Monday, September 11, 2006

വേലായുധന്റെ വെക്കേഷന്‍

ആദ്യത്തെ ദിവസം ഒന്ന്‌, രണ്ടാമത്തെ ദിവസം രണ്ട്‌, മൂന്നാം ദിവസം നാല്‌, പിന്നെ എട്ട്‌, പതിനാറ്‌ ഇങ്ങനെ എണ്ണം പറയുന്ന കേട്ടപ്പോള്‍ ഒരു പിരമിഡിന്റെ രൂപമാണ്‌ മനസ്സിലാദ്യം വന്നത്‌. എവനോടാരോ ബദാം കഴിക്കാന്‍ പറഞ്ഞതാണത്രെ ഈ കണക്കൊപ്പിച്ച്‌. സംഗതി വേറൊന്നുമല്ല വേലായുധന്‍ വെക്കേഷനു പോകുന്നു. ഏതോ പ്രിയസുഹൃത്ത്‌ ഉപദേശിച്ചതാണ്‌ സര്‍വ്വാരോഗ്യപൂര്‍ണമായ വെക്കേഷനുവേണ്ടി ബദാംസേവ. ഗള്‍ഫുകാര്‍ വെക്കേഷനു പോകുമ്പോള്‍ പ്രത്യേകിച്ച്‌ ആദ്യത്തെ വെക്കേഷന്‌ ഇങ്ങനെ ചില ചടങ്ങുകള്‍ നിര്‍ബ്ബന്ധമായിട്ടും പാലിച്ചിരിക്കണമത്രേ. ദൈവമേ എന്തെങ്കിലും കാരണവശാല്‍ ഈ വേല ആയുധമാക്കിയവന്റെ വെക്കേഷന്‍ ഒരു രണ്ടാഴ്ച നീണ്ടുപോയാല്‍ ബദാമിന്റെ കണ്ടൈനറുകള്‍ തന്നെ ഖത്തറില്‍ ഇറക്കേണ്ടിവരുമല്ലൊ എന്നോര്‍ത്തു ഞാന്‍ ഒരുനിമിഷം മൗനപ്രാര്‍ത്ഥന നടത്തി.

വേലായുധനെക്കുറിച്ച്‌ അല്‍പം: പേര്‌ വേല്‍മുരുകന്റെയാണെങ്കിലും ആളൊരു അയ്യപ്പഭക്തനാണ്‌. ഖത്തറിലെത്തുന്നതുവരെ എല്ലാ വര്‍ഷവും നാല്‍പ്പത്തൊന്നു ദിവസം വ്രതമെടുത്ത്‌ മലക്കുപോയിക്കൊണ്ടിരുന്നതാണ്‌. ഇപ്പോള്‍ കക്ഷിയുടെ ആദ്യത്തെ വെക്കേഷന്‍ മണ്ഡലക്കാലത്തായി എന്നത്‌ വെറും യാദൃശ്ചികമാണേ! അല്ലാതെ വ്രതമെടുത്ത്‌ ഇത്തവണയും മലയ്ക്കുപോകുക എന്നത്‌ വേലായുധന്റെ ലക്ഷ്യമല്ല. കാരണം കല്യാണം കഴിഞ്ഞ്‌ മൂന്നുമാസമാവുന്നതിനു മുന്നേ തന്നെ പുഷ്പകവിമാനം കയറിയതുകൊണ്ട്‌ തന്നെക്കാത്തിരിക്കുന്ന വാമഭാകം സുശീലയുടെ മുഖമാണ്‌ മനസ്സിലെപ്പോഴും.

കഴിഞ്ഞയാഴ്ചയാണെന്നുതോന്നുന്നു ഒരു ദിവസം വൈകീട്ടു വന്നപ്പോള്‍,

"ഡാ മനാഫെ, ഞങ്ങളുടെ പ്രൊജക്റ്റ്‌ തീരാന്‍ പോണു ഈ മാസാവസാനം. പുതിയ പ്രൊജക്റ്റിലേക്കു ചാടുന്നതിനു മുന്നേ ഒരു എമര്‍ജന്‍സി ലീവിനു പോയാലോന്നാലൊചിക്കുവാണ്‌".

"അതിനു നീ വന്നിട്ട്‌ ഒരു വര്‍ഷം ആയതല്ലേയുള്ളു, അപ്പോഴേക്കും കയ്യീന്ന്‌ ടിക്കറ്റ്‌ ഒക്കെ എടുത്ത്‌ ഒരു യാത്ര ഇപ്പൊ വേണൊ?"

"ഏയ്‌ അതു ശരിയാവില്ല, പോകാണ്ടു പറ്റില്ല്യ, ഇപ്പൊത്തന്നെ വൈകി, സുശീലയെക്കാണാണ്ടു പറ്റണില്ല്യ."

അങ്ങിനെയാണ്‌ കക്ഷി ലീവിനായി തയ്യാറെടുക്കുന്നത്‌. ലീവിനു പോണൂന്നു പറഞ്ഞപ്പൊ തുടങ്ങിയതാണ്‌ ഉണ്ണിയുടെ ഉപദേശം ബദാം കഴിക്കണം, ഈന്തപ്പഴം കഴിക്കണം, തേന്‍ കഴിക്കണം, മുരിങ്ങക്കായ സാമ്പാര്‍ കൂട്ടണം തുടങ്ങി ഒരു നീണ്ട ലിസ്റ്റ്‌. വേലായുധന്‍ ആളു മിടുക്കനാണ്‌, ആരെന്തുപറഞ്ഞാലും അതുപോലെയൊക്കെ ചെയ്തോളും. രാവിലെതന്നെ ഇന്ത്യന്‍ കോഫി ഹൗസിലെ രാജാപ്പാര്‍ട്ട്‌ സപ്ലയര്‍മാരെപ്പോലെ ഒരു പ്ലേറ്റില്‍ ഒരു ബദാംകൂനയും കുറെ ഈന്തപ്പഴം കുതിര്‍ത്തിയതും ബ്രെഡ്ഡും ജാമും ആപ്പിളും പാലില്‍ തേനൊഴിച്ചതും ഒക്കെ കൊണ്ടു വന്നു കഴിക്കാനിരിക്കുന്ന കണ്ടപ്പോള്‍ ഇതിന്റെയെല്ലാം ഭാവിഫലം അനുഭവിക്കാന്‍പോകുന്ന സുശീലയുടെ ദൈന്യമായ മുഖം മനസ്സില്‍ കണ്ടു.

"ഡാ വേലാ, നിയ്യ്‌ നിന്റെ അച്ച്യോട്‌ പറഞ്ഞട്ട്‌ണ്ടാ ജ്ജ്‌ കെട്ടിയൊരുങ്ങി ബര്‌ണ്‌ണ്ട്‌ന്ന്‌?"

"മനാഫെ, അതൊരു സസ്പെന്‍സാണ്‌ കെട്ടോ. ഇപ്പൊ ഞാന്‍ ചെല്ലുമെന്ന്‌ അവള്‍ക്ക്‌ യാതൊരു പ്രതീക്ഷയും ഉണ്ടാവില്ല, അറിയാണ്ടുചെന്നാ അതൊരു ഭയങ്കര ത്രില്ലായിരിക്കും."

"എന്നാലും പറയണതാടാ നല്ലത്‌"

"ഹേയ്‌, ഞാന്‍ പറയണില്ല്യ, ഈ ത്രില്ലു കളയണ്ട."

എന്നാ അവനങ്ങട്‌ ത്രില്ലട്ടേന്നു വച്ച്‌ ഞാന്‍ പതുക്കെ വലിഞ്ഞു. ഓരോ ദിവസവും കഴിയുന്നതിനനുസരിച്ച്‌ വേലായുധന്‍ കൂടുതല്‍ കൂടുതല്‍ ബദാമും ഇതര ഭോജ്യങ്ങളും അകത്താക്കുന്നത്‌ തുടര്‍ന്നുകൊണ്ടേയിരുന്നു. ബദാം കൃഷിചെയ്യുന്ന രാജ്യങ്ങളെല്ലാം തന്നെ ഉല്‍പാദനം ഇരട്ടിപ്പിക്കാന്‍ കര്‍ഷകര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഖത്തറില്‍ ഷൈഖ്‌ അല്‍താനി അടിയന്തിരയോഗം വിളിച്ചുചേര്‍ത്ത്‌ ഈന്തപ്പഴത്തിന്റെ അധികലഭ്യതയെക്കുറിച്ച്‌ വിശകലനം നടത്തി.

"സുശീലേ, നിന്റെ കാന്തന്‍ എന്നാ വരുന്നേ?"

"നിനക്കു വേറൊന്നും ചോദിക്കാനില്ലേ? ഇനിയും ഒരു കൊല്ലം ഞനെങ്ങിനെ തീര്‍ക്കുമെന്ന്‌ എനിക്ക്‌ തന്നെ ഒരു പിടിയുമില്ല, ആകെ മൂന്നുമാസമാണ്‌ കൂടെ കഴിഞ്ഞത്‌."

"എടീ, ഞാന്‍ നാളെ മുതല്‍ ഒരു വ്രതം തുടങ്ങാന്‍ പോകുവാണ്‌. ഭര്‍ത്താവിന്റെ സര്‍വൈശ്വര്യത്തിനു വേണ്ടിയാണ്‌. ഇരുപത്തൊന്നുദിവസം ലളിതാസഹസ്രനാമം ചൊല്ലി രാവിലെയും വൈകീട്ടും ചന്ത്രോത്ത്‌ ദേവിയെ പ്രദക്ഷിണം വയ്ക്കണം. പക്ഷേ ഒരു പഥ്യമുണ്ട്‌. കെട്ട്യോന്റെ കൂടെക്കിടക്കാന്‍ പാടില്ല ഇത്രേം ദിവസം. നിന്റെ ആള്‌ ഇപ്പളെങ്ങും വരാത്ത കാരണം നെനക്കൊരു പ്രശ്നോമില്ല. എനിക്ക്‌ രാജേട്ടനെ 21 ദിവസം മാറ്റിനിര്‍ത്തണമെങ്കില്‍ ഒരു യുദ്ധം തന്നെ വേണ്ടി വരും."

"മോളേ ഞാനും ഉണ്ട്‌ നിന്റെ കൂടെ, ഞാന്‍ ഇന്നലെ വിളിച്ചപ്പോളും കൂടി പറഞ്ഞു അടുത്ത കൊല്ലമേ വരൂന്ന്‌, ഒരാഴ്ചക്കുള്ളില്‍ എന്തോ സസ്പെന്‍സ്‌ ഉണ്ടെന്നും പറഞ്ഞു. നാളെ ഞാനും എന്തായാലും നിന്റെ കൂടെ വരാം."

അങ്ങിനെ കഥയുടെ ഏകദേശം പകുതിയിലധികം കഴിഞ്ഞുകെട്ടോ. ടണ്‍ കണക്കിന്‌ ബദാമും ഈന്തപ്പഴവും മുരിഞ്ചക്കായ്‌ സാമ്പാറും സാപ്പിട്ട്‌ മണലാരണ്യത്തില്‍ വാണരുളുന്ന, ഫ്ലൈറ്റേറാന്‍ വെമ്പി നില്‍ക്കുന്ന സാക്ഷാല്‍ വേലവനും, മിന്നുകെട്ടിയവന്റെ സര്‍വൈശ്വര്യത്തിനു 21 ദിവസം വ്രതവുമായി സല്‍ഗുണസമ്പന്നയായ സുശീലയും. സംഭവബഹുലവും ചടുലവുമായ കഥാന്ത്യത്തിലേക്ക്‌......

ഖത്തര്‍ എയര്‍വെയ്സിന്റെ ഊഷ്മളമായ ആതിത്ഥ്യം ആസ്വദിക്കാനുള്ള മാനസികാവസ്ഥ വേലവനുണ്ടായിരുന്നില്ല. കക്ഷി പറന്നുപറന്ന്‌ സുശീലയുടെയടുത്തെത്തിക്കഴിഞ്ഞിരുന്നു. വേലായുധന്‍ വരുന്നതു കണ്ടിട്ട്‌ സുശീല, അന്തംവിടുക കണ്ണുതള്ളുക കണ്ണീര്‍ വാര്‍ക്കുക തുടങ്ങിയ ചില പ്രാചീനകലാരൂപങ്ങളുമായി അല്‍പസമയം ചിലവഴിച്ചു. "വേലവനെക്കണ്ട അച്ചിയെപ്പോലെ" എന്നൊരു ചൊല്ലുതന്നെ പില്‍ക്കാലത്ത്‌ രൂപപ്പെട്ടതായി ഹ്യുയാന്‍സാങ്ങ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

അന്ന്‌ അമാവാസിയായിരുന്നു, മാനത്തും വേലവന്റെ മനസ്സിലും. പാതിരാത്രിക്കു നല്ലപാതിയുടെ വ്രതം മുടക്കാനായി പതിനെട്ടടവും പയറ്റി പത്തൊമ്പതാമത്തെ ഒരെണ്ണമില്ലത്തതുകൊണ്ട്‌ എന്തു ചെയ്‌വൂ എന്നു വേവലാതി പൂണ്ടുനിന്നാന്‍ വേലന്‍. വ്രതം മുടക്കിയാലുണ്ടാകുന്ന ദൈവകോപം മുഴുവന്‍ വേലേട്ടനു നേരെ വന്നാലോ എന്നായിരുന്നു സുശീലയുടെ പേടി. ബദാംതപിപ്പിക്കുമുടലുമായിരവിലുന്മാദനൃത്തംചവിട്ടിയുടച്ചൊരാ രാത്രിതന്‍ അന്ത്യയാമങ്ങളില്‍ വേലായുധന്‍ ഉറങ്ങി എന്നാണു കഥാകൃത്ത്‌ പറയുന്നത്‌ പക്ഷെ ഉറങ്ങി എന്നു വിശ്വസിക്കാന്‍ തക്ക തെളിവുകളില്ല. എന്തായാലും വളരെ വ്യക്തവും ദൃഢവുമായ തീരുമാനത്തോടെയാണു സുശീല ഉണര്‍ന്നത്‌. ആറ്റുനോറ്റ്‌ അവധിക്കുവന്ന എന്റെ പ്രിയപ്പെട്ടവനെ വിഷമിപ്പിച്ചിട്ട്‌ എനിക്കൊരു വ്രതവും വേണ്ട. ദേവി എന്നോടു പൊറുത്തോളും. ഓടിപ്പോയി കുളികഴിഞ്ഞുവന്നപ്പോഴേക്കും പുള്ളിക്കാരനിതെവിടെപ്പോയി? എന്തായാലും അമ്പലത്തില്‍ പോയി തിരിച്ചുവന്നിട്ടാകാം നഷ്ടനിമിഷങ്ങളുടെ കണക്കുതീര്‍ക്കാന്‍ എന്നു കരുതി സുശീല എന്ന പതിവ്രത.

അമ്പലമാകെ അയ്യപ്പന്മാരുടെ തിരക്കാണ്‌. ഒരു വിധത്തില്‍ ദേവിയുടെ മുന്നിലെത്തി സമസ്താപരാധം പൊറുക്കണേ എന്നു കേണ്‌ വ്രതം മുടിച്ചു തിരിച്ചുനടക്കുമ്പോള്‍ കണ്ട കാഴ്ച..... കറുത്തമുണ്ടുടുത്ത്‌ എമ്പ്രാന്തിരിയുടെ കയ്യില്‍ നിന്നും തുളസിമാല വാങ്ങി കഴുത്തിലിടുന്ന വേലായുധസ്വാമി.....!സ്വാമിയേ ശരണമയ്യപ്പ.....!!!

18 comments:

ദില്‍ബാസുരന്‍ said...

കലക്കി മാഷേ... കലക്കി!
:D

പാവം... അല്ലാതെ എന്ത് പറയാന്‍. സ്വാമി ശരണം!

കുട്ടന്മേനൊന്‍::KM said...

മുരളിയേ.. കിണ്ണം കാച്ച്യായ്ട്ട്ണ്ട് ട്ടാ. .. ഹരി ഹര സുതനേ...

വല്യമ്മായി said...

നന്നായി എഴുതിയിരിക്കുന്നു.ദൈവം തുണയ്ക്കട്ടെ അവരെ

ദിവ (diva) said...

ദേ വീണ്ടും ബൂലോഗത്ത് പുലിയെറങ്ങി കെട്ടാ...

കിടിലനായിട്ട്ണ്ട് മാഷേ... കിടിലന്‍...

അവസാനത്തെ ആ ട്വിസ്റ്റ് കീറനായിട്ടാ...

വളരെ ഇഷ്ടപ്പെട്ടു. നല്ല നീറ്റായി എഴുതിയിരിയ്ക്കുന്നു.

:)

anwer said...

അതു വേലായുധന്‍ കലക്കി....
നന്നായിട്ടുണ്ട്‌... നല്ല realistic ആയി എഴുതിയിരിക്കുന്നു...

ഇടിവാള്‍ said...

ഉഗ്രന്‍ ! അമറന്‍ ! ശരിക്കും രസിച്ചു ! നല്ല എഴുത്ത് മാഷേ !

ഞാണ്‍ പണ്ടു അബുദാബിയില്‍ താമസിച്ചിരുന്നപ്പോള്‍ അടുത്ത റൂമിലെ “സുരേഷ് “ ചേട്ടന്‍ ഇതുപോലെ ബദാം സേവയുണ്ടായിരുന്നു ! പാലില്‍, ബദാം/ ഈന്തപ്പഴം, എന്നിവയിട്ട് മിക്സിയിലയ്യിച്ച് പുള്ളിയൊരു പിടിപ്പുണ്ട് !

പയ്യനായിരുന്നതിനാല്‍, എനിക്കിതിന്റെ ഗുട്ടന്‍സ് ആദ്യം പിടികിട്ടിയില്ല ! പിന്നെ എന്റെ സുഹൃത്തല്ലേ ഇതിന്റെ “ഇഫക്റ്റിവ്‌നെസ്സ്” നെപ്പറ്റി പറഞ്ഞത് !

Adithyan said...

ഇതുഗ്രന്‍!
:)

നന്നായി.

ഇതു ശരിക്കും പുലി തന്നെ :)

ഇത്തിരിവെട്ടം|Ithiri said...

സൂപ്പര്‍... അങ്ങനെ ഒരു പുലികൂടി.

കുഞ്ഞാപ്പു said...

തള്ളേ.. ! ലവനാളു പുപ്പുലി യാണു കെട്ടാ...

അതി ഗംഭീരം.

മുരളി വാളൂര്‍ said...

കന്നിപോസ്റ്റ്‌തന്നെ കഞ്ഞിയാവുമോ എന്ന ശങ്കയായിരുന്നു, പിന്നെ പയറ്റിത്തെളിഞ്ഞ പുപ്പുലികള്‍ നന്നായി എന്നു കമന്റിയകണ്ടപ്പോള്‍ ഒരു ടണ്‍ ബദാം വിഴുങ്ങിയ ആവേശം.... നന്ദികള്‍സ്‌.....

വക്കാരിമഷ്‌ടാ said...

മുരളി വാളൂരണ്ണാ, അടിപൊളി. നല്ല രസകരമായി എഴുതിയിട്ടുണ്ട്. വേല്‍‌ധാരിയെപ്പറ്റി വിവരിച്ചപ്പോള്‍ ശ്രീനിവാസനായിരുന്നു മനസ്സില്‍ മുഴുവന്‍. വേല്‍‌ധാരിഭാര്യ ബിന്ദു പണിക്കരും (ആ പടം അങ്ങിനെയാണെങ്കില്‍ ഓടില്ല, എങ്കിലും എന്തോ അങ്ങിനെയാ വന്നത്).

താങ്കളുടെ പേജിലെ തൂണുകള്‍ക്കിടയില്‍ അക്ഷരങ്ങള്‍ ഒളിച്ചിരിക്കുന്ന പ്രതീതി. ഒരക്ഷരവും മിസ്സായില്ല എന്നറിയുമ്പോള്‍ ഓരോ വരി കഴിയുമ്പോഴും നല്ല സന്തോഷം.

അപ്പോള്‍ പോരട്ടെ ഒന്നൊന്നായി.

വിശാല മനസ്കന്‍ said...

അത് സൂപ്പര്‍. കലക്കി പൊളിച്ചു മാഷേ!

കുഞ്ഞിരാമന്‍ said...

കിടിലം മാഷെ..നന്നായിരിക്കുന്നു.

സൂര്യോദയം said...

'ബദാംതപിപ്പിക്കുമുടലുമായിരവിലുന്മാദനൃത്തംചവിട്ടിയുടച്ചൊരാ രാത്രിതന്‍ അന്ത്യയാമങ്ങളില്‍ വേലായുധന്‍ ഉറങ്ങി എന്നാണു കഥാകൃത്ത്‌ പറയുന്നത്‌ '

കലക്കീണ്ട്‌ ട്ടാ... വായിക്കാന്‍ ലേറ്റ്‌ ആയിപ്പോയി (എങ്ങനെയോ മിസ്സ്‌ ചെയ്തു).
പ്രയോഗങ്ങള്‍ കൊള്ളാം...

അഗ്രജന്‍ said...

നന്നായി എഴുതിയിരിക്കുന്നു. കിണ്ണന്‍ കാച്ചി :)

sahayaathrikan said...

ഹ ഹ ഹ ചിരിക്കാതെന്തു ചെയ്യുമെന്റെ മാഷേ!!!

san said...

ithu oru onnonnara kadhayanu.. adi poli.

സുധി അറയ്ക്കൽ said...

ആഹാ ഹാ ഹാ!!!!!അടിപൊളി.