ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Thursday, October 19, 2006

ഒരു മരണത്തിന്റെ ശേഷിപ്പുകള്‍

തിരുപ്പിറവിക്കായി കണ്‍ചിമ്മിയിരുന്ന ഒരു ക്രിസ്മസ്‌ രാത്രിയിലായിരുന്നു ആ മരണം. ഈ മരുഭൂമിയില്‍ ഒരു മരണത്തിനും ഇത്ര വിലയുണ്ടെന്ന്‌ അന്നാണ്‌ എനിക്ക്‌ തിരിച്ചറിവായത്‌. ആ അപകടത്തില്‍ ഞാന്‍ മരിച്ചില്ല എന്നതായിരുന്നു എന്റെ നേരെയുള്ള ആദ്യത്തെ കുറ്റം. മൂവരില്‍ എന്റെ ജീവിതം മാത്രം ബാക്കിയായതിനാല്‍ ഞാന്‍ മാത്രമേ അവര്‍ക്ക്‌ ആശ്രയമായിട്ടുണ്ടായിരുന്നുള്ളൂ. ഞാനും കൂടി മരിച്ചിരുന്നെങ്കില്‍ ഇവരെന്തു ചെയ്യുമായിരുന്നോ അവോ, അറിയില്ല. എന്തായാലും എന്റെ ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ വളരെ താല്‍പര്യമെടുത്തു. എന്നാല്‍ മാത്രമേ എന്റെ നേരെ വധശിക്ഷ വിധിക്കുവാന്‍ അവര്‍ക്കാവുമായിരുന്നുള്ളൂ.

"നിനക്കറിയുമോ, നീ വണ്ടിയിടിച്ചു കൊലപ്പെടുത്തിയത്‌ എത്ര വലിയവനെയാണെന്ന്‌?"

കൊലപ്പെടുത്തുകയോ, ഞാനൊന്നു ഞെട്ടി. രാത്രി വൈകിയാല്‍ ഒറ്റയ്ക്കു പുറത്തിറങ്ങാന്‍ പോലും പേടിയുള്ള ഞാന്‍ കൊലപ്പെടുത്തിയെന്നോ? ചിലമ്പിച്ച ശബ്ദത്തില്‍ ഞാന്‍ അയാളോട്‌ താഴ്മയോടെ പറഞ്ഞു:

"ഞാന്‍ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോകാനാണ്‌ ആ വണ്ടിയില്‍ കയറിയത്‌, അതു മാത്രമാണ്‌ ഞാന്‍ ചെയ്ത കുറ്റം."

"ഒരു കുറ്റവാളിയല്ല അയാളെന്തൊക്കെ കുറ്റങ്ങള്‍ ചെയ്തു എന്നു പറയേണ്ടത്‌. എന്റെ പക്കല്‍ നിനക്കെതിരെ തെളിവുകളുണ്ട്‌."

"എനിക്കു വണ്ടിയോടിക്കാനറിയില്ല" നിസ്സഹായനായി ഞാന്‍ പറഞ്ഞു.

"നിന്റെ ലൈസന്‍സ്‌ ഞങ്ങള്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌."

ആ കനത്ത മീശ അയാളുടെ മുഖത്തിനുണ്ടായിരുന്ന ക്രൂര ഭാവം ഒന്നുകൂടി കൂട്ടി. വെട്ടിയൊതുക്കാത്ത ആ മീശരോമങ്ങള്‍ ഒരു നിരയില്ലാതെ ഉയര്‍ന്നു നിന്നിരുന്നു. ഞാന്‍ ഇന്നേവരെ ഒരു വണ്ടിയും ഓടിച്ചിട്ടില്ലെന്നും, കിട്ടിയ ലൈസന്‍സ്‌ എന്റേതല്ലെന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക്‌ വാക്കുകള്‍ പുറത്തു വന്നില്ല. ദൈവമേ, എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ്‌. പെട്ടെന്നാണ്‌ ലൈസന്‍സിലെ ഫോട്ടോയുടെ കാര്യം ഓര്‍ത്തത്‌. അതെന്നെ ഓര്‍മ്മിപ്പിച്ചത്‌ ദൈവം തന്നെ. പലപ്പോഴും ഇങ്ങനെ തന്നെ ദൈവം സഹായിക്കാറുണ്ട്‌. എത്ര കരുണാമയനാണ്‌ അങ്ങ്‌.

"താങ്കള്‍ ആ ലൈസന്‍സിലെ ഫോട്ടോ നോക്കൂ, അതെന്റെയല്ല."

കീഴടങ്ങി നില്‍ക്കുന്ന ഒരു പട്ടാളക്കാരന്റെ മീശപോലെത്തോന്നി എനിക്കപ്പോളയാളുടെ മീശ. എത്ര പെട്ടെന്നാണ്‌ ഒരാളുടെ രൂപം മാറുന്നത്‌ എന്നോര്‍ത്ത്‌ ഞാന്‍ അല്‍ഭുതപ്പെട്ടു. ഒരു വിജയിയുടെ അഹങ്കാരമോ പുച്ഛമോ മറ്റോ അയാള്‍ എന്റെ മുഖത്ത്‌ വായിച്ചിരിക്കണം. അയാള്‍ കയ്യിലുണ്ടായിരുന്ന തടിച്ച തുകലിന്റെ ബാഗില്‍ നിന്നും പാതി ഉരുകിയ ഒരു ലൈസന്‍സ്‌ കാര്‍ഡ്‌ പുറത്തെടുത്ത്‌ എന്നെ കാണിച്ചു. അപകടത്തില്‍ ഫോട്ടോയുടെ ഭാഗം ഉരുകിപ്പോയിരുന്നു. പേരു മാത്രമേ വായിക്കാന്‍ പറ്റുന്നുള്ളൂ. ഞാന്‍ കരഞ്ഞ പോലെയായി. ദൈവമേ, പരീക്ഷിക്കുകയാണോ? ആദ്യം മുതല്‍ തോല്‍വി മാത്രമുണ്ടായ ഒരു ഗുസ്തിക്കാരന്‍ അവസാനനിമിഷം തിരിച്ചടിക്കുന്നപോലെ അയാള്‍ എന്റെ മുഖത്തേയ്ക്ക്‌ അയാളുടെ മുഖം കൂടുതല്‍ അടുപ്പിച്ചു. ചെമ്മരിയാടിന്റെ മണമായിരുന്നു അയാള്‍ക്ക്‌. എങ്കിലും പേര്‌ എന്റെയല്ലല്ലോ എന്ന്‌ ഞാന്‍ പെട്ടെന്നാണ്‌ തിരിച്ചറിഞ്ഞത്‌. അത്‌ എനിക്കു കിട്ടിയ വലിയൊരു പിടിവള്ളിയായിരുന്നു.

"പക്ഷേ നോക്കൂ, ആ പേര്‌ എന്റെയല്ലല്ലോ..."

"ഇത്‌ നിന്റെ ലൈസന്‍സാണ്‌..." എന്നെ തുറിച്ചു നോക്കിക്കൊണ്ട്‌, കുറച്ചുകൂടി മുഖം അടുപ്പിച്ചുകൊണ്ട്‌ ഒരു മുരളുന്ന ശബ്ദത്തിലാണ്‌ അയാളതു പറഞ്ഞത്‌. വെറുതേ പറയുകയല്ല, അയാളത്‌ ഉറപ്പിക്കുകയായിരുന്നു.

"പക്ഷേ, അതിലെ പേര്‌..." ഞാന്‍ വിക്കി വിക്കി പറഞ്ഞു.

"ഇത്‌ നിന്റെ പേരല്ലാന്നുള്ളതിന്‌ എന്താ തെളിവ്‌?"

"തെളിവ്‌, തെളിവ്‌......" ഞാനാകെ വെറുങ്ങലിച്ചു. എന്റെ തൊണ്ട വരണ്ടുണങ്ങി. അയാള്‍ അപ്പോള്‍ ഗുസ്തിക്കാരനേപ്പോലെ ഗോദയില്‍ കയ്യുയര്‍ത്തി വിജയം അഘോഷിക്കുകയാണെന്നു തോന്നി എനിക്ക്‌. എന്റെ കാഴ്ച നശിക്കുന്ന പോലെയും ശരീരം തളരുന്ന പോലെയും തോന്നി. ഈ ഒരു നിമിഷം ഞാന്‍ ഞാനാണെന്നതിന്‌ ഒരു തെളിവുമില്ലാതായിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു മാത്രം. തെളിവിനായി ഒരു പേര്‌.... ഒരു പേര്‌...... ഈ ഭൂമിയിലിപ്പോള്‍ എന്നെ തിരിച്ചറിയാനായി ഒരു ചെറിയ അടയാളമെങ്കിലും... ഇല്ല, ആശയ്ക്കു വകയില്ല. എന്നെ ക്രൂശിക്കാന്‍ അവര്‍ക്ക്‌ ആ ലൈസന്‍സ്‌ ധാരാളം. എന്റെ ജീവനു വില പറഞ്ഞുകൊണ്ട്‌ ഏതോ ഒരു പേര്‌ ആ ലൈസന്‍സിന്റെ മൂലയില്‍. തെറിച്ചു നില്‍ക്കുന്ന അയാളുടെ മീശരോമങ്ങള്‍ക്കിടയിലൂടെ അയാള്‍ ചെറുതായി ചിരിക്കാന്‍ ശ്രമിക്കുന്നു. വൃത്തികെട്ട ഒരു വിജയത്തിന്റെ ചുവയുണ്ടായിരുന്നു ആ ചിരിക്ക്‌.

പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌ എന്റെ തലയ്ക്കകത്തെന്തോ മിന്നി. ഞാനെന്റെ പോക്കറ്റില്‍ കയ്യിട്ടു. എന്റെ ഐഡി കാര്‍ഡ്‌ പോക്കറ്റില്‍ത്തന്നെയുണ്ടായിരുന്നു. ഇപ്പോല്‍ എന്റെ മരണത്തിനു തടയിടാനുള്ള ഏക ആണി. എന്റെ രക്ഷകന്‍. ഞാനത്‌ അയാള്‍ക്കു നേരെ നീട്ടി. അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത്‌ ഞാനറിഞ്ഞു. ക്രമേണ ഒരു ചെറിയ ചിരി അയാളുടെ മുഖത്ത്‌ തെളിഞ്ഞു. അതിന്‌ ഒരു കോമ്പ്രമൈസിന്റെ ഛായയുണ്ടായിരുന്നു. എങ്കിലും ഞാനല്ല വണ്ടിയോടിച്ചിരുന്നത്‌ എന്നും ആ ലൈസന്‍സ്‌ എന്റേതല്ലെന്നും തെളിയിക്കാനായതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.

"ഗുഡ്‌"

കനത്ത കൈപ്പടം കൊണ്ട്‌ എന്റെ തോളില്‍ത്തട്ടി അയാള്‍ പതുക്കെപ്പറഞ്ഞു. ഒരറ്റം ഉരുകിയ ലൈസന്‍സും എന്റെ കാര്‍ഡും കൂടി അയാള്‍ ആ തുകല്‍ സഞ്ചി തുറന്ന്‌ അതിനുള്ളില്‍ നിക്ഷേപിച്ചു. അതില്‍ നിറയെ ചെറിയ കടലാസ്സുതുണ്ടുകളും എന്തൊക്കെയോ രേഖകളും കുത്തിനിറച്ചിരുന്നു. അതു തുറന്നപ്പോള്‍ മൂന്നാലു കഷണം കടലാസ്സു തുണ്ടുകള്‍ പുറത്തേക്കു ചാടിയത്‌ അയാള്‍ ശ്രദ്ധിച്ചില്ല. എന്നിട്ട്‌ അവിടെനിന്നും പതിഞ്ഞ കാല്‍വെപ്പുകളോടെ പുറത്തേക്കു നടന്നു.

പിന്നെയുള്ള ഒരാഴ്ച എനിക്ക്‌ സ്വസ്ഥതയുടേതായിരുന്നു. മരണം എന്നില്‍ നിന്നും അകന്നു പോകുന്നത്‌ ഞാനറിഞ്ഞു. ജീവിതത്തിന്റെ സമൃദ്ധികളിലേക്കുള്ള ഒരു തിരിച്ചു പോക്ക്‌, അതാണിനി വേണ്ടത്‌. ഇതെല്ലാം മറക്കാം.

ആരോ മുറിയിലേക്കു നടന്നുവരുന്ന ശബ്ദം. എന്റെ കാഴ്ച ആദ്യം ചെന്നു വീണത്‌ നടന്നുവന്നിരുന്ന ആള്‍ പിടിച്ചിരുന്ന തുകല്‍ ബാഗിലാണ്‌. ഇയാള്‍ എന്തിനാണ്‌ വീണ്ടും വന്നിരിക്കുന്നത്‌. എനിക്കരിശം വന്നു. ഒപ്പം ഭയവും. മരണത്തിന്റെ കാവല്‍ക്കാരനാണ്‌ അയാളെന്നെനിക്കു തോന്നാറുണ്ട്‌. ഒരു കഴുകനേപ്പോലെ എനിക്കു ചുറ്റും നടക്കുകയാണയാള്‍, എപ്പോഴെങ്കിലും ഒരു ചെറിയ പഴുതു കിട്ടിയാല്‍ എന്നെ കുടുക്കാനായി. അയാളുടെ മുഖത്തു നോക്കിയ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മീശ വെട്ടി ചെറുതാക്കിയിരിക്കുന്നു. ഒരു ചെറിയ കുറ്റിമീശ മാത്രമേ ഉള്ളൂ ഇപ്പോള്‍. അയാള്‍ ഒരു കോമാളിയേപ്പോലെ തോന്നിച്ചു. ഞാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട പോലെ അയാള്‍ അയാളുടെ മീശയില്‍ നിന്നും മോചിതനായിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ മനസ്സിലായത്‌, അത്‌ ഒരാഴ്ച മുന്‍പ്‌ എന്റെ കയ്യില്‍ നിന്നും കാര്‍ഡ്‌` വാങ്ങിക്കൊണ്ടുപോയ ആളല്ല. വേറെ ഒരാളാണ്‌. പക്ഷേ ആ തുകല്‍ ബാഗ്‌... അത്‌ നേരത്തേ ഉണ്ടായിരുന്ന കട്ടിമീശയുള്ള ആളുടെ കയ്യിലുണ്ടായിരുന്നതു തന്നെയാണ്‌. എന്റെ കാര്‍ഡും അറ്റമുരുകിയ ആ ലൈസന്‍സും അയാളതിലായിരുന്നു നിക്ഷേപിച്ചിരുന്നത്‌ എന്നു ഞാന്‍ വ്യക്തമായി ഓര്‍ത്തു.

"ഈ ലൈസന്‍സ്‌ നിങ്ങളുടെയാണല്ലേ?" തുകല്‍ ബാഗില്‍നിന്നും ആ അറ്റമുരുകിയ ലൈസന്‍സ്‌ എന്നെ കാണിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു. അയാളുടെ ശബ്ദം എനിക്കു ഭീതിയുണ്ടാക്കി. ഭയങ്കര ജ്വരം ബാധിച്ചവനേപ്പോലെ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. വളരെ വിഷമിച്ചാണ്‌ എനിക്ക്‌ സംസാരിക്കാന്‍ കഴിഞ്ഞത്‌.

"ആ ലൈസന്‍സ്‌ എന്റെയല്ല, എനിക്ക്‌ വണ്ടിയോടിക്കാനറിയില്ല.."

"നേരത്തേയുണ്ടായിരുന്നയാള്‍ എന്നെയേല്‍പ്പിച്ചിട്ടു പോയതാണ്‌ ഈ ലൈസന്‍സ്‌."

"അയാളെവിടെ പോയി?" പെട്ടെന്നു ഞാന്‍ ചാടിക്കയറി ചോദിച്ചു.

"അയാള്‍ ജോലിയവസാനിപ്പിച്ച്‌ അയാളുടെ രാജ്യത്തേയ്ക്ക്‌ തിരിച്ചുപോയി, ഇനി മടങ്ങി വരില്ല, ഇതാണ്‌ നിങ്ങള്‍ക്കെതിരേയുള്ള ഏറ്റവും വലിയ തെളിവെന്ന്‌ അയാള്‍ എന്നോടു പറഞ്ഞിരുന്നു"

എന്റെ കാല്‍കീഴില്‍ നിന്നും മണല്‍ ഊര്‍ന്നുപോകുന്ന പോലെയും ഞാന്‍ കടലിലേക്ക്‌ ഒലിച്ചു പോകുന്നപോലെയും തോന്നി. അയാളുടെ കയ്യില്‍നിന്നും ആ ലൈസന്‍സ്‌ തട്ടിപ്പറിച്ചെടുക്കാന്‍ തോന്നി എനിക്ക്‌. പെട്ടെന്ന്‌ ഞാനോര്‍ത്തു എന്റെ ഐഡിയും ആ മീശക്കാരന്‍ ഇതിനുള്ളിലാണല്ലോ നിക്ഷേപിച്ചത്‌.

"നോക്കൂ, ആ ലൈസന്‍സ്‌ എന്റേതല്ലെന്നതിന്‌ തെളിവായി എന്റെ ഐഡി അതിനുള്ളിലുണ്ട്‌."

"ഇല്ല, എനിക്കീ ലൈസന്‍സ്‌ മാത്രമാണ്‌ അയാള്‍ തന്നത്‌."

അയാള്‍ കൂടുതല്‍ എന്റെയടുത്തേയ്ക്കു നീങ്ങിനിന്നുകൊണ്ട്‌ പതിഞ്ഞ ശബ്ദത്തില്‍ മുരണ്ടു. വിയര്‍പ്പും അത്തറും കൂടിയ ഒരു വൃത്തികെട്ട മണം എന്റെ മൂക്കിലേക്കടിച്ചു. ഇതാണോ മരണത്തിന്റെ ഗന്ധം? എനിക്കവിടെനിന്നും ഓടി രക്ഷപ്പെടണമെന്നു തോന്നി. ഞാനാകെ വിയര്‍ക്കുന്നുണ്ടായിരുന്നു. വിയര്‍പ്പില്‍ കുതിര്‍ന്ന്‌ എന്റെ ശരീരം കിടക്കയോടൊട്ടി. ഏതോ ബാധയാവേശിച്ചവനെപ്പോലെ ഞാന്‍ ചാടിയെഴുന്നേറ്റ്‌ അയാളുടെ കയ്യില്‍ നിന്നും ആ ബാഗ്‌ തട്ടിപ്പറിച്ച്‌ അതില്‍ നിന്നും ഓരോരോ കടലാസ്സുതുണ്ടുകള്‍ പുറത്തേക്കു വലിച്ചിടാനാരംഭിച്ചു. അതിനുള്ളിലുള്ള സകലതും ഞാന്‍ ആ കിടക്കയില്‍ കുടഞ്ഞിട്ടു, എന്നിട്ട്‌ എന്റെ ഐഡി തിരയാന്‍ തുടങ്ങി. എത്രനേരം ഞാന്‍ ആ കടലാസ്സുതുണ്ടുകളിലൂടെ ഊളിയിട്ടു എന്നറിയില്ല. അവസാനം ഞാനതില്‍ മുഖം പൂഴ്ത്തി കമിഴ്‌ന്നു കിടന്നു. പഴകി ദ്രവിച്ചു തുടങ്ങിയ കടലാസ്സു തുണ്ടുകളും കിടയ്ക്കയിലെ വിയര്‍പ്പും കൂടിച്ചേര്‍ന്ന മണം എന്നില്‍ നിറഞ്ഞു. അയാള്‍ എന്റെ തൊട്ടടുത്താണ്‌ ഇപ്പോള്‍ നില്‍ക്കുന്നത്‌ എന്ന്‌ ഒരു വിറയലോടെ ഞാനറിഞ്ഞു.

എന്റെ ചെവിയില്‍ അയാളുടെ ചൂടുള്ള ശ്വാസം. "നിന്റെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടോ?" മരണത്തിനോട്‌ കൂടുതല്‍ അടുത്തുനിന്നുകൊണ്ടെന്നപോലെ അയാളെന്നോട്‌ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

23 Comments:

Blogger വാളൂരാന്‍ said...

വായനയുടെ ആദ്യനാളുകളില്‍ മനസ്സിനെ വിടാതെ പിന്‍തുടര്‍ന്നിരുന്ന നോവലായിരുന്നു ആനന്ദിന്റെ പ്രശസ്തമായ മരണസര്‍ട്ടിഫിക്കറ്റ്‌. ഈ കഥയില്‍ അതിന്റെ സ്വാധീനം നിഷേധിക്കുന്നില്ല. ഒരു പുതിയ പോസ്റ്റുകൂടി....

1:36 AM, October 19, 2006  
Blogger Rasheed Chalil said...

മുരളിമാഷേ അസ്സലായിരിക്കുന്നു കെട്ടോ... ഒത്തിരി ഇഷ്ടമായി.

1:59 AM, October 19, 2006  
Blogger വല്യമ്മായി said...

ഈ കഥയും നന്നായി.ശരിയ്ക്കും വായിച്ചെടുക്കാന്‍ പറ്റി കഥാപാത്രത്തിന്‍റെ നിസ്സഹായത.

2:03 AM, October 19, 2006  
Blogger അത്തിക്കുര്‍ശി said...

മുരളി,

നന്നായിട്ടുണ്ട്‌! പ്രതീക്ഷയുടെ അവസാന നാളവുമണഞ്ഞ്‌ തന്റെ നിഷ്കളങ്കത അറിയിക്കാന്‍പോലും പറ്റാത്തവന്റെ നിസ്സഹായത..

കഥാപത്രങ്ങളുടെ ചിത്രീകരണവും ഗംഭീരം. അവസാനം അകാരണമയൊരു ഭീതി നമ്മെയും പിടികൂടുന്നു!

2:25 AM, October 19, 2006  
Blogger സൂര്യോദയം said...

മുരളീ... സൂപ്പര്‍

4:42 AM, October 19, 2006  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഞാനല്ല എന്നും ഞാനാണ്‌ എന്നും തെളിയിക്കാന്‍ തെളിവുകള്‍ വേണം. മുരളി, വല്ലാത്തൊരവസ്ഥ തന്നെ.

4:52 AM, October 19, 2006  
Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

.... തുകല്‍ ബാഗ്‌, ചെമ്മരിയാടിന്റെ മുഖം, അത്തറിന്റെയും വിയര്‍പ്പിന്റെയും ഗന്ധം ... വായന മട്ടൊരു ലോകം സൃഷ്ടിച്ചു തന്നു. ഞാന്‍ അവിടെ കഥാപാത്രമായി മാറി. നല്ല കഥ, മുരളീ.

6:11 AM, October 19, 2006  
Blogger കാളിയമ്പി said...

മുരളിയേട്ടാ കലക്കനായിട്ടുണ്ടല്ലോ..
മരണസര്‍ട്ടിഫിക്കറ്റിന്റെ സ്വാധീനം ഞാനൊന്നും കണ്ടില്ല..പക്ഷേ ആശയത്തിന്‍ ആനന്ദ് പേറ്റെന്റെടുത്തിട്ടൊന്നുമില്ലല്ലോ..
പ്രവാസത്തിന്റെ ഐഡന്റിറ്റി ക്രൈസിസ്..
വളരെ നന്നായിരിയ്ക്കുന്നു...

11:26 AM, October 19, 2006  
Blogger വാളൂരാന്‍ said...

ബ്ലോഗ്‌ എന്ന ഒരു സംഭവം ഉള്ളതുകൊണ്ടാണ്‌ എനിക്കും എന്തെങ്കിലും കുത്തിക്കുറിക്കാന്‍ തോന്നിയത്‌. പൊട്ടത്തരങ്ങളാണെങ്കിലും, എഴുതാനുള്ള ഒരു ധൈര്യം തന്ന ബൂലോഗരോട്‌ വളരെ നന്ദിയുണ്ട്‌.

ഈ പോസ്റ്റിലും ഒരു തേങ്ങാ നിറയെ കമന്റുമായി വന്ന ഇത്തിരീ, നിനക്കായെന്റെ ആത്മാര്‍ത്ഥമായ നന്ദിവാക്കുകള്‍.

വല്യമ്മായീ..... വളരെ നന്ദി.
അത്തിക്കുര്‍ശീ.... വളരെ സന്തോഷം....വളരെ നന്ദി.
സൂര്യാ.... വളരെ നന്ദി.
പടിപ്പുര.... വളരെ നന്ദി.
ശിവപ്രസാദ്‌.... വളരെ നന്ദി... കമന്റിനു മാത്രമല്ല, ഈ കമന്റിലൂടെ എനിക്കു താങ്കളുടെ ബ്ലോഗ്‌ കാണാനായി, കവിതകള്‍ വായിച്ചിട്ട്‌ അതിന്‌ കമന്റിടാന്‍ ഞാന്‍ അര്‍ഹനാണോ എന്നു തോന്നി, അത്ര ഗംഭീരം. മുഴുവന്‍ വായിക്കാന്‍ സമയം കിട്ടിയിട്ടില്ല. പുതിയ പലേ ബ്ലോഗുകളും മിസ്സാവുന്നു. നന്ദി.
അംബീ... വളരെ സന്തോഷം... വളരെ നന്ദി.

11:57 PM, October 20, 2006  
Blogger Kiranz..!! said...

മുരളി മാഷേ..കോര്‍ണിഷിലൂടെ നടന്നു പോവുന്ന സുന്ദരിപ്പെണ്ണൂങ്ങളെം,ഭക്ഷണം അല്‍‍പ്പം കൂടുതല്‍ കഴിച്ചൂതിന്റെ പേരില്‍ കോര്‍ണിഷായ കോര്‍ണിഷെല്ലാം ഓടിയും ചാടിയും നടന്ന് എക്സര്‍സൈസ് എന്ന പേരില്‍ പ്രായശ്ചിത്തം ചെയ്യുന്ന തടിയന്മാരേം നോക്കി വാചകമടിച്ചിരുന്ന ഞങ്ങളുടെ നേര്‍ക്ക് ചാടി വീണ 2 പോലീസുകാരേം അതിനോടനുബന്ധിച്ച സംഭവങ്ങളും ഓര്‍മ്മ വരുന്നു ഇപ്പോള്‍ അങ്ങയുടെ ഈ കഥ വായിച്ചപ്പോള്‍..!

ജീവാംശം നിഴലിക്കുന്ന നല്ല കഥ..!


ഓ.ടോ..ദോഹയില്‍ എവിടെയാ‍ താമസം ?

12:54 AM, October 21, 2006  
Blogger വാളൂരാന്‍ said...

കിരണേ.... നന്ദി. ദോഹയില്‍ അബുഹമൂര്‍ ആണ്‌, മാമൂറയെന്നും പര്യായമുണ്ട്‌....
തത്ര ഭവാന്‍......?

2:45 AM, October 21, 2006  
Blogger Aravishiva said...

നല്ല കഥ...നിസ്സഹായതയെന്ന വികാരം കഥയിലുടനീളം പൊലിപ്പിച്ചിരിയ്ക്കുന്നു..

3:01 AM, October 21, 2006  
Blogger Murali K Menon said...

വായിക്കുന്നുണ്ട് പല ബ്ലോഗുകളും. പലപ്പോഴും കമന്റെഴുതി പോസ്റ്റ് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും, ഇന്റ്ര്നെറ്റ് പിണങ്ങി പിരിയും. അതോടെ അതു തീരും. ഈ പോസ്റ്റ് അങ്ങനെ ആവില്ലെന്നുറപ്പുണ്ട്, ലൈന്‍ നല്ല ഉഷാറാണെന്നു കാണുന്നു.
അസ്തിത്വം നഷ്ടപ്പെടുന്നവന്റെ ദു:ഖം ഒരു കാലത്തെ പ്രബലമായ വിഷയമായിരുന്നു.. സ്വത്വം തിരിച്ചറിയപ്പെടാത്തവരും, അതു നഷ്ടപ്പെടുന്നവരും, അതു നിഷേധിക്കുന്നവരും, അത് തെളിയിക്കാന്‍ പാടുപെടുന്നവരും എല്ലാം ചേര്‍ന്ന് ഈ ലോകം മുന്നോട്ടു പോയിക്കൊണ്ടേ ഇരിക്കുന്നു. എഴുതുവാന്‍ കഴിയുന്ന താങ്കളെ ഇഷ്ടപ്പെടാതെ വയ്യ. ഒരു തമാശക്ക് വേണ്ടി, തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ പപ്പുവിന്റെ ഡൈലോഗ് എഴുതട്ടെ....
“ഞാനാരാണെന്ന് നിനക്കറിയില്ലെങ്കില്‍, നീ എന്നോടു ചോദിക്ക്, ഞാന്‍ പറയാം ഞാന്‍ ആരാണെന്നും, നീ ആരാണെന്നും.“

8:12 AM, October 21, 2006  
Blogger കുറുമാന്‍ said...

മുരളിഭായ്, നന്നായി എഴുതിയിരിക്കുന്നു. ആരുമില്ലാത്തവനു ദൈവം ഉണ്ടെന്നാണല്ലോ പറയുക. ആ അവസരത്തില്‍ താന്‍ ശരിക്കും ഒറ്റപെട്ടു അല്ലെ?

9:50 AM, October 21, 2006  
Blogger വേണു venu said...

"നിന്റെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടോ?"
ഇല്ല ഒരു തെളിവുമില്ലാ.അയിഡന്‍റിറ്റി തേടുമ്പൊഴുള്ള നിസ്സഹായത,അസ്തിഥ്വം അന്വേഷിക്കുമ്പോഴുള്ള വിഹ്വലതകള്‍,ഇതിനൊക്കെ പുറമേ ഏതു മനുഷ്യന്‍റെ മേലും ചെയ്യാത്ത കുറ്റം അടിച്ചേല്പിക്കാമെന്ന എന്നത്തേയും ചരിത്ര സത്യം.
മുരളി മാഷേ കഥ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.

10:48 AM, October 21, 2006  
Blogger Physel said...

“മരണസര്‍ട്ടിഫിക്കറ്റി” ന്റെ സ്വാധീനമൊന്നും ഇതില്‍ കാണാനില്ലല്ലോ മുരളീജീ..ഇതു തികച്ചും വേറെ ഒരു തലത്തിലുള്ളതാണല്ലോ? നല്ല ഒഴുക്കുള്ള, വായനാസുഖം തരുന്ന സൃഷ്ടി..കഥയുടെ മര്‍മ്മത്തിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന, അമിത വര്‍ണ്ണനയുടെ ദുര്‍മേദസ്സില്ലാത്ത രചന. നന്നായിരിക്കുന്നു.

ഓ.ടോ.. ദോഹക്കാരനാണല്ലേ? ഇതുവരെ ശ്രദ്ധിച്ചില്ല കേട്ടോ. അബൂഹമൂറിലാണല്ലേ. ഞാന്‍ താമസം ദഫ്നയിലാണ്. ഇങ്ങനെ ഒരു ബ്ലോഗര്‍ ദോഹയിലുണ്ടായിട്ട് ഇതുവരെ ബന്ധപ്പെടാന്‍ പറ്റിയില്ലാ എന്നു പറഞാല്‍ അതു ബ്ലോഗ് ലോകത്തിനു നാണക്കേടല്ലേ. സൊ, ഞാനൊരു 10 ഡേയ്സ് നാട്ടിലേക്കു പോകുന്നു. നാളെ. വന്നാല്‍ ഉടന്‍ തന്നെ സന്ധിക്കാം. ഓക്കെ?

12:11 PM, October 21, 2006  
Blogger വാളൂരാന്‍ said...

അരവീ, നന്ദിയുണ്ട്‌.
മുരളിമേനോനെപ്പോലെ എഴുത്തില്‍ ആധികാരികതയുള്ളയൊരാള്‍, ഞാന്‍ എഴുതുവാന്‍ കഴിയുന്നവനാണെന്നെഴുതുമ്പോള്‍, ഞാന്‍ എന്റെ കയ്യില്‍ ഒന്നു പിച്ചിനോക്കുന്നു. ഇഷ്ടത്തിനൊരുപാട്‌ നന്ദി.
കുറൂ... നന്ദി, ചിലപ്പോള്‍ ദൈവവും ഇല്ലെന്നു തോന്നും.
വേണൂ, നന്ദി.
ഫൈസലേ, അവധിയടിച്ചുപൊളിച്ചൊരുപാടുഗ്രന്‍ചിത്രങ്ങളുമായിത്തിരികെവരൂ, സന്ധിക്കാം, സന്ധി ചെയ്യാം, സന്ധിവേദന മാറ്റാം...! നന്ദി.

1:03 AM, October 22, 2006  
Blogger അമല്‍ | Amal (വാവക്കാടന്‍) said...

ജീവിക്കുന്നവര്‍ മരിച്ചു കൊണ്ടിരിക്കുന്നൂ
മരിച്ചവര്‍ ജീവിക്കുന്നു..
നല്ല ആഖ്യാനം...
നിസ്സഹായത..അതിന്റെ അറ്റം...

ഓ.ടോ.: താടി??

11:29 AM, October 26, 2006  
Blogger വാളൂരാന്‍ said...

വാവക്കാടാ... നന്ദിയുണ്ട്‌. എഴുത്തു തുടങ്ങുന്ന എന്നേപ്പോലെയുള്ളവര്‍ക്ക്‌ ഈ വിലയിരുത്തലുകള്‍ വളരെ വിലപ്പെട്ടതാണ്‌, പലരും വഴികാണിക്കാനും, വിമര്‍ശിക്കാനും ഉണ്ട്‌ എന്നതാണ്‌, വളരെ പെട്ടെന്ന്‌ റെസ്പോണ്‍സ്‌ കിട്ടുന്നു എന്നത്‌ ആണ്‌ ബ്ലോഗിന്റെ ഒരു പ്ലസ്‌പോയിന്റ്‌.
ഓടോ: താടിയെക്കുറിച്ച്‌ ഫ്രോയിഡ്‌ പറഞ്ഞിട്ടുള്ളതെന്താണെന്നുവച്ചാല്‍....
വാവക്കാടാ.... ഞാനോടി...!

1:56 AM, October 27, 2006  
Blogger മുസ്തഫ|musthapha said...

ഇവിടുത്തെ വരിക്കാരനായിട്ടും ഞാനെന്തേ ഈ പോസ്റ്റ് വിട്ടുപോയേ!

മുരളി, താങ്കളുടെ വളര്‍ച്ച കാണുമ്പോള്‍ ശരിക്കും സന്തോഷം തോന്നുന്നു... ഒരോ പോസ്റ്റുകളും ഒന്നിനൊന്നു മെച്ചമായി വരുന്നു... കുറഞ്ഞ പോസ്റ്റുകളില്‍ കൂടെ താങ്കളൊരു ഇരുത്തം വന്ന എഴുത്തുകാരന്‍റെ തലത്തിലേക്കുയരുന്നു... അഭിനന്ദനങ്ങള്‍!

മുരളി പറഞ്ഞത് ശരി തന്നെ... പല പോസ്റ്റുകളും മിസ്സാവുന്നു.

3:46 AM, October 29, 2006  
Blogger ശെഫി said...

നന്നായിരിക്കുന്നു മുരളീ.

2:24 AM, October 31, 2006  
Blogger K.V Manikantan said...

മുരളി ഭായ്,
പ്രൊഫൈലില്‍ ഈമെയില്‍ ഇല്ലല്ലോ..
ദയവു ചെയ്ത് മെയ് ലാമോ?
ഒരു നാട്ടുകാരന്‍
kvmnair@gmail.com

9:31 AM, November 02, 2006  
Blogger ചീര I Cheera said...

I am too late with a comment for this blog.still I cudn't help out my self from posting a comment.
I just enjoyed the beauty of the idea put in to words..the narration has got a flow by on its own.this is what which I felt after reading this, to my limited knowledge in this field.

4:41 AM, November 20, 2006  

Post a Comment

Subscribe to Post Comments [Atom]

<< Home