Friday, September 28, 2007

ദൈവവധു

നല്ല തുടുത്ത ഈന്തപ്പഴത്തില്‍ ആട്ടിന്‍പാലും കല്‍ക്കണ്ടവും ചേര്‍ത്തുണ്ടാക്കുന്ന വിശേഷപ്പെട്ട പലസ്തീനി വിഭവം ഖദ്ദാഷിനായി ഒരുക്കുമ്പോള്‍ സൈദ അറിയാതെ വിതുമ്പിപ്പോയി. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കു മാത്രം കൊടുക്കുന്ന വിഭവമാണ്‌ അത്‌, ജീവനെക്കാളേറെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടിമാത്രം പലസ്തീനി പെണ്‍കുട്ടികള്‍ ഉണ്ടാക്കുന്നത്‌. അവരുടെ പ്രണയം കൂടി ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടാണത്രേ അതിനിത്ര മധുരം.

"ഹേയ്‌ സൈദാ നീയതിനിടക്ക്‌ ഹലീബാജ്‌ ഉണ്ടാക്കാന്‍ പോയോ, എല്ലാരും നിന്നെ അവിടെ തിരക്കുന്നുണ്ട്‌"

രായ്ദയുടെ സ്വരം കേട്ട്‌ സൈദ പെട്ടെന്ന് തിരിഞ്ഞു നോക്കി. ആരും കാണാതെ ഉണ്ടാക്കണമെന്നു കരുതിയതായിരുന്നു അപ്പോഴെക്കും ഈ ചേച്ചി എവിടുന്നു വന്നു. അല്ലെങ്കിലും തന്റെ പ്രണയത്തില്‍ ആദ്യം മുതലേ അവളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

"ചേച്ചീ, നീയിതാരോടും പോയി പറയരുത്‌, ഇന്നു ഞാന്‍ ഹലീബാജ്‌ ഉണ്ടാക്കുന്നെന്നു പറഞ്ഞാല്‍ ബാപ്പുജി എന്നെ കൊത്തി നുറുക്കും. നാളേക്കായി എന്റെ മണിയറ ഒരുക്കുകയാണവര്‍"

"പിന്നെ നീയെന്തിന്‌ ഇതിനു സമ്മതിച്ചു, ഇതു നീ ഖദ്ദാഷിനോട്‌ ചെയ്യുന്ന ചതിയാണ്‌?"

"ആയിരിക്കാം, പക്ഷേ എനിക്കറിയില്ല, എനിക്കിനി ഇന്നും കൂടിയേ ഖദ്ദാഷ്‌ എന്റെ പ്രിയപ്പെട്ടവനായിട്ടുള്ളൂ, നാളെ മുതല്‍ അവനൊറ്റയാണ്‌, ഞാനും."

"നോക്കൂ നിങ്ങളുടെ പ്രണയത്തിന്‌ ആദ്യമേ കൂട്ടുനിന്നവളാണ്‌ ഞാന്‍. നീ ഇത്ര നിസ്സംഗതയോടെ അവനെ ഉപേക്ഷിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍, സൈദാ ഞാനൊരിക്കലും ഇതില്‍ പങ്കുചേരില്ലായിരുന്നു."
"ചേച്ചീ, ഞാന്‍ നിസ്സഹായയാണ്‌, എനിക്കെന്തെങ്കിലും ഉപേക്ഷിച്ചേ പറ്റൂ"

"ബാപ്പുജിയോട്‌ എനിക്ക്‌ ബഹുമാനമുണ്ട്‌ സ്നേഹമുണ്ട്‌. എന്നാലും ഞാന്‍ പറയുന്നു, നീ ബാപ്പുജിയുടെ വാക്കുകള്‍ തള്ളണമായിരുന്നു."

"മഹാപാപം പറയരുത്‌, ഇതെന്റെ സ്വന്തം തീരുമാനമാണ്‌" അതു പറയുമ്പോള്‍ സൈദയുടെ സ്വരം പതറിയിരുന്നു.

സയ്യിദ്‌ ഹലാവ വളരെ വളരെ സന്തോഷത്തിലായിരുന്നു. മണിയറയിലെ അലങ്കാരങ്ങളൊക്കെ അയാള്‍ നേരിട്ടാണ്‌ പറഞ്ഞ്‌ ചെയ്യിപ്പിച്ചിരുന്നത്‌. മൂന്ന്‌ ഒട്ടകങ്ങളെയും പത്ത്‌ ആടിനേയുമാണ്‌ അറക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്‌. ഒന്നിനും ഒരു കുറവും വരരുത്‌. സൈദ ഇതിനു സമ്മതിക്കുമോ എന്ന് അയാള്‍ക്ക്‌ സംശയമായിരുന്നു. പുറത്തു ശക്തിയായി പൊടിക്കാറ്റു വീശുന്നു, നാളെയും ഇങ്ങനെയാണെങ്കില്‍ ക്ഷണിച്ചവര്‍ എല്ലാവരും വരുമോ ആവോ. ഇതുപോലൊരു ആഘോഷം എന്തായാലും ഇനി ഈ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ആ ഖദ്ദാഷിനെയാണ്‌ ശ്രദ്ധിക്കേണ്ടത്‌, അവനെങ്ങാനും അവളുടെ മനസ്സു മാറ്റിയാല്‍, ദൈവമേ ആലോചിക്കാന്‍ കൂടി പറ്റുന്നില്ല. കഴിഞ്ഞ കൊല്ലം ഇതേപോലെ ഒരു മണിയറ ഒരുങ്ങിയതായിരുന്നു ഇവിടെ രായ്ദക്കുവേണ്ടി, പക്ഷേ അവള്‍ ബാപ്പുജിയുടെ മാനം കെടുത്തി അബ്ദുള്ളയുടെ കൂടെ ഇറങ്ങിപ്പോയി. ദൈവം മുകളിലിരുന്നു കാണുന്നുണ്ടല്ലോ ഇതെല്ലാം.

അന്നു വൈകീട്ട്‌ എല്ലാവരുടേയും കണ്ണുവെട്ടിച്ച്‌ ഖദ്ദാഷിനെ കാണാന്‍ അവള്‍ കുറേ പണിപ്പെട്ടു. പ്രണയാര്‍ദ്രമായ, അത്തറിന്റെ നേര്‍ത്ത സുഗന്ധമുള്ള ഒരിളംകാറ്റിന്റെയൊപ്പം ഖദ്ദാഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവളെ തഴുകി. പ്രിയനേ നീയെനിക്കു മാപ്പുതരിക, നീയെന്നെയണിയിച്ച പ്രണയസൗമ്യമാം ഉടയാടകള്‍ ഞാനിവിടെയുപേക്ഷിക്കുന്നു. എനിക്കു പോയേ തീരൂ. എന്റെ ജീവിതത്തിലിനി മാത്രകള്‍ മാത്രം ബാക്കി. എന്റെ മരണത്തിനായ്‌ മണിയറയൊരുങ്ങുന്നു. ദൈവത്തോടൊപ്പമുള്ള എന്റെ ജീവിതം തുടങ്ങുന്നു.

"സ്വയം മരിക്കാന്‍ തയ്യാറായിക്കൊണ്ട്‌ നീയെനിക്കെന്തിന്‌ ഹലീബാജുണ്ടാക്കി?"

പെട്ടെന്ന് ഖാദ്ദാഷിന്റെ ചോദ്യം കേട്ട്‌ സൈദ ഞെട്ടിപ്പോയി. കുറെയധികം ചോദ്യങ്ങളിലൂടെ വളരെനാള്‍ മനസ്സുടക്കി നടന്നതാണ്‌. സ്വയം ഒടുങ്ങാന്‍ തന്നെ തീരുമാനിച്ചു. ബാപ്പുജിയുടെ എത്രയോ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്‌. തന്റെ കുടുംബത്തില്‍ നിന്ന് ദൈവത്തോടു ചേരാന്‍ അവസാനമായിട്ട്‌ എന്നെ കിട്ടിയപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുകയായിരുന്നു.

"ഇന്നു വൈകീട്ട്‌ എനിക്കു മൈലാഞ്ചിയിടുന്നതു വരെ നീയെനിക്കു പ്രിയപ്പെട്ടവന്‍, എന്റെ ഉയിരിന്റെ പാതി, പിന്നെ ഞാന്‍ ദൈവത്തിന്റെ മണവാട്ടിയാണ്‌, മരണത്തിന്റെ മണവാട്ടിയാണ്‌, പിന്നെ എനിക്കു നിന്നെ കാണാനേ കഴിയില്ല. പ്രിയനേ നീയറിയുന്നോ, എനിക്കു നിന്നെ സ്വപ്നം കാണാന്‍ കൂടി കഴിയില്ല, എന്റെ ഓര്‍മകളില്‍ പോലും നീയുണ്ടാവില്ല, എനിക്ക്‌ ഓര്‍മകളേ ഉണ്ടാവില്ല...."

"നോക്കൂ പ്രിയേ, മരണം സ്വയം തിരഞ്ഞെടുക്കാനുള്ള അധികാരം ദൈവം ആര്‍ക്കും കൊടുത്തിട്ടില്ല, നീയീ ചെയ്യുന്നത്‌ തികഞ്ഞ ദൈവനിന്ദയാണ്‌, നീ നിന്റെ ബാപ്പുജിയെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളോ? എന്തിനിത്രനാളും ജീവിച്ചു, ഈ മരണത്തെ വരിക്കുന്നതിനോ? എന്നെ പ്രണയത്തിന്റെ സുഗന്ധമൂട്ടിയതെന്തിന്‌? ഈ പ്രണയത്തിനു നീ മരണം വിധിച്ചതെന്തിന്‌?"

"അറിയില്ല, അറിയില്ല... ഇപ്പോള്‍ ഉത്തരങ്ങള്‍ എന്നില്‍ നിന്നും ഒഴിഞ്ഞു പോകുന്നു. അറിയാമോ നിനക്ക്‌, മരണവധുവിനിടുന്ന മൈലാഞ്ചിക്ക്‌ കടും ചുവപ്പുനിറമാണ്‌. ഇളംചൂടുള്ള മുലപ്പാല്‍ എന്റെ ചുണ്ടുകളിലിറ്റിച്ച, വിരല്‍ പിടിച്ചെന്നെ നടത്തിയ ഉമ്മയിപ്പോള്‍ എനിക്കു മരണത്തിന്റെ മൈലാഞ്ചിയരക്കുന്ന തിരക്കില്‍. ഒരു ചുവപ്പിന്റെ മേലാപ്പ്‌ എനിക്കായൊരുങ്ങുന്നു. പാട്ടും വാദ്യങ്ങളും നീയും കേള്‍ക്കുന്നില്ലേ, അതില്‍ വിരഹമോ, ഭക്തിയോ, സായൂജ്യമോ, വേദനയോ എനിക്കു തിരിച്ചറിയാന്‍ പറ്റുന്നില്ല"

"ഈ നഷ്ടം എനിക്കു മാത്രമേ ഉള്ളൂ എന്നു നീയറിയുക. നിന്റെ ബാപ്പുജിക്ക്‌ നീയൊരു തികഞ്ഞ സൂഫിയായതിലെ ഹര്‍ഷം, ഉമ്മക്ക്‌ നീ ദൈവത്തില്‍ ചേരുന്നതിന്റെ സായൂജ്യം, എനിക്കോ? എനിക്കെന്തുണ്ട്‌?"

"പ്രിയനേ, ഇതു ഞാനുണ്ടാക്കിയ ഹലീബാജാണ്‌, നിനക്കായ്‌ മാത്രം. എന്റെയുള്ളിലിനി പ്രണയം ഒരു കണികപോലും ശേഷിക്കുന്നില്ല, അതത്രയും ഞാനിതില്‍ ചേര്‍ത്തിരിക്കുന്നു. നീയെന്നെ കാണാന്‍ നാളെ വരരുത്‌. ഇന്നു രാത്രി മൈലാഞ്ചിയിട്ടാല്‍ പിന്നെ ഞാന്‍ ദൈവവധുവാണ്‌, മറ്റുള്ളവരുടെ പെണ്ണിനെ നോക്കുന്നത്‌ അഭിമാനികളായ അറബി പുരുഷന്മാര്‍ക്ക്‌ ചേര്‍ന്നതല്ല."

സ്ഫടികത്തിന്റെ പാത്രം താഴെ വീണുടയുമോ എന്നു പലതവണ ഭയപ്പെട്ടു സൈദ. ആ മധുരം കഴിക്കണോ വേണ്ടയോ എന്ന്‌ പെട്ടെന്ന് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല ഖദ്ദാഷിന്‌. നീല ഞരമ്പുകളോടിയ അവളുടെ കൈ ചുംബിച്ചപ്പോള്‍ അവന്റെയുള്ളില്‍ കനലെരിഞ്ഞു. തന്റെ പാതിയെന്നു പിന്നെയും പിന്നെയും കനവുകളിലുറപ്പിച്ചവള്‍. സ്നേഹസ്മൃതികളില്‍ സജലമായ കണ്ണുകളില്‍ അവന്‍ ആ കൈകള്‍ ചേര്‍ത്തുവച്ചു. ആ കണ്ണീര്‍ലവണങ്ങളില്‍ അവന്റെ പ്രണയോഷ്മളമായ ഹൃദയത്തിന്റെ ചൂട്‌ അവളിലേക്ക്‌ പെയ്തിറങ്ങി. ഒരു പ്രത്യേക താളത്തിലുള്ള അറബിപാട്ട്‌ ഒരു മെലിഞ്ഞ പെണ്‍കുട്ടി നല്ല ഈണത്തില്‍ പാടുന്നുണ്ടായിരുന്നു. ദൈവത്തിന്റെ പ്രണയം സ്വീകരിക്കുന്ന ഒരു സൂഫിവധുവിന്റെ തീക്ഷ്ണമായ ഭക്തി വര്‍ണ്ണിച്ചുകൊണ്ടുള്ള ഒരു കവിതയായിരുന്നു അത്‌. പെട്ടെന്ന്‌ ഖദ്ദാഷ്‌ അവളുടെ കൈവിട്ട്‌, അവളുടെ കാലില്‍ വീണു, ദൈവവധുവിന്റെ അനുഗ്രഹം കിട്ടാനായി. ഒരു മാത്ര മുന്‍പുവരെ തന്റെ പ്രണയത്തിലലിഞ്ഞവന്‍ ഇപ്പോള്‍ തന്റെ അനുഗ്രഹത്തിനായി കാല്‍ക്കീഴില്‍ വീണപ്പോള്‍, സൈദ തികച്ചും പകച്ചു പോയി.

"ഖദ്ദാഷ്‌, എഴുന്നേല്‍ക്ക്‌, പോ ഇവിടുന്ന്, പുറത്തുപോ, എനിക്കിനി നിന്നെ കാണേണ്ട..." വളരെ വന്യമായ ശക്തിയില്‍ അവനെ വലിച്ചെഴുന്നേല്‍പ്പിച്ച്‌ പുറത്തേക്കു തള്ളി സൈദ.
"ഞാനോ നിന്നെ അനുഗ്രഹിക്കാന്‍, വേണ്ട, എനിക്കതിനെന്തര്‍ഹത, പോകൂ ഇവിടുന്ന്.." അവനുപിന്നില്‍ ആ വാതിലുകള്‍ ശക്തിയായി വലിച്ചടക്കുമ്പോള്‍ സൈദ അലറിക്കരഞ്ഞുകൊണ്ട്‌ ഏതോ അഗാധതകളിലേക്കു വീണുപോയി. ഇതുവരേക്കും ചഞ്ചലയാകാതെ പിടിച്ചുനിന്ന സൈദ ഒരു നിമിഷം പതറിപ്പോയി. ഉണ്മയേത്‌ എന്നറിയാതെ അവളുടെ ചിന്തകളില്‍ ഉഷ്ണം വീശി. ദൈവമേ നിനക്കെന്തിനു ഞാന്‍? ജീവിതത്തിന്റെ സ്വച്ഛതകളിലേക്കു നിനക്കെന്നെ ഉപേക്ഷിച്ചുകൂടേ?

പെട്ടെന്നു വാതില്‍ തുറന്ന് ഒരു വലിയ തളികയില്‍ മൈലാഞ്ചിയരച്ചതും മഞ്ഞള്‍ അരച്ചതും കൊണ്ട്‌ സൈദയുടെ ഉമ്മയും ഒരു പറ്റം അറബിപ്പെണ്‍കുട്ടികളും അകത്തേക്കു വന്നു. കരച്ചിലിന്റെ അഗാധതകളില്‍ ഉലഞ്ഞുപോയ അവളെക്കണ്ട്‌ ആ മാതൃഹൃദയം ദീപ്തമായി. ഒരു നിമിഷാര്‍ദ്ധമെങ്കിലും ആ മാറില്‍ പാല്‍ ചുരന്നു. പെട്ടെന്ന്, വളരെ പെട്ടെന്ന് അവളെ എഴുന്നേല്‍പ്പിച്ച്‌ മുഖവും കൈകളും ഒക്കെ തുടച്ച്‌ ആ കൈകളില്‍ മൈലാഞ്ചിയിടുവിച്ചു തുടങ്ങി, അതിനു മുന്നേ വേണ്ട പ്രാര്‍ഥനകള്‍ പോലും ചെയ്യാതെ. ഇനിയിവള്‍ ദൈവവധു. ഇനിയീ ലോകത്തില്‍ അവള്‍ക്കവകാശികള്‍ ആരുമില്ല, ബന്ധുക്കള്‍ ആരുമില്ല. എല്ലാം ഇവിടെയവസാനിക്കുന്നു. ഇനി പ്രണയമില്ല, മാതാപിതാക്കളില്ല, കൂട്ടുകാരില്ല, ഇനിയൊരു ദിവസം മുഴുവന്‍ ദൈവത്തില്‍ ചേരാനുള്ള പ്രാര്‍ഥനകള്‍ മാത്രം. എന്തുചെയ്യണമെന്നറിയാതെ പകച്ചിരുന്നു സൈദ. ദൈവം തന്നില്‍ അവകാശം സ്ഥാപിച്ചിരിക്കുന്നു. ഇനി ഓര്‍മ്മകളില്ല, കളിചിരികളില്ല, സ്വപ്നങ്ങളില്ല. താനിപ്പോള്‍ വധുവായിരിക്കുന്നു ദൈവത്തിന്റെ, അതൊ മരണത്തിന്റെയോ, ദൈവവും മരണവും ഒന്നാണോ?

പെണ്‍കുട്ടികള്‍ ഉറക്കെ പ്രാര്‍ഥനകള്‍ ചൊല്ലാന്‍ തുടങ്ങി. അതില്‍ കാമുകിമാരും, ഭാര്യമാരും, അമ്മമ്മാരും ഉണ്ടായിരുന്നു. ഇതൊന്നുമല്ലാതെ അവര്‍ക്കു നടുവില്‍ ഒരു മണവാട്ടിയുടെ മുഖഭാവങ്ങള്‍ തെല്ലുമില്ലാതെ അവളും.

21 comments:

വാളൂരാന്‍ said...

ശ്രീ വി.എ. കബീര്‍, മാധ്യമം വാര്‍ഷികപ്പതിപ്പില്‍ എഴുതിയ "പലസ്തീന്‍ കവിതയിലെ മൃത്യുരാസകം" എന്ന ലേഖനമാണ്‌ ഇങ്ങനെയൊരു സാഹസം നടത്താനുണ്ടായ തന്തു. തികച്ചും അപരിചിതമായ കഥാപാത്രങ്ങളും അന്തരീക്ഷവും പൂര്‍ണ്ണമായും കാല്‍പനികമായതുകൊണ്ട്‌ ഒരു കൃത്രിമത്വത്തിന്റെ അസ്വാസ്ഥ്യം വായിക്കപ്പെട്ടാല്‍ ക്ഷമ.

ശ്രീ said...

മുരളി മാഷേ...
ഒരു തേങ്ങയുടച്ചു കൊണ്ട് ഈ ദൈവ വധുവിനെ ബൂലോകത്തേയ്യ്ക്ക് ഞാന്‍‌ സ്വാഗതം ചെയ്യുന്നു.
കാല്പനികമാണെങ്കിലും കൃത്രിമത്വം തോന്നിപ്പിക്കുന്നില്ല. ഇത്തരത്തിലുള്ള വിശ്വാസം വച്ചു പുലര്‍‌ത്തുന്ന ഒരു ജനതയുടെ മാനസികാവസ്ഥ നന്നായി ആവിഷ്കരിച്ചിരിക്കുന്നു.
ആശംസകള്‍‌!
:)

കുഞ്ഞന്‍ said...

നല്ല രീതിയില്‍ വായനസുഖം കിട്ടി,ശരിക്കും ഹലീ ബജി കഴിക്കുമ്പോലെ..

ഓ.ടോ.അപ്പോള്‍ എല്ലാ നാട്ടിലുമുണ്ടല്ലെ ദൈവത്തിന്റെ മണവാട്ടികള്‍! ഇപ്പോള്‍ അണുകുടുമ്പങ്ങളായതുകൊണ്ട് കേരളത്തിലാരും മക്കളെ ഉഴിഞ്ഞിടാറില്ല. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടയലേഖനത്തിലെ ആഹ്വാനം!

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു സാഹസീകത വിജയിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

വേണു venu said...

അറബി പശ്ച്ഛാത്തലില്‍ എഴുതിയ കഥ്യ്ക്കു് ഒരു പുതുമ തോന്നുന്നു.മുരളീ കൊള്ളാം.:)

Kaithamullu said...

മുരളീ,

വളരേ ഇഷ്ടായി കഥ.

ചിലയിടങ്ങളില്‍ തപ്പിത്തടയുന്നതായി തോന്നിയെങ്കിലും ഭാഷയുടെ മിടുക്ക് കൊണ്ട് മുരളി അതിനെ അതിജീവിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍!

Anonymous said...

വിഷയം പുതുമയില്ലെങ്കിലു എഴുത്ത് നന്നായി. നന്നായി എഴുതി എന്ന് മാഷിനോട് പറയുന്നത് മുല്ലപ്പൂവിനു നല്ല മണം എന്ന് പറയുന്നറുപോലെയാന്നറിയാം ..എങ്കിലും..

Murali K Menon said...

കുറേ നാളത്തെ തിരോധാനം ഒരു നല്ല കഥയുമായ് വരാനായിരുന്നോ മുരളി? ഇഷ്ടപ്പെട്ടു. പശ്ചാത്തലം പരിചയപ്പെട്ടതായിരുന്നെങ്കില്‍ കുറച്ചുകൂടി വര്‍ണ്ണനകള്‍ കൊണ്ട് കഥ മനോഹരമായി തീര്‍ന്നേനെ.

കീര്‍ത്തിമാന്‍ ഭവ:

സഹയാത്രികന്‍ said...

മാഷേ നന്നായിരിക്കുന്നു.....
ആശംസകള്‍
:)

വാളൂരാന്‍ said...

ശ്രീ കബീറിന്റെ ലേഖനത്തില്‍ ആത്മബലിയെക്കുറിച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രണയവും മറ്റു ചുറ്റുപാടുകളും ഞാനായിട്ടു ചേര്‍ത്തതാണ്‌. എന്തായാലും പരീക്ഷണം നന്നായി എന്നു കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.
ശ്രീ...കുഞ്ഞാ...ബാജീ...വേണൂ...നന്ദി
കൈതമുള്ളേ, മനൂ...സന്തോഷം, നന്ദി
മുരളിമേനോന്‍, സഹയാത്രികന്‍...നന്ദി

ഉപാസന || Upasana said...

Murali sar,
This is a good one. no doubt because this is happening in a different culture and country. And you succeeded in your attempt to a good extend. Again try this kind of brave steps...
:)
Upaasana

Off Topic : Sorry for English. No keybioard here in Annamanada Cafe. You know naaa.

ഹരിശ്രീ said...

മുരളിമാഷേ,

നന്നായിട്ടുണ്ട്...
ആശംസകള്‍...

പ്രിയ said...

ingane oru acharam palastinil sharikkum undo?

oru kathayennu thonnippikkathe paranju.

nannayirikkunnu

വാളൂരാന്‍ said...

മരണത്തെക്കുറിച്ചാവുമ്പോള്‍ അവിടെ ഒരു നിയമങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പ്രസക്തിയില്ലാതാകുന്നു.
സുനിലേ, ശ്രീജിത്തേ...സന്തോഷം നന്ദി,
വണ്ടറേട്ടാ... പാലസ്തീനില്‍ ഇങ്ങനെയൊക്കെയുണ്ടോ എന്നറിയില്ല, ഉണ്ടായിക്കൂടായ്കയില്ല, നല്ല വായനക്കു നന്ദി.

Mr. K# said...

നന്നായിട്ടുണ്ട് മാഷേ.

വാളൂരാന്‍ said...

തികച്ചും അപരിചിതമായ ചില പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അതെങ്ങിനെ വായിക്കപ്പെടും എന്ന്‌ സന്ദേഹിക്കാറുണ്ട്, കുതിരവട്ടാ...ഇഷ്ടപ്പെട്ടതില്‍ സന്തോഷം...

തറവാടി said...

അല്ല മുരള്യേ ,

ജ്ജ് ബിടെക്കെത്തന്നെണ്ടല്ലെ! :)

വാളൂരാന്‍ said...

പ്രിയ തറവാടാ...!
എവിടെപ്പോകാന്‍... ഓന്തോടിയാ വേലിവരെയെന്നല്ലേ മണി പറഞ്ഞേക്കണേ...
പല തവണ ബ്ലോഗില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നതാണ് പക്ഷേ കറങ്ങിത്തിരിഞ്ഞിവിടെത്തന്നെ വന്നു. ഈ ബൂലോകത്തിനൊരു കാന്തശക്തിയുണ്ടോ? പിന്നെ കഥയെക്കുറിച്ചൊന്നും എഴുതിക്കണ്ടില്ല.

സുനീഷ് said...

മുരളീ, കഥ അസ്സലായിട്ടുണ്ട്… എന്റെയും സുഹൃത്തുക്കളുടെയും ചര്ച്ചകളില് കടന്ന് വരാറുള്ള വിഷയമാണ് അറേബ്യന് ജനതയുടെ സംസ്ക്കാരം. പക്ഷെ ദൈവവധു എന്നൊന്ന് അവിടെ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല.

കുറുമാന്‍ said...

മുരളി ഭായ്, ഇങ്ങോട്ടെത്താന്‍ അല്പമധികം വൈകി. മനോഹരമായി എഴുതിയിരിക്കുന്നു. കൃത്രിമത്വം എനിക്കൊട്ടും തോന്നിയില്ല ഈ കഥയില്‍.

ആശംസകള്‍

വാളൂരാന്‍ said...

സുനീഷ്‌, കുറുമാന്‍...
എഴുത്തിലിരുത്തം വന്നവര്‍ നന്നായെന്നു പറയുമ്പോള്‍ അതൊരു സുഖാണ്‌.... സുനീഷേ, ത്രെഡ്‌ മാത്രം ആ ലേഖനത്തില്‍ നിന്ന്‌ കിട്ടിയതാണ്‌, ബാക്കി വെറും ഭാവന, സൂഫിസത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാവുന്ന ഒരാളെ ഞാനും തിരയുന്നു....
വായിച്ചതില്‍ സന്തോഷം....