Sunday, November 05, 2006

ബ്ലോഗുകളും വിമര്‍ശനവും

പെരിങ്ങോടന്റെ "വിമര്‍ശനം- സാധ്യതകളും, അപചയങ്ങളും" എന്ന ലേഖനത്തിനനുബന്ധമായാണ്‌ ഈ പോസ്റ്റെഴുതുന്നത്‌. കൂടുതല്‍ ദൈര്‍ഘ്യമുള്ള കമന്റ്‌ പിന്മൊഴിയില്‍ നിന്നൊഴിവാക്കാനാണ്‌ ഒരു പോസ്റ്റാക്കിയിട്ടത്‌. വീയെമ്മിന്റെ നിലാപാടാണ്‌ കൂടുതല്‍ അഭികാമ്യമായത്‌ എന്നു തോന്നുന്നു. സമാനമനസ്കരായിട്ടുള്ളവരുടെ ബ്ലോഗുകളായിരിക്കും ഓരോരുത്തര്‍ക്കും കൂടുതല്‍ പഥ്യം. പിന്നെ വിമര്‍ശനത്തിന്റെ കാര്യം, കൂടുതല്‍ പേരും തങ്ങളുടെ "അഭിപ്രായം" മാത്രമാണ്‌ കമന്റുരൂപത്തിലിടുന്നതെന്നാണ്‌ തോന്നിയിട്ടുള്ളത്‌. ഓരോരുത്തരുടേയും ചിന്താരീതികളും അഭിരുചികളൂം മാറുന്നതിനനുസരിച്ച്‌ കമന്റിന്റെ രൂപഭാവങ്ങളിലും വ്യതിയാനം കണ്ടേക്കാം. കൂടുതല്‍ ഇഷ്ടം തോന്നുന്ന, അല്ലെങ്കില്‍ തന്റെ ചിന്തകളോട്‌/അനുഭവങ്ങളോട്‌/അഭിരുചികളോട്‌ കൂടുതല്‍ അടുത്തു നില്‍ക്കുന്ന പോസ്റ്റുകളിലായിരിക്കും അധികംപേരും കമന്റിടുക എന്നു തോന്നുന്നു. ഉദാ. ഞാന്‍ അക്ഷരശ്ലോകത്തിന്റെ ബ്ലോഗില്‍ അല്ലെങ്കില്‍ സമസ്യാ പൂരണത്തിന്റെ ബ്ലോഗില്‍ പോകാറില്ല, അഥവാ അവിടെപ്പോയി എന്തെങ്കിലും വായിച്ചാലും നല്ലതെന്നോ ചീത്തയെന്നോ കമന്റിടാറില്ല, കാരണം അക്ഷരശ്ലോകത്തെക്കുറിച്ച്‌ എനിക്കൊരു ചുക്കും അറിയില്ല, അത്രമാത്രം. പക്ഷേ വളരെ ആകാംക്ഷയോടെ അവിടുത്തെ ഒരു പോസ്റ്റിനായി കാത്തിരിക്കുന്നവരുണ്ടാകാം. പക്ഷേ ഞാന്‍ വീയെമ്മിന്റെയോ, മുരളിമേനോന്റെയോ, മറിയത്തിന്റെയോ, മാഗ്നിയുടെയോ, ഇടിവാളിന്റെയോ ഒരുപോസ്റ്റും വായിക്കാതെ വിടാറില്ല, അതു എനിക്കു കൂടുതല്‍ സന്തോഷം/സന്താപം അല്ലെങ്കില്‍ എന്തെങ്കിലും അനുഭവം തരുന്നു. പിന്നെ വിമര്‍ശനത്തെക്കുറിച്ചു പറയുമ്പോള്‍, പാര്‍വതിയുടെ ഒരു ചെറുകഥ, പലരും വായിച്ചിട്ടു പറഞ്ഞു - "നല്ല സബ്ജക്റ്റാണ്‌ പക്ഷേ എന്തോ ഒരു കുറവുണ്ട്‌ എന്ന്‌", എങ്കിലും ആര്‍ക്കും (എനിക്കും) അതെന്താണെന്ന്‌ വിശദീകരിക്കാനായില്ല. അപ്പോഴാണ്‌ പരാജിതന്‍ ഇന്നതായിരിക്കും പ്രശ്നമെന്നു പറഞ്ഞ്‌ ഒരു കമന്റിട്ടത്‌, അതു കണ്ടപ്പോള്‍ പലര്‍ക്കും തോന്നി, തങ്ങള്‍ പറയാനുദ്ദേശിച്ചതിതുതന്നെയാണെന്ന്‌. ഇങ്ങനെയുള്ളതാണ്‌ ക്രിയാത്മക വിമര്‍ശനമെന്നെനിക്കു തോന്നുന്നു. കടുത്ത വിമര്‍ശനം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുകാര്യം, പലരും എഴുതിത്തുടങ്ങുന്നവരായിട്ടുണ്ട്‌. അവര്‍ക്ക്‌ പ്രോത്സാഹനം കൊടുക്കേണ്ടതും അവരെ നേര്‍വഴിക്കു നടത്തേണ്ടതും ഒരു കടമയായിട്ടെടുത്തില്ലെങ്കിലും അവരെ മുളയിലേ നുള്ളിക്കളയരുത്‌. ചിലപ്പോള്‍ ബാലാരിഷ്ടതകള്‍ കാരണമാകാം രചനകളുടെ ഗുണം കുറയുന്നത്‌. പിന്നെ വെറുതേ കമന്റിടുന്നവര്‍ അങ്ങിനെയുള്ളവര്‍ക്ക്‌ രചന നന്നായില്ലെങ്കിലും കൊടുക്കുന്ന "നന്നായി, ഇഷ്ടമായി, ഉഗ്രന്‍" എന്നീ കമന്റുകള്‍ അവരുടെ ഉയര്‍ച്ചക്ക്‌ വിഘ്നം വരുത്തുകയേ ഉള്ളു എന്നു കരുതുന്നു. വാരഫലം സ്റ്റൈലിലുള്ള ബ്ലോഗുകള്‍/വിമര്‍ശനങ്ങള്‍ പലേ ബ്ലോഗുകളേയും ബൂലോഗര്‍ക്കു പരിചയപ്പെടാന്‍ ഇടനല്‍കും. ബ്ലോഗുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍, പലേ നല്ല ബ്ലോഗുകളും പലര്‍ക്കും മിസ്സാവുന്നുണ്ട്‌. ഓരോ വ്യത്യസ്ത വിഭാഗങ്ങളിലും ഓരോ പാനലുണ്ടാക്കി അവര്‍ ബ്ലോഗുകളെ നിരൂപണം ചെയ്യുന്ന ഒരു സംവിധാനം ആലോചിക്കാവുന്നതാണോ? എല്ലായ്പോഴും എതിര്‍പ്പുകളുണ്ടാവും ഏതുകാര്യത്തിനായാലും എന്നതിനു തര്‍ക്കമില്ല. എങ്കിലും ഇങ്ങനെയൊരു സംവിധാനം ബൂലോഗത്തിന്‌ പൊതുവേ ഗുണകരമായേക്കാം. പിന്നെ ഈ ഗ്രൂപ്പ്‌ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുക ഗ്രൂപ്പ്‌വഴക്ക്‌ തന്നെയാണ്‌. എങ്കിലും അതിനെ ഒന്നു മലയാളീകരിച്ച്‌ "കൂട്ടായ്മ" എന്നാക്കുമ്പോള്‍ ഒരു സൗഹൃദത്തിന്റെ ഗന്ധം കിട്ടുന്നു. ഈ സുഗന്ധത്തിനുവേണ്ടിത്തന്നെയാണല്ലോ പലരും ബൂലോഗത്തെത്തുന്നത്‌.

3 comments:

മുരളി വാളൂര്‍ said...

പെരിങ്ങോടന്റെ "വിമര്‍ശനം- സാധ്യതകളും, അപചയങ്ങളും" എന്ന ലേഖനത്തിനനുബന്ധമായാണ്‌ ഈ പോസ്റ്റെഴുതുന്നത്‌. കൂടുതല്‍ ദൈര്‍ഘ്യമുള്ള കമന്റ്‌ പിന്മൊഴിയില്‍ നിന്നൊഴിവാക്കാനാണ്‌ ഒരു പോസ്റ്റാക്കിയിട്ടത്‌.

മുരളി വാളൂര്‍ said...

പെരിങ്ങോടന്റെ "വിമര്‍ശനം- സാധ്യതകളും, അപചയങ്ങളും" എന്ന ലേഖനത്തിനനുബന്ധമായാണ്‌ ഈ പോസ്റ്റെഴുതുന്നത്‌.
കമന്റ്‌ പിന്മൊഴിയിലെത്തുന്നില്ലല്ലോ....

അനംഗാരി said...

ദിവസവും നൂറ് കണക്കിന് കൃതികളാണ് തനിമലയാളത്തില്‍ വരുന്നത്. അതു വായിക്കാനുള്ള സമയം തികയുന്നില്ല എന്നതിനാല്‍ കമന്റാനും കഴിയില്ല. ഇവിടെ ആരുടെയും കൃതികള്‍ നഷ്ടപ്പെടാതെ വായിക്കാന്‍ കഴിയുന്നതിന് ചെയ്യാവുന്ന ഒന്ന്, കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്, കവിതകള്‍ക്കായി ഒരു ബ്ലോഗ്, ഓര്‍മ്മകുറുപ്പുകള്‍ക്കായി ഒരു ബ്ലോഗ്, ചിത്രങ്ങള്‍ക്കായി ഒരു ബ്ലോഗ് , എന്നിങ്ങനെ ഒരു ഏകീകരണമുണ്ടായാല്‍ വായിക്കാനും,ബ്ലോഗില്‍ പോകാനും എളുപ്പം കഴിയും.അവിടെ ലിങ്ക് കൊടുത്ത് അവരവരുടെ ബ്ലോഗിലേക്ക് കൊണ്ട് പോവുകയും ആവാം.തനിമലയാളത്തില്‍ ആദ്യത്തെ അന്‍പത് കൃതികള്‍ക്കുള്ളില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ വായിക്കാന്‍ കഴിയില്ല എന്ന അവസ്ഥക്ക് മാറ്റമുണ്ടാകും.തനിമലയാളത്തില്‍ തന്നെ ഇപ്പോള്‍ പ്രത്യേകം വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ പോലും, അത് എത്രമാത്രം ഫലപ്രദമാണെന്ന് എനിക്കറിഞ്ഞുകൂട.
ഒരു പൊതുവായ സ്ഥലത്ത് വിമര്‍ശനങ്ങള്‍ പലവിധത്തില്‍ ഉണ്ടാകും. അതൊരു കായിക താരത്തിന്റെ ഊര്‍ജ്ജത്തോടെ ഉള്‍കൊള്ളാന്‍ കഴിയണം.എങ്കിലേ കുറവുകള്‍ നികത്തി മുന്നോട്ട് പോകാന്‍ കഴിയൂ.