Friday, November 26, 2010

വിഷാദം ചുരത്തുന്ന കുറെ ചുവരുകളും ശ്മശാനത്തിലേക്ക്‌ തുറക്കുന്ന ഒരു ജനലും

കുട്ടികള്‍.... ഒന്നല്ല ഒരുപാട്‌ പേര്‍, തനിക്കു ചുറ്റും കൂടിനിന്ന് കളിക്കുന്നു. ചിലര്‍ ചിരിക്കുന്നു, ചിലര്‍ വഴക്കടിക്കുന്നു, വേറെ ചിലര്‍ പിണങ്ങി അല്‍പം ദൂരെ മാറിയിരുന്ന് കിണുങ്ങിക്കൊണ്ടിരിക്കുന്നു. സ്വപ്നമാണെന്ന് കരുതാനാവാത്തവിധം തെളിച്ചമുള്ളതായിരുന്നു ആ കാഴ്ചകളെങ്കിലും വന്യമായ ഏകാന്തതയിലേക്ക്‌ ഷംല നിമിഷാര്‍ദ്ധത്തില്‍ എടുത്തെറിയപ്പെട്ടു. ഈയിടെയാണ്‌ സ്വപ്നങ്ങളെ ഇത്രയധികം ഭയപ്പെടാനും വെറുക്കാനും തുടങ്ങിയത്‌. മായക്കാഴ്ചകളെല്ലാം ഒറ്റപ്പെടലിന്റെ ഇരുളിലേക്കാണ്‌ വിളിച്ചുണര്‍ത്തിക്കൊണ്ടിരുന്നത്‌. കഷ്ടം തന്നെ, വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ഈ നഷ്ടപ്പെടല്‍. ഒരുപക്ഷേ ജീവിതത്തിലിന്നേവരെ ഏകാന്തതയുടെ കൂട്ട്‌ കിട്ടിയിട്ടില്ലാത്തതിനാലാവും ഇത്ര തീവ്രത തോന്നുന്നത്‌. ഒരുപാട്‌ കുട്ടികളും ഉമ്മമാരും വല്യുമ്മമാരും താത്തമാരും വാപ്പമാരുമുള്ള ഒരു കൂട്ടുകുടുംബത്തില്‍ നിന്ന് നാട്ടിന്‍പുറത്തിന്റെ സ്വസ്ഥതയില്‍ പിറന്ന് വളര്‍ന്ന് വികാരങ്ങളില്ലാത്ത നാലു ചുവരുകള്‍ക്കുള്ളിലേക്ക്‌ വലിച്ചെറിയപ്പെട്ടതുകൊണ്ടാണോ ഈ വ്യഥ? ആവാം. ആയിക്കൊള്ളണമെന്നുമില്ല.

"ഷാജീ, നമുക്കീ ഫ്ലാറ്റ്‌ കൊടുത്തിട്ട്‌ ഒരു ചെറിയ വീട്ടിലേക്ക്‌ മാറിയാലോ?" ഒന്നല്ല ഒരുപാട്‌ തവണ ഇതേ ചോദ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്‌. എന്തായിരിക്കും ഉത്തരം എന്നറിയാമെങ്കിലും പ്രതീക്ഷയോടെ ഷംല ഇടക്കിടക്ക്‌ ചോദിച്ചുകൊണ്ടേയിരിക്കും.

"ഇവിടെക്കിട്ടുന്ന ഒരു സെക്യൂരിറ്റിയും സൗകര്യങ്ങളും ഏതെങ്കിലും വീടെടുത്താല്‍ കിട്ടുമോ? പിന്നെ എന്റെ മാര്‍ക്കറ്റിംഗ്‌ വര്‍ക്കുകള്‍ക്ക്‌ ഏറ്റവും പറ്റിയത്‌ ഇവിടെയാണ്‌."

"എത്ര നിര്‍ജ്ജീവമാണീ ചുവരുകളെന്നു നോക്കൂ. ഒരു ദിവസം വൈകീട്ട്‌ ഷാജി വരുമ്പോള്‍ ഞാനീ ചുവരുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന കാണാം, ഒരു കടലാസുപോലെ. ഇവറ്റകള്‍ എന്നെ വിഴുങ്ങുമെന്നുറപ്പാണ്‌."

ചായക്കപ്പ്‌ ടീപ്പോയിയില്‍ വച്ചിട്ട്‌ അവളെ പതുക്കെ തന്നോട്‌ ചേര്‍ത്ത്‌ പുണര്‍ന്നുകൊണ്ട്‌ ഷാജി ടിവിയുടെ ചാനലുകളിലൂടെ പരതി നടന്നു.

"നിങ്ങള്‍ക്ക്‌ സാഹിത്യം തലയ്ക്ക്‌ പിടിച്ചവര്‍ക്കെല്ലാമുള്ളതാണ്‌ ചുവരുകളോടുള്ള ഈ ശത്രുത. നിനക്ക്‌ പകലെന്തെല്ലാം ചെയ്യാം. ഇഷ്ടം പോലെ കിടന്നുറങ്ങാം. ടിവിയില്‍ എത്ര ചാനലുകളാണുള്ളത്‌, അതെല്ലാം കാണാം. പാട്ടു കേള്‍ക്കാം. എന്നിട്ടും നീയൊറ്റക്കാണെന്നു പറഞ്ഞ്‌ പരാതിപ്പെടുന്നു."

"നിനക്കെന്നെ ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാല്‍ കഷ്ടമാണ്‌. ഒന്നര വര്‍ഷമായി നമ്മളൊരുമിച്ചു ജീവിക്കുന്നു. എന്നിട്ടും ടീവി കണ്ടിരിക്കാനും പകല്‍ മുഴുവന്‍ കിടന്നുറങ്ങാനും നിനക്കെന്നോട്‌ എങ്ങിനെ പറയാന്‍ തോന്നുന്നു ഷാജീ?"

ഏതോ സിനിമാ ഗാനത്തില്‍ നായകന്‍ പ്രേമാര്‍ദ്രമായി നായികയെ ചുംബിക്കുന്നത്‌ ടിവിയില്‍ കണ്ട്‌ അത്‌ അനുകരിച്ചുകൊണ്ട്‌ ഷാജി പറഞ്ഞു - "നിനക്ക്‌ വായിച്ചൂടെ, സാഹിത്യത്തിന്റെ അസുഖമുള്ളതല്ലേ?"

"എന്റെ ഓരോ വായനയും എന്നെ ഇവിടെ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുത്തുന്നു. എനിക്കിനിയും വയ്യ. ഇതില്‍ നിന്ന് എങ്ങനെ രക്ഷകിട്ടുമെന്ന് ഒരു വര്‍ഷത്തിലേറെയായി ഞാന്‍ പറയുന്നു." പാതിവഴിയില്‍ ഉപേക്ഷിച്ച ഒരു ചുംബനത്തിന്റെ വേര്‍പാടില്‍, പതിവുള്ള കയ്പേറിയ വാക്കുകള്‍ക്കായി ഷംല കാതോര്‍ത്തു.

"ഷംലാ, എത്ര തവണ പറഞ്ഞിരിക്കുന്നു, ഞാന്‍ ഇപ്പൊഴും ഒരു കുട്ടിക്കായി പ്രിപ്പയേഡ്‌ ആയിട്ടില്ല. ജീവിതത്തിലെ ഈ റൊമാന്റിക്‌ പിരീഡ്‌ ഇനി ഒരിക്കലും തിരിച്ചുകിട്ടുന്നതല്ല. ചുരുങ്ങിയത്‌ ഇനിയും രണ്ടുവര്‍ഷത്തേക്കുകൂടി അത്‌ ഉപേക്ഷിക്കാനും ഞാന്‍ തയ്യാറല്ല."

"ഇതുനല്ല തമാശ. കുട്ടികള്‍ക്കായി സാധാരണ പെണ്‍കുട്ടികള്‍ക്കാണ്‌ തയ്യാറെടുപ്പ്‌ വേണ്ടത്‌. ഷാജിക്കെന്ത്‌ പ്രിപ്പയര്‍ ചെയ്യാന്‍?"

"നമുക്കീ ടോപ്പിക്ക്‌ ഇവിടെ നിര്‍ത്താം. നല്ലൊരു ശനിയാഴ്ച വൈകുന്നേരം എന്തിനാ വഴക്കടിച്ചു കളയുന്നത്‌! നാളെ ഗസ്റ്റുണ്ടെന്നുള്ള കാര്യം മറക്കണ്ട. സമീറും കുടുംബവും നാളെ രാവിലെ വരും."

"അയ്യോ സമീര്‍ മാധ്യമം എഡിറ്റോറിയലില്ലേ വര്‍ക്ക്‌ ചെയ്യുന്നത്‌? അസ്സലായിട്ട്‌ എഴുതും. ഒന്നു രണ്ടാഴ്ചമുന്‍പ്‌, വിവാഹിതരായ സ്ത്രീകള്‍ക്കിടയിലെ ഏകാന്തത എന്ന ഒന്നാന്തരമൊരു ആര്‍ട്ടിക്കിള്‍ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളും എഴുത്തും ശരിക്കും എന്നോട്‌ ചേര്‍ത്ത്‌ വക്കാവുന്നതാണെന്ന് തോന്നി. എന്തായാലും രണ്ടുപേര്‍ക്കുകൂടി ഭക്ഷണം ഉണ്ടാക്കാന്‍ അത്ര വല്യ പ്രശ്നമൊന്നുമില്ല."

"ഉവ്വുവ്വ്‌ ഗഡാഗഡിയന്മാരായ മൂന്നു മക്കളുമുണ്ട്‌"

"മൂന്നു മക്കളോ?!" - വിശ്വസിക്കാനാവാതെ ഒരു നിമിഷം, ഷംല അവനെത്തന്നെ സൂക്ഷിച്ചുനോക്കിയിരുന്നപ്പോള്‍, ആ നോട്ടത്തിന്റെ കൂര്‍ത്ത മുനകള്‍ തന്റെ ഉള്ളിലേക്കെവിടേയോ ആഴ്‌ന്നിറങ്ങുന്ന പോലെ തോന്നി. ഷാജി പെട്ടെന്നെഴുന്നേറ്റ്‌ പുറത്തേക്ക്‌ നടന്നു.

അന്ന് രാത്രി മുഴുവനും സമീര്‍ എഴുതിയ ആ ലേഖനത്തെക്കുറിച്ചും മൂന്നു കുട്ടികള്‍ തിമിര്‍ത്തുനടക്കുന്ന സമീറിന്റെ വീടിനെക്കുറിച്ചുമായിരുന്നു ഷംല ചിന്തിച്ചുകൊണ്ടിരുന്നത്‌. അവര്‍ താമസിക്കുന്നത്‌ എന്തായാലും ഒരു ഫ്ലാറ്റിലാവില്ല എന്ന് അവളുറപ്പിച്ചു. അതൊരു കൊച്ചുവീടായിരിക്കും. ചുവരുകളെല്ലാം പൂത്തുതളിര്‍ത്തിരിക്കുകയായിരിക്കും. ചിലപ്പോള്‍ ചുവരുകള്‍ അ കുട്ടികള്‍ക്കായി നറുമണമുള്ള പൂക്കള്‍ വരെ വിരിയിപ്പിച്ചിട്ടുണ്ടാവും.

നഗ്നയായി, ഷാജിയുടെ ശരീരത്തിന്റെ ഊഷ്മാവു മുഴുവന്‍ പകര്‍ന്ന് കിടന്നിട്ടും ഒറ്റക്കാണെന്ന് തോന്നി. വസ്ത്രങ്ങളെടുത്തു ധരിക്കാന്‍ മെനക്കെടാതെതന്നെ അവള്‍ എഴുന്നേറ്റ്‌ ജനലരുകില്‍ ചെന്ന് അകലെ നിലാവില്‍ തെളിഞ്ഞുകാണുന്ന ശ്മശാനത്തിലേക്ക്‌ നോക്കി. പുറംലോകത്തെ എല്ലാ കാഴ്ചകള്‍ക്കുനേരെയും ചുവരുകള്‍ പണിതിരിക്കുന്ന ഈ ഫ്ലാറ്റിന്റെ ആകെയുള്ള ജനലാണിത്‌. അതാകട്ടെ തുറക്കുന്നത്‌ കത്തിക്കരിയുന്ന ശവശരീരങ്ങളുടെ ദൂരക്കാഴ്ചയിലേക്ക്‌. അതുകൊണ്ടു തന്നെ വളരെ കുറച്ചേ അവള്‍ ആ ജനല്‍ തുറക്കാറുള്ളൂ.

പൊതുവെ നേരത്തേ എഴുന്നേല്‍ക്കാന്‍ വിമുഖതയൊന്നുമില്ലെങ്കിലും അന്നവള്‍ അതിരാവിലെ തന്നെ എഴുന്നേറ്റു. എന്തോ ഒരു പ്രത്യേക ഊര്‍ജ്ജം തന്നില്‍ നിറയുന്ന പോലെ തോന്നി. ഞായറാഴ്ച രാവിലെ ഷാജിയുടെ കരവലയത്തില്‍ നിന്ന് വിട്ടുപോവുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. അവളും ആ രതിയുടെ നിമിഷങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാശിക്കാറില്ല. എന്നിട്ടും എന്തോ അന്നവള്‍ക്ക്‌ നേരത്തേ ഉണരണമെന്ന് തന്നെ തോന്നി.

നിര്‍ത്താതെയുള്ള നീണ്ട കോളിങ്ങ്‌ ബെല്ലും കലപിലയെന്നുള്ള ബഹളങ്ങളുമായാണ്‌ സമീറും സിയയും മൂന്നുകുട്ടികളും എത്തിയത്‌. അവരുടെ ചിരിയും വഴക്കും കുസൃതികളും ആ ഫ്ലാറ്റിന്റെ ഓരോ മൂലയിലും ജീവന്‍ വെപ്പിച്ചു. ഒന്നരവര്‍ഷമായി അണഞ്ഞുകിടന്ന തന്റെ ചേതനകള്‍ ഉയിര്‍ത്തെണീറ്റപോലെ ഷംല ഉത്സാഹവതിയായി. വിഷാദം ചുരത്തിയിരുന്ന ചുവരുകളെ നോക്കി മറ്റാരും കാണാതെ അവള്‍ കൊഞ്ഞനം കാട്ടി. ഇന്നേക്ക്‌ ഒരു ദിവസത്തേക്കെങ്കിലും അവള്‍ ആ ചുവരുകളുടെ അധീശത്വത്തെ വകവച്ചുകൊടുത്തില്ലെന്നുമാത്രമല്ല ഒരു പരിഹാസമാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.

"എടോ സമീറേ എന്റെ ബീവിയും അല്‍പം സാഹിത്യത്തിന്റെ സൂക്കേടുള്ള കൂട്ടത്തിലാ കെട്ടോ" - വായനയുമായി എന്നും പിണങ്ങിപ്പിരിഞ്ഞു നില്‍ക്കുന്നവനാണെങ്കിലും ഷാജിക്ക്‌ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ്‌ ഷംലയോട്‌ അല്‍പം ബഹുമാനമൊക്കെ തോന്നുക.

"ഓ... നല്ലത്‌. പക്ഷേ ഈ ചുവരുകളെ ഷംല എങ്ങിനെ അതിജീവിക്കുന്നു?"

ആദ്യമായി ഒരാള്‍ തനിക്കുവേണ്ടി സംസാരിക്കുന്നു. ഒരേ വേവ്‌ ലെങ്ങ്ത്തിലുള്ളവരുമായി സംവദിക്കുന്നതിന്റെ ആസ്വാദ്യത ഷംല അനുഭവിക്കുകയായിരുന്നു. ഇയാള്‍ക്കെങ്ങിനെയറിയാം ഈ ചുവരുകളെന്നെ കീഴ്പ്പെടുത്തുന്നുവെന്ന്? ഇയാള്‍ക്കെങ്ങിനെയറിയാം പുറത്തേക്കു തുറക്കുന്ന ഏകജാലകം ശ്മശാനത്തിലേക്കെന്ന്? ഒരു പക്ഷേ ഇയാള്‍ക്ക്‌ തന്റെ വേവലാതികളെല്ലാമറിയാമെന്നത്‌ തന്റെ വെറും തോന്നലാണോ? അല്ലെന്ന് തന്നെ വിശ്വസിക്കാന്‍ അവളിഷ്ടപ്പെട്ടു.

അവളെയാകെ പിടിച്ചുലച്ച ഒരു പകല്‍. കുട്ടികള്‍ക്കെല്ലാം അവള്‍ മധുരപലഹാരങ്ങളുണ്ടാക്കുകയും ഓരോരുത്തരെയായി ഊട്ടുകയും ചെയ്തു. ഇതേ മുറികളില്‍ തന്നെയാണോ താന്‍ ഇന്നലെ വരെ ഏകാന്തതയുടെ കയങ്ങളിലേക്ക്‌ ആഴ്‌ന്നുപോയിരുന്നത്‌ എന്ന് അതിശയപ്പെട്ടു. അവളുടെ കുഞ്ഞിനായി കരുതിവച്ചിരുന്ന ലാളനകളെല്ലാം ആ മൂന്നു കുരുന്നുകള്‍ക്കും അവള്‍ പകുത്തുനല്‍കി.

"ഷംല എഴുതാറുണ്ടെങ്കില്‍ എനിക്കയക്കൂ. പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം" - സൗമ്യമായി സമീര്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക്‌ വിശ്വസിക്കാനായില്ല.

"എന്റെ തുറന്നെഴുത്ത്‌ ഷാജിക്ക്‌ തീരെ പഥ്യമല്ല"

"ആഹാ... എങ്കില്‍ ഞാന്‍ പറയും നൂറുപേരില്‍ ഒരാള്‍ക്കേ അങ്ങനെ തുറന്നെഴുതാനുള്ള ആര്‍ജ്ജവവും കരുത്തും കിട്ടൂ. ആ ഒരു എഴുത്തിന്റെ ഭാവം കിട്ടിയിട്ടുള്ളവര്‍ ഭാഗ്യം ചെയ്തവരാണ്‌. എന്തായാലും ഒരേ തൂവല്‍ പക്ഷികളല്ലേ, ഇനി ഞാന്‍ ഇടക്കിടക്കു വരാം, സംസാരിക്കാം."

സമാനമനസ്കര്‍ എന്നാലെന്താണെന്ന് ഷംല അനുഭവിച്ചു. ഇദ്ദേഹത്തെയും കുട്ടികളെയും നേരത്തേ തന്നെ പരിചയപ്പെട്ടിരുന്നെങ്കില്‍ തന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറിപ്പോകുമായിരുന്നു എന്നുതോന്നി അവള്‍ക്ക്‌. ഇരമ്പിക്കയറി വന്ന ഒരു തിര, തീരത്തില്‍ പാറക്കൂട്ടങ്ങളില്‍ തകര്‍ന്ന് പൊലിയുമ്പോള്‍ ഒരു നിശ്ശബ്ദത പടരുന്ന പോലെയായി അവര്‍ പോയപ്പോള്‍ ഷംലക്ക്‌.

ദിശയറിയാതെ ഒഴുകിനടന്ന കപ്പലിനെ സുരക്ഷിതമായി ആരോ തീരത്തണച്ചപോലൊരു സ്വാസ്ഥ്യം. ഇടക്കിടെയുണ്ടായ സമീറിന്റെയും കുടുംബത്തിന്റെയും സന്ദര്‍ശനം ഈയൊരു സ്വാസ്ഥ്യമാണ്‌ ഷംലക്ക്‌ നല്‍കിയത്‌. നീണ്ട കോളിങ്ങ്‌ ബെല്ലുകള്‍ക്ക്‌ കാതോര്‍ത്തുകൊണ്ടുള്ള കാത്തിരിപ്പ്‌ അവളെ തികച്ചും ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നപോലെ തോന്നി. സാഹിത്യ ചര്‍ച്ചകള്‍, ഒറ്റപ്പെട്ടവരുടെ സുവിശേഷങ്ങള്‍, തുറന്നിട്ട വായനയുടെ വാതായനങ്ങള്‍, കുട്ടികളുടെ കളിചിരികള്‍, കലപിലകള്‍. അസ്ഥിപെറുക്കാന്‍ വരുന്നവരുടെയോ നിര്‍ത്താതെ കരഞ്ഞുകൊണ്ടുവരുന്ന ആംബുലന്‍സുകളുടെയോ ദൂരക്കാഴ്ചകളുമായി പതിയിരിക്കുന്ന ജനല്‍ ഇപ്പോള്‍ അവള്‍ തുറക്കാറേയില്ല. ബാല്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കുപോലെ. ഉപാധികളില്ലാത്ത സ്നേഹം, കൊടുക്കല്‍ വാങ്ങലുകള്‍. ഇപ്പോള്‍ ചുവരുകളുടെ അധീശത്വം പൂര്‍ണ്ണമായും അവള്‍ക്കുമുന്നില്‍ അടിയറവ്‌ പറഞ്ഞപോലെ. വിഷാദം ചുരത്തുന്ന ചുവരുകള്‍ ഇപ്പോളവളുടെ സ്മൃതികളില്‍ പോലുമില്ല. ഏകാന്തതയുടെ വേലിയേറ്റങ്ങളില്‍ ഒരു പൊങ്ങുതടിപോലെ നിരാശ്രയയായി നിരര്‍ത്ഥകയായി ഒരിക്കല്‍ താന്‍ ഒഴുകി നടന്നിരുന്നു എന്നുള്ള ഓര്‍മ്മ പോലും അവളില്‍ ഉണര്‍ന്നില്ല. ഇതാണ്‌ ജീവിതം. ഇത്രനാളത്തെ കാത്തിരിപ്പെല്ലാം ഈ സ്വാസ്ഥ്യത്തിന്റെ നിമിഷങ്ങള്‍ക്കായിരുന്നു. നിര്‍ത്താതെയടിക്കുന്ന നീണ്ട കോളിങ്ങ്ബെല്ലുകള്‍ ശാന്തിയേകുന്നു.

എങ്കിലും, അധികം ദൂരെയല്ലാതുള്ള അകാരണമായ ഒരു നഷ്ടപ്പെടലിന്റെ കയ്പ്‌ അവള്‍ക്ക്‌ ഭീതിയേകി. ആ കറുത്ത ഏകാന്തതയിലേക്ക്‌ ഇനിയും വലിച്ചെറിയപ്പെടുന്നത്‌ ഓര്‍ക്കാനേ വയ്യ. ചുവരുകള്‍ക്കുള്ളിലൂടെ, നീണ്ട നഖങ്ങളുള്ള വിരലുകള്‍ നീണ്ടുവരുന്നതും തന്നെ വേട്ടയാടുന്നതും അവളെ ചകിതയാക്കി.

"സമീര്‍, ഈ ശാന്തിയുടെ നിമിഷങ്ങള്‍ എന്നെ എത്രത്തോളം സമാധാനിപ്പിക്കുന്നുവോ അത്ര തന്നെ അസ്വസ്ഥയുമാക്കുന്നു"

"ഷംലക്ക്‌ നന്നായി വായനയുള്ളതല്ലേ. മനസ്സിന്റെ വിഹാരങ്ങള്‍ ഏതൊക്കെ രീതിയിലാണെന്ന് കുറച്ചൊക്കെ ഊഹിച്ചുകൂടേ. വളരെ വ്യക്തതയോടെയാണ്‌ കുട്ടിയിപ്പോള്‍ കാര്യങ്ങളെ നോക്കിക്കാണുന്നത്‌ എന്നത്‌ വളരെ സന്തോഷമുണ്ടാക്കുന്നതാണ്‌. ഈ സ്വാസ്ഥ്യത്തിന്റെ നിമിഷങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ്‌ ഷംലയുടെ വ്യാകുലത. ശരിയല്ലേ?"

'തീര്‍ച്ചയായും, വളരെ ശാന്തതയുള്ള ഒഴുക്കാണിപ്പോള്‍ ജീവിതം, പക്ഷേ..." തികച്ചും വേദനിപ്പിക്കുന്ന നഷ്ടബോധത്തിന്റെ വേലിയേറ്റങ്ങളുമായി അവളുടെ മുഖം വിഹ്വലമായി.

"പെട്ടെന്ന് ഒരു കുട്ടിയുണ്ടാവുകയെന്നതാണ്‌ ഇതിനുള്ള ഏറ്റവും ഐഡിയല്‍ ആയിട്ടുള്ള സൊല്യൂഷന്‍. ഞാന്‍ ഷാജിയുമായി ഇതെക്കുറിച്ച്‌ സംസാരിക്കാം."

അല്‍പനേരത്തേക്ക്‌ ഒരു മറുപടിയും ഷംലയില്‍ നിന്നുമുണ്ടായില്ല. പെട്ടെന്ന് എന്തോ ഉറച്ച ചിന്തകളിലെത്തിയപോലെ അവള്‍ പറഞ്ഞു - "ഒന്നരവര്‍ഷമായി ഇതിനുവേണ്ടി ഞാനവനോട്‌ യാചിക്കുന്നു. പക്ഷേ ഇപ്പോള്‍ മാര്‍ക്കറ്റിങ്ങ്‌ ഭാവങ്ങളുള്ള ജീനുമായി ഒരു കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ എനിക്ക്‌ താല്‍പര്യമില്ല."

"എന്താണ്‌ ഷംല ഉദ്ദേശിച്ചത്‌" ഷംലയുടെ ചിന്തകളുടെ പോക്ക്‌ എത്ര അപകടകരമായ വഴികളിലൂടെയാണെന്നോര്‍ത്ത്‌ സമീര്‍ അല്‍പമൊന്ന് ചകിതനായി.

"എത്ര വിരുദ്ധമായ ജീവിത വ്യവസ്ഥകളിലായാലും സമാനമനസ്കരുടെ സംയോഗമാണ്‌ എപ്പോഴും അഭികാമ്യമായി ഞാന്‍ കരുതുന്നത്‌"

കത്തുന്ന ഒരു പന്തം പോലെയാണ്‌ വാക്കുകള്‍ സമീറില്‍ വന്നുപതിച്ചത്‌. ആ കടുത്ത ചൂടില്‍ ഒന്നു പിടയുക പോലും ചെയ്തു അയാള്‍. അവളുടെ കണ്ണുകളിലെ തീക്ഷ്ണത കണ്ടപ്പോള്‍ അവള്‍ എത്രത്തോളം കടുത്ത മാനസിക അവസ്ഥയിലാണ്‌ എത്തിയിരിക്കുന്നതെന്നറിഞ്ഞ്‌ സമീര്‍ ഒരു നിമിഷം മൗനിയായി. പെട്ടെന്ന് അന്തരീക്ഷത്തെ ലാഘവപ്പെടുത്താനും അവളുദ്ദേശിക്കുന്നത്‌ അയാള്‍ക്ക്‌ ഒട്ടും തന്നെ മനസ്സിലായിട്ടില്ലെന്ന് തോന്നിപ്പിക്കാനുമായി അയാള്‍ പറഞ്ഞു - "ഹഹ... സമാനമനസ്കരൊക്കെ അങ്ങിനെയങ്ങ്‌ ഒരുമിച്ചായാല്‍ പിന്നെ സമൂഹം കുടുംബം ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള സ്ഥിരം സമ്പ്രദായങ്ങളൊക്കെ ഉടച്ചുവാര്‍ക്കേണ്ടി വരുമല്ലോ"

സംഭാഷണം കൂടുതല്‍ തുടരുന്നത്‌ അസ്വാസ്ഥ്യമുളവാക്കുന്ന മറ്റുപലതിലേക്കും എത്തിച്ചേരുമെന്ന് ഭയപ്പെട്ടിട്ടെന്നോണം പെട്ടെന്ന് സമീര്‍ യാത്ര പറഞ്ഞ്‌ പുറത്തുപോയി.

ഷാജിയെ ഇതൊക്കെ എങ്ങിനെ പറഞ്ഞ്‌ മനസ്സിലാക്കും എന്നോര്‍ത്ത്‌ സമീര്‍ വ്യാകുലനായി. എങ്കിലും സൂചനയെങ്കിലും കൊടുക്കാതെയും വയ്യ. ഷംലയുടെ ചിന്താസഞ്ചാരങ്ങള്‍ വഴിമാറിപ്പോകുന്നത്‌ ഷാജി അറിഞ്ഞേ തീരൂ, അതിനവളെ തീര്‍ത്തും കുറ്റപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ പോലും.

"ഷാജീ, നീയിത്‌ വളരെ ഗൗരവത്തോടെ കേള്‍ക്കേണ്ട കാര്യമാണ്‌. ഷംല ഒരു കുട്ടിക്കുവേണ്ടി അത്യധികം തീവ്രമായി ആഗ്രഹിക്കുന്നത്‌ നിനക്കുമറിയാമല്ലോ. ഇപ്പോള്‍ നിനക്കവളെ ശ്രദ്ധിക്കാനായില്ലെങ്കില്‍ അതിന്‌ വലിയ വില കൊടുക്കേണ്ടി വരും. ബാലിശമായ കാരണങ്ങള്‍ ഒഴിവാക്കി നീയവള്‍ക്ക്‌ ഒരു കുഞ്ഞിനെ നല്‍കണം. അതും എത്രയും പെട്ടെന്ന്. ഞാന്‍ ഡല്‍ഹിയിലേക്ക്‌ ട്രാന്‍സ്ഫറാവുന്നു, ഉടനെ... കൂടുതലൊന്നും എന്നോട്‌ ചോദിക്കരുത്‌"

സമീറിന്റെ വാക്കുകള്‍ ഷാജിയില്‍ അഗ്നിയെരിച്ചു. ശരിയാണ്‌, ഇനിയും അവളെ വിഷമിപ്പിക്കരുത്‌. എങ്കിലും സമീര്‍ ഇങ്ങനെയൊരു കാര്യം തന്നോട്‌ പറയാനെന്താണ്‌ ഹേതുവെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്തായാലും ഷംലയോട്‌ തന്നെ സംസാരിക്കാം.

വിവസ്ത്രയാക്കുമ്പോള്‍, അവളുടെ വാക്കുകള്‍ക്ക്‌ മുന്നേ ചെവി കൊടുക്കാഞ്ഞതിന്റെ ഒരു ഖേദം ഷാജിയെ നൊമ്പരപ്പെടുത്തി. ചൂടുള്ള അവളുടെ ഉടലിനെ തന്നിലേക്ക്‌ വലിച്ചടുപ്പിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു - "സമീറിന്‌ ഡല്‍ഹിയിലേക്ക്‌ ട്രാന്‍സ്ഫറാണ്‌. ചോദിച്ചുവാങ്ങിയതാണെന്നും പറഞ്ഞു. അവര്‍ ഉടനെ തന്നെ പോകും"

പെട്ടെന്ന് അവളുടെ ഊഷ്മളമായ ഉടലാകെ തണുത്തുറഞ്ഞപോലെ തോന്നി. എന്തെങ്കിലും ഒരു മറുപടി അവളില്‍ നിന്ന് ഉണ്ടായില്ല. അവളുടെ നഗ്നതകളില്‍ അലഞ്ഞുകൊണ്ടിരുന്ന അയാളുടെ വിരലുകളെ അവളുടെ കൈകള്‍ തടുത്തു. പതുക്കെ അവളെ തന്നോട്‌ ചേര്‍ത്ത്‌ ചെവിയില്‍ ഒരു മര്‍മ്മരം പോലെ അയാള്‍ മൊഴിഞ്ഞു - "നിന്റെ ഒന്നര വര്‍ഷമായുള്ള ആഗ്രഹത്തിന്‌ ഞാനിനി തടസ്സം നില്‍ക്കില്ല"

കെട്ടുപൊട്ടിച്ച ആഹ്ലാദത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്‌ അയാള്‍ പ്രതീക്ഷിച്ചത്‌. പക്ഷേ തികഞ്ഞ നിസ്സംഗതയോടെ മരവിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു - "ഇപ്പോള്‍ വേണ്ട"
എന്നിട്ട്‌ അവന്‌ പുറം തിരിഞ്ഞ്‌ കിടന്ന് പുതപ്പെടുത്ത്‌ തലവഴി മൂടി.

പിറ്റേന്ന് വളരെ ഉച്ചത്തില്‍ അവള്‍ ഓക്കാനിക്കുന്നതുകേട്ടുകൊണ്ടാണ്‌ ഷാജി ഉണര്‍ന്നത്‌. വാഷ്ബേസിനില്‍ കുനിഞ്ഞുനിന്ന് അവള്‍ ശര്‍ദ്ദിക്കുകയാണ്‌. വേഗം ചെന്ന് അവളുടെ പുറത്ത്‌ തടവിക്കൊടുത്തു. അവളുടെ ശരീരമാകെ വിളറിയിരുന്നു. തോളില്‍ കയ്യിട്ട്‌ അവളെ കട്ടിലില്‍ കൊണ്ട്‌ കിടത്തി കാപ്പിയിട്ടുകൊണ്ടുവന്ന് അവള്‍ക്ക്‌ കൊടുത്തു. ഷംല അവന്റെ കൈ പിടിച്ച്‌ അവളുടെ അടുത്തിരിക്കാന്‍ പറഞ്ഞു.

"ഷാജീ, എന്റെ വാക്കുകള്‍ ശാന്തമായി കേള്‍ക്കണം. നിനക്കെന്നെ എങ്ങിനെ വേണമെങ്കിലും കാണാം, തള്ളിപ്പറയാം. ഒന്നിലും ഞാന്‍ പരാതി പറയില്ല. ഞാന്‍ ഗര്‍ഭിണിയാണ്‌. മറ്റൊരു പുരുഷബീജം വഹിക്കുന്ന എന്നോട്‌ നീ പൊറുക്കണം." - ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും അവളുടെ മുഖവും മാസപേശികളും വലിഞ്ഞു മുറുകുകയും പെട്ടെന്ന് എവിടെയോ നഷ്ടപ്പെട്ടവളെപ്പോലെ കുഴഞ്ഞ്‌ കിടക്കയിലേക്ക്‌ വീഴുകയും ചെയ്തു.

എമര്‍ജന്‍സി വാര്‍ഡിനു മുന്നില്‍ കാത്തുനില്‍ക്കുമ്പോള്‍ ഷാജിക്ക്‌ സംഭവങ്ങളൊന്നും എങ്ങും കൂട്ടിമുട്ടിക്കാനാവാതെ ചിന്തകള്‍ക്ക്‌ തീപ്പിടിച്ചു - "ഡോക്ടര്‍, എങ്ങിനെയുണ്ടിപ്പോള്‍?"

"ഹേയ്‌ ഒരു പ്രശ്നവുമില്ല. ഷീ ഈസ്‌ ആള്‍റൈറ്റ്‌. നല്ല ക്ഷീണമുണ്ട്‌. ട്രിപ്പിട്ടിട്ടുണ്ട്‌, അതു തീരുമ്പോഴേക്കും എല്ലാം മാറും. ഇനി ധൈര്യം പോരെങ്കില്‍ രണ്ടു ദിവസം ഇവിടെ കിടന്നോട്ടെ, ഒരു റസ്റ്റ്‌."

"ഈസ്‌ ഷീ ക്യാരിയിങ്ങ്‌?"

"ഹഹ.... തനിക്കിതെങ്ങിനെ ചോദിക്കാന്‍ കഴിയുന്നു? ഒന്നുമില്ലെഡോ. അവരുടെ വിഹ്വലമായ മനസ്സിന്റെ സഞ്ചാരങ്ങള്‍ മാത്രം, അത്രേള്ളൂ."

രണ്ടു ദിവസത്തെ ഹോസ്പിറ്റല്‍ വാസം കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോള്‍ അവള്‍ക്ക്‌ ഉണര്‍വ്വാണോ തളര്‍ച്ചയാണോയെന്ന്‌ ഷാജിക്ക്‌ ഒട്ടും തിരിച്ചറിയാനായില്ല.

"അല്‍പനേരം ഉറങ്ങിക്കോളൂ, ഉണരുമ്പോള്‍ എല്ലാം പഴയപോലെയാവും" - നെറുകയില്‍ നനുത്ത ഒരു ചുംബനമേകി ഷാജി അവളെ ഒരു പുതപ്പെടുത്ത്‌ പുതപ്പിച്ചു.

"ഷാജീ, ആ ജനലൊന്ന് തുറന്നിടൂ"

ആദ്യമായിട്ടാണ്‌ ആ ജനല്‍ തുറന്നിടാന്‍ അവള്‍ പറയുന്നത്‌. കുറെ നാളുകള്‍ തുറക്കാതിരുന്ന കാരണം വിജാഗിരിയിലൊക്കെ കുറേശ്ശെ തുരുമ്പുവന്നു തുടങ്ങിയിരുന്നു. ഒരു ചെറിയ ശബ്ദത്തോടെ ശ്മശാനത്തിന്റെ ദൂരക്കാഴ്ചകളിലേക്ക്‌ ജാലകങ്ങള്‍ തുറന്നു. ഭയപ്പെടുത്തുന്ന നീണ്ട ഹോണ്‍ വിളികളോടെ ഒരു ആംബുലന്‍സ്‌ ശ്മശാനം ലക്ഷ്യമാക്കി വരുന്നത്‌ കാണാമായിരുന്നു. ശവത്തെ പുതപ്പിക്കുന്ന തുണിയുടെ അത്യന്തം വിളറിയ വെളുപ്പുപോലെ ചുവരുകള്‍ തന്നെ നോക്കി പരിഹാസച്ചിരി ചിരിക്കുകയാണോ എന്ന് തോന്നി അവള്‍ക്ക്‌. പെട്ടെന്ന് ചുവരുകളില്‍ നിന്ന് പല വലുപ്പത്തിലുള്ള കുറേയധികം കൈകള്‍ നീണ്ടുവന്നു. കൂര്‍ത്ത നഖങ്ങളുണ്ടായിരുന്നു അതിന്റെ വിരലുകളില്‍.

Monday, October 25, 2010

ആസക്തി

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നൂ...

ദോഹയുടെ നഗരപ്രാന്തത്തില്‍ നിന്ന് അല്‍പം ദൂരെ ഷഹാനിയ ഫാമിലൂടെ കടുത്ത മൂടല്‍ മഞ്ഞില്‍ വണ്ടിയോടിച്ചുകൊണ്ടുപോകുമ്പോള്‍ ഈ മധുരിത ഗാനം ഒരു തിരുവാതിരക്കുളിരായി രാമനില്‍ നിറഞ്ഞു.

"അച്ഛാ, ഇത്‌ മാറ്റ്‌. കിളിമഞ്ചാരോന്ന്‌ള്ള പാട്ട്ണ്ടോ അച്ഛന്റെ കയ്യില്‍?"

തലമുറകള്‍ തമ്മിലുള്ള വിടവ്‌ എന്നൊക്കെ പറയുന്നത്‌ ഇതിനെത്തന്നെയല്ലേ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി രാമന്‍. ഒരു എട്ടാം ക്ലാസ്സുകാരന്റെ പ്രായത്തില്‍ താനും ഇങ്ങനെയൊക്കെത്തന്നെയായിരുന്നോ ചിന്തിച്ചിരുന്നത്‌? അറിഞ്ഞൂടാ. എങ്കിലും തന്റെ അന്നത്തെ ഇഷ്ടങ്ങളും ഇപ്പോഴത്തേതും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് തോന്നിയില്ല രാമന്‌.

"അച്ഛാ, അച്ഛനന്ന് ഞങ്ങളെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുവരാന്‍ വന്നപ്പോള്‍ കൊണ്ടുവന്ന ആ കാറെന്ത്യേ? കൊറോളയുടെ അടിപൊളി കാറായിരുന്നു അത്‌."

"അത്‌ അച്ഛന്റെ കമ്പനിയിലെയാണെടാ. എന്റെ സ്ഥിരം വണ്ടി ഈ ചടാക്ക്‌ പിക്കപ്പാണ്‌. ഇതുതന്നെ ജോലി സമയം കഴിഞ്ഞിട്ട്‌ വീട്ടിലേക്ക്‌ കൊണ്ടുപോരുന്നതിന്‌ എന്തോരം ആ മാനേജരുടെ കയ്യും കാലും പിടിച്ചൂന്നറിയോ നിനക്ക്‌?"

"അച്ഛന്‍ ഡ്രൈവറല്ലേ പിന്നെന്താ വണ്ടി കൊണ്ടുവന്നാല്‍?"

"ഡാ, അച്ഛന്‍ ഡ്രവറാണ്‌, വണ്ടിമുതലാളിയല്ല!"

പുറംകാഴ്ചകളുടെ കൗതുകങ്ങളില്‍ സേതു പിന്നെ അധികം സംസാരിച്ചില്ല. രാത്രി വെളിച്ചത്തില്‍ സ്വര്‍ണ്ണനിറമാര്‍ന്ന ഖത്തറിന്റെ തെരുവുകളിലൂടെ അവര്‍ സഞ്ചരിച്ചു. ഒരിക്കലും പാതിരായാവരുതേയെന്നും നേരം വെളുത്ത്‌ അച്ഛന്‍ ജോലിക്കു പോകരുതേയെന്നും അവന്‍ കൊതിച്ചു. ദോഹയുടെ ഭ്രമിപ്പിക്കുന്ന കൗതുകങ്ങള്‍ അവന്റെ കണ്‍കളില്‍ തെളിഞ്ഞു.

രാത്രി വളരെ വൈകി ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാമനെ തന്നോട്‌ ചേര്‍ത്തമര്‍ത്തിക്കൊണ്ട്‌ മല്ലിക പറഞ്ഞു - "ഇവിടെ എന്തു രസാ. വന്നിട്ട്‌ ഒരാഴ്ച കഴിഞ്ഞതറിഞ്ഞില്ല"

"വല്ലപ്പോഴും വന്നു നില്‍ക്കുമ്പോള്‍ രസം തന്നെയാണ്‌. പക്ഷേ പതിനഞ്ചു മണിക്കൂറോളം നിര്‍ത്താതെ പണിയേണ്ടി വരുമ്പോള്‍ ഇവിടം അത്ര രസകരമല്ല." അവളുടെ കയ്യില്‍ തലോടിക്കൊണ്ട്‌ രാമന്‍ മെല്ലെ പറഞ്ഞു.

ഒന്നുരണ്ടു കൊല്ലം മുന്‍പു വരെ എസിയില്ലാത്ത വണ്ടിയായിരുന്നു. മരുഭൂമിയുടെ തിളക്കുന്ന ചൂട്‌ മുഴുവന്‍ താനും അനുഭവിച്ചിട്ടുണ്ട്‌. രാത്രി ഒമ്പതുമണിക്ക്‌ പണികഴിഞ്ഞ്‌ ക്യാമ്പില്‍ ചെല്ലുമ്പോള്‍ വെള്ളമില്ല. ഒന്നു കുളിക്കാന്‍ പാതിരാത്രി വരെ കാത്തിരിക്കണം. ചോറുവക്കാന്‍ സമയമില്ല. കുബ്ബൂസില്‍ മാത്രം തളച്ചിടപ്പെട്ട രുചി. വെളുപ്പിനേ എണീറ്റ്‌ പോകണം. അന്നൊക്കെ ഉറപ്പിച്ചതാണ്‌ തിരിച്ച്‌ തന്റെ മണ്ണിലേക്കുള്ള പ്രയാണം. ശരിക്കു പറഞ്ഞാല്‍ വന്ന അന്നുമുതലേ ഈ മരുഭൂമി തന്റെ പണിയിടമല്ല എന്ന് ഒരു ഉള്‍ത്തോന്നല്‍ ഉണ്ടായതാണ്‌. എന്നിട്ടും... എന്നിട്ടും പന്ത്രണ്ട്‌ വര്‍ഷം. തിരിച്ചുപോക്കിനെക്കുറിച്ച്‌ ചിന്തിക്കാത്ത ഒരു നിമിഷമില്ല. സ്വപ്നങ്ങളിലെല്ലാം പറമ്പില്‍ വാഴവക്കുന്നതും പശുവിനെ തീറ്റുന്നതും പാവലത്തിന്‌ പന്തലിടുന്നതും, മുല്ലകൃഷി നടത്തുന്നതുമായിരുന്നു. മണ്ണാണ്‌ തന്റെ ജീവന്‍. ആ ജീവനെ ഉപേക്ഷിച്ച്‌ പന്ത്രണ്ട്‌ വര്‍ഷം, വിശ്വസിക്കാന്‍ കഴിയുന്നില്ല. ആവശ്യവും അനാവശ്യവും ആഡംബരവുമായി മല്ലികയുടെ ഓരോരോ നിര്‍ബ്ബന്ധങ്ങളില്‍ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ കൊഴിഞ്ഞു. ഇത്തവണ എന്തായാലും അവള്‍ക്ക്‌ പിടികൊടുക്കില്ലെന്ന് രാമനുറപ്പിച്ചു. ഏറിവന്നാല്‍ ആറുമാസം കൂടി. അതു കഴിഞ്ഞാല്‍ കെട്ടുകെട്ടുക തന്നെ. പിന്നെ പച്ചപ്പാണ്‌ തന്റെ ജീവിതം. മണ്ണിലേക്കാണ്‌ തിരിച്ചുപോവുന്നത്‌. എന്തായാലും സ്വന്തമായി ഒരു വീടായല്ലോ, അത്രയും ആശ്വാസം. മനസ്സു കുളിരുന്നു. രാമന്മനറിയാതെ മല്ലികയെ കെട്ടിപ്പിടിച്ചിരുന്ന കൈകള്‍ മുറുകി.

"എന്നും ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാന്‍ എനിക്കെത്ര കൊതിയുണ്ടെന്നറിയാമോ?" മല്ലിക പരിഭവം പറഞ്ഞു.

"എന്തായാലും അധികനാള്‍ ഇങ്ങനെ അകന്നു കഴിയേണ്ടി വരില്ല" എന്തോ മനസ്സില്‍ ഉറപ്പിച്ചിട്ടുതന്നെയാണ്‌ രാമനതു പറഞ്ഞത്‌.

"ഞാനും ഒരു കാര്യം പറയണമെന്ന് കരുതിയിരിക്ക്യാണ്‌. അല്ലെങ്കില്‍ വേണ്ട, പിന്നെപ്പറയാം" ബ്ലാങ്കറ്റ്‌ പതിയെ തലവഴി മൂടിക്കൊണ്ട്‌ മല്ലിക ഒന്നുകൂടി അവനോട്‌ ചേര്‍ന്നു കിടന്നു.

മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.....

ചെറിയ ശബ്ദത്തില്‍ പഴയ പാട്ടുകള്‍ കേള്‍ക്കുന്നതിലും ഇഷ്ടം രാമന്‌ മറ്റൊന്നുമുണ്ടായിരുന്നില്ല. ഈ പാട്ടുകള്‍ തന്നെയാണ്‌ മരുഭൂമിയാണെങ്കിലും ഇവിടെയും തനിക്ക്‌ കുളിര്‍മ്മ നല്‍കുന്നത്‌. പിന്നെ താജുവിന്റെയൊപ്പമുള്ള പക്ഷിനിരീക്ഷണവും. എല്ലാ വെള്ളിയാഴ്ചയും വെളുപ്പിനേ തന്നെ താജുവിന്റെയൊപ്പം കൂടും. നാട്ടില്‍ നഷ്ടപ്പെട്ടുപോയ പച്ചത്തുരുത്തുകള്‍ ഇവിടെ വീണ്ടെടുക്കാനായത്‌ ഇങ്ങനെ അവന്റെയൊപ്പം കിളികളൂടെ പുറകെ പോയിട്ടാണ്‌. ഒരു വെള്ളിയാഴ്ച വെളുപ്പിനേ തന്നെ സേതുവിനെയും മല്ലികയേയും കൂടെ കൂട്ടി. അല്‍പം കഴിഞ്ഞപ്പോഴേക്കും രണ്ടുപേര്‍ക്കും വെറുത്തുതുടങ്ങി, ഒപ്പം പുറത്ത്‌ ഡ്രെയിനേജിന്റെ വല്ലാത്ത ദുര്‍ഗന്ധവും.

"ഈ തീട്ടംവെള്ളത്തില്‍ കിടന്ന് കറങ്ങാനാണോ വെളുപ്പിനേ ഞങ്ങളെ വിളിച്ചോണ്ട്‌ വന്നത്‌? നല്ല നട്ടപ്രാന്ത്‌ തന്നെ" മല്ലികയുടെ വാക്കുകള്‍ ഡ്രൈവ്‌ ചെയ്തുകൊണ്ടിരുന്ന താജു കേട്ടു എന്ന് രാമന്‍ സന്ദേഹിച്ചു. അവന്റെ സ്വഭാവം വച്ച്‌ ഇപ്പോള്‍തന്നെ ഉരുളക്കുപ്പേരി പോലെ മറുപടിയും വരുമെന്ന് രാമനുറപ്പായിരുന്നു. പക്ഷേ പിന്നിലേക്ക്‌ തിരിഞ്ഞ്‌ രാമന്റെ ദയനീയ മുഖം കണ്ടപ്പോള്‍ താജു വാക്കുകള്‍ വിഴുങ്ങി.

ഉച്ചക്ക്‌ കഞ്ഞി വക്കാമെന്ന് കരുതി നല്ല മട്ട അരിയൊക്കെ വാങ്ങിയതായിരുന്നു. പക്ഷേ അവര്‍ക്ക്‌ കെയെഫ്‌സി തന്നെ വേണം. വന്നതില്‍ പിന്നെ മിക്ക ദിവസവും ഒരു നേരമെങ്കിലും അതു തന്നെയാണ്‌ തീറ്റ. രാമനാണെങ്കില്‍ ഇതൊന്നും ഇറങ്ങില്ല. പച്ചക്കറി മാത്രേ കഴിക്കൂ. പലപ്പോഴും സേതുവിനോട്‌ പറയാറുണ്ട്‌ - "ഡാ ഇതൊന്നുമല്ല നമ്മുടെ ഭക്ഷണം, നമ്മുടെ വയറിനും പോക്കറ്റിനും ഇതൊന്നും യോജിക്കില്ല മോനേ"
പിന്നെ ആലോചിച്ചു, എട്ടുപത്തുദിവസങ്ങള്‍ കൂടിയല്ലേ അവരിവിടുള്ളൂ, കഴിച്ചോട്ടെ.

അന്ന് രാത്രി തന്റെ തിരിച്ചു പോക്കിനെക്കുറിച്ച്‌ വീണ്ടും വീണ്ടും ആലോചിച്ചുകൊണ്ടു കിടന്നു രാമന്‍. ആറുമാസം എന്ന് കരുതിയിരുന്നത്‌ ഒന്നുകൂടെ നേരത്തേയാക്കാന്‍ പറ്റുമോ എന്ന് നോക്കണം. പക്ഷേ ഇവരെ ഒരു മാസത്തേക്ക്‌ ഇവിടെ കൊണ്ടുവന്നതിന്റെ കടം തീരണമെങ്കില്‍ ആറുമാസം എന്തായാലും പിടിക്കും. പോരെങ്കില്‍ ഇപ്പോ ഓവര്‍ടൈമും ഒന്നും കിട്ടുന്നില്ല. തന്റെ മണ്ണ്‌ അവിടുന്ന് തന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നു. ഇതാ രാമന്‍ വരുന്നു. മഴച്ചാറ്റല്‍ നനയാന്‍, തൂമ്പ പിടിച്ച്‌ ഉള്ളംകൈ പൊട്ടുവോളം മണ്ണില്‍ കിളക്കാന്‍, പുഴയിലൂളിയിടാന്‍, അതിരാവിലെ അമ്പലത്തില്‍ നിന്നും പി. ലീലയുടെ കീര്‍ത്തനം കേള്‍ക്കാന്‍... ഇതാ രാമന്‍ തയ്യാറെടുക്കുന്നു.

വസ്ത്രങ്ങളോരോന്നായുരിഞ്ഞ്‌ ഒരു സീല്‍ക്കാരത്തോടെ അവന്റെ മേല്‍ പടര്‍ന്നുകയറി മല്ലിക. ഇന്നെന്താണാവോ പതിവില്ലാതെ ഇത്ര ആവേശമെന്ന് കൗതുകപ്പെട്ടു രാമന്‍. വിയര്‍പ്പിലലിഞ്ഞ്‌ ഒരു ദീര്‍ഘസുരതത്തിന്റെ ആലസ്യത്തില്‍ രാമന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തി മല്ലിക മെല്ലെ പറഞ്ഞു - "ഞാനൊരു കാര്യം പറഞ്ഞാല്‍ സമ്മതിക്കുമോ"?

ഈയൊരു മുഖവുര അപകടകാരിയാണെന്ന് വര്‍ഷങ്ങളായുള്ള അനുഭവത്തിലൂടെ രാമന്‍ തിരിച്ചറിഞ്ഞു.

"ആദ്യം കാര്യം പറയൂ, എന്നിട്ട്‌ തീരുമാനിക്കാം സമ്മതിക്കണോ വേണ്ടയോ എന്ന്"

"നമ്മുടെ നാട്ടിലെ വീട്‌ വാടകക്ക്‌ കൊടുത്താലോ?"

"വാടകക്ക്‌ കൊടുക്ക്വേ? അപ്പോ നീയും സേതൂം പിന്നെ എവിടെ താമസിക്കും?"

"ഇവിടെ, രാമേട്ടന്റൊപ്പം"

"നിനക്കെന്താ വട്ടായോ! താജൂന്റെ അനിയന്‍ നാട്ടീപ്പോയ കാരണാണ്‌ ഈ ഫ്ലാറ്റ്‌ ഒരു മാസത്തേക്ക്‌ കിട്ടിയത്‌. അവരു വരുമ്പോ പിന്നെ എവിടെ താമസിക്കും?"

"നമുക്ക്‌ വാടകക്ക്‌ ഒരു ചെറിയ ഫ്ലാറ്റ്‌ നോക്കാന്നേ. എനിക്ക്‌ നാട്ടില്‍ നിന്ന് മടുത്തു. അവിടുത്തെ കൊതുകടിയും തുണികഴുകലും പാത്രം കഴുകലുമായി എന്റെ ജീവിതം മുരടിച്ചുപോവുകയേ ഉള്ളൂ."

"നീയെന്താ ഇവിടെ സ്വര്‍ഗരാജ്യമാണെന്നാണോ കരുതിയിരിക്കുന്നത്‌? എല്ലാ ദിവസവും തീറ്റ കെയെഫ്‌സിയാണെന്നാണോ ഉറപ്പിച്ചിരിക്കുന്നത്‌? വീട്ടുവാടക, നിത്യചെലവ്‌, കറണ്ട്‌, വെള്ളം, അവന്റെ പഠിപ്പ്‌ എല്ലാം കൂടി എത്ര ചെലവുണ്ടാവുമെന്ന് വല്ല ഊഹവുമുണ്ടോ? ഞാന്‍ വെറുമൊരു ഡ്രൈവറാണെന്ന് മറക്കണ്ട"

കടന്നല്‍ കുത്തേറ്റപോലെയായി മല്ലികയുടെ മുഖം. എങ്കിലും അവള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

"എനിക്കൊരു ആര്‍ഭാടവും വേണ്ട. പക്ഷേ ഞാനിനി തിരിച്ചുപോകുന്നില്ല. എനിക്കിവിടെ രാമേട്ടന്റെകൂടെ കഴിഞ്ഞാല്‍ മതി"

"അപ്പോ എന്റെ കൂടെ കഴിയുക എന്നുള്ളതാണോ നിന്റെ പ്രശ്നം?"

"ങാ, അതെ അതുതന്നെയാ"

"അതിന്‌ എന്റെ കയ്യില്‍ പരിഹാരമുണ്ട്‌. എല്ലാ കാര്യങ്ങളും ഞാന്‍ ആലോചിച്ച്‌ ഉറപ്പിച്ചിട്ടുണ്ട്‌. അടുത്ത ആറുമാസത്തിനുള്ളില്‍ ഞാന്‍ ജോലി മതിയാക്കി തിരിച്ചു വരുകയാണ്‌. നിനക്ക്‌ എന്റൊപ്പം കഴിയാന്‍ തിടുക്കം കൂടുതലാണെങ്കില്‍ അത്‌ മൂന്നുമാസമാക്കാന്‍ എനിക്ക്‌ സന്തോഷം മാത്രേള്ളൂ"

"അയ്യോ അതെങ്ങിനെ ശരിയാവും?" അരുതാത്തതെന്തോ കേട്ടപോലെ മല്ലികയുടെ മുഖം വലിഞ്ഞുമുറുകി.

"അതെന്താ ശരിയാവാത്തേ?"

"ഇനിയും എന്തെല്ലാം കാര്യങ്ങളാ ഞാന്‍ ആലോചിച്ച്‌ വച്ചിരിക്കുന്നതെന്നറിയോ? ഇത്രേം പൈസയുണ്ടാക്കാന്‍ നാട്ടില്‍ നിന്നാല്‍ പറ്റുമോ?"

"വേണ്ട, ഇത്രയും പൈസ വേണ്ട. അത്യാവശ്യം കഴിഞ്ഞ്‌ കൂടാനുള്ളത്‌ കിട്ടിയാല്‍ മതി. പിന്നെ പറമ്പില്‍ അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഇപ്പൊഴുമുണ്ട്‌"

തികച്ചും അവിശ്വസനീയമായ വാക്കുകള്‍ മല്ലികയുടെ മുഖം വിവശമാക്കി. അവളുടെ ആലിംഗനത്തിന്റെ മുറുക്കവും ചൂടും പെട്ടെന്ന് കുറഞ്ഞോ എന്ന് ഒരു നിമിഷം രാമന്‌ തോന്നി.

വല്ലാത്ത അസ്വസ്ഥതയോടെയാണ്‌ പിറ്റേന്ന് രാമനുണര്‍ന്നത്‌. രാത്രി ഉറങ്ങിയില്ലെന്ന് തന്നെ പറയാം. പന്ത്രണ്ട്‌ വര്‍ഷത്തോളം ഇവിടെ കരിഞ്ഞുതീര്‍ത്തിട്ടും താന്‍ തിരിച്ചു ചെല്ലുന്നതിനെ ഉള്‍ക്കൊള്ളാനവള്‍ക്ക്‌ കഴിയുന്നില്ല. അപ്പോ തന്റെ സാമീപ്യത്തേക്കാള്‍ റിയാലിന്റെ സാമീപ്യമാണ്‌ അവള്‍ക്ക്‌ പ്രിയങ്കരം. ഇനിയും വാങ്ങിക്കൂട്ടാനുള്ള സൗകര്യങ്ങളുടെയും സാധനങ്ങളുടെയും ആശങ്കയിലാണ്‌ അവള്‍. വല്ലാത്ത ഒരു പുകച്ചില്‍ പോലെ തോന്നി രാമന്‌. വന്ന അന്നുമുതല്‍ താന്‍ സ്വപ്നം കണ്ടിരുന്ന ആ തിരിച്ച്‌ പോക്ക്‌ തൊട്ടടുത്തെത്തി എന്ന് ആവേശം കൊള്ളുമ്പോള്‍, വീണ്ടും അനന്തമായ പ്രവാസത്തിലേക്ക്‌ എടുത്തെറിയപ്പെടുകയാണോ. ഇവരിവിടെ ആറുമാസം നില്‍ക്കുന്ന കടം വീട്ടാന്‍ താനിനിയും മറ്റൊരു ആറുവര്‍ഷം കൂടി നില്‍ക്കേണ്ടി വന്നേക്കും.

അന്ന് പകലിന്‌ പതിവിലേറെ ചൂടുതോന്നി രാമന്‌. ഒപ്പം ശക്തമായ പൊടിക്കാറ്റും. ദൂരെ മരുഭൂമിയില്‍ ഇലക്ട്രിക്‌ ടവര്‍ പണിയുന്ന ലേബേഴ്സിന്‌ ഭക്ഷണം കൊണ്ടുപോവുകയായിരുന്നു. രാവിലെ തന്നെ എസി പണിമുടക്കി. അമ്പതു ഡിഗ്രിയില്‍ മണല്‍ തിളക്കുന്നു. പൊടിക്കാറ്റു കാരണം ഗ്ലാസ്‌ താഴ്ത്താനും വയ്യ, ഉള്ളിലും പുറത്തും കനലുമായി ഒരു പകലൊന്നു താണ്ടാന്‍ രാമനേറെ കഷ്ടപ്പെട്ടു.

"അച്ഛാ, ഞാനിവിടെ ബിര്‍ള സ്കൂളിലാണോ ഇനി പഠിക്കാന്‍ പോകുന്നത്‌?"

കരിഞ്ഞുവാടി മുറിയില്‍ ചെന്നപ്പോള്‍ രാമനെ എതിരേറ്റത്‌ സേതുവിന്റെ ചോദ്യമാണ്‌. താഴെനിന്ന് മണലൊലിച്ചുപോകുന്നപോലെ തോന്നി രാമന്‌.

"എന്നാരു പറഞ്ഞു?"

"അമ്മ പറഞ്ഞല്ലോ, ഞങ്ങളിനി നാട്ടിലേക്ക്‌ പോകുന്നില്ല. പുതിയ മുറി വാടകക്കെടുത്ത്‌ ഇവിടെ തന്നെയാണ്‌ താമസിക്കുന്നതെന്ന്"

പകലത്തെ കനല്‍ച്ചൂടിനേക്കാള്‍ ഉഷ്ണം തോന്നി അയാള്‍ക്ക്‌. തല്‍ക്കാലം അവനെ എന്തെങ്കിലും പറഞ്ഞ്‌ മനസ്സിലാക്കാനാവുമെന്ന് രാമന്‌ തോന്നിയില്ല. ക്ഷീണം... തീരെ വയ്യ. ഒന്നു കിടക്കണം ആദ്യം. ചെറുതായൊന്ന് മയങ്ങിയപ്പോഴാണ്‌ മല്ലിക വിളിച്ചുണര്‍ത്തിയത്‌.

"എന്താ ഇന്നൊന്നും കഴിക്കണ്ടേ?"

അവള്‍ വരുന്നത്‌ കാത്തിരിക്കുകയായിരുന്നു ഏറെനാള്‍. അവിയലും കിച്ചടിയും മൊളോഷ്യവുമൊക്കെ നാവിന്‍ തുമ്പിലുണ്ട്‌.

"എന്താ വച്ചിട്ടുള്ളത്‌ കൂട്ടാന്‍?"

"അയ്യോ ഞാനൊന്നും വച്ചില്ല. ഇന്ന് പിസ കഴിക്കാമെന്ന് കഴിഞ്ഞാഴ്ച തന്നെ സേതൂനോട്‌ പറഞ്ഞതല്ലേ?"

അതെ അവര്‍ പിസയും കോഴിയും ബിരിയാണിയും ബാര്‍ബിക്യൂവുമായി ആഘോഷിക്കുന്നു. കരക്ക്‌ പിടിച്ചിട്ട മീനെപ്പോലെ താനിങ്ങനെ പിടയുകയും.

"ഒരു ദിവസമെങ്കിലും നീയെന്തെങ്കിലും വച്ചുണ്ടാക്ക്‌ മല്ലികേ.." ഒരു യാചനയുടെ സ്വരത്തിലാണ്‌ രാമന്‍ പറഞ്ഞ്‌ നിര്‍ത്തിയത്‌.

"ഇവിടെ വന്നാലെങ്കിലും ഈ അടുക്കളേന്നൊന്ന് രക്ഷപ്പെടാമെന്നാ ഞാന്‍ കരുത്യേ" പരിഭവത്തിന്റെ കയ്പ്‌ നിറച്ച മല്ലികയുടെ വാക്ക്‌ കേട്ടപ്പോള്‍ രാമന്‍ പതുക്കെ കണ്ണുകളടച്ചു. പിന്നെ ആകെയുള്ള മുപ്പത്‌ ദിവസങ്ങളെ വെറുതെ നശപ്പിക്കണ്ടാന്ന് കരുതി രാമന്‍ ഷര്‍ട്ടെടുത്തിട്ട്‌ പതിയെ വണ്ടിയിലേക്ക്‌ കയറി.

പിറ്റേന്ന് അതിരാവിലെ വണ്ടിയുമായി ഇറങ്ങുമ്പോള്‍ വൈകീട്ട്‌ വന്നിട്ട്‌ അവളെ എല്ലാം പറഞ്ഞ്‌ മനസ്സിലാക്കണം എന്നുറപ്പിച്ചു. കാര്യങ്ങളും ചെലവുകളും എല്ലാം വിശദീകരിച്ച്‌ പറഞ്ഞാല്‍ അവള്‍ക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. അവള്‍ക്കെന്നല്ല ആര്‍ക്കും മനസ്സിലാവും ഈ കാര്യങ്ങള്‍. അവള്‍ക്കിഷ്ടപ്പെട്ട എന്തെങ്കിലും വൈകീട്ട്‌ വാങ്ങിക്കൊണ്ടു പോകണം. എന്തായാലും അവളുടെ മനസ്സുമാറ്റാന്‍ പറ്റുമെന്ന് തന്നത്താന്‍ ഒന്നുകൂടി ഉറപ്പിച്ചു രാമന്‍. അന്നത്തെ പകല്‍ പെട്ടെന്ന് തീര്‍ന്നപോലെ തോന്നി.

സന്ധ്യമയങ്ങും നേരം
ഗ്രാമ ചന്ത പിരിയുന്ന നേരം
ബന്ധുരേ, രാഗ ബന്ധുരേ...

കാസറ്റില്‍ നിന്നുള്ള നനുത്ത ഗാനം അയാളെ പുളകം കൊള്ളിച്ചു. ഉഷസ്സന്ധ്യയുടെ സാന്ത്വനം രാമനില്‍ നിറഞ്ഞു. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം നേരത്തേ പോകണം. പ്രേമാര്‍ദ്രമായി പ്രകൃതി തന്നെക്കാത്തിരിക്കുന്നുണ്ട്‌ അവിടെ.

കഴിഞ്ഞ ദിവസത്തേതിന്‌ വിപരീതമായി തികച്ചും ഉല്ലാസവാനായിട്ടാണ്‌ അയാളന്ന് വൈകീട്ട്‌ മുറിയിലെത്തിയത്‌.

"എടീ ഇനി പോകാന്‍ മൂന്നാലു ദിവസമല്ലേ ഉള്ളൂ. നീ ഒരുങ്ങിക്കോ. നമുക്ക്‌ ലുലുവിലൊന്ന് പോകാം. എന്തൊക്കെയാ വാങ്ങേണ്ടതെന്നുവച്ചാല്‍ ലിസ്റ്റുണ്ടാക്കിക്കോ."

പതിവില്ലാത്ത ഒരു ചുംബനത്തിന്റെ അകമ്പടിയോടെ മല്ലിക പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

"എന്നെ വഴക്ക്‌ പറയരുത്‌. ഒന്നുരണ്ട്‌ കാര്യങ്ങള്‍ ഞനിന്ന് ശരിയാക്കി. രാവിലെ നാട്ടിലേക്ക്‌ വിളിച്ചപ്പോള്‍ അനിയനോട്‌ പറഞ്ഞ്‌ അവന്റെ ടിസിക്കുള്ള ആപ്ലിക്കേഷന്‍ കൊടുത്തു. പിന്നെ അപ്പുറത്തെ മുറിയിലെ രാജുവിന്റെ ഭാര്യ സുനന്ദ പറഞ്ഞു അടുത്ത റൗണ്ടെബൗട്ടിനടുത്ത്‌ ഒരു ചെറിയ മുറിയും അടുക്കളയും കുറഞ്ഞ വാടകക്ക്‌ കിട്ടാനുണ്ടെന്ന്. അഡ്വാന്‍സ്‌ ഒന്നും കൊടുക്കണ്ടാത്രേ. രാമേട്ടന്റെ കണക്കെഴുതുന്ന പുസ്തകത്തിലുണ്ടായിരുന്ന അഞ്ഞൂറു റിയാല്‍ ഞാനവര്‍ക്ക്‌ കൊടുത്തിട്ടുണ്ട്‌, ആ റൂമൊന്ന് ബുക്കു ചെയ്തിടാന്‍"

പെട്ടെന്ന് വീശിയടിച്ച ഒരു മണല്‍ക്കാറ്റിലകപ്പെട്ട പോലെ തോന്നി രാമന്‌. കാഴ്ച മറയുന്നു. വന്യമായ ചൂട്‌ തന്നിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നു. അപരിചിതയായ ഏതോ ഒരു സ്ത്രീയെയെന്ന പോലെ രാമന്‍ മല്ലികയെ തുറിച്ചുനോക്കിക്കൊണ്ട്‌ നിന്നു. പിന്നെ യാന്ത്രികമായെന്നോണം പതുക്കെ താഴെയിരുന്നു. ശീതീകരണി മുറിയിലാകെ ഊതിനിറച്ച കൊടും തണുപ്പ്‌ രാമന്‍ അറിഞ്ഞതേയില്ല. ഉഷ്ണം കനക്കുന്ന മരുഭൂമിയിലേക്ക്‌ ഒരു ദീര്‍ഘയാത്ര പുറപ്പെടുന്ന പോലെ അയാള്‍ വിഹ്വലനായി. പാതി മുറിഞ്ഞ ഏതോ പ്രിയഗാനം പോലെ, അവനില്‍ മൗനം പെരുത്തു

Friday, March 05, 2010

തട്ടേക്കാട് - സ്വപ്നത്തിലൂടെയൊരു യാത്ര

നല്ലപാതിയെ ചേര്‍ത്തലയില്‍ വീട്ടിലാക്കി തിരിച്ചുപോരുന്ന വഴിക്കാണ്‌ അങ്കമാലിയിലെത്തിയപ്പോള്‍ ഒന്ന് തട്ടേക്കാട്‌ പോയാലോ എന്ന് മോഹമുദിച്ചത്‌. ട്രാന്‍സ്പോര്‍ട്ട്‌ ഓര്‍ഡിനറി ബസ്സിലെ യാത്ര തിരക്കില്ലാത്തപ്പോഴാണെങ്കില്‍ സുഖകരമാണ്‌. ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ഓര്‍ഡിനറിയാണെങ്കില്‍ ഒരു സൂപ്പര്‍ ഫാസ്റ്റിന്റെ ഫലവു ചെയ്യും. ക്രിസ്തുമസ്‌ ദിനമായിരുന്നു. ബസ്സിലും റോഡിലും അധികം തിരക്കില്ല. ഇടക്ക്‌ ചില പള്ളികളില്‍ നിന്ന് കുര്‍ബ്ബാന കഴിഞ്ഞ്‌ ഒരുപാടാളുകള്‍ ഇറങ്ങിവരുന്നുണ്ടായി. നേരിയ തണുപ്പുണ്ട്‌. പ്രസന്നമായ അന്തരീക്ഷം. ഇടത്‌ വശത്ത്‌ നല്ലൊരു വിന്‍ഡോ സീറ്റും കൂടി കിട്ടിയപ്പോള്‍ ചേര്‍ത്തല മുതല്‍ അങ്കമാലി വരെ യാത്ര സുഖം. ഓരോ തവണ ലീവിന്‌ വരുമ്പോഴും റോഡിനിരുവശത്തും ഉണ്ടാകുന്ന മാറ്റങ്ങള്‍ കൗതുകകരമാണ്‌. ഗ്രാമങ്ങള്‍ തീര്‍ത്തും അന്യമായിക്കൊണ്ടിരിക്കുന്നു. ഹൈവേയില്‍ കൂടി പോവുകയാണെങ്കില്‍ ഒരു ടൗണിന്റെ തുടര്‍ച്ചയാണ്‌ അടുത്ത ടൗണ്‍. നഗരങ്ങള്‍ ഗ്രാമങ്ങളിലേക്ക്‌ പടര്‍ന്നുകൊണ്ടിരിക്കുന്നു.

അങ്കമാലിയില്‍ ആനന്ദഭവനില്‍ നിന്ന് ഒരു നെയ്‌റോസ്റ്റും കാപ്പിയും. കഴിച്ചുകൂട്ടാം അത്രേ ഉള്ളൂ. ക്രിസ്തുമസ്‌ ദിനത്തില്‍ സ്റ്റാഫ്‌ കുറവായതിനാലാകണം കുറെ സമയം പിടിച്ചു വല്ലതും കിട്ടാന്‍, നല്ല തിരക്കും. ഇനി തട്ടേക്കാടാണ്‌ ലക്ഷ്യം. ഞാനാണെങ്കില്‍ ഇതിനു മുന്‍പ്‌ ഒരിക്കല്‍ മാത്രേ അവിടെ പോയിട്ടുള്ളൂ അതും പഠനകാലത്ത്‌. കോതമംഗലത്തെത്തിയിട്ടു വേണം പോകാന്‍. എപ്പോഴും ധാരാളം ബസ്സുകള്‍ ഉള്ള റൂട്ടാണെങ്കില്‍ ബസ്സുകള്‍ മുറിച്ച്‌ മുറിച്ച്‌ കയറുന്നതാണ്‌ അഭികാമ്യം. ഒറ്റയാത്രയുടെ വിരസത ഒഴിവാവും, ഇടക്കല്‍പം വിശ്രമവും. അങ്കമാലി - പെരുമ്പാവൂര്‍ - കോതമംഗലം - തട്ടേക്കാട്‌ റൂട്ടില്‍ ഇഷ്ടം പോലെ ബസ്സുകള്‍ എപ്പോഴും ഉള്ള കാരണം പെരുമ്പാവൂര്‍ക്കാണ്‌ ആദ്യം പോയത്‌. കാലടിയില്‍ പെരിയാറിന്റെ മുകളിലൂടെ അതിദീര്‍ഘമായ പാലത്തിലൂടെ കടന്നുപോയപ്പോള്‍ അവിടെയിറങ്ങി അല്‍പം ചിത്രങ്ങള്‍ എടുക്കാന്‍ തോന്നി. ബസ്‌ യാത്രയുടെ അസൗകര്യം ഇതാണ്‌, നമുക്കു വേണ്ടി അത്‌ നിര്‍ത്തിത്തരില്ലല്ലോ. വിശാലമായിട്ടുള്ള മണ്‍തിട്ടകളില്‍ നിറയെ പുല്ലുകള്‍ കാടുപോലെ തഴച്ചുവളര്‍ന്ന് നില്‍ക്കുന്നു, പുഴയുടെ നടുവില്‍. രണ്ടുവശത്തുള്ള ഒഴുക്കുമാത്രമേ ഉള്ളൂ. ആറര രൂപയുടെ വഴി അരമണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നു. പെരുമ്പാവൂര്‍ നിന്ന് ഉടന്‍ തന്നെ കോതമംഗലം ബസ്സ്‌ പിടിച്ചു. വളരെ റാഷ്‌ ആയ ഡ്രൈവ്‌ ആണ്‌ പ്രൈവറ്റ്‌ ബസ്സുകളുടേത്‌ എന്ന് പറയേണ്ടല്ലോ. ഒമ്പതര രൂപയുടെ പെരുമ്പാവൂര്‍ കോതമംഗലം വഴിയും ഏതാണ്ട്‌ അര മണിക്കൂറിനുള്ളില്‍ എത്തി. ഇടക്ക്‌ ഓടക്കാലി എന്ന സ്ഥലം കണ്ടപ്പോള്‍ സംഗീതവിദുഷി ശങ്കരന്‍ നമ്പൂതിരിയെ ഓര്‍ത്തുപോയി. സ്കൂള്‍ സര്‍വ്വകലാശാല യുവജനോത്സവങ്ങളില്‍ ശാസ്ത്രീയ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ പുരസ്കാരങ്ങളും നേടി ഓടക്കാലി എന്ന സ്ഥലത്തെ മലയാളികള്‍ക്കെല്ലാവര്‍ക്കും സുപരിചിതമാക്കിയ സംഗീത വിദ്വാനാണ്‌ അദ്ദേഹം. കോതമംഗലത്തെത്തിയപ്പോള്‍ ആദ്യം കണ്ട വണ്ടി ട്രാന്‍സ്പോര്‍ട്ട ആണ്‌. മണികണ്ഠന്‍ചാല്‍ എന്ന സ്ഥലത്തേക്ക്‌ പോകുന്ന ബസ്സായിരുന്നു. കണ്ടക്ടറുടെ അടുത്തുള്ള സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു. തിരക്കുവന്നാല്‍ ചാടി ഇറങ്ങേണ്ടതല്ലേ, സ്ഥലവും പരിചയമില്ലല്ലോ. ടിക്കറ്റെടുത്തപ്പോള്‍ ആദ്യമേ പറഞ്ഞു ശട്ടം കെട്ടി വഴിയറിയില്ല, കൃത്യസ്ഥലത്ത്‌ ഇറക്കിത്തരണമെന്ന്. കട്ടിക്കാവിയുടെ ഷര്‍ട്ടും മുണ്ടുമൊക്കെ കണ്ട്‌ കണ്ടക്ടര്‍ക്ക്‌ ആളത്ര അപകടകാരിയല്ല എന്ന് തോന്നിയിട്ടാവും കക്ഷി കാര്യം ഏറ്റു. ആറര രൂപയുടെ വഴിയുണ്ട്‌. വഴിക്കിരുവശവും അത്യാഢംബരപൂര്‍ണ്ണമായ വീടുകള്‍ വളരെയധികം കാണാം. കുറച്ചുകൂടി ചെല്ലുമ്പോള്‍ ടാറിടാത്ത റോഡുകള്‍ ധാരാളമായിട്ടുണ്ട്‌. എന്റെ വീടൊക്കെ ഇരിക്കുന്ന ഇരിക്കുന്ന സ്ഥലം ഒരു ഗ്രാമമാണെങ്കില്‍ പോലും ഏറ്റവും ചെറിയ ഇടവഴികള്‍ പോലും ടാര്‍ ചെയ്തതാണ്‌. ചെമ്മണ്‍ നിരത്ത്‌ എന്നത്‌ പുതുതലമുറക്ക്‌ അന്യമാണ്‌.

തട്ടേക്കാട്‌ ഇറങ്ങിയപ്പോള്‍ തന്നെ ദ്വാരപാലകര്‍ പറഞ്ഞു ഉള്ളില്‍ കാട്ടിലേക്ക്‌ ഗൈഡില്ലാതെ പ്രവേശിപ്പിക്കില്ല, ആനയിറങ്ങുന്നതാണ്‌, ഗേറ്റ്‌ ലോക്ക്‌ ചെയ്തിരിക്കുകയാണ്‌ എന്നൊക്കെ. ഒരാള്‍ക്ക്‌ പ്രവേശനഫീസ്‌ പത്തുരൂപ. ക്യാമറക്ക്‌ 25ഉം. താഴെയുള്ള വനത്തിലേക്ക്‌ വേണമെങ്കില്‍ പോകാം പക്ഷേ സ്വന്തം റിസ്കില്‍. കാട്ടിലേക്ക്‌ പോകാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അവിടെ കാണാന്‍ അധികമൊന്നുമില്ല. ഒരാളെക്കൂടി കമ്പനി കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോയി. ഒരു ലാന്റ്ക്രൂയിസറിനെ ഒരു ചെറിയ ട്രക്കിന്റെ രൂപത്തിലാക്കി ഒരു വിദേശിസംഘം അവിടെ താവളമടിച്ചിരിക്കുന്നു. പക്ഷികളെ അധികം കിട്ടിയില്ലെങ്കിലും മനോഹരമായ പ്രകൃതിയുടെ കുറച്ചു ചിത്രങ്ങളെടുത്തു. രണ്ടുവശവും ഇല്ലിക്കാടുകള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന വഴിത്താരയിലൂടെയുള്ള നടത്തം എത്ര ഉന്മേഷദായകമാണെന്ന് പറക വയ്യ.

IMG_0714

ആ വഴിയിലൂടെ അല്‍പം കൂടി നടന്നാല്‍ കാട്ടിലേക്കുള്ള പാത തുടങ്ങുകയായി. അവിടെ ഗേറ്റ്‌ താഴിട്ട്‌ ബന്ധിച്ചിട്ടുണ്ട്‌. പൊതു അവധി ദിവസമായതിനാല്‍ മദ്യപിച്ച്‌ ലക്കുകെട്ട്‌ പലരും വനത്തിലേക്ക്‌ പോയി അപായമുണ്ടാക്കാതിരിക്കാനായി വനപാലകര്‍ തന്നെ വഴി അടച്ചതാണ്‌. മാനത്തേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ വെളിച്ചം അരിച്ചരിച്ചാണ്‌ താഴെയെത്തുന്നത്‌. എത്രമനോഹരമാണ്‌ ആ കാഴ്ച അല്‍പം ഭയപ്പെടുത്തുന്നതും.

IMG_0737

കാട്ടിലേക്ക്‌ പോകാന്‍ കഴിയാത്തതിനാല്‍ അവിടെ വച്ച്‌ തിരിക്കേണ്ടി വന്നു. വനപാലകര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സ്‌ കണ്ടു. അതിനു മുന്നിലായി ഒരു തടാകം പോലെ വെള്ളം. അതിലേക്കിറങ്ങുന്ന കല്‍പ്പടികളും കടവിലേക്ക്‌ തുറന്നുകിടക്കുന്ന ഗേറ്റും. തികച്ചും ഒരു സ്വപ്നം പോലുള്ള കാഴ്ച തന്നെയായിരുന്നു അത്‌. സ്വപ്നത്തിലേക്ക്‌ തുറക്കുന്ന വാതില്‍.

Open to dreams

പടിയിറങ്ങിച്ചെന്നപ്പോള്‍ പ്രതിബിംബങ്ങളുടെ മാസ്മരികതയാണ്‌ എതിരേറ്റത്‌. ഇല്ലിമുളങ്കാടുകള്‍ വെള്ളത്തോട്‌ കിന്നരിക്കുന്നതും, ചെറുകാറ്റിലെ കുഞ്ഞോളങ്ങളും, മണല്‍ക്കൂമ്പാരങ്ങളില്‍നിന്നും അവധിയാഘോഷിക്കാനെത്തുന്നവന്‌ അമൃതുതന്നെ. മറ്റേതോ തലങ്ങളിലേക്ക്‌ നമ്മെ ചിറകേറ്റിക്കൊണ്ടുപോകുന്ന അനുഭവമാണ്‌ അല്‍പസമയം അവിടെ ചെലവഴിക്കുമ്പോഴേക്കും നമുക്കു ലഭിക്കുക.

IMG_0763

IMG_0772

ആ തടാകത്തിന്റെ തീരത്തുകൂടെ അല്‍പം നടക്കാന്‍ തന്നെ തീരുമാനിച്ചു. കരിയിലക്കൂട്ടങ്ങളെയും ചെറുചെടികളെയും വകഞ്ഞുമാറ്റി സുന്ദരമായ ഒരു ചെറുനടത്തം. മരങ്ങളുടെയും ഇലകളുടെയും ഇരുണ്ട നിഴലില്‍ പലതരം പക്ഷികളുടെ കൂജനങ്ങള്‍. നിശ്ശബ്ദതയുടെ സാന്ത്വനവുമായി നേരിയ ഒരു കാറ്റ്‌ തഴുകിക്കടന്നുപോകുന്നു. സുഖം. അല്‍പം അകലെ തെളിനീരിന്റെ പശ്ചാത്തലത്തില്‍ തലചെരിച്ചു നോക്കുന്ന ഒരു സുന്ദരിപ്പക്ഷി (താജുക്കാ, ക്ഷമിക്കണം പേരറിയില്ല).

IMG_0821 copy

കുറച്ചു കൂടി നടന്നപ്പോള്‍ കരയിലെ മരത്തില്‍ ചേര്‍ത്തുകെട്ടിയിരിക്കുന്ന ഒരു തോണി. ബന്ധനം ബന്ധനം തന്നെയാണെങ്കിലും ആ സൗന്ദര്യം എത്രയാണ്‌ നമ്മെ വശീകരിക്കുക എന്ന് പറയാന്‍ വാക്കുകളില്ല. ഹരിതം മനസ്സിനെ കീഴടക്കുന്നു. പ്രതിബിംബങ്ങള്‍ സ്വപ്നച്ചിറകുകളിലേറ്റി നിങ്ങളെ വാനിലുയര്‍ത്തുന്നു. മാസ്മരികമായ കാഴ്ചതന്നെ.

Evergreen Reflections

വാലന്റൈന്‍സ്‌ ഡേയ്ക്ക്‌ തയ്യാറെടുക്കുന്ന ചില കുരങ്ങുകളുടെ ചിത്രം അവിടെ നിന്നും കിട്ടി. മാനുകളുടെയും മ്ലാവുകളുടെയും വേറെ ചില മൃഗങ്ങളുടെയും സാന്നിദ്ധ്യം നിങ്ങളെ അത്രയധികം ആഹ്ലാദിപ്പിക്കല്ല, കാരണം അവയെല്ലാം ബന്ധിതരത്രേ. കൂട്ടിലിട്ട ജീവികള്‍ പാരതന്ത്ര്യത്തിന്റെ വേദനയുമായായിരിക്കും നിങ്ങളോട്‌ സംവദിക്കുക. വന്യതയുടെ ആസ്വാദ്യത നുകരാന്‍ അവര്‍ക്കാവില്ലല്ലോ. കമ്പിയഴികളുടെ വിറങ്ങലിച്ച തടവ്‌, കേവലം നിസ്സംഗത മാത്രമേ നിങ്ങളുടെ കണ്ണുകളിലേക്ക്‌ പകരൂ.

IMG_0884 copy

IMG_0842

ഏതോ സ്കൂളില്‍ നിന്ന് വന്ന ഒരുപറ്റം ആണ്‍കുട്ടികളും പെണ്‍കുട്ടികളും കലപിലാന്ന് സംസാരിച്ചുകൊണ്ട്‌ അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായി. കാടിന്റെ വന്യതയും സൗന്ദര്യവും അധികം പേരും ആസ്വദിക്കുന്നതായി തോന്നിയില്ല. അടുത്തുതന്നെ പൊളിഞ്ഞുകിടക്കുന്ന ഒരു കെട്ടിടം അല്‍പം നിഗൂഢമായിത്തോന്നി. അരണ്ട വെളിച്ചം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

IMG_0868


ഒരു ചെറിയ കറക്കത്തിനുശേഷം പുറത്തിറങ്ങി. മൂന്നോ നാലോ പെട്ടിക്കടകളുള്ള ഒരു ചെറിയ ഗ്രാമപ്രദേശമാണ്‌ അത്‌. പക്ഷിസങ്കേതത്തിന്‌ നേരെ എതിരായി തട്ടേക്കാട്‌ മഹാദേവ ക്ഷേത്രമുണ്ട്‌.വലിയ അമ്പലമാണെങ്കിലും അത്ര പൗരാണികമായിട്ടൊന്നും കണ്ടില്ല. പുതുമയുടെ പണികളാണേറെയും കണ്ടത്‌. കോണ്‍ക്രീറ്റ്‌ പണികള്‍ പക്ഷേ കണ്ണിന്‌ അത്ര ആനന്ദകരമല്ല. ആദ്യത്തെ കടയില്‍ തന്നെ സംഭാരം ചോദിച്ചപ്പോള്‍ കഴിഞ്ഞുവത്രേ. തൊട്ടടുത്ത കടയില്‍ അല്‍പം പ്രായം ചെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവര്‍ ഒരു ഉഗ്രന്‍ സംഭാരം ഉണ്ടാക്കിത്തന്നു. എന്താ അതിന്റെയൊരു സ്വാദ്‌!! ആ പെട്ടിക്കടകളുടെ പുറകില്‍ ജലശേഖരം പരന്നു കിടക്കുന്നുണ്ടായി, നിങ്ങളുടെ കണ്ണുകളെ വിരുന്നൂട്ടാന്‍. മനോഹരമായിരുന്നു പരന്നുകിടക്കുന്ന ആ ജലപ്രതലവും ചുറ്റും നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പും.

IMG_0897

പിന്നെ അല്‍പം വനപ്രദേശത്തുകൂടി നടന്നു. ഒറ്റക്കുള്ള യാത്ര അത്ര സുഖകരമായി തോന്നിയില്ല (അല്ലാതെ ആനയെ പേടിച്ചിട്ടൊന്നുമല്ല...!!!) അതുകാരണം അധികം ഉള്ളിലെക്ക്‌ പോയില്ല.

IMG_0911

അല്‍പദൂരം തിരിച്ചു നടന്നപ്പോള്‍ ഒരു ചെറിയ പാലം കണ്ടു. എങ്കില്‍പ്പിന്നെ അതിനു മുകളില്‍ നിന്നാല്‍ വല്ലതും ചിത്രങ്ങള്‍ കിട്ടുമോ എന്ന് നോക്കാനായി അങ്ങോട്ടു നടന്നു. വളരെ മനോഹരമായ പ്രകൃതിയുടെ മോഹനമായ ഒരു ദൃശ്യമാണ്‌ അവിടുന്നു ലഭിച്ചത്‌. ജലത്തില്‍ പ്രതിഫലിക്കുന്ന മരങ്ങളുടെയും ചെടികളുടെയും ഹരിതാഭമായ ചിത്രങ്ങളും അകലെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും നിങ്ങളുടെ മനസ്സിനെ അഭൗമമായ തലങ്ങളിലേക്കെത്തിക്കും. കുറച്ചു ചിത്രങ്ങള്‍ കൂടി എടുത്ത്‌ ആ യാത്ര അങ്ങിനെ അവസാനിപ്പിച്ചു.

IMG_0932

രാവിലെയുണ്ടായിരുന്ന തിരക്കു കുറഞ്ഞ യാത്രയുടെ സൗന്ദര്യവും സൗകര്യവുമൊന്നും ഉച്ചകഴിഞ്ഞ്‌ കിട്ടിയില്ല. ക്രിസ്മസ്‌ ദിനമായതിനാല്‍ ഉച്ചകഴിഞ്ഞതോടെ ജനമെല്ലാം പുറത്തിറങ്ങിത്തുടങ്ങി. ബസ്സുകളിലെല്ലാം അസാദ്ധ്യ തിരക്ക്‌. തിരിച്ച്‌ വീട്ടിലെത്തിയപ്പോഴേക്കും സൗജന്യമായി ഒരു പിഴിച്ചില്‍ കഴിഞ്ഞപോലായി. എന്തായാലും ഒഴിവുകാലത്തില്‍ ഏറെ ആസ്വദിച്ച ഒരു ദിവസം കൂടി.

ഒഴിവുകാല കുറിപ്പുകള്‍

ഒരു കുഞ്ഞുമഴ

പെട്ടെന്ന് മാനത്ത്‌ വെള്ളിമിന്നല്‍, കൂട്ടുകൂടി പടഹമായി ഇടിവെട്ടും. മാനം പൊട്ടിയൊലിച്ച്‌ മണ്ണിലേക്ക്‌. ശീമക്കൊന്നപ്പൂക്കള്‍ മഴത്തുള്ളികളുടെ ഭാരത്താല്‍ തലകൂമ്പി നിന്നു. വരിയായി ഓടിന്റെ നിരപ്പില്ലാത്ത വരിയിലൂടെ വെള്ളച്ചാല്‍. മഴ കനക്കുമ്പോള്‍ മടക്കുകുടയുടെ ഉള്ളിലൂടെ ഓരോരോ തുള്ളികള്‍ ശിരസ്സിലേക്ക്‌ തണുപ്പുമായി ഒഴുകിയിറങ്ങുന്നു. പതിവുപോലെ മഴക്കിപ്പൊഴും തെറ്റിയിട്ടില്ല, സ്കൂള്‍ വിടുന്ന സമയത്തുതന്നെ പെയ്യും. അവനെ കൊണ്ടുവരാന്‍ പോണം. വഴിയരികിലെ വയലില്‍ പൂവാലിപ്പശുവിനെയും കറുമ്പി എരുമയേയും ചാറ്റല്‍മഴ തെല്ലും ബാധിച്ചിട്ടില്ല, ഒന്നുമറിയാത്ത പോലെ നിന്നു തിന്നുന്നു. മണ്ണിട്ട വഴിയിലെ കുഴികളില്‍ വെള്ളം തളം കെട്ടുമ്പോള്‍ മണ്ണിന്റെ ചുവപ്പുനിറം. ശക്തിയായി തുള്ളികള്‍ വെള്ളത്തില്‍ വീഴുമ്പോള്‍ കുമിളകളുണ്ടാവുന്നു. പക്ഷേ ഒന്നു കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും അവ പൊട്ടിയിട്ടുണ്ടാവും. വഴിയിലുള്ള എല്ലാ വെള്ളക്കെട്ടിലും കാലുകഴുകിക്കൊണ്ടു നടന്നു. മഴ ഒന്നു ശമിച്ചപ്പോള്‍ ആ വെള്ളത്തില്‍ മുഖം നോക്കുന്ന മാനം. മഴ മനസ്സിലേക്ക്‌.


ത്രസിപ്പിക്കും വിരല്‍പ്പെരുക്കങ്ങള്‍

ഉത്സവങ്ങള്‍ ഒരുമയുടേതാണ്‌. നാട്ടുകാര്‍ക്കെല്ലാം വേണ്ടിയാണ്‌ ഉത്സവം. പ്രധാനപ്പെട്ട മിക്ക പരിപാടികളും നടക്കുന്നതും മതില്‍ക്കുപുറത്തായിരിക്കും. ഒഴിവുകാലങ്ങളില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ കിനിയുന്ന അമ്പലപ്പറമ്പുകള്‍ ഒഴിവാക്കാനാവാത്തതത്രേ. താളവാദ്യങ്ങളുടെ തിമിര്‍പ്പില്‍ തായമ്പകയെ മറക്കുവതെങ്ങനെ? കൊരട്ടി ചെറ്റാരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ മുടിയേറ്റും താലപ്പൊലിയും ആണത്രെ. അതിന്‌ തായമ്പകോത്സവം എന്ന് കേട്ടപ്പോള്‍ തന്നെ ഉള്ളൊന്നു കുളിര്‍ത്തു. ഒരു തായമ്പക തന്നെ അത്യധികം ആഹ്ലാദത്തോടെ നോക്കിയിരിക്കുമ്പോള്‍ പന്ത്രണ്ടു ദിവസം തുടര്‍ച്ചയായി കേരളത്തിലെ ഏറ്റവും ഗംഭീരന്മാരായ ചെണ്ടവിദഗ്ദ്ധര്‍ അണിനിരക്കുമ്പോള്‍, ഹാ അതൊരു വിസ്മയം തന്നെ. നാലുകിലോമീറ്ററോളമുണ്ട്‌ അമ്പലത്തിലേക്ക്‌. വിജനമായ റോഡിലൂടെ സാവധാനത്തിലുള്ള ഒരു യാത്ര. ഡിസംബര്‍ പോകാനൊരുങ്ങിയെങ്കിലും തണുപ്പെത്തിയിട്ടില്ല. ചെന്നപ്പോഴേക്കും തുടങ്ങിയിട്ടുണ്ടായിരുന്നു. സ്റ്റേജിലുള്ള തായമ്പക എനിക്ക്‌ പണ്ടേ ഇഷ്ടമല്ല. കൂടാതെ കാണികള്‍ കസേരയിലിരുന്ന് ഒരു തട്ടുപൊളിപ്പന്‍ നാടകം കാണുന്ന ലാഘവത്തോടെ തായമ്പക ആസ്വദിക്കുക - ഒട്ടും സുഖമില്ലാത്ത ഏര്‍പ്പാട്‌. ചുറ്റും കൂടിനിന്ന് താളമിട്ട്‌ ആര്‍പ്പുവിളിച്ച്‌ ഒപ്പം ചേരേണ്ടതാണ്‌ തായമ്പക. ആദ്യം അല്‍പം അകലെ നിന്നെങ്കിലും കൊട്ടു മുറുകിയതോടെ മുന്‍നിരയില്‍ തന്നെ നില്‍പായി. അതിപ്രശസ്തരായ കല്‍പ്പാത്തി ബാലകൃഷ്ണനും അത്താലൂര്‍ ശിവനുമായിരുന്നു തിമിര്‍ത്തുകൊണ്ടിരുന്നത്‌. സിരകളെ ത്രസിപ്പിക്കുന്ന വിരല്‍പ്പെരുക്കങ്ങളുടെ പെരുമഴ. ചെണ്ടയില്‍ മലര്‍ പൊരിയുന്ന കോല്‍വേഗത. ഇലത്താളത്തിന്റെയും വീക്കന്‍ചെണ്ടയുടെയും ഭ്രമിപ്പിക്കുന്ന മാസ്മരതാളം. കുറച്ചുനിമിഷങ്ങള്‍ എല്ലാം മറക്കുന്നു. വിസ്മയിപ്പിക്കുന്ന കൈത്തഴക്കത്തിന്റെ രൗദ്രതാളം. തനിയാവര്‍ത്തനത്തിന്റെ രസിപ്പിക്കല്‍ അതിന്റെ ഉച്ചകോടിയില്‍. ആയിരം കണ്ണുകളിലെ എല്ലാ ശ്രദ്ധയും രണ്ടു ചെണ്ടകളുടെ വിഭ്രമിപ്പിക്കുന്ന ശബ്ദവേഗങ്ങളില്‍. അതെ, ശബ്ദവും വേഗവും തമ്മിലുള്ള മല്‍സരം. കാലങ്ങളിലൂടെ കൊട്ടിക്കയറി, വീണ്ടും പതിഞ്ഞ്‌ അവസാനം കൊട്ടിക്കലാശത്തിന്റെ ആസുരമായ വന്യത. താളമിടുന്ന കൈകള്‍. രോമകൂപങ്ങളില്‍ വിയര്‍പ്പ്‌ പൊടിയുന്നു. കാലുകള്‍ക്ക്‌ ബലം കുറയുന്ന പോലെ. തികച്ചും ഒരു ഉന്മാദാവസ്ഥ. കുറച്ചു നിമിഷങ്ങളെങ്കിലും ലോകം മുഴുവന്‍ ചുരുങ്ങി രണ്ടു ചെണ്ടകള്‍ക്ക്‌ മേലെ. സ്വപ്നം പോലെ മോഹനമായ ഒരവസ്ഥ. ഈ ഒരനുഭവിപ്പിക്കലില്‍ ഒരൊഴിവുകാലം മുഴുവന്‍ സാര്‍ത്ഥകമാവുന്നു. എടക്ക്‌ ഒരു ചെറിയ നനുത്ത മഴ. മന്ദമായി വീശുന്ന കാറ്റില്‍ ഇളകിക്കളിക്കുന്ന ആലിലകള്‍ക്കുള്ളിലൂടെ തണുപ്പിന്റെ സൗമ്യവര്‍ഷം. സുഖം. രണ്ടുമണിക്കൂറിന്റെ ചടുലതാളങ്ങള്‍ക്കുശേഷം വിജനമായ വഴിത്താരകളിലൂടെ, മങ്ങിക്കത്തുന്ന വഴിവിളക്കുകള്‍ക്ക്‌ കീഴെക്കൂടെ, മഴചാറി നനഞ്ഞുകിടക്കുന്ന മണ്‍നിരത്തുകളിലൂടെ, വളരെ വളരെ സാവധാനത്തിലൂടെയുള്ള ഒരു യാത്ര. ധന്യമായ ഒരു ഉത്സവരാത്രി. അനുഭവിപ്പിച്ച ഒരൊഴിവുകാല സായന്തനം. കാമറയെടുത്തിരുന്നില്ല, കാരണം ചിത്രമെടുക്കാന്‍ നിന്നാല്‍ ഈ അനുഭവം നഷ്ടപ്പെടുമായിരുന്നു.

ഇരുട്ടിലൂടെ... മഴ നനഞ്ഞ്‌...

ചന്നം പിന്നം ചാറിപ്പെയ്തു കനക്കുന്ന, മഴ മറച്ച സൂര്യനുമായൊരു സായന്തനം. ഈ മഴക്കാറിന്റെ തണ്ഡവത്തില്‍നിന്ന് രക്ഷയില്ലെന്നറിഞ്ഞിട്ടോ എന്തോ പകലോന്‍ ഇരുട്ടിലൊളിച്ചു. ഇരുട്ട്‌. ഒരു ചെറുമഴ ചാറുമ്പോളേക്കും നാട്ടുമ്പുറത്തിന്റെ ടിപ്പിക്കല്‍ മഴസ്വഭാവം - കറന്റ്‌ പോക്ക്‌!! വഴിത്താരകളില്‍ ഇരുട്ട്‌. ഇടുങ്ങിയ ഇടവഴികളില്‍ ഒളിഞ്ഞുകിടക്കുന്ന ഇരുട്ട്‌. മാനത്ത്‌ മഴക്കാറുമായി ഇണചേരുന്ന ഇരുട്ട്‌. ഈ ഒരു അന്തരീക്ഷം എപ്പോഴും ലഭിക്കുന്നതല്ലാത്തതിനാല്‍ ഒരു നടത്തത്തിനു പ്ലാനിട്ടു. ഒരു പഴയ കുടയും മങ്ങിക്കത്തുന്ന ഒരു ടോര്‍ച്ചും കൂട്ടുകാരായി കൂടെക്കൂടി. തികച്ചും സ്വപ്നസന്നിഭമായ ഒരനുഭവമായിരുന്നു അത്‌. രാക്കിളികളുടെയും ചീവീടുകളുടെയും ശബ്ദം ഉയര്‍ന്നുകേട്ടിരുന്നു. കറന്റില്ലാത്തതിനാല്‍ പലപ്പോഴും നിശ്ശബ്ദതക്ക്‌ ആക്കം കൂടിയിരുന്നു. പതിവുപോലെ ഞായറാഴ്ച വൈകുന്നേരങ്ങളില്‍ കവല പെട്ടെന്ന് ആളൊഴിയും. ഇന്നും പതിവുപോലെ. മിക്ക കടകളും ഏഴരക്കു മുന്‍പേ അടച്ചിരുന്നു. ഗോപിച്ചേട്ടന്‍ പെട്ടിക്കടയില്‍ നിന്ന് മിഠായിഭരണികള്‍ പെറുക്കി അകത്തുവച്ചു തുടങ്ങി. ഇതാണ്‌ വാളൂര്‍. ചാറുന്ന മഴയെവിട്ട്‌ തിരിച്ചുപോരാന്‍ തോന്നിയില്ല. എങ്കില്‍ ഒരു കിലോമീറ്റര്‍ കൂടി അപ്പുറത്തുള്ള അന്നമനട വരെ നടക്കാമെന്നായി. ഇടക്കിടെ പാഞ്ഞുപോകുന്ന ബൈക്കുകളുടെ ലൈറ്റില്‍ ചെരിഞ്ഞുവീഴുന്ന മഴച്ചാറ്റലിന്റെ തിളങ്ങുന്ന സൗന്ദര്യം. പാലം കടന്നുവേണം അക്കരെയെത്താന്‍. ഇരുട്ടിന്റെ രൗദ്രത്തില്‍ പുഴക്ക്‌ നിസ്സംഗഭാവം. ആകാശം കറുത്തിരുണ്ടിരിക്കുന്നു. വഴിവിളക്കുകളെല്ലാം അണഞ്ഞിരിക്കുന്നു. മഴ നന്നായി ചാറുന്നു. മഴക്കു ഘനമേറിയപ്പോള്‍ മടക്കുകുട ചോര്‍ന്നു തുടങ്ങി. അന്നമനടയും വിജനമായിത്തുടങ്ങിയിട്ടുണ്ടായിരുന്നു. വാഹനങ്ങളില്ല, കടകള്‍ അടച്ചു, ജനങ്ങളുമില്ല. വില്ലേജോഫീസിന്റെ വരാന്തയില്‍ മൂക്കറ്റം കുടിച്ച്‌ ഒരാളിരുന്ന് ആരെയോ തെറിപറയുന്നുണ്ട്‌. ഒന്നു കറങ്ങി പതുക്കെ തിരിച്ചു നടന്നു. പെട്രോമാക്സ്‌ കത്തിച്ചുവച്ച്‌ ഒരു കപ്പലണ്ടിക്കാരന്‍ മാത്രമുണ്ട്‌ വഴിയിവക്കില്‍. ചില്ലറ തപ്പിയപ്പോള്‍ രണ്ടര രൂപയേ ഉള്ളൂ കയ്യില്‍. എത്രയാണ്‌ മിനിമം എന്നു ചോദിച്ചപ്പോള്‍ മൂന്നുരൂപയാണത്രേ. എനിക്ക്‌ ഇതിനുള്ളതുമതിയെന്നു പറഞ്ഞപ്പോള്‍ ഒരു അവജ്ഞയോടെ കുട നീക്കിപ്പിടിക്കാന്‍ പറഞ്ഞു പെട്രോമാക്സില്‍ വെള്ളം വീഴാതെ. നല്ല ചൂടന്‍ കപ്പലണ്ടി. ഏറ്റവും ഹൃദ്യമായത്‌. വാക്വം പാക്ക്‌ ചെയ്തുവരുന്ന ഒരൊറ്റ ഇന്റര്‍നാഷണല്‍ ബ്രാന്റിനും ഈ രുചി ഒരിക്കലും കിട്ടില്ല. ചെറുമഴയിലൂടെ കുടയുംചൂടി ടോര്‍ച്ചും തെളിച്ച്‌ ചൂടുകപ്പലണ്ടിയും തിന്ന് മടക്കം. അല്‍പം നടന്നപ്പോള്‍ കേരളത്തിലെ ആദ്യത്തെ ചിരിക്ലബ്ബായ അന്നമനട ചിരിക്ലബ്ബിന്റെ എട്ടാം വാര്‍ഷികം. അതിനുവേണ്ടി തൃശ്ശൂര്‍ ഉള്ള ഏതോ ടീമിന്റെ കോമഡിഷോ. രണ്ട്‌ നിര കെട്ടിടങ്ങളുടെ ഇടയിലുണ്ടാക്കിയ തട്ടിക്കൂട്ട്‌ സ്റ്റേജ്‌. നടുക്കിട്ടിരിക്കുന്ന കസേരകളിലെല്ലാം മഴപെയ്ത്‌ വെള്ളം തെറിക്കുന്നു. ഒരു കോമഡിഷോ കാണാനുള്ള മൂഡില്ലാഞ്ഞതിനാല്‍ അധികം നിന്നില്ല. വീണ്ടും മഴപെയ്ത്‌ നനയുന്ന ഇരുണ്ട വഴിത്താരകളിലേക്ക്‌. ഓര്‍മ്മകളില്‍ ഒരു നേര്‍ത്ത മഴച്ചാറ്റലായി ചാറിനില്‍ക്കുന്ന സുന്ദരമായ ഗൃഹാതുരമായ സായാഹ്നം. രണ്ടുമണിക്കൂറിലേറെ ഹൃദയത്തിലേക്ക്‌ ചാറി നിന്ന എന്റെ ഗ്രാമം, ഒരു പുലര്‍കാല സ്വപ്നം പോലെ ഹൃദ്യം.