Sunday, June 14, 2009

ഗ്രേസിയുടെ ഭാര്യ

ഇത്തവണ കഥയില്‍ അംഗങ്ങള്‍ കുറവാണ്‌ നാലുപേര്‍ മാത്രം. കണക്കില്‍ നാലുപേരുണ്ടെങ്കിലും ക്‍ടാങ്ങള്‍ക്ക്‌ വല്യ റോളൊന്നുമില്ല. കേന്ദ്രകഥാപാത്രങ്ങളെക്കുറിച്ച്‌ പറയുമ്പോ വെറുതെ ഒരു മേമ്പൊടിക്ക്‌ ഇടക്ക്‌ വന്നുപോവും അത്രേള്ളൂ. പതിവു രീതിയില്‍ കുടുംബനാഥനില്‍ നിന്നാണ്‌ കഥ തുടങ്ങാറ്‌. ഇവിടെയും അത്‌ തെറ്റിക്കുന്നില്ല.

ഗ്രേസി
കുടുംബനാഥ
സ്കൂള്‍ ടീച്ചര്‍
30 വയസ്സ്‌

ബിനോയ്‌
ഗ്രേസിയുടെ ഭാര്യ
പണിയില്ല
35 വയസ്സ്‌

രണ്ടുമക്കള്‍
മൂത്തവള്‍ - അനു (മൂന്നാം ക്ലാസ്‌)
ഇളയവന്‍ - ബിനു (രണ്ട്‌ വയസ്സ്‌)

തുടക്കത്തില്‍ തന്നെ എന്തോ പിഴച്ചപോലെ തോന്നിയോ. അല്ല എന്തിന്‌ വായനക്കാരെ കുറ്റം പറയണം. അങ്ങിനെയാണല്ലോ തുടങ്ങിയത്‌. ബിനോയില്‍ നിന്നും അവതരണം തുടങ്ങേണ്ടതിനു പകരം ഗ്രേസിയില്‍ നിന്നല്ലേ എഴുതിത്തുടങ്ങിയത്‌. എന്നാല്‍ നിങ്ങള്‍ക്ക്‌ തെറ്റി. ശരിയായ രീതിയില്‍ തന്നെയാണ്‌ തുടങ്ങിയത്‌. ഇവിടെ കുടുബനാഥനല്ല നാഥ തന്നെയാണ്‌. കാരണം മറ്റൊന്നുമല്ല ജോലിയെടുത്ത്‌ കുടുംബം പോറ്റുന്നത്‌ ഗ്രേസിയാണ്‌. ടീച്ചറാണെങ്കിലും വീട്ടിലെ ചെലവുകള്‍ ഒന്നു വട്ടമെത്തിക്കാന്‍ ഗ്രേസി കിടന്ന് പെടാപ്പാട്‌ പെടുന്നത്‌ കാണുമ്പോഴാണ്‌ ബിനോയുടെ പണിയെന്താണെന്ന് അറിയാന്‍ വായനക്കാര്‍ ജിജ്ഞാസുക്കളാകുന്നത്‌. കോഴിക്കോട്‌ ആര്‍.ഇ.സി.യില്‍ നിന്ന് രണ്ടാം റാങ്കില്‍ എഞ്ചിനീയറിങ്ങ്‌ പാസായ ബിനോയ്‌ ഇപ്പോള്‍ ചെയ്യുന്നത്‌ ഗ്രേസിയുടെയും കുട്ടികളുടെയും തുണികള്‍ കഴുകുക, കുടുംബത്തിനുവേണ്ട ഭക്ഷണസസാധങ്ങള്‍ ഉണ്ടാക്കുക, വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കുക, പച്ചക്കറി വാങ്ങുക, കുട്ടികളെ കുളിപ്പിക്കുക, ടിവി കാണുക എന്നിവയാണ്‌. ആദ്യത്തെ അവതരണത്തിലുള്ള പൊരുത്തക്കേട്‌ എന്തായിരുന്നു എന്ന് ഇപ്പോള്‍ വായനക്കാര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ടാവുമല്ലോ. എങ്കില്‍ പിന്നെ ഇനിയും ഈ മുഖവുരയുമായി നില്‍ക്കാതെ നേരിട്ട്‌ കഥയിലേക്ക്‌ കടക്കുക തന്നെ. ബിനോയിക്കെന്നും അവധിയാണെങ്കിലും ഗ്രേസിക്കാകെ കിട്ടുന്ന ഒരു ഞായറാഴ്ചയില്‍ നിന്നും തന്നെ കഥ തുടങ്ങാം.

മൂടിക്കെട്ടിയ ആകാശമായിരുന്നു രാവിലെ തന്നെ. ഗ്രേസിക്കാകെ മടുപ്പു തോന്നി. തിരക്കുകളുടെ ഒടുക്കം കിട്ടുന്ന ഒരു വാരാന്ത്യം, അതും ഇതുപോലെ ഇരുണ്ടിരിക്കുമ്പോള്‍ അവള്‍ക്കെന്തോ അസ്വസ്ഥതപോലെ തോന്നി. ഇനി എല്ലാരെയും കുത്തിപ്പൊക്കി എണീപ്പിച്ചിട്ടു വേണം കുര്‍ബ്ബാനക്കു പോകാന്‍. അതിനാക്കേളേറെ പള്ളിയിലെത്തിയാല്‍ ചുറ്റുനിന്നും വരുന്ന പരിഹാസ നോട്ടങ്ങളെയാണ്‌ സഹിക്കാന്‍ വയ്യാത്തത്‌. ബിനോയിക്കാണെങ്കില്‍ ഇങ്ങനെയൊക്കെ ആള്‍ക്കാര്‍ നോക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ടെന്ന ഒരു വിചാരമേ ഇല്ല. പുറത്തിറങ്ങാന്‍ തന്നെ മടിയാണ്‌. എത്ര പറഞ്ഞാലും ബിനോയ്‌ പുറകിലേ നടക്കൂ. എന്നുമുതലാണ്‌ ഇങ്ങനെയൊരു തലതിരിച്ചില്‍ ഉണ്ടായതെന്ന് ഗ്രേസിക്ക്‌ ഓര്‍മ്മയില്‍ വന്നില്ല.

മൂത്തവളുടെ ചോദ്യം കേട്ടുകൊണ്ടാണ്‌ ബിനോയ്‌ കണ്ണ്‌ തുറന്നത്‌.
"പപ്പാ, എന്റെ കൂട്ടുകാരുടെയൊക്കെ പപ്പമാരാ ജോലിക്ക്‌ പോണേ, ഈ പപ്പമാത്രമെന്താ ജോലിക്ക്‌ പോകാത്തേ?"

ഗ്രേസിയുടെ മുഖത്ത്‌ തികച്ചും അസുഖകരമായതെന്തോ കേട്ടപോലെയുള്ള ഒരു നീരസം നിഴലിട്ടു. തന്റെ ഭാവമെന്താണെന്ന് ബിനോയ്‌ ഒളികണ്ണിട്ട്‌ നോക്കുന്നത്‌ കാണാത്ത പോലെ അവള്‍ ക്ലോക്കിലേക്ക്‌ അലസമായി നോക്കിക്കൊണ്ട്‌ കിടന്നു.

"മമ്മി ജോലിക്ക്‌ പോണില്ലേ, പിന്നെന്താ?"
തികച്ചും നിഷ്കളങ്കമായ രീതിയില്‍ ബിനോയ്‌ മറുപടി കൊടുക്കുന്ന കേട്ടപ്പോള്‍ അരിശം വന്നതായിരുന്നു. നല്ലൊരു ഞായറാഴ്ച എന്തിന്‌ വെറുതെ വഴക്കില്‍ തുടങ്ങണം എന്ന് കരുതി അവള്‍ നിശ്ശബ്ദമായി അയാള്‍ക്ക്‌ പുറംതിരിഞ്ഞു കിടന്നു. അല്ലെങ്കിലും ഇതിനെക്കുറിച്ചൊക്കെ വാതോരാതെ എത്ര വട്ടം പിടിച്ചിരുത്തി സംസാരിച്ചിരിക്കുന്നു. എന്തു ഫലം. ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പേ വീണ്ടും ഈ കൊച്ചു കൊച്ചു വീട്ടുജോലികളുടെ സൗകര്യത്തിലേക്ക്‌ എല്ലാ തലവേദനകളില്‍ നിന്നും ഒളിച്ചോടി അയാള്‍ രക്ഷപ്പെടും.

പള്ളിയില്‍ സാരിത്തലപ്പുകൊണ്ട്‌ തല മറച്ച്‌ മുട്ടുകുത്തിയിരിക്കുമ്പോള്‍ സൗമ്യനും വൃദ്ധനുമായ അച്ചന്റെ ലോലമായ ശബ്ദം അവളുടെ കാതുകളില്‍ മുഴങ്ങി - "ഇതാ ഞാന്‍ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുന്നില്‍ വക്കുന്നു. ഇന്ന് ഞാന്‍ നിങ്ങളോട്‌ ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുന്നു എങ്കില്‍ അനുഗ്രഹവും നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‍പനകള്‍ അനുസരിക്കാതെ ഇന്നു ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കില്‍ ശാപവും വരും"

അനുഗ്രഹത്തെയും ശാപത്തെയും തമ്മില്‍ ഇഴപിരിക്കാന്‍ അവള്‍ നന്നേ പണിപ്പെട്ടു. സുന്ദരനായ സൗമ്യനായ ഉന്നതവിദ്യാഭ്യാസമുള്ളയാള്‍ തന്നെ ജീവിതത്തില്‍ തുണയായ്‌ വന്നപ്പോള്‍ ഇതുതന്നെയാണ്‌ ദൈവാനുഗ്രഹം എന്ന് അഹങ്കരിച്ചു. ഇപ്പോള്‍ ഇതാ നിഷ്ക്രിയനായി അന്തര്‍മുഖനായി ജീവിതത്തിന്റെ വെല്ലുവിളികളില്‍ നിന്ന് വളരെ കൗശലത്തോടെ ഒളിച്ചോടി അടുക്കളയിലും വീടിന്റെ പിന്നാമ്പുറങ്ങളിലും അലസമായ നിമിഷങ്ങളൊടുക്കുന്നു. ഒരിക്കല്‍ അനുഗ്രഹമായത്‌ തന്നെ ഇപ്പോള്‍ ശാപത്തിന്റെ വേഷത്തിലും. യഹോവയുടെ കല്‍പനകളില്‍ എന്തോ അവള്‍ക്കത്ര വിശ്വാസം തോന്നിയില്ല. അല്ലെങ്കില്‍ തനിക്ക്‌ മാത്രം എന്തേ ഇങ്ങനെ വരാന്‍.

കുര്‍ബ്ബാന കഴിഞ്ഞ്‌ പള്ളിമേടയില്‍ നിന്ന് അച്ചന്‍ പുറത്ത്‌ വരുവാന്‍ അവള്‍ കാത്തുനിന്നു. എല്ലാ ആഴ്ചയും അച്ചന്‍ ബിനോയെ വിളിച്ച്‌ ഉപദേശിക്കുന്നതാണ്‌. പ്രത്യേകിച്ച്‌ പ്രയോജനമൊന്നും കാണില്ലെന്നും അറിയാം. എങ്കിലും എന്നെങ്കിലും അയാള്‍ക്ക്‌ നല്ല ബുദ്ധി തോന്നിപ്പിക്കും എന്ന് തന്നെ വിശ്വസിച്ചു.

"ബിനോ, നിന്റെ ജോലിക്കാര്യം എന്തായി?" അച്ചന്റെ ചോദ്യം ബിനോയ്ക്കത്ര ഇഷ്ടപ്പെട്ടില്ല എന്ന് അയാളുടെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു.
"അച്ചോ, തല്‍ക്കാലം ഇവളുടെ ശമ്പളം ഉണ്ടല്ലോ, പിന്നെ പിള്ളേരുടെ കാര്യങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അവരല്ലേ അച്ചോ ഇനി നമ്മുടെ പ്രതീക്ഷ." താനെന്തോ മഹാത്യാഗമാണ്‌ അവള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ചെയ്യുന്നതെന്ന മട്ടില്‍ ബിനോയ്‌ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗ്രേസിയുടെ മുഖം രക്തം വാര്‍ന്നപോലെയായി. നിസ്സഹായനായി അച്ചന്‍ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ അവള്‍ വിതുമ്പിപ്പോയി. എല്ലാ ഞായറാഴ്ചകളുടെയും പതിവ്‌ ആവര്‍ത്തനം അവളെ അഗാധമായ വേദനകളുടെ എതോ താഴ്‌വരയിലേക്ക്‌ തള്ളിയിട്ടു. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലാത്തപോലെ ബിനോയ്‌ ഇളയവന്റെ കയ്യില്‍ പിടിച്ചുകൊണ്ട്‌ പടികളിറങ്ങിത്തുടങ്ങി.

"ബിനോയ്ക്കുഞ്ഞിനിപ്പൊഴും കുടുംബകാര്യം തന്നെയാ അല്ല്യോ?" കവലയില്‍ തട്ടുകട നടത്തുന്ന ഏലിക്കുട്ടി ചോദിച്ചപ്പോള്‍, തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്ന മട്ടില്‍ അയാള്‍ മുഖം താഴ്ത്തി നടന്നു. ഒരു വിളറിയ ചിരി ചിരിച്ചതല്ലാതെ ഗ്രേസിയും അതിന്‌ മറുപടി പറയാന്‍ നിന്നില്ല.

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയറായിരുന്ന ബിനോയ്‌ ഇപ്പോള്‍ തന്റെ ലോകം അടുക്കളയുടെ ചുമരുകള്‍ക്കുള്ളില്‍ ഒതുക്കുന്നത്‌ ഏതോ ദുസ്വപ്നം പോലെയാണ്‌ ഇപ്പൊഴും ഗ്രേസിക്ക്‌ തോന്നുന്നത്‌. എന്നുമുതലായിരുന്നു ഈ പിന്‍വലിയല്‍ എന്ന് ഓര്‍ത്തെടുക്കാന്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്കായില്ല. ഇടക്കിടക്ക്‌ ജോലിക്ക്‌ പോകാതെ മടിപിടിച്ചിരുന്ന് അവസാനം വല്ലപ്പോഴും മാത്രമായി ഓഫീസില്‍ പോക്ക്‌. എന്ത്‌ ചോദിച്ചാലും വ്യക്തമായ മറുപടിയില്ല.

"ബിനോയ്‌, ഇങ്ങനെ ജീവിതം നശിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഞങ്ങളുടെ ഹെഡ്‌മാഷ്‌ക്ക്‌ സ്വന്തമായി ഒരു വലിയ ഇലക്ട്രിക്കല്‍ കമ്പനിയുണ്ട്‌. ഞാന്‍ ഒന്ന് സൂചിപ്പിച്ചിട്ടുണ്ട്‌. നാളെ അവിടെ വരെയൊന്ന് പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ്‌ ചെയ്തേ തീരൂ. ഇന്ന് ഇവിടുത്തെ പണികളൊക്കെ ഞാന്‍ ചെയ്തോളാം. ആ പഴയ പുസ്തകങ്ങളൊക്കെ ഒന്നെടുത്ത്‌ റെഫര്‍ ചെയ്യൂ." ഗ്രേസിക്ക്‌ ശബ്ദം അല്‍പം കനത്ത്‌ തന്നെ പറയേണ്ടി വന്നു. എങ്കിലും ഇതുവരെയുള്ള അനുഭവം വച്ച്‌ അയാളത്‌ ചെവിക്കൊള്ളുമെന്ന് അവള്‍ക്ക്‌ പ്രതീക്ഷയില്ലായിരുന്നു.

"ഹേയ്‌, പിന്നെ കുട്ടികളുടെ കാര്യം ഒന്നും ശരിയാവില്ല. നിനക്ക്‌ പൈസയുടെ കാര്യം മാത്രേള്ളൂ" വളരെ നേര്‍ത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞൊപ്പിച്ചു. പറഞ്ഞതിനുശേഷം അവളുടെ മുഖത്തേക്ക്‌ നോക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ടായിരുന്നില്ല.

"എങ്കില്‍ ഞാന്‍ റിസൈന്‍ ചെയ്യാം. കുട്ടികളെ നോക്കാന്‍ അമ്മമാരാണല്ലോ ഏറ്റവും യോജിച്ചത്‌."

"അഛന്റെ സ്നേഹം കൊടുക്കാന്‍ നിന്നെക്കൊണ്ട്‌ കഴിയുമോ?"

"ലോകത്ത്‌ വേറെയും ഒരുപാട്‌ കുട്ടികളുണ്ട്‌. അവരുടെയെല്ലാം അഛന്മാര്‍ പണിയെടുക്കാതെ വീട്ടിലിരിക്കുകയല്ല ചെയ്യുന്നത്‌. ഞാന്‍ സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നതാണ്‌. ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നത്ര ഗൗരവമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ഇങ്ങനെ ബാലിശമായി സംസാരിക്കരുത്‌"

"നിനക്കെന്താ ഞാനിപ്പൊ ഒരു ശല്യമാണോ? എങ്കില്‍ ഞാന്‍ എങ്ങോട്ടെങ്കിലും പോയ്ക്കോളാം" ജോലിയുടെ കാര്യം പറയുമ്പോഴെല്ലാം കേള്‍ക്കുന്ന പതിവു വാക്കുകളായതുകൊണ്ട്‌ അവള്‍ക്കതില്‍ അത്ര വേദനയോ ഗൗരവമോ തോന്നിയില്ല എന്നു മാത്രമല്ല ഒരു പുഛമാണ്‌ അവള്‍ക്കയാളോട്‌ അപ്പോള്‍ തോന്നിയത്‌.

"അദ്ധ്വാനിച്ച്‌ ഭാര്യയെയും മക്കളെയും നോക്കേണ്ട നിങ്ങള്‍ക്ക്‌ നാണമില്ലേ ഇങ്ങനെ നിസ്സാരമായി സംസാരിക്കാന്‍" അവളുടെ ശബ്ദം പതിവില്ലാത്ത രീതിയില്‍ കഠിനമാവുന്നത്‌ അയാളില്‍ അലോസരമുണ്ടാക്കി. സാധാരണ ഇത്തരം സംഭാഷണങ്ങള്‍ വന്നാല്‍ ഉടന്‍ അയാള്‍ വീടിന്റെ പുറകിലേക്ക്‌ പോയി ഒന്നും സംഭവിക്കാത്തതുപോലെ എന്തെങ്കിലും പണികള്‍ ചെയ്യുകയാണ്‌ പതിവ്‌. പക്ഷേ ഇത്തവണ അവളുടെ വാക്കുകളുടെ കാര്‍ക്കശ്യം അയാളെ ഒന്നു തളര്‍ത്തി. സ്കൂളില്‍ മോഷണത്തിന്‌ പിടിക്കപ്പെട്ട ഒരു കുട്ടിയുടെ നിസ്സഹായത അയാളുടെ മുഖത്ത്‌ തെളിവായി. അല്‍പനേരം മൗനമായിരുന്നതിനു ശേഷം അയാള്‍ ഷര്‍ട്ടെടുത്തിട്ട്‌ പുറത്തേക്കിറങ്ങി. അത്‌ അവള്‍ക്ക്‌ തികഞ്ഞ ഒരു പുതുമയായിരുന്നു. വളരെ നിര്‍ബ്ബന്ധിച്ചാലല്ലാതെ എന്തെങ്കിലും കാര്യത്തിന്‌ അയാള്‍ വീടിന്‌ വെളിയിലിറങ്ങുന്നത്‌ അവള്‍ കണ്ടിട്ടേയില്ലായിരുന്നു. എങ്കിലും അധികം വൈകാതെ തന്നെ അയാള്‍ തിരിച്ചെത്തി ഒന്നും സംഭവിക്കാത്തപോലെ ഫ്രീസറില്‍ നിന്നും വലിയ ഒരു മീനെടുത്ത്‌ കഴുകി വൃത്തിയാക്കാനാരംഭിച്ചു. അടുത്തുനിന്നിരുന്ന ഗ്രേസിയുടെ അത്യന്തം ദയനീയമായ മുഖത്തെ അയാള്‍ വളരെ കൗശലപൂര്‍വ്വം അവഗണിച്ച്‌ മീനിന്റെ ചെതുമ്പലുകള്‍ ഓരോന്നായി ഇളക്കിയെടുത്തു.

അന്നുമുഴുവനും തന്നെ അയാള്‍ എന്തെങ്കിലും റെഫര്‍ ചെയ്യുകയോ ഇന്റര്‍വ്യൂവിനായി തയ്യാറെടുക്കുകയോ ചെയ്തില്ല. അങ്ങിനെയൊരു സംഭവം കേട്ടതുപോലെയുള്ള ഭാവം പോലും അയാള്‍ക്കുണ്ടായില്ല. എങ്കിലും അയാളുടെ കഴിവുകളില്‍ അവള്‍ക്കിപ്പൊഴും നല്ല മതിപ്പുണ്ടായിരുന്നു. നാളെ രാവിലെ എങ്ങിനെയെങ്കിലും മാഷുടെ അടുത്ത്‌ എത്തിക്കാനായാല്‍ പ്രതീക്ഷയുണ്ട്‌.

"നാളെ രാവിലെ എട്ടുമണിക്കാണ്‌ മാഷ്‌ ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്‌" മറ്റാരോടോ ആണ്‌ അവള്‍ സംസാരിക്കുന്നതെന്ന മട്ടില്‍ അയാള്‍ തികച്ചും അലസനായി ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു. അവസാനത്തെ ആശയും പൊലിയുന്നപോലെയാണ്‌ ഗ്രേസിക്ക്‌ തോന്നിയത്‌. ആരും കാണാതെ അല്‍പനേരം ഇരുന്ന് കരയണമെന്ന് അവള്‍ക്ക്‌ തോന്നി. അടുക്കള വരാന്തയില്‍ തനിച്ച്‌ പോയിരുന്ന് ഒരു തേങ്ങലായ്‌ തുടങ്ങിയ അവളുടെ സങ്കടം ഒരു പെരുമഴയായ്‌ അലച്ചുപെയ്തു. എല്ലാ സ്വപ്നങ്ങളും തന്നെ ഒറ്റക്കാക്കിയിട്ട്‌ ഇരുളിലേക്കിറങ്ങി അലിഞ്ഞില്ലാതായപോലെ. എത്രനേരം അങ്ങിനെയിരുന്നു എന്നോര്‍മ്മയില്ല, ഒരു നേര്‍ത്ത തലോടലാണ്‌ അവളെ സങ്കടപ്പെരുങ്കടലില്‍ നിന്നുണര്‍ത്തിയത്‌.

"ഞാന്‍ നാളെ പോകാം" അയാളുടെ ശബ്ദം ഒട്ടും ആത്മവിശ്വാസമില്ലാത്തതായിരുന്നെങ്കിലും പോസിറ്റീവ്‌ ആയ ഒരു മറുപടി കുറെക്കാലമായി അയാളില്‍ നിന്നും കേട്ടിട്ടില്ലാത്തതുകൊണ്ട്‌ അവള്‍ക്കെന്തോ വലിയ സന്തോഷം തോന്നി. ദീര്‍ഘമായതും ദൃഢമായതുമായ ഒരാലിംഗനത്തിലമര്‍ന്നപ്പോള്‍ അവള്‍ സ്വപ്നങ്ങളെല്ലാം തിരികെയെത്തിയെന്ന ആമോദത്തില്‍ ജ്വലിച്ചു. ഏറെ നാളുകള്‍ക്കു ശേഷം ജീവിതം വീണ്ടും പുഷ്പങ്ങള്‍ വിരിച്ച പാതയിലേക്ക്‌ വിരുന്നുവരികയാണെന്ന് അവള്‍ കിനാക്കണ്ടു. തികഞ്ഞ ശാന്തതയോടെ അയാളുടെ ചുമലില്‍ തലചായ്ച്ചുകൊണ്ട്‌ അവള്‍ കണ്ണുകള്‍ പതുക്കെയടച്ചു. അമ്മക്കിളിയുടെ ചിറകിലൊതുങ്ങിയ കുഞ്ഞിക്കിളിയുടെ സുരക്ഷിതത്വം അവള്‍ അനുഭവിച്ചു.

പ്രസന്നമായ ഒരു പ്രഭാതത്തിലേക്കായിരുന്നു അവള്‍ ഉണര്‍ന്നത്‌. കുറെയധികം നാളുകളായി തന്നെ വേട്ടയാടിക്കൊണ്ടിരുന്ന ആ ദുസ്വപ്നം ഒന്ന് തീര്‍ന്നുകിട്ടിയതില്‍ അവള്‍ യഹോവയോട്‌ നന്ദി പറഞ്ഞു. എങ്കിലും ബിനോയ്‌ അവസാനനിമിഷം മനസ്സ്‌ മാറുമോ എന്ന് അവള്‍ക്ക്‌ കലശലായ ശങ്കയുണ്ടായിരുന്നു. പക്ഷേ പാന്റും ഷര്‍ട്ടുമൊക്കെയിട്ട്‌ രാവിലെ തന്നെ അയാള്‍ റെഡിയായി ഇറങ്ങുന്ന കണ്ടപ്പോള്‍ അവള്‍ക്ക്‌ ഒട്ടും വിശ്വസിക്കാനായില്ല. പുറകെ ചെന്ന് അയാളുടെ കൈകളെടുത്ത്‌ തലോടിക്കൊണ്ട്‌ അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു "മാഷ്‌ എന്തായാലും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്‌. കമ്പനി എവിടെയാണെന്ന് ബിനോയ്ക്ക്‌ അറിയില്ലല്ലോ, ഞാന്‍ കൃത്യമായി പറഞ്ഞു തരാം"

"ഇന്ന് ബിനുവിന്റെ ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിക്കാന്‍ ചെല്ലണമെന്ന് വില്ലേജാഫീസില്‍ നിന്ന് പറഞ്ഞിട്ടുണ്ട്‌. കുട്ടികളുടെ കാര്യങ്ങള്‍ അത്ര നിസ്സാരമായി തള്ളിക്കളയാന്‍ പറ്റില്ല."
കയ്യില്‍ നിന്ന് പതുക്കെ അവളുടെ പിടിവിടുവിച്ചുകൊണ്ട്‌ അയാള്‍, വളരെ നേര്‍ത്ത ശബ്ദത്തില്‍, അവള്‍ കേള്‍ക്കണമെന്ന് അത്ര നിര്‍ബ്ബന്ധമില്ലാത്തപോലെ പറഞ്ഞുകൊണ്ട്‌ തന്റെ ചെരുപ്പുകള്‍ക്കായി അവിടെ പരതുകയും ശേഷം ഒട്ടും തന്നെ ക്ലേശമില്ലാത്ത മുഖത്തോടെ പടികള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.

18 comments:

വാളൂരാന്‍ said...

ഇത്തവണ കഥയില്‍ അംഗങ്ങള്‍ കുറവാണ്‌ നാലുപേര്‍ മാത്രം. കണക്കില്‍ നാലുപേരുണ്ടെങ്കിലും ക്‍ടാങ്ങള്‍ക്ക്‌ വല്യ റോളൊന്നുമില്ല. കേന്ദ്രകഥാപാത്രങ്ങളെക്കുറിച്ച്‌ പറയുമ്പോ വെറുതെ ഒരു മേമ്പൊടിക്ക്‌ ഇടക്ക്‌ വന്നുപോവും അത്രേള്ളൂ. പതിവു രീതിയില്‍ കുടുംബനാഥനില്‍ നിന്നാണ്‌ കഥ തുടങ്ങാറ്‌. ഇവിടെയും അത്‌ തെറ്റിക്കുന്നില്ല.

സുഹാസ്സ് കേച്ചേരി said...

മുരളിയേട്ടാ, കഥ ഇവിടെ നിര്‍ത്തരുതാരുന്നു, ലവനെയൊക്കെ വില്ലാജ്ജാപ്പീസ്സിന്റെ മുന്നിലിട്ട് ബസ്സിടിച്ച് അവിടുന്ന ആശുപത്രിയില്‍ കൊണ്ടുപോകുവഴി ജീപ്പിന്റെ ടയര്‍ പഞ്ചറായി ചോരവാര്‍ന്ന് ആശുപത്രിപ്പടിക്കല്‍ വെച്ച് കൊല്ലണം......

thajudeen said...

വാളൂരാനെ നന്നായിട്ടുണ്ട്...

Faisal Chalissery said...

ivane ente kayyil kittiyirunnengil oru tripod aakki maattiyeenee

സുനീഷ് said...

ഹാ ഹാ മറ്‌റൊരു വിജയേട്ടനും ശ്യാമളേച്ചിയും! കഥ നന്നായിരിക്കുന്നു...

ശ്രീ said...

കുറേ നാളുകള്‍ക്കു ശേഷമാണല്ലോ മാഷേ... എന്തായാലും കഥ നന്നായിട്ടുണ്ട്.

Shahin said...

ഗ്രേസിയുടെ വീട്ടില്‍ നിന്നും പെട്ടന്ന് ആരോ വലിച്ചു പുറത്തേക്കിട്ട പോലെ ..... ഇത്രേ പെട്ടന്ന് നിര്‍തെണ്ടായിരുന്നു......

കുഞ്ഞന്‍ said...

മാഷെ..

കഥയുടെ ടേണിങ്ങ് പോയന്റില്‍ കഥ അവസാനിപ്പിച്ചത് ന്യായമല്ലാട്ടൊ..ഈ വില്ലേജാഫീസില്‍ പോക്ക് ബിനോയിയുടെ ജീവിതത്തിലെ വഴിത്തിരിവാകും..വില്ലേജാഫീസില്‍ പോയാല്‍ അല്ലെങ്കില്‍ വേണ്ട ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏതെങ്കിലും കാര്യം നടക്കാന്‍ പോയാല്‍, ഇവിടെ നമ്മുടെ കഥാനായകന്‍ വില്ലേജാഫീസില്‍ എത്തപ്പെട്ടാല്‍, ആ സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുമ്പോള്‍ തന്റെ പഠിച്ച തൊഴില്‍ മേഖലയിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ലതെന്ന തിരിച്ചറിവ് അദ്ദേഹത്തിന് കിട്ടിയേനെ...

poet1979 said...

Good one

Seny said...

Nice story. Pakshe pettennu theernnathu pole.

ഉപാസന || Upasana said...

ഗ്രേസിയുടെ ഭാര്യ എന്ന് കേട്ടപ്പോള്‍ തന്നെ തോന്നി വാളൂരാനേ ഇങ്ങള് പുതിയ ഒരു ആശയവ്വും കൊണ്ടാണ് വന്നിരിക്കണേന്ന്.

അവനെന്തെങ്കിലും പ്രോബ്ലം ണ്ടാവൂം ന്നേയ്. നാട്ടിലെ ആരെയ്യെങ്കിലും എടുത്തിട്ട് പെരുമാറിയതാണോ?

കുറച്ച്കൂടെ എഴുതാമായിരുന്നു.
:-)
ഉപാസന

പൈങ്ങോടന്‍ said...

ഗ്രേസിയുടെ ഭാര്യ. ആ പേരു തന്നെ കലക്കി. വളരെ നല്ലൊരു കഥ വാളൂരാന്‍

ഈ കഥ പോസ്റ്റു പോസ്റ്റു ചെയ്ത സമയത്തു തന്നെ വായിച്ചിരുന്നു. എന്നാല്‍ അന്ന് കമന്റ് ചെയ്യാന്‍ പറ്റില്ല. പിന്നെ ഇന്ന് ഗോപിയുടെ ഭര്‍ത്താവ് എന്ന കഥ വായിച്ചപ്പോള്‍ (
കഥയുടെ പേര് വീട്ടമ്മ എന്നാണ്, ഞാനത്
ഗോപിയുടെ ഭര്‍ത്താവ് എന്നെഴുതിയതാ)
ഗ്രേസിയെക്കുറിച്ച് ഓര്‍മ്മ വന്നു.

മാവേലി വരുന്നതുപോലെ കൊല്ലത്തില്‍ ഒരു കഥ എഴുതാതെ മാസത്തില്‍ ഒരെണ്ണമെങ്കിലും എഴുതൂ വാളൂരാനേ

സതീശ് മാക്കോത്ത്| sathees makkoth said...

മാഷേ, പൈങ്ങോടൻ‌ജീ വഴിയാണ് എത്തിയത്.കൊള്ളാം.നന്നായിട്ടുണ്ട്.കഥ കുറച്ചുകൂടി നീട്ടാമായിരുന്നു.

smitha adharsh said...

മാവേലി വരുമ്പോലെ വന്നാലും എന്താ?
ഇതാണ് കഥ..
മുരളിയേട്ടാ..കാണാന്‍ വൈകിപ്പോയി..സംഭവം കലക്കി കേട്ടോ..
അപ്പൊ,ഒരു ഓണാശംസ മുന്‍കൂറായി ...

ചാണക്യന്‍ said...

കൊള്ളാം..കഥ നന്നായി....ഒഴുക്കുള്ള എഴുത്ത്....ആശംസകള്‍.....

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വൈകിയ ഒരു വായന,കഥ കലക്കി.നാലാം വര്‍ഷത്തിലേക്ക് കാലൂന്തിയ ഈ ബ്ലോഗിനും,ബ്ലോഗര്‍ക്കും ആശംസകള്‍........

dna said...

നല്ല ആശയം.കുറച്ചൂടി വികസിപ്പിക്കാന്‍ മെനക്കെടാഞ്ഞത് കഷ്ടായി.എന്തായാലും ഉള്ളത്
നന്നായി.

ശാരദനിലാവ്‌ said...

Not much patience.... hope to come later..