Friday, November 18, 2011

പുളിമരത്തണല്‍

വളഞ്ഞു നീണ്ടു പോകുന്ന ആ പുളിമരത്തിന്റെ വേരുകളില്‍ ചാരിയിരിക്കുമ്പോള്‍ സങ്കടമല്ല ഒരുതരം വിരക്തിയായിരുന്നു തോന്നിയത്‌. സ്കൂളുള്ള ദിവസമാണ്‌. കൂടെ പഠിക്കുന്നവരൊക്കെ പോയിക്കഴിഞ്ഞിട്ട്‌ ഒരുപാടുനേരമായി. ഇപ്പോള്‍ ക്ലാസ്‌ തുടങ്ങിയിട്ടുണ്ടാവും. എന്നിട്ടും താനിവിടെ ഒറ്റക്ക്‌. ആരുമില്ല താനെവിടെയെന്ന് അന്വേഷിക്കാന്‍ പോലും. ജനവാസമില്ലാത്ത ഒരു ദ്വീപില്‍ ഒറ്റക്ക്‌ അകപ്പെട്ടപോലെയാണ്‌ എന്നും. എത്രയോ ആള്‍ക്കാരെ ദിവസവും കാണുന്നു. എന്തേ തന്നെ മാത്രം ആരും കാണാത്തത്‌? ആരും ശ്രദ്ധിക്കാത്തത്‌? തന്റെ രൂപം ശരിക്കും ഉള്ളതുതന്നെ എന്ന് ഉറപ്പുവരുത്താന്‍ ഇടക്ക്‌ കണ്ണാടിയില്‍ പോയി നോക്കും. ഒരു ചാറ്റല്‍ മഴ പോലെ കണ്ണുകള്‍ പെയ്തു തുടങ്ങി, രസമുകുളങ്ങളില്‍ ഉപ്പ്‌ രുചിക്കുന്നു. പെട്ടെന്ന് ചാരിയിരുന്ന ആ വേരുകള്‍ സാന്ത്വനിപ്പിക്കുന്ന കൈകള്‍ പോലെ തന്നെ പൊതിയുന്നതായും തഴുകുന്നതായും അവനു തോന്നി. തന്റെ പാദങ്ങളിലിരുന്ന് കണ്ണീര്‍ വാര്‍ക്കുന്ന അവന്റെ സങ്കടം പുളിമരത്തെ ലോലമാക്കി. ഒരു മുത്തച്ഛന്റെ സ്നേഹം പോല്‍ ആ മരം അവനു തണല്‍ വിരിച്ചു. ശാന്തിയേകി. അനാദിയായൊരു സ്നേഹം തന്നിലേക്ക്‌ പ്രവഹിക്കുന്നതായി അവന്‌ തോന്നി.

പുളിമരം ചോദിച്ചു: "എന്തിനു നീ കരയുന്നു കുഞ്ഞേ?"

പെട്ടെന്നവന്‍ കണ്ണുതുടച്ചു. തന്റെ കണ്ണുനീര്‍ മറ്റാരും കാണുന്നത്‌ അവനിഷ്ടമായിരുന്നില്ല. ചോദ്യം എവിടെനിന്നാണ്‌ വന്നതെന്ന് അവന്‍ ചുറ്റും നോക്കി. സ്നേഹത്തില്‍ പൊതിഞ്ഞ രണ്ടു വാക്കെങ്കിലും കേട്ടിട്ട്‌ ഒരുപാട്‌ നാളായി. പുളിമരത്തിന്റെ ചെറിയ ഇലകള്‍ തന്നെനോക്കി പുഞ്ചിരിക്കുന്നതായി അവനു തോന്നി, അരുമയായി തന്നെ തഴുകുന്നപോലെയും. മന്ദമായി ആ ഇലകളിലൂടെയും വേരുകളിലൂടെയും അന്തമില്ലാത്ത സ്നേഹം തന്നിലേക്കൊഴുകുന്നതായി അവനറിഞ്ഞു. തീരെ അപരിചിതമെങ്കിലും നവ്യമായ ആ അനുഭൂതിയില്‍ അവന്‌ വാക്കുകള്‍ പോലും കിട്ടിയില്ല.

'എന്തേ നീയൊന്നും മിണ്ടിയില്ല?"

ഒരു കുളിര്‍ക്കാറ്റുപോലെ തന്നിലേക്കൊഴുകിയെത്തിയ ചോദ്യം അവനെ മറ്റേതോ ലോകത്തെത്തിച്ചു.

"എനിക്കാരുമില്ല" അഗാധമായ ഏതോ സങ്കടം അവനില്‍ നിറയുന്നത്‌ പുളിമരം അറിഞ്ഞു.

"സങ്കടപ്പെടാതിരിക്കൂ. ആട്ടെ, നിനക്ക്‌ കൂട്ടുകാരാരുമില്ലേ?"

"ഇല്ല, എന്നെ ആരും ഒന്നിനും കൂട്ടില്ല. എനിക്കെന്തോ കുഴപ്പമുള്ളപോലെയാ എല്ലാരും എന്നോട്‌ പെരുമാറണത്‌. ഞാനാരോടും സംസാരിക്കില്ലത്രേ. കൂട്ടുകൂടില്ലത്രേ. എല്ലാത്തിനും വഴക്കടിക്കുമത്രേ. വെറുതെ ഇരുന്നു കരയുമത്രേ. ക്ലാസ്സില്‍ കയറാതെ പുഴയോരത്തും മരത്തണലിലുമൊക്കെ പോയിരിക്കുമത്രേ."

"പഠിക്കുന്ന കുട്ടികള്‍ പിന്നെ ക്ലാസ്സില്‍ കയറാതെ നടന്നാല്‍ ടീച്ചര്‍മാര്‍ വഴക്കു പറയില്ലേ?"

"ഞാന്‍ കയറിയാലും അവര്‍ വഴക്കു പറയും, എന്തെങ്കിലും കാരണമുണ്ടാക്കി."

അവനോര്‍ത്തു. കഴിഞ്ഞാഴ്ച ഒരോരുത്തരോടും ഓരോരോ വിത്തുകള്‍ കൊണ്ടുചെല്ലാന്‍ പറഞ്ഞിരുന്നു. ആരും ഒന്നും പറഞ്ഞു തരാനോ സഹായിക്കാനോ ഇല്ലാഞ്ഞിട്ട്‌ അവന്‍ പത്തായത്തില്‍ കയറി കുറെ നെല്ലെടുത്ത്‌ പൊതിഞ്ഞ്‌ സ്കൂള്‍ ബാഗില്‍ വച്ചു. പിറ്റേന്ന് രാവിലെ ഇടവഴിയും താണ്ടി പാടത്തിന്റെ ഓരത്തുള്ള വരമ്പത്തുകൂടി പോകുമ്പോള്‍ രമണിച്ചേച്ചിയുടെ നല്ല ഭംഗിയുള്ള പൂവങ്കോഴി വാലൊക്കെ വിറപ്പിച്ച്‌ ചിനക്കിച്ചിനക്കി അവനരികില്‍ വന്നു. അവന്‍ പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നവണ്ണം ബാഗില്‍ നിന്നും നെല്ലിന്റെ പൊതിയെടുത്ത്‌ അഴിച്ച്‌ കുറച്ച്‌ പൂവന്‌ എറിഞ്ഞുകൊടുത്തു. പെട്ടെന്നതെല്ലാം കൊത്തിപ്പെറുക്കിത്തിന്ന്‌ പൂവന്‍ വീണ്ടും അവനു പിറകെക്കൂടി. പൂവന്‍ അവന്റെ നെല്ല് തിന്നപ്പോള്‍ അവന്‌ വല്യ സന്തോഷമായി. അവന്‍ വീണ്ടും വീണ്ടും പൊതിയിലെ നെല്ലു തീരുന്നതുവരെ പൂവനെ തീറ്റിക്കൊണ്ടിരുന്നു. വിത്തുകൊണ്ടു ചെന്നില്ലെങ്കില്‍ സരസ്വതി ടീച്ചര്‍ തല്ലുമെന്നും ബഞ്ചില്‍ കയറ്റി നിര്‍ത്തുമെന്നും മറന്ന് അവന്‍ പൂവനുമായി കൂട്ടുകൂടി. എത്രനാളായിട്ട്‌ ഇവനുമായി ഒന്നു ചങ്ങാത്തം കൂടാന്‍ പിറകെ നടക്കുന്നെന്നോ. അടുത്തു ചെല്ലുമ്പോഴേക്കും അവന്‍ പറന്ന് അപ്പുറത്തെ ചെട്ടിയാരുടെ വേലിയില്‍ കയറിയിരിക്കും. ഇന്ന്‌ ശരിക്കും അവന്റെ മനസ്സു കുളിര്‍ത്തു. പൂവന്‍ തന്നോട്‌ ചങ്ങാത്തം കൂടിയല്ലോ, താന്‍ കൊടുത്ത നെല്ല് തിന്നല്ലോ. അന്ന് അവന്‍ മാത്രമാണ്‌ ഒരു വിത്തും കൊണ്ടുവരാതെ ക്ലാസ്സില്‍ വന്നത്‌.

"ഇത്രയും കുട്ടികള്‍ കൃത്യമായി അനുസരിച്ചിട്ടും നീ മാത്രമെന്താ കയ്യും വീശി വന്നത്‌?"

"അത്‌... അത്‌.... ടീച്ചര്‍...." അവന്‍ വിക്കി.

'സത്യം പറയണം, എങ്കില്‍ ഞാന്‍ ഒന്നും ചെയ്യില്ല"

അപ്പോ അവനിത്തിരി ആശ്വാസമായി. സത്യം പറയാം. അപ്പോ പിന്നെ ടീച്ചര്‍ തല്ലില്ലല്ലോ. വഴിയരികില്‍ പൂവനെ കണ്ടതും പൊതിയഴിച്ച്‌ അതിനെ വയറു നിറയെ തീറ്റിയതും വളരെ വിശദമായി അവന്‍ ടീച്ചറെ പറഞ്ഞു കേള്‍പ്പിച്ചു. എല്ലാം സത്യമായിരുന്നെങ്കിലും ടീച്ചര്‍ അവനെ ബഞ്ചില്‍ കയറ്റി നിര്‍ത്തുകയും പുളിവാറലുകൊണ്ട്‌ തുടയില്‍ നല്ല നാലു വീക്കുവച്ചുകൊടുക്കുകയും ചെയ്തു. അടിയുടെ വേദനയേക്കാള്‍ സത്യം പറഞ്ഞിട്ടും ടീച്ചര്‍ അവനെ തല്ലിയതിലുള്ള വിഷമമായിരുന്നു അവന്‌. എവിടെയാണ്‌ താന്‍ തെറ്റായി എന്തെങ്കിലും ചെയ്തത്‌ എന്ന് അത്രയാലോചിച്ചിട്ടും അവന്‌ പിടികിട്ടിയതുമില്ല.

"നിനക്ക്‌ നിന്റെ സങ്കടമൊക്കെ അമ്മയോട്‌ പറഞ്ഞുകൂടെ?"

പുളിമരത്തിന്റെ ചോദ്യം കേട്ട്‌ അവനെഴുന്നേറ്റ്‌ ഒരൊറ്റയോട്ടം കൊടുത്തു. അവനെ വിഷമിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞോ എന്ന് മരം വ്യാകുലപ്പെട്ടു. പെട്ടെന്നു തന്നെ കയ്യിലൊരു പുതിയ മൊബൈലുമായി അവന്‍ തിരിച്ചു വന്നു.

"ദാ ഇതുകണ്ടോ, അമ്മ വാങ്ങിത്തന്നതാണ്‌!!"

"ആഹാ, നിന്നോട്‌ ഒരുപാട്‌ സേഹമുള്ളവളാണല്ലോ നിന്റെയമ്മ."

അവന്‍ ചിരിക്കണോ കരയണോ എന്ന് കുഴങ്ങി - "അമ്മയ്ക്കെന്നെ കാണാനോ നേരിട്ടെന്തെങ്കിലും മിണ്ടാനോ സമയമില്ല. അതുകൊണ്ട്‌ എപ്പൊഴെങ്കിലും സമയം കിട്ടുമ്പോള്‍ എന്നോട്‌ സംസാരിക്കാനായി വാങ്ങിത്തന്നിരിക്കുന്നതാണ്‌."

ഒരു നിമിഷം നിശ്ചേഷ്ടനായി നിന്നുപോയി പുളിമരം. അവന്‍ പക്ഷേ തുടര്‍ന്നുകൊണ്ടിരുന്നു.

"...ഞാന്‍ പക്ഷേ അമ്മയുടെ നമ്പര്‍ കാണുമ്പോഴേ കട്ട്‌ ചെയ്യും. എത്ര തവണയാണെന്നോ ഇങ്ങനെ കട്ട്‌ ചെയ്തതിന്‌ അമ്മയുടെ കയ്യില്‍ നിന്നും തല്ലുകിട്ടിയിരിക്കുന്നത്‌."

"അമ്മയ്ക്കെന്താ ഇത്ര തിരക്ക്‌? എവിടെപ്പോകുന്നു എപ്പൊഴും?"

"അമ്മ പഞ്ചായത്ത്‌ പ്രസിഡന്റല്ലേ..! പിന്നെ കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള എന്തൊക്കെയോ കമ്മിറ്റികളുടെ തലപ്പത്ത്‌ അമ്മയാണ്‌!! പക്ഷേ ഞാനൊന്ന് കണ്ടിട്ട്‌ പോലും കുറെയധികം നാളായി."

'അമ്മയ്ക്ക്‌ തിരക്കായതുകൊണ്ടല്ലേ, അപ്പോ മോന്‍ അതനുസരിച്ച്‌ പെരുമാറണ്ടേ.." പുളിമരം അവനെ ആശ്വസിപ്പിച്ചു.

"ശരിയാണ്‌ ആദ്യം ഇത്രയും തിരക്കില്ലായിരുന്നു. കഴിഞ്ഞമാസം ഇതേ പുളിമരത്തിന്റെ ചോട്ടില്‍ വച്ചാണ്‌ അമ്മയും രണ്ടു കൂട്ടാളികളും കൂടി പ്രസിഡന്റ്‌ രാമേട്ടനെ കാലുവാരി താഴെയിറക്കി അമ്മയെ പുതിയ പ്രസിഡന്റാക്കാന്‍ പദ്ധതികളിട്ടത്‌."

ഒരിക്കല്‍ സ്കൂളില്‍ നിന്ന് ടൂറിന്‌ പോകാനായി അമ്മയോട്‌ പണം ചോദിച്ചു. എവിടേക്കാണ്‌ പോകുന്നതെന്നോ എന്നാണ്‌ പോകുന്നതെന്നോ ചോദിക്കാതെ, ആവശ്യപ്പെട്ട പണം തന്നു. ഇപ്പോള്‍ എന്തും പറയാനുള്ള ഒരു സുഹൃത്തായി അല്ലെങ്കില്‍ ഒരു അച്ഛനോ മുത്തച്ഛനോ ആയി പുളിമരം മാറിയിട്ടുണ്ടായിരുന്നു.

"ദാ കണ്ടോ, അഞ്ഞൂറുരൂപയാണ്‌ തന്നത്‌. വീഗാലാന്റിലേക്കാണ്‌ ഇത്തവണ ടൂറിന്‌ പോകുന്നത്‌"

അവന്റെ മുഖത്തെ കൗതുകത്തെ കെടുത്താതെ പുളിമരം പറഞ്ഞു: "പക്ഷേ നിന്റെ നിയോഗം വേറൊന്നിനാണു കുഞ്ഞേ"

അവനൊന്നും മനസ്സിലായില്ല.

'അതിലും നല്ലൊരു കാര്യത്തിനു വേണ്ടിയായിരിക്കും നീയിതു ചെലവഴിക്കുക"

സമയത്തിനും കാലത്തിനും അപ്പുറത്തേക്ക്‌ സഞ്ചരിക്കാന്‍ കഴിവുണ്ടായിരുന്ന പുളിമരം അവനെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ എന്തോ വല്ലാത്ത ഒരു ആകര്‍ഷണം തോന്നി അവന്‌. അന്നവന്‍ സ്കൂളിലേക്ക്‌ നടക്കുമ്പോള്‍ എല്ലുപൊടിക്കമ്പനിയുടെ മുന്നില്‍ സമരപ്പന്തലില്‍ രാമേട്ടനിരുന്ന് മുദ്രാവാക്യം വിളിക്കുന്നത്‌ കണ്ടു. കുറെ നാളുകളായി ദിവസവും കാണുന്നതാണ്‌ അവനിത്‌. കമ്പനി പൂട്ടണമെന്ന് കുറെപ്പേരും പൂട്ടരുതെന്ന് അവിടെ പണിയെടുക്കുന്നരും. അവന്‍ ആദ്യമൊക്കെ സ്ഥിരമായി പുഴയിലാണ്‌ കുളിച്ചിരുന്നത്‌. പിന്നെ കമ്പനി വന്നതോടെ പുഴയില്‍ കുളിക്കാന്‍ പറ്റാതായി. അവിടുത്തെ ചീത്തവെള്ളം മുഴുവന്‍ പുഴയിലേക്കാണത്രേ ഒഴുക്കുന്നത്‌. ഒരിക്കല്‍ ചൊറിവന്ന് കാലു മുഴുവന്‍ പൊട്ടിവീര്‍ത്തത്‌ ഇപ്പൊഴും അവന്‍ മറന്നിട്ടില്ല. പിന്നെ രാജി ഈ നാട്ടില്‍ നിന്നും പോയതാണ്‌ അവനു കമ്പനിയെ വെറുക്കാനുള്ള പ്രധാന കാരണം. അവന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന രാജി മാത്രമായിരുന്നു അവന്റെ ജീവിതത്തിലെ ആകെയുള്ള കൂട്ട്‌. കമ്പനിയുടെ അടുത്താണ്‌ അവര്‍ താമസിച്ചിരുന്നത്‌. അവസാനം കിണറിലെ വെള്ളം പോലും കുടിക്കാനാവാതെ, ശ്വാസംമുട്ട്‌ വന്ന് അവരെല്ലാവരും നാട്ടില്‍ നിന്നു തന്നെ പോയി. കമ്പനിക്കെതിരേ രാമേട്ടന്‍ ഒരുപാട്‌ വഴക്കടിക്കുന്നുണ്ട്‌. രാമേട്ടന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ രാമേട്ടനെ കമ്പനിക്കാര്‍ക്ക്‌ ഒത്തിരി പേടിയായിരുന്നു. കമ്പനിയുടെ കയ്യില്‍ നിന്നും കാശുവാങ്ങിയാണ്‌ അമ്മ രാമേട്ടനെ കാലുവാരിയതെന്ന് പറഞ്ഞ്‌ അവന്റെ കൂട്ടുകാര്‍ അവനെ കളിയാക്കാറുണ്ടായിരുന്നു. അപ്പോള്‍ അമ്മയെപ്പോലെ തന്നെ കമ്പനിയെയും അവന്‍ വെറുക്കും. അന്ന് സമരപ്പന്തലിന്‌ മുന്നിലെത്തിയപ്പോള്‍ അവന്‍ ഒരു നിമിഷം നിന്നു. പിന്നെ എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ പോക്കറ്റില്‍ നിന്നും അഞ്ഞൂറുരൂപ എടുത്ത്‌ സംഭാവന ഇടുന്ന ടിന്നില്‍ നാലായി മടക്കി നിക്ഷേപിച്ചു. ഒട്ടും വിശ്വാസം വരാതെ രാമേട്ടന്‍ അവനെ പകച്ചു നോക്കി. വളരെ ശാന്തമായി പതിഞ്ഞ കാലടികളോടെ അവന്‍ ഇടവഴിയിലൂടെ നടന്നു.

ഒരു ദിവസം അവനു തിന്നാനായി മൂക്കാത്ത പുളി പറിക്കാനായി പുളിമരം അതിന്റെയൊരു ചില്ല താഴ്ത്തിക്കൊടുത്തു. ഓടി അടുക്കളയില്‍ പോയി കുറച്ച്‌ ഉപ്പെടുത്ത്‌ ഇടതുകയ്യിലിട്ട്‌ അതില്‍ മുക്കി ഓരോരോ ചെറിയ പുളിക്കഷണങ്ങള്‍ തിന്നവേ അവന്‍ പറഞ്ഞു:

"അച്ഛനെ കൂട്ടുകാര്‍ക്കെല്ലാം വല്യ ഇഷ്ടാണ്‌"

"അതെന്താ ഇത്ര ഇഷ്ടം വരാന്‍?" ജിജ്ഞാസയോടെ മരം ചോദിച്ചു.

"അച്ഛന്‍ കുട്ടിക്കഥകള്‍ എഴുതും ഒരുപാട്‌. കുറെ ബാലസാഹിത്യ പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌ അച്ഛന്റെ. അവരെല്ലാം അതൊക്കെ വായിച്ചാണ്‌ ഉറങ്ങാറ്‌."

"നിനക്കും അതൊക്കെ വായിച്ചൂടെ?"

'വായിക്കാന്‍ കൊഴപ്പൊല്യ. പക്ഷേ അച്ഛനെ അറിയാന്‍ അത്‌ പോരല്ലോ. എത്ര നാളായീന്നോ എന്നോടൊന്ന് മിണ്ടിയിട്ട്‌ തന്നെ."

"കഥകളിലൂടെ അച്ഛന്‍ നിന്റെ അടുത്തില്ലേ?"

"പുസ്തകത്താളുകളിലൂടെയാണോ ഒരച്ഛനെ അനുഭവിക്കേണ്ടത്‌?"

പെട്ടെന്ന് പുളിമരത്തിന്‌ ഉത്തരമില്ലാതായി. ആയിരക്കണക്കിന്‌ കുട്ടികള്‍ക്കായി കഥയെഴുതുന്നയാള്‍ സ്വന്തം മകന്‌ അന്യനാവുന്നു. വിശ്വസിക്കാനായില്ല.

അന്നുരാത്രി ഒരു കൊടുങ്കാറ്റു പോലുള്ള അമ്മയുടെ വരവു കണ്ട്‌ അവന്‍ പകച്ചുനിന്നു. എന്തെങ്കിലും സംസാരിക്കുന്നതിനുമുന്‍പേ അവന്റെ രണ്ടു കരണത്തും അടിയുടെ വേദന നിറഞ്ഞു.

"നിന്റെ കയ്യിലെവിടുന്നാ സമരക്കാര്‍ക്ക്‌ കൊടുക്കാന്‍ പൈസ?"

അവന്‌ ഉത്തരമുണ്ടായില്ല. താന്‍ രാമേട്ടന്റെ സംഭാവനപ്പാത്രത്തില്‍ പൈസ ഇട്ടത്‌ ആരോ അമ്മയുടെ ചെവിയില്‍ ചെന്ന് ഓതിയിരിക്കുന്നു.

ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്ന അവന്റെ നിര്‍വ്വികാരഭാവം അവരെ വീണ്ടും വിറളിപിടിപ്പിച്ചു. അവനെ പിടിച്ചുവലിച്ച്‌ വീടിനു പുറത്തേക്ക്‌ വലിച്ചിഴച്ച്‌ അവന്‍ എന്നും ഇരിക്കാറുള്ള പുളിമരത്തിന്റെ വേരില്‍ ഒരു കയര്‍ ചേര്‍ത്ത്‌ അവന്റെ കൈകള്‍ കെട്ടിയിട്ടു.

പെട്ടെന്ന് അവന്‍ ഈ ലോകത്തില്‍ ഒറ്റക്കായ പോലെ തോന്നി. ആകാശത്തില്‍ ആയിരം താരകങ്ങള്‍ അവനെ നോക്കി പുഞ്ചിരിച്ചെങ്കിലും അവന്റെ കണ്ണീര്‍ത്തടാകങ്ങള്‍ നിറഞ്ഞൊഴുകി. അനന്തമായ സമുദ്രത്തില്‍ അവന്‍ ദിശ തെറ്റിയലയുന്നപോലെ കേണു. ശബ്ദം പുറത്തുവന്നില്ലെങ്കിലും അവന്റെ സങ്കടത്തിന്റെ പൊള്ളല്‍ സര്‍വ്വചരാചരങ്ങളെയും പിടിച്ചുലച്ചു. ഒറ്റപ്പെട്ടവന്റെ രോദനം ദിക്കുകളിലെല്ലാം അലയടിച്ചു. പുളിമരത്തിന്റെ വേരുകള്‍ സൗമ്യമായി അവനെ തലോടി. തൊട്ടിലിലുറങ്ങുന്ന കുഞ്ഞിനെപ്പോലെ അവന്‍ ഒരു പുഞ്ചിരി പൊഴിച്ചു. പുളിമരം സാവധാനത്തില്‍ അവന്റെ കെട്ടുകള്‍ അഴിച്ചു. താഴെയുള്ള ഒരു ശിഖരം വളഞ്ഞ്‌ അവനരികിലേക്ക്‌ താഴ്‌ന്ന് വന്ന് തളിര്‍ത്ത ഇലകള്‍ കൊണ്ട്‌ അവന്റെ മുഖത്ത്‌ തഴുകി. ലോകത്ത്‌ ഇന്നേവരെ കിട്ടിയതിലേക്കും മാധുര്യമുള്ള ചുംബനമായ്‌ അവനതിനെ സ്വീകരിച്ചു. പിന്നെ സാവധാനം എഴുന്നേറ്റ്‌ പതിഞ്ഞ കാലടികളോടെ ആ ഇടവഴിയിലെ നനഞ്ഞ കരിയിലകള്‍ ചവിട്ടി മെല്ലെ നടന്നു, എങ്ങോട്ടെന്നില്ലാതെ. അല്‍പം മുന്നേ പെയ്ത മഴയിലെ വെള്ളത്തുള്ളികള്‍ പുളിമരത്തില്‍ നിന്ന് ഇറ്റുവീഴുന്നുണ്ടായിരുന്നു. ഒരു വിരഹത്തിന്റെ മിഴിനീരില്‍ പുളിമരം തേങ്ങിപ്പോയി.

Wednesday, August 31, 2011

ഒരു വയറ്റാട്ടിയുടെയും ആരാച്ചാരുടെയും കഥ

മടിയിലിരുന്ന്, അമ്മൂമ്മയുടെ മാറിലെ ഇളം ചൂടേറ്റ്‌, സാര്‍ത്ഥകമായ ഒരു ജീവിതത്തിന്റെ മുഴുവന്‍ പ്രകാശവും പേറുന്ന ആ കണ്ണുകളിലേക്കുറ്റുനോക്കി അവന്‍ മന്ത്രിച്ചു - "അമ്മൂമ്മേ, ഇതുവരെ കേള്‍ക്കാത്ത കഥ പറഞ്ഞുതരൂ".

എല്ലാ കഥകളും അവര്‍ അവനു പറഞ്ഞുകൊടുത്തു കഴിഞ്ഞിരുന്നു. പറഞ്ഞു കൊടുത്ത കഥകളിലെ തന്നെ കഥാപാത്രങ്ങളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പുതിയ കഥകളുണ്ടാക്കി അവനു പറഞ്ഞുകൊടുത്തുകൊണ്ടേയിരുന്നു. ഒരു കഥയിലെ രാജകുമാരി മറ്റൊരെണ്ണത്തിലേക്ക്‌ മാറുമ്പോള്‍ അമ്മയായി, അവള്‍ തന്നെ മൂന്നാമതൊരെണ്ണത്തില്‍ അലക്കുകാരിയായി. ഒരു കഥയില്‍ നിന്ന് അടുത്തതിലേക്ക്‌ പരകായപ്രവേശം നടത്തുന്ന കഥാപാത്രങ്ങളെക്കുറിച്ച്‌ അവന്‍ പരാതി പറയാറില്ല. അവനെല്ലാം ആസ്വദിച്ചു.

കഥകളെല്ലാം അവരൊരു കൊച്ചു ചെപ്പില്‍ വെളുത്ത മുത്തുകളായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. അന്ന് ചെപ്പ്‌ തുറന്നപ്പോള്‍ മനോഹരമായ വെളുത്ത ഒരു കുഞ്ഞ്‌ മുത്ത്‌ മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. പതിയെ ആ മുത്ത്‌ കയ്യിലെടുത്ത അമ്മൂമ്മ ഒരു നിമിഷം സ്തബ്ധയായിരുന്നുപോയി. തലയില്‍ തലോടിക്കൊണ്ടിരുന്ന തഴമ്പുള്ള വിരലുകളുടെ ചലനം പെട്ടെന്ന് നിന്നപ്പോള്‍ അവന്‍ തലയുയര്‍ത്തി നോക്കി - "എന്താ അമ്മൂമ്മേ?"

അമ്മൂമ്മയുടെ കയ്യിലിരുന്ന മുത്ത്‌ ഏന്തിയേന്തി കരയുന്നത്‌ അപ്പോളവന്‍ കണ്ടു. കാലാതിവര്‍ത്തിയായ ഏതോ സ്നേഹം അവനില്‍ ചുരന്നു. "എന്തിനാ കരയണേ? നീയാരാ?"

വളരെ മൃദുവായ, പരിക്ഷീണമായ സ്വരത്തില്‍ മുത്ത്‌ പറഞ്ഞു - "ഞാന്‍ അവര്‍ക്ക്‌ പിറക്കാനിരുന്ന ഉണ്ണിയാണ്‌"

"ആര്‍ക്ക്‌? നിന്റെ അച്ഛനുമമ്മയുമാര്‌?"

"അച്ഛന്റെയും അമ്മയുടെയും ജീവിതപുണ്യം മുഴുവന്‍ ചേര്‍ച്ചുവച്ച്‌ ഉയിരൂതിയുണ്ടാക്കിയതാണ്‌ എന്റെ ജന്മം. അനേകവര്‍ഷത്തെ അവരുടെ പ്രാര്‍ത്ഥനയുടെയും പുണ്യത്തിന്റെയും സ്നേഹത്തിന്റെയും അമൃതുനുകരാന്‍ വെപ്രാളപ്പെട്ട്‌ ഞാന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കൈകാലിട്ടടിച്ചു. അമ്മ വയറ്റാട്ടി ജാനു. അച്ഛന്‍ ആരാച്ചാര്‍ ശങ്കുനായര്‍, പിറവിയുടെയും മരണത്തിന്റെയും ഭൂമിയിലെ സാക്ഷികള്‍"

മുഖത്തേക്കിറ്റിയ തുള്ളിക്ക്‌ കണ്ണീരിന്റെ ചൂടും ഉപ്പും അവന്‍ തിരിച്ചറിഞ്ഞു. കഥയുടെ അനാദിയായ ലോകത്തുനിന്നും വന്ന് വിതുമ്പുന്ന ആ കുഞ്ഞുമുത്തിനെയോര്‍ത്ത്‌ അമ്മൂമ്മയുടെ കണ്ണീരുറവ പൊട്ടി.

"നിനക്ക്‌ ഞാനിന്ന് ഇവന്റെ കഥ പറഞ്ഞു തരാം. ഒരു ആരാച്ചാരുടെയും വയറ്റാട്ടിയുടെയും കഥ, അഥവാ ജനിമൃതികളുടെ കുഞ്ഞായ ഇവന്റെ കഥ"

പണ്ട്‌ പണ്ട്‌ ഒരു ഗ്രാമത്തില്‍ ഒരു വയറ്റാട്ടിയും ഒരു ആരാച്ചാരും ജീവിച്ചിരുന്നു. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നു. അയാള്‍ ശങ്കുനായരും അവള്‍ ജാനുവും.

ജനിമൃതികളുടെ സന്തത സഹചാരികളായ അവരുടെ കഥ കേള്‍ക്കാന്‍ അവന്‍ ചെവി കൂര്‍പ്പിച്ചു.

പേറ്റിച്ചിയായിരുന്നു ജാനു. ആ ഗ്രാമത്തിലെ ഓരോ ജന്മവും അവളുടെ കൈകളിലാണ്‌ പിറന്നുവീണത്‌. അതവളുടെ കുലത്തൊഴിലൊന്നുമായിരുന്നില്ല. ഏതോ മുജ്ജന്മനിയോഗത്താല്‍ അവളില്‍ വന്നുചേര്‍ന്ന ഒരു കര്‍മ്മമാണത്‌. പത്തിരുപതു വയസ്സുവരെ ഏതൊരു നാട്ടിന്‍പുറത്തുകാരി പെണ്ണിനെയും പോലെ അവളും ഓല മെടയാനും, ഞാറു നടാനും, കറ്റ മെതിക്കാനും പോയി. ഒരിക്കല്‍ ജന്മിയായ കൃഷ്ണമേനോന്റെ വീട്ടില്‍ പണിക്കു നില്‍ക്കുകയായിരുന്നു. അയാളുടെ ഭാര്യ സരസ്വതി നാലാമതും ഗര്‍ഭിണിയായി നിറവയറായി പ്രസവിക്കാറായിരിക്കുന്നു. മുന്നേ പിറന്ന മൂന്ന് കുഞ്ഞുങ്ങളും ചാപിള്ളകളായിരുന്നു. സരസ്വതിയുടെ പേറ്‌ നടക്കുമ്പോള്‍ അവള്‍ അവിടെയുണ്ടാവുകയും ഏതോ കര്‍മ്മനിയോഗത്താല്‍ അവരുടെ പ്രസവത്തിന്‌ സാക്ഷിയാവുകയും ചെയ്തു. അവളവിടെ ഒറ്റക്കേ ഉണ്ടായിരുന്നുള്ളൂ. പ്രപഞ്ചത്തിന്റെ തുടര്‍ച്ചക്ക്‌ കാരണമായ ആ പിറവിയുടെ സങ്കീര്‍ണ്ണതയ്ക്ക്‌ അവളാദ്യമായ്‌ ദൃക്‌സാക്ഷിയായി. ചകിതയായി, വിറയ്ക്കുന്ന കൈകളോടെ ആ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി അവള്‍ മുറിച്ചു. ഭൂമിയില്‍ അവള്‍ക്കായി നിശ്ചയിച്ച കര്‍മ്മങ്ങളുടെ തുടക്കമായിരുന്നു അത്‌. ജന്മസൂത്രങ്ങളുടെ കടുംകെട്ടുകളഴിച്ച അവളുടെ കൈകളുടെ പുണ്യം പെട്ടെന്ന് നാട്ടിലെങ്ങും പരന്നു. കുളിക്കടവുകളിലും, നാട്ടുവഴികളിലും പെണ്ണുങ്ങള്‍ അവളുടെ കൈപ്പുണ്യം പാടി നടന്നു.

"സരസ്വതിയുടെ മൂന്നെണ്ണം മുന്നേ പോയതാ. ഇതും വല്യ രക്ഷയൊന്നൂല്യാന്ന് വൈദ്യര്‌ പറഞ്ഞതേര്‍ന്നൂ. ആ ജാനുവിന്റെ മിടുക്കൊന്നുകൊണ്ടുമാത്രാ രക്ഷപ്പെട്ടത്‌. ഭഗോതീ എന്തെല്ലാം മായകള്‍."

"അതെയതെ" എത്ര ചെറുപ്പാ, ഒരു മുന്‍പരിചയോല്യ. എന്നിട്ടും അവള്‍ ഭംഗിയായി രണ്ടിനേം വേര്‍പെടുത്തി. ദൈവാനുഗ്രഹോള്ളോളാണ്‌."

അനന്തവിഹായസ്സിലെവിടെയോ നിന്ന് ദേവകള്‍ അവള്‍ക്ക്‌ അനുഗ്രഹം ചൊരിഞ്ഞിരിക്കാം. ഇതൊരു തൊഴിലാക്കാന്‍ അവള്‍ക്ക്‌ താല്‍പര്യമുണ്ടായില്ല. ജന്മവേദനകളുടെയും പിറവിയുടെയും സങ്കീര്‍ണ്ണതകളും അവള്‍ക്കറിവില്ലായിരുന്നു. എങ്കിലും മേലേത്തെ അമ്മിണിയുടെ വേദന തുടങ്ങി നേരത്തോടുനേരമായിട്ടും പെറാതെ കൈകാലിട്ടടിച്ച്‌ അലറിക്കരഞ്ഞപ്പോള്‍ ജാനുവിനെത്തേടി ആളുപോയി. ആദ്യം അവള്‍ സമ്മതിച്ചില്ല, പേടിയായിരുന്നൂന്ന് തന്നെ പറയാം. പിന്നെ പിടിച്ചപിടിയാല്‍ അവളെ അമ്മിണിയുടെ അടുത്തെത്തിച്ചു. അന്നും ജന്മസൂത്രങ്ങളുടെ ഇഴപിരിച്ചെടുത്ത്‌ ഉണ്ണിയെ കൈകളിലേറ്റുവാങ്ങാന്‍ അവള്‍ക്കേറെ കഷ്ടപ്പെടേണ്ടി വന്നില്ല. ജനിയുടെ രഹസ്യം അവളുടെ കൈകളില്‍ ഊതിനിറയ്ക്കപ്പെട്ടുകഴിഞ്ഞിരുന്നു. അന്നുമുതല്‍ അന്നാട്ടിലെ ഓരോ പിറവിയും അവളുടെ കൈകളുടെ പുണ്യത്തിനായി കാത്തുനിന്നു. നിറവയറുകള്‍ അവളുടെ ഒരു തലോടലിനായി തരിച്ചു നിന്നു. ചാപിള്ളകളെ ദു:സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍ന്നിരുന്ന ഗര്‍ഭിണികള്‍ സ്വസ്ഥമായ്‌, ശാന്തമായ്‌ ഉറങ്ങി.

"ഇനി എണീറ്റ്‌ കാലും മൊഖോമൊക്കെ കഴ്‌കി നാമം ചൊല്ലൂ. സന്ധ്യായി. ഇത്തിരി കഴിഞ്ഞിട്ടാവാം ഇനി കഥ"

രസച്ചരട്‌ മുറിഞ്ഞതില്‍ അവന്‍ പരിഭവിച്ചു. കഥ കേള്‍ക്കാന്‍ തുടങ്ങിയാല്‍ അവന്‌ തുടര്‍ച്ചയായി കേള്‍ക്കണം. ഇടക്ക്‌ നിര്‍ത്തുന്നത്‌ ഒട്ടും ഇഷ്ടമല്ല.

"അപ്പോ അമ്മൂമ്മേ, ആരാച്ചാര്‌ടെ കഥ്യൊന്നും പറഞ്ഞില്ലല്ലോ"

"പറയാം ഇത്തിരി കഴിഞ്ഞോട്ടെ"

മരണത്തിന്റെ കാവലാളായിരുന്നു ശങ്കുനായര്‍. ഒരു ആരാച്ചാരാവണമെന്നൊന്നും അയാളുടെ ചിന്തകളില്‍പ്പോലും ഉണ്ടായിരുന്നില്ല. ജീവിതയാത്രയിലെ വേഷങ്ങളില്‍ അവസാനം അയാളുടെ ഉടലില്‍ വന്നുവീണ ഇരുണ്ടവേഷമാണത്‌. പക്ഷേ അയാള്‍ കനിവുള്ളവനായിരുന്നു, മനുഷ്യത്വമുള്ളവനായിരുന്നു. എന്നിട്ടും ആ ഗ്രാമവാസികളാകെ അയാളെ വെറുത്തു. കുട്ടികള്‍ അയാളെ കണ്ടാല്‍ ഓടിയൊളിക്കും. അകലെ വേലിക്കപ്പുറത്ത്‌ മറഞ്ഞുനിന്ന് കുശുകുശുക്കും.

"അയാളുടെ മുന്നില്‍ ചെന്നുപെട്ടാല്‍ നമ്മുടെ കഴുത്തില്‍ ഒരു കയറിട്ട്‌ ഒറ്റവലിയാ. പിന്നെ നമ്മള്‍ കണ്ണൊക്കെത്തുറിച്ച്‌ ശ്വാസം നിന്നിട്ടേ കയറഴിക്കൂ."

"പിള്ളേരെ മാത്രല്ല വല്യ ആള്‍ക്കാരേം തൂക്കൂത്രേ"

കുട്ടികളുടെ ദു:സ്വപ്നങ്ങളില്‍ നിന്ന്‌ അയാളുടെ കയറിന്റെ കുരുക്ക്‌ ഒഴിയാതായി.

"ശരിക്കും അയാള്‍ കുട്ട്യോളെ കൊല്ലുമോ?" അവന്റെ വിറയാര്‍ന്ന ചോദ്യം കേട്ട്‌ അമ്മൂമ്മ ചിരിച്ചുപോയി.

അവനെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു "ഹേയ്‌ അയാളൊരു പാവായിരുന്നു. ഒരൊറ്റയാളെപ്പോലും അയാളൊന്ന് വഴക്കുപറഞ്ഞിട്ടു കൂടിയില്ല. പിന്നെ ആരാച്ചാര്‍ എന്നത്‌ അയാളുടെ തൊഴിലല്ലേ. ചെയ്യാണ്ടിരിക്കാന്‍ പറ്റുമോ?"

ആരാച്ചാരുടെ പണിയില്ലാത്തപ്പോഴൊക്കെ അയാള്‍ കുഴിവെട്ടാന്‍ പോകും, ചാകുന്നവരെ കുഴിച്ചിടാന്‍. അന്നാട്ടിലാരു മരിച്ചാലും അയാളായിരിക്കും കുഴിവെട്ടുന്നത്‌. ഒരു തോളില്‍ പിക്കാസും മറ്റേ തോളില്‍ തൂമ്പയുമായി അയാള്‍ പോകുന്നത്‌ കാണുമ്പൊഴേ ആള്‍ക്കാര്‍ മരണത്തിന്റെ മണം പിടിക്കും:

"ദാ ശങ്ക്വായര്‌ പോണ്‌ണ്ട്‌, ആരോ ശ്വാസം വലിച്ചിരിക്കണു"

പ്രകൃതിയുടെ കൗതുകകരമായ, വിസ്മയിപ്പിക്കുന്ന ഒരു സംയോഗനിശ്ചയത്തില്‍ ശങ്കുനായര്‍ ജാനുവിനെ കല്യാണം കഴിച്ചു. ജനിമൃതികളുടെ കാവലാള്‍മാരായ അവരൊന്നായി. മരണത്തിലേക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കുരുന്നുകളില്‍ ജീവനൂതിനിറച്ച്‌ സ്വന്തം കൈകളില്‍ താലോലിച്ച്‌ ഈ ഭൂമിയിലേക്ക്‌ ഒരായുസ്സുമുഴുവന്‍ അനുഭവിക്കാനായി ഒരായിരം കുഞ്ഞുജീവനുകളെ സ്വീകരിക്കുന്ന ജാനുവും, ഒരിറ്റു ശ്വാസത്തിനായി പിടയുമ്പോള്‍, ഒരു തുള്ളി ദാഹജലത്തിനായി കേഴുമ്പോള്‍ കൊലക്കയറിലെ മുറുക്കം കുറയാതെ അവസാന ശ്വാസവും കഴിഞ്ഞു എന്നുറപ്പുവരുത്തി കയറൂരി ജീവനെ തല്ലിക്കെടുത്തുന്ന ശങ്കുനായരും. വിരുദ്ധഭാവങ്ങളുടെ ഒരു മേളനമായിരുന്നു അവരുടെ സംയോഗം.

അമ്മയാകാന്‍ പോകുന്ന ഓരോരുത്തരുടെയും പ്രാര്‍ത്ഥനകളില്‍ എന്നും ജാനു തെളിഞ്ഞുനിന്നിരുന്നു. അതുകൊണ്ടു തന്നെ ദൈവികതയുടെയും ആസുരതയുടെയും ഈ സംയോഗം ആര്‍ക്കും അത്ര എളുപ്പത്തില്‍ ദഹിക്കുന്നതായിരുന്നില്ല.

"അവളുടെ കൈകളുടെ പുണ്യമാണ്‌ നശിക്കാന്‍ പോകുന്നത്‌" ദൈവകൃപ വേണ്ടുവോളം കിട്ടീട്ടുള്ളോളാ അവള്‌. അവള്‍ക്കിതിന്റെ കാര്യോണ്ടോ? വേറെ എത്ര പേരുണ്ട്‌ നാട്ടില്‍ കെട്ടാനായിട്ട്‌?"

"കൊലക്കയര്‍ മുറുക്കുന്ന ഒരുത്തന്റെയൊപ്പമാണ്‌ പൊറുതീന്നുണ്ടെങ്കില്‍ ഈ ദൈവാധീനം ഇനീം അവള്‍ക്ക്‌ കിട്ടുമോ? ഇന്നാട്ടിലെ കുരുന്നു ജന്മങ്ങളെയൊക്കെ സംരക്ഷിക്കേണ്ടത്‌ അവളുടെ കടമയല്ലേ?"

നാട്ടിലെ പെണ്ണുങ്ങള്‍ പലതും പറഞ്ഞ്‌ ആധിപിടിക്കുകയും അവളുടെ കൈകള്‍ക്ക്‌ ഈശ്വരാധീനം ഇനിയും കൊടുക്കണേന്ന് കരഞ്ഞ്‌ പ്രാര്‍ത്ഥിച്ച്‌ കാളികാവിലേക്ക്‌ പൂവങ്കോഴിയെ നേരുകയും ചെയ്തു.

ആദ്യമായ്‌ അയാളുടെ കൈകള്‍, കയറിന്റെ കുരുക്കഴിയില്ലെന്ന് വീണ്ടും വീണ്ടും ഉറപ്പുവരുത്തുന്ന അയാളുടെ വിരലുകള്‍, ജാനുവിന്റെ കൈകളില്‍, ലോലമായ ഒരു ശ്വാസത്തില്‍നിന്ന് നഷ്ടപ്പെടാതെ, ഉയിരൂതിനിറച്ച്‌, ഗര്‍ഭപാത്രത്തില്‍നിന്ന് പിഞ്ചുകുഞ്ഞിനെ സ്നേഹമൂര്‍ത്തിയായ്‌ സ്വീകരിക്കുന്ന, വിരലുകളില്‍ തൊട്ടപ്പോള്‍ പുറത്ത്‌ വെള്ളിടിവെട്ടി. ഹുങ്കാരത്തോടെ കാറ്റും മഴയും ആ ഗ്രാമത്തെയാകെ പൊതിഞ്ഞു. ജനിമൃതികളുടെ കാവലാള്‍ക്കാര്‍ ഒന്നായി.

"മോനേ വന്നൂണുകഴിക്കൂ. എത്രനേരായി അമ്മൂമ്മേടെ മടീല്‍ ഇങ്ങനെ ഇരിക്കണു"

"അമ്മൂമ്മേ, അയാളെന്തിനാ ആ ജാനൂനെ കല്യാണം കഴിച്ചേ? വേണ്ടാന്ന് പറയാര്‌ന്നില്യേ ജാനൂന്‌?"

"അത്‌ പ്രകൃതിയുടെ ഒരു തമാശയാണ്‌ കുട്ടാ. ഏതിനെയൊക്കെയാണ്‌ തമ്മില്‍ ചേര്‍ക്കേണ്ടതതെന്ന്‌ നേരത്തേതന്നെ നിശ്ചയിച്ചുവച്ചിട്ടുണ്ട്‌. അതില്‍ നിന്ന്‌ അണുവിട മാറാന്‍ വയ്യ."

"എന്നിട്ട്‌ പിന്നെ എന്തായി കഥ? മുഴോനും പറയൂന്നേ"

"പിന്നെന്താ, അത്രേള്ളൂ, അവര്‍ ഒരുപാടു കാലം അവ്‌ടെ സുഖായിട്ട്‌ ജീവിച്ചു."

അങ്ങനെയൊരവസാനിപ്പിക്കലില്‍ അവനെന്തോ അത്ര തൃപ്തിയായില്ല. പെട്ടെന്നൊരു വിതുമ്പലിന്റെ ശബ്ദം കേട്ട്‌ അവനും അമ്മൂമ്മയും ഒപ്പം ആ വെളുത്ത കുഞ്ഞുമുത്തിനെ നോക്കി.

"എന്റെ കഥ കൂടി പറയാതെ എങ്ങിനെ നിറുത്താന്‍ കഴിയും? ജനിമൃതികളുടെ സങ്കലനത്തിലുയിരായ എനിക്കൊരസ്തിത്വവുമില്ലെ?"

വിങ്ങിക്കൊണ്ട്‌ ആ വെളുത്ത മുത്ത്‌, വിഹ്വലമായ ഏതോ ഓര്‍മ്മകളിലേക്ക്‌ അമ്മൂമ്മയേയും അവനെയും നയിച്ചു.

'ഹേയ്‌ ഇതത്ര അധികകാലമൊന്നും നിക്കാമ്പോണില്ല." കവലയില്‍ ആളുകള്‍ കുശുകുശുത്തു. എങ്കിലും അവള്‍ക്കൊന്നും വരാതിരിക്കാന്‍ അവര്‍ ഉള്ളില്‍ തട്ടി പ്രാര്‍ത്ഥിച്ചു. മരണത്തിന്റെ പ്രതിപുരുഷന്‍, പിറവിയുടെ പുണ്യത്തെ കവര്‍ന്നെടുത്തേക്കുമോ എന്നവര്‍ ഭയന്നു. വിശേഷമുണ്ടെന്നറിഞ്ഞ പെണ്ണുങ്ങള്‍ കാവില്‍ അവള്‍ക്കുവേണ്ടി തിരിതെളിച്ച്‌ പ്രാര്‍ത്ഥിച്ചു.

"അവളുടെ കൈപ്പുണ്യം നശിക്കുമോന്നാ ന്റെ പേടി" അതെ മേലേത്തെ അമ്മിണിയുടെ മാത്രം പേടിയായിരുന്നില്ല, വയറൊഴിയാതെ നിന്ന അന്നാട്ടിലെ പെണ്ണുങ്ങളുടെ മുഴുവന്‍ ആധിയായിരുന്നു. എന്നിട്ടും അവര്‍ വേപഥുവേതുമില്ലാതെ ജീവിച്ചു. സ്വന്തം പ്രവൃത്തിപഥങ്ങളുടെ, ജനനമരണങ്ങളുടെ, സംഘട്ടനങ്ങളൊന്നുമില്ലാതെ അവര്‍ ഒന്നിച്ചു ജീവിച്ചു. പരസ്പരം പഴിവാക്കുകള്‍ പറയാതെ സ്നേഹിച്ച്‌ ഒരു പായിലുറങ്ങി. ആയിരം പിറവികള്‍ക്ക്‌ സാക്ഷി നിന്ന് അവളും, കൊലക്കയറിന്റെയും കുഴിവെട്ടിന്റെയും അശാന്തികളില്‍ അയാളും അവരുടെ കര്‍മ്മപഥങ്ങളിലൂടെ കൃത്യമായ സഞ്ചാരങ്ങള്‍ തുടര്‍ന്നു.

"ന്നാലും ആ ജാനൂന്റെ കല്യാണം കഴിഞ്ഞിട്ട്‌ അഞ്ചെട്ട്‌ കൊല്ലായില്ലേ? എത്ര പെണ്ണുങ്ങളുടെ കുഞ്ഞുങ്ങളെ സ്വന്തം കയ്യിലേറ്റുവാങ്ങിയവളാ. എന്നിട്ടും അവള്‍ക്കൊരു കുഞ്ഞ്‌ പിറന്നില്ലല്ലോ ഭഗോതീ"

വൈരുദ്ധ്യങ്ങളുടെ സംയോഗത്തില്‍ കല്ലുകടികളൊന്നുമുണ്ടായില്ലെങ്കിലും ഒരു കുഞ്ഞിന്റെ അഭാവം അവരെക്കാളേറെ, അവള്‍ ജീവനൂതി നിറച്ച്‌, കൈകളില്‍ സ്വീകരിച്ച്‌, ജീവിതത്തിലേക്ക്‌ ഒഴുക്കിവിട്ട കുഞ്ഞുങ്ങളും അവരുടെ അമ്മമാരും അവള്‍ക്കായി കേണു, സ്വന്തം കുഞ്ഞ്‌ ചാപിള്ളയായാലും അവള്‍ക്കൊരു കുഞ്ഞു പിറക്കണേയെന്ന്‌ അന്നാട്ടിലെ പെണ്ണുങ്ങള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

"അന്നേ പറഞ്ഞതല്ലേ, ആ കുഴിവെട്ടുകാരന്‍ അവളുടെ ജീവിതം തൊലച്ചു."

"ചേരേണ്ടതേ ചേരാവൂ. ജനനോം മരണോം കൂടി ചേരുകാന്ന്‌ പറഞ്ഞാല്‍ അത്‌ പ്രകൃതിക്ക്‌ നെരക്കണതല്ല."

"അയാള്‍ക്ക്‌ വേറെന്തെങ്കിലും പണിയെടുത്ത്‌ കഴിഞ്ഞൂടെ? ആ പുണ്യജന്മത്തിനുകൂടി ഗതികൊടുക്കാതെ"

നാട്ടുകാരുടെ പരിദേവനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പഴിപറച്ചിലുകള്‍ക്കുമെല്ലാം മദ്ധ്യേ ഇതൊന്നും തങ്ങളെക്കുറിച്ചൊന്നും അല്ലെന്ന മട്ടില്‍ അവര്‍ കഴിഞ്ഞു. പക്ഷേ ഒരു കുഞ്ഞിനായി അവളില്‍ മോഹം ജ്വലിച്ചുനിനു. ഏറെ വഴിപാടുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അവരെ അനുഗ്രഹിക്കാനായില്ല. പേറെടുക്കുമ്പോള്‍ ഓരോ കുഞ്ഞും അവളെ നോക്കി ആദ്യത്തെ കരച്ചില്‍ കരയുമ്പോള്‍, പിന്നെ പാല്‍പുഞ്ചിരി പൊഴിക്കുമ്പോള്‍, അവളുടെ വയര്‍ ഒരു ജന്മത്തിനായി ത്രസിച്ചു. പിറന്നുവീഴുന്ന ഓരോ കുഞ്ഞിനേയും അപഹരിച്ചുകൊണ്ടുപോയി തന്റേതായി വളര്‍ത്താന്‍ അവള്‍ കൊതിച്ചു തുടങ്ങി. ഓരോ പേറെടുത്ത്‌ മടങ്ങുമ്പോഴും അവളില്‍ വിഷാദം ഇരമ്പി. ആ സങ്കടപ്പെരുങ്കടലില്‍ അവള്‍ മുങ്ങിത്താഴുമെന്ന് ഭയപ്പെട്ടു. പെണ്ണുങ്ങള്‍ പലരും പലവട്ടം പാതിയായും പിന്നെ നേരിട്ടും പറഞ്ഞെങ്കിലും അവള്‍ ചെവികൊടുത്തിരുന്നില്ല. പക്ഷേ അവസാനം അവള്‍ അയാളുടെ മാറില്‍ ചാഞ്ഞുകൊണ്ട്‌ പറഞ്ഞു:

"എല്ലാരും പറേണു എന്തോ പന്തികേട്ണ്ട്ന്ന്‌. നമ്മള്‍ ചേരാന്‍ പാടില്ലാത്തവരായിരുന്നൂന്ന് തോന്നണുണ്ടോ? ഒരായിരം പിറവികള്‍ക്ക്‌ സാക്ഷിയായ എനിക്കെന്തേ ഒരു കുഞ്ഞുജീവന്‍ അന്യമാവുന്നു?"

"നമ്മുടെ കൈകളിലല്ലല്ലോ ഒന്നും ജാനൂ. സ്വന്തം കര്‍മ്മങ്ങള്‍ ചെയ്യുക. ചെയ്തുകൊണ്ടേ ഇരിക്കുക. പ്രതിഫലം വൈകിയാണെങ്കിലും വരും"

"പക്ഷേ എത്രയാന്നു വച്ചാ കാത്തിരിക്കുക? എന്നോട്‌ ദേഷ്യപ്പെടരുത്‌, ഒരു കാര്യം പറയട്ടെ. നിങ്ങള്‍ കയറുമുറുക്കിയണച്ച ജീവനുകളാണ്‌ നമുക്കു പിറക്കാനുള്ള കുഞ്ഞുജീവനെ തടുക്കുന്നത്‌ എന്ന് ഞാന്‍ പേക്കിനാവ്‌ കാണുന്നു"

"ഞാനൊരു ജോലി ചെയ്യുന്നു അത്രമാത്രം. ഞാനൊരു കൊലപാതകിയല്ല. മരിക്കുന്നവരുടെ വിധി എനിക്ക്‌ മാറ്റിയെഴുതാവുന്നതല്ല. മരിച്ചവര്‍ക്ക്‌ ഞാന്‍ കുഴിവെട്ടിയില്ല എന്നുവച്ച്‌ അവര്‍ ജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ പോകുന്നില്ല. കര്‍മ്മപാശങ്ങളില്‍ തളച്ചിടപ്പെട്ടവരല്ലേ നാമൊക്കെ. തെറ്റല്ലെന്ന് ബോധ്യമുണ്ടെങ്കില്‍ സ്വന്തം കര്‍മ്മങ്ങള്‍ തുടരുക തന്നെ"

"എങ്കിലും നിങ്ങള്‍ മുറുക്കുന്ന ഓരോ കയറും നമ്മുടെ കുഞ്ഞിന്റെ കഴുത്തില്‍ വന്നുവീഴുന്ന പോലെ"

ഏല്‍പിക്കപ്പെട്ട ജോലികള്‍ കൃത്യമായി ചെയ്യുന്ന ഭൃത്യരെപ്പോലെ അവര്‍ വീണ്ടും ജനനമരണങ്ങള്‍ക്കിടയിലൂടെ അലഞ്ഞു. ശ്വാസമുണ്ട്‌ എന്നുറപ്പുവരുത്താന്‍ അവളും, അവസാനശ്വാസവും നിലച്ചു എന്നുറപ്പു വരുത്തി അയാളും കര്‍മ്മപാശങ്ങളുടെ വ്യര്‍ത്ഥമായ ചാക്രിക ചലനങ്ങളില്‍ ഒരു പൊങ്ങുതടിപോലെ ഒഴുകി. അവളുടെ പുണ്യങ്ങളുടെ ത്രാസ്‌ താണിട്ടോ, അതോ അവളുയിരൂതി നല്‍കിയ ജന്മങ്ങളുടെ പ്രാര്‍ത്ഥനയാലോ അവസാനം ഒരു ജീവന്റെ നാമ്പ്‌ അവളില്‍ മൊട്ടിട്ടു. അമ്മമാരും പുതുഗര്‍ഭം പേറുന്നവരും അവള്‍ക്കായ്‌, അവളുടെ കുഞ്ഞിനായ്‌ പ്രാര്‍ത്ഥിച്ചു.

പുതുജീവന്റെ തുടിപ്പുകള്‍ അവളെ ഉത്സാഹിയാക്കി. മറ്റൊരു ജീവിതത്തിലേക്ക്‌ കടന്നപോലെ. തന്റെ കൈകളിലേക്ക്‌ പിറന്നുവീണ ആയിരം കുഞ്ഞുങ്ങളുടെ പാല്‍പ്പുഞ്ചിരി തന്നില്‍ നിറയുന്ന പോലെ. അവരുടെയെല്ലാം പ്രാര്‍ത്ഥനാനിവേദ്യങ്ങള്‍ തനിക്ക്‌ ശാന്തിയേകുന്നപോലെ. തുടിപ്പുകള്‍ കൈകാലുകളായി വളരുന്നതും ഒരു കുഞ്ഞു ഹൃദയമിടിപ്പാവുന്നതും അവള്‍ തൊട്ടറിഞ്ഞു.

"എപ്പഴാ കുട്ടി പൊറത്തേക്ക്‌ വരാ?" അവന്റെ സംശയം അമ്മൂമ്മയുടെ കഥ പറച്ചില്‍ നിര്‍ത്തി.

"പത്തുമാസാവുമ്പോ. എല്ലാരും അങ്ങന്യാ. നീയും അങ്ങനന്യായിരുന്നു."

"എന്നിട്ടെന്തു കുട്ട്യായിരുന്നു? ആണോ പെണ്ണോ?"

"അറിയില്ല്യ. ഇനി നാളെ പറയാം കുട്ടാ, നെനക്കൊറക്കം വര്‌ണില്യേ?"

"ഇല്യ എനിക്ക്‌ മുഴോനും കേട്ടിട്ട്‌ ഒറങ്ങ്യാ മതി"

കൊടും വേനലിലായിരുന്നു അവള്‍ക്ക്‌ പത്തും തികഞ്ഞത്‌. സൂര്യന്‍ അവന്റെ കനലെല്ലാം വാരിവിതറിയ ഒരു നട്ടുച്ചക്കാണ്‌ അവള്‍ക്ക്‌ പേറ്റുനോവ്‌ തുടങ്ങിയതും. ആയിരം അമ്മമാര്‍ക്ക്‌ ധൈര്യം പകര്‍ന്ന, വയറും കാലുകളും തലോടി സ്വാസ്ഥ്യം പകര്‍ന്ന പിറവിയുടെ ഉടയോള്‍ക്ക്‌ എന്തോ കടുത്ത ഭീതിയില്‍ സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി. കൊടുംവെയിലില്‍ പറവകള്‍ ചിറകുകരിഞ്ഞു വീഴുകയും ഉണങ്ങിയ പുല്ലിന്‍കൂട്ടങ്ങള്‍ക്ക്‌ തീപ്പിടിക്കുകയും ചെയ്തു. ദു:ശ്ശകുകനങ്ങള്‍ ഒരു പേമാരിപോലെ അവള്‍ക്കുചുറ്റും നൃത്തം വച്ചു. വന്യമായ വേനലിന്റെ ഉച്ചിയില്‍, അടിവയറു കീറിപ്പറിക്കുന്ന വേദനയുടെ പാരമ്യത്തില്‍, ഒരു ജീവന്‍, ഒരായിരം പ്രാര്‍ത്ഥനകളുടെ പുണ്യമായി, പിറവിയെടുക്കുന്നു. ഒരു നിമിഷാര്‍ദ്ധത്തില്‍ സൂര്യന്‍ ഗ്രഹണത്തിലകപ്പെട്ടപോലെ ഒന്നു മങ്ങിയപോലെ. അനേകം കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക്‌ സ്വീകരിച്ച അവളുടെ കൈകള്‍ സ്വന്തം കുഞ്ഞിനെ എടുത്തപ്പോള്‍ ഒരു കനല്‍ക്കട്ട തൊട്ടാലെന്നപോലെ പൊള്ളി. പെട്ടെന്ന് കഴുത്തില്‍ മുറുകുന്ന കയറുമായി ഒരായിരം സത്വങ്ങള്‍ ചുറ്റും വികൃതനൃത്തം ചെയ്യുന്നപോലെ അവള്‍ക്ക്‌ തോന്നി. തന്റെ ജീവന്റെ ഒരംശം ഒരിറ്റു ശ്വാസത്തിനായ്‌ കേഴുന്നു. പെട്ടെന്ന്‌ വികൃതനൃത്തം വച്ചിരുന്ന സത്വങ്ങളിലൊന്ന്‌ കുതിച്ചുവന്ന്‌ അവളുടെ കയ്യില്‍ നിന്ന്‌ ആ കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്തു. വന്യമായ ഒരു വേദന അവളുടെ പൊക്കിളില്‍ അഗ്നി നിറച്ചു. ചോരയൊലിപ്പിക്കുന്ന പൊക്കിള്‍ക്കൊടിയുമായി ആ കുഞ്ഞിനെയുമെടുത്ത്‌ സത്വങ്ങളെല്ലാം കൂടി പെട്ടെന്ന് ജനലിലൂടെ കൊടുംവേനലിലേക്ക്‌ അലിഞ്ഞുപോയി. ഒരു കടുത്ത മോഹാലസ്യത്തില്‍ അവള്‍ സ്വയം നഷ്ടപ്പെട്ടു.

"ഇല്ല, ഇല്ല, ഇല്ല. ഇങ്ങനെയല്ല ഈ കഥ"

കയ്യിലിരുന്ന വെളുത്ത കുഞ്ഞുമുത്ത്‌ കനല്‍ പോലെ തന്റെ കയ്യിനെ പൊള്ളിക്കുന്നതായി അമ്മൂമ്മക്ക്‌ തോന്നി. എന്തോ വലിയ സങ്കടത്തില്‍ നഷ്ടപ്പെടലിന്റെ വേദനയില്‍ വിവര്‍ണ്ണമായ മുഖത്തോടെയിരുന്ന അവന്‍ പെട്ടെന്ന് അമ്മൂമ്മയുടെ മടിയില്‍ നിന്ന് ചാടിയെണീറ്റു.

"ഈ കുഞ്ഞിനെ കൊന്നിട്ട്‌ നിങ്ങള്‍ക്കെന്തു സ്ഥാപിക്കാന്‍? പിറവിയുടെ സഹയാത്രികയുടെ പുണ്യത്തിനൊരു വിലയുമില്ലെന്നോ? ഒരായിരം കുഞ്ഞുങ്ങളുടെ പ്രാര്‍ത്ഥനകള്‍ വെറും വ്യര്‍ത്ഥമെന്നോ? ഞാനാണ്‌ ജനനമരണങ്ങളുടെ കാവലാളായ അവര്‍ക്ക്‌ പിറന്ന ഉണ്ണി. പിറവിയുടെ സത്യം എനിക്കുമാത്രമറിയാവുന്നത്‌, അതിങ്ങനെയാണ്‌" വളരെ താഴ്‌ന്ന ചിലമ്പിച്ച സ്വരത്തില്‍ മുത്ത്‌ കഥ തുടര്‍ന്നു.

വന്യമായ വേദന അവളുടെ പൊക്കിളില്‍ അഗ്നിനിറച്ചപ്പോള്‍, പുറത്ത്‌ പിതൃത്വത്തിന്റെ അവാച്യമായ അനുഭവങ്ങളിലേക്ക്‌ അനുഭൂതികളിലേക്ക്‌ അയാള്‍ ചേക്കേറുകയായിരുന്നു. പെട്ടെന്ന് ഉഷ്ണം കനക്കുന്നപോലെയും ഏതോ അജ്ഞാതമായൊരു കൊടുംവേദന തന്നിലേക്ക്‌ പടരുന്ന പോലെയും അയാള്‍ക്ക്‌ തോന്നി. വന്യമായ ഒരാക്രോശത്തോടെ വാതില്‍ തള്ളിത്തുറന്ന് അയാള്‍ അവള്‍ക്കരികിലെത്തി. ഒരു നിമിഷാര്‍ദ്ധത്തില്‍ പുതുജീവനെയുപേക്ഷിച്ച്‌ കഴുത്തില്‍ മുറുകുന്ന കയറുമായി ആയിരം സത്വങ്ങള്‍ അയാള്‍ക്കു ചുറ്റും വികൃതനൃത്തം തുടങ്ങി. പ്രതികാരം ചെയ്യുന്ന പോലെ, കണക്കുപറയുന്ന പോലെ ആയിരം കയറുകളെല്ലാം ഒന്നാകെ അയാളുടെ കഴുത്തില്‍ കുരുക്കി. മുന്നേ ഒട്ടധികം ശ്വാസങ്ങള്‍ നിന്നു എന്നുറപ്പുവരുത്തിയിരുന്ന അയാല്‍ ഒരിറ്റു ശ്വാസത്തിനായി കേണു. പിറവിയിലേക്ക്‌ വാ കീറിയ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട്‌ മോഹാലസ്യത്തില്‍ നിന്നുണര്‍ന്ന അവളുടെ കൈകളിലേക്ക്‌, അവളന്നുവരെ സ്വീകരിച്ചതിലേറ്റവും പ്രിയങ്കരമായ ഒരു ജീവന്‍. ഉയിരൂതിക്കെടുത്തുന്നത്‌ തന്റെ കര്‍മ്മം മാത്രമെന്ന് നിസ്സംഗതയോടെ പറഞ്ഞിരുന്ന അയാളുടെ ഉയിരറ്റ ശരീരം, ഈ പുതുജീവന്റെ ആഹ്ലാദപ്രഹര്‍ഷത്തില്‍ അവള്‍ കണ്ടതേയില്ല.