പുലിത്തെയ്യങ്ങള്‍ക്കൊപ്പം
വളരെക്കാലമായുള്ള ആഗ്രഹമാണ് തെയ്യത്തെ ഒന്നനുഭവിക്കണമെന്നത്. ഒരു ദൂരക്കാഴ്ചയല്ല, മറിച്ച് അവരുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് വളരെ അടുത്തുനിന്നുള്ള ഒരനുഭവിക്കല്‍. ഇത്തവണ വെക്കേഷന് പ്ലാന്‍ ചെയ്തപ്പോഴേ മനോജിനെ വിളിച്ച് കാര്യം പറഞ്ഞു. കാഞ്ഞങ്ങാട് വീടുള്ള, തെയ്യക്കോലങ്ങളുടെ ഇടയില്‍ ജനിച്ചുവളര്‍ന്ന, തെയ്യങ്ങളുടെ മനോഹരമായ ചിത്രങ്ങള് പകര്ത്തിയിട്ടുള്ള മനോജ് തന്നെയാണ് യാത്ര ഒരുക്കാന്‍ ഏറ്റവും നല്ലത് എന്നെനിക്കുറപ്പായിരുന്നു. ഡേറ്റ് ഫിക്സ് ചെയ്തോളൂ എന്നിട്ട് ബോഡി മാത്രം വിട്ടുതന്നാല്‍ മതി ബാക്കി കാര്യമേറ്റു എന്ന് മനോജ് പറഞ്ഞപ്പോള്‍ ധൈര്യമായി. അപ്പോള്‍ പിന്നെ തെയ്യങ്ങളെക്കുറിച്ച് അല്പമെങ്കിലും അറിഞ്ഞിട്ടാവാം യാത്രയെന്നു കരുതി മാതൃഭൂമി യാത്രയുടെ തെയ്യക്കാലം ഫീച്ചറെല്ലാം പ്രിന്റെടുത്ത് വായിച്ചു, പിന്നെ യൂട്യൂബിലും കുറെയേറെ തെയ്യങ്ങള്‍ കണ്ടു.

തെയ്യത്തിന്റെ ചരിത്രവും സാമൂഹ്യപ്രസക്തിയുമൊക്കെ പണ്ടേ ആകര്ഷിച്ചിട്ടുള്ളതാണ്. ബ്രാഹ്മണമേധാവിത്വത്തോടുള്ള ചെറുത്തുനില്പ്പ്, വര്ഷത്തിലെ മുക്കാല്‍ ഭാഗം സമയവും കൂലിപ്പണി ചെയ്യുകയും ബാക്കിയുള്ള മൂന്നുമാസക്കാലം ദൈവങ്ങളായി മാറുകയും ചെയ്യുന്നവരോടുള്ള ഒരു തരം ആരാധന, അത്ഭുതാവഹമായ വേഷവിധാനങ്ങള്‍ (അണിയലങ്ങള്‍), മനോഹരമായ മുഖത്തെഴുത്തുകള്‍, വന്യമായ ആചാരാനുഷ്ഠാനങ്ങള്‍, ജനങ്ങളില് നിന്നകന്നുനില്ക്കാതെ അവരുടെ ഉള്ളില്ത്തന്നെ നിന്ന് അവര്‍ക്ക് വേണ്ടി മാത്രമെന്നോണമുള്ള അവതരണം ഇതെല്ലാം തന്നെ തെയ്യത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ച ആകര്ഷണങ്ങളാണ്.

നാട്ടിലെത്തിയപ്പോള്‍ തന്നെ മനോജുമായി ബന്ധപ്പെട്ടു, തീയതിയും ഫിക്സ് ചെയ്ത് യാത്ര ഉറപ്പിച്ചു. ഒറ്റയ്ക്കുള്ള യാത്രയേക്കാള്‍ ആസ്വാദ്യമായിരിക്കും ഒരേ ചിന്താഗതിയുള്ള ഒരു സുഹൃത്തുകൂടി കൂടെയുണ്ടാവുന്നത്. സുഹാസ് യാത്രയ്ക്ക് പറ്റിയ ചങ്ങാതിയാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഏറെ ഹൃദ്യമാണ്. നമ്മള് വെറുതെ ഇരുന്നു കൊടുക്കുകയേ വേണ്ടൂ, ആള് മനോഹരമായി സംസാരിച്ചുകൊണ്ടേയിരിക്കും. തൃശ്ശൂര്‍ നിന്നും ട്രെയിനിലാണ് മംഗലാപുരത്തേയ്ക്ക് ടിക്കറ്റെടുത്തിരുന്നത്. മനോജ് മംഗലാപുരത്താണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ദീര്‍ഘയാത്രകള്‍ക്ക് ട്രെയിന്‍ ഒരു നല്ല ചോയ്സ് ആണ്. റോഡിനിരുവശവും പരിഷ്കാരങ്ങള്‍ പെരുകുമ്പോഴും റെയില്‍പാളങ്ങള്‍ പ്രകൃതിയുടെ മാറിലൂടെയാണ് നീളുന്നത്. പച്ചയായ ജീവിതങ്ങളായിരിക്കും പാളങ്ങള്ക്കിരുവശത്തും കാണാനാവുക. പ്രകൃതിയായാലും ജീവിതങ്ങളായാലും ട്രെയിനില്‍ നിന്നുള്ള ജാലകക്കാഴ്ചകള് അനുഭൂതിദായകങ്ങളാണ്.

രാത്രി പത്തുമണിയോടെ മംഗലാപുരത്തെത്തി. മനോജിന്റെയും ഡിജിയുടെയും ആതിഥ്യമര്യാദ വിവരിക്കാന്‍ വാക്കുകളില്ല. "അതിഥി ദേവോ ഭവ:" എന്നത് ഏറ്റവും നന്നായി ഉള്ക്കൊണ്ടവര്‍. പ്രെസ്റ്റീജിലെ സമൃദ്ധമായ ഡിന്നറിനു ശേഷം പിറ്റേന്നത്തേക്കുള്ള ചെറിയ ഒരു പ്ലാന്‍ തയ്യാറാക്കി. കാസര്‍ഗോഡ് പുലിക്കുന്ന് എന്ന സ്ഥലത്തേക്കാണ് പോകുന്നതെന്നും അന്ന് അവിടെ കെട്ടിയാടുന്നത് പുലിത്തെയ്യങ്ങളാണെന്നും മനോജ് വിവരിച്ചു. സംസാരിച്ച് മതിയായില്ലെങ്കിലും പന്ത്രണ്ടര കഴിഞ്ഞപ്പോള്‍ ബാല്‍ക്കണിയിലേക്കുള്ള വാതിലൊക്കെ തുറന്നിട്ട് ഞങ്ങള്‍ പതുക്കെ ഉറക്കത്തിലേക്ക് ചായ്ഞ്ഞു.

പിറ്റേന്ന് അഞ്ചുമണിക്കേ എഴുന്നേറ്റ് യാത്രയ്ക്കൊരുങ്ങി. ആറുമണിയോടെ ഞങ്ങള്‍ കാസര്‍ഗോഡ് ലക്ഷ്യമാക്കി ഡിജിയുടെ ഡിസയറില്‍ യാത്ര തുടങ്ങി. പലപ്പോഴും വഴി അത്ര സുഗമമായിരുന്നില്ലെങ്കിലും അതിരാവിലെയുള്ള ഡ്രൈവ് വളരെ ഉന്മേഷദായകമാണ്. ടൗണില്‍ തന്നെയുള്ള അമ്പലമാണ് പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം. ഇതിനു മുന്പും അവര്‍ പലവട്ടം പോയിട്ടുള്ളതായതുകൊണ്ട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ഫോട്ടോഗ്രാഫിയും പ്രധാനപ്പെട്ട ഒരു ലക്ഷ്യമായതുകൊണ്ട് അധികം തിരക്കുള്ള തെയ്യസ്ഥലങ്ങള് ഞങ്ങള്ക്ക് അഭികാമ്യമായിരുന്നില്ല. അതുകൊണ്ടാണ് താരതമ്യേന തിരക്കുകുറഞ്ഞ ഈ സ്ഥലം തെരഞ്ഞെടുത്തത്.

തുലാവനത്തില് ശിവന് പുലിക്കണ്ടനായും പാര്വ്വതി പുള്ളിക്കരിങ്കാളിയായും കേളിയാടി എന്ന് പുരാണം. അവര്ക്കുണ്ടായ മക്കളാണ് പുലിദൈവങ്ങള്‍. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയൂര് കണ്ണന് എന്നീ ആണ്പുലികള്ക്കൊപ്പം ഒറ്റപ്പെങ്ങളായി പുലിയൂര് കാളിയും.


കളിയാട്ടത്തില്‍ അന്ന് കാളപ്പുലിയന്‍, പുലിക്കണ്ടന്‍, പുല്ലൂര്ണ്ണന്‍, പുല്ലൂരാളിയമ്മ, വിഷ്ണുമൂര്ത്തി എന്നീ തെയ്യങ്ങളാണ് കെട്ടിയിരുന്നത്. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ തെന്നെ തെയ്യാട്ടം തുടങ്ങിയിരുന്നു. ഏറ്റവും കൃത്യമായ സ്ഥലമാണ് മനോജ് തെരഞ്ഞെടുത്തിരുന്നത്. സുന്ദരമായ സ്ഥലം ഒപ്പം തന്നെ ആളൊഴിഞ്ഞ തെയ്യപ്പറമ്പും. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ പൊഴിയുന്ന പ്രഭാതത്തിലെ വെളിച്ചക്കീറുകളില് മനോഹരമായ തെയ്യക്കോലങ്ങള് ഉജ്വലമായി കെട്ടിയാടി. ചുവപ്പും മഞ്ഞയുമാണ് വേഷങ്ങളുടെയും മുഖത്തെഴുത്തിന്റെയും കാതലായ നിറങ്ങള്‍. പുലര്വെട്ടം തെയ്യങ്ങളുടെ മുകളിലൂടെ സ്വര്ണ്ണം കോരിയൊഴിച്ചപോലെ. അസുരവാദ്യമായ ചെണ്ടയാണ് അകമ്പടിവാദ്യം. ദ്രുതമായ ചുവടുകള്ക്കും വേഷപ്പകര്ച്ചകള്ക്കും ഒപ്പം നില്ക്കാന് ചെണ്ടയോളം പോന്ന ഒരു വാദ്യം വേറെയില്ല. യൗവ്വനത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ചെറുപ്പക്കാരെയാണ് തെയ്യക്കൂട്ടത്തില് കൂടുതലും കാണുവാനായത്. കേശാദിപാദം ഹൃദ്യമാണ് വേഷങ്ങളുടെ വൈവിദ്ധ്യവും സൗന്ദര്യവും. കൂട്ടത്തില്‍ ചിലമ്പിന്റെ ശബ്ദവും ഭംഗിയും ഒന്നു വേറെതന്നെയാണ്. ചടുലചലനങ്ങളുടെ ശബ്ദഭാവം തികച്ചും നിങ്ങളെ ഉന്മാദിയാക്കും. മുഖത്തെഴുത്തിന്റെ വശ്യതയും കരവിരുതും ഒപ്പിയെടുക്കാന്‍ ഞങ്ങള്‍ മത്സരിച്ചു. തൃശ്ശൂര്‍ നിന്നും ഇതിനായി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖത്തും സന്തോഷം മിന്നുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. അന്ന് അവധി ദിവസമല്ലാത്തതുകൊണ്ടും പിറ്റേന്ന് ഞായറാഴ്ചയും ഇതേ തെയ്യങ്ങള്‍ തന്നെയാണ് ആടുന്നതെന്നതുകൊണ്ടും അന്ന് കാണികള്‍ തീരെ കുറവായിരുന്നു. ഞങ്ങള്ക്ക് സ്വതന്ത്രമായി ഫോട്ടോ എടുക്കാന്‍ അത് വലിയ സൗകര്യമായി. തെയ്യം കലാകാരന്മാരും അമ്പലക്കമ്മിറ്റിക്കാരും വളരെ സൗഹാര്‍ദ്ദത്തോടെയാണ് ഞങ്ങളോട് ഇടപെട്ടത്.

ഒമ്പതുമണികഴിഞ്ഞപ്പോള് ഇനി കുറച്ചു നേരത്തേക്ക് പുതിയ തെയ്യങ്ങളൊന്നും കെട്ടുന്നില്ലെന്നറിഞ്ഞു. അപ്പോള്‍ മാത്രമാണ് പ്രാതലിനെക്കുറിച്ച് ഓര്‍മ്മ വന്നതു തന്നെ. ടൗണിലെ ഇന്ത്യന്‍ കോഫി ഹൗസ് നല്ലൊരു സെലക്ഷനായിരുന്നു. പൂരിമസാലയും കാപ്പിയും ഗംഭീരമായിരുന്നു. കൂടുതല്‍ ഭംഗിയേറിയ തെയ്യക്കോലങ്ങളിലേക്കാണ് ഞങ്ങള്‍ തിരിച്ചെത്തിയത്. രാവിലെ തന്നെ ഞങ്ങള്‍ കണ്ട കാളപ്പുലിയനും, പുലിക്കണ്ടനുമൊക്കെ മനോഹരങ്ങള്തന്നെയായിരുന്നെങ്കിലും, ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ ഏറെ കണ്ടിട്ടുള്ള മുച്ചിലോട്ട് ഭഗവതിയുടെയും, അഗ്നിഘണ്ടാകര്ണ്ണന്റെയും, കതിവനൂര്‍ വീരന്റെയും, തീച്ചാമുണ്ടിയുടെയുമൊക്കെ അതിഗംഭീരവും രൗദ്രവുമായ വേഷങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ ഒരല്പം നിരാശ തോന്നാതിരുന്നില്ല. ആ വിഷമം പക്ഷേ അധികനേരം നീണ്ടില്ല. തുടര്ന്ന് കെട്ടിയാടിയ വിഷ്ണുമൂര്ത്തിത്തെയ്യം അതിമനോഹരമായിരുന്നു. അതിനെ അണിയിച്ചൊരുക്കുന്നത് അടുത്തുനിന്ന് കാണാനാവുക എന്നത് തന്നെ ഏറ്റവും ഹൃദ്യമായ ഒരനുഭവമാണ്. മറ്റുള്ള കോലങ്ങളില്‍ നിന്ന് വളരെ വ്യത്യസ്ഥമായ ഒരു ദൃശ്യവിരുന്നാണ് വിഷ്ണുമൂര്ത്തിയുടേത്. മുഖത്തെഴുത്തിനും തിരുമുടി ധാരണത്തിനും ശേഷം കയ്യിലുള്ള കണ്ണാടിയില്‍ സ്വന്തം രൂപത്തിനുപകരം ദൈവരൂപം കാണുമ്പോഴുള്ള (മുഖദര്ശനം എന്ന് പറയും) ആ ഒരു ഭാവപ്പകര്ച്ച അതിമനോഹരമാണ്. വിഷ്ണുമൂര്ത്തിയുടെ മുഖദര്ശനം തൊട്ടടുത്ത് നിന്ന് കാണുമ്പോള്‍ പലപ്പോഴും ഫോട്ടോ എടുക്കാന്‍ തന്നെ മറന്ന് പോകും.


അതിനിടയില്‍ തമാശയുണ്ടായി. പുല്ലൂര്ണ്ണന്‍ കെട്ടിയാടി വരുമ്പോള് മനോജ് ഒരു ലോ ആംഗിള്‍ ഷോട്ടിനായി ഇരിക്കുകയായിരുന്നു. തെയ്യം വന്ന് മനോജിന്റെ മുഖത്ത് ഉഗ്രമായ ഒരൊറ്റ അലര്ച്ചയായിരുന്നു. എഴുന്നേറ്റ് നില്ക്കാഞ്ഞതാണോ അത് കെട്ടിയാടുന്നയാളെ പ്രകോപിപ്പിച്ചതെന്നറിയില്ല. മനോജാണെങ്കില്‍ അത് മനപ്പൂര്‍വ്വം ബഹുമാനിക്കാതിരുന്നതല്ല, വ്യത്യസ്തമായ ഒരു ആംഗിളില്‍ ഷോട്ട് എടുക്കുന്നതിന്റെ ശ്രദ്ധയില്‍ അദ്ദേഹത്തിന് എഴുന്നേല്ക്കാന് കഴിഞ്ഞില്ല എന്നതായിരുന്നു വാസ്തവം. എങ്കിലും അവസാനം വേഷമൊക്കെ അഴിച്ച് അത് കെട്ടിയാടിയ ചെറുപ്പക്കാരന് വന്ന് മനോജിനോട് സോറി പറഞ്ഞു, അതിന്റെ ആവശ്യമില്ലായിരുന്നെങ്കിലും.

അവസാനമാണ് അന്നത്തെ മാസ്റ്റര്‍പീസ് വന്നത്. പുല്ലൂരാളിയമ്മ എന്ന് ഭക്തര്‍ സ്നേഹപൂര്വ്വം വിളിക്കുന്ന പുലിയൂര്കാളിത്തെയ്യം. പുലിമക്കളിലെ ഏക പെണ്തരി. മനോഹരവും അതിഗംഭീരവുമായ ഒരു തെയ്യക്കോലമാണത്. അല്പം പ്രായമായ ഒരാളാണ് അത് കെട്ടിയിരുന്നത്. യുവാവായ ഒരാളായിരുന്നെങ്കില്‍ കുറച്ചുകൂടി ചടുലമായ ചുവടുകള് കാണാനായേനെയെന്ന് ഞങ്ങള്ക്ക് തോന്നി. എങ്കിലും ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. പുല്ലൂരാളിയമ്മയില് നിന്നും അനുഗ്രഹം വാങ്ങുന്ന ഭക്തരുടെ മുഖഭാവം ഏറെ ശാന്തമായിരുന്നു. ഈ തെയ്യത്തിന്റെ അണിയലങ്ങള്‍ സുന്ദരങ്ങളാണ്. മറ്റുള്ള പുലിത്തെയ്യങ്ങളെ അപേക്ഷിച്ച് തിരുമുടി (കിരീടം) വളരെ വലിപ്പമേറിയതും ചിത്രപ്പണികളുള്ളതുമാണ്. അരോഗദൃഢഗാത്രനായ ഒരാള്ക്കു മാത്രമേ പുല്ലൂരാളിയമ്മ കെട്ടിയാടാന്‍ കഴിയൂ. നൂറുകണക്കിന് ചിത്രങ്ങള് ഇതിനോടകം ഞങ്ങള്‍ എടുത്തു കഴിഞ്ഞിരുന്നു. കാളപ്പുലിയന്‍ കെട്ടിയ ചെറുപ്പക്കാരന് വന്ന് ഫോട്ടോസ് അയച്ചുകൊടുക്കണമെന്ന് അഭ്യര്ത്ഥിച്ചു. സ്വയം ദൈവമായി മാറുമ്പോഴുള്ള വേഷ-ഭാവപ്പകര്ച്ച ചിത്രത്തില്‍ കാണുവാനുള്ള കൗതുകമാവണം.

ഏറെക്കാലമായി മോഹിച്ചതൊന്ന് കണ്ട് അനുഭവിക്കാനായതിന്റെ ചാരിതാര്ത്ഥ്യമായിരുന്നു അവിടുന്ന് തിരിക്കുമ്പോള്‍, ഒപ്പം തന്നെ സ്നേഹപൂര്വ്വം ഞങ്ങള്ക്കൊപ്പം സമയമില്ലാതെയും സമയുമുണ്ടാക്കി സഹായിച്ച ഡിജിയെയും മനോജിനെയും മറക്കുവതെങ്ങിനെ. തീര്ച്ചയായും അടുത്ത വെക്കേഷനും ഇതുപോലൊരു കളിയാട്ടം കൂടണമെന്ന് ഉറപ്പിച്ചിരുന്നു പോരുമ്പോള്‍.
ഇപ്പൊഴും ചെണ്ടയുടെ രൗദ്രതാളത്തില്‍, ചുവപ്പിന്റെയും മഞ്ഞയുടെയും നിറപ്പൊലിമയില്‍, കുരുത്തോലയുടെ പശ്ചാത്തലത്തില്‍, കിലുങ്ങുന്ന ചിലമ്പിന്റെ ചടുലതാളങ്ങളില്‍ ഉറഞ്ഞുതുള്ളിത്തിമിര്ക്കുന്ന തെയ്യക്കോലങ്ങള് മനസ്സിലുണ്ട്, മറവിയിലേക്ക് മായാതെ.
2 Comments:
നന്ദി സുഹ്യത്തേ ഈ കുറിപ്പിനു... തെയ്യവും തിറയും മിസ്സ് ചെയ്യുന്നു...
പുലിക്കണ്ടന്റെയും പുള്ളിക്കരിങ്കാളിയുടെയും മക്കളുടെ കഥ മുമ്പെന്നോ കേട്ടിട്ടുണ്ട്. നന്നായിരിക്കുന്നു വിവരണം. ഓരോ ഫോട്ടോയുടെയും താഴെ അതത് തെയ്യത്തിന്റെ പേര് കൂടി കാണിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ
Post a Comment
Subscribe to Post Comments [Atom]
<< Home