയായി, കിടക്കാനായിട്ട്‌. ബെഡ്ഡിനരികേയുള്ള ലൈറ്റിന്റെ സ്വിച്ച്‌ ഓഫ്‌ ചെയ്യാനായി അവളുടെ കൈകള്‍ നീങ്ങി, അയാള്‍ അടുക്കളയിലെ ബാക്കിയുള്ള പാത്രങ്ങള്‍ കഴുകാനും.

Wednesday, September 20, 2006

ആകാശം നഷ്ടപ്പെട്ടവര്‍

രാധാകൃഷ്ണന്‍ മാഷ്‌, സെല്ലില്‍ വെറുതെ മുറ്റത്തുള്ള ചെടികളെ നോക്കിയിരുന്നു. അതില്‍ പല നിറത്തിലുള്ള പൂക്കള്‍ നിറയെ വിടര്‍ന്നു നിന്നിരുന്നു. മുന്നില്‍ കാണുന്ന ഇരുമ്പഴികള്‍ തന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്‌ തടയിടാതിരിക്കട്ടെ എന്ന്‌ പ്രത്യാശിച്ചു.

"സര്‍, ദയവായി എങ്ങിനെയെങ്കിലും പത്തുദിവസത്തെ പരോളെങ്കിലും അനുവദിച്ചു തരൂ"

വര്‍ഷങ്ങളായി പരിചയമുള്ള ആ ഗംഭീര ശബ്ദം ഇപ്പോള്‍ അല്‍പം പതറിയിട്ടുണ്ടോ എന്നു സൂപ്രണ്ട്‌ രാജുവിനു തോന്നി. കുറച്ചു ദിവസങ്ങളായി മാഷ്‌ ഇടക്കിടെ ഈ പരോളിന്റെ കാര്യം തന്നെ വന്നു ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

പിജി ക്ലാസ്സില്‍ മോഡേണ്‍ ഫിസിക്സ്‌ പഠിപ്പിക്കുമ്പോഴേ ക്ലാസ്സിലെ സ്മാര്‍ട്‌ സ്റ്റുഡന്റായ രാജുവും മാഷുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. ഭൗതികത്തിലെ കട്ടിയായ ശാസ്ത്രസംജ്ഞകള്‍ക്കപ്പുറം കഥകളെയും കവിതകളേയും വര്‍ത്തമാനകാല ആസുരതകളെയും കുറിച്ചുള്ള ഊഷ്മളമായ സംവാദങ്ങളിലൂടെയായിരുന്നു അവരുടെ ബന്ധം വളര്‍ന്നത്‌. മാതൃഭൂമിയില്‍ സ്ഥിരമായി എഴുതാറുള്ള മാഷിന്റെ വാക്കുകള്‍ തീക്ഷ്ണമായിരുന്നു.

ജയില്‍ സൂപ്രണ്ട്‌ ആണെങ്കിലും, മാഷിന്റെ സര്‍ എന്നുള്ള വിളിയില്‍ രാജു ചൂളിപ്പോയി. സര്‍ എന്നുള്ള വിളി ഒഴിവാക്കണമെന്ന്‌ പലതവണ റിക്വെസ്റ്റ്‌ ചെയ്തതാണ്‌, എന്നാലും മാഷ്‌ അങ്ങിനെയേ വിളിക്കൂ. കുറച്ചു നാളുകളായി മാഷ്‌ക്ക്‌ പുറം ലോകത്തെക്കുറിച്ച്‌ വലിയ പ്രതീക്ഷകളാണ്‌. എങ്ങിനേയും പുറത്തു പോകണമെന്നും മകളുമായി കുറച്ചുനിമിഷങ്ങളെങ്കിലും ചെലവഴിക്കണമെന്നും ഇടക്കിടെ പറയും. ഒരിക്കല്‍ പോലും ശാന്തി ഇവിടെ വന്നിട്ടില്ല മാഷെ കാണാന്‍, എന്നിട്ടും മാഷിനുറപ്പായിരുന്നു, അവള്‍ തന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ടാവുമെന്ന്‌. മാഷെപ്പോലെത്തന്നെ അവളും കഥകളെഴുതിയിരുന്നു. തനിക്കുവായിക്കാനായി കൊണ്ടുവരുന്ന മാതൃഭൂമി താന്‍ മാഷിനും കൊടുക്കാറുണ്ട്‌. ശാന്തിയുടെ എല്ലാ കഥകളും മാഷ്‌ പല ആവര്‍ത്തി വായിക്കാറുണ്ട്‌. പുറംലോകത്തെക്കുറിച്ചുള്ള ഒരേയൊരു പ്രതീക്ഷയും സ്വപ്നവും മാഷിന്‌ അവള്‍ മാത്രമായിരുന്നു.

"മാഷേ, ഫോര്‍മാലിറ്റികള്‍ ഒരുപാടുണ്ട്‌, ഞാന്‍ പരമാവധി ട്രൈ ചെയ്യുന്നുണ്ട്‌".

അത്ര സുഖായില്യ എന്റെ വാക്കുകള്‍ എന്ന്‌ പ്രസന്നമല്ലാത്ത ആ മുഖത്തുനിന്ന്‌ ഞാന്‍ വായിച്ചു. പിന്നീടും പല ദിവസങ്ങളിലും മാഷ്‌ എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

ഒരുദിവസം പരോള്‍ പാസ്സായതായി മെമൊ വന്നു. മാഷ്‌ടെ ട്രേഡ്‌ മാര്‍ക്കായ ഹസ്തദാനമാണ്‌ അതറിയിച്ചപ്പോള്‍ എനിക്ക്‌ പ്രതിഫലം കിട്ടിയത്‌. ഏറ്റവും അടുപ്പമുള്ളവര്‍ക്ക്‌ ഏറ്റവും സന്തോഷമുള്ളപ്പോള്‍ മാത്രം നല്‍കാറുള്ളതാണ്‌ ഈ ഊഷ്മളമായ കൈനീട്ടം. അന്നു വന്ന വീക്‌ലി മേശപ്പുറത്തു കിടക്കുന്നത്‌ കണ്ടപ്പോള്‍ മാഷ്‌ അതു വേഗം എടുത്തു. ഉള്ളടക്കം വായിച്ചപ്പോള്‍ തന്നെ മാഷ്‌ടെ മുഖത്തുനിന്നും ഞാനൂഹിച്ചു ശാന്തിയുടെ ഏതോ ആര്‍ട്ടിക്കിള്‍ അതില്‍ ഉണ്ടായിരിക്കുമെന്ന്‌.

"രാജൂ, ഇത്തവണയും അവളുടെ ഒരു കഥയുണ്ട്‌ കെട്ടോ " പേരെടുത്ത്‌ വിളിച്ചപ്പോള്‍ എനിക്ക്‌ പഴയ ക്ലാസ്സ്‌മുറിയിലേക്ക്‌ പോയ പോലെ തോന്നി.

ഇടനാഴിയുടെ അറ്റത്ത്‌ ജനലിനടുത്തു പോയിരുന്ന്‌ മാഷ്‌ ആര്‍ത്തിയോടെ വായന തുടങ്ങി. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്റെ ചൂണ്ടുവിരലില്‍ തൂങ്ങി, തിരയടിച്ചു നനഞ്ഞ മണലില്‍ കൂടി നടക്കുന്ന ശാന്തിയുടെ നിരന്തരമായ ചോദ്യങ്ങള്‍. അവള്‍ക്ക്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആകെയുണ്ടായിരുന്നത്‌ താന്‍ മാത്രമായിരുന്നു. ഓരോന്നിനും തന്റെ കൃത്യമായ ഉത്തരങ്ങള്‍ അവള്‍ക്ക്‌ പൂര്‍ണ തൃപ്തിയായിരുന്നു. സ്വപ്നങ്ങളുടെ നിറച്ചാര്‍ത്തില്‍ മാഷ്‌ടെ മുഖം കൂടുതല്‍ പ്രകാശിച്ചു.

മാതൃഭൂമി ഓണപ്പതിപ്പ്‌
ഒറ്റപ്പെട്ടവളുടെ ആകാശം (ചെറുകഥ)
രചന: ശാന്തി


ഞാന്‍ ഒറ്റപ്പെട്ടവള്‍, എനിക്കിവിടെ സ്വന്തമായി ആകാശം മാത്രം, അതും നിറമില്ലാത്തത്‌. ഞാന്‍ മാഷെ വെറുക്കുന്നു. മാഷ്‌ എന്റെ അഛനാണ്‌. എല്ലാവരും വിളിക്കുന്നത്‌ കേട്ട്‌ കേട്ട്‌ ഞാനും അഛനെ മാഷേ എന്നാണ്‌ വിളിച്ചിരുന്നത്‌. എന്റെ സ്വപ്നങ്ങളുടെ നിറവും സൗരഭ്യവും മാഷുടെ സ്നേഹം മാത്രമായിരുന്നു. ഞങ്ങളുടെ കുടുംബം ഞങ്ങള്‍ രണ്ടാളിലൊതുങ്ങി. മോഡേണ്‍ ഫിസിക്സ്‌ പഠിപ്പിച്ചിരുന്ന അഛനെക്കൊണ്ട്‌ എംഎ ഫൈനല്‍ ക്ലാസ്സിലെ കുട്ടികള്‍ ഫിലോസഫി ക്ലാസ്സുകള്‍ എടുപ്പിച്ചിരുന്നു. സൊസൈറ്റിയിലെ ഓരോ ചെറിയ അനീതികള്‍ക്കു നേരെപ്പോലും അദ്ദേഹം വളരെ തീക്ഷ്ണമായി പ്രതികരിച്ചു. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴേ എന്റെ ഒരേയൊരു സ്വപ്നം മാഷുടെ ഫിലൊസഫി ക്ലാസ്സില്‍ ഒരു തവണയെങ്കിലും ഇരിക്കണമെന്നതായിരുന്നു. നെറികേടുകള്‍ക്കുനേരെയുള്ള അദ്ദേഹത്തിന്റെ കടുത്ത പ്രതികരണങ്ങള്‍ കുറച്ചെങ്കിലും ശത്രുക്കളെ ഉണ്ടാക്കിയെടുത്തു. എന്റെ കൗമാര കൗതുകങ്ങളില്‍ എനിക്കതെല്ലാം ഹരമായിരുന്നു. ഞാന്‍ ഇങ്ങനെയൊരഛന്റെ മകളായിപ്പിറന്നതില്‍ ഊറ്റം കൊണ്ടു. പക്ഷേ പതുക്കെ ഞാനറിയുകയായിരുന്നു, ആര്‍ത്തുപെയ്തേക്കാവുന്ന ആസുരതകളില്‍ പൊട്ടിയകന്നേക്കാവുന്ന, ജീവിത സ്വപ്നങ്ങളുടെ നനുത്ത നൂലിഴകള്‍. ഈ ആകുലത പലപ്പോഴും മാഷുമായുള്ള സംവാദങ്ങള്‍ക്ക്‌ വഴിയൊരുക്കി.

"മാഷേ, വ്യക്തിപരമായ കടമകളാണോ, സമൂഹത്തോട്‌ വ്യക്തിക്കുള്ള കടമകളാണോ, ഏതാണ്‌ കൂടുതല്‍ പ്രധാനം?"

"അനേകം വ്യക്തികളുടെ സഞ്ചയമായ സമൂഹത്തിനു തന്നെയാവണം ഫസ്റ്റ്‌ പ്രിഫറന്‍സ്‌"

"അപ്പോ എന്റെ കാര്യം പോക്കാ അല്ലേ മാഷേ...?!"

"നിന്റെ ചോദ്യം കേട്ടപ്പോളേ എനിക്കു മനസ്സിലായി നിന്റെ വിഷമം. നിന്നോടുള്ള കടമകളും കടപ്പാടുകളും മറന്ന്‌ ഞാന്‍ സ്വയം ഹോമിക്കുകയില്ല. നിന്റെ വേവലാതി എനിക്കു മനസ്സിലാക്കാം. നിന്റെ ആകാശം ഞാനാണെന്നും ഞാനറിയുന്നു."

സ്വസ്ഥതയുടേയും സമാധാനത്തിന്റേയും ഒരു നനുത്ത പുതപ്പ്‌ എന്നെ പൊതിയുന്നത്‌ ഞാനറിഞ്ഞു. ഞാന്‍ മാഷുടെ വിരലുകളില്‍ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. എങ്കിലും എനിക്കറിയാമായിരുന്നു ഈ സൗമ്യതയുടെ തലോടല്‍ താല്‍ക്കാലികം മാത്രമെന്ന്‌. മാഷുടെ സമൂഹത്തിലെ ഇടപെടലുകള്‍ക്ക്‌ തീവ്രതയേറി. ഞാനൊറ്റപ്പെടുന്നത്‌ മാഷറിഞ്ഞില്ല. കടുത്ത തീവ്രവാദത്തിന്റെ എരിതീയിലേക്ക്‌ സ്വയം ബലിയാടാവാനായി മാഷ്‌ തീരുമാനമെടുത്തപ്പോള്‍ (?) ആ മനസ്സില്‍ ഈ കുഞ്ഞു മുഖം ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല.

പിന്നെ എന്റെ ആകാശത്തിന്‌ വര്‍ണ്ണങ്ങളും വെളിച്ചങ്ങളും അന്യമായിത്തുടങ്ങി. ഒറ്റപ്പെട്ട, ആരുമില്ലാത്ത ഒരു വെറും പെണ്ണിനെ, മാഷ്‌ നേരെയാക്കാന്‍ ശ്രമിച്ച സമൂഹം അതിന്റെ കൂര്‍ത്ത നഖങ്ങളില്‍ കോര്‍ത്ത്‌, സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി എവിടെയോ എറിഞ്ഞുടച്ചു. ഇത്‌ മാഷ്‌ അറിയാത്ത കഥ.

ഒറ്റപ്പെട്ടവള്‍ ഞാന്‍, നിറമില്ലാത്ത ആകാശം മാത്രമുള്ളവള്‍.

.................

മാഷ്‌, സെല്ലില്‍ വെറുതെ മുറ്റത്തുള്ള ചെടികളെ നോക്കിയിരുന്നു. വര്‍ണ്ണപ്പൂക്കളെല്ലാം വാടിയും കരിഞ്ഞും കൊഴിഞ്ഞിരുന്നു.

Monday, September 18, 2006

വാക്കത്തിപ്രണയം...!

കത്തിപ്പിടിച്ച പ്രണയം എന്നൊക്കെ കേട്ടിട്ടുണ്ട്‌, എന്നാലും വാക്കത്തി പിടിച്ച പ്രണയം എന്നത്‌ വേലായുധന്‌ മാത്രം അവകാശപ്പെടാനുള്ളതാണ്‌. സംഭവം നടക്കുന്നത്‌ (കഥയുടെ അവസാനമാവുമ്പോള്‍ പറക്കുന്നത്‌ എന്ന്‌ തിരുത്തിവായിക്കാനപേക്ഷ) തൊണ്ണൂറുകളില്‍. നായകന്‍ പത്തില്‍ പയറ്റുന്നു. പത്തുവരെ ടിയാന്‍ ഒരു കുരുക്കിലും പെടാതെ സൂക്ഷിച്ചിരുന്നതിനാല്‍ മുഖാരവിന്ദത്തിന്‌ വല്യ കോട്ടം പറ്റിയിട്ടില്ലായിരുന്നു. പത്തിലെത്തിയതു മുതലാണ്‌ സൂക്കേട്‌ കുറേശ്ശെ തുടങ്ങിയത്‌. മലയാളം ക്ലാസ്സില്‍ ദാമോദരന്‍ മാഷ്‌ "ശുഭസ്യ ശീഖ്രം" എന്നതിന്റെ അര്‍ഥം വിശദീകരിച്ചപ്പോള്‍ പിന്നെ വേലായുധന്‍ ഒന്നും നിരീചില്യ, ഒന്നും കല്‍പിച്ച്‌ (പിന്നീട്‌ കുറച്ച്‌ വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ്‌ "രണ്ടും കല്‍പിച്ച്‌" എന്നത്‌ പ്രയോഗത്തില്‍ വന്ന്‌ തുടങ്ങിയത്‌) ഗോദയിലിറങ്ങി.

330 മില്യണ്‍ ദൈവങ്ങളില്‍ പ്രേമലോലുപനും എറ്റവും ജനകീയനുമായിരുന്നത്‌ കൃഷ്ണനായിരുന്നതുകൊണ്ട്‌ ടിയാന്റെയും ഇഷ്ടദൈവം കൃഷ്ണേട്ടന്‍ തന്നെയായിരുന്നു. പേര്‌ വേലായുധന്‍ എന്നാണെങ്കിലും ആളു നമ്പൂര്യാണെയ്‌. വേലായുധന്‍ നമ്പൂരി എന്ന പേര്‌, ഉണ്ണിയേട്ടന്‍ ബാറ്ററിയിട്ടു വാറ്റിയ പട്ടയില്‍ ഈന്തപ്പഴം ഇട്ടു കഴിക്കുന്നപോലെ, ഒരു പൊരുത്തക്കേടുണ്ടെന്നറിയാം. തല്‍ക്കാലം നമുക്ക്‌ പേരു വിട്ട്‌ പ്രണയത്തിലേക്ക്‌ വരാം. ഭോജനം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായിട്ടെടുത്തിരിക്കുന്ന വേലവനും കിട്ടി ഒരു ഭാജനം. അതേ, നായികയുടെ പേര്‌ ക്ലാര. നല്ല ചേര്‍ച്ച. നമ്പൂരിക്ക്‌ പ്രേമിക്കാന്‍ കിട്ടിയതേ കിളിപോലത്തെ ഒരു കൃസ്ത്യാനി കുട്ടി. പ്രേമം എന്തായാലും വണ്‍വേ അല്ലായിരുന്നു എന്നതില്‍ നിന്നും നായകന്‍ മണുക്കൂസന്‍ ഉണ്ണ്യമ്പൂര്യയിരുന്നില്ല എന്നു വ്യക്തം. കൂടെപയറ്റുന്ന രാജീവന്റെയും ജോര്‍ജ്ജിന്റെയുമൊക്കെ പ്രേമശില്‍പശാലകളില്‍ പങ്കെടുത്തപ്പോള്‍ ഇനി ലേഖനമെഴുതിയാലേ തന്റെ പ്രേമത്തിന്‌ ഭാവിയുള്ളു എന്നു ഉണ്ണ്യമ്പൂരിക്കുറപ്പായി. മുഖശ്രീകൊണ്ട്‌ കപിസമാനനായ കക്ഷി ഉടന്‍ കവിയായി രൂപാന്തരം പ്രാപിച്ചു തുടങ്ങിനാന്‍ കേകയിലും കാകളിയിലും കത്തിക്കല്‍.

കുങ്കുമം വാരികയായിരുന്നു തല്‍ക്കാലം ഹംസത്തിന്റെ റോളില്‍. കുലയിടത്തേക്കു പോകുന്ന റോഡരികിലായിരുന്നു കുമാരി ക്ലാര കുടില്‍കെട്ടി പാര്‍ത്തിരുന്നത്‌. പൂര്‍വകപിയായ ജാംബവാന്‍ ഉപയോഗിച്ചു പഴകി തലമുറകളായി കൈമാറിവന്ന്‌ നായകകപിക്ക്‌ ഉടമസ്ഥാവകാശം ലഭിച്ച റാലി സൈക്കിളേറിയായിരുന്നു നമ്പൂര്യാരുടെ തിരുവിളയാടല്‍. അങ്ങിനെ അങ്ങോട്ട്‌ കുങ്കുമവും ഇങ്ങോട്ട്‌ മംഗളവുമായി പ്രേമലേഖനങ്ങള്‍ അവര്‍ക്കിടയിലഴിഞ്ഞാടി.

ഒരു ദിവസം താന്‍ കുങ്കുമം നീട്ടിയിട്ടും അവള്‍ വാങ്ങുന്നില്ല. അത്‌ ആദ്യത്തെ അനുഭവമായിരുന്നു. "സൂര്യനെത്ര അകലെയാണെങ്കിലും താമര വിടരാതിരിക്കുമോ" എന്നൊക്കെ മഹാകാവ്യങ്ങളെഴുതി മംഗളത്തിലാക്കിത്തന്ന്‌ തന്നെ പാട്ടിലാക്കിയിട്ട്‌ ഇപ്പോള്‍ മുഖം തിരിക്കുന്നോ. ശില്‍പശാലയില്‍ പഠിച്ച ഗൂഢതന്ത്രങ്ങള്‍ ഒക്കെ പുറത്തെടുത്തെങ്കിലും ആലുവയില്‍ വച്ചു നടക്കുന്ന ഒരാഘോഷത്തിന്‌ കണ്ട പരിചയം പോലും കാണിച്ചില്ല ക്രൂരക്ലാര.

പിറ്റേന്ന്‌ ജോര്‍ജിനെ കണ്ടപ്പോള്‍ അവനെന്നെ ഒരന്യഗ്രഹ ജീവിയെപ്പോലെ നോക്കി.
"മോനേ വേലായുധാ, വീണ്ടും തമ്മില്‍ കാണാന്‍ പറ്റുമെന്ന്‌ ഒരിക്കലും കരുതിയതല്ലെടാ, ഇന്നലെ ഞാന്‍ ബസ്സില്‍ ചാലക്കുടിക്കു പോകുമ്പോഴാണ്‌ നീയവളുടെ പുറകെ സൈക്കിളുരുട്ടുന്ന കണ്ടത്‌. വഴിയുടെ മറ്റേ സൈഡില്‍ക്കൂടി പോകുന്നുണ്ടായിരുന്ന വര്‍ഗ്ഗീസിനെ നീ കണ്ടില്ലായിരുന്നു എന്നെനിക്കു ഉറപ്പായി നിന്റെ പ്രകടനം കണ്ടപ്പോള്‍. ആളെ നിനക്കറിയില്ല അല്ലെ, നല്ല വട്ടാ കക്ഷിക്ക്‌, എപ്പൊഴും ഒരു വാക്കത്തിയുണ്ടാവും കയ്യില്‍. ഇന്നെന്തായാലും സ്കൂളിന്‌ അവധികിട്ടുമെന്നാ ഞാന്‍ കരുതിയെ."

ഞാന്‍ ഒന്നു കിടുങ്ങി. കൃഷ്ണാ... ആശ്രിതവല്‍സലാ... പരീക്ഷണമരുതേ... വെട്ടേറ്റ്‌ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു എന്ന വാര്‍ത്തയുമായി മാതൃഭൂമി പത്രം എന്റെ രണ്ടുദിവസത്തെ ഉറക്കം കെടുത്തി. കാലം മാറ്റാത്ത മുറിവുകളില്ലല്ലൊ. ഒരാഴ്ചത്തേക്ക്‌ വേലവന്‍ റൂട്ടുമാറ്റി. ലേഖനപരമ്പരകളെല്ലാം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു.

പക്ഷേ സമാധാനത്തിന്റെ നാളുകള്‍ അധികം നീണ്ടില്ല. അമ്മയുടെ അലറല്‍ കേട്ടാണ്‌ പുതുലേഖനമെഴുത്തില്‍ നിന്നും കക്ഷി ചാടിയെഴുന്നേറ്റത്‌.

"ഡാ, രാഘവന്റെ കടയില്‍ നിന്നും കുറച്ച്‌ അരി വാങ്ങിയിട്ടു വാടാ."

പെട്ടു, വര്‍ഗ്ഗീസ്‌ വിലസുന്ന ആ റോഡില്‍ തന്നെയാണ്‌ രാഘവന്റെ കട. മരണവുമായി മുഖാമുഖം കലാപരിപാടിക്ക്‌ തല്‍ക്കാലം വേലായുധന്‍ തയ്യാറല്ലായിരുന്നു.

"അമ്മേ, എന്തോരാ പഠിക്കാന്‍ കെടക്കണേന്നറിയോ.. അപ്പഴാ അരി വാങ്ങല്‍"

"ഡാ..... " അടുത്ത അലറല്‍ ചേട്ടന്റെ വകയായിരുന്നു.

ചെവിക്കുറ്റിയുടെ അസ്തിത്വം അവതാളത്തിലായെങ്കിലോ എന്നു ഭയന്ന്‌ സഞ്ചിയെടുത്താന്‍, സൈക്കിളേറി പറന്താന്‍ നമ്മ വടിവേലു.ആനയുടെ സ്വപ്നം കാണരുത്‌ എന്ന്‌ വിചാരിച്ച്‌ കിടന്നാല്‍ ആന കുത്തിക്കൊല്ലുന്ന സ്വപ്നം മാത്രേ കാണു. വട്ടന്‍ വര്‍ക്കിയേട്ടനെ കാണല്ലേ എന്ന ആത്മഗതം പ്രാര്‍ത്ഥന ഇടക്ക്‌ വഴിയേ പോകുന്നവര്‍ക്കും കേള്‍ക്കാമായിരുന്നു.

ഹായ്‌.. സന്തോഷായി.. ദാ വരണൂ ഭാവി അളിയന്‍. നമ്പൂരി കര്‍ത്താവിനെ വിളിച്ചു കേണു. സെന്റ്‌ജോര്‍ജ്‌ പുണ്യാളന്‌ ഒരു സ്പെഷല്‍ പുഷ്പാഞ്ഞ്‌ജലി നേര്‍ന്നു. ഹേയ്‌, ഒന്നും സംഭവിക്കില്ല എന്ന്‌ ഉറപ്പിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും റാലി ഒരു ലക്കും ലഗാനുമില്ലാതെയാണ്‌ പറന്നത്‌. ഒരു വിധത്തില്‍ അളിയനേയും പിന്നിട്ട്‌ വേലു മുന്നോട്ട്‌ കുതിക്കവേ.......

"ഡാാാാാാാ.... നിക്കടാ അവിടെ...."

കഴിഞ്ഞു, എല്ലാം കഴിഞ്ഞു. നാളെ ആര്‍ക്കും സ്കൂളില്‍ പോകണ്ട, മുടക്കായിരിക്കും. മാവു വെട്ടാന്‍ അയ്യപ്പനോടു പറയാം.

"നീയ്യല്ലേടാ ക്ലാരേടെ ക്ലാസ്സില്‍ പടിക്കണ നമ്പൂരി...?"

കൃഷ്ണാ, അപ്പോ എല്ലാം അറിഞ്ഞിട്ടു തന്നെയാണ്‌. അല്ല എന്ന്‌ പറയാനാണ്‌ തോന്നിയതെങ്കിലും എന്തോ ഒരു വികൃതശബ്ദം മാത്രമേ പുറത്തുവന്നുള്ളു. നിര്‍ണ്ണായകഘട്ടങ്ങളില്‍ നമ്പൂര്യാര്‍ക്കു സ്ഥിരം കൂടപ്പിറപ്പായ വങ്കത്തരം വേലുവിനും കൂട്ടിനുവന്നു. കക്ഷി സൈക്കിള്‍ മുന്നോട്ട്‌ ഒറ്റച്ചവിട്ടാണ്‌ ജീവനെടുത്ത്‌ കയ്യില്‍ പിടിച്ചോണ്ട്‌. ദൈവമേ, ചതിച്ചോ, റാലി നീങ്ങുന്നില്ലല്ലോ. കശ്മലന്‍ പുറകില്‍ പിടിമുറുക്കിയിരിക്കുകയാണ്‌. "മരണം വാതില്‍ക്കലൊരുനാള്‍ കത്തിയുമായ്‌ വന്നു നില്‍ക്കുമ്പോള്‍..." വേലായുധന്‍ കഴുത്തു കുനിച്ചു വര്‍ക്കിയേട്ടനു വെട്ടാന്‍ അസൗകര്യമൊന്നുമുണ്ടാക്കാതെ ഒതുങ്ങി നിന്നു.

"ഇതും കൂടി കൊണ്ടുപോടാ... ന്റെ പെങ്ങള്‌ തന്നതാ ഈ പുസ്തകം, നിനക്ക്‌ തരാന്‍ പറഞ്ഞ്‌"

വട്ടന്‍ വര്‍ക്കിയുടെ ഇടതുകയ്യില്‍ വാക്കത്തിയും വലതു കയ്യില്‍ ഒരു മംഗളവുമായിരുന്നു. വാരികയുമായി പറപറന്ന വേലായുധന്റെ ലേഖനവേലകളിലെ ഉപമയും ഉല്‍പ്രേക്ഷയും അതോടെ അടിച്ചുപിരിഞ്ഞതായാണ്‌ ആധികാരികമായിക്കിട്ടിയ അറിവ്‌. ടാറിട്ട റോഡില്‍ പുല്ലുമുളയ്ക്കുന്നത്‌ അന്ന്‌ പ്രചാരത്തിലില്ലാതിരുന്നതിനാല്‍, വേലായുധന്‍ പോയ വഴിയേ പുല്ലു കിളിര്‍ത്തിട്ടില്ലെന്ന്‌ ചരിത്രപുസ്തകങ്ങള്‍ അടിവരയിടുന്നു.

Saturday, September 16, 2006

അടിപൊളി ചരക്ക്‌

വായും പൊളിച്ച്‌, കണ്ണും തുറിച്ച്‌ എന്ന ക്ലീഷെ പ്രയോഗവുമായി ചരക്കിനെ ഒന്നു കണ്‍പാര്‍ക്കാന്‍ കുത്തിത്തിരക്കി ഇതില്‍ കയറിക്കൂടിയ പ്രിയബൂലോഗരേ.... പൊതുമാപ്പ്‌. ദ്‌ ജ്ജ്‌ ബിചാരിച്ച ചരക്കല്ല... ഉരുളി, വാര്‍പ്പ്‌ എന്നീ പര്യായപദങ്ങളാല്‍ അറിയപ്പെടുന്ന ചരക്കാണിത്‌ (വലിയ ഓട്ടുരുളിക്ക്‌ ചരക്ക്‌ എന്നും പറയും). ഖത്തറിലെ Friends of Thrissur ഓണസദ്യക്കായി നാട്ടില്‍ നിന്നും വരുത്തിയതാണ്‌ ഇത്‌. ചരക്കിന്റെ കത്തിക്കല്‍ തുടങ്ങിയത്‌ പായസോത്തമന്‍ പാലടയുമായി.







എന്തൂട്ടാ പറേണെ, ഞങ്ങള്‌ ഖത്തറിലെ തൃശ്ശൂരുകാര്‌ Friends of Thrissur ഞങ്ങള്‍ടെ ഓണം പൂശീത്‌ കണ്ടോളോ....







പൂക്കുല ചൂടിയ നിറപറയൊരുങ്ങി.......








യുദ്ധത്തിനു മുന്‍പുള്ള കനത്ത നിശ്ശബ്ദത...... (64 തരം കറികളും 8 കൂട്ടം പായസവും നാലുതരം ചോറും എന്നൊക്കെ പറഞ്ഞാല്‍ നിങ്ങളു വിശ്വസിക്കില്ല....!!)






ആാാാാാാാക്രമണ്‍..............








കക്ഷി ഒരു ഫ്രീ വിസ തരപ്പെടുത്തി ഇവിടെയും എത്തിനോക്കി കെട്ടൊ....








മുഷിപ്പിച്ചതിനു സ്വാറികള്‍......

Monday, September 11, 2006

വേലായുധന്റെ വെക്കേഷന്‍

ആദ്യത്തെ ദിവസം ഒന്ന്‌, രണ്ടാമത്തെ ദിവസം രണ്ട്‌, മൂന്നാം ദിവസം നാല്‌, പിന്നെ എട്ട്‌, പതിനാറ്‌ ഇങ്ങനെ എണ്ണം പറയുന്ന കേട്ടപ്പോള്‍ ഒരു പിരമിഡിന്റെ രൂപമാണ്‌ മനസ്സിലാദ്യം വന്നത്‌. എവനോടാരോ ബദാം കഴിക്കാന്‍ പറഞ്ഞതാണത്രെ ഈ കണക്കൊപ്പിച്ച്‌. സംഗതി വേറൊന്നുമല്ല വേലായുധന്‍ വെക്കേഷനു പോകുന്നു. ഏതോ പ്രിയസുഹൃത്ത്‌ ഉപദേശിച്ചതാണ്‌ സര്‍വ്വാരോഗ്യപൂര്‍ണമായ വെക്കേഷനുവേണ്ടി ബദാംസേവ. ഗള്‍ഫുകാര്‍ വെക്കേഷനു പോകുമ്പോള്‍ പ്രത്യേകിച്ച്‌ ആദ്യത്തെ വെക്കേഷന്‌ ഇങ്ങനെ ചില ചടങ്ങുകള്‍ നിര്‍ബ്ബന്ധമായിട്ടും പാലിച്ചിരിക്കണമത്രേ. ദൈവമേ എന്തെങ്കിലും കാരണവശാല്‍ ഈ വേല ആയുധമാക്കിയവന്റെ വെക്കേഷന്‍ ഒരു രണ്ടാഴ്ച നീണ്ടുപോയാല്‍ ബദാമിന്റെ കണ്ടൈനറുകള്‍ തന്നെ ഖത്തറില്‍ ഇറക്കേണ്ടിവരുമല്ലൊ എന്നോര്‍ത്തു ഞാന്‍ ഒരുനിമിഷം മൗനപ്രാര്‍ത്ഥന നടത്തി.

വേലായുധനെക്കുറിച്ച്‌ അല്‍പം: പേര്‌ വേല്‍മുരുകന്റെയാണെങ്കിലും ആളൊരു അയ്യപ്പഭക്തനാണ്‌. ഖത്തറിലെത്തുന്നതുവരെ എല്ലാ വര്‍ഷവും നാല്‍പ്പത്തൊന്നു ദിവസം വ്രതമെടുത്ത്‌ മലക്കുപോയിക്കൊണ്ടിരുന്നതാണ്‌. ഇപ്പോള്‍ കക്ഷിയുടെ ആദ്യത്തെ വെക്കേഷന്‍ മണ്ഡലക്കാലത്തായി എന്നത്‌ വെറും യാദൃശ്ചികമാണേ! അല്ലാതെ വ്രതമെടുത്ത്‌ ഇത്തവണയും മലയ്ക്കുപോകുക എന്നത്‌ വേലായുധന്റെ ലക്ഷ്യമല്ല. കാരണം കല്യാണം കഴിഞ്ഞ്‌ മൂന്നുമാസമാവുന്നതിനു മുന്നേ തന്നെ പുഷ്പകവിമാനം കയറിയതുകൊണ്ട്‌ തന്നെക്കാത്തിരിക്കുന്ന വാമഭാകം സുശീലയുടെ മുഖമാണ്‌ മനസ്സിലെപ്പോഴും.

കഴിഞ്ഞയാഴ്ചയാണെന്നുതോന്നുന്നു ഒരു ദിവസം വൈകീട്ടു വന്നപ്പോള്‍,

"ഡാ മനാഫെ, ഞങ്ങളുടെ പ്രൊജക്റ്റ്‌ തീരാന്‍ പോണു ഈ മാസാവസാനം. പുതിയ പ്രൊജക്റ്റിലേക്കു ചാടുന്നതിനു മുന്നേ ഒരു എമര്‍ജന്‍സി ലീവിനു പോയാലോന്നാലൊചിക്കുവാണ്‌".

"അതിനു നീ വന്നിട്ട്‌ ഒരു വര്‍ഷം ആയതല്ലേയുള്ളു, അപ്പോഴേക്കും കയ്യീന്ന്‌ ടിക്കറ്റ്‌ ഒക്കെ എടുത്ത്‌ ഒരു യാത്ര ഇപ്പൊ വേണൊ?"

"ഏയ്‌ അതു ശരിയാവില്ല, പോകാണ്ടു പറ്റില്ല്യ, ഇപ്പൊത്തന്നെ വൈകി, സുശീലയെക്കാണാണ്ടു പറ്റണില്ല്യ."

അങ്ങിനെയാണ്‌ കക്ഷി ലീവിനായി തയ്യാറെടുക്കുന്നത്‌. ലീവിനു പോണൂന്നു പറഞ്ഞപ്പൊ തുടങ്ങിയതാണ്‌ ഉണ്ണിയുടെ ഉപദേശം ബദാം കഴിക്കണം, ഈന്തപ്പഴം കഴിക്കണം, തേന്‍ കഴിക്കണം, മുരിങ്ങക്കായ സാമ്പാര്‍ കൂട്ടണം തുടങ്ങി ഒരു നീണ്ട ലിസ്റ്റ്‌. വേലായുധന്‍ ആളു മിടുക്കനാണ്‌, ആരെന്തുപറഞ്ഞാലും അതുപോലെയൊക്കെ ചെയ്തോളും. രാവിലെതന്നെ ഇന്ത്യന്‍ കോഫി ഹൗസിലെ രാജാപ്പാര്‍ട്ട്‌ സപ്ലയര്‍മാരെപ്പോലെ ഒരു പ്ലേറ്റില്‍ ഒരു ബദാംകൂനയും കുറെ ഈന്തപ്പഴം കുതിര്‍ത്തിയതും ബ്രെഡ്ഡും ജാമും ആപ്പിളും പാലില്‍ തേനൊഴിച്ചതും ഒക്കെ കൊണ്ടു വന്നു കഴിക്കാനിരിക്കുന്ന കണ്ടപ്പോള്‍ ഇതിന്റെയെല്ലാം ഭാവിഫലം അനുഭവിക്കാന്‍പോകുന്ന സുശീലയുടെ ദൈന്യമായ മുഖം മനസ്സില്‍ കണ്ടു.

"ഡാ വേലാ, നിയ്യ്‌ നിന്റെ അച്ച്യോട്‌ പറഞ്ഞട്ട്‌ണ്ടാ ജ്ജ്‌ കെട്ടിയൊരുങ്ങി ബര്‌ണ്‌ണ്ട്‌ന്ന്‌?"

"മനാഫെ, അതൊരു സസ്പെന്‍സാണ്‌ കെട്ടോ. ഇപ്പൊ ഞാന്‍ ചെല്ലുമെന്ന്‌ അവള്‍ക്ക്‌ യാതൊരു പ്രതീക്ഷയും ഉണ്ടാവില്ല, അറിയാണ്ടുചെന്നാ അതൊരു ഭയങ്കര ത്രില്ലായിരിക്കും."

"എന്നാലും പറയണതാടാ നല്ലത്‌"

"ഹേയ്‌, ഞാന്‍ പറയണില്ല്യ, ഈ ത്രില്ലു കളയണ്ട."

എന്നാ അവനങ്ങട്‌ ത്രില്ലട്ടേന്നു വച്ച്‌ ഞാന്‍ പതുക്കെ വലിഞ്ഞു. ഓരോ ദിവസവും കഴിയുന്നതിനനുസരിച്ച്‌ വേലായുധന്‍ കൂടുതല്‍ കൂടുതല്‍ ബദാമും ഇതര ഭോജ്യങ്ങളും അകത്താക്കുന്നത്‌ തുടര്‍ന്നുകൊണ്ടേയിരുന്നു. ബദാം കൃഷിചെയ്യുന്ന രാജ്യങ്ങളെല്ലാം തന്നെ ഉല്‍പാദനം ഇരട്ടിപ്പിക്കാന്‍ കര്‍ഷകര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഖത്തറില്‍ ഷൈഖ്‌ അല്‍താനി അടിയന്തിരയോഗം വിളിച്ചുചേര്‍ത്ത്‌ ഈന്തപ്പഴത്തിന്റെ അധികലഭ്യതയെക്കുറിച്ച്‌ വിശകലനം നടത്തി.

"സുശീലേ, നിന്റെ കാന്തന്‍ എന്നാ വരുന്നേ?"

"നിനക്കു വേറൊന്നും ചോദിക്കാനില്ലേ? ഇനിയും ഒരു കൊല്ലം ഞനെങ്ങിനെ തീര്‍ക്കുമെന്ന്‌ എനിക്ക്‌ തന്നെ ഒരു പിടിയുമില്ല, ആകെ മൂന്നുമാസമാണ്‌ കൂടെ കഴിഞ്ഞത്‌."

"എടീ, ഞാന്‍ നാളെ മുതല്‍ ഒരു വ്രതം തുടങ്ങാന്‍ പോകുവാണ്‌. ഭര്‍ത്താവിന്റെ സര്‍വൈശ്വര്യത്തിനു വേണ്ടിയാണ്‌. ഇരുപത്തൊന്നുദിവസം ലളിതാസഹസ്രനാമം ചൊല്ലി രാവിലെയും വൈകീട്ടും ചന്ത്രോത്ത്‌ ദേവിയെ പ്രദക്ഷിണം വയ്ക്കണം. പക്ഷേ ഒരു പഥ്യമുണ്ട്‌. കെട്ട്യോന്റെ കൂടെക്കിടക്കാന്‍ പാടില്ല ഇത്രേം ദിവസം. നിന്റെ ആള്‌ ഇപ്പളെങ്ങും വരാത്ത കാരണം നെനക്കൊരു പ്രശ്നോമില്ല. എനിക്ക്‌ രാജേട്ടനെ 21 ദിവസം മാറ്റിനിര്‍ത്തണമെങ്കില്‍ ഒരു യുദ്ധം തന്നെ വേണ്ടി വരും."

"മോളേ ഞാനും ഉണ്ട്‌ നിന്റെ കൂടെ, ഞാന്‍ ഇന്നലെ വിളിച്ചപ്പോളും കൂടി പറഞ്ഞു അടുത്ത കൊല്ലമേ വരൂന്ന്‌, ഒരാഴ്ചക്കുള്ളില്‍ എന്തോ സസ്പെന്‍സ്‌ ഉണ്ടെന്നും പറഞ്ഞു. നാളെ ഞാനും എന്തായാലും നിന്റെ കൂടെ വരാം."

അങ്ങിനെ കഥയുടെ ഏകദേശം പകുതിയിലധികം കഴിഞ്ഞുകെട്ടോ. ടണ്‍ കണക്കിന്‌ ബദാമും ഈന്തപ്പഴവും മുരിഞ്ചക്കായ്‌ സാമ്പാറും സാപ്പിട്ട്‌ മണലാരണ്യത്തില്‍ വാണരുളുന്ന, ഫ്ലൈറ്റേറാന്‍ വെമ്പി നില്‍ക്കുന്ന സാക്ഷാല്‍ വേലവനും, മിന്നുകെട്ടിയവന്റെ സര്‍വൈശ്വര്യത്തിനു 21 ദിവസം വ്രതവുമായി സല്‍ഗുണസമ്പന്നയായ സുശീലയും. സംഭവബഹുലവും ചടുലവുമായ കഥാന്ത്യത്തിലേക്ക്‌......

ഖത്തര്‍ എയര്‍വെയ്സിന്റെ ഊഷ്മളമായ ആതിത്ഥ്യം ആസ്വദിക്കാനുള്ള മാനസികാവസ്ഥ വേലവനുണ്ടായിരുന്നില്ല. കക്ഷി പറന്നുപറന്ന്‌ സുശീലയുടെയടുത്തെത്തിക്കഴിഞ്ഞിരുന്നു. വേലായുധന്‍ വരുന്നതു കണ്ടിട്ട്‌ സുശീല, അന്തംവിടുക കണ്ണുതള്ളുക കണ്ണീര്‍ വാര്‍ക്കുക തുടങ്ങിയ ചില പ്രാചീനകലാരൂപങ്ങളുമായി അല്‍പസമയം ചിലവഴിച്ചു. "വേലവനെക്കണ്ട അച്ചിയെപ്പോലെ" എന്നൊരു ചൊല്ലുതന്നെ പില്‍ക്കാലത്ത്‌ രൂപപ്പെട്ടതായി ഹ്യുയാന്‍സാങ്ങ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

അന്ന്‌ അമാവാസിയായിരുന്നു, മാനത്തും വേലവന്റെ മനസ്സിലും. പാതിരാത്രിക്കു നല്ലപാതിയുടെ വ്രതം മുടക്കാനായി പതിനെട്ടടവും പയറ്റി പത്തൊമ്പതാമത്തെ ഒരെണ്ണമില്ലത്തതുകൊണ്ട്‌ എന്തു ചെയ്‌വൂ എന്നു വേവലാതി പൂണ്ടുനിന്നാന്‍ വേലന്‍. വ്രതം മുടക്കിയാലുണ്ടാകുന്ന ദൈവകോപം മുഴുവന്‍ വേലേട്ടനു നേരെ വന്നാലോ എന്നായിരുന്നു സുശീലയുടെ പേടി. ബദാംതപിപ്പിക്കുമുടലുമായിരവിലുന്മാദനൃത്തംചവിട്ടിയുടച്ചൊരാ രാത്രിതന്‍ അന്ത്യയാമങ്ങളില്‍ വേലായുധന്‍ ഉറങ്ങി എന്നാണു കഥാകൃത്ത്‌ പറയുന്നത്‌ പക്ഷെ ഉറങ്ങി എന്നു വിശ്വസിക്കാന്‍ തക്ക തെളിവുകളില്ല. എന്തായാലും വളരെ വ്യക്തവും ദൃഢവുമായ തീരുമാനത്തോടെയാണു സുശീല ഉണര്‍ന്നത്‌. ആറ്റുനോറ്റ്‌ അവധിക്കുവന്ന എന്റെ പ്രിയപ്പെട്ടവനെ വിഷമിപ്പിച്ചിട്ട്‌ എനിക്കൊരു വ്രതവും വേണ്ട. ദേവി എന്നോടു പൊറുത്തോളും. ഓടിപ്പോയി കുളികഴിഞ്ഞുവന്നപ്പോഴേക്കും പുള്ളിക്കാരനിതെവിടെപ്പോയി? എന്തായാലും അമ്പലത്തില്‍ പോയി തിരിച്ചുവന്നിട്ടാകാം നഷ്ടനിമിഷങ്ങളുടെ കണക്കുതീര്‍ക്കാന്‍ എന്നു കരുതി സുശീല എന്ന പതിവ്രത.

അമ്പലമാകെ അയ്യപ്പന്മാരുടെ തിരക്കാണ്‌. ഒരു വിധത്തില്‍ ദേവിയുടെ മുന്നിലെത്തി സമസ്താപരാധം പൊറുക്കണേ എന്നു കേണ്‌ വ്രതം മുടിച്ചു തിരിച്ചുനടക്കുമ്പോള്‍ കണ്ട കാഴ്ച..... കറുത്തമുണ്ടുടുത്ത്‌ എമ്പ്രാന്തിരിയുടെ കയ്യില്‍ നിന്നും തുളസിമാല വാങ്ങി കഴുത്തിലിടുന്ന വേലായുധസ്വാമി.....!സ്വാമിയേ ശരണമയ്യപ്പ.....!!!

Tuesday, August 29, 2006

ഇടവഴി


ഇടവഴി എന്നാല്‍ എന്താ ഡാഡി?
അതോ... അത്‌ ഗ്രാമത്തിന്റെ നാഡികളാണു മോനേ.....
വാട്‌ ഡു യു മീന്‍ ബൈ ഗ്രാമം?
.... ബിയോണ്ട്‌ വേഡ്‌സ്‌....
എങ്ങന്യാ ഞാനിപ്പൊ ഇവനു ഗ്രാമം എന്താന്നു പറഞ്ഞു കൊടുക്ക്വാ?

ഇടവഴികള്‍ പെരുവഴികളാകുന്നു...
ഗ്രാമങ്ങള്‍ നഗരങ്ങള്‍ക്ക്‌ വഴിമാറുന്നു...
കൈതോലകളുടെ തണല്‍ അന്യമാവുന്നു.

പ്രണയങ്ങള്‍ പൂത്ത പുഴയോരങ്ങള്‍,
മയില്‍പ്പീലികള്‍ പെരുകുന്ന പുസ്തകത്താളുകള്‍
വക്കു പൊട്ടിയ സ്ലേറ്റിലെ
മഷിത്തണ്ടു മായ്ക്കാത്ത
ഓര്‍മ്മച്ചിത്രങ്ങള്‍
‍നിന്റെ നിങ്ങളുടെ...നഷ്ടങ്ങള്‍

മകനേ.....
ഈ ഇടവഴികള്‍
നമുക്കു കിനാവുകാണാം
ഇവിടെ ഞാനും....
നിന്നൊടൊപ്പം....

മുരളി വാളൂര്‍