ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Monday, November 13, 2006

മഴവെള്ളച്ചാലുകള്‍

ഒരു നനവ്‌ അനുഭവപ്പെടുന്നപോലെ തോന്നി വിജയന്‌. അയാള്‍ വഴിയരുകില്‍ കിടക്കുകയായിരുന്നു. മഴ കുറേശ്ശെ പെയ്യുന്നുണ്ട്‌. വെള്ളം ചാലുകളായി ഒലിച്ചുതുടങ്ങുന്നതേയുള്ളു. മദ്യം മാത്രമാണ്‌ കുറച്ചുദിവസമായി ആഹാരം. കുറച്ചുമാറിയുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലേക്ക്‌ എത്തിപ്പെടാനാവുമോ എന്നയാള്‍ വെറുതേ ശ്രമിച്ചുനോക്കി. തല പൊക്കാനാവുന്നില്ല. എത്രയായി സമയം, ഏതാണ്‌ സ്ഥലം ഒന്നുമറിയില്ല. ഇനിയൊരു തിരിച്ചുപോക്കുണ്ടാകുമോ, അതുമറിയില്ല. വിഭ്രാന്തിയുടെ നിമിഷങ്ങളിലൂടെയുള്ള ഇഴച്ചിലായിരുന്നു വിജയന്റെ. എത്രയോ നേരം മണ്ണിന്റെ മണമുള്ള മഴവെള്ളച്ചാലുകളിലലിഞ്ഞ്‌ അയാളങ്ങിനെ കിടന്നു. അടുത്തുകൂടി വേഗത്തില്‍ പാഞ്ഞുപോയ ഒരു വണ്ടി കുറേ ചെളിവെള്ളം അയാളുടെ മുഖത്ത്‌ തെറിപ്പിച്ചു.

പെട്ടെന്ന്‌ മുഖത്ത്‌ നനവ്‌ തട്ടിയിട്ടാണ്‌ അയാള്‍ ഉണര്‍ന്നത്‌. അശ്വതി മുടിയില്‍ നിന്നും തന്റെ മുഖത്തേക്ക്‌ വെള്ളം ഇറ്റിക്കുന്നു. അവള്‍ വളരെ സുന്ദരിയായിത്തോന്നി വിജയന്‌. ആ കുളിര്‍മ്മ കിനിഞ്ഞിറങ്ങുന്നത്‌ തന്റെ മനസ്സിലേക്കെന്നും.
"ഇന്നെന്താ ബാങ്കില്‍ പോകുന്നില്ലേ, ഇങ്ങനെ കിടന്നാ മതിയോ?"
പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട്‌ വെറുതേ മൂളുകമാത്രം ചെയ്തു. പിന്നെ പെട്ടെന്ന്‌ അവളുടെ സാരിയുടെ തലപ്പില്‍ പിടിച്ച്‌ ശക്തിയായി വലിച്ച്‌ കട്ടിലിലേക്കിട്ട്‌ മുറുകെ പുണര്‍ന്നു. അവള്‍ ഉടനേതന്നെ പിടയുമെന്നും, എന്റെ കൈകള്‍ വിടുവിച്ച്‌ മുഖം വീര്‍പ്പിച്ചപോലെ നില്‍ക്കുമെന്നും, വേഗം എഴുന്നേറ്റുപോയി കുളിക്കാന്‍ പറയുമെന്നും, ഞാന്‍ ദേഷ്യപ്പെട്ട്‌ തിരിഞ്ഞു കിടക്കുമ്പോള്‍ ഒരു ചെറിയ പുഞ്ചിരിയോടെ എന്റെ അടുത്തു വന്നിരിക്കുമെന്നും എനിക്കറിയാമായിരുന്നു. സ്നേഹമയിയായ ഒരു ഭാര്യ എങ്ങിനെയൊക്കെ പെരുമാറണമെന്ന്‌ അവള്‍ക്ക്‌ നല്ല നിശ്ചയമുണ്ടായിരുന്നു. ദേഷ്യം വരുമ്പോള്‍ എന്നെ അനുനയിപ്പിക്കാനും, മടിപിടിച്ചിരിക്കുന്ന എന്നെ കുത്തിപ്പൊക്കാനും അവള്‍ക്ക്‌ നല്ല പാടവമായിരുന്നു. അവളുടെ പിണക്കങ്ങള്‍ക്ക്‌ നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളു.

ഒരാഴ്ചത്തെ പത്രങ്ങള്‍ കിട്ടിയതിലൂടെ വെറുതേ കണ്ണോടിച്ചുകൊണ്ടിരിക്കുകയായിരുന്നു അശ്വതി. പലപ്പോഴും അക്ഷരങ്ങളില്‍ത്തന്നെ ഉടക്കിനില്‍ക്കുകയാവും വായന, വാക്കുകളുടേയും വരികളുടേയും അര്‍ത്ഥങ്ങളിലേക്ക്‌ അത്‌ നീളാറില്ല. ഈ സെല്ലിന്റെ തുരുമ്പിച്ച നിസ്സംഗതയുമായി രണ്ടുവര്‍ഷം. ഇനിയെത്രനാള്‍ ബാക്കിയുണ്ട്‌, കണക്കെടുക്കാറില്ല. സ്നേഹാതുരമായ പൂക്കാലത്തെ വിലങ്ങുവച്ച്‌ ഈ കയ്ക്കുന്ന ഇരുട്ടിലേക്ക്‌ വന്ന ദിനങ്ങളെ ഓര്‍മ്മയില്‍നിന്ന്‌ പറിച്ചെറിയാന്‍ എത്രയേറെ പണിപ്പെട്ടിട്ടും മനസ്സില്‍ നീറിപ്പിടിക്കുന്നു. സ്നേഹത്തിന്റെ പ്രകാശം മാത്രമുണ്ടായിരുന്ന ജീവിതത്തില്‍ നിന്നും ഈ ഇരുളിന്റെ ഒറ്റപ്പെടലിലേക്ക്‌. താനെങ്ങിനെ ഈ രണ്ടുവര്‍ഷങ്ങളെ അതിജീവിച്ചു എന്ന്‌ അശ്വതി അത്ഭുതപ്പെട്ടു.

"ഞാനെങ്ങാനും മരിച്ചുപോയാല്‍ വിജയേട്ടനെന്താ ചെയ്യാ?"
"ഓ, ഒന്നുരണ്ടുകൊല്ലമൊക്കെ ഇങ്ങനെ വിഷമിച്ചിരിക്കും, പിന്നെ നല്ല ഒരു പെണ്ണിനെയൊക്കെക്കെട്ടി അടിച്ചുപൊളിച്ച്‌..."
ദേഷ്യം പിടിപ്പിക്കാന്‍ പറയുന്നതാണെന്ന്‌ അവള്‍ക്കറിയാമെങ്കിലും അതു കേള്‍ക്കുമ്പോളവളുടെ മുഖം കറുക്കും. പിന്നെ ദേഷ്യം തീര്‍ക്കാന്‍ വിജയന്‍ അവളേയും കൊണ്ട്‌ പുറത്തുപോയി തമിഴന്റെ കടയില്‍ നിന്നും രണ്ട്‌ പരിപ്പുവട വാങ്ങിക്കൊടുക്കും. അതില്‍ത്തീരുന്ന പിണക്കങ്ങളേ അവള്‍ക്കുണ്ടാകാറുള്ളൂ. അധികവും പുറത്തുപോകുവാന്‍ അവള്‍ക്ക്‌ താല്‍പര്യമുണ്ടാവാറില്ല. അഥവാ പോയാലും എത്രയും വേഗം തിരിച്ചെത്തണം. ഒരിക്കല്‍ ഒരു സിനിമകാണാന്‍ പോയിട്ട്‌ ഇന്റര്‍വെല്ലായപ്പോള്‍ അവള്‍ തിരിച്ചുപോകാമെന്നു പറഞ്ഞു.

മഴ ഇപ്പോള്‍ കുറേശ്ശെ ചാറുന്നതേയുള്ളു. ഇരുട്ടിനെത്തുളച്ച്‌ അകലെ നിന്നു വരുന്ന വണ്ടികളുടെ വെളിച്ചത്തില്‍ മഴച്ചാറ്റലിന്റെ വരകള്‍ കാണാമായിരുന്നു. കുറേ മഴ നനഞ്ഞപ്പോള്‍ അയാള്‍ അല്‍പം ബോധത്തിലേക്ക്‌ തിരിച്ചെത്തി. തിരിച്ചുപോകാനാവുമോ തനിക്കിനി. വേദനകള്‍ അന്യമായിരുന്ന തന്റെ ജീവിതത്തില്‍ എത്ര പെട്ടെന്നാണ്‌ ദുരന്തങ്ങള്‍ പെരുമഴയായ്‌ പെയ്തിറങ്ങിയത്‌. ബോധം മറഞ്ഞും തെളിഞ്ഞും വേച്ച്‌ വേച്ച്‌ ആ ചെളിപിടിച്ച റോഡിലൂടെ നടക്കുമ്പോള്‍ വിജയന്‍ വിഹ്വലമായ ഓര്‍മ്മത്തുരുത്തുകളിലേക്ക്‌ ഊര്‍ന്നുപോയി.

ശനിയാഴ്ചകളെയായിരുന്നു അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത്‌. അന്ന്‌ ബാങ്ക്‌ ഉച്ചവരെയേ ഉള്ളൂ. അരദിവസം കൂടുതല്‍ കിട്ടുന്ന വിജയന്റെ സാമീപ്യത്തെ അവളേറെ കൊതിച്ചു. ഫസ്റ്റ്‌ഷോയ്ക്ക്‌ പോകാമെന്നു പറഞ്ഞപ്പോള്‍ എതിര്‍ത്ത അവളെ ഒരു ദീര്‍ഘചുംബനത്തിലൂടെ അയാള്‍ സമ്മതിപ്പിച്ചു. വൈകി തിരിച്ചെത്തിയപ്പോള്‍, മുറി അടയ്ക്കാന്‍ മറന്നുപോയപോലെ, വാതില്‍ വെറുതേ ചാരിയിട്ടേ ഉള്ളു. അവള്‍ പരിഭ്രമിച്ചെന്നു തോന്നുന്നു, കയ്യിലെ പിടുത്തം കൂടുതല്‍ മുറുകുന്നത്‌ അറിഞ്ഞു. വണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ അകത്തെന്തോ തട്ടിമറിയുന്നതായി തോന്നി. തിരക്കിട്ടു അകത്തേക്കു പാഞ്ഞ അയാളെ അശ്വതി തടഞ്ഞു. പക്ഷേ അവളുടെ കൈകള്‍ തട്ടിക്കൊണ്ട്‌ അയാള്‍ അകത്തേക്കോടി. പെട്ടെന്ന്‌ തലയ്ക്കു പുറകില്‍ ഭാരമുള്ള എന്തോ വന്ന്‌ ഇടിച്ച പോലെ തോന്നി. ഒരു വലിയ ആള്‍ക്കൂട്ടത്തിലേക്കും അലറിക്കരയുന്ന അവളുടെ മുഖത്തേക്കുമാണ്‌ അയാള്‍ പിന്നെ കണ്ണുതുറന്നത്‌. അയാള്‍ക്കവളോട്‌ വളരെ സഹതാപം തോന്നി. തനിക്കെന്തോ വലുതായി പറ്റിയിരിക്കുന്നു എന്നവള്‍ കരുതുന്നുണ്ടാവും. പതുക്കെ തലപൊക്കി നോക്കിയപ്പോള്‍ നല്ല വേദനയുണ്ട്‌. ഒരു വിധത്തില്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവള്‍ വീണ്ടും കരഞ്ഞു തളരുകയായിരുന്നു. തന്റെ തല പൊട്ടിയിട്ടുണ്ടോ, ഇവളുടെ സാരിയില്‍ ഈ രക്തം എങ്ങിനെ വന്നു. അയാള്‍ക്ക്‌ കാര്യങ്ങള്‍ ശരിക്കും വ്യക്തമായില്ല. പിന്നെയും കുറച്ചുകൂടികഴിഞ്ഞ്‌, മൂലയില്‍ ഒരാള്‍ ചോരയൊലിപ്പിച്ചു കിടക്കുന്നതും അവളുടെ രോദനവും തമ്മില്‍ ചേര്‍ത്തുവായിക്കാന്‍ അയാള്‍ക്ക്‌ കുറച്ചു സമയമെടുത്തു. വീണ്ടും അയാള്‍ ബോധത്തിന്റെ അസ്വസ്ഥതകളില്‍ നിന്നും അബോധത്തിന്റെ ശാന്തിയിലേക്കു വീണു.

ഇന്നു വിവാഹിതരാവുന്നു എന്ന തലക്കെട്ടിനു താഴെ വിജയേട്ടന്റേയും അരുന്ധതിയുടേയും ചിത്രങ്ങള്‍ കണ്ടിട്ടും, ഇതു നേരത്തേ പ്രതീക്ഷിച്ചിരുന്നതിനാല്‍ ഒരു നിര്‍വ്വികാരത മാത്രമാണ്‌ അശ്വതിക്ക്‌ കൂട്ടായത്‌. അസംഭാവ്യങ്ങളെന്ന്‌ കരുതുന്ന പലതും ജീവിതങ്ങളെ മാറ്റിമറിക്കുന്നതെങ്ങിനെയെന്ന്‌ ഒരു നിമിഷം ഓര്‍ത്തുപോയി. ഇത്‌ കഴിഞ്ഞയാഴ്ചത്തെ പേപ്പറാണ്‌, അതായത്‌ ഒരാഴ്ചയായിട്ടുണ്ടാവും അവര്‍ പുതിയ ജീവിതം തുടങ്ങിയിട്ട്‌. ഒരിക്കല്‍ അച്ഛന്‍ കാണാന്‍ വന്നപ്പോള്‍ സൂചിപ്പിച്ചതാണ്‌, അരുന്ധതിക്ക്‌ വേറൊരു ആലോചന വരാന്‍ വിഷമമാണ്‌. ഒരുവിധം ശരിയായ രണ്ടുമൂന്നാലോചനകള്‍ തന്റെപേരില്‍ അലസിപ്പോയത്രേ. ഇതിനു സമ്മതിച്ചില്ലെങ്കില്‍ അവളെക്കൂടി കൊലയ്ക്കുകൊടുക്കുന്നതിനു സമമാണെന്നുവരെ പറഞ്ഞുവച്ചു അച്ഛന്‍. എനിക്കെന്തായിരുന്നു പിന്നെ പറ്റിയതെന്നോര്‍മ്മയില്ല. ഞാനിവിടെ മുഴുവന്‍ അലറിക്കരഞ്ഞു നടന്നിരുന്നതായും അഴികളില്‍ ഉറക്കെയുറക്കെ തലയിടിച്ചിരുന്നതായും കുറെ ദിവസം കഴിഞ്ഞപ്പോള്‍ വാര്‍ഡന്‍ പറഞ്ഞു. പിന്നെയെന്റെ മനസ്സില്‍ ചിമ്മിനിന്നിരുന്ന ചെരാതുകളൊക്കെ ഞാന്‍ കെടുത്തിവച്ചു. മരണത്തിന്റെ ചിറകടികള്‍ക്കായി കൊതിച്ചു. ഉഷ്ണക്കാറ്റുവീശുന്ന ഒരു കൊടുംവേനലിന്റെ ഉച്ചയില്‍ അരുന്ധതി തന്നെക്കാണാന്‍ ഒറ്റയ്ക്കുവന്നു. തികച്ചും അപരിചിതയേപ്പോലെ തോന്നി എനിക്കവളെ. വഴിയരുകിലോ ബസ്റ്റാന്റിലോ നില്‍ക്കുന്ന എതോ ഒരു പെണ്‍കുട്ടി. അവള്‍ പറഞ്ഞു, ഇത്‌ അച്ഛന്റെ വെറും ഭ്രാന്താണെന്ന്‌. വിജയേട്ടനെന്ന കറവപ്പശു കൈവിട്ടുപോകാതിരിക്കാനുള്ള അച്ഛന്റെ വൃത്തികെട്ട തന്ത്രം. അതിനു ബലിയാടാക്കുന്നത്‌ തന്നെയും. ഇല്ല അങ്ങിനെയുണ്ടായാല്‍ പിന്നെ ഈ അനിയത്തിയില്ല എന്നുറപ്പിച്ചോളൂ. ചേച്ചിക്കു തോന്നുന്നുണ്ടോ വിജയേട്ടന്‍ ചേച്ചിയെ മറന്നിട്ട്‌ എന്നെ കൂടെക്കൂട്ടുമെന്ന്‌. പക്ഷേ അച്ഛനെ പേടിക്കണം, എന്തു മാര്‍ഗത്തിലൂടെയും അയാളിതു നടത്താന്‍ നോക്കും. അശ്വതി ഒന്നും പറഞ്ഞില്ല. വാക്കുകള്‍ അവളില്‍ നിന്നും ഒഴിഞ്ഞു പോയിരുന്നു.

തുടര്‍ന്ന്‌ വായിക്കാന്‍ അശ്വതിക്ക്‌ ശ്രദ്ധ കിട്ടിയില്ല. ചിതറിക്കിടക്കുന്ന പേപ്പറുകള്‍ക്കിടയില്‍ നിന്നും രണ്ടുദിവസത്തിനു ശേഷമുള്ള പത്രത്തിന്റെ മുന്‍താളില്‍ വിജയേട്ടന്റെ ഫോട്ടോ വീണ്ടും കണ്ടു. പക്ഷേ അരുന്ധതിയില്ലല്ലോ, അപ്പോഴാണ്‌ തലക്കെട്ട്‌ ശ്രദ്ധിച്ചത്‌ - കാണ്മാനില്ല. വിവാഹദിവസം രാത്രി മുതല്‍ വിജയേട്ടന്‍ മിസ്സിംഗ്‌. തന്റെ കൈകാലുകള്‍ തളരുന്ന പോലെ തോന്നി അശ്വതിക്ക്‌, അക്ഷരങ്ങള്‍ മങ്ങുന്നപോലെയും. അക്ഷരങ്ങള്‍ ഉറുമ്പുകളേപ്പോലെ വരിയിട്ടുനീങ്ങുന്ന പോലെയും പിന്നെ ആ ഉറുമ്പുകള്‍ ആ കടലാസ്സുകളെല്ലാം തിന്നു തീര്‍ക്കുന്നപോലെയും തോന്നി അശ്വതിക്ക്‌.

മഴ ശരിക്കും തോര്‍ന്നിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ്‌ ചോര്‍ന്നൊലിക്കുന്ന ആ വഴിവക്കിലെ വീട്‌ തന്റെ ജീവിതം പോലെ തോന്നി വിജയന്‌. മഴയത്ത്‌ ഒന്നു കേറിനില്‍ക്കാന്‍ പോലും ഉപകാരമില്ലാത്ത കുറെ പഴംചുമരുകള്‍. ഓര്‍മ്മകള്‍ ഒടുങ്ങുന്നവരെയും അവള്‍ മാത്രം മതി തനിക്കെന്ന്‌ വാശിപിടിച്ചിട്ട്‌, പിന്നെ എന്തിന്‌, എന്തിനു ഞാനീ കൊടുംവേനലെടുത്തു തലയില്‍ ചൂടി. ഒരു തെറ്റ്‌, ഒരു നിമിഷാര്‍ത്ഥത്തിലെ പിഴ. അരുന്ധതിയുടെ നനുത്ത കൈകള്‍ക്ക്‌ കത്തിയൊട്ടും ചേരുന്നുണ്ടായില്ല. ഒന്നായാല്‍ പിന്നെ ഒന്നില്ലാതാവുമെന്നവള്‍ പറഞ്ഞു. അവളുടെ കണ്ണുകള്‍ നിര്‍ജ്ജീവങ്ങളായിരുന്നു. ഒട്ടും ആത്മവിശ്വാസത്തോടെയല്ല അവളതു പറഞ്ഞത്‌. അവളുടെ കൈകള്‍ വിറക്കുന്നുമുണ്ടായിരുന്നു. ഞാന്‍ സാവധാനം അവളുടെ വിരലുകള്‍ വിടര്‍ത്തി ആ കത്തി വാങ്ങി മേശമേല്‍ വച്ചു. പിന്നെ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ ചുംബിച്ചു... ഒരു മകളേപ്പോലെ അവളെന്നെച്ചേര്‍ന്നു നിന്നു, ഒരു ജീവനാളത്തെക്കെടുത്തിക്കൊണ്ടെന്നപോലെ എന്റെ കണ്ണീരുപ്പുകള്‍ അവളുടെ മൂര്‍ദ്ധാവിലലിഞ്ഞു. ഞാന്‍ ഒട്ടും ഉറച്ചതല്ലാത്ത കാല്‍വെപ്പുകളോടെ പുറത്തെ മഴയിലേക്കിറങ്ങി.

5 Comments:

Blogger വാളൂരാന്‍ said...

ഒരു ജീവനാളത്തെക്കെടുത്തിക്കൊണ്ടെന്നപോലെ എന്റെ കണ്ണീരുപ്പുകള്‍ അവളുടെ മൂര്‍ദ്ധാവിലലിഞ്ഞു. ഞാന്‍ ഒട്ടും ഉറച്ചതല്ലാത്ത കാല്‍വെപ്പുകളോടെ പുറത്തെ മഴയിലേക്കിറങ്ങി.

11:36 AM, November 13, 2006  
Anonymous Anonymous said...

സാങ്കേതികപദങ്ങളും സാമ്പ്രദായികരീതികളും നിരത്തിവെച്ച്‌ ന്യായം പരയാന്‍ ഞാനില്ല മുരളീ.
കഥ എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു. ജീവിതത്തിന്റെ തുടിപ്പുള്ള, ലളിതമായ അവതരണവും.
നന്നായെഴുതൂ വീണ്ടും.

മൈനാഗന്‍

10:45 PM, November 13, 2006  
Blogger വാളൂരാന്‍ said...

മൈനാഗന്‍,
വിഷ്ണുമാഷുടെ കമന്റ്‌ കണ്ടിട്ട്‌ ഞാന്‍ താങ്കളുടെ ഇന്ദ്രിയത്തിനു പുറത്തുള്ള ഇടപെടലുകള്‍ വായിച്ചിരുന്നു. പക്ഷേ അവിടെയൊരു കമന്റിടാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്നു തോന്നി തിരികെപ്പോയി. ആ താങ്കള്‍ തന്നെ വന്ന്‌ എന്റെ കഥ ഇഷ്ടപ്പെട്ടു എന്നു പറയുമ്പോള്‍, പെരുത്ത്‌ ചന്തോയം....!!!

11:21 PM, November 13, 2006  
Blogger ശിശു said...


"എന്നയാള്‍ വെറുതേ ശ്രമിച്ചുനോക്കി..."
"മുഖത്ത്‌ നനവ്‌ തട്ടിയിട്ടാണ്‌ അയാള്‍ ഉണര്‍ന്നത്‌..."
"അവള്‍ ഉടനേതന്നെ പിടയുമെന്നും, എന്റെ കൈകള്‍ ..."
"ഞാന്‍ ദേഷ്യപ്പെട്ട്‌ തിരിഞ്ഞു കിടക്കുമ്പോള്‍...."
"ദേഷ്യം തീര്‍ക്കാന്‍ വിജയന്‍ അവളേയും കൊണ്ട്‌ പുറത്തുപോയി തമിഴന്റെ കടയില്‍ നിന്നും..."

മാഷെ കഥ നന്നായിട്ടുണ്ട്‌, പക്ഷെ ശിശു മനസ്സിലാക്കിയതിന്റെ കുഴപ്പമാണോയെന്നറിയില്ല,
quote ചെയ്ത വരികളില്‍ 'അയാള്‍' ഞാന്‍, വിജയന്‍ എന്നിങ്ങനെ മൂന്നുരീതിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഇതൊരു confusion ഉണ്ടാക്കുന്നില്ലേ?

2:41 AM, November 14, 2006  
Blogger വാളൂരാന്‍ said...

ശിശുവല്ലാത്ത ശിശൂ....
സൂക്ഷ്മാംശങ്ങളിലേക്ക്‌ ശ്രദ്ധ കൊണ്ടുപോയതിന്‌ വളരെ നന്ദിയുണ്ട്‌. ചോദ്യം ഞാന്‍ തിരിച്ചു ചോദിക്കുന്നു, കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ടോ? വായനക്കാര്‍ക്കായിരിക്കും അതു കൂടുതല്‍ വ്യക്തമായി പറയാന്‍ കഴിയുക. ശിശു സൂചിപ്പിച്ചപോലെ പ്രധാന കഥാപാത്രത്തെ മാത്രമല്ല അശ്വതിയേയും അരുന്ധതിയേയും ഇതേ രീതിയിലാണ്‌ അവതരിപ്പിച്ചത്‌. തുടക്കക്കാരനാണ്‌, അതുകൊണ്ട്‌ ഇങ്ങനെയുള്ള ക്രിയാത്മക കമന്റുകള്‍ വളരെ ഉപകാരപ്പെടുന്നു. നന്ദി ശിശൂ....... ഒപ്പം ശിശുദിനാശംസകളും.....

2:54 AM, November 14, 2006  

Post a Comment

Subscribe to Post Comments [Atom]

<< Home