Wednesday, September 20, 2006

ആകാശം നഷ്ടപ്പെട്ടവര്‍

രാധാകൃഷ്ണന്‍ മാഷ്‌, സെല്ലില്‍ വെറുതെ മുറ്റത്തുള്ള ചെടികളെ നോക്കിയിരുന്നു. അതില്‍ പല നിറത്തിലുള്ള പൂക്കള്‍ നിറയെ വിടര്‍ന്നു നിന്നിരുന്നു. മുന്നില്‍ കാണുന്ന ഇരുമ്പഴികള്‍ തന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്‌ തടയിടാതിരിക്കട്ടെ എന്ന്‌ പ്രത്യാശിച്ചു.

"സര്‍, ദയവായി എങ്ങിനെയെങ്കിലും പത്തുദിവസത്തെ പരോളെങ്കിലും അനുവദിച്ചു തരൂ"

വര്‍ഷങ്ങളായി പരിചയമുള്ള ആ ഗംഭീര ശബ്ദം ഇപ്പോള്‍ അല്‍പം പതറിയിട്ടുണ്ടോ എന്നു സൂപ്രണ്ട്‌ രാജുവിനു തോന്നി. കുറച്ചു ദിവസങ്ങളായി മാഷ്‌ ഇടക്കിടെ ഈ പരോളിന്റെ കാര്യം തന്നെ വന്നു ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

പിജി ക്ലാസ്സില്‍ മോഡേണ്‍ ഫിസിക്സ്‌ പഠിപ്പിക്കുമ്പോഴേ ക്ലാസ്സിലെ സ്മാര്‍ട്‌ സ്റ്റുഡന്റായ രാജുവും മാഷുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. ഭൗതികത്തിലെ കട്ടിയായ ശാസ്ത്രസംജ്ഞകള്‍ക്കപ്പുറം കഥകളെയും കവിതകളേയും വര്‍ത്തമാനകാല ആസുരതകളെയും കുറിച്ചുള്ള ഊഷ്മളമായ സംവാദങ്ങളിലൂടെയായിരുന്നു അവരുടെ ബന്ധം വളര്‍ന്നത്‌. മാതൃഭൂമിയില്‍ സ്ഥിരമായി എഴുതാറുള്ള മാഷിന്റെ വാക്കുകള്‍ തീക്ഷ്ണമായിരുന്നു.

ജയില്‍ സൂപ്രണ്ട്‌ ആണെങ്കിലും, മാഷിന്റെ സര്‍ എന്നുള്ള വിളിയില്‍ രാജു ചൂളിപ്പോയി. സര്‍ എന്നുള്ള വിളി ഒഴിവാക്കണമെന്ന്‌ പലതവണ റിക്വെസ്റ്റ്‌ ചെയ്തതാണ്‌, എന്നാലും മാഷ്‌ അങ്ങിനെയേ വിളിക്കൂ. കുറച്ചു നാളുകളായി മാഷ്‌ക്ക്‌ പുറം ലോകത്തെക്കുറിച്ച്‌ വലിയ പ്രതീക്ഷകളാണ്‌. എങ്ങിനേയും പുറത്തു പോകണമെന്നും മകളുമായി കുറച്ചുനിമിഷങ്ങളെങ്കിലും ചെലവഴിക്കണമെന്നും ഇടക്കിടെ പറയും. ഒരിക്കല്‍ പോലും ശാന്തി ഇവിടെ വന്നിട്ടില്ല മാഷെ കാണാന്‍, എന്നിട്ടും മാഷിനുറപ്പായിരുന്നു, അവള്‍ തന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ടാവുമെന്ന്‌. മാഷെപ്പോലെത്തന്നെ അവളും കഥകളെഴുതിയിരുന്നു. തനിക്കുവായിക്കാനായി കൊണ്ടുവരുന്ന മാതൃഭൂമി താന്‍ മാഷിനും കൊടുക്കാറുണ്ട്‌. ശാന്തിയുടെ എല്ലാ കഥകളും മാഷ്‌ പല ആവര്‍ത്തി വായിക്കാറുണ്ട്‌. പുറംലോകത്തെക്കുറിച്ചുള്ള ഒരേയൊരു പ്രതീക്ഷയും സ്വപ്നവും മാഷിന്‌ അവള്‍ മാത്രമായിരുന്നു.

"മാഷേ, ഫോര്‍മാലിറ്റികള്‍ ഒരുപാടുണ്ട്‌, ഞാന്‍ പരമാവധി ട്രൈ ചെയ്യുന്നുണ്ട്‌".

അത്ര സുഖായില്യ എന്റെ വാക്കുകള്‍ എന്ന്‌ പ്രസന്നമല്ലാത്ത ആ മുഖത്തുനിന്ന്‌ ഞാന്‍ വായിച്ചു. പിന്നീടും പല ദിവസങ്ങളിലും മാഷ്‌ എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

ഒരുദിവസം പരോള്‍ പാസ്സായതായി മെമൊ വന്നു. മാഷ്‌ടെ ട്രേഡ്‌ മാര്‍ക്കായ ഹസ്തദാനമാണ്‌ അതറിയിച്ചപ്പോള്‍ എനിക്ക്‌ പ്രതിഫലം കിട്ടിയത്‌. ഏറ്റവും അടുപ്പമുള്ളവര്‍ക്ക്‌ ഏറ്റവും സന്തോഷമുള്ളപ്പോള്‍ മാത്രം നല്‍കാറുള്ളതാണ്‌ ഈ ഊഷ്മളമായ കൈനീട്ടം. അന്നു വന്ന വീക്‌ലി മേശപ്പുറത്തു കിടക്കുന്നത്‌ കണ്ടപ്പോള്‍ മാഷ്‌ അതു വേഗം എടുത്തു. ഉള്ളടക്കം വായിച്ചപ്പോള്‍ തന്നെ മാഷ്‌ടെ മുഖത്തുനിന്നും ഞാനൂഹിച്ചു ശാന്തിയുടെ ഏതോ ആര്‍ട്ടിക്കിള്‍ അതില്‍ ഉണ്ടായിരിക്കുമെന്ന്‌.

"രാജൂ, ഇത്തവണയും അവളുടെ ഒരു കഥയുണ്ട്‌ കെട്ടോ " പേരെടുത്ത്‌ വിളിച്ചപ്പോള്‍ എനിക്ക്‌ പഴയ ക്ലാസ്സ്‌മുറിയിലേക്ക്‌ പോയ പോലെ തോന്നി.

ഇടനാഴിയുടെ അറ്റത്ത്‌ ജനലിനടുത്തു പോയിരുന്ന്‌ മാഷ്‌ ആര്‍ത്തിയോടെ വായന തുടങ്ങി. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്റെ ചൂണ്ടുവിരലില്‍ തൂങ്ങി, തിരയടിച്ചു നനഞ്ഞ മണലില്‍ കൂടി നടക്കുന്ന ശാന്തിയുടെ നിരന്തരമായ ചോദ്യങ്ങള്‍. അവള്‍ക്ക്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആകെയുണ്ടായിരുന്നത്‌ താന്‍ മാത്രമായിരുന്നു. ഓരോന്നിനും തന്റെ കൃത്യമായ ഉത്തരങ്ങള്‍ അവള്‍ക്ക്‌ പൂര്‍ണ തൃപ്തിയായിരുന്നു. സ്വപ്നങ്ങളുടെ നിറച്ചാര്‍ത്തില്‍ മാഷ്‌ടെ മുഖം കൂടുതല്‍ പ്രകാശിച്ചു.

മാതൃഭൂമി ഓണപ്പതിപ്പ്‌
ഒറ്റപ്പെട്ടവളുടെ ആകാശം (ചെറുകഥ)
രചന: ശാന്തി


ഞാന്‍ ഒറ്റപ്പെട്ടവള്‍, എനിക്കിവിടെ സ്വന്തമായി ആകാശം മാത്രം, അതും നിറമില്ലാത്തത്‌. ഞാന്‍ മാഷെ വെറുക്കുന്നു. മാഷ്‌ എന്റെ അഛനാണ്‌. എല്ലാവരും വിളിക്കുന്നത്‌ കേട്ട്‌ കേട്ട്‌ ഞാനും അഛനെ മാഷേ എന്നാണ്‌ വിളിച്ചിരുന്നത്‌. എന്റെ സ്വപ്നങ്ങളുടെ നിറവും സൗരഭ്യവും മാഷുടെ സ്നേഹം മാത്രമായിരുന്നു. ഞങ്ങളുടെ കുടുംബം ഞങ്ങള്‍ രണ്ടാളിലൊതുങ്ങി. മോഡേണ്‍ ഫിസിക്സ്‌ പഠിപ്പിച്ചിരുന്ന അഛനെക്കൊണ്ട്‌ എംഎ ഫൈനല്‍ ക്ലാസ്സിലെ കുട്ടികള്‍ ഫിലോസഫി ക്ലാസ്സുകള്‍ എടുപ്പിച്ചിരുന്നു. സൊസൈറ്റിയിലെ ഓരോ ചെറിയ അനീതികള്‍ക്കു നേരെപ്പോലും അദ്ദേഹം വളരെ തീക്ഷ്ണമായി പ്രതികരിച്ചു. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴേ എന്റെ ഒരേയൊരു സ്വപ്നം മാഷുടെ ഫിലൊസഫി ക്ലാസ്സില്‍ ഒരു തവണയെങ്കിലും ഇരിക്കണമെന്നതായിരുന്നു. നെറികേടുകള്‍ക്കുനേരെയുള്ള അദ്ദേഹത്തിന്റെ കടുത്ത പ്രതികരണങ്ങള്‍ കുറച്ചെങ്കിലും ശത്രുക്കളെ ഉണ്ടാക്കിയെടുത്തു. എന്റെ കൗമാര കൗതുകങ്ങളില്‍ എനിക്കതെല്ലാം ഹരമായിരുന്നു. ഞാന്‍ ഇങ്ങനെയൊരഛന്റെ മകളായിപ്പിറന്നതില്‍ ഊറ്റം കൊണ്ടു. പക്ഷേ പതുക്കെ ഞാനറിയുകയായിരുന്നു, ആര്‍ത്തുപെയ്തേക്കാവുന്ന ആസുരതകളില്‍ പൊട്ടിയകന്നേക്കാവുന്ന, ജീവിത സ്വപ്നങ്ങളുടെ നനുത്ത നൂലിഴകള്‍. ഈ ആകുലത പലപ്പോഴും മാഷുമായുള്ള സംവാദങ്ങള്‍ക്ക്‌ വഴിയൊരുക്കി.

"മാഷേ, വ്യക്തിപരമായ കടമകളാണോ, സമൂഹത്തോട്‌ വ്യക്തിക്കുള്ള കടമകളാണോ, ഏതാണ്‌ കൂടുതല്‍ പ്രധാനം?"

"അനേകം വ്യക്തികളുടെ സഞ്ചയമായ സമൂഹത്തിനു തന്നെയാവണം ഫസ്റ്റ്‌ പ്രിഫറന്‍സ്‌"

"അപ്പോ എന്റെ കാര്യം പോക്കാ അല്ലേ മാഷേ...?!"

"നിന്റെ ചോദ്യം കേട്ടപ്പോളേ എനിക്കു മനസ്സിലായി നിന്റെ വിഷമം. നിന്നോടുള്ള കടമകളും കടപ്പാടുകളും മറന്ന്‌ ഞാന്‍ സ്വയം ഹോമിക്കുകയില്ല. നിന്റെ വേവലാതി എനിക്കു മനസ്സിലാക്കാം. നിന്റെ ആകാശം ഞാനാണെന്നും ഞാനറിയുന്നു."

സ്വസ്ഥതയുടേയും സമാധാനത്തിന്റേയും ഒരു നനുത്ത പുതപ്പ്‌ എന്നെ പൊതിയുന്നത്‌ ഞാനറിഞ്ഞു. ഞാന്‍ മാഷുടെ വിരലുകളില്‍ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. എങ്കിലും എനിക്കറിയാമായിരുന്നു ഈ സൗമ്യതയുടെ തലോടല്‍ താല്‍ക്കാലികം മാത്രമെന്ന്‌. മാഷുടെ സമൂഹത്തിലെ ഇടപെടലുകള്‍ക്ക്‌ തീവ്രതയേറി. ഞാനൊറ്റപ്പെടുന്നത്‌ മാഷറിഞ്ഞില്ല. കടുത്ത തീവ്രവാദത്തിന്റെ എരിതീയിലേക്ക്‌ സ്വയം ബലിയാടാവാനായി മാഷ്‌ തീരുമാനമെടുത്തപ്പോള്‍ (?) ആ മനസ്സില്‍ ഈ കുഞ്ഞു മുഖം ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല.

പിന്നെ എന്റെ ആകാശത്തിന്‌ വര്‍ണ്ണങ്ങളും വെളിച്ചങ്ങളും അന്യമായിത്തുടങ്ങി. ഒറ്റപ്പെട്ട, ആരുമില്ലാത്ത ഒരു വെറും പെണ്ണിനെ, മാഷ്‌ നേരെയാക്കാന്‍ ശ്രമിച്ച സമൂഹം അതിന്റെ കൂര്‍ത്ത നഖങ്ങളില്‍ കോര്‍ത്ത്‌, സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി എവിടെയോ എറിഞ്ഞുടച്ചു. ഇത്‌ മാഷ്‌ അറിയാത്ത കഥ.

ഒറ്റപ്പെട്ടവള്‍ ഞാന്‍, നിറമില്ലാത്ത ആകാശം മാത്രമുള്ളവള്‍.

.................

മാഷ്‌, സെല്ലില്‍ വെറുതെ മുറ്റത്തുള്ള ചെടികളെ നോക്കിയിരുന്നു. വര്‍ണ്ണപ്പൂക്കളെല്ലാം വാടിയും കരിഞ്ഞും കൊഴിഞ്ഞിരുന്നു.

10 comments:

മുരളി വാളൂര്‍ said...

ആകാശം നഷ്ടമായ ഒരഛന്റെയും മകളുടേയും വിഹ്വലതകള്‍, വര്‍ണക്കാഴ്ചകള്‍ ഇല്ലാതെ.....

ഇത്തിരിവെട്ടം|Ithiri said...

മുരളീ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു... നന്നായിരിക്കുന്നു ഒത്തിരി.

പാര്‍വതി said...

അതെ മുരളീ..ജീവിതം പോലെ തന്നെ ഒട്ടും നിറമില്ലാത്ത നര്‍ച്ച കഥ.

എന്നാലും റോസ മുള്ള് കൊള്ളുമ്പോള്‍ കൈക്കുണ്ടാവുന്ന കടച്ചില്‍ പോലെ വായിച്ച് തീരുമ്പോള്‍ മനസ്സിനൊരു കടച്ചില്‍.

:-)

-പാര്‍വതി.

സൂര്യോദയം said...

നല്ല തീവ്രത... മനസ്സില്‍ തട്ടുന്ന ലേഖനം... നന്നായിരിക്കുന്നു മുരളീ...

മുരളി വാളൂര്‍ said...

എനിക്ക്‌ കഥയെഴുത്ത്‌ അത്ര പറ്റിയ പണിയല്ലാന്ന്‌ മനസ്സിലായി, സൂര്യന്റെ കമന്റ്‌ കിട്ടിയപ്പോള്‍, കണ്ണ്‌ തുറപ്പിച്ചതിന്‌ നന്ദി സൂര്യാ, നിര്‍ത്തിക്കോളാം.....

Adithyan said...

എന്റെ പൊന്നു മുരളിച്ചേട്ടാ,
അതൊന്നും കണ്ട് ഇങ്ങനെ തെറ്റിദ്ധരിക്കല്ലേ... സംഭവം ഇഷ്ടപ്പെട്ട് അങ്ങ് കമന്റ് ഇട്ടപ്പോ വാക്കുകള്‍ അങ്ങനെ ആയിപ്പോയതാവാനാണു സാധ്യത.

കഥ നന്നായിരിക്കുന്നു. വെറുതെ പറയുന്നതല്ല. ഇഷ്ടമായി. നല്ല ഭാഷ, നല്ല തീം.

ഓടോ:
കമന്റ് ഒക്കെ കണ്ട് കഥയെഴുത്ത് നിര്‍ത്താനോ? ഞാന്‍ വരെ സ്ഥിരമായി കഥകളെഴുതുന്നു. ഇനീം ഈ മാതിരി പോക്രിത്തരം കാണിച്ചാല്‍ വീടു കയറി വെട്ടും എന്നുള്ള ഭീഷണികള്‍ പോലും വകവെക്കാതെ :)

Ambi said...

കഥ അച്ചടിച്ചെടുത്തു(print out)..നന്നായി..നന്ദി..

Ambi said...

ഒന്നു കൂടി വായിച്ചപ്പൊള്‍ ചെറിയ ഒരു കല്ലുകടിച്ചു..ആ കഥ..കഥയിലെ കഥ ആദ്യത്തെ കുറച്ചു വരികള്‍..മാത്രഭൂമിയില്‍ വന്ന കഥയായിട്ടല്ലേ ..ഇങ്ങനങ്ങ് നേരിട്ട് പറയണ്ടായിരുന്നു..
“ഞാന്‍ മാഷെ വെറുക്കുന്നു. മാഷ്‌ എന്റെ അഛനാണ്‌. എല്ലാവരും വിളിക്കുന്നത്‌ കേട്ട്‌ കേട്ട്‌ ഞാനും അഛനെ മാഷേ എന്നാണ്‌ വിളിച്ചിരുന്നത്‌“...
ഇതൊക്കെ മാത്രഭൂമിയിലെ കഥയേക്കാളും ശാന്തിയെ ആരോ അഭിമുഖം ചെയ്തെഴുതിയ പൊലെ തൊന്നി..
കഥയ്ക്കുള്ളിലെ കഥയില്‍ കുറച്ചുകൂടെ കൈയടക്കം കാണിച്ചിരുന്നെങ്കില്‍..എണ്ണം പറഞ്ഞ കഥയായെനേ ബൂലോകത്ത്...
വിമറ്ശനമല്ല..ആസ്വാദനമാണ്..കഥ നന്നായി..വളരെ..

പുംഗവന്‍ said...

കൊള്ളാം മാഷെ...

Anonymous said...

please visit.wwww.malayalam-top10.blogspot.com