Wednesday, November 15, 2006

കുട്ടികളോട്‌ പെരുമാറാന്‍ അറിയാത്തവര്‍

അതൊരു അമ്പലമൊന്നുമായിരുന്നില്ല, ഒരു ചെറിയ ഫ്ലാറ്റ്‌. വളരെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചുകൊണ്ട്‌ കുറച്ചുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു ഫോട്ടോകള്‍ പ്ലാസ്റ്റിക്കിന്റെ മാലയൊക്കെയിട്ട്‌ വച്ചിട്ടുണ്ട്‌. അല്‍പം കഴിഞ്ഞപ്പോള്‍ കുറച്ചു പ്രായമായ ഒരാള്‍ ഷര്‍ട്ടൊക്കെ അഴിച്ചുമാറ്റി പൂജ ചെയ്തുതുടങ്ങി. ഉടനെ തന്നെ എല്ലാവരും കൂടി ഭജന പാടാനും മന്ത്രങ്ങള്‍ ചൊല്ലാനും തുടങ്ങി. നേരത്തേ വളരെ മൃദുവായി സംസാരിച്ചുകൊണ്ടിരുന്നവരാണ്‌ ഇത്ര ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലുന്നത്‌ എന്ന്‌ വിശ്വസിക്കാന്‍ പറ്റിയില്ല. കൂടുതല്‍ ആളുകളും ഒരേ താളത്തിലും രീതിയിലുമായിരുന്നു പാടിയിരുന്നത്‌ എന്നതില്‍നിന്നും അവരെല്ലാം അവിടെ സ്ഥിരമായി വരാറുള്ളവരായിരുന്നിരിക്കണം. എനിക്ക്‌ മന്ത്രങ്ങളൊന്നും അറിയാത്തതുകൊണ്ട്‌ ഞാന്‍ വെറുതേ ഓരോരുത്തരേയും നോക്കിക്കൊണ്ടിരുന്നു. അപ്പോഴാണ്‌ വാതില്‍ തുറന്ന്‌ വളരെയധികം വണ്ണമുള്ള ഒരു ചെറുപ്പക്കാരന്‍ അകത്തേക്ക്‌ വന്നത്‌. അയാള്‍ രണ്ടുവയസ്സില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു ചെറിയ കുട്ടിയെ കയ്യിലെടുത്തിരുന്നു. കുട്ടിക്ക്‌ അയാളേപ്പോലെ അമിതമായി വണ്ണമുണ്ടായിരുന്നില്ലെന്നുമാത്രമല്ല, വളരെ മെലിഞ്ഞിട്ടായിരുന്നു എന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. എന്റെ അല്‍പം മുന്‍പിലായി അയാള്‍ വന്നിരിക്കുകയും കുട്ടിയെ നിലത്തു നിര്‍ത്തുകയും ചെയ്തു. മന്ത്രോച്ചാരണത്തിന്റെ ശബ്ദം കുറച്ചെങ്കിലും കൂടിയിട്ടേയുണ്ടായിരുന്നുള്ളൂ. ഒച്ചയും ബഹളവുമൊന്നും ആ കുട്ടി ശ്രദ്ധിച്ചതായി തോന്നിയില്ല. അവന്‍ ചുറ്റും ഓരോരുത്തരേയും നോക്കിക്കൊണ്ടിരിക്കുകയാണ്‌, അവസാനം എന്റെ നേരെയും. ഞാന്‍ തല ചെരിച്ചുകൊണ്ട്‌ അവനെനോക്കി ചിരിച്ചുകാണിച്ചു. അവന്‍ തിരിച്ചും ചിരിക്കുമെന്ന്‌ എനിക്കുറപ്പായിരുന്നു. പക്ഷേ, അവന്റെ മുഖത്ത്‌ ഒരു വികാരവുമുണ്ടായിരുന്നില്ല. കാണാന്‍ നല്ല ഓമനത്തമുള്ള മുഖമായിരുന്നെങ്കിലും ഒട്ടും തന്നെ ചിരിച്ചിരുന്നില്ല. എനിക്കു വിഷമമായി. എന്നെ എന്താണാവോ ഇഷ്ടപ്പെടാഞ്ഞത്‌? വീണ്ടും അവന്‍ എന്നെത്തന്നെ നോക്കുന്നതുവരെ ഞാന്‍ കണ്ണിമ പൂട്ടാതെ അവനെത്തന്നെ ശ്രദ്ധിച്ചു. കൂടെയുള്ളവരൊക്കെ മന്ത്രം ചൊല്ലലില്‍ തന്നെ മുഴുകിയിരിക്കുന്നു. അടുത്ത തവണ അവനെന്നെ നോക്കിയപ്പോള്‍ ഞാന്‍ അവനെ ചിരിപ്പിക്കാനായി മുഖം കൊണ്ട്‌ എന്തോ ഗോഷ്ടി കാണിച്ചു. പക്ഷേ, അവനത്‌ കണ്ടതായിപ്പോലും ഭാവിച്ചില്ല. ഞാനാകെ എന്തോ നഷ്ടപ്പെട്ടുപോയപോലെ പുറകിലെ ചുമരില്‍ ചാരിയിരുന്നു. എവിടെയോ ഉള്ള ആരുടെയോ കുട്ടിയുടെ ഒരു പുഞ്ചിരി കിട്ടാന്‍ ഞാനിത്ര വിഷമിക്കുന്നതെന്തിനാണെന്ന്‌ എനിക്കുതന്നെ മനസ്സിലായില്ല. ഞാന്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒരു പക്ഷേ ആ കുട്ടിയുടെ രീതി അതാവും, അധികം ചിരിക്കാത്ത കുട്ടിയാവും. പക്ഷേ എന്റെ സ്വസ്ഥത അധികനേരം നീണ്ടില്ല. അടുത്തിരിക്കുന്നുണ്ടായിരുന്നയാള്‍ അയാളുടെ നല്ല ഭംഗിയുള്ള മൊബൈല്‍ ഫോണ്‍ അവന്റെ നേരെ നീട്ടി. പക്ഷേ അവനത്‌ വാങ്ങാതിരുന്നപ്പോള്‍ എനിക്കു നേരത്തേ തോന്നിയ വിഷമം അല്‍പം കുറഞ്ഞപോലെ തോന്നി. മാത്രമല്ല ആ മൊബൈല്‍കാരനോട്‌ അല്‍പം പുച്ഛവും തോന്നാതിരുന്നില്ല. പക്ഷേ രണ്ടുമൂന്നുതവണ ശ്രദ്ധിക്കാതിരുന്നിട്ടും അവസാനം അവനതു വാങ്ങുകതന്നെ ചെയ്തു. നേരത്തേ വല്ലപ്പോഴുമെങ്കിലും എന്റെ നേരെ നോക്കിയിരുന്ന അവനിപ്പോള്‍ ആ ഫോണില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. അവന്റെ മുഖം അല്‍പം കൂടി വികസിച്ച പോലെ തോന്നി. അയാള്‍ ഷേക്ക്‌ഹാന്റിനായി കൈനീട്ടിയപ്പോള്‍ അവനും അവന്റെ കൈ നീട്ടി. അതെനിക്ക്‌ അസഹ്യമായിത്തോന്നി. അയാളുടെ പ്രവൃത്തിയില്‍ എന്തോ കാപട്യമുള്ളപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. അവന്‍ ആ മൊബൈലില്‍ നമ്പറുകള്‍ ഞെക്കാന്‍ തുടങ്ങി. അപ്പോള്‍ അയാള്‍ അവനോട്‌ കുറച്ചുകൂടെ അടുത്തിരുന്നു. എനിക്കയാളോട്‌ കലശലായ ദേഷ്യം വന്നു. മന്ത്രങ്ങളൊന്നും ചൊല്ലാതെ വെറുതെ ചെറിയ കുട്ടികളുമായിട്ട്‌ കളിച്ചുകൊണ്ടിരിക്കുന്നു. പതുക്കെ ഞാനയാളെ തോണ്ടിവിളിച്ചിട്ടു പറഞ്ഞു.

"നിങ്ങളിത്ര വിലപിടിച്ച മൊബൈലൊക്കെയാണോ കുട്ടികള്‍ക്ക്‌ കളിക്കാന്‍ കൊടുക്കുന്നത്‌. നിങ്ങളേപ്പോലുള്ളവരാണ്‌ കുട്ടികളെ ചീത്തയാക്കുന്നത്‌."

അയാള്‍ വെറുതേ എന്നെ നോക്കി ചിരിച്ചു. പക്ഷേ അതൊരു നിരുപദ്രവമായ ചിരിയായിട്ട്‌ എനിക്കു തോന്നിയില്ല. എന്റെ വാക്കുകളെ അയാളൊട്ടും മുഖവിലക്കെടുക്കാത്തപോലെ. എങ്കിലും അയാള്‍ ആ ഫോണ്‍ തിരികെ വാങ്ങുമെന്നും ആ കുട്ടി പിന്നെ അയാളുമായിട്ട്‌ അധികം അടുക്കില്ലെന്നും ഞാന്‍ മനസ്സില്‍ കരുതി. പക്ഷേ അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ആ കുട്ടിയുടെ നേരെ കൈ നീട്ടുകയും അവന്‍ അയാളെ നോക്കി ചെറുതായി ചിരിക്കുകയും ചെയ്തു. എനിക്കത്‌ ഒട്ടും തന്നെ സഹിക്കാനാവുമായിരുന്നില്ല. ഞാന്‍ എഴുന്നേറ്റ്‌ ആ കുട്ടിയുടെ കയ്യില്‍ നിന്നും ബലമായി ഫോണ്‍ വാങ്ങി അയാളുടെ മടിയിലേക്കിട്ടു. കുട്ടി പേടിച്ചുപോയിരുന്നു. അവന്‍ അച്ഛനോടു ചേര്‍ന്നു നിന്നുകൊണ്ട്‌ എന്നെ പകച്ചു നോക്കി. ഞാന്‍ അയാളോട്‌ അല്‍പം ഒച്ച ഉയര്‍ത്തിത്തന്നെയാണ്‌ സംസാരിച്ചത്‌ -

"നിങ്ങള്‍ ഭജന പാടാന്‍ വന്നതാണോ അതോ കുട്ടികളുടെ കൂടെ കളിക്കാന്‍ വന്നതോ?"

മന്ത്രം ചൊല്ലിക്കൊണ്ടിരുന്ന പലരും എന്നെ ശ്രദ്ധിച്ചുതുടങ്ങി. ഒരു കുറ്റവാളിയെ എന്ന പോലെ ഞാനയാളെ നോക്കി. അയാള്‍ ലജ്ജിതനായി തലതാഴ്ത്തിയിരുന്നത്‌ എനിക്കല്‍പം സ്വസ്ഥത നല്‍കി. ഇനി ആ കുട്ടി തന്നെ നോക്കുമ്പോള്‍ എന്തു ചെയ്തു കാണിച്ചാലാണ്‌ അവന്‍ ചിരിക്കുക എന്ന്‌ ഞാന്‍ ഗഹനമായി ആലോചിച്ചുതുടങ്ങി. ഒന്നുരണ്ടു തവണ എന്നെ അവന്‍ നോക്കാന്‍ തുടങ്ങിയപ്പോഴേക്കും ഞാന്‍ കൈകൊണ്ടും തലകൊണ്ടുമൊക്കെ ഓരോ ആംഗ്യങ്ങള്‍ കാണിച്ചെങ്കിലും അവന്‍ വളരെ പേടിച്ചാണ്‌ എന്റെ നേരെ നോക്കിയിരുന്നത്‌ എന്ന്‌ ഞാനൊരു വേദനയോടെ അറിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന ഒരു അഞ്ചുവയസ്സുകാരി പെണ്‍കുട്ടി അവന്റെ അടുത്തുപോയിരുന്നു. അവന്‍ വളരെ കൗതുകത്തോടെ അവളെ നോക്കാന്‍ തുടങ്ങി. എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന വെളുത്തനിറത്തിലുള്ള ഉടുപ്പാണ്‌ അവള്‍ ഇട്ടിരുന്നത്‌. അവള്‍ അവന്റെ കൈകളില്‍ പിടിച്ചുകൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ആട്ടാന്‍ തുടങ്ങി. അവന്‍ വളരെ രസിച്ചുകൊണ്ട്‌ അവന്റെ തലയും രണ്ടുവശത്തേക്കും ആട്ടിക്കൊണ്ടിരുന്നു. എനിക്ക്‌ ആ കുട്ടിയെ വഴക്കുപറയണമെന്നും അവിടെ പിടിച്ചിരുത്തണമെന്നും തോന്നി. പക്ഷേ ഒരു കാരണവുമില്ലാതെ അങ്ങിനെ ചെയ്യാന്‍ എനിക്കൊരു ചമ്മല്‍ തോന്നി. ഉടനെതന്നെ അവര്‍ രണ്ടുംകൂടി ചിരിക്കാന്‍ തുടങ്ങി. ചുറ്റുമുള്ളവരും അതു കണ്ടെങ്കിലും അവരാരുമതു ശ്രദ്ധിച്ചതേയില്ല. ഞാന്‍ അവളുടെ അടുത്തുചെന്നിരുന്ന്‌ അവളെ ഉച്ചത്തില്‍ ശാസിച്ചു. തൊഴുതുപിടിച്ചുകൊണ്ട്‌ ഉച്ചത്തില്‍ നാമം ജപിക്കാന്‍ പറഞ്ഞു ഞാനവളോട്‌. പേടിച്ച്‌ അവള്‍ പെട്ടെന്ന്‌ കൈവലിച്ചു. അവനും വേഗം അവന്റെ അച്ഛന്റെ മടിയിലിരുന്നു. ഇനിയെങ്ങിനെയാണ്‌ അവനെയൊന്ന്‌ സന്തോഷിപ്പിക്കുക എന്നായി ഞാന്‍ വീണ്ടും ചിന്ത. പക്ഷേ അവര്‍ അടങ്ങിയിരുന്നില്ല. ഒരു രണ്ടുനിമിഷം കഴിഞ്ഞപ്പോഴേക്കും അവര്‍ വീണ്ടും കൈകള്‍ പിടിച്ച്‌ ആട്ടിക്കൊണ്ട്‌ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. എനിക്കത്‌ ഒട്ടും തന്നെ സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ ഉറക്കെയുറക്കെ ആ പെണ്‍കുട്ടിയെ ശകാരിക്കാന്‍ തുടങ്ങി. എന്നിട്ടും പോരാഞ്ഞ്‌ അവളുടെ ചെവിയില്‍ വളരെ ശക്തിയായി ഒരു പിച്ചും കൊടുത്തു. അവള്‍ കരഞ്ഞുകൊണ്ട്‌ നേരത്തേ മൊബൈല്‍ കൊടുത്തയാളുടെ അടുത്തേക്കോടി. അതയാളുടെ മകളായിരുന്നോ? പലരും മന്ത്രം ചൊല്ലല്‍ നിര്‍ത്തി തലയുയര്‍ത്തി എന്നെ നോക്കി. അയാള്‍ ആ പെണ്‍കുട്ടിയേയും കൊണ്ട്‌ കുറച്ച്‌ അകലെ നിന്നിരുന്ന ഒരു സ്ത്രീയുടെ അടുത്തേക്കുപോയി. എന്തൊക്കെയോ സംസാരിക്കുകയും എന്നെ കൈചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ പെണ്‍കുട്ടിയും അവളുടെ അച്ഛനും അവന്റെയടുത്തുനിന്നും ദൂരെ പോയപ്പോള്‍ എനിക്കു സമാധാനമായി. ഇനിയെന്തായാലും അവനെനിക്കൊരു ചിരി സമ്മാനിക്കാതിരിക്കില്ല. ഹോ, ഇത്രയും നേരം എന്തൊരു ടെന്‍ഷന്‍ ആയിരുന്നു. ഇപ്പോ എല്ലാം കലങ്ങിത്തെളിഞ്ഞപോലെ. ഭജന കഴിഞ്ഞാലും കുറച്ചുകൂടി കഴിഞ്ഞിട്ടു പോയാല്‍ മതി. അവന്‍ ഒരുപക്ഷേ എന്റെയൊപ്പം കളിക്കാന്‍ കൂടിയേക്കും. അവനിഷ്ടപ്പെട്ട കളികള്‍ എന്തൊക്കെയായിരിക്കും? കുട്ടികള്‍ക്ക്‌ പെട്ടെന്ന്‌ ഇഷ്ടപ്പെടുന്ന ഏതെങ്കിലും ഒന്നുരണ്ടുകളികളെങ്കിലും ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. ഷേക്ക്‌ഹാന്റിനായി ഞാന്‍ അവന്റെ നേരെ കൈനീട്ടി. ഏതോ ഭീകരജീവിയെ കണ്ടിട്ടെന്നപോലെ അവന്‍ ഒരൊറ്റകരച്ചിലായിരുന്നു. വീണ്ടും ആള്‍ക്കാര്‍ എന്നെ ശ്രദ്ധിച്ചുതുടങ്ങി. ഞാനാകെ വല്ലാതായി. അവന്‍ ഉറക്കെയുറക്കെ ഏങ്ങിയേങ്ങി കരയുകയാണ്‌. എന്നാലും ഇതൊക്കെകഴിയുമ്പോള്‍ അവന്‍ എന്റെയൊപ്പം കളിക്കാന്‍ വരുമെന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചു. മൊബൈല്‍ഫോണ്‍ പിടിച്ചയാള്‍ വേറെ ഒന്നുരണ്ടുപേരോട്‌ എന്നെച്ചൂണ്ടി എന്തോ പറയുന്നുണ്ടായിരുന്നു. അതിലൊരാള്‍ വന്ന്‌ എന്നോട്‌ പുറത്തേക്കൊന്നു വരാന്‍ പറഞ്ഞു. പുറത്തെത്തിയപ്പോള്‍ അയാള്‍ ഒന്നും മിണ്ടാതെ എന്നെ അവിടെ നിര്‍ത്തിയിട്ട്‌ അകത്തുകയറി കതകു കുറ്റിയിട്ടു. എനിക്കെന്താണ്‌ ചെയ്യേണ്ടത്‌ എന്നൊരു പിടുത്തവും കിട്ടിയില്ല. പക്ഷേ ഉടനെതന്നെ അകത്തുനിന്നും മണിയൊച്ചയും മറ്റും കേട്ടു. അപ്പോ എല്ലാവരും ഉടനേ തന്നെ പുറത്തുവരുമായിരിക്കും. അവന്റെ ഒരു ചിരികണ്ടിട്ടുവേണം തനിക്ക്‌ പോകാന്‍. നേരത്തേയുണ്ടായതെല്ലാം അവന്‍ മറന്നുകാണും. ഇപ്പോള്‍ കാണുമ്പോള്‍ എന്തായാലും ചിരിക്കാതിരിക്കില്ല. അധികം വൈകാതെ എല്ലാവരും പുറത്തേക്കുവന്നു. ആ തടിയനായ ചെറുപ്പക്കാരന്‍ എന്നെ കണ്ടപ്പോള്‍ അയാളുടെ ഭാര്യയോട്‌ എന്തോ പറയുന്നതും അവരുടെ മുഖം കനക്കുന്നതും ഞാന്‍ കണ്ടു. ആ സ്ത്രീയുടെ കയ്യിലായിരുന്നു അപ്പോള്‍ കുട്ടി. എന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ വെളുക്കെ ചിരിച്ചെങ്കിലും അവന്‍ തല തിരിച്ചുകളഞ്ഞു, മാത്രമല്ല അവന്‍ കരയാന്‍ തുടങ്ങുകയും ചെയ്തു. ഉടനെ ആ സ്ത്രീ അവനെ താഴെയിറക്കി. അയാള്‍ കാറിന്റെ താക്കോല്‍ അവന്റെ കയ്യില്‍ കൊടുത്തു. അതു കിട്ടിയപ്പോള്‍ അവന്‍ അയാളുടെ നേരെ നോക്കി ചിരിച്ചുതുടങ്ങി. പെട്ടെന്ന്‌ ഞാന്‍ മുന്നോട്ട്‌ ചെന്ന്‌ ആ താക്കോല്‍ പിടിച്ചുവാങ്ങി അയാള്‍ക്ക്‌ നേരെ എറിഞ്ഞു.

67 comments:

മുരളി വാളൂര്‍ said...

ദാ പുതിയൊരു പോസ്റ്റുണ്ട്‌, ചുമ്മാ ഒരു കഥയെന്നൊക്കെയാ പറയുന്നത്‌. പിള്ളാരോട്‌ മര്യാദക്ക്‌ പെരുമാറാന്‍ അറിയാത്തവരുണ്ടെന്നേ ഒരുപാട്‌, എനിക്കാണെങ്കില്‍ അവരെ കണ്ടാല്‍ വല്യ ദേഷ്യമാണുതാനും.... തിരിച്ചുനിര്‍ത്തി ചന്തിക്ക്‌ വള്ളിച്ചൂരലുകൊണ്ട്‌ രണ്ട്‌ പൂശാനുള്ളത്ര മര്യാദകേട്‌ ഞാന്‍ കഥയെന്നും പറഞ്ഞ്‌ കാണിച്ചോ എന്നൊന്നു വായിച്ചുനോക്കണേ...

Kiranz..!! said...

തടിയന്റെ ഇടി കിട്ടാതെ പോയതു ആരാരുടെയോക്കെ ഭാഗ്യം മുരളിയേട്ടാ,ഇടക്കു വെച്ച് നിര്‍ത്തിപ്പോവാന്‍ തോന്നിയില്ല.Al-Khorല്‍ ഭജന ഒക്കെ കണ്ടിട്ടുണ്ട് ,അതങ്ങു ദോഹേലും എത്തിയോ ??

തറവാടി said...

എന്‍റെ കുഴപ്പമാകാം മുരളി , ശരിക്കങ്ങോട്ടാസ്വദിക്കാന്‍ പറ്റിയില്ലാ

qw_er_ty

പാര്‍വതി said...

ദൈവമേ അയാള്‍ക്കെന്തെങ്കിലും മാനസിക രോഗമുണ്ടാവും, ഒരു കുഞ്ഞ് ചിരിക്കുന്നത് എന്ത് കാരണം കൊണ്ടായാലും അതില്‍ സന്തോഷിക്കുന്നവരല്ലേ മനുഷ്യര്‍..

മുരളീ കഥ നന്നായിരിക്കുന്നു,തടകളില്ലാതെ ഒഴുകുന്ന ഒരു പുഴയുടെ ഒഴുക്ക് നോക്കി നിന്ന പോലെ തോന്നി.

-പാര്‍വതി.

sandoz said...

മുരളീ,
നര്‍മ്മം ഉപേക്ഷിച്ച്‌ ഒരു ടി.പത്ഭനാഭന്‍ സ്റ്റെയിലിലേക്ക്‌ മാറിയോ.

Ambi said...

മുരളിയേട്ടാ..നല്ല ഭാഷ..
ടി പത്മനാഭന്‍ ശൈലി അദ്ദേഹത്തിന്റെ സ്വത്തൊന്നുമല്ലല്ലോ..
ചെറുതായെങ്കിലും അതുണ്ട് താനും.

പക്ഷേ അതുകൊണ്ട് ഈ തപാലിനൊരു കുഴപ്പവുവുമില്ല..മേന്മയേറീയതേയുള്ളൂ.

ഭാഷയെന്തായാലും മനസ്സിന്റെ ഉള്ളിലോട്ടുള്ള നോട്ടം ഏതു കൊമ്പനോളവും ഈ കൃതിയിലുണ്ട്..മുരളീയേട്ടന്‍ ഒരോന്നെഴുതുമ്പോഴും കൂടുതല്‍ നന്നായി വരുന്നു എന്നുമെനിയ്ക്ക് തോന്നുന്നു.

വായിച്ചെന്നു മാത്രമല്ല നന്നായി ആസ്വദിച്ചു..മനസിന്റെ ചില വാതിലുകള്‍ തുറന്നു കിട്ടി..അസൂയയുടെ പാഠപുസ്തകമാണിത്..
(എനിയ്ക്കിന്ന് സാഹിത്യം കേറീയിരിയ്ക്കുന്ന ദിവസമാ ..എത്ര ശ്രമിച്ചിട്ടും പുളകിതഗാത്ര സാഹിത്യം വരാതിരിയ്ക്കുന്നില്ല...
“പുളകിതഗാത്ര“ പ്രയോഗത്തിനെന്റെ വല്യച്ഛനോട് കടപ്പാട്)

Ambi said...
This comment has been removed by a blog administrator.
റ്റെഡിച്ചായന്‍ | Tedy said...

മുരളീ, രസിച്ചു എന്നു പറയുന്നില്ല, (രസം തോന്നിപ്പിക്കലല്ലായിരുന്നു ഉദ്ദേശം എന്നു തന്നെ മനസ്സിലാക്കുന്നു. ) ആസ്വദിച്ചു, ചിന്തിപ്പിച്ചു, ഒരു മിനുട്ട് നിശ്ശബ്ദനാക്കുകയും ചെയ്തു...

ശൈലി ഇഷ്ടപ്പെട്ടു, ഭാവവും... ശരിയ്ക്കും പറഞ്ഞാല്‍, ഒരു ടെക്കീലാ ഷോട്ടു പോലെ തോന്നി.

വേണു venu said...

മുരളീ,
വായിച്ചു.മനസ്സിന്‍റെ ആഴങ്ങളിലേയ്ക്കു വലിച്ചു കൊണ്ടു പോകുന്ന ആ ശൈലിയും ഇഷ്ടപ്പെട്ടു.

Sul | സുല്‍ said...

മുരളി, കഥ വളരെ നന്നായിരിക്കുന്നു. ഒറ്റവരി കഥ പോലെ. വേഗം വായിച്ചു തീര്‍ന്നു. എനിക്കും ചിലയിടങ്ങളില്‍ സംഭവിച്ചതായതുകൊണ്ടാകണം പെട്ടെന്ന് തീര്‍ന്നെന്ന് തോന്നുന്നത്. എന്നാലും ഞാന്‍ അവസാനം അവന്‍ ചിരിച്ചു കാണാറുണ്ട്. അതാ ഒരു സമാധാനം.

-സുല്‍

മുരളി വാളൂര്‍ said...

കിരണ്‍സേ.... താങ്ക്യൂ ഫോര്‍ ദ കമന്റ്‌ വിത്‌ കോക്കനട്ട്‌....!! പിന്നെ ഭജന, ആ ഒരു അന്തരീക്ഷം കിട്ടാന്‍ വേണ്ടി ചേര്‍ത്തതാണ്‌.

തറവാടീ, തീര്‍ച്ചയായും താങ്കളുടെ കുഴപ്പമല്ല, എന്റെ കഥയുടെ തന്നെയാവാനാണ്‌ സാധ്യത. പക്ഷേ എന്താണ്‌ ആ ആസ്വാദ്യതക്ക്‌ വിലങ്ങുതടിയായി നില്‍ക്കുന്നത്‌ എന്ന്‌ എനിക്കും പിടികിട്ടിയില്ല. ഒരു പക്ഷേ സന്തോഷിപ്പിച്ചിരിക്കാന്‍ വഴിയില്ല. റ്റെഡി പറഞ്ഞപോലെ രസിപ്പിക്കലായിരുന്നില്ല എന്റെ ഇവിടുത്തെ ഉദ്ദേശം. അനുഭവിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. ദയവായി വീണ്ടും വായിച്ച്‌ ഒന്നു ഗൈഡ്‌ ചെയ്യാമോ...തുടക്കക്കാരനായ എനിക്കത്‌ ഉപകാരം ചെയ്യും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പരാജിതനേപ്പോലെയുള്ളവരുടെ അര്‍ത്ഥവത്തായ ഉപദേശങ്ങള്‍ ശരിക്കും ഉപകാരപ്രദമാവാറുണ്ട്‌ (ഒരിക്കല്‍ പാര്‍വതിയുടെ പോസ്റ്റില്‍ ഇട്ടപോലെ).

പാര്‍വതീ, മനസ്സിന്റെ ചില പ്രത്യേകതലങ്ങളിലുള്ള തോന്നലുകളാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. അയാള്‍ക്ക്‌ കുട്ടി തന്നെനോക്കി ചിരിക്കുന്നതിനും തന്നോട്‌ കളിക്കുന്നതിനുമാണ്‌ താല്‍പര്യം, എന്നുമാത്രമല്ല മറ്റുള്ളവരോട്‌ അടുക്കുന്നത്‌ സഹിക്കാനുമാവില്ല. ചില കമിതാക്കളില്‍ കണ്ടിട്ടില്ലേ, കാമുകി മറ്റുള്ളവരോട്‌ ചിരിക്കുന്നതോ എന്തിന്‌ ഒന്നു നോക്കുന്നതുപോലുമോ ഇഷ്ടപ്പെടാത്ത കാമുകന്മാരുണ്ടല്ലോ. എന്തായാലും കഥയില്‍ ആത്മകഥാംശമൊട്ടുമില്ലാട്ടോ, എനിക്ക്‌ കുട്ടികള്‍ ആരോടു ചിരിക്കുന്നതായാലും കാണാന്‍ വല്യ ഇഷ്ടമാണ്‌.

സാന്‍ഡോസ്‌, ഹേയ്‌ നര്‍മ്മം ഉപേക്ഷിച്ചിട്ടില്ല. പാപ്പാന്‍ കുഞ്ഞപ്പന്റെ "ദ സാഗ ഓഫ്‌ കുഞ്ഞപ്പ" ആണ്‌ അടുത്തതായി എഴുതാന്‍ കരുതിവച്ചിരിക്കുന്നത്‌. പിന്നെ ഇവിടെ അരവിന്ദ/വിശാല/ഇടിവാള്‍/മാഗ്നി...ഒക്കെ കിക്കിടിലന്‍ പോസ്റ്റുകളിടുമ്പോള്‍, സത്യം പറഞ്ഞാല്‍ ചമ്മലുകാരണമാണ്‌ പലതും പോസ്റ്റ്‌ ചെയ്യാത്തത്‌.

അംബീ, എനിക്കറിയില്ല എന്തു മറുപടിയെഴുതണമെന്ന്‌... എന്റെ കുറച്ചു വാക്കുകള്‍ മറ്റൊരാള്‍ക്ക്‌ അസ്വാദ്യമായി എന്നുകേള്‍ക്കുമ്പോള്‍ എന്തോ അതു തന്നെയാണല്ലോ ആ വാക്കുകളുടെ പുണ്യവും. നന്ദി...

റ്റെഡിച്ചായാ... വളരെ വളരെ സന്തോഷം. വളരെ കൃത്യമായ കമന്റാണ്‌ താങ്കളുടേത്‌. ടെക്കീലാ ഷോട്ട്‌ എനിക്കറിഞ്ഞൂടാട്ടോ, എന്താണത്‌?

വേണുജീ.... നന്ദി അപ്പോള്‍ ശൈലി മാറ്റേണ്ടകാര്യമില്ല അല്ലേ?

സുല്ലേ, പരമാവധി ചെറുതാക്കാനാണ്‌ ശ്രമം, പക്ഷേ പലപ്പോഴും പറ്റാറില്ല. നല്ലവാക്കുകള്‍ക്ക്‌ നന്ദി...

എല്ലാവര്‍ക്കും നന്ദി....ഇനി വരുന്നവര്‍ക്കും.

ഏറനാടന്‍ said...

ഇടവഴി ഒന്ന് കയറി. നല്ല ഉള്‍ക്കാമ്പുള്ള തീം. രക്ഷിതാക്കളുടെ ശ്രദ്ധ തീര്‍ച്ചയായും പതിയേണ്ട സംഗതി താങ്കള്‍ നന്നായിട്ട്‌ അവതരിപ്പിച്ചു.

റ്റെഡിച്ചായന്‍ | Tedy said...

മൊത്തം ഓ.ടോ.
ടെക്കീല (tequila) ഒരു മെക്സിക്കന്‍ മദ്യമാണ് മുരളീ. അവിടുത്തെ ഒരു സ്ഥലത്തിന്റെ പേരില്‍ നിന്നാണ് നാമത്തിന്റെ ഉറവിടം. ആ ഭാഗത്തു വളരുന്ന ‘ബ്ലൂ അഗാവേ’വളരെ എന്ന ഒരു സസ്യത്തിന്റെ നീരില്‍ നിന്നാണ് അതിവിശേഷകരവും വളരെ വിലകൂടിയതുമായ ഈ മദ്യം ഉണ്ടാക്കുന്നത്.

ടെക്കീലാ പലതരത്തില്‍ കുടിയ്ക്കാമെങ്കിലും, ഒരു പ്രധാന മാര്‍ഗ്ഗം ഷോട്ടു രൂപത്തിലാണ്. അതായത് ഏകദേശം ഒന്നര ഔണ്സിന്റെ ഒരു കൊച്ചു ഗ്ലാസ്സില്‍ വേറേ ദ്രാവകങ്ങള്‍ ഒന്നും ചേര്‍ക്കാതെ (ഡ്രൈ എന്നു ചുരുക്കം) ടെക്കീലാ ഒഴിയ്ക്കുന്നു - എന്നിട്ട് ഒറ്റവലിയ്ക്ക് അതു കുടിയ്ക്കുന്നു. കുടിച്ചു ഗ്ലാസ്സ് താഴെ വയ്ക്കുന്ന നേരം കൊണ്ടു തന്നെ സിരകളില്‍ ഉന്മത്തത നിറയുന്നു.

ഞാന്‍ ഇതിനോട് ഉപമിയ്ക്കാന്‍ കാരണം മുരളീടെ കഥ ഈ ഗുണഗണങ്ങള്‍ എല്ലാം ചേര്‍ന്ന ഒന്നായി തോന്നി.
1. വെള്ളമൊഴിച്ചു ചാലിച്ചിട്ടില്ല - ഉദ്ദേശിച്ച ആശയം മാത്രം.
2. ഒറ്റവലിയ്ക്കു കുടിയ്ക്കുന്ന പ്രതീതി - പാര്‍വതി പറഞ്ഞപോലെ, ‘തടകളില്ലാതെ ഒഴുകുന്ന ഒരു പുഴയുടെ ഒഴുക്ക്’.
3. കുടിച്ചാല്‍ ഉടനെ തന്നെ ഇരുത്തിചിന്തിപ്പിയ്ക്കുന്ന ശക്തി.

:-)
തുടര്‍ന്നും ഇത്തരം ശക്തമായ രചനകള്‍ പ്രതീക്ഷിയ്ക്കുന്നു.

മുരളി വാളൂര്‍ said...

റ്റെഡി, ഈ കമന്റുംകൂടി വായിച്ചപ്പോ ശരിക്കും ഒരു ടെക്കീല പിടിപ്പിച്ച പോലെയായി. വളരെ നന്ദി. അതിവിടെ കിട്ടുമോ ആവോ! എന്തായാലും എഴുത്തു തുടരാന്‍ തന്നെ തീരുമാനിച്ചു.

കുട്ടന്മേനൊന്‍::KM said...

കഥയുടെ ഒഴുക്ക് നന്നായിരിക്കുന്നു,രചനാ ശൈലിയും.
(ഓടോ :പദ്മനാഭന്റെ കഥകള്‍ ശരിക്കും വായിച്ചാണോ ചിലര്‍ ഇങ്ങനെ കമനിട്ടതെന്ന് സംശയം)

സ്വാര്‍ത്ഥന്‍ said...

Dear MuraLi,
Pls call me on 5986772, I'm in Al Khor!

qw_er_ty

മുരളി വാളൂര്‍ said...

ഏറനാടാ, വളരെ നന്ദി...
മേന്‍നേ, ചുമ്മാതാന്നേ... വെറുതെ... കമന്റിനു വളരെ സന്തോഷം...
നിസ്വാര്‍ത്ഥാ...വിളിച്ചോണ്ടിരിക്കുന്നു.......

വിഷ്ണു പ്രസാദ് said...

oമുരളീ,ഒരല്‍പ്പം വൈകി.എനിക്ക്പറയാനുള്ളത് അതിലും നല്ല ഭാഷയില്‍ റ്റെഡി പറഞ്ഞുകഴിഞ്ഞു.നല്ല ശ്രമം.നല്ല എഴുത്തിന് വാക്കുകളെ ധ്യാനിക്കണം,അവസ്ഥകളെ ആവാഹിക്കണം.താങ്കള്‍ അത് വേണ്ടത്ര ചെയ്യുന്നുണ്ടെന്ന് തോന്നുന്നു.നല്ല എഴുത്തുകാരന്‍ ഒരു മന്ത്രവാദി തന്നെയാവണം.ചുട്ടകോഴിയെ പറപ്പിക്കുന്ന ഒരു...
താങ്കള്‍ക്ക് അതിന് കഴിയട്ടെ.

sandoz said...

എന്നാലും മേനനേ,
എന്‍.എച്‌. വഴി പോയ പണി
പഞ്ചായത്‌ റോഡില്‍ ഇരന്നു വാങ്ങി എന്ന് പറഞ്ഞ പോലയായി എന്റെ അവസ്ഥ.പത്ഭനാഭനെ ക്കുറിച്ച്‌ ‌ ആദ്യം ഞാനാണു മാഷിന്റെ പോസ്റ്റില്‍ പെരുക്കീത്‌.

മുരളി മേനോന്‍ said...

എനിക്കിഷ്ടമായി മുരളി... കാരണം മറ്റൊന്നുമല്ല, മന:ശാസ്ത്രപരമായ ഒരു മാനമുണ്ട് ഈ കഥയ്ക്ക്. “എവിടെയോ ഉള്ള ആരുടെയോ കുട്ടിയുടെ ഒരു പുഞ്ചിരി കിട്ടാന്‍ ഞാനിത്ര വിഷമിക്കുന്നതെന്തിനാണെന്ന്‌ എനിക്കുതന്നെ മനസ്സിലായില്ല.“ ഇത് ഓരോ മനുഷ്യനും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതാണ്. പിന്നെ നമ്മുടെ മനസ്സിലുള്ള കഥ എഴുതിക്കഴിഞ്ഞാല്‍ പലപ്പോഴും നാം വായിക്കാന്‍ മെനക്കെടാറില്ല എന്നുള്ളതാണു സത്യം. ഒന്നുരണ്ടു പ്രാവശ്യം വായിച്ചാല്‍ താഴെ പറയുന്നതുപോലെയുള്ള വാക്യം തിരുത്താന്‍ കഴിഞ്ഞേനെ. “ഇനിയെങ്ങിനെയാണ്‌ അവനെയൊന്ന്‌ സന്തോഷിപ്പിക്കുക എന്നായി ഞാന്‍ വീണ്ടും ചിന്ത.“ ഇതൊരു പോരായ്മയായ് കഥയില്‍ ഉദിക്കുന്നേയില്ലെന്ന സത്യം വേറെ. പക്ഷെ എങ്കിലും നമുക്കു ശ്രദ്ധിക്കാം... രചന തുടരുക... ഭാവുകങ്ങള്‍

മുരളി വാളൂര്‍ said...

വിഷ്ണുമാഷേ, താങ്കളേപ്പോലെയുള്ള, എഴുത്തില്‍ ഇരുത്തം വന്നവരുടെ ഒരു കമന്റെന്നൊക്കെപ്പറഞ്ഞാല്‍ വല്യ ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. എഴുത്ത്‌ എന്ന സംഭവത്തില്‍ തികച്ചും പുതിയവനായതുകൊണ്ടാണ്‌ മറ്റുള്ളവര്‍ അതിനെ എങ്ങിനെ കാണുന്നു എന്ന്‌ വളരെയധികം ശ്രദ്ധിക്കുന്നത്‌. പക്ഷേ വായനയുടെ കുറവ്‌ ഇപ്പോള്‍ ശരിക്കുമുണ്ട്‌. നന്ദി മാഷേ...

മുരളിമേനോന്‍, വളരെ കൃത്യമായ വാക്കുകളാണ്‌ താങ്കളുടേത്‌. ഒറ്റയടിക്ക്‌ എഴുതിത്തീര്‍ത്തിട്ട്‌ പിന്നെ ഒരു ഓടിച്ചുവായന അക്ഷരത്തെറ്റു തിരുത്താന്‍ മാത്രം, പിന്നെ ഉടനെ പബ്ലിഷ്‌ ചെയ്യുക അര്‍ദ്ധരാത്രിയാണെങ്കില്‍ പോലും, ഇതാണ്‌ ഞാന്‍ ചെയ്യാറ്‌. അത്‌ ശരിയല്ലെന്നറിയാം, കുറേ വായിച്ച്‌ തിരുത്തി കുറെയധികം വെട്ടിക്കളഞ്ഞ്‌ ആറ്റിക്കുറുക്കിവേണം കഥയെഴുതാന്‍ എന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. എന്തായാലും ഇനി അങ്ങിനെയേ ചെയ്യു, സംശ്യല്ല്യ. നിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും വളരെ വളരെ നന്ദി.

ശിശു said...

മാഷെ:) കഥ വായിച്ചു, കഥയെപ്പറ്റി ഇനി ശിശുവിന്‌ പറയാന്‍ ആരും ബാക്കിയൊന്നും വെച്ചിട്ടില്ല, എല്ലാം പറഞ്ഞുകഴിഞ്ഞു. പക്ഷെ ഒന്ന് തുറന്നു പറയുന്നു, കഥയുടെ ഒഴുക്ക്‌, ആവര്‍ത്തനമാണെങ്കിലും അത്‌ പറയാതിരിക്കാന്‍ കഴിയുന്നില്ല
ഒന്നുകൂടിപറഞ്ഞുകൊള്ളട്ടെ.
കുട്ടിക്ക്‌ തടിയന്‍ കൊടുത്ത കളിപ്പാട്ടങ്ങള്‍ മൊബയില്‍ ഫോണും കാറിന്റെ കീയും ആയതുകൊണ്ടല്ലെ അയാള്‍ക്ക്‌ ദേഷ്യം വന്നത്‌? ഇത്‌ മന:പൂര്‍വ്വം തിരഞ്ഞെടുത്തതാണോ? കുട്ടികള്‍ക്ക്‌ നാം കളിപ്പാട്ടങ്ങള്‍ കൊടുക്കുന്നതില്‍ അപാകതള്‍ ഇല്ലേ? ഇത്‌ ഭാഗ്യന്തരേണ സൂചിപ്പിച്ചതാണോ? ഇതിനെപ്പറ്റി ആരും പറഞ്ഞുകണ്ടതുമില്ല,

ബിരിയാണിക്കുട്ടി said...

ഇതെനിക്കിഷ്ടമായി. :)

qw_er_ty

മുരളി വാളൂര്‍ said...

ശിശൂ... കഥ വായിച്ചതിനും അഭിപ്രായം നല്‍കിയതിനും നന്ദി. മൊബൈല്‍ ഫോണും കാറിന്റെ കീയും വെറും സൂചകങ്ങളായി വരുന്നുവെന്നേയുള്ളൂ, അതിനൊരു പ്രാധാന്യവും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. അയാളുടെ മാനസികവ്യാപാരങ്ങളായിരുന്നു എന്റെ വിഷയം. മൊബൈലിനു പകരം ഒരു പേനയോ വേറെയെന്തെങ്കിലുമോ നല്‍കിയാലും ഒരു കുഴപ്പവുമില്ല, അതു കഥ മുന്നോട്ടു കൊണ്ടുപോകാനുള്ള വെറും ഒരു ഉപകരണം മാത്രമായേ ഉദ്ദേശിച്ചുള്ളു. പിന്നെ സാധാരണ അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ കയ്യിലുണ്ടാവുന്നത്‌ അതൊക്കെയാണല്ലോ എന്നതുകൊണ്ടാണ്‌ അങ്ങിനെയാക്കിയത്‌. കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ കൊടുക്കുമ്പൊള്‍ ശ്രദ്ധിക്കണം എന്ന സബ്ജക്റ്റ്‌ ഒന്നും ഞാന്‍ അലോച്ചിട്ടുപോലുമുണ്ടായില്ല കെട്ടോ. നന്നായി വായിച്ചതിനും കമന്റിനും നന്ദി.

ബിരിയാണീ.... സന്തോഷം.

സു | Su said...

കഥ ഇഷ്ടമായി. അയാള്‍ക്ക് പ്രതീക്ഷ കൂടിപ്പോയി. ബാക്കിയെല്ലാവരും, ഭജനയില്‍, അല്ലെങ്കില്‍ ഒരു പ്രവൃത്തിയില്‍ മുഴുകണമെന്നും, തനിക്കെന്തും ആകാമെന്നും ഉള്ള ഒരു ബോധവും ഉണ്ടായി. അയാളെ എന്തോ കുട്ടിക്കും അത്ര പിടിച്ചില്ല.

Siju | സിജു said...

മുരളി ചേട്ടാ..
കഥ ഇഷ്ടപെട്ടു
ഞാനവസാനം വരെ ഇയാളിപ്പൊ നന്നാവും നന്നാവുമെന്നു വിചാരിച്ചു; പക്ഷേ എന്തൊ അങ്ങേര്‍ക്കോരു താല്‍‌പര്യവുമില്ല

മുരളി വാളൂര്‍ said...

സൂച്ചേച്ചീ... എനിക്കയാളെ അങ്ങിനെ പൂര്‍ണമായും എഴുതിത്തള്ളാന്‍ കഴിയില്ല കെട്ടോ. അയാള്‍ അവിടെ ഒരു കൊച്ചുലോകത്തേക്ക്‌ ചുരുങ്ങുകയായിരുന്നു, അവിടെ അയാളും ആ കുട്ടിയും മാത്രം, അതിനിടയില്‍ വരുന്ന തടസ്സങ്ങളെയെല്ലാം ഒഴിവാക്കാന്‍ അയാള്‍ ശ്രമിച്ചു. നിയമങ്ങളും മര്യാദകളും കാണാനുള്ള കണ്ണുകള്‍ അപ്പോള്‍ അയാള്‍ക്കില്ലായിരുന്നു അത്രേള്ളു, നല്ല വായനക്ക്‌ നന്ദി.
സിജൂ, വളരെ നന്ദി, അയാള്‍ക്കുകൂടി തോന്നണ്ടേ അയാള്‍ എന്തോ തെറ്റായിട്ടുള്ളതാണ്‌ ചെയ്യുന്നതെന്ന്‌, അയാള്‍ക്ക്‌ അയാള്‍ ശരിയായിരുന്നു അപ്പോള്‍.

വല്യമ്മായി said...

നല്ല കഥ,കഥാപത്രത്തിന്റെ ചിന്തകളെ നന്നായി ഒപ്പിയെടുത്തിരിക്കുന്നു.

parajithan said...

മുരളി, കഥ വായിച്ചു. കറുത്ത പശ്ചാത്തലത്തിലാണ്‌ അക്ഷരങ്ങളെന്നതിനാല്‍ show original post എന്നെഴുതിയിരിക്കുന്നിടത്ത്‌ ക്ളിക്കിയാണ്‌ വായിച്ചത്‌. (കണ്ണടിച്ചു പോയാല്‍ എണ്റ്റെ കുടുംബം പട്ടിണിയാകും. :)) ദുര്‍മേദസ്സില്ലാത്ത എഴുത്താണ്‌ താങ്കളുടേത്‌. അതത്ര എളുപ്പമുള്ള കാര്യമല്ല താനും.

വിമര്‍ശനമൊന്നുമില്ല, മുരളീ. കഥ പറയുന്ന ആളിണ്റ്റെ ചിത്രം അപൂര്‍ണ്ണമാണെന്നതാണ്‌ കഥയുടെ പരാജയമെന്ന്‌ പറഞ്ഞോട്ടെ? ഒരൊറ്റ സംഗതിയില്‍ മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ സത്യത്തില്‍ വിപരീതഫലം ചെയ്യും. ശ്വാസം വിടാതെ പാടുന്ന പോലെയാണത്‌. സത്യത്തില്‍ കഥ പറയുന്ന ആളിണ്റ്റെ മറ്റേതെങ്കിലുമൊരു വശം കൂടി ഉള്‍പ്പേടുത്തി വായിക്കുന്നയാളിന്‌ ആ കഥാപാത്രവുമായി കൂടുതല്‍ relate ചെയ്യിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കഥ മെച്ചപ്പെട്ടേനെ. കുറഞ്ഞ പക്ഷം അയാള്‍ കുട്ടിയെ ചിരിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനിടയില്‍ സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരോര്‍മ്മ ചേര്‍ത്തിരുന്നുവെങ്കില്‍ പ്രമേയത്തിണ്റ്റെ വിശ്വാസ്യത കൂടുമായിരുന്നോ? അത്‌ ഒരു സാധ്യത. അത്‌ പോലെ ആഗ്രഹം obsession ആയി മാറുന്ന പ്രക്രിയ കഥയില്‍ അനുഭവിക്കാന്‍ പറ്റുന്നില്ല.

ഈ കഥയിലുള്ള സംഭാഷണങ്ങള്‍ നോക്കൂ. എല്ലാം ഒരാളുടേത്‌. പറയുന്ന വിഷയവും ഒന്ന്‌ തന്നെ. ഇതാണ്‌ ഞാന്‍ പറഞ്ഞ അമിതശ്രദ്ധയുടെ മറ്റൊരു ദൃഷ്ടാന്തം. ക്രാഫ്റ്റിണ്റ്റെ കാര്യത്തില്‍ സംഭവിച്ച വലിയ പോരായ്മയാണത്‌.

പിന്നെ ഇക്കാര്യത്തിനൊന്നും അന്തിമവാക്കെന്നൊന്നില്ലെന്നതും ശരി തന്നെ.

ഒോ.ടോ.: ഇങ്ങനെയൊക്കെ എഴുതിയത്‌ മുരളി എന്നെക്കുറിച്ച്‌ പറഞ്ഞ നല്ല വാക്കുകള്‍ക്കുള്ള നന്ദിസൂചകമായാണെന്ന് പറയാന്‍ മടിയില്ല. കാരണം അതാണല്ലോ സത്യം.

parajithan said...

അംബിയോട്‌ ഒരു വാക്ക്‌. ലോകത്ത്‌ ആര്‍ക്കെങ്കിലും സ്വത്ത്‌ എന്ന് പറയാനെന്തെങ്കിലുമുണ്ടെങ്കില്‍ അത്‌ സ്വന്തം ശൈലിയാണ്‌. (സ്വന്തം മക്കള്‍ പോലും നമ്മുടെ സ്വത്തല്ലല്ലോ, സത്യത്തില്‍.) ഒരാള്‍ സ്വന്തമായി ഒരു ശൈലിയുണ്ടാക്കുന്നതിണ്റ്റെ പിന്നിലെ പ്രയത്നത്തെ എങ്ങനെ ചെറുതാക്കിക്കാണും? ചിത്രകലയിലൊക്കെ നല്ലൊരു ശൈലിയുണ്ടാക്കാന്‍ എത്ര വര്‍ഷങ്ങള്‍ വേണം! കാലാകാലം അത്‌ നവീകരിക്കുന്നതിണ്റ്റെ പൊല്ലാപ്പ്‌ വേറെ. എഴുത്തിണ്റ്റെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല.

മുരളി വാളൂര്‍ said...

പ്രിയ ഹരീ...
കഥ വായിച്ചതിലും വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചതിലും വളരെ സന്തോഷം.
ആ ഒരു കഥാപാത്രത്തെ മാത്രമേ ഞാന്‍ കോണ്‍സണ്ട്രേറ്റ്‌ ചെയ്തിരുന്നുള്ളു എന്നത്‌ വാസ്തവം. മനപ്പൂര്‍വം മറ്റുള്ളവരിലേക്കും മറ്റുവിവരണങ്ങളിലേക്കും പോകാതിരുന്നതാണ്‌, അത്‌ കഥക്ക്‌ ഗുണപ്രദമാകുമെന്നുകരുതിയാണ്‌ അങ്ങിനെ ചെയ്തത്‌.
പിന്നെ ആഗ്രഹം ഒബ്സഷന്‍ ആക്കി മാറ്റാനായിട്ടാണ്‌ ഞാന്‍ അയാളെക്കൊണ്ട്‌ മൊബൈല്‍ക്കാരനെ ചീത്തപറയിച്ചതും ആ കൊച്ചു പെണ്‍കുട്ടിയെ വേദനിപ്പിച്ചതും മറ്റും. അതിന്റെ തുടര്‍ച്ചയെന്നോണം അവസാനം കുട്ടിയുടെ അച്ഛന്‍ കൊടുത്ത താക്കോല്‍ പോലും പിടിച്ചുവാങ്ങി അയാളുടെ നേരെയെറിഞ്ഞതും. പക്ഷെ അത്‌ കഥയില്‍ അനുഭവിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതെന്റെ പരാജയം തന്നെ. അടുത്തതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ താങ്കളുടെ ഉപദേശം എന്നെ സഹായിക്കും, നന്ദി.

Physel said...

മുരളീ, ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞ പോലെ അമിതവര്‍ണ്ണനയുടെ ദുര്‍മേദസ്സില്ലാത്ത ഒഴുക്കുള്ള ഭാഷ. പക്ഷേ ഈ കഥ വായനക്കിടയില്‍ മനസ്സില്‍നിന്നു വഴുതിപ്പോകുന്നു.

ഓ.ടോ മീറ്റ് മീറ്റ് എന്നും പറഞ്ഞ് വെറുതെ ഇരിക്കുവാണോ? പുതിയൊരാള്‍ ദേ അല്‍ഖോറീന്നും ഉണ്ട്..ഗെയിംസിന്റെ തിരക്കൊന്നൊതുങ്ങീട്ട് ഞാനും ജോയിന്‍ ചെയ്യാം

parajithan said...

മുരളി,

താങ്കള്‍ ഫോക്കസ്‌ ചെയ്തത്‌ അയാളെയല്ല, കുട്ടിയുടെ ചിരിക്ക്‌ വേണ്ടിയുള്ള അയാളുടെ ആഗ്രഹത്തിലാണ്‌. അതാണ്‌ ഞാന്‍ അപൂര്‍ണ്ണത എന്നുദ്ദേശിച്ചത്‌. മറ്റ്‌ ചില അംശങ്ങളും കൂടി ചേര്‍ത്ത്‌ ആ കഥാപാത്രത്തിന്‌ കൂടൂതല്‍ മിഴിവ്‌ വരുത്തിയിരുന്നെങ്കില്‍, ഒരു stranger എന്ന feeling മാറ്റിയിരുന്നെങ്കില്‍, കഥയ്ക്ക്‌ കൂടുതല്‍ impact ഉണ്ടാക്കാന്‍ കഴിഞ്ഞേനെ.

obsession-ണ്റ്റെ കാര്യം. അത്‌ മനസ്സിലായി. പക്ഷേ ഒരു സ്വാഭാവിക പുരോഗതിയായി തോന്നിയില്ല എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

ഇതേപ്പറ്റിയെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നതില്‍ വിരോധമില്ല. സമയത്തിണ്റ്റെയൊക്കെ പ്രശ്നമേയുള്ളു. നമുക്ക്‌ സംസാരിക്കാം. വിമര്‍ശനവും ഉപദേശവുമൊന്നുമല്ല. ഒരു കൊടുക്കല്‍ വാങ്ങല്‍ പോലെ.

സ്നേഹത്തോടെ, ഹരി

മുരളി വാളൂര്‍ said...

നന്ദി ഹരീ
ഫൈസലേ... വായനക്കും കമന്റിനും നന്ദി.
പെരിയ മീറ്റുകളുടെ ചൂടൊക്കെയാറിയല്ലോല്ലെ? നമുക്കൊരു ചിന്ന മീറ്റ്‌ പൂശാമ്ന്നേ. ഗെയിംസ്‌ കഴിയട്ടെ. സ്വാര്‍ത്ഥന്‍ അല്‍ഖോറില്‍ നിന്നും വിളിച്ചിരുന്നു. ഇപ്പോ അഞ്ചെട്ടുപേരുണ്ടല്ലോ അല്ലേ? പരദേശി, മാഗ്നി, കിരണ്‍സ്‌, സ്വാര്‍ത്ഥന്‍, സ്വപ്നം, സഗീര്‍ പണ്ടാരത്തില്‍,മൗലികവാദി, പിന്നെ താങ്കള്‍, ഞാന്‍... ഇനിയും ആരെയെങ്കിലും മറന്നിട്ടുണ്ടെങ്കിലോ, ആരെങ്കിലും തിരശ്ശീലക്കു പുറകിലുണ്ടെങ്കിലോ അറിയിക്കുമല്ലോ. ഗെയിംസിന്റെ ഒരുക്കങ്ങളുടെ ഫോട്ടോ ഒന്നും കിട്ടിയില്ലല്ലോ ഫൈസലേ.

മുരളി വാളൂര്‍ said...

ഫൈസലേ, സ്വാര്‍ത്ഥന്‍ പറഞ്ഞു പെരിങ്ങോടന്റെ അനിയന്‍ ഇവിടെയെത്തിയിട്ടുണ്ടെന്ന്‌.

പെരിങ്ങോടന്‍ said...

കഥ നന്നായി, പരാജിതന്‍ പറഞ്ഞ കുറവുകള്‍ കഥയെ കുറിച്ചാവരുത്‌, കഥ എങ്ങനെയുമാകാം, കവിതയേക്കാളുപരി സ്വാതന്ത്ര്യം കഥയില്‍ കാണിക്കാം. വളരെ നീളമുള്ള ആദ്യത്തെ പാരഗ്രാഫ് ചെറിയ കുറച്ചു പാരഗ്രാഫുകളിലായി എഴുതിയിരുന്നെങ്കില്‍ (സിനിമയില്‍ പല പല ദൃശ്യങ്ങളിലേയ്ക്കു പെട്ടെന്നു കടന്നു ചെല്ലുന്ന ക്യാമറപോലെ) എഴുത്തിന്റെ ടോണില്‍ മുഖ്യകഥാപാത്രത്തിന്റെ അസന്തുലിതാവസ്ഥ പ്രകടിപ്പിക്കാമായിരുന്നു. ഇതൊരു അഭിപ്രായം മാത്രമാണു്, ഞാന്‍ എഴുതിയിരുന്നെങ്കില്‍ അങ്ങിനെ എഴുതുമായിരുന്ന എന്ന തോന്നല്‍, മുരളിയുടെ ശൈലി നന്നായി, ആസ്വദിക്കാനായി

(പെരിങ്ങോടന്‍ എന്ന പേര് കമന്റില്‍ കാണേണ്ടി വന്നു ഈ കഥ കണ്ണില്‍ പെടാന്‍, ക്ഷമിക്കുക ബ്ലോഗ് വായനയില്‍ പതിവുള്ള ശ്രദ്ധയില്ല)

P.R said...

Infact,after reading it, I was trying to find out the "exact" feel of this.And I think, I got it.like u said, it has become very common now a days that people don't have enough time to interact with children ,with patience.most of them don't know to control the "vashi" of a child by denying their demands,with love.
also u've brought out it ina very detailed manner, I did feel.also the details of,obsession nature,impatience etc..
i know nothing abt technical aspects.but just enjoy to feel the expressions & emotions also the beauty of a writing..

P.R said...

also once again sorry for my English comment.I'll make it out at the earliest.now just running around, to have a look on all of ur blogs, as a new comer.

അതുല്യ said...

മുരളീ,വിശിഷ്ടാതിഥിയായിട്ട്‌ വേണമെങ്കില്‍ ഞാന്‍ വരാംട്ടോ. കുറെ സെറ്റും മുണ്ടും, കേരളാ സാരിയുമൊക്കെ വെക്കേഷന്‍ കഴിഞ്ഞപ്പോ കൊണ്ടുവന്നിട്ടുണ്ട്‌.

കഥ അല്‍പമേ വായിച്ചുള്ളു. ഇപ്പോ രുക്കാവട്ട്‌ കേലിയേ ഖേദ്‌ ഹൈ.

പിന്നെ, കറുപ്പിലിടുന്ന പോസ്റ്റുകള്‍ ഞാന്‍ ഹൈലൈറ്റ്‌ ചെയ്താണു വായിയ്കാറു.

parajithan said...

പെരിങ്ങോടാ, പറഞ്ഞത്‌ ശരി തന്നെ. പക്ഷേ സ്വാതന്ത്ര്യത്തിന്റെ കാര്യമല്ലല്ലോ ഞാന്‍ പറഞ്ഞത്‌. പ്രധാനപ്രമേയത്തിന്‌ തീക്ഷ്ണത വരുത്താന്‍ മറ്റ്‌ ചില ഘടകങ്ങള്‍ കൂടി ചേര്‍ത്താല്‍ നന്നായിരുന്നു എന്നാണ്‌.

മുരളി വാളൂര്‍ said...

ഈ ഇടവഴിയിലൂടെ പെരിങ്ങോടന്‍ ആദ്യമായിട്ടാണ്‌.... വായനക്കും അഭിപ്രായത്തിനും നന്ദി. കുറേയധികം പഠിക്കാനുണ്ട്‌, പ്രീകെജീയിലായതേയുള്ളു, ശരിയാക്കാന്‍ ശ്രദ്ധിച്ചോളാം.
പീയാറേ, ടെക്നിക്കല്‍ ആയി ഒന്നുമില്ലെന്നേ, വായിച്ചിട്ട്‌ എന്തെങ്കിലും തോന്നിയെങ്കില്‍ അതുമതി ധാരാളം...വളരെ നന്ദി.
കുറു....സോറി അതുല്യേച്ചീ, അതെന്തര്‌ വര്‍ത്താനാ പറേണേ, കൊച്ചിമീറ്റിനിടക്ക്‌ ഒറപ്പിച്ചതല്ലേ വിശിഷ്ടാതിഥിയായി വരാംന്ന്‌, ഞങ്ങള്‍ അതുകാരണം അതുല്യാമ്മ കേരളസാരിയൊക്കെ ഉടുത്ത്‌ തൊഴുതുപിടിച്ചു നില്‍ക്കുന്ന ഫ്ലെക്സ്‌ ബോര്‍ഡുകള്‍ ഖത്തറുമുഴുവന്‍ വച്ചുകഴിഞ്ഞു. എന്നട്ടിപ്പോ പറയുവാ വേണങ്കീ വരാന്ന്‌....! ഇതെന്തൊരു കൂത്ത്‌ കൂടിയാട്ടം...!! കുറുക്കത്തി എന്ന നാമവിശേഷണം കളഞ്ഞൂടേ ഇനി.

പുഴയോരം said...

മുരളി.. നന്നായിട്ടുണ്ട്.. ഈ അസൂയപ്പോസ്റ്റ്..

അതുല്യ said...

മുരളീ, ഒരുപാട്‌ ക്ഷണങ്ങളുണ്ട്‌. എന്റെ സെക്രട്ടറീയുമായിട്ട്‌ ഞാന്‍ ഒന്ന് ഡിസ്കസ്സ്‌ ചെയ്യട്ടേ.

പേരൊക്കെ അങ്ങനെയങ്ങട്‌ മാറ്റാന്‍ പറ്റില്യാട്ടോ. ഗസറ്റിലൊക്കെ പബ്ലീഷ്‌ ചെയ്യണം. എ. വില്‍ റ്റ്രൈ.

മുരളി വാളൂര്‍ said...

പുഴയോരം... വായനക്കും കമന്റിനും നന്ദി....

അഗ്രജന്‍ said...

ഞാനൊരു കമന്‍റിവിടെ ഇട്ടിരുന്നു... അതെവിടെ!

എന്‍റെ സിസ്റ്റത്തില്‍ നിന്നാല്ലാത്തോണ്ട് മംഗ്ലീഷിലായിരുന്നു കമന്‍റ്... പക്ഷേ, അതെവിടെ പോയി!

‘ആ അഞ്ചു വയസ്സുകാരിയെ ശാസിച്ച കഥാപാത്രത്തെ എനിക്കിഷ്ടപ്പെട്ടില്ല...

ഒന്നു കൂടെ ഖണ്ഢിക തിരിച്ചാല്‍ വായന കുറച്ചു കൂടെ രസകരമാക്കാമായിരുന്നു’

ഇതായിരുന്നു എന്‍റെ കമന്‍റ് എന്നാണെന്‍റെ ഓര്‍മ്മ :)

പാച്ചു said...

First of all..
Sorry for my Bad ENGLISH.!!

Story is not going to the same path as a Reader might have thought of it should..

I think that's why som of them were Not satisfied..

About improving and all..
Nothing to say...
Because,

1) This is not a Race were we can improve and then try again.

2) No bloggers are contesting to Become a Proffessional Writer..
It's an UGLY WORLD, anyway..

3) About T.Padmanabhan...
His style & technique is like an Ancient Shirt..with holes here and there.
I wonder,why he never grew from his style of short story "Velichcham parathuna PenKutty" (1965)..till date

The same style...
The same wear & tear.

Now that shirt become Totally unusable, and still he says he is the BEST...

Simply Ridiculous.!!

NB:- Sorry for his FANs(if any still live)

മുരളി വാളൂര്‍ said...

അഗ്രജാ... കമന്റ്‌ കണ്ടില്ലല്ലോ...
അതിഷ്ടപ്പെടാന്‍ പറ്റിയ കഥാപാത്രമല്ലല്ലോ, അപ്പോ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞത്‌ ഞാനൊരു കോംപ്ലിമെന്റായി എടുക്കുന്നു. ചില സിനിമകളിലെ വില്ലനെയൊക്കെ ഇഷ്ടപ്പെടാതിരിക്കുന്നപോലെ. നന്ദി അഗ്രജാ.....
പാച്ചൂ... നല്ല വായനക്കും വിശദമായ കമന്റിനും അദ്യമേ നന്ദി പറയട്ടെ. ഒരു കഥയെ പലരീതിയില്‍ വായിക്കാന്‍ കഴിയുന്നതാണ്‌ ആ കഥയുടെ ഗുണം. സന്തോഷമായാലും, വിഷമമായാലും, വെറുപ്പായാലും, ആസ്വാദനം- അത്‌ ഒരോ വായനക്കാരനേയും സംബന്ധിച്ച്‌ വ്യത്യസ്തമായിരിക്കും. താങ്കളുടെ 3 അഭിപ്രായങ്ങള്‍ കൊടുത്തിരുന്നതിനോടു യോജിക്കാന്‍ വയ്യ, പ്രത്യേകിച്ച്‌ എന്നെ സംബന്ധിച്ച്‌. എന്നെപ്പോലെ പുതിയതായി എഴുതുന്നവര്‍ക്ക്‌ ഒരുപാട്‌ മെച്ചപ്പെടാനുണ്ടാകും. മൂന്നു മാസം മുന്‍പു ഞാന്‍ ബ്ലോഗ്‌ ഉണ്ടാക്കിയതിനുശേഷം മാത്രമെ എഴുത്തിന്റെ ലോകത്തിലേക്കു വന്നിട്ടുള്ളു, അപ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ എഴുതിത്തെളിഞ്ഞവരുടെ ഉപദേശങ്ങള്‍ വളരെ ഉപകാരപ്രദമാവുമെന്നു തന്നെ ഞാന്‍ കരുതുന്നു. പിന്നെ ബ്ലോഗിംഗ്‌ ഒരു കോണ്ടെസ്റ്റ്‌ ആയിട്ട്‌ എനിക്കു തോന്നിയിട്ടേ ഇല്ല. നമ്മള്‍ എന്തു സൃഷ്ടിച്ചാലും അതിന്റെ റെസ്പോണ്‍സ്‌ വളരെ പെട്ടെന്നു കിട്ടുന്ന ഒരു മാധ്യമം. ഒരു കഥ എഴുതാന്‍ എനിക്കു പറ്റുമെന്ന്‌ ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. പക്ഷേ ഒന്നോ രണ്ടോ എഴുതാന്‍ പറ്റി, അതു ചിലരെങ്കിലും നല്ലതെന്നു പറഞ്ഞപ്പോള്‍ വീണ്ടും എഴുതാനുള്ള പ്രചോദനം കിട്ടി, ഇപ്പോല്‍ കൂടുതല്‍ ഗൗരവമായി ഈ മാധ്യമത്തെ സമീപിക്കാനുള്ള ആത്മവിശ്വാസം കിട്ടുന്നു. എന്നെ സംബധിച്ച്‌ ബ്ലോഗിങ്‌ എനിക്കെന്തെങ്കിലും സമ്മാനിച്ചിട്ടേയുള്ളു, ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല. ഒരിക്കലും ബ്ലോഗിംഗ്‌ താങ്കള്‍ പറഞ്ഞ പോലെ "ugly world" ആയിട്ടു തോന്നിയിട്ടില്ല. പലരും പലരീതിയിലല്ലേ വായിക്കുന്നതും അനുഭവിക്കുന്നതും അതുകൊണ്ട്‌ ഇന്നത്‌ നല്ലത്‌ ഇന്നത്‌ ചീത്ത എന്നെങ്ങിനെ പറയാന്‍ പറ്റും. താങ്കളുടെ വീക്ഷണം തെറ്റാണെന്നല്ല ഞാന്‍ പറഞ്ഞത്‌, താങ്കളുടെ വീക്ഷണത്തോട്‌ എനിക്കു വിയോജിപ്പുണ്ടെന്നു മാത്രം. നന്ദി പച്ചൂ..

ഇത്തിരിവെട്ടം|Ithiri said...

മുരളീ ഈ ശൈലി എനിക്ക് ഇഷ്ടപെട്ടു. വായനക്കാരന്റെ മനസ്സില്‍ ഒരു ചിത്രത്തെപോലെ പതിയാന്‍ കഴിയുന്ന ശൈലി. എനിക്ക് ഇഷ്ടമായി. ആസ്വദിച്ച് വായിക്കുകയും ചെയുതു.

വിശാല മനസ്കന്‍ said...

നല്ല ഭാഷ. ലയിച്ചിരുന്ന് വായിച്ചു ഞാന്‍. കുട്ടികളോട് ഞാന്‍ പെരുമാറുന്നത് ശരിയായിട്ടാണോ എന്ന് ചിന്തിക്കുകയും ചെയ്തു.

ഭജനയില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ലെങ്കിലും ഇത് വായിച്ചപ്പോള്‍ വളരെ ലൈവായി അങ്ങിനെയൊരിടത്ത് ചെന്നിരുന്ന് അവിടെ നടന്നതെല്ലാം കണ്ട പോലെ ഒരു ഫീലിങ്ങ്. അവിടെയാണല്ലോ കഥാകാരന്റെ വിജയം.

വാളൂരാനേ, വെരിഗുഡ് വര്‍ക്ക്. :)

വിശാല മനസ്കന്‍ said...

അമ്പതും ഞാന്‍ തന്നെയങ്ങ് അടിച്ചേക്കാം.

ഒരിക്കല്‍ ഒരു ഷോപ്പിങ്ങ് മാളില്‍ വച്ച് ഒരു കൊച്ച് കുഞ്ഞിനെ ഒരു തടിയന്‍ അറബി അപ്പന്‍, എന്തോ കേസിന് കവിളില്‍ ഒറ്റ പെട!

ആ പാവം കുഞ്ഞ് ഭയങ്കര ഒച്ചയില്‍ കരയുന്നു.

എനിക്കിത് കണ്ടിട്ട് എന്റെ സകല കണ്ട്രോളും പോയി:

‘നീയൊക്കെ എന്തര് അപ്പനണ്ടാ..?’

എന്ന് ചോദിക്കാന്‍ തീരുമാനിച്ച് ചെന്നു.

പക്ഷേ...അപ്പോഴേക്കും ആ കൊച്ച് കരച്ചില്‍ നിര്‍ത്തി അയാളുടെ ചെവിയില്‍ അട്ട കടിക്കും പോലെ കടിച്ചുപിടിച്ചിരുന്നു!

പാച്ചു said...

അയ്യോ..ഞാന്‍ proffessional Wring is an UGLy WORLD-ന്നാണു പറഞ്ഞത്‌.

ബ്ലോഗ്ഗിംഗ്‌ അല്ലാട്ടോ.

ഇവിടെ കാണുന്ന കൂട്ടായ്മയും ആത്മാര്‍ത്ഥതയുമൊന്നും അവിടെയുണ്ടാകില്ല എന്നണു ഞാന്‍ ഉദ്ദേശിച്ചത്‌.

ബ്ലോഗ്ഗിംഗ്‌ ഒരു Contest അല്ല എന്നു തന്നെ അല്ലേ ഞാനും പറഞ്ഞത്‌.

മുരളി വാളൂര്‍ said...

എല്ലാ പോസ്റ്റിലും തേങ്ങയുമായി വരാറുള്ള ഇത്തിരി എവിടെപ്പോയി എന്നു കരുതിയതായിരുന്നു. വളരെ നന്ദി.
വീയെമ്മേ, രണ്ടു മുഴുത്ത നന്ദി. ബ്ലോഗിലെ കുലപതികളിലൊരാളായ താങ്കളുടെ നല്ലവാക്കുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം.
പാച്ചൂ, തെറ്റിദ്ധരിച്ചതില്‍ ക്ഷമിക്കുക, നന്ദി.

Siji said...

Nannayittundu..aadysmaayaanu e blog il varunnathu.Njanum oru Thrissur kkariyaanu.

Reshma said...

കഥയും പറഞ്ഞിരിക്കുന്ന രീതിയും ഇഷ്ടമായി.

qw_er_ty

വര്‍ണ്ണമേഘങ്ങള്‍ said...
This comment has been removed by a blog administrator.
മുരളി വാളൂര്‍ said...

സിജീ, രേഷ്മ, വര്‍ണമേഘങ്ങള്‍....
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
:-) :-) ?

വര്‍ണ്ണമേഘങ്ങള്‍ said...

അവസാനിപ്പിച്ച ശൈലി ഇഷ്ടപ്പെട്ടു. നല്ല എഴുത്ത്‌.

പാര്‍വതിയുടെ ബ്ലോഗിലിടേണ്ട കമന്റ്‌ ഇവിടെ വീണ്‌ പോയി. പെറുക്കിയെടുക്കന്‍ താമസിച്ചു ക്ഷമിക്കണം.

ഇത്തിരിവെട്ടം|Ithiri said...

മുരളി ജിടാക്കില്‍ ഒരു ഇന്‍‌വിറ്റേഷന്‍ അയച്ചിരുന്നു.

qw_er_ty

Sona said...

അസൂയക്കും കഷണ്ടിക്കും മരുന്നില്ല അല്ലെ...പാവം കുട്ടി..(ഗള്‍ഫ് ഗേറ്റേ..പൊറുക്കണേ..)

മുരളി വാളൂര്‍ said...

സോന, നന്ദി വായനയ്ക്കും കമന്റിനും...
അസൂയതന്നെയായിരുന്നോ എന്നെനിക്കിപ്പൊഴും സംശയമാണ്‌....

അഗ്രജന്‍ said...

മുരളി, താങ്കളെവിടെ?

കുറേ നാളായിട്ട് കാണുന്നില്ലല്ലോ!

ആര്‍ട്ടിസ്റ്റ്‌ said...

sorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ്‌ വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില്‍ തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ്‌ പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട്‌ അവരുടെ ഇടുങ്ങിയമനസിന്‌ ആശ്വാസം നല്‍കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ്‌ ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ്‌ അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ്‌ കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ്‌ വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ്‌ കുതന്ത്രങ്ങള്‍ക്ക്‌ കഴിയട്ടെ !!!!!യൂണിക്കൊട്‌ മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ്‌ കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന്‌ "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്‌. ഇപ്പൊള്‍ കഫെകളില്‍ അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക്‌ ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.

http://chithrakaran.blogspot.com

മൈഥിലി said...

മുരളിചേട്ടന്‍ ഇപ്പോള്‍ ഒന്നും എഴുതാറില്ലേ?ഞാന്‍ വീണ്ടും വന്നു.

ശ്രീ said...

വ്യത്യസ്തമായ കഥ... നന്നായി മാഷെ....
നമ്മുടെ സമൂഹത്തില്‍‌ തന്നെയുള്ള ചില അപൂര്‍‌വ്വ വ്യക്തിത്വങ്ങളുടെ ആവിഷ്ക്കാരം....
:)

Sapna Anu B. George said...

മുരളീ, യാദൃശ്ചികമെങ്കിലും, ഇപ്പഴെങ്കിലും കാണാന്‍ പറ്റിയതില്‍ സന്തോഷം.ക‍ഥയും അതിന്റെ ഒഴുക്കും നന്നായിരിക്കുന്നു.

തറവാടി said...

അല്ല മുരളിയേ ,

ങ്ങളിപ്പൊളെവിടാ , കാണാറേയില്ലല്ലഓ :)

qw_er_ty

vayal said...

ഭാഷാപരമായ വലിയ മികവു അവകാശപ്പെടാനില്ലെങ്കിലും ഈ കഥയില്‍ അനീതികല്‍ക്കെതിരെയും മര്യാദ കേടിനെതിരെയും കുട്ടികളിലെ അധികമാരും ശ്രദ്ധിക്കാത്ത മുതിര്‍ന്നവര്‍ വിതച്ച അനുതാപമില്ലയ്മയെയും പരിഹസിക്കുന്ന ഒരു നിലപാടുണ്ട് .അമിതമായ കളിക്കോപ്പുകലാലും വാത്സല്യതാലും നശിപ്പിക്കപ്പെട്ട ഒരു തലമുറയുടെ സൌമ്യമായ ഒരു നഖചിത്രം ഈ കഥയിലുണ്ട്...ഭക്തിയും കാമവും ഒന്നായി മാറുന്ന അനുഭവത്തിന്റെ സൂചനകളും ....