Friday, March 05, 2010

ഒഴിവുകാല കുറിപ്പുകള്‍

ഒരു കുഞ്ഞുമഴ

പെട്ടെന്ന് മാനത്ത്‌ വെള്ളിമിന്നല്‍, കൂട്ടുകൂടി പടഹമായി ഇടിവെട്ടും. മാനം പൊട്ടിയൊലിച്ച്‌ മണ്ണിലേക്ക്‌. ശീമക്കൊന്നപ്പൂക്കള്‍ മഴത്തുള്ളികളുടെ ഭാരത്താല്‍ തലകൂമ്പി നിന്നു. വരിയായി ഓടിന്റെ നിരപ്പില്ലാത്ത വരിയിലൂടെ വെള്ളച്ചാല്‍. മഴ കനക്കുമ്പോള്‍ മടക്കുകുടയുടെ ഉള്ളിലൂടെ ഓരോരോ തുള്ളികള്‍ ശിരസ്സിലേക്ക്‌ തണുപ്പുമായി ഒഴുകിയിറങ്ങുന്നു. പതിവുപോലെ മഴക്കിപ്പൊഴും തെറ്റിയിട്ടില്ല, സ്കൂള്‍ വിടുന്ന സമയത്തുതന്നെ പെയ്യും. അവനെ കൊണ്ടുവരാന്‍ പോണം. വഴിയരികിലെ വയലില്‍ പൂവാലിപ്പശുവിനെയും കറുമ്പി എരുമയേയും ചാറ്റല്‍മഴ തെല്ലും ബാധിച്ചിട്ടില്ല, ഒന്നുമറിയാത്ത പോലെ നിന്നു തിന്നുന്നു. മണ്ണിട്ട വഴിയിലെ കുഴികളില്‍ വെള്ളം തളം കെട്ടുമ്പോള്‍ മണ്ണിന്റെ ചുവപ്പുനിറം. ശക്തിയായി തുള്ളികള്‍ വെള്ളത്തില്‍ വീഴുമ്പോള്‍ കുമിളകളുണ്ടാവുന്നു. പക്ഷേ ഒന്നു കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും അവ പൊട്ടിയിട്ടുണ്ടാവും. വഴിയിലുള്ള എല്ലാ വെള്ളക്കെട്ടിലും കാലുകഴുകിക്കൊണ്ടു നടന്നു. മഴ ഒന്നു ശമിച്ചപ്പോള്‍ ആ വെള്ളത്തില്‍ മുഖം നോക്കുന്ന മാനം. മഴ മനസ്സിലേക്ക്‌.


ത്രസിപ്പിക്കും വിരല്‍പ്പെരുക്കങ്ങള്‍

ഉത്സവങ്ങള്‍ ഒരുമയുടേതാണ്‌. നാട്ടുകാര്‍ക്കെല്ലാം വേണ്ടിയാണ്‌ ഉത്സവം. പ്രധാനപ്പെട്ട മിക്ക പരിപാടികളും നടക്കുന്നതും മതില്‍ക്കുപുറത്തായിരിക്കും. ഒഴിവുകാലങ്ങളില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ കിനിയുന്ന അമ്പലപ്പറമ്പുകള്‍ ഒഴിവാക്കാനാവാത്തതത്രേ. താളവാദ്യങ്ങളുടെ തിമിര്‍പ്പില്‍ തായമ്പകയെ മറക്കുവതെങ്ങനെ? കൊരട്ടി ചെറ്റാരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ മുടിയേറ്റും താലപ്പൊലിയും ആണത്രെ. അതിന്‌ തായമ്പകോത്സവം എന്ന് കേട്ടപ്പോള്‍ തന്നെ ഉള്ളൊന്നു കുളിര്‍ത്തു. ഒരു തായമ്പക തന്നെ അത്യധികം ആഹ്ലാദത്തോടെ നോക്കിയിരിക്കുമ്പോള്‍ പന്ത്രണ്ടു ദിവസം തുടര്‍ച്ചയായി കേരളത്തിലെ ഏറ്റവും ഗംഭീരന്മാരായ ചെണ്ടവിദഗ്ദ്ധര്‍ അണിനിരക്കുമ്പോള്‍, ഹാ അതൊരു വിസ്മയം തന്നെ. നാലുകിലോമീറ്ററോളമുണ്ട്‌ അമ്പലത്തിലേക്ക്‌. വിജനമായ റോഡിലൂടെ സാവധാനത്തിലുള്ള ഒരു യാത്ര. ഡിസംബര്‍ പോകാനൊരുങ്ങിയെങ്കിലും തണുപ്പെത്തിയിട്ടില്ല. ചെന്നപ്പോഴേക്കും തുടങ്ങിയിട്ടുണ്ടായിരുന്നു. സ്റ്റേജിലുള്ള തായമ്പക എനിക്ക്‌ പണ്ടേ ഇഷ്ടമല്ല. കൂടാതെ കാണികള്‍ കസേരയിലിരുന്ന് ഒരു തട്ടുപൊളിപ്പന്‍ നാടകം കാണുന്ന ലാഘവത്തോടെ തായമ്പക ആസ്വദിക്കുക - ഒട്ടും സുഖമില്ലാത്ത ഏര്‍പ്പാട്‌. ചുറ്റും കൂടിനിന്ന് താളമിട്ട്‌ ആര്‍പ്പുവിളിച്ച്‌ ഒപ്പം ചേരേണ്ടതാണ്‌ തായമ്പക. ആദ്യം അല്‍പം അകലെ നിന്നെങ്കിലും കൊട്ടു മുറുകിയതോടെ മുന്‍നിരയില്‍ തന്നെ നില്‍പായി. അതിപ്രശസ്തരായ കല്‍പ്പാത്തി ബാലകൃഷ്ണനും അത്താലൂര്‍ ശിവനുമായിരുന്നു തിമിര്‍ത്തുകൊണ്ടിരുന്നത്‌. സിരകളെ ത്രസിപ്പിക്കുന്ന വിരല്‍പ്പെരുക്കങ്ങളുടെ പെരുമഴ. ചെണ്ടയില്‍ മലര്‍ പൊരിയുന്ന കോല്‍വേഗത. ഇലത്താളത്തിന്റെയും വീക്കന്‍ചെണ്ടയുടെയും ഭ്രമിപ്പിക്കുന്ന മാസ്മരതാളം. കുറച്ചുനിമിഷങ്ങള്‍ എല്ലാം മറക്കുന്നു. വിസ്മയിപ്പിക്കുന്ന കൈത്തഴക്കത്തിന്റെ രൗദ്രതാളം. തനിയാവര്‍ത്തനത്തിന്റെ രസിപ്പിക്കല്‍ അതിന്റെ ഉച്ചകോടിയില്‍. ആയിരം കണ്ണുകളിലെ എല്ലാ ശ്രദ്ധയും രണ്ടു ചെണ്ടകളുടെ വിഭ്രമിപ്പിക്കുന്ന ശബ്ദവേഗങ്ങളില്‍. അതെ, ശബ്ദവും വേഗവും തമ്മിലുള്ള മല്‍സരം. കാലങ്ങളിലൂടെ കൊട്ടിക്കയറി, വീണ്ടും പതിഞ്ഞ്‌ അവസാനം കൊട്ടിക്കലാശത്തിന്റെ ആസുരമായ വന്യത. താളമിടുന്ന കൈകള്‍. രോമകൂപങ്ങളില്‍ വിയര്‍പ്പ്‌ പൊടിയുന്നു. കാലുകള്‍ക്ക്‌ ബലം കുറയുന്ന പോലെ. തികച്ചും ഒരു ഉന്മാദാവസ്ഥ. കുറച്ചു നിമിഷങ്ങളെങ്കിലും ലോകം മുഴുവന്‍ ചുരുങ്ങി രണ്ടു ചെണ്ടകള്‍ക്ക്‌ മേലെ. സ്വപ്നം പോലെ മോഹനമായ ഒരവസ്ഥ. ഈ ഒരനുഭവിപ്പിക്കലില്‍ ഒരൊഴിവുകാലം മുഴുവന്‍ സാര്‍ത്ഥകമാവുന്നു. എടക്ക്‌ ഒരു ചെറിയ നനുത്ത മഴ. മന്ദമായി വീശുന്ന കാറ്റില്‍ ഇളകിക്കളിക്കുന്ന ആലിലകള്‍ക്കുള്ളിലൂടെ തണുപ്പിന്റെ സൗമ്യവര്‍ഷം. സുഖം. രണ്ടുമണിക്കൂറിന്റെ ചടുലതാളങ്ങള്‍ക്കുശേഷം വിജനമായ വഴിത്താരകളിലൂടെ, മങ്ങിക്കത്തുന്ന വഴിവിളക്കുകള്‍ക്ക്‌ കീഴെക്കൂടെ, മഴചാറി നനഞ്ഞുകിടക്കുന്ന മണ്‍നിരത്തുകളിലൂടെ, വളരെ വളരെ സാവധാനത്തിലൂടെയുള്ള ഒരു യാത്ര. ധന്യമായ ഒരു ഉത്സവരാത്രി. അനുഭവിപ്പിച്ച ഒരൊഴിവുകാല സായന്തനം. കാമറയെടുത്തിരുന്നില്ല, കാരണം ചിത്രമെടുക്കാന്‍ നിന്നാല്‍ ഈ അനുഭവം നഷ്ടപ്പെടുമായിരുന്നു.

ഇരുട്ടിലൂടെ... മഴ നനഞ്ഞ്‌...

ചന്നം പിന്നം ചാറിപ്പെയ്തു കനക്കുന്ന, മഴ മറച്ച സൂര്യനുമായൊരു സായന്തനം. ഈ മഴക്കാറിന്റെ തണ്ഡവത്തില്‍നിന്ന് രക്ഷയില്ലെന്നറിഞ്ഞിട്ടോ എന്തോ പകലോന്‍ ഇരുട്ടിലൊളിച്ചു. ഇരുട്ട്‌. ഒരു ചെറുമഴ ചാറുമ്പോളേക്കും നാട്ടുമ്പുറത്തിന്റെ ടിപ്പിക്കല്‍ മഴസ്വഭാവം - കറന്റ്‌ പോക്ക്‌!! വഴിത്താരകളില്‍ ഇരുട്ട്‌. ഇടുങ്ങിയ ഇടവഴികളില്‍ ഒളിഞ്ഞുകിടക്കുന്ന ഇരുട്ട്‌. മാനത്ത്‌ മഴക്കാറുമായി ഇണചേരുന്ന ഇരുട്ട്‌. ഈ ഒരു അന്തരീക്ഷം എപ്പോഴും ലഭിക്കുന്നതല്ലാത്തതിനാല്‍ ഒരു നടത്തത്തിനു പ്ലാനിട്ടു. ഒരു പഴയ കുടയും മങ്ങിക്കത്തുന്ന ഒരു ടോര്‍ച്ചും കൂട്ടുകാരായി കൂടെക്കൂടി. തികച്ചും സ്വപ്നസന്നിഭമായ ഒരനുഭവമായിരുന്നു അത്‌. രാക്കിളികളുടെയും ചീവീടുകളുടെയും ശബ്ദം ഉയര്‍ന്നുകേട്ടിരുന്നു. കറന്റില്ലാത്തതിനാല്‍ പലപ്പോഴും നിശ്ശബ്ദതക്ക്‌ ആക്കം കൂടിയിരുന്നു. പതിവുപോലെ ഞായറാഴ്ച വൈകുന്നേരങ്ങളില്‍ കവല പെട്ടെന്ന് ആളൊഴിയും. ഇന്നും പതിവുപോലെ. മിക്ക കടകളും ഏഴരക്കു മുന്‍പേ അടച്ചിരുന്നു. ഗോപിച്ചേട്ടന്‍ പെട്ടിക്കടയില്‍ നിന്ന് മിഠായിഭരണികള്‍ പെറുക്കി അകത്തുവച്ചു തുടങ്ങി. ഇതാണ്‌ വാളൂര്‍. ചാറുന്ന മഴയെവിട്ട്‌ തിരിച്ചുപോരാന്‍ തോന്നിയില്ല. എങ്കില്‍ ഒരു കിലോമീറ്റര്‍ കൂടി അപ്പുറത്തുള്ള അന്നമനട വരെ നടക്കാമെന്നായി. ഇടക്കിടെ പാഞ്ഞുപോകുന്ന ബൈക്കുകളുടെ ലൈറ്റില്‍ ചെരിഞ്ഞുവീഴുന്ന മഴച്ചാറ്റലിന്റെ തിളങ്ങുന്ന സൗന്ദര്യം. പാലം കടന്നുവേണം അക്കരെയെത്താന്‍. ഇരുട്ടിന്റെ രൗദ്രത്തില്‍ പുഴക്ക്‌ നിസ്സംഗഭാവം. ആകാശം കറുത്തിരുണ്ടിരിക്കുന്നു. വഴിവിളക്കുകളെല്ലാം അണഞ്ഞിരിക്കുന്നു. മഴ നന്നായി ചാറുന്നു. മഴക്കു ഘനമേറിയപ്പോള്‍ മടക്കുകുട ചോര്‍ന്നു തുടങ്ങി. അന്നമനടയും വിജനമായിത്തുടങ്ങിയിട്ടുണ്ടായിരുന്നു. വാഹനങ്ങളില്ല, കടകള്‍ അടച്ചു, ജനങ്ങളുമില്ല. വില്ലേജോഫീസിന്റെ വരാന്തയില്‍ മൂക്കറ്റം കുടിച്ച്‌ ഒരാളിരുന്ന് ആരെയോ തെറിപറയുന്നുണ്ട്‌. ഒന്നു കറങ്ങി പതുക്കെ തിരിച്ചു നടന്നു. പെട്രോമാക്സ്‌ കത്തിച്ചുവച്ച്‌ ഒരു കപ്പലണ്ടിക്കാരന്‍ മാത്രമുണ്ട്‌ വഴിയിവക്കില്‍. ചില്ലറ തപ്പിയപ്പോള്‍ രണ്ടര രൂപയേ ഉള്ളൂ കയ്യില്‍. എത്രയാണ്‌ മിനിമം എന്നു ചോദിച്ചപ്പോള്‍ മൂന്നുരൂപയാണത്രേ. എനിക്ക്‌ ഇതിനുള്ളതുമതിയെന്നു പറഞ്ഞപ്പോള്‍ ഒരു അവജ്ഞയോടെ കുട നീക്കിപ്പിടിക്കാന്‍ പറഞ്ഞു പെട്രോമാക്സില്‍ വെള്ളം വീഴാതെ. നല്ല ചൂടന്‍ കപ്പലണ്ടി. ഏറ്റവും ഹൃദ്യമായത്‌. വാക്വം പാക്ക്‌ ചെയ്തുവരുന്ന ഒരൊറ്റ ഇന്റര്‍നാഷണല്‍ ബ്രാന്റിനും ഈ രുചി ഒരിക്കലും കിട്ടില്ല. ചെറുമഴയിലൂടെ കുടയുംചൂടി ടോര്‍ച്ചും തെളിച്ച്‌ ചൂടുകപ്പലണ്ടിയും തിന്ന് മടക്കം. അല്‍പം നടന്നപ്പോള്‍ കേരളത്തിലെ ആദ്യത്തെ ചിരിക്ലബ്ബായ അന്നമനട ചിരിക്ലബ്ബിന്റെ എട്ടാം വാര്‍ഷികം. അതിനുവേണ്ടി തൃശ്ശൂര്‍ ഉള്ള ഏതോ ടീമിന്റെ കോമഡിഷോ. രണ്ട്‌ നിര കെട്ടിടങ്ങളുടെ ഇടയിലുണ്ടാക്കിയ തട്ടിക്കൂട്ട്‌ സ്റ്റേജ്‌. നടുക്കിട്ടിരിക്കുന്ന കസേരകളിലെല്ലാം മഴപെയ്ത്‌ വെള്ളം തെറിക്കുന്നു. ഒരു കോമഡിഷോ കാണാനുള്ള മൂഡില്ലാഞ്ഞതിനാല്‍ അധികം നിന്നില്ല. വീണ്ടും മഴപെയ്ത്‌ നനയുന്ന ഇരുണ്ട വഴിത്താരകളിലേക്ക്‌. ഓര്‍മ്മകളില്‍ ഒരു നേര്‍ത്ത മഴച്ചാറ്റലായി ചാറിനില്‍ക്കുന്ന സുന്ദരമായ ഗൃഹാതുരമായ സായാഹ്നം. രണ്ടുമണിക്കൂറിലേറെ ഹൃദയത്തിലേക്ക്‌ ചാറി നിന്ന എന്റെ ഗ്രാമം, ഒരു പുലര്‍കാല സ്വപ്നം പോലെ ഹൃദ്യം.

3 comments:

വാളൂരാന്‍ said...

അവധിക്കാലത്തിന്റെ ഓര്‍മ്മകള്‍ എപ്പൊഴും മധുരതരങ്ങളാണ്. അവയെ ഓര്‍ത്തുവക്കാനൊരു ശ്രമം.

ശ്രീ said...

വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം മാഷേ.

ഗ്രാമങ്ങളെ കുറീച്ചുള്ള ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍ എപ്പോഴും പ്രിയങ്കരങ്ങളാണ്. അപ്പോള്‍ പിന്നെ നമ്മുടെ സ്വന്തം ഗ്രാമത്തെ കുറിച്ചാകുമ്പോഴോ?

നമ്മുടെ ഗ്രാമവും സ്കൂളും മഴക്കാലവും ഉത്സവവും പുഴയും... എല്ലാം ഓര്‍മ്മിപ്പിച്ചു, നന്ദി.

ഉപാസന || Upasana said...

മാഷെ

വെരി ഗുഡ്. അല്ലതെന്താ പറയാ. മാഷ് മഴ നനഞ്ഞ് നടന്നതു പറഞ്ഞില്ലേ. അപ്പോള്‍ ഓര്‍മ്മ വന്നത് വേറെയാണ്. ഓണത്തിനു ശേഷം ഡിസംബര്‍ വരെ 5-6 തവണ നാട്ടില്‍ പോയിരുന്നു. മഴ തുടങ്ങിയാല്‍ ഓവര്‍കോട്ട് എടുത്തിട്ട് ബൈക്കില്‍ ഇറങ്ങും. അരക്കു കീഴ്പ്പോട്ട് നനയും, നനയണം :-) തൈക്കൂട്ടം, തീരദേശം പാടം, കാതിക്കുടം, വാളൂര്‍ ഏരിയയൊക്കെ സാവധാനം വണ്ടിയോടിക്കും. മുഖത്തു മഴത്തുള്ളി ഊക്കില്‍ വന്നിടിക്കുമ്പോള്‍ ഒരു സുഖമുണ്ടല്ലോ അത് ആസ്വദിച്ച് മതിയാവോളം ഓടിക്കും. മര്യാദാമുക്ക് കവലയില്‍ വണ്ടി സെന്റര്‍ സ്റ്റാന്‍ഡിലിട്ട് അതിലിരിക്കും. ഒരിക്കല്‍ പ്രസാദും കൂടെയുണ്ടായിരുന്നു. പുള്ളീക്ക് കോട്ടൊന്നും വേണ്ട. ഞങ്ങ അങ്ങട് കറങ്ങി.

ഞാന്‍ നാട്ടില്‍ ചെല്ലുമ്പോഴൊക്കെ മഴയായിരുന്നു. പുല്ലാനിത്തോടിന്റെ കരയില്‍ ഒരുപാട് നാളിനു ശേഷം നവിച്ചേട്ടനുമൊത്ത് ഇരുന്ന് ചൂണ്ടയിട്ടു. പുള്ളിയും ഒരുപാട് നാളിനുശേഷമാണ് ചൂണ്ടയിട്ടത്. രാത്രിമഴ എന്നും പ്രലോഭിപ്പിക്കുന്നൊന്നാണ് മാഷെ. ആ പേരില്‍ ഒരെണ്ണം പൂശിയാലോ എന്നും ആലോചനയുണ്ട്. :-)

പറഞ്ഞു വന്നത് മഴ ഓര്‍മകള്‍ സുന്ദരം സുഭഗം.

തായമ്പകോത്സവം നടന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞത് (ഞാന്‍ ആദ്യമായി ഒരു പഞ്ചവാദ്യം ഫാന്‍ ആണെന്നുകൂ‍ടി പടയട്ടെ. തായമ്പകയും വളരെ ഇഷ്ടം തന്നെ). നാട്ടില്‍ നിന്നു വിട്ടുനില്‍ക്കുമ്പോള്‍ എന്തൊക്കെ നഷ്ടമാകുന്നു. ഷാരത്ത് അമ്പലത്തിലെ ഉത്സവത്തിന് പങ്കെടുക്കാന്‍ ശ്രമിക്കണം.

അയ്യന്ന്കോവ് അമ്പലത്തില്‍ വന്നു കൊട്ടിയിട്ടുള്ളവരാണ് കല്പാത്തി ബാലകൃഷ്ണനും അത്താലൂര്‍ ശിവനും. അത്താലൂര്‍ ശിവന്‍ ആണ് ഇത്തവണയും വരുന്നത്. സ്റ്റേജില്‍ കൊട്ടുന്നത് മാഷിനെപ്പോലെ എനിക്കും പഥ്യമല്ല. പക്ഷേ ആളുകള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും വ്യൂ കിട്ടണമെങ്കില്‍ സ്റ്റേജ് തന്നെ വേണം.

എല്ലാം നന്നായി എഴുതി, വര്‍ണിച്ചു
:-)
ഉപാസന