ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Wednesday, October 18, 2006

ബാല്യങ്ങളുടെ ചില ക്ലോസപ്പ്‌ ഷോട്ടുകള്‍

ബാലനികേതന്റെ ഒരു വിദൂര ദൃശ്യം. കൂടുതല്‍ ക്ലോസപ്പിലേക്ക്‌ വരുമ്പോള്‍ ബോര്‍ഡിലെ പേര്‌ വ്യക്തമായി വായിക്കാന്‍ കഴിയുന്നു. ബാലനികേതന്‍ - Happy Home for Children. മതില്‍ക്കകത്തുതന്നെയുള്ള, മുകളില്‍ ഇരുമ്പുവല വിരിച്ച കിണറും അടുത്തുതന്നെ ഒരു മോട്ടോര്‍ഷെഡും അതിന്റെ മുകളില്‍ വാട്ടര്‍ ടാങ്കും കാണാം. നല്ലൊരു പുല്‍ത്തകിടിയും നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു ഗാര്‍ഡനും ദൃശ്യമാവുന്നു. കുട്ടികളാരെയും പുറത്തെങ്ങും കാണാനില്ല. അടുത്ത ക്ലോസപ്പ്‌ ഷോട്ട്‌ സുരേഷ്‌ ഗോപിയിലേക്ക്‌. ഏകദേശം 5 വയസ്സുള്ള, കാണാന്‍ അത്ര ഭംഗിയില്ലാത്ത ഒരു കുട്ടിയെ സുരേഷ്‌ ഗോപി എടുത്തുകൊണ്ടു നില്‍ക്കുന്നതിന്റെ സമീപദൃശ്യം. ഹോള്‍ നിറയെ അലങ്കാരങ്ങള്‍ ഉണ്ട്‌. "പുതുവര്‍ഷാശംസകള്‍" എന്ന്‌ ഗില്‍റ്റ്‌ പേപ്പറില്‍ വെട്ടി ഒട്ടിച്ചിരിക്കുന്നു. എല്ലാ മൂലയിലും, നടുക്കും നിറയെ ബലൂണുകള്‍ കെട്ടി വച്ചിരിക്കുന്നു. കുറച്ചു ബലൂണുകള്‍ പകുതി കാറ്റുപോയി തളര്‍ന്ന പോലെയാണ്‌. ക്രീം നിറമുള്ള ഷര്‍ട്ടും മെറൂണ്‍ നിറമുള്ള നിക്കറുമാണ്‌ ആണ്‍കുട്ടികള്‍ക്ക്‌, പെണ്‍കുട്ടികള്‍ക്ക്‌ ഉടുപ്പാണ്‌, മെറൂണ്‍ നിറമുള്ള കയ്യുകളാണ്‌ ഉടുപ്പിന്‌. നല്ല സുന്ദരനായ, ഏകദേശം 10 വയസ്സു പ്രായമുള്ള ഒരു ആണ്‍കുട്ടി ഒരു റോസാപ്പൂ സുരേഷ്‌ ഗോപിക്കു നേരെ നീട്ടുന്നു. പൂ വാങ്ങിയ സുരേഷ്‌ ഗോപി ആ കുട്ടിയെ ഉമ്മ വയ്ക്കുന്നതിന്റെ ഫോട്ടോ എടുക്കുന്ന പത്ര ഫോട്ടോഗ്രാഫര്‍.

ഇത്രയും എഴുതി നിര്‍ത്തിയിട്ട്‌ ആല്‍ഫ്രഡ്‌ ഒന്നുകൂടി വായിച്ചു നോക്കി. കുറെ ദിവസങ്ങളായി എഴുതണമെന്നു കരുതിയിട്ട്‌ ഇന്നാണ്‌ ആല്‍ഫിക്ക്‌ തുടങ്ങാന്‍ പറ്റിയത്‌. പുറത്ത്‌ ലോകം ഉറങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. വാഹനങ്ങളുടെ ശബ്ദവും, ഉച്ചത്തില്‍ ആരെയോ ചീത്ത പറഞ്ഞുകൊണ്ടുപോകുന്ന കുടിയന്മാരുടെ ശബ്ദവും ജനലടച്ചിരുന്നിട്ടും അകത്തേക്കു വരുന്നുണ്ടായിരുന്നു. പുറത്തെ അനക്കങ്ങള്‍ കുറയുമ്പോഴാണ്‌ സാധാരണ ആല്‍ഫി ജനല്‍ തുറക്കാറ്‌. തെരുവില്‍ ഭിക്ഷക്കാരും പട്ടികളും തമ്മില്‍ രാത്രി കിടക്കാനുള്ള സ്ഥലത്തിനു വേണ്ടി കശപിശ കൂടുന്നതിന്റെ ഒച്ച കേള്‍ക്കാം. എന്തായാലും കുറച്ചു ദൃശ്യങ്ങളെങ്കിലും എഴുതിത്തുടങ്ങാനായതില്‍ ആല്‍ഫിക്ക്‌ അല്‍പം സന്തോഷം തോന്നി.

കുട്ടികള്‍ ചിരിക്കുന്നതിന്റേയും അത്ഭുതത്തോടെയും കൗതുകത്തോടെയും സുരേഷ്‌ ഗോപിയുമായി ഇടപഴകുന്നതിന്റെയും സമീപ ദൃശ്യങ്ങള്‍. അച്ചടക്കത്തോടെയും സന്തോഷത്തോടെയുമുള്ള കുട്ടികളുടെ കളികളുടെ വിദൂര ദൃശ്യങ്ങള്‍. അടുത്ത ഫ്രെയ്മില്‍, വിളമ്പാനായി പാത്രങ്ങളില്‍ പകര്‍ന്നു വച്ചിട്ടുള്ള സദ്യവട്ടങ്ങളുടെ ക്ലോസപ്പ്‌. വളരെ ആഹ്ലാദത്തോടെയും ശബ്ദത്തോടെയും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന കുട്ടികളുടെ വിവിധ ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. അത്‌ ഫെയ്ഡ്‌ ആയി സുരേഷ്‌ ഗോപി കാറിലേക്ക്‌ കയറുന്നത്‌. തിളങ്ങുന്ന കണ്ണുകളുള്ള ആ കുട്ടിയെ തന്റെ അരികിലേക്കു വിളിച്ച്‌ റോസാപ്പൂവ്‌ തിരിച്ച്‌ കൊടുക്കുന്നു. കുട്ടിയുടെ കൈകളിലേക്കും റോസാപ്പൂവിലേക്കും വിടര്‍ന്നു നില്‍ക്കുന്ന ആ കുട്ടിയുടെ കണ്ണുകളിലേക്കും ക്ലോസപ്പ്‌ ഷോട്ടുകള്‍.

എഴുതിക്കൊണ്ടിരുന്ന പേനയിലെ മഷി തീരാറായെന്നു തോന്നി ആല്‍ഫിക്ക്‌. ഇപ്പോഴും ബ്രില്‍ എന്ന പേരുള്ള ഉരുണ്ട ചെറിയ കുപ്പിയിലെ മഷിയാണ്‌ ആല്‍ഫ്രഡ്‌ വാങ്ങുക. അടുത്തുതന്നെയുള്ള വാട്ടര്‍ഹീറ്റര്‍ ഓണ്‍ ചെയ്ത്‌ ഒരു കട്ടന്‍ ചായയുണ്ടാക്കി. ഫ്രിഡ്ജില്‍ ചെറുനാരങ്ങയുണ്ടായിരുന്നത്‌ നാലാക്കി മുറിച്ച്‌ ഒരു കഷണം ചായയില്‍ പിഴിഞ്ഞൊഴിച്ചു. എഴുതിത്തുടങ്ങിയാല്‍ ആല്‍ഫിക്കു പിന്നെ ആ രാത്രി മുഴുവനും എഴുത്തു തന്നെയാണ്‌ പതിവ്‌. പുതിയ മഷിക്കുപ്പി തുറന്ന്‌ സാവധാനം പേന നിറച്ച്‌ പഴയ തൂവാല കൊണ്ട്‌ പേനയുടെ പിരിയുടെയവിടെ നന്നായി തുടച്ചു. നഗരം മുഴുവന്‍ തളര്‍ന്ന്‌ ചുരുണ്ടുകൂടി ഉറങ്ങുകയാണ്‌. പുറത്ത്‌ തണുത്ത ഇരുട്ട്‌. ആല്‍ഫി അടുത്ത ഷോട്ട്‌ അവിടെനിന്നുതന്നെ എഴുതിത്തുടങ്ങി.

സ്ക്രീനില്‍ ഇരുട്ടുമാത്രം. പെട്ടെന്ന്‌ എന്തോ എറിഞ്ഞുടക്കുന്ന വലിയ ശബ്ദം. കല്ലുകൊണ്ടുപണിത തേക്കാത്ത ഒരു വീടിന്റെ ഇറയത്തു കിടക്കുന്ന ഒരു കുട്ടിയുടെ മുഖം അവ്യക്തമായി കാണാം. തെരുവില്‍ നിന്നും വരുന്ന വെളിച്ചം മാത്രമേ ആ കുട്ടിയുടെ മുഖത്തു വീഴുന്നുള്ളൂ. ക്യാമറ ആ കുട്ടിയുടെ മുഖത്തേയ്ക്കു സൂം ചെയ്യുമ്പോള്‍ ഭയം കൊണ്ടു വിറയ്ക്കുന്ന കണ്ണുകള്‍. ബാലനികേതനിലെ റോസാപ്പൂ കൊടുത്ത കുട്ടിയുടെ അതേ ഛായയിലുള്ള കുട്ടി. ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. ജനലില്‍ മറച്ചിരിക്കുന്ന കീറിയ ചാക്കിന്റെ വിടവിലൂടെ അകത്തെ ദൃശ്യങ്ങള്‍. മദ്യപിച്ച്‌ ലക്കുകെട്ട എകദേശം നാല്‍പതുവയസ്സു തോന്നുന്ന മെലിഞ്ഞയാള്‍ ചോറ്‌ വെള്ളമൊഴിച്ചിട്ടിരിക്കുന്ന ചട്ടി എടുത്ത്‌ എറിയുന്നു. ഒരു മൂലയ്ക്ക്‌ കാലും നീട്ടിയിരുന്ന്‌ എന്തൊക്കെയോ പിറുപിറുക്കുന്ന സാമാന്യം തടിയുള്ള വെളുത്ത നിറമുള്ള സ്ത്രീയുടെ നേര്‍ക്കാണ്‌ എറിയുന്നത്‌. ഏറിന്റെ ശക്തിയില്‍ അയാള്‍ പുറകിലേക്ക്‌ മലച്ചു വീഴുന്നു. ചാടിയെഴുന്നേറ്റ്‌ അയാള്‍ ആ സ്ത്രീയെ തല്ലാന്‍ കൈയോങ്ങുന്നു. അടി തടുത്ത ആ സ്ത്രീയുടെ കൈകള്‍ക്കുള്ളില്‍ അയാളുടെ കൈകള്‍ ഞെരിയുന്നത്‌ ക്യാമറ സൂം ചെയ്യുന്നു. കുറച്ച്‌ ബലപ്രയോഗത്തിനു ശേഷം അയാള്‍ക്ക്‌ കൈകള്‍ മോചിപ്പിക്കാനാവുന്നു. അയാള്‍ രാജുവിന്റെ പേരുവിളിച്ചലറിക്കൊണ്ട്‌ പുറത്തേക്ക്‌. ഇറയത്തു കിടന്നിരുന്ന രാജു ഇപ്പോഴവിടെയില്ല. ഇരുട്ടിലൂടെ ഓടി ഇടവഴിയിലേക്കു മറയുന്ന രാജുവിന്റെ അവ്യക്തമായ ദൃശ്യങ്ങള്‍.

ആല്‍ഫി ചായയുണ്ടാക്കി വച്ചത്‌ ഒട്ടും കുടിച്ചിരുന്നില്ല. അത്‌ ചൂടാറിയിരുന്നു. എഴുന്നേറ്റുചെന്ന്‌ ഫ്രിഡ്ജില്‍ നിന്നും മൂന്നാല്‌ ഐസ്‌ക്യൂബുകള്‍ എടുത്ത്‌ ചായയിലിട്ടു. പിന്നെ കുറേശ്ശെയായി തുണിയുടെ ചാരുകസേരയില്‍ ചാരിക്കിടന്ന്‌ ആസ്വദിച്ച്‌ കുടിച്ചു. പലപ്പോഴും നേരത്തേ തീരുമാനിച്ചുറപ്പിച്ച വഴികളിലൂടെ വരാന്‍ തന്റെ രചനകള്‍ കൂട്ടാക്കാറില്ലെന്ന്‌ ആല്‍ഫിക്കറിയാമായിരുന്നു. വളരെ വ്യക്തമായ പ്ലാനോടുകൂടി എഴുതിത്തുടങ്ങിയാലും പലപ്പോഴും അത്‌ അതിനിഷ്ടമുള്ള വഴികളിലൂടെയാണ്‌ ചലിക്കുക. ഇവിടെയും അതാവര്‍ത്തിക്കുമോ എന്ന്‌ ആല്‍ഫി ഭയപ്പെട്ടു. എങ്കിലും അയാള്‍ എഴുത്തു തുടര്‍ന്നു.

രാവിലെ ഒമ്പതരയോടടുത്ത സമയം. ഒരു ഇടവഴിയുടെ ഏരിയല്‍ വ്യൂ ആണ്‌. കുട്ടികള്‍ കൂട്ടമായി സ്കൂളിലേക്കു പോകുന്നു. ടാറിടാത്ത വഴിയിലെ കുഴികളില്‍ കെട്ടിക്കിടക്കുന്ന വെള്ളം തട്ടിത്തെറിപ്പിച്ച്‌ പടക്കം പൊട്ടിക്കുന്ന പോലെ ശബ്ദമുണ്ടാക്കുന്ന കുട്ടികള്‍. ചെളിവെള്ളം ഉടുപ്പില്‍ വീഴാതെ വളരെ സൂക്ഷിച്ച്‌ വഴിയുടെ അരികുചേര്‍ന്നു പോകുന്ന പെണ്‍കുട്ടികള്‍. സൈക്കിളില്‍ പോകുന്ന ചില കുട്ടികള്‍ കുഴികളില്‍ ചാടാതെ സൈക്കിള്‍ വെട്ടിച്ചുകൊണ്ടു പോകുന്നു. താഴെ വരെ കാലെത്താത്ത ഒരു ചെറിയ കുട്ടി സൈക്കിളില്‍ നിന്നും വീഴുന്നതിന്റെ ദൃശ്യം. ഉടുപ്പിലാകെ ചെളി. അടുത്തുള്ളവരെല്ലാം ചിരിക്കുന്നു. താന്‍ വീഴുന്നത്‌ മറ്റുള്ളവരെല്ലാം കണ്ടതിന്റെ ജാള്യത കുട്ടിയുടെ മുഖത്ത്‌. തോളിലൂടെ കയ്യിട്ടു പോകുന്ന രണ്ടു കുട്ടികളുടെ മുഖത്തേക്ക്‌ ക്യാമറ ഫോക്കസ്‌ ചെയ്യുന്നു. അതിലൊന്ന്‌ ബാലനികേതനിലെ കുട്ടിയും മറ്റേത്‌ രാജുവുമാണ്‌. അവരെ കണ്ടാല്‍ ഇരട്ടകളെപ്പോലെ. രണ്ടുപേരെയും മാറിപ്പോകും പെട്ടെന്ന്‌. രണ്ടുപേരുടേയും മുന്നില്‍ നിന്നുള്ള ദൃശ്യത്തോടൊപ്പം സംഭാഷണം വ്യക്തമായി കേള്‍ക്കാം.

അനില്‍: "ഇന്നലെ സുരേഷ്‌ ഗോപി വന്നൂടാ, എന്തു ഭംഗ്യാന്നോ കാണാന്‍."

രാജു: "നീയെന്നെ പറ്റിക്കാന്‍ പറയുന്നതല്ലേ, എനിക്കറിയാം."

"പിന്നേ, ഒന്നു പോടാ, സംശ്യോണ്ടെങ്കീ ഇന്നത്തേ പേപ്പറില്‍ നോക്കിക്കോ, സുരേഷ്‌ ഗോപി എനിക്കുമ്മ തരുന്നതിന്റെ ഫോട്ടോ ഉണ്ട്‌ നടുവിലത്തെ പേജില്‍. ഇന്നലെ ഏഷ്യാനെറ്റിലും കാണിച്ചിരുന്നു."

"നീയൊക്കെ വല്യ ഭാഗ്യവാനാ, എനിക്കു കൊതിയാവുന്നു."

"നിനക്കു വെറുതേ തോന്നുന്നതാ, ഞങ്ങള്‍ ആരുമില്ലാത്തവരല്ലേ."

"ആരും ഉണ്ടാവാതിരിക്കുന്നതാ നല്ലത്‌. ഉള്ളവരെക്കുറിച്ചോര്‍ത്തിട്ടു തന്നെ എനിക്കു പേടിയാവുന്നു."

"എന്നാലും ആരുമില്ലെങ്കില്‍ എപ്പൊഴും വല്യ വിഷമമാണ്‌ രാജൂ, എന്തോ ഒരു കുറവുണ്ടെടാ."

"എന്നാലും എന്തു നല്ല രസാണ്‌ നിങ്ങള്‍ക്ക്‌, എപ്പോഴും സിനിമാക്കാരും നേതാക്കന്മാരും ഒക്കെ വരുന്നു, നിറയെ സമ്മാനങ്ങള്‍ കിട്ടുന്നു, എപ്പോഴും നല്ല അടിപൊളിയായിട്ട്‌ തിന്നാന്‍ കിട്ടും, ഒന്നും പേടിക്കേണ്ട."

"പക്ഷേ നിങ്ങളൊക്കെ അച്ഛന്റേയും അമ്മയുടേയും കൂടെയൊക്കെ പോകുന്നതു ഞങ്ങള്‍ അതിന്റെയുള്ളിലിരുന്നു കാണുമ്പോള്‍ എന്തു വിഷമാന്നറിയോ? ഞങ്ങള്‍ക്കാരുമില്ലാന്നുള്ള വിഷമം ഒന്നുകൂടി കൂടുതലാവും. ഞങ്ങള്‍ക്ക്‌ അതിന്റെയുള്ളിലെ ലോകവും പുറത്തെ ലോകവും തമ്മില്‍ ഒരുപാടു ദൂരമുള്ള പോലെ."

"അതൊന്നും ഒരു വല്യ കാര്യല്ലാട്ടോ, എനിക്കു വീട്ടീന്ന്‌ തിന്നാന്‍ ഒന്നും കിട്ടാറില്ല മിക്കപ്പോഴും, നല്ല ഷര്‍ട്ടും നിക്കറും ഒരെണ്ണം പോലുമില്ല എനിക്ക്‌. ആ അച്ഛനെന്നു പറയുന്നയാളെപ്പേടിച്ച്‌ ഞാന്‍ ഒറ്റ രാത്രിയും ശരിക്കുറങ്ങാറില്ല. അമ്മയാണെങ്കില്‍ ചീത്തയാണെന്നാണ്‌ അടുത്തുള്ളവരൊക്കെ പറയുന്നേ. നിങ്ങളുടെയടുത്ത്‌ എന്നെയും കൂടി കൂട്ടുമോ?"

"ഹേയ്‌, നിനക്ക്‌ അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ, അങ്ങിനെയുള്ളവരെ അവിടെ ചേര്‍ക്കില്ല."

"അച്ഛനും അമ്മയുമുള്ളത്‌ ഇത്ര വല്യ ഒരു കുറ്റാണോ?"

"ആവോ ആര്‍ക്കാ അറിയാ..."

"ഈ അച്ഛനും അമ്മയും ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ?"

"എന്റെ ദൈവമേ, നീയെന്താടാ ഈ പറയണേ, ശാപം കിട്ടൂട്ടോ, ഞങ്ങള്‍ എത്രപേരാ അവിടെ അച്ഛനേയും അമ്മയേയും കിട്ടാനായിട്ട്‌ എല്ലാ ദിവസവും പ്രാര്‍ത്ഥിച്ചോണ്ടിരിക്കണേന്നറിയോ നിനക്ക്‌."

"എന്നാ നീയൊരു പണി ചെയ്തോ, എന്റെ അച്ഛനേയും അമ്മയേയും എടുത്തോ, പകരം എനിക്കവിടെ ഇത്തിരി സ്ഥലം തന്നാല്‍ മതി."

"നമുക്ക്‌ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലോ, നമ്മളെ കണ്ടാല്‍ ആരും തിരിച്ചറിയില്ല. രാജൂ, ഞാന്‍ നിന്റെ വീട്ടില്‍ പോകാം, നീ ബാലനികേതനിലേക്കും പൊയ്ക്കോ."

"എനിക്കു വല്യ സന്തോഷാണ്‌. എന്നാലും നീ അവിടുത്തെ കാര്യങ്ങളൊക്കെ എനിക്കു പറഞ്ഞു തരണം. അല്ലെങ്കീ എനിക്കവിടെ ഒരു പരിചയോമില്ലാതെ....."

"നീയൊന്നും പേടിക്കണ്ടാ, ഞാനൊക്കെ പറഞ്ഞു തരാം. പക്ഷേ നിന്റെ വീട്ടിലെ എല്ലാം എനിക്കും പറഞ്ഞു തരണം."

"എന്നാ പറഞ്ഞപോലെ, നമുക്കീ വെള്ളിയാഴ്ചതന്നെ ഇത്‌ ശരിയാക്കാം."

അനിലിന്റെയും രാജുവിന്റെയും മുഖത്തുനിന്നും ക്യാമറ വീണ്ടും ഇടവഴിയിലെ കുട്ടികളുടെ കൂട്ടത്തിലേക്ക്‌. സ്കൂളിലെ ഓഫീസിന്റെ മുന്നില്‍ കെട്ടിത്തൂക്കിയിരിക്കുന്ന ഒരു റെയില്‍പാളത്തിന്റെ കഷണത്തില്‍ കൂട്ടമണിയടിക്കുന്ന അച്ചുനായരിലേക്കു ദൃശ്യം കട്ടാവുന്നു. വരിയായി അസംബ്ലിക്കു നില്‍ക്കുന്ന കുട്ടികള്‍. പ്രാര്‍ത്ഥന ചൊല്ലുന്നത്‌ മൈക്കൊന്നുമില്ലാത്ത കാരണം ചെറിയതായിട്ട്‌ മാത്രം കേള്‍ക്കാം. വൈകിവന്ന കുട്ടികള്‍ ഗെയ്റ്റിനു പുറത്ത്‌ കാത്തുനില്‍ക്കുന്നു. പലരുടേയും മുഖത്ത്‌ നേരം വൈകിയതിന്റെ പരിഭ്രമം കാണാം.

ഇരുട്ടിനേയും നിശ്ശബ്ദതയേയും കീറിമുറിച്ചുകൊണ്ട്‌ മൂന്നരയുടെ ഗുഡ്സ്‌ ട്രെയിന്‍ അലറിക്കുതിച്ചു പോയി. ആല്‍ഫിയുടെ കണ്ണുകള്‍ വിടര്‍ന്നിരുന്നു. കാരണം ഇവര്‍ രണ്ടുപേരും തമ്മില്‍ ഇങ്ങനെയൊരു കൂടുമാറ്റം അയാള്‍ നേരത്തേ പ്ലാന്‍ ചെയ്തതായിരുന്നു. ഇതുവരെയുള്ളതെല്ലാം താന്‍ വിചാരിച്ച പോലെത്തന്നെ വന്നതുകൊണ്ട്‌ അയാള്‍ക്കല്‍പ്പം അശ്വാസം തോന്നി. ഇനിയെന്തായാലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. രാജുവും അനിലും അവരുടെ പുതിയ ലോകങ്ങളില്‍ പുതിയ കൗതുകങ്ങളില്‍ വിഹരിക്കട്ടെ. എത്ര ശ്രമിച്ചാലും ശുഭപര്യവസായിയാകാത്ത തന്റെ രചനകളില്‍ ആദ്യമായി ഒരെണ്ണം നല്ല രീതിയില്‍ അവസാനിച്ചതു കണ്ട്‌ ആല്‍ഫി പതിയെ ചാരുകസേരയിലേക്കു ചാഞ്ഞിരുന്നു.

എഴുതിത്തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അത്‌ അലക്ഷ്യമായി എവിടെയെങ്കിലും ഇടുന്നത്‌ ആല്‍ഫിയുടെ സ്ഥിരം പതിവാണ്‌. ഒരാഴ്ചയായി എഴുതിത്തീര്‍ത്തിട്ട്‌, എങ്കിലും അതൊന്നു കമ്പ്യൂട്ടറില്‍ കേറ്റാന്‍ ഇതുവരെ അയാള്‍ സമയം കണ്ടെത്തിയില്ല. ഇന്നത്തെ രാത്രി ആല്‍ഫി അതിനുവേണ്ടിത്തന്നെ നീക്കിവച്ചു. പതിനൊന്നു മണികഴിഞ്ഞപ്പോഴാണ്‌ പതുക്കെ സിസ്റ്റം ഒന്നു ഓണ്‍ ചെയ്തത്‌. അഞ്ചാറുദിവസമേ ആയുള്ളുവെങ്കിലും കുറേ നേരം തപ്പിയിട്ടാണ്‌ ആ കടലാസുകള്‍ അയാള്‍ക്ക്‌ കിട്ടിയത്‌. കുറച്ച്‌ ടൈപ്പ്‌ ചെയ്തപ്പോഴേക്കും കരണ്ട്‌ പോയി. പെട്ടെന്ന്‌ എന്തോ എറിഞ്ഞുടക്കുന്ന ശബ്ദം പുറത്തുനിന്ന്‌ കേട്ട പോലെ അയാള്‍ക്ക്‌ തോന്നി. ആരെയോ തെറി പറയുന്ന ഒരാണിന്റെ ശബ്ദം കേള്‍ക്കാം. നന്നായി മദ്യപിച്ചിരിക്കുന്ന പോലെ തോന്നി അയാളുടെ ശബ്ദം കേട്ടിട്ട്‌, വാക്കുകള്‍ തിരിയുന്നുണ്ടായില്ല ശരിക്കും. അല്‍പം കഴിഞ്ഞപ്പോള്‍ അയാളുടെ നിലവിളി കേട്ടു, കൂടെ ഒരു സ്ത്രീയുടെ ആക്രോശവും. നല്ല ഇരുട്ടാണ്‌ ഒന്നും കാണാന്‍ വയ്യ. അയാള്‍ ജനല്‍ തുറന്നിട്ടിട്ടും ഒന്നും കാണാന്‍ കഴിഞ്ഞില്ല. പക്ഷേ ഉടനെ തന്നെ ലൈറ്റ്‌ വന്നു. ആല്‍ഫിക്ക്‌ കുറേശ്ശെ തലകറങ്ങുന്നതു പോലെ തോന്നി. കട്ടന്‍ചായ കുടിക്കാഞ്ഞിട്ടായിരിക്കുമെന്നു കരുതി അയാള്‍ ഹീറ്റര്‍ ഓണ്‍ ചെയ്തു. പുറത്താരോ ഓടുന്ന ശബ്ദം കേട്ടു. വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടുന്നു. ജനലിലൂടെ നോക്കിയിട്ട്‌ ആരെയും കണ്ടില്ല. വാതില്‍ തുറന്നപ്പോള്‍ ഒരു ചെറിയകുട്ടി പേടിച്ചരണ്ട്‌ നില്‍ക്കുന്നു. തിളങ്ങുന്ന കണ്ണുകളില്‍ കലങ്ങിയ ഭയം. ആല്‍ഫി എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ തന്നെ അവന്‍ ഓടി അകത്തു കയറി ഒരു മൂലയില്‍ പോയി ഒളിച്ചിരുന്നു. ഇവനെ നല്ല പരിചയമുണ്ടല്ലോ എന്നു തോന്നി ആല്‍ഫിക്ക്‌. ഇത്‌ രാജുവാണല്ലോ.

"രാജൂ, എന്താ പറ്റ്യേ...?"

പേടിച്ചരണ്ട കണ്ണുകള്‍ ക്രുദ്ധമാവുന്നത്‌ അയാള്‍ കണ്ടു.

"നിങ്ങളാണ്‌ എല്ലാത്തിനും കാരണം..."

ആല്‍ഫിക്ക്‌ ഒന്നും മനസ്സിലായില്ല. അയാള്‍ അവനെ ആശ്വസിപ്പിക്കാനായി അടുത്തു ചെന്നു. അവനെ ചേര്‍ത്തു പിടിച്ചു തലയില്‍ പതുക്കെ തലോടി. പെട്ടെന്ന്‌ അവന്‍ പൊട്ടിക്കരഞ്ഞു. ആല്‍ഫി അവനെ ഒന്നുകൂടി ചേര്‍ത്തു നിര്‍ത്തി.

"രാജൂ, കരയാതെ"

"ഞാന്‍ രാജുവല്ല, അനിലാണ്‌"

"നീയെങ്ങിനെ ഇവിടെ?"

"നിങ്ങളല്ലേ എന്നെയും രാജുവിനേയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത്‌?"

"നിങ്ങള്‍ക്ക്‌ രണ്ടു പേര്‍ക്കും അതിഷ്ടമായിരുന്നല്ലോ"

"ആയിരുന്നു, പക്ഷേ ഈ ലോകം എന്റെ സ്വപ്നങ്ങളിലെയല്ലല്ലോ. ഇതു നരകമാണ്‌, എനിക്കീ സ്വാതന്ത്ര്യം വേണ്ട. എനിക്കീ അച്ഛനും അമ്മയും വേണ്ട, എന്റെ പ്രാര്‍ത്ഥനകളില്‍ നിന്ന്‌ ഞാന്‍ അവരെ അകറ്റി നിര്‍ത്തിക്കോളാം. ഞാനെന്തെങ്കിലും കഴിച്ചിട്ട്‌ രണ്ടുദിവസമായി, എല്ലാ ദിവസവും രാത്രി അയാളുടെ ചവിട്ടു കൊള്ളാതെ എണീറ്റോടും, ഉറങ്ങാറേയില്ല. അനാഥത്വം എത്ര വിലയുള്ളതായിരുന്നു എന്ന്‌ ഞാനിപ്പോളാണ്‌ അറിയുന്നത്‌."

കുട്ടിയുടെ ഏങ്ങലടികള്‍ കൂടി വന്നു. ആല്‍ഫി എന്താണ്‌ അവനോട്‌ പറയുക എന്നാലോചിച്ച്‌ കുറച്ചു നേരം നിന്നു.

"ശരി, എങ്കില്‍ നിങ്ങളെ പഴയ പോലെത്തന്നെ നിങ്ങളുടെ സ്വന്തം സ്ഥലങ്ങളിലേക്ക്‌ തിരിച്ചു വിടട്ടെ?"

"വേണ്ട"

ആല്‍ഫി അങ്ങിനെയൊരുത്തരം തീരെ പ്രതീക്ഷിച്ചില്ല.

"അതെന്താ?"

"സാരല്യ, ഇത്‌ ഞാന്‍ സഹിച്ചോളാം, രാജുവിന്‌ ഇപ്പോള്‍ ഭയങ്കര സന്തോഷാണ്‌. അവന്‌ ആ പുതിയ ലോകം എത്ര ഇഷ്ടമായെന്നോ? അവനിപ്പോ നല്ല ഉടുപ്പിട്ടാണ്‌ ക്ലാസ്സില്‍ വരുന്നത്‌, നല്ല ഭക്ഷണം കഴിക്കുന്നു, നന്നായി പഠിക്കുന്നു. അവനിപ്പോ ശരിക്കും ജീവിയ്ക്കുവാണ്‌. ഞാന്‍ തിരിച്ചു ബാലനികേതനിലേക്കു പോയാല്‍ അവന്‍ മടങ്ങി വരേണ്ടത്‌ ഇവിടേക്കു തന്നെയല്ലേ? ഞങ്ങളുടെ രണ്ടുപേരുടെയും വേദന മാറ്റാന്‍ നിങ്ങള്‍ക്കാകുമോ?"

ഒരു നിമിഷം എന്റെ ഉള്ളൊന്നു പിടഞ്ഞു. ഇതിനു ഞാനെന്തു മറുപടി കൊടുക്കും? പെട്ടെന്ന്‌ എന്റെ പിടി വിടുവിച്ച്‌ അവന്‍ പുറത്തേക്കോടി. പോകേണ്ടെന്നു പറയാനോ തിരിച്ചു വിളിക്കാനോ എനിക്കായില്ല. ഞാന്‍ ഒരു വെറും മൂഢനേപ്പോലെ തറയിലിരുന്നു.

17 Comments:

Blogger വാളൂരാന്‍ said...

ഒരു പോസ്റ്റിടുന്നു, പരീക്ഷണങ്ങളാണ്‌, കൊലച്ചതിയായിപ്പോയെങ്കില്‍ ഒരു കഷണം മാപ്പ്‌....

1:06 AM, October 18, 2006  
Blogger Rasheed Chalil said...

മുരളിമാഷേ ഒത്തിരി ഇഷ്ടമായ പോസ്റ്റ്. എത്ര നന്നാക്കാന്‍ ശ്രമിച്ചാലും ക്ലൈമാക്സ് അലങ്കോലമാക്കുന്ന ലോകവും കഥയ്ക്കുള്ളിലെ കഥയും. അസ്സലായിരിക്കുന്നു.

1:42 AM, October 18, 2006  
Blogger സൂര്യോദയം said...

മുരളീ... പരീക്ഷണം നന്നായിട്ടുണ്ട്‌... ഇഷ്ടപ്പെട്ടു.

3:10 AM, October 18, 2006  
Blogger സുല്‍ |Sul said...

മുരളീ, നന്നായിരിക്കുന്നു കഥ. രാജുവിനും അനിലിനും ഒപ്പം സന്തോഷമായിരിക്കാന്‍ പറ്റുമൊ? ഒരു നൊമ്പരം...

3:34 AM, October 18, 2006  
Blogger ഇടിവാള്‍ said...

മുരളിമാഷേ ! ഐഡിയാ...

ആല്‍ഫി കൊള്ളില്ലെന്ന്.. സത്യന്‍ അന്തിക്കാടിനെ വിളി . അങ്ങേരാവുമ്പോ എല്ലാം ശുഭപര്യവസാനിയാക്കിക്കോളും !

അല്ലേപ്പിന്നെ.. രന്‍‌ജി പണിക്കരെ വിളി.
നേരത്തെ ബാല നികേതനില്‍ വന്നി പോയ സുരേഷ്ഗോപിയെ ഒരു തോക്കും ഒക്കെ കൊടുത്ത് രാജുവിന്റെ അച്ഛന്റെ അരികിലേക്ക് വിട്ട് ”പ്‌ഫ്‌ഭ പുല്ലേ..ആ ചെക്കനെ ഇനി ദ്രോഹിച്ചാല്‍, ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ചു തീറ്റിക്കും” എന്നു തന്തപ്പടിക്കൊരു വാണിങ്ങും കൊടുത്താല്‍, അങ്ങേരു പേടിച്ച് ദേഹോപദ്രവം നിര്‍ത്തിക്കോളും ! യേത് ?


ഓ.ടോ: കഥയുടെ ആദ്യത്തിലൊരു ഡ്രാഗിങ്ങ് തോന്നിയെങ്കിലും, ആകെ മൊത്തം നന്നായിരിക്കുന്നു.

4:11 AM, October 18, 2006  
Blogger asdfasdf asfdasdf said...

മുരളീ നന്നായിരിക്കുന്നു. എല്ലാ കഥയും ശുഭപര്യവസാനിയാവണമെന്നില്ല.
ഇവിടെയല്ലേ നമുക്ക് പരീക്ഷണങ്ങള്‍ പറ്റൂ. സ്റ്റാമ്പ് വേണ്ട, കവറ് വേണ്ട, പ്രസിദ്ധീകരിച്ചില്ലെങ്കില്‍ തിരിച്ചയക്കാനുള്ള കവര്‍ വേണ്ട, എന്തിന് പേപ്പറു പോലും വേണ്ട. പണ്ട് ഞാന്‍ മാതൃഭൂമിയിലേക്ക് 8 കവിതകള്‍ തുരുതുരാ എഴുതിയിട്ടാണ് ഒരെണ്ണം പ്രസിദ്ധീകരിച്ചതു തന്നെ. തിരിച്ചു വന്ന എല്ലാ പോസ്റ്റിലും ഒരേ വാക്കുകള്‍ ‘സ്ഥല പരിമിതി മൂലം താങ്കളുടെ കൃതി പ്രസിദ്ധീകരിക്കാനാവാത്തതില്‍ ക്ഷമിക്കുക.അതില്‍ ഒന്നിലെ കൈയ്യൊപ്പ് കുഞ്ഞുണ്ണി മാഷുടെയും മറ്റൊന്ന് സാക്ഷാല്‍ എം.ടിയുടെയും.’ അങ്ങനെ ഒരു കെട്ട് വീട്ടിലെ പത്തായത്തില്‍ ഇരിക്കുന്നുണ്ട്.ഞാനും എഴുതുന്നത് പരീക്ഷണമാണ് http://pachakkuthira.blogspot.com

9:05 AM, October 18, 2006  
Blogger പുള്ളി said...

മുരളി, വ്യത്യസ്ഥതയുള്ള കഥ. ഇതെഴുതിയതിന്റെ പേരില്‍ ഒരുദിവസം ആല്‍ഫി മുരളിയുടെ വീട്ടുവാതിലില്‍ വന്നു മുട്ടിവിളിക്കാതിരിയ്ക്കട്ടെ :)

5:31 PM, October 18, 2006  
Blogger മുസ്തഫ|musthapha said...

മുരളി... എനിക്ക് വളരെ ഇഷ്ടമായി.

വളരെ നല്ല പോസ്റ്റ്... ഇനിയും തുടരാവുന്ന പരീക്ഷണം.

തുടക്കത്തില്‍ ഒരു ‘ഇഴച്ചില്‍‘ തോന്നാതിരുന്നില്ല... പക്ഷെ, കുറച്ചങ്ങട്ട് നീങ്ങിയപ്പോള്‍ ഗുട്ടന്‍സ് പിടികിട്ടി.

നമ്മളെല്ലാം ആല്‍ഫിമാര്‍ തന്നെ - അല്ലേ.

പോസ്റ്റിയതിനേക്കാളും മൂന്നിരട്ടി ഡ്രാഫ്റ്റുകള്‍ കുമിഞ്ഞു കൂടിയിരിക്കുന്നു എന്‍റെ ഡാഷ്ബോര്‍ഡില്‍ :)

10:48 PM, October 18, 2006  
Blogger വല്യമ്മായി said...

പരീക്ഷണം വിജയിച്ചിരിക്കുന്നു.ആശംസകള്‍

11:02 PM, October 18, 2006  
Blogger magnifier said...

മുരളിമാഷേ ഭംഗിയായി, നല്ല ഒഴുക്കുള്ള ഭാഷ. നന്ദി!

ഓ.ടോ.. ഈ കറുത്ത ബാക്ക്ഗ്രൌണ്ട് വായനക്ക് ചെറിയ ഒരു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ..

11:59 PM, October 18, 2006  
Blogger വാളൂരാന്‍ said...

കമന്റിയവരിലേക്ക്‌ ഒരു ക്ലോസപ്പ്‌:
തേങ്ങയുടച്ച കമന്റില്‍ത്തന്നെ നന്നായി എന്നു കണ്ടപ്പോള്‍, ഇത്തിരീ.. ഒത്തിരി സന്തോഷം....
സൂര്യാ... നന്ദി
സീറോസുല്‍... നന്ദി
ഇടിയേട്ടാ... പരിചയക്കുറവുകൊണ്ടാണ്‌ ഡ്രാഗിങ്ങ്‌ വരുന്നത്‌. നേരത്തേ വായന മാത്രേ ഉണ്ടായുള്ളു, എഴുത്തിന്റെ ലോകത്തില്‍ നാല്‍പതു ദിവസത്തെ പ്രായമേ ആയിട്ടുള്ളു. നന്ദി.
കുട്ടേട്ടാ..അപ്പോ നിര്‍ത്തണ്ടാല്ലേ... നന്ദി
പുള്ളി... ഈ എഴുത്തിന്റെ സാഹസം കാരണം ജീവിതത്തിനു തന്നെ ഭീഷണിയുണ്ടാവുമോന്ന്‌ സംശ്യണ്ട്‌... നന്ദി
അഗ്രേട്ടാ... തുടരാം... പക്ഷേ നിര്‍ത്തണമെന്നുതോന്നുമ്പോള്‍ പറയണേ... നന്ദി
ബിഗ്ഗാന്റീ.... നന്ദി
മാഗ്നീ... വാക്കുകള്‍ വരമായിക്കിട്ടിയ താങ്കളേയും ഇടിയേയും പോലുള്ളവരുടെ കമന്റുകളെ വളരെ വിലമതിക്കുന്നു... (കറുപ്പിനഴക്‌ ഓ ഓ ഓ .....) നന്ദി

ഇതിന്റെയൊപ്പം ഒരെണ്ണം കൂടി എഴുതിത്തുടങ്ങിയിരുന്നു. പരീക്ഷണം തുടര്‍ന്നാല്‍ കാലുതല്ലിയൊടിക്കും എന്ന കമന്റുകളാണ്‌ കൂടുതലും കിട്ടുന്നതെങ്കില്‍ അതെടുത്തു കത്തിച്ച്‌ അമ്മിച്ചോട്ടിലിടാം എന്നു കരുതിയിരിക്കുകയായിരുന്നു. ഇതിപ്പോ കമന്റിട്ടവരൊന്നും ചില്ലറക്കാരല്ലാത്തതിനാല്‍ കൂടുതല്‍ സാഹസത്തിനു മുതിരുന്നു. ഒരെണ്ണം കൂടി പോസ്റ്റുന്നു.

1:25 AM, October 19, 2006  
Blogger Murali K Menon said...

ബാല്യങ്ങളുടെ ചില ക്ലോസ്പ്പ് ഷോട്ടുകള്‍ വായിക്കാന്‍ ഞാന്‍ തനിമലയാളത്തിന്റെ പഴയ ലീസ്റ്റിലേക്കുപോയി. അങ്ങനെ വായിക്കുകയും ചെയ്തു. സമകാലീന സംഭവങ്ങളുടെ ഒരു പരിഛേദമായി ഞാന്‍ ഈ കഥയെ കാണുകയാണ്. കഥാകൃത്ത് കണ്ണും കാതും തുറന്നുപിടിച്ചിരിക്കുമ്പോള്‍ ഇത്തരം അവസ്ഥകള്‍ കാണാതെ വയ്യ, അപ്പോള്‍ എഴുതാതിരിക്കാനും വയ്യ. എഴുതി. നന്നായിരിക്കുന്നു. കഥയില്‍ പുതുമ നില നില്‍ക്കുന്നത് ഇത്തരം കഥകള്‍ എഴുതുമ്പോഴാണ് എന്നെനിക്കു തോന്നുന്നു.

11:21 AM, October 31, 2006  
Blogger വാളൂരാന്‍ said...

മുരളിമേനോന്‍,
താങ്കളുടെ രണ്ടു കമന്റുകളും കിട്ടി. വളരെ വളരെ സന്തോഷം. ഈ പ്രോത്സാഹനം എനിക്ക്‌ കൂടുതല്‍ ഗൗരവമായി എഴുതാനുള്ള പ്രചോദനം തരുന്നു. നന്ദി. സമാന ചിന്താഗതിയുള്ളവരുടെ വാക്കുകള്‍ ഒരു നല്ല സുഹൃത്തിനേപ്പോലെ അരികില്‍ നില്‍ക്കുന്നു.

1:50 AM, November 01, 2006  
Blogger ഹേമ said...

ബാല്യങ്ങളുടെ ചില ക്ലോസപ്പ് ഷോട്ടുകള്‍’ : ഇഷ്ടമായി.
മുരളിക്ക് അഭിനന്ദങ്ങള്‍.
സിമി.

2:05 AM, November 01, 2006  
Blogger വാളൂരാന്‍ said...

നന്ദി സിമീ,
പരീക്ഷണങ്ങളുടെ പുറകേയാണ്‌, വളരെ ഗഹനങ്ങളായ കവിതയെഴുതുന്ന താങ്കളുടെ നല്ല വാക്കുകള്‍ വിലയേറിയതാണ്‌.
കരളുവായിച്ചു, കമന്റിടാന്‍ പറ്റിയിട്ടില്ല, പുറകേ വരുന്നു....

3:37 AM, November 01, 2006  
Blogger Siju | സിജു said...

മുരളിച്ചേട്ടാ...
ഇഷ്ടപെട്ടു, നന്നായിട്ടുണ്ട്
qw_er_ty

6:38 AM, November 02, 2006  
Blogger പരദേശി said...

സഹദോഹാ...,

നന്നായിട്ടുണ്ട്...
...

11:56 PM, November 06, 2006  

Post a Comment

Subscribe to Post Comments [Atom]

<< Home