ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Tuesday, August 05, 2008

കറന്റ്‌ പോയ ചില നിമിഷങ്ങള്‍....

അന്നും പ്രത്യേകതയൊന്നും ഉണ്ടായിരുന്നില്ല. ഒരു സാധാരണ ദിവസം. അല്ലെങ്കിലും കുടുംബം നാട്ടിലുള്ള ഗള്‍ഫ്‌കാരനെന്ത്‌ പ്രത്യേകത? എല്ലാ ദിവസവും ഒരുപോലെ. മൊബൈലില്‍ അലാറം നിര്‍ത്തിയിട്ട്‌ വീണ്ടും കമിഴ്‌ന്നു കിടന്നു. ഉറങ്ങിപ്പോകരുതേ എന്ന് വിചാരിച്ച്‌ പാതിമയക്കത്തിലാണ്‌ കിടന്നത്‌ എങ്കിലും പതിവുപോലെ അഞ്ചുമിനിറ്റെന്ന് കരുതി അര മണിക്കൂറിലാണ്‌ അവസാനിച്ചത്‌. പിന്നെയൊരു വെപ്രാളമാണ്‌. എഴുന്നേല്‍ക്കാന്‍ അല്‍പം വൈകി എന്നു തോന്നിയാല്‍പിന്നെ രാവിലെ ആകെ മൂഡൗട്ടാണ്‌. ഇഷ്ടംപോലെ സമയം കിട്ടുമെന്നറിയാം എങ്കിലും ഒരു തിരക്കാണ്‌ പിന്നെ എല്ലാത്തിനും. ഇന്ന്‌ ചെറുപയറാണ്‌ കൂട്ടാന്‍ വക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇന്നലെത്തന്നെ വെള്ളത്തിലിട്ട്‌ വച്ചിട്ടുണ്ട്‌. അല്ലെങ്കിലും അതുണ്ടാക്കാന്‍ കുറച്ചു സമയം മതി. എന്നാലും കുളി കഴിഞ്ഞിട്ടേ അടുക്കളയില്‍ കടക്കാറുള്ളൂ. അവളുണ്ടായിരുന്നെങ്കില്‍ അടുക്കളയിലെ ഒരു പണിയും ചെയ്യാന്‍ സമ്മതിക്കില്ല.

കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ കറന്റ്‌ പോയത്‌. വലുതായിട്ടെന്തോ നഷ്ടപ്പെട്ടവനെപ്പോലെ പെട്ടെന്നൊന്നു പരിഭ്രമിച്ചു. ഇത്രയും വര്‍ഷത്തിനിടക്ക്‌ ആകെ ഒരിക്കലേ ഇതിനു മുന്‍പ്‌ കറന്റ്‌ പോയതായിട്ട്‌ ഓര്‍മ്മയുള്ളൂ. പെട്ടെന്ന്‌ എല്ലാം നിശ്ചലമായപോലെ. നല്ല ചൂടുള്ള ദിവസമാണ്‌. രാവിലെ അഞ്ചരക്ക്‌ പോലും പൈപ്പിലൂടെ നല്ല ചൂടുള്ള വെള്ളമാണ്‌ വരുന്നത്‌. ഒരു നനുത്ത നിശ്ശബ്ദത അവിടെ നിറഞ്ഞു. ദേഹത്ത്‌ സോപ്പ്‌ തേക്കുമ്പോള്‍ പോലും അതിന്റെ നേരിയ ശബ്ദം കേള്‍ക്കുന്നു. വെള്ളത്തുള്ളികള്‍ തറയില്‍ വീഴുന്ന ഒച്ച കേള്‍ക്കുന്നു.

"ശ്ശൊ മതി, ആരെങ്കിലും ഇപ്പോ കേറി വരും" നഗ്നമായ മുതുകിലും മുലകളിലും കാലുകളിലും താന്‍ സോപ്പ്‌ തേച്ചുകൊടുക്കുമ്പോള്‍ അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. എങ്കിലും തന്റെ കൈകളെ തടഞ്ഞില്ല.

"വന്നാലെന്താ, പുതുമോടിയാണെന്ന് കരുതിക്കോളും, അത്രന്നെ", വീണ്ടും അവളുടെ നഗ്നതയില്‍ ഒഴുകിപ്പരക്കുന്ന ഒരു വെള്ളത്തുള്ളിയായി ആ തണുപ്പിനെ നുകര്‍ന്നു. പെട്ടെന്ന് പുറത്ത്‌ അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ അവള്‍ കലശലായി പരിഭ്രമിച്ചു. കുറച്ചു കഴിഞ്ഞ്‌ അമ്മ പോയി എന്നുറപ്പായപ്പോളാണ്‌ ഒരുവിധത്തില്‍ പുറത്ത്‌ ചാടിയത്‌. അന്നുരാത്രിയില്‍ തന്റെ ചെവികളെ മൃദുവായി കടിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു - "കല്യാണം കഴിഞ്ഞ്‌ ഒരാഴ്ചയായപ്പോഴേക്കും ഒരുമിച്ച്‌ നീരാട്ടു തുടങ്ങിയെന്നെങ്ങാനും അമ്മയറിഞ്ഞാല്‍... ഛെ നാണക്കേട്‌...."

ചുറ്റുമുള്ള മുറികളിലെ ഏസികളെല്ലാം തന്നെ നിന്നുപോയകാരണം തികഞ്ഞ നിശ്ശബ്ദതയായിരുന്നു എങ്ങും. സൂര്യനുദിക്കുന്നത്‌ അതിരാവിലെയായ കാരണം കുളിമുറിയിലേക്ക്‌ നല്ല വെളിച്ചം വന്നിരുന്നു. ഇപ്പോ എല്ലാവരും ചാടിപ്പിടഞ്ഞെഴുന്നേല്‍ക്കുമെന്നതിന്‌ സംശയമില്ല, ഏസിയില്ലാതെ ഉറങ്ങുകയോ! എന്തോ ഒരു നഷ്ടം തന്നിലേക്കരിച്ചു കയറുന്ന പോലെ തോന്നി. വേഗം കുളി കഴിച്ചെന്നു വരുത്തി പുറത്തിറങ്ങി. മുറിയില്‍ കൂടെയുള്ള ഹിന്ദിക്കാരന്‍ മൂളുകയും അങ്ങോട്ടും ഇങ്ങോട്ടും തിരിയുകയും മറിയുകയുമൊക്കെ ചെയ്യുന്നു. താന്‍ ഏസി നിര്‍ത്തിയതാണെന്നാണ്‌ അവന്‍ കരുതിയത്‌.

"ഭായ്‌, ഏസി ചാലൂ കരോ"

"അരേ ദോസ്ത്‌, മേനേ ബന്ദ്‌ നഹി കിയാ യാര്‍, പവര്‍ നഹി ഹെ"

അവന്‍ വിശ്വാസം വരാത്തപോലെ എന്നെ തുറിച്ച്‌ നോക്കി. അതിനെ അവഗണിച്ച്‌ നല്ലെണ്ണ കൈത്തണ്ടയിലൊക്കെ പുരട്ടി ബ്രില്‍ക്രീം തലയില്‍ പുരട്ടാന്‍ എടുത്തു.

"അച്ചാ, എന്റെ തലയിലും പെരട്ടിത്താ..." അവന്‍ തന്റെ കുളി കഴിഞ്ഞു വരുന്നതും കാത്ത്‌ റെഡിയായി നില്‍ക്കും തലയും നീട്ടിപ്പിടിച്ചുകൊണ്ട്‌. ജീവിതത്തില്‍ ആദ്യമായിക്കണ്ട അഛനെ ആദ്യം അവന്‍ ശരിക്കും പേടിയോടെയാണ്‌ നോക്കിയത്‌. ഒരു പരിചയവുമില്ലാത്തപോലെ. പിന്നെ തലയില്‍ ക്രീം പുരട്ടിക്കൊടുക്കാനും, വണ്ടിയില്‍ മുന്നിലിരുത്തി ആനയെക്കാണിക്കാന്‍ കൊണ്ടുപോകാനും, പുറത്തുപോയി വരുമ്പോള്‍ കപ്പലണ്ടിയും അലുവയും വാങ്ങിക്കൊണ്ടുവരാനും തുടങ്ങിയതോടെ അവനും തന്റെയൊപ്പം കൂടി. വിചാരിച്ചത്രയും പ്രശ്നക്കാരനല്ല അഛനെന്ന് അവനു തോന്നിത്തുടങ്ങി.

"കളിക്കാം, കുളിക്കാം, കാട്ടില്‍പോവാം, ആനെക്കണ്ടാ പേടിക്ക്വോ?"

"ഇല്ല"

മുഖത്തേക്ക്‌ ഊതിയിട്ട്‌, താന്‍ പേടിച്ചു പോയപോലെ അഭിനയിക്കുന്നത്‌ കാണുമ്പോള്‍ ഉറക്കെ കൈകൊട്ടിച്ചിരിക്കും അവന്‍.

"ദേ പേടിച്ചേ"

"അച്ചനിനി എന്നാ പോണേ" ഒരിക്കല്‍ അമ്പലപ്പറമ്പില്‍ നിന്നും രണ്ടു ബലൂണും വാങ്ങി തന്റെ വിരലില്‍ തൂങ്ങിക്കൊണ്ട്‌ വരുമ്പോള്‍ അവന്‍ ചോദിച്ചു. ആ ചോദ്യത്തിന്റെയൊപ്പം തന്റെ കൈവിരലിലെ പിടുത്തം അല്‍പം മുറുക്കിയിരുന്നു അവന്‍. തന്റെ പിടി അയച്ചാല്‍ അഛന്‍ പോയെങ്കിലോ എന്നവന്‍ ഭയപ്പെടുന്നപോലെ തോന്നി. എന്തെങ്കിലും ഒരു മറുപടി പറയുന്നതിനു പകരം താന്‍ അവനെ കൂടുതല്‍ ചേര്‍ത്തു പിടിച്ചു.

അടുക്കളയില്‍ ആദ്യം എത്തുന്നത്‌ താനാണ്‌. നിറയെ പാറ്റകളുടെ ഒരു ബഹളമായിരിക്കും അടുക്കളയില്‍ കടക്കുമ്പോള്‍ തന്നെ. പിന്നെ അതിനെയെല്ലാം ഓടിക്കലാണ്‌ ആദ്യത്തെ പണി. ചോറുവച്ചുകൊണ്ടുപോകാതെ ഒരു രക്ഷയുമില്ല. സൈറ്റിന്റെ നാലയലത്തെങ്ങും ഒരു ചെറിയ കഫ്റ്റേരിയ പോലുമില്ല. ഒന്നും കൊണ്ടുപോയില്ലെങ്കില്‍ വായു ഭക്ഷണം തന്നെ. താന്‍ വെളുപ്പിനേ തുടങ്ങുന്ന കാരണം അടുക്കളയില്‍ തിരക്കില്ല, വേഗം നോക്കിയില്ലെങ്കില്‍ ഇപ്പോ വരും ഒരു പട. പിന്നെ ഇവിടെയെങ്ങും നില്‍ക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. പച്ചക്കറി മാത്രം കഴിക്കുന്ന തനിക്ക്‌ ഇറച്ചിയും മീനും ഒക്കെ തട്ടിക്കളിക്കുന്ന കാണുന്നതേ ചതുര്‍ഥിയാണ്‌. ചെറുപയര്‍ വക്കുമ്പോള്‍ തേങ്ങ അരച്ചു ചേര്‍ക്കാറുണ്ട്‌. ഇന്നിപ്പോള്‍ ഇനി അതിനെന്തു ചെയ്യും, മിക്സി അനങ്ങില്ലല്ലോ. സാരല്യ, അങ്ങിനെ തന്നെ ഇടാം. ഒരു ദിവസം ഇപ്പോ തേങ്ങ അരക്കാതെ ഇട്ടെന്ന് വച്ച്‌ ഒരു കുഴപ്പവും വരാനില്ല. ഒരു വലിയ എക്സോസ്റ്റ്‌ ഫാനും ഏസിയും മോട്ടോറും എല്ലാംകൂടി എപ്പോഴും ബഹളമാണ്‌ അടുക്കളയിലെപ്പൊഴും. അന്ന് ആദ്യമായാണ്‌ ഒരു അനക്കവുമില്ലാതെ അടുക്കള ഉറങ്ങുന്ന കണ്ടത്‌.

അരി തിളക്കുന്ന ഒച്ച മാത്രം. അരി തിളക്കുന്നത്‌ ആദ്യമായിട്ട്‌ കാണുന്ന പോലെ തോന്നി. അരിക്കലത്തിന്റെ അടപ്പ്‌ കയ്യില്‍ നിന്ന് താഴെ വീണപ്പോള്‍ അമ്മ പറഞ്ഞു

"ആ കൈക്കില കൂട്ടി പിടിക്കൂ, എന്തിനാ കൈ പൊള്ളിക്കുന്നത്‌"

"അമ്മേ ഇന്നെന്താ കൂട്ടാന്‍"

"ഇന്നവിയല്‌, അതല്ലേ പ്രിയപ്പെട്ടത്‌"

"അതു മാത്രേള്ളൂ?"

"പിന്നെ വേണമെങ്കില്‍ ആ മുറ്റത്ത്‌ പന്തലിന്റെ ചോട്ടില്‍ പോയാല്‍ നല്ല കിളുന്ത്‌ പടവലങ്ങ പറിച്ചോണ്ട്‌ വന്ന്‌ ഓലന്‍ വച്ച്‌ തരാം"

പ്രിയപ്പെട്ട വിഭവങ്ങള്‍ ഓരോന്നോരോന്നായി അമ്മ ഉണ്ടാക്കി. പറമ്പിന്റെ തെക്കേ അറ്റത്ത്‌ നട്ടിരുന്ന ചുവന്ന ചീരകൊണ്ട്‌ തോരനും, പാളയങ്കോടന്‍ കായ തൊലികളയാതെ വീട്ടില്‍ തന്നെ ആട്ടിയെടുത്ത വെളിച്ചെണ്ണയില്‍ വറുത്തതും, കഴിഞ്ഞ കൊല്ലം കണ്ടങ്കോരന്‍ മാവില്‍ വലിഞ്ഞ്‌ കേറി വലത്തോട്ടികൊണ്ട്‌ പറിച്ചെടുത്ത മാങ്ങകൊണ്ട്‌ നല്ല കടുമാങ്ങയുണ്ടാക്കിയതും, ഓലന്‍ വച്ചപ്പോള്‍ അഛനെപ്പോലെ തന്നെ മകനും പ്രിയപ്പെട്ടതായതിനാല്‍ അവനു കൊടുക്കാതെ താന്‍ മുഴുവനും കഴിച്ചപ്പോള്‍ അവന്‍ പിണങ്ങിക്കരഞ്ഞതും.....

അടുക്കളയില്‍ നല്ല ചൂടായിരുന്നു. പാറ്റകളൊക്കെ ചുറ്റുമുള്ള മരത്തിന്റെ തട്ടുകളിലേക്ക്‌ പിന്‍വലിഞ്ഞിരിക്കുന്നു. കറണ്ട്‌ പോയകാരണം ഇന്ന് എല്ലാവരും നേരത്തേ എഴുന്നേറ്റിട്ടുണ്ട്‌. ചിലരൊക്കെ വന്ന് അടുക്കളയിലേക്ക്‌ എത്തിനോക്കിയിട്ട്‌ പോയി. ഇനിയിപ്പോ കുളിമുറിയുടെ മുന്നിലായിരിക്കും നീണ്ട നിര. വെള്ളമെങ്ങാന്‍ തീര്‍ന്നാല്‍ കഴിഞ്ഞു കഥ. അടുപ്പിന്റെയടുത്ത്‌ കുറച്ചുനേരം നിന്നപ്പോഴേക്കും ശരിക്കു വിയര്‍ത്തു. മൂക്കിന്റെ അറ്റത്തുകൂടി വിയര്‍പ്പുതുള്ളി ഇറ്റുവീണു.

പുറകില്‍ക്കൂടി ചെന്ന് അവളെ കെട്ടിപ്പിടിച്ചപ്പോള്‍ അവള്‍ കൈ തട്ടിമാറ്റാന്‍ നോക്കി.

"ഛെ, ഇതെന്താ ഇത്‌, ആകെ വിയര്‍ത്ത്‌ ഒഴുകിയിരിക്കുകയാണ്‌"

"ഈ വിയര്‍പ്പെനിക്കിഷ്ടമാണ്‌"

"ഇതെന്ത്‌ കൂത്താണപ്പാ, ഞാനീ അടുപ്പിന്റെ ചുവട്ടില്‍ പണിഞ്ഞിട്ട്‌ നനഞ്ഞൊട്ടിയിരിക്കുകയാ, അപ്പൊഴാണോ ശൃംഗരിക്കാന്‍ വന്നേക്കുന്നേ?"

"നിന്നോട്‌ ശൃംഗരിക്കാനെനിക്ക്‌ സമയോം കാലോമൊക്കെ നോക്കണൊ?"

"പിന്നല്ലാതെ, ഇത്‌ കിടപ്പുമുറിയല്ല, അടുക്കളയാ, അമ്മയിപ്പോ വരും വെറുതെ എന്തിനാ ചമ്മുന്നത്‌?"

"ഒരു ചമ്മലുമില്ല, ഞാന്‍ അയല്‍വക്കത്തെ പെണ്ണിനെയൊന്നുമല്ലല്ലോ കേറിപ്പിടിക്കുന്നത്‌"

സംസാരം തുടര്‍ന്നതല്ലാതെ ആ വിയര്‍പ്പില്‍ നിന്നും മാറാന്‍ താനോ, തന്റെ കൈപ്പിടിയില്‍ നിന്നും വഴുതാന്‍ അവളോ തയ്യാറായില്ല. തീക്ഷ്ണമായ ചുംബനങ്ങള്‍ അവളുടെ വിയര്‍പ്പിന്റെ ഉപ്പുരസം മുഴുവന്‍ തന്റെ സിരകളിലെത്തിച്ചു. അടുപ്പിന്റെ ചൂടില്‍നിന്നല്ലാതെ രണ്ടുപേരും വിയര്‍ത്തു. മൂക്കിന്റെയറ്റത്തുകൂടി വിയര്‍പ്പുതുള്ളി ഇറ്റു വീണു.

ഇന്ന്‌ കാപ്പിക്ക്‌ വെള്ളം തിളപ്പിക്കാന്‍ കെറ്റില്‍ ഇല്ല. സോസ്‌പാനില്‍ വെള്ളം തിളപ്പിച്ച്‌ കട്ടന്‍കാപ്പിയുണ്ടാക്കി. എന്നും വിചാരിക്കും രാത്രി വരുമ്പോള്‍ പാലുവാങ്ങണമെന്ന്, പിന്നെ മറക്കും. ദിവസവും കാപ്പികുടിച്ചോണ്ടിരിക്കുമ്പോള്‍ ഇന്റര്‍നെറ്റിലാണ്‌ ശ്രദ്ധ മുഴുവന്‍. ഇന്ന് ഒന്നുമില്ല. കമ്പ്യൂട്ടര്‍ ഓണാക്കുകയേ വേണ്ട, അവധി. അപ്പോഴാണ്‌ കഴിഞ്ഞാഴ്ച പുറത്തുപോയപ്പോള്‍ മാതൃഭൂമി വാങ്ങിയതോര്‍മ്മ വന്നത്‌. ആ കടയില്‍ മാതൃഭൂമിയൊന്നും ഉണ്ടാവാറില്ല, ഇത്തവണ കണ്ടപ്പോള്‍ ഒന്നും നോക്കാതെ രണ്ടെണ്ണം വാങ്ങി. നെറ്റിന്റെയുള്ളില്‍ നിന്നിറങ്ങിയിട്ട്‌ വായിക്കാന്‍ സമയം കിട്ടണ്ടേ. പലപ്പോഴും അത്‌ മേശപ്പുറത്തിരുന്ന് തന്നെ ഇളിച്ചുകാട്ടാറുണ്ട്‌. മനപ്പൂര്‍വ്വം അതിനെ അവഗണിച്ച്‌ കമ്പ്യൂട്ടര്‍ ഓണാക്കാറാണ്‌ പതിവ്‌. ഇപ്പോ എന്തായാലും വേറൊന്നുമില്ല അതിന്റെ ഊഴമാണ്‌. നിര്‍മ്മല്‍കുമാര്‍ കത്തെഴുത്തിനെക്കുറിച്ചെഴുതിയത്‌ വായിച്ചപ്പോള്‍ വളരെ ഉത്സാഹം തോന്നി.

"ഇപ്പോള്‍ നാലുപേര്‍ കാണ്‍കെ ഒരിന്‍ലന്‍ഡെടുത്ത്‌ കത്തെഴുതാന്‍ ശ്രമിച്ചുനോക്കൂ. കാഴ്ച്ചക്കാരില്‍ ആദ്യം കൗതുകവും പിന്നെ സംശയവും നിറയുന്നത്‌ കാണാം. നിഗൂഢമായ എന്തോ നിങ്ങള്‍ ചെയ്യുകയാണെന്ന് മലയാളി കരുതിയേക്കാം..."

അടുത്തു കിടപ്പുണ്ടായിരുന്ന വരയിട്ട കടലാസും പൈലറ്റിന്റെ പേനയും തന്നോടെന്തോ മൃദുവായി പറയുന്നപോലെ തോന്നി അയാള്‍ക്ക്‌. പെട്ടെന്ന് മറ്റേതോ സ്ഥലങ്ങളിലേക്കോ കാലങ്ങളിലേക്കോ പറന്നിറങ്ങിയപോലെ തോന്നി അയാള്‍ക്ക്‌. അവള്‍ക്കല്ലാതെ പിന്നെ താനാര്‍ക്കാണ്‌ എഴുതുക. ആ തൂലിക പ്രണയതുരമാവുന്നതയാളറിഞ്ഞു.

"പ്രിയേ,
നിന്നെക്കാണാതിരിക്കുമ്പോള്‍ നിന്നെ ഞാന്‍ കൂടുതല്‍ സ്നേഹിക്കുന്നു. നിന്റെ വിയര്‍പ്പുതുള്ളികളെയും നനുത്ത സാമീപ്യത്തെയും ഞാനേറെക്കൊതിക്കുന്നു. എന്റെ സ്വപ്നങ്ങള്‍ പറന്നലയുന്നത്‌ നിന്റെ മൃദുലമായ കൈവിരല്‍ത്തലോടലിനായി മാത്രം. നിന്റെ ഊഷ്മളമായ ഉച്ഛ്വാസം എന്നെ വിരഹിയാക്കുന്നു, പ്രിയേ നീയെത്ര അകലെയാണ്‌...."

"പ്രിയേ..." അങ്ങിനെ തന്നെയാണ്‌ എന്നും ഇ-മെയില്‍ അയക്കുമ്പോള്‍ എഴുതിത്തുടങ്ങാറ്‌. പക്ഷേ വീടുപണിയുടെ കാര്യങ്ങളെക്കുറിച്ചും, അവളുടെ സ്വര്‍ണ്ണം പണയം വക്കുമ്പോള്‍ എത്ര പലിശ കൊടുക്കണമെന്നതിനെക്കുറിച്ചും, തറയിലൊട്ടിക്കുന്ന ടൈല്‍സിന്റെ നിറത്തിനെക്കുറിച്ചും, തന്റെ അഛന്‍ അവളെ എപ്പോഴും ചീത്ത പറയുന്നതിനെക്കുറിച്ചും ഒക്കെയാണ്‌ എഴുത്ത്‌ പതിവ്‌. പക്ഷേ ഇന്നെന്തോ ആ വക കാര്യങ്ങളൊന്നും തന്നെ പേനയില്‍ നിന്നും വന്നില്ല. ഇനിയൊരിക്കലും കറണ്ട്‌ വരാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. എത്ര മനോഹരമായിരുന്നു കഴിഞ്ഞ കുറച്ചു നിമിഷങ്ങള്‍. സ്നേഹവും പ്രണയവും വിയര്‍പ്പിന്റെ ആസക്തിയുമെല്ലാം തന്നില്‍ പറന്നിറങ്ങി, ഒരു വെറും പകല്‍ക്കിനാവുപോലെ. എങ്കിലും അതിന്റെയൊരു സുഖം... ഒരു പൊങ്ങുതടി പോലെ ഇങ്ങനെ പൊങ്ങിക്കിടന്നൊഴുകാന്‍....

പെട്ടെന്നാണ്‌ ശബ്ദങ്ങള്‍ ഉയിരെടുത്തത്‌, ആദ്യം ഏസിയുടെ മുരളിച്ചയായിരുന്നു, പിന്നെ ഫാനിന്റെ, മോട്ടോറിന്റെ.. ശബ്ദങ്ങള്‍ കൂടി വന്നു. കറന്റ്‌ വന്നതിന്റെ ആഹ്ലാദ സ്വരങ്ങള്‍ അപ്പുറത്തുനിന്നും കേട്ടു. കറന്റില്ലാതെ ഒരു നിമിഷം പോലും കഴിയാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഏസിയുടെ തണുപ്പ്‌ സിരകളിലേക്ക്‌ പടര്‍ന്നു. വിയര്‍പ്പ്‌ പതുക്കെ കുറയാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ശീതീകരണി മുറിയുടെ ഓരോ മുക്കിലും അതിന്റെ തീക്ഷ്ണമായ തണുപ്പ്‌ വീശിനിറച്ചു. പതുക്കെ എഴുന്നേറ്റ്‌ കമ്പ്യൂട്ടറിന്റെ അടുത്ത്‌ ചെന്ന് സ്വിച്ച്‌ ഓണ്‍ ചെയ്തു. ജിമെയില്‍ തുറന്ന് അവള്‍ക്ക്‌ മെയില്‍ അയക്കാന്‍ ടൈപ്പ്‌ ചെയ്ത്‌ തുടങ്ങി....

"പ്രിയേ... മതിലുപണിക്ക്‌ ഇന്ന് ആശാരിമാര്‍ വരാമെന്ന് പറഞ്ഞിട്ട്‌ വന്നോ, നീ ബാങ്കില്‍ പോയി കുറച്ചുകൂടി ലോണിന്റെ കാര്യം ശരിയാക്കാമെന്ന് പറഞ്ഞിട്ട്‌ ഇനിയെന്നാ പോകുന്നേ, എന്റെ ലീവ്‌ ഞാന്‍ ഒന്നുകൂടി എക്സ്റ്റന്റ്‌ ചെയ്തു, അല്ലാതെ ഈ അടവുകളെല്ലാം കൂടി വല്യ പാടാണ്‌......"

പെട്ടെന്ന്‌ അടുക്കളയില്‍ നിന്ന് അരിയടുപ്പത്തിട്ടത്‌ കരിഞ്ഞ മണം വന്നപ്പോള്‍ തിരക്കിട്ട്‌ പുറത്തേക്ക്‌ നടക്കുന്ന വഴി ആ വരയിട്ട കടലാസിലെ പ്രണയത്തിന്റെ ഉപ്പുപടര്‍ന്ന വിയര്‍പ്പുതുള്ളികള്‍ അറിയാതെയെങ്കിലും കാല്‍പ്പാദങ്ങള്‍ക്കുകീഴെ ഞെരിഞ്ഞമര്‍ന്നു. ഒരു തേങ്ങല്‍ ഉള്ളിലെങ്ങാനും ഉയര്‍ന്നുവോ?

Labels:

27 Comments:

Blogger വാളൂരാന്‍ said...

നല്ല കമുകിന്റെ പാളയൊരെണ്ണം കിട്ടാനുണ്ടോ, ഇനിയെന്റെ പുറം രക്ഷിക്കാനതല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടെന്ന് തോന്നുന്നില്ല. ഇറങ്ങിക്കോളും കഥയെന്നൊക്കെപ്പറഞ്ഞ്‌, മനുഷ്യനെ മെനക്കെടുത്താന്‍.....

10:53 AM, August 05, 2008  
Blogger പൈങ്ങോടന്‍ said...

മനോഹരമായ എഴുത്ത് വാളൂരാനേ
അടുത്ത കാലത്ത് ഇത്ര ഒഴുക്കുള്ള ഒരു കഥ വായിച്ചിട്ടില്ല
സന്ദര്‍ഭങ്ങള്‍ വളരെ നന്നായി കോര്‍ത്തിണക്കി എഴുതിയിരിക്കുന്നു
എഴുത്ത് നിര്‍ത്തല്ലേ...തുടരൂ
അഭിനന്ദങ്ങള്‍

11:30 AM, August 05, 2008  
Blogger In Search of Truth said...

nice one valooranji.. liked it .. keep writing..

9:50 PM, August 05, 2008  
Blogger OAB/ഒഎബി said...

ഇനിയും കറന്റ് പോകട്ടെ. രാത്രിയില്‍ ഏസി വറ്ക്ക് ചെയ്യാതിരിക്കട്ടെ. എങ്കില്,‍എങ്കില്‍ ആ സന്ദറ്ഭത്തിലുള്ള സുന്ദരമായ നിമിഷങ്ങള്‍ എനിക്കും ഓറ്മിക്കാം.

10:22 PM, August 05, 2008  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നിട്ടാണോ നാട്ടിലു ചിലരു കറന്റ് കട്ടിനെ പ്രാകുന്നത്!!!!!

10:47 PM, August 05, 2008  
Blogger ശ്രീലാല്‍ said...

enjoyed !!

2:01 AM, August 06, 2008  
Blogger തമനു said...

പൈങ്ങോടന്‍ എഴുതിയതു പോലെ തന്നെ വാളൂരാനേ... വളരെക്കാലത്തിനു ശേഷം നല്ല ഒഴുക്കോടെ ഒരു കഥ വായിച്ചു. വളരെ മനോഹരമായിരിക്കുന്നു.

2:10 AM, August 06, 2008  
Blogger ശ്രീ said...

നന്നായിട്ടുണ്ട് മാഷേ.

വല്ലപ്പോഴുമൊക്കെ ഇനിയും കറന്റ് കട്ട് ഉണ്ടാകട്ടെ.
പ്രിയങ്കരമായ ഓര്‍മ്മകള്‍ തിരികേയെത്തട്ടേ.
:)

2:19 AM, August 06, 2008  
Blogger ഹരിശ്രീ said...

മുരളിമാഷേ,

ഇതെന്തായാലും വളരെ ഇഷ്ടപ്പെട്ടു. ഒരു നീണ്ട ഇടവേളയ്കുശേഷം നല്ലൊരു രചന വായിക്കാന്‍ സാധിച്ചു.

അപ്പോള്‍ കറന്റ് പോയാല്‍ ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ട്. ഇനിയും കറന്റ് പോകാന്‍ പ്രാര്‍ത്ഥിക്കാം.

:)

2:58 AM, August 06, 2008  
Blogger Areekkodan | അരീക്കോടന്‍ said...

വളരെ ഇഷ്ടപ്പെട്ടു.

3:56 AM, August 06, 2008  
Blogger ഉപാസന || Upasana said...

അംബാനിയേ,

പാള എടുത്ത് മാറ്റാന്‍...
തല്ലാനല്ല, ഒരു മൃദുവായ അഭിനന്ദനം പുറത്ത് തട്ടി അറിയിയ്ക്കാ‍ാന്‍.
മുരളി സാറേ ടച്ചിംങ്ങ് യാര്‍...

മാഷിന് എത്രയും പെട്ടെന്ന് നാട്ടിലൊരു വര്‍ക്ക് ആകട്ടേയെന്ന് ആശംസിയ്ക്കുന്നു.
ചില രംഗങ്ങള്‍ നൊമ്പരപ്പെടുത്തി.

പോസ്റ്റിടുമ്പോള്‍ എന്നെ അറീയിയ്ക്കണം, പറ്റുമെങ്കില്‍. ശല്യമൊന്നുമല്ല. ഞാന്‍ അഗ്രഗേറ്ററുകള്‍ നോക്കാറില്ല പലപ്പോഴും.


ഓ. ടോ: “വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍...“

ഗുഡ് ലൈന്‍സ് ... പക്ഷേ സൂക്ഷിക്കണം ഇതു പോലത്തെ ഇടവഴികളിലാണ് പാമ്പിനെ കാണാറ്. സോ ജാഗ്രതൈ.
സംശയിക്കേണ്ട ഇതും ഗുളികന്‍ നാവില്‍ വന്നപ്പോ എഴുതിയത്. സമര്‍പ്പണം/പഴി എന്നത്തേയും പോലെ കൊച്ചിലേ എഴുത്തിനിരുത്തിയ വിജയന്‍ ചേട്ടന്റെ അച്ഛന്.

പിന്നെ നമ്മടെ ആശാങ്കുട്ടി ശിവപ്രസാദിനേം, അനില്‍ പിള്ളേനേം (പിള്ളേച്ചന്‍) ഞാനെന്റെ ബ്ലോഗിലിട്ട് ഒന്ന് അലക്കീട്ട്ണ്ട്. മാഷ് വായിയ്ക്കാതെ പോകരുത് അത്.

4:40 AM, August 06, 2008  
Blogger absolute_void(); said...

മനോഹരമായ കഥ. നന്നായെഴുതിയിരിക്കുന്നു.

4:44 AM, August 06, 2008  
Blogger sunilfaizal@gmail.com said...

കൊള്ളാം

8:16 AM, August 06, 2008  
Blogger ചള്ളിയാന്‍ said...

നല്ല കാമുകന്‍റെ പാളയാ കയ്യിലുള്ളത് കമുകിന്‍റെ എന്തിനാ. നല്ല സൊയമ്പന്‍ സാധനം.

10:03 AM, August 06, 2008  
Blogger Sunny Punnathanam said...

muralichetta,,,,,,,thaan aalu puliyaanallo!!!!kollaam. adipoli...paavam Ramachechi....ithellaam vaayikkunnundo aavo?

12:28 AM, August 07, 2008  
Blogger സജീവ് കടവനാട് said...

ആസ്വദിച്ചു ഈ കരണ്ടുപോക്ക്.
ഞങ്ങളുടെ ഫ്ലാറ്റില്‍ ഇടക്കു ലോഡുതാങ്ങാതെയൊരു കറന്റു പോക്കുണ്ട്, ഇതു പോലെ തന്നെ, പക്ഷേ പ്രാകി തീര്‍ക്കാറാണ്.


പറഞ്ഞരീതിയും നന്നായിരിക്കുന്നു.

4:04 AM, August 07, 2008  
Blogger കുഞ്ഞന്‍ said...

വാളൂരാന്‍ മാഷെ..
ശ്ശേ..ഈ കരണ്ടിന് ഇത്തിരികൂടി വൈകിവന്നാലെന്തായിരുന്നു..!!

ഇതും കൂടി കൂട്ടി വായിക്കുക..ഇപ്പോഴെന്താണ് സോപ്പ് തേപ്പിക്കാത്തത്..ഇപ്പോഴെന്താണ് പുറകില്‍‌ക്കൂടിവന്ന് കെട്ടിപ്പിടിക്കാത്തത്..ഇപ്പോഴെന്താണ് സ്നേഹത്തോടെ സംസാരിക്കാത്തത്..ഇപ്പോഴെന്താണ് വന്നുകയറുമ്പോള്‍ എന്നെ ചുംബിക്കാതെ മോനെ ചുംബിക്കുന്നത്....

ഇപ്പോള്‍ കരണ്ട് പിടിക്കുന്ന കാലത്തില്‍ നിന്ന് മാറി വീണ്ടും ഒറ്റയാനാകുവാനുള്ള ത്വര എന്നില്‍ നിറയുന്നു

7:03 AM, August 07, 2008  
Anonymous Anonymous said...

SARGASAYAAHNATHIL MURALY AVATHARIPICHA KADHAKKU SHESHAM ITHAAA VEEDUM. URAVA VATTATHA MANASSINNU MAATHARM SADHIKKUNNA KRUTHI. ALL THE BEST MURALI ALL THE BEST. NJAN AAGRAHICHAPOLE MURALIYE THIRICHUKITTIYIRIKKUNNU. INIYOUM EZHUTHANAM.

11:33 AM, August 07, 2008  
Anonymous Anonymous said...

വളരെ നന്നായിട്ടുണ്ട് മുരളി ചേട്ടാ...
‘അവന്‍’ കയ്യില്‍ മുറുകെ പിടിച്ചത് വല്ലാതെ ഇഷ്ടപ്പെട്ടു...

6:59 AM, August 10, 2008  
Blogger smitha adharsh said...

നല്ല കമുകിന്റെ പാളയൊരെണ്ണം കിട്ടാനുണ്ടോ, ഇനിയെന്റെ പുറം രക്ഷിക്കാനതല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടെന്ന് തോന്നുന്നില്ല. ഇറങ്ങിക്കോളും കഥയെന്നൊക്കെപ്പറഞ്ഞ്‌, മനുഷ്യനെ മെനക്കെടുത്താന്‍.....

ഇനി,ഈ കമന്‍റ് എടുത്തുകളയാം.

മുരളിയേട്ടാ...I am so sorry..വൈകിയതിന്...സത്യമായിട്ടും ഇതിപ്പഴാ കണ്ടത്...ആത്മ കഥാംശം ഇതില്‍ ഉണ്ടല്ലേ?എവിടെയോ വേദനിച്ചു...ഇതെല്ലാം എനിക്കും കുറെ അനുഭവപ്പെട്ടത്...എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു..ആപ്പോഴതാ "കുഞ്ഞന്‍" പറഞ്ഞതു പോലെ അടുത്ത പരാതി.എപ്പോഴും മോളെ മാത്രം മതി. അത് മനുഷ്യ സഹജം അല്ലെ?
ഒരുപാടൊരുപാട്..ഇഷ്ടപ്പെട്ടു...അതിന് പ്രധാന കാരണം,ഇതെല്ലാം ജീവിത ഗന്ധിയായത് കൊണ്ടു തന്നെ.ഇനിയും വേഗം കറന്റ് പോകട്ടെ.ആപ്പോള്‍ പോസ്ടുകള്‍ക്കിടയില്‍ ഈ "ഗാപ്പ്" ഉണ്ടാകില്ലല്ലോ...

4gt 2 say one Thanks...4 that b'day wishes 4 my molu.

10:10 PM, August 10, 2008  
Anonymous Anonymous said...

കൊള്ളാം.. ഒരു നല്ല രചന വായിച്ചതിന്റെ സുഖം..

6:53 AM, August 17, 2008  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

മനോഹരമായ എഴുത്ത്.... ഒറ്റപെട്ട് പ്രവാസി ജീവിതം നയിക്കുന്നവന്റെ അനുഭവം...
- ബിജോയ്

3:32 AM, August 18, 2008  
Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇതു കണ്ടോ!

11:13 AM, September 28, 2008  
Blogger Deepa Praveen said...

Touching ji.

Manoharam.

I like the flow and style.

Gollam

10:41 AM, November 23, 2008  
Blogger സർ ചാത്തു said...

മുരളീ...നന്നായിരിക്കുന്നു..
ആ നല്ല ഗ്രാമീണ ജീവിതത്തിന്റെ കുളിർമയും നേരിയ
സുഗന്ധവും ഇത്രയും കാതം താണ്ടി എന്റെ മനസ്സിലേയ്ക്‌ വന്നു...!
ഇനിയും പ്രതീക്ഷിക്കുന്നു കൂടുതൽ കാമ്പുള്ള രചനകൾ..

5:49 AM, December 02, 2008  
Anonymous orusaadhu said...

very touching....

11:26 PM, October 25, 2010  
Blogger റോസാപ്പൂക്കള്‍ said...

എത്ര നല്ല കഥ.
വായിച്ചു തീര്‍ന്നതറിഞ്ഞില്ല

5:50 AM, January 27, 2012  

Post a Comment

Subscribe to Post Comments [Atom]

<< Home