Monday, September 18, 2006

വാക്കത്തിപ്രണയം...!

കത്തിപ്പിടിച്ച പ്രണയം എന്നൊക്കെ കേട്ടിട്ടുണ്ട്‌, എന്നാലും വാക്കത്തി പിടിച്ച പ്രണയം എന്നത്‌ വേലായുധന്‌ മാത്രം അവകാശപ്പെടാനുള്ളതാണ്‌. സംഭവം നടക്കുന്നത്‌ (കഥയുടെ അവസാനമാവുമ്പോള്‍ പറക്കുന്നത്‌ എന്ന്‌ തിരുത്തിവായിക്കാനപേക്ഷ) തൊണ്ണൂറുകളില്‍. നായകന്‍ പത്തില്‍ പയറ്റുന്നു. പത്തുവരെ ടിയാന്‍ ഒരു കുരുക്കിലും പെടാതെ സൂക്ഷിച്ചിരുന്നതിനാല്‍ മുഖാരവിന്ദത്തിന്‌ വല്യ കോട്ടം പറ്റിയിട്ടില്ലായിരുന്നു. പത്തിലെത്തിയതു മുതലാണ്‌ സൂക്കേട്‌ കുറേശ്ശെ തുടങ്ങിയത്‌. മലയാളം ക്ലാസ്സില്‍ ദാമോദരന്‍ മാഷ്‌ "ശുഭസ്യ ശീഖ്രം" എന്നതിന്റെ അര്‍ഥം വിശദീകരിച്ചപ്പോള്‍ പിന്നെ വേലായുധന്‍ ഒന്നും നിരീചില്യ, ഒന്നും കല്‍പിച്ച്‌ (പിന്നീട്‌ കുറച്ച്‌ വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ്‌ "രണ്ടും കല്‍പിച്ച്‌" എന്നത്‌ പ്രയോഗത്തില്‍ വന്ന്‌ തുടങ്ങിയത്‌) ഗോദയിലിറങ്ങി.

330 മില്യണ്‍ ദൈവങ്ങളില്‍ പ്രേമലോലുപനും എറ്റവും ജനകീയനുമായിരുന്നത്‌ കൃഷ്ണനായിരുന്നതുകൊണ്ട്‌ ടിയാന്റെയും ഇഷ്ടദൈവം കൃഷ്ണേട്ടന്‍ തന്നെയായിരുന്നു. പേര്‌ വേലായുധന്‍ എന്നാണെങ്കിലും ആളു നമ്പൂര്യാണെയ്‌. വേലായുധന്‍ നമ്പൂരി എന്ന പേര്‌, ഉണ്ണിയേട്ടന്‍ ബാറ്ററിയിട്ടു വാറ്റിയ പട്ടയില്‍ ഈന്തപ്പഴം ഇട്ടു കഴിക്കുന്നപോലെ, ഒരു പൊരുത്തക്കേടുണ്ടെന്നറിയാം. തല്‍ക്കാലം നമുക്ക്‌ പേരു വിട്ട്‌ പ്രണയത്തിലേക്ക്‌ വരാം. ഭോജനം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായിട്ടെടുത്തിരിക്കുന്ന വേലവനും കിട്ടി ഒരു ഭാജനം. അതേ, നായികയുടെ പേര്‌ ക്ലാര. നല്ല ചേര്‍ച്ച. നമ്പൂരിക്ക്‌ പ്രേമിക്കാന്‍ കിട്ടിയതേ കിളിപോലത്തെ ഒരു കൃസ്ത്യാനി കുട്ടി. പ്രേമം എന്തായാലും വണ്‍വേ അല്ലായിരുന്നു എന്നതില്‍ നിന്നും നായകന്‍ മണുക്കൂസന്‍ ഉണ്ണ്യമ്പൂര്യയിരുന്നില്ല എന്നു വ്യക്തം. കൂടെപയറ്റുന്ന രാജീവന്റെയും ജോര്‍ജ്ജിന്റെയുമൊക്കെ പ്രേമശില്‍പശാലകളില്‍ പങ്കെടുത്തപ്പോള്‍ ഇനി ലേഖനമെഴുതിയാലേ തന്റെ പ്രേമത്തിന്‌ ഭാവിയുള്ളു എന്നു ഉണ്ണ്യമ്പൂരിക്കുറപ്പായി. മുഖശ്രീകൊണ്ട്‌ കപിസമാനനായ കക്ഷി ഉടന്‍ കവിയായി രൂപാന്തരം പ്രാപിച്ചു തുടങ്ങിനാന്‍ കേകയിലും കാകളിയിലും കത്തിക്കല്‍.

കുങ്കുമം വാരികയായിരുന്നു തല്‍ക്കാലം ഹംസത്തിന്റെ റോളില്‍. കുലയിടത്തേക്കു പോകുന്ന റോഡരികിലായിരുന്നു കുമാരി ക്ലാര കുടില്‍കെട്ടി പാര്‍ത്തിരുന്നത്‌. പൂര്‍വകപിയായ ജാംബവാന്‍ ഉപയോഗിച്ചു പഴകി തലമുറകളായി കൈമാറിവന്ന്‌ നായകകപിക്ക്‌ ഉടമസ്ഥാവകാശം ലഭിച്ച റാലി സൈക്കിളേറിയായിരുന്നു നമ്പൂര്യാരുടെ തിരുവിളയാടല്‍. അങ്ങിനെ അങ്ങോട്ട്‌ കുങ്കുമവും ഇങ്ങോട്ട്‌ മംഗളവുമായി പ്രേമലേഖനങ്ങള്‍ അവര്‍ക്കിടയിലഴിഞ്ഞാടി.

ഒരു ദിവസം താന്‍ കുങ്കുമം നീട്ടിയിട്ടും അവള്‍ വാങ്ങുന്നില്ല. അത്‌ ആദ്യത്തെ അനുഭവമായിരുന്നു. "സൂര്യനെത്ര അകലെയാണെങ്കിലും താമര വിടരാതിരിക്കുമോ" എന്നൊക്കെ മഹാകാവ്യങ്ങളെഴുതി മംഗളത്തിലാക്കിത്തന്ന്‌ തന്നെ പാട്ടിലാക്കിയിട്ട്‌ ഇപ്പോള്‍ മുഖം തിരിക്കുന്നോ. ശില്‍പശാലയില്‍ പഠിച്ച ഗൂഢതന്ത്രങ്ങള്‍ ഒക്കെ പുറത്തെടുത്തെങ്കിലും ആലുവയില്‍ വച്ചു നടക്കുന്ന ഒരാഘോഷത്തിന്‌ കണ്ട പരിചയം പോലും കാണിച്ചില്ല ക്രൂരക്ലാര.

പിറ്റേന്ന്‌ ജോര്‍ജിനെ കണ്ടപ്പോള്‍ അവനെന്നെ ഒരന്യഗ്രഹ ജീവിയെപ്പോലെ നോക്കി.
"മോനേ വേലായുധാ, വീണ്ടും തമ്മില്‍ കാണാന്‍ പറ്റുമെന്ന്‌ ഒരിക്കലും കരുതിയതല്ലെടാ, ഇന്നലെ ഞാന്‍ ബസ്സില്‍ ചാലക്കുടിക്കു പോകുമ്പോഴാണ്‌ നീയവളുടെ പുറകെ സൈക്കിളുരുട്ടുന്ന കണ്ടത്‌. വഴിയുടെ മറ്റേ സൈഡില്‍ക്കൂടി പോകുന്നുണ്ടായിരുന്ന വര്‍ഗ്ഗീസിനെ നീ കണ്ടില്ലായിരുന്നു എന്നെനിക്കു ഉറപ്പായി നിന്റെ പ്രകടനം കണ്ടപ്പോള്‍. ആളെ നിനക്കറിയില്ല അല്ലെ, നല്ല വട്ടാ കക്ഷിക്ക്‌, എപ്പൊഴും ഒരു വാക്കത്തിയുണ്ടാവും കയ്യില്‍. ഇന്നെന്തായാലും സ്കൂളിന്‌ അവധികിട്ടുമെന്നാ ഞാന്‍ കരുതിയെ."

ഞാന്‍ ഒന്നു കിടുങ്ങി. കൃഷ്ണാ... ആശ്രിതവല്‍സലാ... പരീക്ഷണമരുതേ... വെട്ടേറ്റ്‌ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു എന്ന വാര്‍ത്തയുമായി മാതൃഭൂമി പത്രം എന്റെ രണ്ടുദിവസത്തെ ഉറക്കം കെടുത്തി. കാലം മാറ്റാത്ത മുറിവുകളില്ലല്ലൊ. ഒരാഴ്ചത്തേക്ക്‌ വേലവന്‍ റൂട്ടുമാറ്റി. ലേഖനപരമ്പരകളെല്ലാം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു.

പക്ഷേ സമാധാനത്തിന്റെ നാളുകള്‍ അധികം നീണ്ടില്ല. അമ്മയുടെ അലറല്‍ കേട്ടാണ്‌ പുതുലേഖനമെഴുത്തില്‍ നിന്നും കക്ഷി ചാടിയെഴുന്നേറ്റത്‌.

"ഡാ, രാഘവന്റെ കടയില്‍ നിന്നും കുറച്ച്‌ അരി വാങ്ങിയിട്ടു വാടാ."

പെട്ടു, വര്‍ഗ്ഗീസ്‌ വിലസുന്ന ആ റോഡില്‍ തന്നെയാണ്‌ രാഘവന്റെ കട. മരണവുമായി മുഖാമുഖം കലാപരിപാടിക്ക്‌ തല്‍ക്കാലം വേലായുധന്‍ തയ്യാറല്ലായിരുന്നു.

"അമ്മേ, എന്തോരാ പഠിക്കാന്‍ കെടക്കണേന്നറിയോ.. അപ്പഴാ അരി വാങ്ങല്‍"

"ഡാ..... " അടുത്ത അലറല്‍ ചേട്ടന്റെ വകയായിരുന്നു.

ചെവിക്കുറ്റിയുടെ അസ്തിത്വം അവതാളത്തിലായെങ്കിലോ എന്നു ഭയന്ന്‌ സഞ്ചിയെടുത്താന്‍, സൈക്കിളേറി പറന്താന്‍ നമ്മ വടിവേലു.ആനയുടെ സ്വപ്നം കാണരുത്‌ എന്ന്‌ വിചാരിച്ച്‌ കിടന്നാല്‍ ആന കുത്തിക്കൊല്ലുന്ന സ്വപ്നം മാത്രേ കാണു. വട്ടന്‍ വര്‍ക്കിയേട്ടനെ കാണല്ലേ എന്ന ആത്മഗതം പ്രാര്‍ത്ഥന ഇടക്ക്‌ വഴിയേ പോകുന്നവര്‍ക്കും കേള്‍ക്കാമായിരുന്നു.

ഹായ്‌.. സന്തോഷായി.. ദാ വരണൂ ഭാവി അളിയന്‍. നമ്പൂരി കര്‍ത്താവിനെ വിളിച്ചു കേണു. സെന്റ്‌ജോര്‍ജ്‌ പുണ്യാളന്‌ ഒരു സ്പെഷല്‍ പുഷ്പാഞ്ഞ്‌ജലി നേര്‍ന്നു. ഹേയ്‌, ഒന്നും സംഭവിക്കില്ല എന്ന്‌ ഉറപ്പിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും റാലി ഒരു ലക്കും ലഗാനുമില്ലാതെയാണ്‌ പറന്നത്‌. ഒരു വിധത്തില്‍ അളിയനേയും പിന്നിട്ട്‌ വേലു മുന്നോട്ട്‌ കുതിക്കവേ.......

"ഡാാാാാാാ.... നിക്കടാ അവിടെ...."

കഴിഞ്ഞു, എല്ലാം കഴിഞ്ഞു. നാളെ ആര്‍ക്കും സ്കൂളില്‍ പോകണ്ട, മുടക്കായിരിക്കും. മാവു വെട്ടാന്‍ അയ്യപ്പനോടു പറയാം.

"നീയ്യല്ലേടാ ക്ലാരേടെ ക്ലാസ്സില്‍ പടിക്കണ നമ്പൂരി...?"

കൃഷ്ണാ, അപ്പോ എല്ലാം അറിഞ്ഞിട്ടു തന്നെയാണ്‌. അല്ല എന്ന്‌ പറയാനാണ്‌ തോന്നിയതെങ്കിലും എന്തോ ഒരു വികൃതശബ്ദം മാത്രമേ പുറത്തുവന്നുള്ളു. നിര്‍ണ്ണായകഘട്ടങ്ങളില്‍ നമ്പൂര്യാര്‍ക്കു സ്ഥിരം കൂടപ്പിറപ്പായ വങ്കത്തരം വേലുവിനും കൂട്ടിനുവന്നു. കക്ഷി സൈക്കിള്‍ മുന്നോട്ട്‌ ഒറ്റച്ചവിട്ടാണ്‌ ജീവനെടുത്ത്‌ കയ്യില്‍ പിടിച്ചോണ്ട്‌. ദൈവമേ, ചതിച്ചോ, റാലി നീങ്ങുന്നില്ലല്ലോ. കശ്മലന്‍ പുറകില്‍ പിടിമുറുക്കിയിരിക്കുകയാണ്‌. "മരണം വാതില്‍ക്കലൊരുനാള്‍ കത്തിയുമായ്‌ വന്നു നില്‍ക്കുമ്പോള്‍..." വേലായുധന്‍ കഴുത്തു കുനിച്ചു വര്‍ക്കിയേട്ടനു വെട്ടാന്‍ അസൗകര്യമൊന്നുമുണ്ടാക്കാതെ ഒതുങ്ങി നിന്നു.

"ഇതും കൂടി കൊണ്ടുപോടാ... ന്റെ പെങ്ങള്‌ തന്നതാ ഈ പുസ്തകം, നിനക്ക്‌ തരാന്‍ പറഞ്ഞ്‌"

വട്ടന്‍ വര്‍ക്കിയുടെ ഇടതുകയ്യില്‍ വാക്കത്തിയും വലതു കയ്യില്‍ ഒരു മംഗളവുമായിരുന്നു. വാരികയുമായി പറപറന്ന വേലായുധന്റെ ലേഖനവേലകളിലെ ഉപമയും ഉല്‍പ്രേക്ഷയും അതോടെ അടിച്ചുപിരിഞ്ഞതായാണ്‌ ആധികാരികമായിക്കിട്ടിയ അറിവ്‌. ടാറിട്ട റോഡില്‍ പുല്ലുമുളയ്ക്കുന്നത്‌ അന്ന്‌ പ്രചാരത്തിലില്ലാതിരുന്നതിനാല്‍, വേലായുധന്‍ പോയ വഴിയേ പുല്ലു കിളിര്‍ത്തിട്ടില്ലെന്ന്‌ ചരിത്രപുസ്തകങ്ങള്‍ അടിവരയിടുന്നു.

8 comments:

സൂര്യോദയം said...

ക്ലാരക്കള്ളി.... പിന്നെ, ആ നമ്പൂതിരി ക്ലാര കോമ്പിനേഷന്‍... കലക്കി. വിവരണം നന്നായി

പാര്‍വതി said...

ക്ലാര തന്നെ മിടുക്കി..അവളുടെ ധൈര്യത്തിന്റെ ഉറപ്പിലെങ്കിലും ഈ വണ്ടി മുന്‍പോട്ടുന്താമായിരുന്നു..

-പാര്‍വതി.

ദില്‍ബാസുരന്‍ said...

ക്ലാരാ അന്തര്‍ജനം.... ആഹാ....

എല്ലാം തുലച്ചില്ലേ വേലന്‍... :(

ഇടിവാള്‍ said...

ഹ ഹ രസികന്‍ വിവരണം മുരളി !

അഹമീദ് said...

വിവരണം കൊള്ളാം.

അഗ്രജന്‍ said...

നല്ല വിവരണം... നന്നായിരിക്കുന്നു മുരളി.
ഫോണ്ട് സൈസ് ഒത്തിരി ചെറുതായതോണ്ട് വായിക്കാന്‍ ശ്ശി ബുദ്ധിമുട്ട്യ്യേ... :)

വേണു venu said...

ആനയുടെ സ്വപ്നം കാണരുത്‌ എന്ന്‌ വിചാരിച്ച്‌ കിടന്നാല്‍ ആന കുത്തിക്കൊല്ലുന്ന സ്വപ്നം മാത്രേ കാണു. അതും കലക്കി.മുര‍ളീ നന്നായിരുന്നു.
വേണു.

മുസാഫിര്‍ said...

മുരളി,
രസകരമായിട്ടുണ്ടു.
മരണം വാതില്‍ക്കലൊരുനാള്‍ കത്തിയുമായ്‌ വന്നു നില്‍ക്കുമ്പോള്‍..." വേലായുധന്‍ കഴുത്തു കുനിച്ചു വര്‍ക്കിയേട്ടനു വെട്ടാന്‍ ...ഇതു വളരെ ഇഷ്ടമായി.