Saturday, May 24, 2008

സ്നേഹബന്ധനം

കത്തിയെരിയുന്ന വെയിലായിരുന്നു പുറത്ത്‌. കോലായിലെ മരത്തിന്റെ തൂണും ചാരിയിരിക്കുന്ന അഛമ്മയുടെ, ഇളംചൂടുള്ള നനുത്ത വയറില്‍ തലചേര്‍ത്തുകൊണ്ട്‌ അപ്പു ചോദിച്ചു -

"ഇതിന്റെയുള്ളില്‍ കുഞ്ഞുവാവയുണ്ടോ?"

"ഉം.. ഉണ്ടായിരുന്നു കുറേ നാള്‍ മുന്‍പ്‌... നിന്റെ അച്ഛന്‍" അപ്പുവിന്റെ എണ്ണയിട്ട്‌ ചീകിവച്ച മുടിയില്‍ തലോടിക്കൊണ്ടിരുന്നു അവര്‍. അപ്പൂന്റെ അഛനും ഇതുപോലെ തന്റെ മടിയില്‍ കിടന്ന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതേ ചോദ്യം ചോദിച്ചത്‌ അവരോര്‍ത്തു. ഒപ്പം അവന്‍ എപ്പൊഴും ഉണ്ടാവണമെന്നായിരുന്നു വേറൊരു അമ്മയും കൊതിക്കാത്തത്രയും തീവ്രമായി ആഗ്രഹിച്ചത്‌, എന്നിട്ടും അവന്‍ തന്നെയിട്ടിട്ടു പോയി ദൂരേക്ക്‌. മേടമാസത്തിലെ ചൂട്‌ പുറത്ത്‌ കത്തുന്നുണ്ടായിരുന്നു. ചെടികളൊക്കെ മയങ്ങി നില്‍ക്കുകയാണ്‌. ഉമ്മറത്തിരുന്ന് നോക്കിയാല്‍ മുറ്റവും കഴിഞ്ഞ്‌ പാടവരമ്പിന്റെ അറ്റത്ത്‌ റോഡ്‌ വരെ കാണാം. ഒരു പട്ടുപാവാടയുമിട്ട്‌ അശ്വതി തുള്ളിച്ചാടി വരുന്ന കണ്ടപ്പോഴേ അഛമ്മയുടെ മുഖത്ത്‌ നീരസം തെളിഞ്ഞു. അഛമ്മക്കങ്ങിനെയാണ്‌, അപ്പുവുമായി ആര്‌ കളിക്കാന്‍ വരുന്നതും അവര്‍ക്ക്‌ ഇഷ്ടല്ല.

"അപ്പൂ... വാടാ, ദേ പൊഴക്കടവില്‌ ആനെക്കുളിപ്പിക്കുന്നു, കാണണോങ്കീ വേഗം വാ, രാച്ചീം, അഞ്ജൂം, സുബൈറുമൊക്കെ പോയിട്ടുണ്ട്‌"

"ഇല്ല്യ മോളേ, നീ പൊയ്കോ, അപ്പൂന്‌ ആനേടെ അടുത്തുപോകുന്നത്‌ പേട്യാ"

"ഹേയ്‌ എനിക്ക്‌ പേട്യൊന്നൂല്യ..." ചാടിയെണീക്കാന്‍ നോക്കിയെങ്കിലും അവരുടെ കനത്ത കൈത്തണ്ടകളെ ഭേദിക്കാന്‍ അപ്പുവിനായില്ല.

"ഇന്നലെക്കൂടി രാത്രി പായ നനച്ചതാ, എന്നിട്ടിപ്പോ പേടിയില്യാത്രേ, മോളു പൊയ്ക്കോ, ഞാനും അപ്പൂംകൂടി ശീവേലിക്ക്‌ വരുമ്പോ ആനേ കണ്ടോളാം."

ദയനീയമായ മുഖത്തോടെ അപ്പു അഛമ്മയെ നോക്കിയെങ്കിലും അവര്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ പുറത്തെ വെയിലിലേക്കു കണ്ണുനട്ടിരുന്നു. അപ്പുവിന്റെ കണ്ണു നനഞ്ഞിരുന്നു. വരമ്പത്തുകൂടി കുഞ്ഞുപാവാട കണങ്കാല്‍ വരെ പൊക്കിപ്പിടിച്ച്‌ വേഗത്തില്‍ നടന്നുപോകുന്ന അശ്വതിയെ അവന്‍ കണ്ണിമക്കാതെ നോക്കിയിരുന്നു. എന്നാ എനിക്കിനി ഇവരുടെ കൂടെ കൊതിതീരുവോളം ഒന്നു കളിക്കാന്‍ പറ്റുക? ആരുടെയെങ്കിലും കൂടെ കളിക്കാനിറങ്ങുമ്പോഴേക്കും അഛമ്മയുടെ വിലക്കുവരും. അഛമ്മക്ക്‌ താന്‍ ആരുടെ കൂടെയും പോകുന്നത്‌ പിടിക്കില്ല, എപ്പൊഴും അടുത്ത്‌ വേണം. എത്ര നേരമാണെന്ന് വച്ചാ ഇവിടെ ഇങ്ങനെ നടക്കുക. അടുത്ത തവണ അഛന്‍ വരുമ്പോള്‍ പറയണം തന്നെയും കൊണ്ടു പോകണമെന്ന്. അല്ലെങ്കില്‍ വേണ്ട, അഛമ്മ ഒറ്റക്കാവില്ലേ. പാവം താന്‍ മാത്രല്ലേ ഉള്ളൂ അഛമ്മക്ക്‌.

അഛന്‍ പറയാറുണ്ട്‌ അഛമ്മയുടെ ഇത്ര കടുത്ത സ്നേഹം കാരണമാണ്‌ അമ്മ നമ്മളെ ഇട്ടേച്ച്‌ പോയതെന്ന്. അഛന്‍ കുട്ടിയായിരുന്നപ്പോഴും ഇങ്ങനെയായിരുന്നത്രേ, എങ്ങോട്ടും വിടില്ല, എപ്പോഴും കൂടെവേണം. പിന്നെപ്പിന്നെ അഛന്‍ മുതിര്‍ന്നിട്ടും കല്യാണം കഴിഞ്ഞിട്ടും ആ സ്നേഹത്തിന്റെ തീവ്രത കുറഞ്ഞില്ല. അമ്മ പലപ്പോഴും പറയുന്ന കേട്ടിട്ടുണ്ട്‌ പണ്ടത്തെപ്പോലെ ഇങ്ങനെ ഇനി പൂട്ടിയിടാന്‍ പറ്റില്ല, തന്റെ ഭര്‍ത്താവാണ്‌, തങ്ങളുടേതായ സ്വകാര്യതകളില്‍ ഇടപെടരുതെന്ന്. പിന്നെ കുറച്ചുനാള്‍ അഛമ്മ ആരോടും മിണ്ടാതെ നടക്കും, അതു കഴിഞ്ഞാല്‍ വീണ്ടും പഴയപടി. ഒരിക്കല്‍ അഛന്‌ മദ്രാസിലേക്ക്‌ ട്രാന്‍സ്ഫര്‍ ആയിയെന്ന് കേട്ടപ്പോഴേ അമ്മ പാക്കിംഗ്‌ ഒക്കെ തുടങ്ങിക്കഴിഞ്ഞു. അഛമ്മ സമ്മതിച്ചില്ല, ബഹളമായി. അവസാനം അമ്മ തന്നെ ജയിച്ചു, അഛമ്മ ഒറ്റക്കായി.

അപ്പൂന്‌ അഛമ്മയുടെ ഈ സ്നേഹം പലപ്പോഴും ഭാരമായി തോന്നാറുണ്ട്‌. ഗോലികളിക്കാനോ, അശ്വതീടൊപ്പം ഊഞ്ഞാലാടാനോ, അമ്പലപ്പറമ്പില്‍ പോയി ഓടിക്കളിക്കാനോ, പുഴക്കടവില്‍ ഒന്നു നീന്താനോ....എല്ലാത്തിനും വിലക്കാണ്‌. ഒരിക്കല്‍ അഛന്‍ അഛമ്മയെ ഇട്ടേച്ച്‌ പോയ പോലെ എന്നെങ്കിലും താനും ഇട്ടിട്ട്‌ പോകുമെന്ന്‌ അകാരണമായ ഒരു ഭയം പോലെ. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവര്‍ അപ്പൂനെ ചേര്‍ത്തു പിടിക്കും ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന് മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌. ഇതൊക്കെയാണെങ്കിലും അപ്പൂന്‌ അഛമ്മയെ ഇഷ്ടാണ്‌. അവന്‌ ഉണ്ണിയപ്പമുണ്ടാക്കിക്കൊടുക്കാനും, എണ്ണ തേപ്പിച്ച്‌ ചൂടുവെള്ളത്തില്‍ കുളിപ്പിക്കാനും, തലമുടി ചീകി വച്ച്‌ കുട്ടിക്കൂറ പൗഡര്‍ ഇട്ടുകൊടുക്കാനും, അമ്പലത്തീന്ന് അധികം മധുരമില്ലാത്ത പാല്‍പ്പായസം വാങ്ങിക്കൊടുക്കാനും അവന്‌ വേറെ ആരാ ഉള്ളത്‌. എങ്കിലും അപ്പു അധികം വേറെ ആരോടെങ്കിലും അടുത്താല്‍ അവര്‍ മുഖം കറുപ്പിക്കും. അപ്പുവിന്റെ ജീവിതവും നിമിഷങ്ങളും തനിക്കുവേണ്ടി മാത്രമാവണമെന്ന ഒരു കടുംപിടുത്തം. അശ്വതിയേയും സുബൈറിനേയും അവനില്‍ നിന്ന്‌ മനപ്പൂര്‍വം അകറ്റി നിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവരോട്‌ അടുക്കാനുള്ള അവസരം കുറയ്ക്കാനെന്നവണ്ണം അവനെ അല്‍പം ദൂരെയുള്ള ഇംഗ്ലീഷ്‌ മീഡിയത്തിലാണ്‌ ചേര്‍ത്തിരുന്നത്‌. പക്ഷേ അവിടെയും അവനു നിറയെ കൂട്ടുകാരുണ്ടെന്നത്‌ അവര്‍ മനപ്പൂര്‍വം മറക്കാന്‍ ശ്രമിച്ചു. അഛമ്മ കഴിഞ്ഞാല്‍ പിന്നെ അപ്പൂന്‌ ലോകത്തില്‍ ഏറ്റവും ഇഷ്ടം കണക്കാണ്‌. കണക്കില്‍ അവനു കിട്ടിയിരിക്കുന്നയത്ര സമ്മാനങ്ങള്‍ വേറെയാര്‍ക്കും കിട്ടിയിട്ടില്ല. കണക്കുപരീക്ഷയുടെ തലേന്ന് മാത്രം അവനൊന്നും പഠിക്കില്ല, അവനെല്ലാം അറിയാം.

അന്ന്‌ രാവിലത്തെ അസംബ്ലിയില്‍ സിസ്റ്റര്‍ സെലീന അപ്പൂനെ വിളിപ്പിച്ച്‌ എല്ലാരോടുമായി അനൗണ്‍സ്‌ ചെയ്തു അപ്പൂന്‌ സംസ്ഥാന തല മാത്‌സ്‌ ഒളിമ്പ്യാഡിലേക്ക്‌ സെലക്ഷന്‍ കിട്ടിയെന്ന്. ഇത്ര ചെറുപ്രായത്തില്‍ത്തന്നെ ഇതില്‍ പങ്കെടുക്കാന്‍ പറ്റുന്ന ആദ്യത്തെ കുട്ടിയാണെന്ന് സിസ്റ്റര്‍ പറഞ്ഞപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. യു.പി. സെക്ഷനില്‍ നിന്നുപോലും ഇതുവരെ ആര്‍ക്കും കിട്ടാത്തതാണ്‌ നാലില്‍ പഠിക്കുന്ന അപ്പു കരസ്ഥമാക്കിയിരിക്കുന്നത്‌. രാത്രി അഛമ്മയുടെയൊപ്പം കിടക്കുമ്പോള്‍ അപ്പു സെലക്ഷന്റെ കാര്യമൊക്കെ പറഞ്ഞു. അവര്‍ പ്രത്യേകിച്ചൊരു താല്‍പര്യവുമില്ലാത്ത മട്ടില്‍ മിണ്ടാതെ കിടന്നു. പക്ഷേ ഒളിമ്പ്യാഡിന്‌ തിരുവനന്തപുരത്ത്‌ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അഛമ്മ എഴുന്നേറ്റിരുന്ന് അവനെ തീക്ഷ്ണമായി നോക്കി.

"എങ്ങനെ പോണൂന്നാ പറയണേ, ഇവിടെയാരാ ഉള്ളേ നിന്നെ കൊണ്ടുപോകാന്‍"

"അതൊന്നും കുഴപ്പമില്ല അഛമ്മേ, സിസ്റ്റര്‍മാര്‍ കൊണ്ടുപൊയ്ക്കൊള്ളും"

"ഹേയ്‌ അത്‌ ശരിയാവില്ല, നിന്നെ തന്നെ വിട്ടിട്ട്‌ ഞാന്‍ എന്ത്‌ മനസ്സമാധാനത്തിലാ ഇവിടെ കഴിച്ചു കൂട്ട്വാ"

"അപ്പോ പിന്നെ എന്താ ചെയ്യാ അഛമ്മേ?"

"നീ കുറെ വലുതാവുമ്പോ പോയാ മതി. അല്ലെങ്കിലും നീയിപ്പോ ഒരുപാട്‌ പഠിച്ച്‌ പുറത്ത്‌ ജോലിക്കൊക്കെ പോകണ്ട ആവശ്യമെന്താ. എന്റെയീ സ്വത്ത്‌ മുഴുവന്‍ നിനക്കുള്ളതു തന്നെയാ. നിന്റെ അഛന്‍ ഒരുപാട്‌ പഠിച്ചിട്ടാ വല്യ ജോലികിട്ടി എന്നെയും ഇട്ടിട്ട്‌ പോയത്‌"

"പറ്റില്ല്യ പറ്റില്ല്യ എനിക്ക്‌ പോണം, ഞാന്‍ അഛനോട്‌ പറഞ്ഞോളാം എന്നെ കൊണ്ടോവാന്‍"

"എന്നാ പിന്നെ അഛനും മോനും കൂടിയങ്ങ്‌ കഴിഞ്ഞാ പോരേ?" അഛമ്മയുടെ ചുണ്ടുകള്‍ ദേഷ്യം കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു.

അന്ന്‌ അവനെ കെട്ടിപ്പിടിക്കാതെ അവര്‍ ദൂരെ മാറിക്കിടന്നു. തനിക്കാരുമില്ലാത്ത പോലെ തോന്നി അപ്പൂന്‌. പെട്ടെന്ന് താന്‍ വല്ലാതെ ഒറ്റപ്പെട്ടപോലെ. തനിക്കറിയാം അഛമ്മ ഒരിക്കല്‍ വിടില്ല എന്നു പറഞ്ഞാല്‍ പിന്നെ എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല. കഴിഞ്ഞ കൊല്ലം ടൂറിനു പോകാന്‍ എത്ര കരഞ്ഞു പറഞ്ഞതായിരുന്നു, പക്ഷേ വിട്ടില്ല. താന്‍ മാത്രമില്ലാതെ കഴിഞ്ഞ തവണ സ്കൂളില്‍ നിന്നും എല്ലാരും പോയി. ഇനി അഛനോടു പറഞ്ഞാലേ രക്ഷയുള്ളൂ. അവന്‍ പതുക്കെ ശബ്ദമുണ്ടാക്കാതെ എണീറ്റ്‌ കമ്പ്യൂട്ടറിന്റെ അടുത്തുപോയി, അഛനു മെയില്‍ എഴുതി.

....അഛാ, വെന്‍ വില്‍ യു കം? ഐ വാണ്ട്‌ ടു സീ യു. ഐ ഗോട്ട്‌ സെലക്ഷന്‍ ഇന്‍ മാത്‌സ്‌ ഒളിമ്പ്യാഡ്‌, ബട്‌ അഛമ്മ ഡസ്‌ നോട്ട്‌ ഗിവ്‌ പെര്‍മിഷന്‍. ഐ വാണ്ട്‌ ടു സീ യു അഛാ, പ്ലീസ്‌ കം.....

പുറകില്‍ അനക്കം കേട്ട്‌ നോക്കിയപ്പോള്‍ അഛമ്മ തന്നെത്തന്നെ നോക്കി നില്‍ക്കുന്നു. "നീയെന്താ എഴുതിയത്‌ അഛന്‌? വേഗം വന്ന്‌ കൊണ്ടുപോകാനാവും അല്ലേ"

"ഹേയ്‌ ഞാന്‍ കണക്കിന്റെ ഒന്നു രണ്ട്‌ സംശയം ഉണ്ടായിരുന്നു അത്‌ എഴുതിയതാ" അഛമ്മക്ക്‌ ഇംഗ്ലീഷ്‌ അറിയില്ലാന്ന്‌ അവനറിയാം എങ്കിലും കള്ളം പറയുന്നതിലെ ജാള്യത മുഖത്ത്‌ തെളിഞ്ഞിരുന്നു. ഒന്നും മിണ്ടാതെ അവര്‍ പോയിക്കിടന്നു. രാത്രി ഏറെ വൈകിയിട്ടും അഛമ്മയുടെ അടക്കിയ വിതുമ്പലുകള്‍ അവനെ വേദനിപ്പിച്ചു.

ഉണ്ണിയപ്പത്തിന്റെ കൊതിപ്പിക്കുന്ന മണമാണ്‌ പിറ്റേന്ന് അവനെ ഉണര്‍ത്തിയത്‌. പല്ലുതേച്ചുവന്ന അവന്റെ രണ്ടു കയ്യിലും നിറയെ നല്ല ചൂടുള്ള ഉണ്ണിയപ്പം വച്ചു കൊടുത്തു. ചൂടുകാരണം വായിലിരുന്ന ഒരു കഷണം അവന്‍ വിഴുങ്ങി, ഇറങ്ങിപ്പോയ വഴിയൊക്കെ നല്ല ചൂട്‌. അഛമ്മയോട്‌ കഴിഞ്ഞ രാത്രി നുണ പറഞ്ഞതില്‍ അവനപ്പോള്‍ വിഷമം തോന്നി. അവന്‍ ഒളികണ്ണിട്ട്‌ അവരുടെ മുഖത്തുനോക്കി. അഛമ്മ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇപ്പൊഴും അവരുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്ന പോലെതോന്നി. അവന്‌ അഛമ്മയോട്‌ ഒരുപാട്‌ സ്നേഹം തോന്നി. അശ്വതി പാടവരമ്പില്‍ നിന്ന് കൈകാട്ടി അവനെ വിളിച്ചിട്ടും അവന്‍ കണ്ടഭാവം വച്ചില്ല. അപ്പോള്‍ അഛമ്മയുടെ മുഖത്ത്‌ ഒരു ചെറിയ തിളക്കം മിന്നിമറയുന്നത്‌ അവന്‍ ശ്രദ്ധിച്ചു. രാവിലത്തെ അപ്പൂന്റെയീ സന്തോഷം പക്ഷേ വൈകീട്ടായപ്പോഴേക്കും ഒക്കെ മാറി മറിഞ്ഞു. അവന്റെ കണക്കു പുസ്തകം കാണാനില്ല. അവന്റെ ജീവന്റെ പാതിയാണാ പുസ്തകം. അവനെവിടെപ്പോയാലും അത്‌ കൂടെയുണ്ടാകും. അപ്പു എല്ലാ കണക്കുകളും ചെയ്തു പഠിച്ചിരുന്നത്‌ അതിലായിരുന്നു. അതാണ്‌ ഇപ്പോ കാണാതായിരിക്കുന്നത്‌. സ്കൂളില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്നതായി നല്ല ഓര്‍മ്മയുണ്ട്‌ അവന്‌. കുറച്ചുനേരം നോക്കിയിട്ടും കാണാതായപ്പോള്‍ അവന്‌ കരച്ചില്‍ വന്ന പോലെയായി.

"അഛമ്മേ എന്റെ കണക്കുപുസ്തകം കണ്ടോ?" ഒരു വിതുമ്പലിന്റെ വക്കിലെത്തി അവന്‍ ചോദിച്ചു.

"നീ സ്കൂളിലെങ്ങാനും ഇട്ടിട്ടു പോന്നിട്ടുണ്ടാവും, ഇവിടെ കിടന്ന്‌ തപ്പിയിട്ടെന്താ കാര്യം?"

"ഞാന്‍ കൊണ്ടു വന്നതാ, എനിക്ക്‌ നല്ല ഓര്‍മ്മേണ്ട്‌"
"ആ എന്നാ അവിടെയെങ്ങാനുമുണ്ടാവും" എന്നൊരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ്‌ അഛമ്മ അടുക്കളയിലേക്ക്‌ പോയി.

"അഛമ്മേ, അതൊന്ന് നോക്കിയെടുത്ത്‌ താ, ഞാന്‍ ചെയ്തത്‌ മുഴുവന്‍ അതിലാ"

"ഒന്നു കിണുങ്ങാതിരിക്ക്‌, എനിക്കിവിടെ നൂറുകൂട്ടം പണീണ്ട്‌"

അവനവിടെ മുഴുവന്‍ പരതി നോക്കി. എങ്ങുമില്ല. അവനാകെ നിരാശയായി. ഇനി അത്‌ കിട്ടില്ല എന്നു തന്നെ കരുതി. അതില്ലെങ്കില്‍ പിന്നെ ഒളിമ്പ്യാഡിന്‌ പോയിട്ട്‌ കാര്യമില്ല. തപ്പുന്നതിനിടയില്‍ അഛമ്മയുടെ മുറിയിലും വെറുതേ കയറി. അവന്റെ സങ്കടം ദേഷ്യമായിത്തുടങ്ങി. അവനവിടെ കണ്ടതൊക്കെ വാരിവലിച്ചിട്ടു. കൈതപ്പൂവൊക്കെ ഇട്ടു വച്ചിരിക്കുന്ന പഴയ തുണിപ്പെട്ടി തുറന്നപ്പോള്‍ അവന്‍ അന്തിച്ചു നിന്നുപോയി. തന്റെ പുസ്തകം കുറെ കഷണങ്ങളായി അതിന്റെ ഒരു മൂലക്ക്‌ ചുരുട്ടിക്കൂട്ടിയിട്ടിരിക്കുന്നു. ഒരു പേജ്‌ പോലും കീറാത്തതായി ബാക്കിയില്ല. അവന്‍ കരഞ്ഞുകൊണ്ട്‌ പുറത്തേക്ക്‌ ഒറ്റയോട്ടമായിരുന്നു, ദൂരെ കശുമാവിന്‍ചുവട്ടില്‍ പോയിരുന്ന് അവന്‍ മതിയാവോളം കരഞ്ഞു. അന്ന് രാത്രി അവന്‍ അത്താഴം കഴിച്ചില്ല. പലപ്പോഴും അവന്‍ അറിയാതെ വിതുമ്പിപ്പോയി. തലയില്‍ തലോടാനായി വന്ന അഛമ്മയുടെ കൈ തട്ടിമാറ്റി അവന്‍ കമ്പ്യൂട്ടറിന്റെ അടുത്തേക്ക്‌ പോയി അഛനെഴുതി

..ഡാഡി, യു ഷുഡ്‌ കം ടുമാറോ, ഐ വില്‍ കം വിത്‌ യു, ഐ വാണ്ട്‌ ടു സ്റ്റേ വിത്‌ യു...

അന്ന്‌ രാത്രി അവനും അഛമ്മയും കരച്ചിലായിരുന്നു. അവന്‌ അഛമ്മയോട്‌ കലശലായ ദേഷ്യം തോന്നി, അവനവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന് തോന്നി. കെട്ടുപാടുകളില്ലാത്ത ലോകത്തേക്ക്‌, കളിക്കൂട്ടുകാരുടെയിടയിലേക്ക്‌ ഒക്കെ ഓടിയിറങ്ങിപ്പോകുന്നതായി അവന്‍ കിനാവ്‌ കണ്ടു. അഛമ്മ തന്നെ ഒരു കസേരയില്‍ കെട്ടിയിടുന്നതായും, അശ്വതിയെ ഒരു വലിയ വടിയെടുത്ത്‌ അടിച്ചോടിക്കുന്നതായും പേടിസ്വപ്നം കണ്ട്‌ അവന്‍ അന്ന് രാത്രി നൊന്തു പനിച്ചു.

പിറ്റേന്ന് മുഴുവന്‍ അവന്‌ നല്ല പനിയായിരുന്നു. അഛമ്മ കണ്ണുചിമ്മാതെ അവന്‌ കൂട്ടിരുന്നു. ഓരോ അഞ്ചുമിനുറ്റ്‌ കൂടുമ്പോഴും അവര്‍ നനഞ്ഞ തുണി നനച്ച്‌ അവന്റെ നെറ്റിയിലിട്ടു. ചുക്കുകാപ്പി അനത്തി ചൂടോടെ അവനെ കുടിപ്പിച്ചു. ഒരുപണികള്‍ക്കും പോകാതെ അവന്റെ തലയില്‍ തലോടിക്കൊണ്ട്‌ അവരവിടെ തന്നെയിരുന്നു. അവന്‌ അല്‍പം സ്വസ്ഥത തോന്നി.

"അഛമ്മയെന്തിനാ എന്റെ പുസ്തകം കീറിക്കളഞ്ഞത്‌" പെട്ടെന്ന്‌ അവന്‍ ചോദിച്ചു. അവരത്‌ പ്രതീക്ഷിച്ചിരുന്നില്ല, അവരുടെ മുഖം വിളറിയപോലെയായി.

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അഛമ്മ ഒരിക്കലും ഇങ്ങനെ കരയുന്നത്‌ അവന്‍ കണ്ടിട്ടില്ല. അവനെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു

"നീ എന്നെ വിട്ട്‌ പോകരുത്‌"

അവരുടെ ഇളം ചൂടുള്ള, മടക്കുകളുള്ള വയറില്‍ മുഖം പൂഴ്ത്തി അവന്‍ അഛമ്മയോട്‌ ചേര്‍ന്ന് കിടന്നു, അവന്റെ ചുണ്ടില്‍ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു.

17 comments:

വാളൂരാന്‍ said...

"നീ എന്നെ വിട്ട്‌ പോകരുത്‌"

അവരുടെ ഇളം ചൂടുള്ള, മടക്കുകളുള്ള വയറില്‍ മുഖം പൂഴ്ത്തി അവന്‍ അഛമ്മയോട്‌ ചേര്‍ന്ന് കിടന്നു, അവന്റെ ചുണ്ടില്‍ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു.

ഒരു ചെറിയ കഥ. കുറെയധികം നാളായി എഴുതിയിട്ട്‌. ഇവിടെയുള്ള പഴയ ചിലരെങ്കിലും എന്റെ പൊട്ടവാക്കുകളെ സഹിച്ചിരുന്നത്‌ ഓര്‍ക്കുന്നുണ്ടാവുമെന്ന് കരുതുന്നു.

കുട്ടന്‍മേനൊന്‍ said...

"നീ എന്നെ വിട്ട്‌ പോകരുത്‌"
നന്നായി കഥ. നല്ല ഫീല്‍ തരുന്നുണ്ട്.

P.R said...

ഇഷ്ടായി കഥ.

ഹൌ, ഇങ്ങനെയൊരു സ്നേഹത്തില്‍, ഇളംചൂടുള്ള വയറില്‍ മുഖം പൂഴ്ത്ത്തി, ഞാനായിരുന്നെങ്കില്‍ എന്റെ ചുണ്ടില്‍ നനുത്ത പുഞ്ചിരി വിടരുമോ എന്നൂകൂടി ഒന്നോര്‍ത്തുപോയി.. :)

ചക്കര said...

:)

ശിവ said...

കഥ നന്നായി...

പൈങ്ങോടന്‍ said...

നല്ല കഥ.നല്ല എഴുത്തും.
ഫ്ലിക്കറില്‍ മേഞ്ഞുതുടങ്ങിയതില്പിന്നെ എഴുത്തില്ലല്ലോ..പടമെടുക്കാന്‍ ആര്‍ക്കും പറ്റും.എന്നാല്‍ എഴുത്ത് എല്ലാര്‍ക്കും പറ്റില്ലല്ലോ.അതോണ്ട് എഴുത്തുമുടക്കല്ലേ

lakshmy said...

അങ്ങിനേയും ചില സ്നേഹങ്ങള്‍

വല്യമ്മായി said...

ഇതൊരുതരം സ്നേഹിച്ച് കൊല്ലല്‍ അല്ലേ :)
അച്ഛമ്മയുടെ അന്ധമായ സ്നേഹം നന്നായി അനുഭവിപ്പിക്കുന്നുണ്ട് വാക്കുകള്‍

തറവാടി said...

മുരളി,

കഥ കൊള്ളാം , അച്ഛമ്മയെ ശരിക്കും അവതരിപ്പിച്ചു :)

(പഴയ ഷേഖ് ;))

നൊമാദ്. said...

നല്ല വായാനാനുഭവം. ബന്ധങ്ങളുടെ തീവ്രത ആഴത്തില്‍ വരച്ചിരിക്കുന്നു

smitha adharsh said...

കഥ നന്നായി മാഷേ....അപ്പുവിനെയും ,അച്ഛമ്മയേയും വരികളിലൂടെ നേരിട്ടു കാണാന്‍ കഴിഞ്ഞു .... പൈങ്ങോടന്‍ കമന്റില്‍ പറഞ്ഞതു തന്നെ എനിക്കും പറയാനുണ്ട്.

ശ്രീ said...

നല്ല കഥ തന്നെ മാഷേ... കണ്ണു നനയിച്ചു.

ഉപാസന || Upasana said...

അമ്മൂമയുടെ ആകുലതകള്‍ വിചിത്രങ്ങളാണല്ലോ മുരളി മാഷേ.
എവിടെയോ ഒരു സ്വാനുഭവം മണത്തു ഞാന്‍.

തിരിച്ചു വരവില്‍ വാര്‍ദ്ധക്യത്തിന്റെ നോവുമായി...
ഇഷ്ടമായി.

ആശംസകള്‍
:-)
എന്നും സ്നേഹത്തോടെ
ഉപാസന

Anonymous said...

Valare nalla story suhruthe,,,othiri ishtamaayi...

മാണിക്യം said...

സുരക്ഷിതത്വം വിശ്വാസം സാമൂഹ്യ ബന്ധങ്ങള്‍ ഇവയില്ലതെ വരുമ്പോള്‍ മനസ്സിന്‍ ശുദ്ധമായ possessiveness ഉണ്ടാവുന്നു അതു സം‌രക്ഷണത്തിന്റെ ഭാവം പ്രകടിപ്പിക്കുന്നു..ചില അവസരത്തില്‍ സ്വന്തം എന്ന് വീണ്ടും വീണ്ടും പറഞ്ഞുറപ്പിക്കുന്നു.പിടിച്ചടക്കാന്‍ സാധിക്കുന്നതല്ല സ്നേഹം അതു സ്വയം കൊടുക്കാനും വാങ്ങാനും സുശക്തമായ ഒരു മനസ്സുണ്ടാവണം
താന്‍ സ്നേഹിക്കപ്പെടുന്നു എന്ന് ബോധ്യമായാല്‍ അതു പങ്കു വയ്ക്കാന്‍ ഉള്ള വിശ്വസം ആര്‍‌ജിച്ചാല്‍ ...ഈ വികാരം കുറെ ഒക്കെ വിട്ടൊഴിയും , നല്ല രചന ചിന്തിക്കാന്‍ വക നല്‍കുന്ന ആശയം ..
അഭിനന്ദനങ്ങള്‍.

bindi said...

nalla sukhamundarunu vaayikkan.. chila snehabandangal namukoru bharamaakum, pakshe athinte vila matorikale manasilaku..

പള്ളിക്കരയില്‍ said...

അതെ, "സ്നേഹബന്ധനം" തന്നെ.
കഥ ഇഷ്ടമായി.