Wednesday, October 04, 2006

തിടമ്പേറ്റുന്നത്‌ പാമ്പാടി ബൈജു

അങ്ങിനെ കൊടിയേറ്റം കഴിഞ്ഞു. പതാക ഉയര്‍ത്തി ജനഗണമനയും പാടി ഭക്തജനങ്ങള്‍ പിരിഞ്ഞുപോയി. നാരങ്ങാമിട്ടായി വിതരണം ഉണ്ടോ എന്നു നോക്കി ചില ചിന്നപ്പയ്യന്മാര്‍ കുറച്ചു നേരം കൂടി പമ്മിപ്പമ്മി കറങ്ങി നടന്നു. പിന്നെ അവരും സ്ഥലം വിട്ടു. മീനമാസത്തിലെ പൂയം നക്ഷത്രത്തിലാണ്‌ കൊടിയേറ്റം. പൂയത്തിന്‌ മീനത്തില്‍ വരാന്‍ അസൗകര്യമൊന്നുമില്ലാതിരുന്ന കാരണം എല്ലാ വര്‍ഷവും ഉത്സവം നടന്നിരുന്നു. അഥവാ പൂയത്തിന്റെ അസാന്നിദ്ധ്യമുണ്ടായാല്‍ കമ്മിറ്റി ഓഫീസില്‍ ഒരു ഫാക്സ്‌ മെഷീനും വാങ്ങി പരപ്പനങ്ങാടിയെക്കൊണ്ട്‌ പ്രശ്നം വെയ്പ്പിക്കാന്‍ വരെ തയ്യാറായിരുന്നു ഉത്സവക്കമ്മിറ്റി.

ചെന്നോത്ത്‌ രവീന്ദ്രമേനോന്‍ എന്ന 6'5" ഉയരവും 130 കിലോ തൂക്കവുമുള്ള ചെറിയ മനുഷ്യന്റെയായിരുന്നു അമ്പലവും സ്കൂളും പിന്നെ ആ റൂട്ടിലോടുന്ന നാലു ബസ്സുകളും. ഇതൊന്നും പോരാതെ തറവാട്ടില്‍ നില്‍ക്കുന്ന മഹേശ്വരന്‍ എന്ന കൊമ്പനും. നാട്ടില്‍ ഗുണ്ടായിസം കാണിക്കാന്‍ ഇതൊക്കെത്തന്നെ ധാരാളമായിരുന്നെങ്കിലും മേനോന്‍ ഹരിശ്ചന്ദ്രന്റെ തായ്‌വഴിയിലുള്ളതായിരുന്നു. അതുകൊണ്ടു തന്നെ വേണമെങ്കില്‍ ഒരു പഞ്ചായത്ത്‌ ഇലക്ഷന്‍ ജയിക്കാനുള്ള ജനസമ്മതിയുമുണ്ടായിരുന്നു. മഹേശ്വരനായിരുന്നു എല്ലാ വര്‍ഷവും എഴുന്നള്ളത്തിന്‌ തിടമ്പേറ്റുന്നത്‌. അമ്പലം മേനോന്റെയാണെങ്കിലും നാട്ടുകാര്‍ സ്വന്തം ജാനകിക്കുട്ടി പോലെയാണ്‌ ഉത്സവം നടത്തിയിരുന്നത്‌.

എല്ലാ വര്‍ഷത്തേയും ഏറ്റവും ഗംഭീര പരിപാടി, ഉത്സവം കഴിഞ്ഞിട്ട്‌ ആദ്യം ചേരുന്ന കമ്മിറ്റി മീറ്റിങ്ങാണ്‌. ഈ അമ്പലത്തില്‍ രണ്ടു ദിവസമാണ്‌ വെടിക്കെട്ട്‌, ഒന്ന്‌ വലിയവിളക്കിനും പിന്നെ ഈ മീറ്റിങ്ങിനും! നാട്ടിലെ എല്ലാ പുത്തന്‍ പണക്കാരും പൊങ്ങച്ചക്കാരും കമ്മിറ്റിയിലുണ്ടാകും. നോട്ടീസില്‍ ആരുടെ പേര്‍ വലുതായി വരുന്നുവോ അവന്‍ ഉഗ്രന്‍. പലേ പരിപാടികള്‍ക്കും സ്പോണ്‍സര്‍മാരെ കിട്ടാന്‍ കമ്മിറ്റിക്ക്‌ വല്യ വിയര്‍പ്പൊഴുക്കേണ്ടി വരാറില്ല, ഈ സ്വയംപൊങ്ങികളുള്ള കാരണം.

മേശ്ശേരിയിലെ ബൈജുവാണ്‌ നാട്ടിലെ പുതുപ്പണക്കാരിലെ പുതിയ താരോദയം. ഉദയന്‍ എന്നായിരുന്നു വിളിപ്പേര്‌. ഉദയനാണ്‌ താരം എന്ന ചിത്രം കക്ഷി 21 വട്ടം കണ്ടതായി കൊരട്ടി മാത തിയ്യേറ്ററില്‍ രേഖകളുണ്ട്‌. നാട്ടിലെ അല്‍പന്മാരുടെ കണ്‍കണ്ട ദൈവം. ഉത്സവത്തിനു മുന്നേയുള്ള മീറ്റിങ്ങില്‍ പുള്ളി കത്തിക്കയറി-

"അതേ, എല്ലാ കൊല്ലവും ഈ മഹേശ്വരനെ തന്നെ എഴുന്നള്ളിച്ചാല്‍ ആരു വരാനാ ഉത്സവത്തിന്‌? നമുക്ക്‌ കിടിലന്‍ ആനകളെ കൊണ്ടുവരണം."

ഉദയവര്‍മ്മത്തമ്പുരാന്റെ ഉള്ളിലിരുപ്പ്‌ മറ്റുള്ള അല്‍പന്മാര്‍ വളരെപ്പെട്ടെന്ന്‌ മണത്തു. എന്നാലും വേറെ ആന വന്ന്‌ ഉത്സവം കൊഴുക്കുന്നെങ്കില്‍ കൊഴുക്കട്ടയാവട്ടെ എന്നായി മറ്റുള്ളവര്‍.

"വല്യ ആന വന്നാല്‍ നല്ലതാണ്‌, പക്ഷേ ആര്‌ സ്പോണ്‍സര്‍ ചെയ്യും എന്നുകൂടി പറയൂ ഉദയാ"

"തിടമ്പേറ്റുന്ന ആനയെ ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം. പക്ഷേ നോട്ടീസില്‍ അത്‌ പ്രിന്റ്‌ ചെയ്യുകേം എല്ലാ ദിവസവും മൈക്കിലൂടെ അനൗണ്‍സ്‌ ചെയ്യുകേം വേണം."

യാതൊരു ഉളുപ്പുമില്ലാതെ ഉദയന്‍ തന്റെ ഡിമാന്റ്‌ വച്ചു. തനിക്കും മഹേശ്വരനുമിട്ട്‌ പാരഗ്രാഫ്‌ പണിയാനാണ്‌ കക്ഷിയുടെ ശ്രമമെന്ന്‌ മേനോന്‌ പെട്ടെന്ന്‌ ഓടി. മേനോന്‍ ഉവാച:

"എല്ലാ വര്‍ഷവും മഹേശ്വരനല്ലേ തിടമ്പേറ്റുന്നത്‌, ഇത്തവണ മാത്രായിട്ട്‌ അവനെ മാറ്റിയാല്‍ അവന്‍ ഇടഞ്ഞാലോ?"

വ്രണിതനായ ഉദയന്‍ ചീറ്റി - " മേന്‍നേ, നിങ്ങടെ അമ്പലാന്നുള്ള തണ്ടാണ്‌ നിങ്ങള്‍ക്ക്‌. ഞങ്ങളാരും കൂടിയില്ലെങ്കീ ഇവിടെ ഉത്സവം നടക്കില്ല്യാന്ന്‌ മറക്കണ്ട. മാത്രല്ല എല്ലാത്തവണയും ഞാന്‍ സ്പോണ്‍സര്‍ ചെയ്യാറുള്ള തായമ്പകയും ഉണ്ടാവില്ല്യ."

തുറുപ്പുഗുലാന്‍ എന്ന മൂന്നാംകിട ശീട്ട്‌ എടുത്തു വീശി ഉദയന്‍. തറയോല്‍ത്തറയാവാന്‍ മേനോന്‍ തയ്യാറാവാഞ്ഞതിനാല്‍ സംഭവം അവിടെ ഒതുങ്ങി. സാധാരണ അരങ്ങേറാറുള്ള തനത്‌ ദ്രാവിഡകലാരൂപങ്ങളായ തെറിവിളി, കഴുത്തില്‍പ്പിടി, നെഞ്ചില്‍ച്ചവിട്ട്‌ തുടങ്ങിയവയൊന്നും ഉണ്ടായില്ല.

സ്പോണ്‍സറുടെ പേര്‌ ആനയുടെ വലുപ്പത്തിലും ആനയുടെ പേര്‌ സ്പോണ്‍സറുടെ വലുപ്പത്തിലും നോട്ടീസില്‍ അടിച്ചുവന്നു. "തിടമ്പേറ്റുന്ന ആനയെ സ്പോണ്‍സര്‍ ചെയ്യുന്നത്‌ മേശ്ശേരി ബൈജു, ആന പാമ്പാടി രാജന്‍" കൂടാതെ കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പകയും താരത്തിന്റെ വക.

നോട്ടീസില്‍ പേരുവന്നതു പോരാഞ്ഞ്‌ താരം നാടു മുഴുവന്‍ മൈക്കുവച്ചു വിളമ്പി, ഇത്തവണത്തെ ഉത്സവം താനില്ലെങ്കില്‍ ചീറ്റിപ്പോകുമെന്നും, മേനോന്‍ വെറും അശുവാണെന്നും, മഹേശ്വരന്‍ കുഴിയാനയാണെന്നും!! ആനപ്രേമിയായ മേനോന്‌ തന്റെ അമ്പലത്തില്‍ പാമ്പാടി വരുന്നത്‌ വല്യ സന്തോഷമായെങ്കിലും താരത്തിന്റെ വിഴുപ്പലക്കല്‍ തീരെ സുഖിച്ചില്ല. ആന ഉടമകളുടെ സംഘത്തിലും ഏജന്റുമാരുടെയിടയിലും അത്യാവശ്യം നല്ല പേരുണ്ടായിരുന്നതിനാല്‍ ഒരു കളി കളിച്ചുനോക്കാന്‍ മേനോനും ഉറപ്പിച്ചു. പക്ഷേ, ഈ പാമ്പാടിക്കുമേല്‍ പറക്കാന്‍ ഏതു പരുന്തിനെ കൊണ്ടുവരും എന്നാലോചിച്ചിട്ട്‌ ഒരു പിടിയും കിട്ടിയില്ല.

വല്യവിളക്കുവരെ ഒരാനയേ ഉള്ളൂ, അത്‌ എല്ലാ വര്‍ഷവും മഹേശ്വരനാണ്‌. വല്യവിളക്കിന്‌ മാത്രാണ്‌ ഏഴാനയുടെ ഉത്സവം. രാവിലത്തെ ശീവേലി മതില്‍ക്കകത്തായതിനാല്‍ വൈകീട്ടത്തെ കാഴ്ചശീവേലിക്കും രാത്രിയിലെ എഴുന്നള്ളത്തിനും മാത്രമാണ്‌ ഏഴാന.

വല്യവിളക്കുവരെ താരത്തിനാധിയായിരുന്നു, മേനോന്‍ തനിക്കിട്ടു വയ്ക്കുമോന്നൊരു പേടി. ഓരോ പത്തു മിനിറ്റിലും ഉദയനാണ്‌ താരത്തിന്റെ പേര്‌ മൈക്കിലൂടെ അനൗന്‍സ്‌ ചെയ്തുകൊണ്ടിരുന്നു - തിടമ്പേറ്റുന്ന ആനയെ സ്പോണ്‍സര്‍ ചെയ്തത്‌ "പാമ്പാടി ബൈജു" പറഞ്ഞ്‌ പറഞ്ഞ്‌ ഒരിക്കല്‍ ദിലീപന്‍ അനൗണ്‍സ്‌ ചെയ്തത്‌ അങ്ങിനെയായിപ്പോയതാണ്‌!! ഉദയന്‍ കസവുമുണ്ട്‌ തോളിലിട്ട്‌ തലങ്ങും വിലങ്ങും നടന്നു.

ഉച്ചയായപ്പോഴേക്കും പെട്ടെന്ന്‌ വാര്‍ത്ത പരന്നു, വൈകീട്ട്‌ ഗുരുവായൂര്‍ പത്മനാഭന്‍ വരുന്നു. മേനോന്‍ മഹേശ്വരനെ പിന്‍വലിച്ച്‌ പകരം കളത്തിലിറക്കിയത്‌ സാക്ഷാല്‍ പത്മനാഭനെ. വൈകീട്ട്‌ അല്‍പം വൈകിപ്പോയ പത്മനാഭന്‍ എത്തിയത്‌ കൃത്യം തായമ്പകയുടെ സമയത്ത്‌. കല്ലൂരിന്റെ തായമ്പകയായിട്ടും ഒരൊറ്റയാള്‍ കാണാനില്ലാതെ സകലരും പത്മനാഭന്റെ സ്വീകരണത്തിനു പോയി. സ്പോണ്‍സര്‍ പാമ്പാടി ബൈജുവിന്റെ കാശുപോയ ഐറ്റം നമ്പ്ര 1. ദിലീപന്‍ പിന്നെയും അനൗണ്‍സ്‌ ചെയ്തുകൊണ്ടിരുന്നു "തിടമ്പേറ്റുന്ന ആനയെ സ്പോണ്‍സര്‍ ചെയ്തത്‌ മേശ്ശേരി ഉദയന്‍"

മേനോന്‍ ടപ്പേന്ന്‌ കമ്മിറ്റിയംഗങ്ങളെയെല്ലാം വലയിട്ട്‌ പിടിച്ച്‌ മീറ്റിംഗ്‌ കൂടി കൂവി: "നിങ്ങള്‍ പാമ്പാടിക്കു തിടമ്പേറ്റുമോ അതോ പത്മനാഭനു തിടമ്പേറ്റുമോ എന്നറിഞ്ഞിട്ടു മതി ബാക്കി ഉത്സവം."

ഉണ്ണാമന്മാരായ കമ്മിറ്റിക്കാര്‍ എല്ലാം പെട്ടു പോയി. എന്തു ചെയ്യും. പത്മനാഭന്‍ തിടമ്പേറ്റാനല്ലാതെ എങ്ങും പോകുന്ന പ്രശ്നമില്ല. ഏക്കത്തിനെടുത്തിട്ട്‌ തിരിച്ചു വിട്ട ചരിത്രവുമില്ല. ഗുരുവായൂരപ്പന്റെ സാന്നിധ്യമുണ്ടാവുമെന്നാണ്‌ പറയുക പത്മനാഭനെ എഴുന്നള്ളിക്കുമ്പോള്‍. താരത്തിനൊഴിച്ച്‌ ബാക്കിയെല്ലാര്‍ക്കും മേനോന്റെയൊപ്പം നില്‍ക്കാതെ തരമില്ലാതായി. ഉദയന്‍ കുറെ ചീറ്റി നോക്കിയെങ്കിലും പുറത്ത്‌ പത്മനാഭനേ ജനം അഘോഷിക്കുന്ന കണ്ടപ്പോള്‍ പതിയെ അടങ്ങി. ഉടന്‍ വന്നു അടുത്ത അനൗണ്‍സ്‌മെന്റ്‌ - "തിടമ്പേറ്റുന്ന, ഗജരത്നം ഗുരുവായൂര്‍ പത്മനാഭനെ സ്പോണ്‍സര്‍ ചെയ്തത്‌..."
അപ്പൊപ്പൊട്ടിയ ഒരു കതിനയില്‍ അവസാനത്തെ പേരു കേള്‍ക്കാഞ്ഞത്‌ എത്ര നന്നായി എന്നോര്‍ത്തു, അസ്തമയ താരം.

18 comments:

മുരളി വാളൂര്‍ said...

കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഉത്സവത്തിന്‌ സജീവമായിട്ടുണ്ടായിരുന്നു. അപ്പോള്‍ കിട്ടിയ ചില ചെറിയ നുറുങ്ങുകള്‍....

ഞാന്‍ ഇരിങ്ങല്‍ said...

സത്യം പറയട്ടെ മുരളി... കലക്കി. ഒത്തിരി ഒത്തിരി ഇഷ്ടമായി. പിന്നെ ഒരു സ്വകാര്യം ചോദിക്കട്ടെ? ഞാനെഴുതിക്കൊണ്ടിരിക്കുന്ന തിരക്കഥയിലെ കഥാപത്രങ്ങള്‍ താങ്കള്‍ക്കെങ്ങിനെ മനസ്സിലായി?? (ഒരു തിരക്കഥ തയ്യാറായി വരുന്നു: ഒപ്പം ചര്‍ച്ചകള്‍ നടന്നു വരുന്നു)
ശരിക്കും താങ്കളുടെ നര്‍മ്മം നാട്ടിലെത്തിയ പ്രതീ‍തി തന്നു. നന്ദി. രാവിലെ തന്നെ താങ്കളെ വായിക്കാ‍ന്‍ കഴിഞ്ഞതിന്.
സ്നേഹത്തോടെ
രാജു.

പുള്ളി said...

രസികന്‍ കമ്മിറ്റിയും ഉഗ്രന്‍ പാരകളും. ഉത്സവകമ്മിറ്റികള്‍ ഒട്ടു മിയ്ക്ക സ്ഥലങ്ങളിലും അര്‍ധരാത്രിയ്ക്ക്‌ മുതുക്കുട സ്പോണ്സര്‍ ചെയ്യുന്നവരുടേയും ആനയ്ക്ക് അണ്ടര്‍വെയര്‍ സ്പോണ്സര്‍ ചെയ്യുന്നവരുടേയും കുറേ സ്ഥാനമോഹികളുടേയും പിന്നെ കുറച്ചു ശുദ്ധന്‍മാരുടേയും ഒരു പ്രത്യേക അനുപാതമായിരിക്കും അല്ലേ...
ഇനി വാളൂര്‍ക്ക് പോണംന്ന് ഇല്ല്യേ? ഊരുവിലക്കുകിട്ടും ഇമ്മാതിരികഥകളെഴുതിയാല്‍.

അഗ്രജന്‍ said...

അടിപൊളിയായി വിവരിച്ചിരിക്കുന്നു മുരളി...
ശരിക്കും ഒരു ഉത്സവകാലം അണിയിച്ചൊരുക്കി... നന്ദി.

നാടകുത്തുകാരെ ചുറ്റുവട്ടത്തൊന്നും കണ്ടില്ല... രണ്ട് കുത്ത് നോക്കാമായിരുന്നു :)

ഇടിവാള്‍ said...

മുരളി മാഷേ ! അലക്കി ട്ടാ...
ഇതുപോലെ കൊറേ ജാഢ ഗെഡീസ് നമ്മ സ്ഥല്‍ത്തും ണ്ട് ! ലവന്മാരെക്കുറിച്ച് എഴുതാനുമുണ്ട് ഒത്തിരി !!

എന്നിരിക്കിലും,.. എഴുതിയാല്‍, എല്ലാ വര്‍ഷവും നാട്ടില്‍ പോകുമ്പോള്‍, പുറത്തു പാള വെച്ചു കെട്ടി പോല്കേണ്ടി വരും എന്ന നഗ്ന സത്യത്തിനു മുന്‍പില്‍ ഞാന്‍ മുട്ടു മടക്കുന്നു !

ഓ;ടോ: ആളൊരു പരപ്പനങ്ങാടി ഫാനാണല്ലോ ;) !

കുട്ടന്മേനൊന്‍::KM said...

മുരളി കലക്കി. പണ്ട് ഞങ്ങളുടെ വൈലിക്ക് കണ്ടപ്പന്‍ പദ്മനാഭനെ കൊണ്ടുവന്ന കഥ ഞാന്‍ മുന്‍പ് പോസ്റ്റിയിരുന്നു.(http://kuttamenon.blogspot.com/2006/08/blog-post_05.html).

saptavarnangal said...

മുരളി,
കൊള്ളാം ഉത്സവ വിശേഷം!

ഇടിവാളേ,
ഹാ എഴുതന്നേ, മീശയൊക്കെ ഷേവ് ചെയ്ത ഫോട്ടൊയിലെ പോലെ നാട്ടില്‍ അവതരിച്ചാല്‍ മതി, തിരിച്ചറിയൂലാ! :)

അലിഫ് /alif said...

ഒരു ഉത്സവത്തിനു പോയപോലത്തെ സുഖമുള്ള വായന, നല്ല അവതരണം മുരളീ.”ഈ അമ്പലത്തില്‍ രണ്ടു ദിവസമാണ്‌ വെടിക്കെട്ട്‌, ഒന്ന്‌ വലിയവിളക്കിനും പിന്നെ ഈ മീറ്റിങ്ങിനും“ അതു കലക്കി.

മുസാഫിര്‍ said...

മുരളി,
നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ തന്നെ , ഭംഗിയായി വിവരിച്ചിരിക്കുന്നു.
പിന്നെ , ഈ വളൂര്‍ എവിടെയാണു മാഷെ ? തൃശ്ശൂരിനു വടക്കാണോ ?

Radheyan said...

നന്നയിരിക്കുന്നു.ഒരു നിര്‍ദ്ദേശം,ഉത്സവകഥകളാകുമ്പോള്‍ ഒന്ന് മുറുക്കിപറഞ്ഞാല്‍ കുറേകൂടി നന്നാവും.കിടക്കട്ടെ കുറച്ചമിട്ടും തായമ്പകയുമൊക്കെ.ഭംഗിയായിരിക്കുന്നു

Anonymous said...

നന്നായിരിക്കുന്നു...

കരിങ്കല്ല്

പെരിങ്ങോടന്‍ said...

നന്നായിരുന്നു. ആമക്കാവ് പൂരത്തിന്റന്ന് രാത്രി പാടത്തുകൂടെ ബലൂണ്‍-പീപ്പി-പൊരി-അലുവാ കച്ചവടക്കാരുടെ ഇടയില്‍ നടക്കുന്ന പ്രതീതി.

ഇഡ്ഢലിപ്രിയന്‍ said...

തിമിരി അമ്പലത്തിലെ ഉത്സവം കൂടിയിട്ട്‌ കാലം കുറച്ചായി. ഏതായലും ആ നല്ല ദിനങ്ങള്‍ ഈ ഉത്സവക്കഥയിലെ കമ്മറ്റിക്കാരും ബഹളവും ആനയും എല്ലാം ഓര്‍മ്മപ്പെടുത്തി. രസികന്‍ കഥ.....

അരവിശിവ. said...

ഒരുത്സവം കണ്ട പ്രതീതി...നന്ദി മാഷേ...

മുരളി വാളൂര്‍ said...

കമന്റുകള്‍ സ്പോണ്‍സര്‍ ചെയ്ത എല്ലാ ഭക്തജനങ്ങള്‍ക്കും കമ്മിറ്റിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.....!

പിന്മൊഴി said...

ഉത്സവത്തിനെത്താന്‍് ഇത്തിരി വൈകി..
വൈകിയെങ്കിലെന്താ…സംഭവം നല്ല രസണ്ട് !!

വാവക്കാടന്‍ said...

മുരളിയേട്ടാ,
ഉത്സവം അഡിച്ചുപൊളിച്ചു!!
എന്റെ പക്കല്‍ ഒരു കൊരട്ടിക്കാരന്‍ പറഞ്ഞ ഒരു ചെറിയ കഥയുണ്ട്‌.
ഏതോ ഒരു പലചരക്കു കട
ഒരു പോലിസുകാരന്‍ കടയുടെ ഇറയത്തിരുന്ന് ചീട്ടു കളി മുതലായ വിനോദങ്ങളില്‍, "ഡ്യൂട്ടി"യുടെ പേരില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സമയം..

അവിടേക്ക്‌ ഒരു എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന്‍ സൈക്കിളും ചവിട്ടി വരുന്നു..

പോലീസുകാരന്‍ ഇരയെ കിട്ടിയ സന്തോഷത്തില്‍ (കാശ്‌ വാങ്ങാനല്ല.. പേടിപ്പിക്കാന്‍ വേണ്ടി മാത്രം) "നില്ലെഡാ അവിടെ..എവിഡെഡാ ഇതിന്റെ ലൈറ്റും വെളിച്ചവുമൊക്കെ?"
ഡൈനാമും ഡൂമുമൊന്നുമില്ലാതെ പോയ പയ്യന്‍സ്‌ നിന്നു വെറച്ചു.
പോലീസുകാരന്‍ കടക്കാരനോട്‌(Shop owner) ചോദിച്ചു "ഇവനീപ്പോ.. എന്താ ചെയ്യണ്ടേ മേന്‍ന്നേ ?"
മേന്‍ന്ന് ഉ വാ ച : "താന്‍ അപ്രത്ത്‌ ആ കവലേല്‍ പോയി നില്‍ക്ക്‌. ലൈറ്റും വെളിച്ചവും ഒന്നും ഇല്ലാതെ സൈക്കിളു പോലും ഇല്ലാതെ ചെലര്‌ വരും.. അവരെ നമ്മക്ക്‌.. യേത്‌?"
പോലീസുകാരന്‍: "മേന്‍ന്നെ..!!!"
അന്നത്തെ "ഡ്യൂട്ടി" മതിയാക്കി അദ്ദേഹം സ്റ്റേഷനിലേക്ക്‌ പോയി എന്ന് ബാക്കി

ചക്കര said...

:)