പ്രവാസവഴികളിലെ ജാനകിക്കുട്ടി
ഒരു സുഹൃത്ത് സമ്മാനിച്ച വാൻ ഹ്യൂസന്റെ അൽപ്പം തിളക്കമുള്ള ഷർട്ട്
ചുളിവുകളൊക്കെ നിവർത്തി തേച്ചു വക്കുകയായിരുന്നു അയാൾ. പൊടി ഒപ്പിയെടുക്കുന്ന റോളർ
അതിനു മുകളിലൂടെ ഓടിക്കുമ്പോൾ കുറെ കാലം ഇട്ടിരുന്ന, ഒരിക്കലും തേച്ചിട്ടില്ലാത്ത പരുക്കൻ പരുത്തിയുടെ ഖാദി ഷർട്ടിനെക്കുറിച്ചും വയനാടുനിന്നും
എറണാകുളം വരെ പോയാലും ഉടുക്കാറുള്ള നിറമുള്ള മുണ്ടിനെക്കുറിച്ചും വെറുതെ ഓർത്തു. ആ
പരുക്കൻ ഷർട്ടുകൾ തനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. വളരെപ്പെട്ടെന്ന് അറബിനാട്ടിലെ
ഔപചാരികതകളുടെ വിരസത അയാളെ അലോസരപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.
ഓർമ്മകളൊന്നും അധികം മനസ്സിൽ നിൽക്കാറില്ലെങ്കിലും ഈ മരുഭൂമിയിലേക്ക്
വന്നിട്ട് ഒരു വർഷത്തിനുമേലെ ആയിരിക്കുന്നു എന്ന് അയാൾക്ക് ഊഹിച്ചെടുക്കാം. ആമ
ഉള്ളിലേക്കു തല വലിക്കുന്നതുപോലെയുള്ള ഒരു സംവത്സരം. എന്തിനാണ് താനിങ്ങനെ
എല്ലാവരിലും നിന്ന് ഒളിച്ചോടുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടാൻ അയാൾ പലപ്പോഴും
ശ്രമിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും ഉത്തരത്തിന്റെ അരികിൽ പോലും എത്താൻ
കഴിഞ്ഞിട്ടുമില്ല.
യൂറ്റ്യൂബിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഏറെ ദൂരെയുള്ള അവൾക്ക്
അയാൾ മെസ്സേജ് ചെയ്തു –
“എന്ന് സ്വന്തം ജാനകിക്കുട്ടി കണ്ടുകൊണ്ടിരിക്കുന്നു.”
പെട്ടെന്നു തന്നെ മറുപടി വന്നു – “ഓ ഒറ്റപ്പെട്ടവരുടെ വേദപുസ്തകം. എത്രാമത്തെ
തവണയാണെന്ന് ഓർമ്മയുണ്ടോ? നീയിതിനിയും
നിർത്തിയില്ലേ?! കുറച്ചുനാൾ
കുറവുണ്ടായിരുന്നതാണല്ലോ അസുഖം...”
“ജാനകിക്കു കിട്ടിയപോലെ ഒരു യക്ഷിയുടെ വരവിനായി കാത്തിരിക്കുന്നു”.
“ഇപ്പോ നിനക്കവിടെയെന്താ പ്രശ്നം?”
“പ്രശ്നം ആദ്യം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു...”
“എന്നാ പിന്നെ പ്രശ്നമെന്താണെന്ന് മോനാദ്യം കണ്ടുപിടിക്ക്, എന്നിട്ടു നമുക്ക് സൊല്യൂഷനുണ്ടോന്നു നോക്കാം...”
“ശരി... പിന്നെക്കാണാം”
“ബൈ”
സുഹൃത്തുക്കളൊക്കെ പെട്ടെന്നു ബൈ പറഞ്ഞു പിരിയുകയാണെന്നു കുറച്ചേറെയായി
തോന്നുന്നു. അയാൾക്കു പെട്ടെന്നു ചിരിവന്നു. അതിനു തനിക്കാരാണൊരു സുഹൃത്തായുള്ളത്.
ഏകദേശം ഇരുപതു വർഷങ്ങൾക്കു മുൻപ് ആ സിനിമ കണ്ടതു മുതൽ ജാനകിയുമായി തന്നെ ഉപമിക്കുന്നത്
അയാളൊരു ഹരമാക്കിയിരുന്നു. ആദ്യമൊക്കെ അവളെപ്പോഴും
അയാളെ ചീത്തപറയും - “ജാനകിയുടെപോലെയുള്ള ചുറ്റുപാടല്ല നിന്റേത്. മാത്രമല്ല
അത് എം.ടിയുടെ ഫാന്റസി മാത്രമാണ്. നീയതു ജീവിതത്തിൽ പകർത്താൻ പോകുന്നതാണ് തനി
പ്രാന്ത്. പച്ചമലയാളത്തിൽ പറഞ്ഞാൽ നൊസ്സ്, അതാണ് നിന്റെ
സൂക്കേട്. എംടിക്ക് എങ്ങനെ വേണമെങ്കിലും ആ കഥയെ മാറ്റിമറിക്കാമായിരുന്നു. അയാളുടെ
കയ്യിലെ ഒരു വെറും കഥാപാത്രം മാത്രമാണ് ജാനകിക്കുട്ടി. നിന്റെ ജീവിതത്തിനു
ശുഭാന്ത്യമുള്ള ഒരു തിരക്കഥയൊരുക്കിക്കൊണ്ട് ആരും വരാൻ പോകുന്നില്ലെന്ന് നീ ആദ്യം
മനസ്സിലാക്കണം.”
എന്നിട്ടും ഏകാന്തതയിലേക്ക് ഊളിയിടുന്നത് അയാളൊരു സ്വഭാവമാക്കി.
ഒറ്റക്കിരിക്കുന്നത് ശീലമാക്കി. എല്ലാവരിൽ നിന്നും ഒളിച്ചോടിയിട്ട്
തനിക്കാരുമില്ലെന്ന് പയ്യാരം പറഞ്ഞു. അങ്ങനെയാണ് അവസാനം അയാൾ ആ ഗ്രാമം വിടുന്നത്.
ഏറ്റവും കുറഞ്ഞ സൌഹൃദങ്ങളും ഏറ്റവും കുറച്ച് ആൾക്കാരുമുള്ള ആ വയനാടൻ
ഉൾപ്രദേശത്തുനിന്നും ഏതെങ്കിലും തിരക്കേറിയ നഗരത്തിലെത്തിയാൽ ഒരുപക്ഷേ, അയാൾ രക്ഷപ്പെട്ടേക്കുമെന്ന് അയാളുടെ വീട്ടുകാരും കരുതി.
ആദ്യം കോഴിക്കോട്ടേക്കും പിന്നെ എറണാകുളത്തേക്കും ബോംബെയിലേക്കുമൊക്കെയുള്ള
അയാളുടെ പാലായനം അയാൾ സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ കാന്തികവലയത്തിൽ നിന്നുള്ള
മുക്തി തേടിയായിരുന്നു. എന്നിട്ടോ, എന്തെങ്കിലും
വ്യത്യാസമുണ്ടായോ? അവൾ പറഞ്ഞ ആ നൊസ്സിന് ദേശങ്ങളും കാലങ്ങളുമനുസരിച്ച് ആക്കം
കൂടിവന്നു. നഗരത്തിരക്കുകളും പല തരത്തിലുള്ള ആൾക്കൂട്ടങ്ങളും പലവിധ ജോലികളും അയാളെ
കൂടുതൽ വിഹ്വലതകളിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്. മരുന്നുകൾ മയക്കിയ
ആശുപത്രിക്കിടക്കയിൽ നിന്ന് സ്വതന്ത്രനായാണ് ഒരിക്കലയാൾ വയനാട്ടിലേക്ക്
തിരിച്ചെത്തിയത്. അന്നുവരെയുണ്ടായിട്ടുള്ള ചരിത്രം വീണ്ടും അവനുവേണ്ടി വീട്ടുകാർ
കാത്തുവച്ചിരുന്നു. അസുഖം മാറാൻ കല്യാണം. എവിടെയോ ഉള്ള ഏതോ പെൺകുട്ടിയുടെ
ഭാഗ്യത്തിന് അയാളതിനു തയ്യാറാവാതെ വീണ്ടും അലച്ചിലുകളുടെ പ്രവാസവഴികളിലേക്കിറങ്ങി
നടന്നു.
കാറുകൾ വാടകക്കു കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ യാർഡിലേക്കാണ് അയാളുടെ
ജനാലയിൽ നിന്നുള്ള കാഴ്ച ചെന്നെത്തിയിരുന്നത്. നിറയെ പഴയതും പുതിയതുമായ വണ്ടികൾ
പാർക്ക് ചെയ്തിരിക്കുന്നു. കൂടുതലും അപകടം പറ്റിയതും പഴയതുമായ വണ്ടികൾ. ഒരു ലോറി
നിറയെ പഴയ ടയറുകൾ നിറച്ചിരിക്കുന്നു. പെട്ടെന്ന് ഒരുപാട് പ്രായമായ പോലെ അയാൾക്ക്
തോന്നി. പഴക്കം ചെന്ന് ഉപേക്ഷിക്കപ്പെട്ട ഒരു വണ്ടിയുമായി അയാൾ സ്വയം ഉപമിച്ചു.
ഉടമസ്ഥനുവേണ്ടിയല്ലാതെ ഓടുന്ന വണ്ടികൾ. ഇവരിതൊക്കെ എന്താണാവോ നന്നാക്കാത്തത്? യാർഡിനപ്പുറത്ത് തിരക്കേറിയ ഒരു റോഡായിരുന്നു. ലാൻഡ്
ക്രൂയിസറുകളും ബെൻസുകളും നിറഞ്ഞോടുന്ന വഴിയായിരുന്നു അത്. പകലുകളിൽ ഉഷ്ണം
പെരുക്കുന്ന ആ നിരത്തുകളിൽനിന്നും ആവി പൊങ്ങുന്നതുപോലെ തോന്നാറുണ്ട്. തിരക്കു
പിടിച്ച് എവിടെക്കൊക്കെയോ പാഞ്ഞുപോകുന്ന മനുഷ്യർ. എന്തൊരു വേഗമാണ് വണ്ടികൾക്ക്.
എന്നിട്ടും അതിലിരുന്ന് ആക്സിലേറ്ററിൽ കാലമർത്തി വേഗം കൂട്ടുന്നു. തിരക്കാണെങ്ങും.
ആമയെപ്പോലെ ഒട്ടും വേഗമില്ലാത്തവനാണ് താനെന്ന് അയാൾക്ക് തോന്നി.
ബാൻഡുകളിലൊക്കെ പാടാൻ പോകുന്ന ഒരു ശ്രീലങ്കൻ തമിഴനായിരുന്നു മുറിയിൽ അയാളുടെയൊപ്പം
താമസിച്ചിരുന്നത്. റംലാൻ
എന്നായിരുന്നു അയാളുടെ പേര്. കടൽ വിഭവങ്ങളോട് വളരെ താൽപ്പര്യമുണ്ടായിരുന്ന അവനുണ്ടാക്കുന്ന
ഭക്ഷണങ്ങൾ ഏറെ ഹൃദ്യമായിരുന്നു. അതിലേറെ ഹൃദ്യമായിരുന്നു അവന്റെ പെരുമാറ്റവും.
ഏറ്റവും സ്നേഹമുള്ളവൻ. പച്ചക്കറി വിഭവങ്ങൾ അപൂർവ്വമായി മാത്രം കഴിക്കുന്ന അയാൾക്ക്
പറ്റിയ കൂട്ടായിരുന്നു അവൻ. രുചി പെരുത്ത ഞണ്ടു കറിയും, ബീഫിട്ട കൊത്തുപൊറോട്ടയും, പിന്നെ അവന്റെ
മാസ്റ്റർപീസായ ചെമ്മീൻ വറുത്തതും ഉണ്ടാക്കി അവൻ അയാളെ തീറ്റിക്കൊണ്ടിരുന്നു. കടൽ വിഭവങ്ങൾ
ഉണ്ടാക്കാൻ റംലാനെക്കാളും മികച്ചൊരാൾ ലോകത്തില്ലെന്നു തന്നെ
അയാൾക്കുറപ്പായിരുന്നു. ഇടക്ക്
അടുപ്പത്ത് മീൻ എന്തെങ്കിലും പൊരിക്കുമ്പോഴേക്കും അടുത്ത മുറിയിൽ താമസിക്കുന്ന
പട്ടർ ഓടിവന്ന് റംലാനോട് ഒച്ചയിടും. തിരിച്ചവനും പറയും. പിന്നെ പട്ടർ നല്ല
ചെന്തമിഴിലും റംലാൻ ശ്രീലങ്കൻ തമിഴിലും പൊരിഞ്ഞ പോരാട്ടമായിരിക്കും.
യുദ്ധത്തിനൊടുവിൽ നല്ല ഒരു വിഭവം റെഡിയായിട്ടുണ്ടായിരിക്കും.
“റംലാൻ, നമ്മുടെ മുന്നിലുള്ള റെന്റ്-എ
കാറിൽ നിന്നും എനിക്കൊരു വണ്ടിയെടുത്തു തരാമോ?”
“ഓഹോ അതിനെന്താ, എപ്പോ വേണം? ഏതു വണ്ടി വേണം?”
“ഏതെങ്കിലും ഒരു ഫോർവീൽ വണ്ടി മതി. നാളെ വെള്ളിയാഴ്ചയല്ലേ, ഇന്നു
വൈകീട്ടു കിട്ടിയാൽ നന്നായി”
“ഓ യെസ്, നമുക്കൊരു പജേറോ ശരിയാക്കാം. എത്ര ദിവസത്തേക്കാണ്? എന്തായാലും അതിരാവിലെ അല്ലെങ്കിൽ വൈകീട്ട് പോകുന്നതാണ് നല്ലത്. ടെമ്പറേച്ചർ അമ്പതിനോടടുത്താണ്, മറക്കണ്ട. എന്താ പരിപാടി? എവിടേക്കാണ് യാത്ര പ്ലാൻ ചെയ്യുന്നത്? “
പെട്ടെന്ന് ഒരുത്തരം കൊടുക്കാൻ അയാൾക്കായില്ല. ആ ചോദ്യം കേൾക്കാത്ത പോലെ അയാൾ
മറ്റെന്തോ ആലോചിക്കുന്നതായി ഭാവിച്ചു.
പച്ചപ്പ് ഒട്ടും തന്നെ കണ്ടെത്താനാകാത്ത തെരുവുകളിലൂടെയായിരുന്നു അയാൾ
അതിരാവിലെ നടക്കാനിറങ്ങാറ്. എങ്കിലും പ്രാവുകളുടെ കുറുകലും മൈനകളുടെയും
കുരുവികളുടെയും തിരക്കുമുള്ള തെരുവുകളായിരുന്നു അത്. അറബികളുടെ വളരെ ഉയരമുള്ള
മതിലുകൾക്കകത്ത് എങ്ങനെയായിരിക്കും അവരുടെ വീടുകളെന്ന് അയാൾക്ക്
ഊഹിക്കാനായിട്ടില്ല. അയാളൊരിക്കലും അത്തരമൊരു വീടിന്റെ മതിൽക്കകത്തേക്ക്
കടന്നിട്ടില്ല. ഉയരങ്ങളിലേക്കു വളർന്നു നിൽക്കുന്ന മതിലുകൾക്കരികെ ഒരാൾപ്പൊക്കത്തിലുള്ള
ഈന്തപ്പനകൾ കായ്ച്ചു നിൽക്കുന്നതു കാണാം. സ്വർണനിറത്തിൽ കുലകളായി നിൽക്കുന്ന
ഈന്തപ്പഴങ്ങളിൽ നിന്നും അയാളിടക്ക് ഓരോന്ന് പൊട്ടിച്ചു തിന്നാറുണ്ട്. അന്നും
പതിവുതെറ്റിക്കാതെ അയാൾ സൂര്യനുദിക്കുന്നതിനു മുന്നേ തന്റെ പതിവുനടത്തം തുടങ്ങി. ഇക്കാലമത്രയും
നടന്നുതീർത്ത തന്റെ മുരടിച്ച ജീവിതവഴികൾ ഏറ്റവും ചേർന്നു നിൽക്കുന്നത് നിർജ്ജീവമായ
ഈ പാതകളോടാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
വിയർപ്പിലൊഴുകി തിരിച്ചെത്തുമ്പോഴും അവനെണീറ്റിട്ടുണ്ടായില്ല. അല്ലെങ്കിലും
വെള്ളിയാഴ്ചകളിൽ ഇവിടെ മിക്കവർക്കും പ്രഭാതം എന്ന ഒന്ന് ഉണ്ടാകാറില്ല. ഘടികാര സൂചികൾ ഉച്ചയായി എന്നു കാണിച്ചപ്പോൾ അയാൾ പുറത്തിറങ്ങി വണ്ടി പാർക്ക് ചെയ്തിരിക്കുന്നിടത്തേക്കു
നടന്നു, തുടർന്ന് ജാലകച്ചില്ലുകൾ
താഴ്ത്തിയിട്ട് കനൽ പോലെ പെയ്തിറങ്ങുന്ന വെയിലിലൂടെ മരുഭൂമിയെ മുറിച്ചു പോകുന്ന
ടാറിട്ട നിരത്തിലൂടെ ഓടിച്ചുപോയി. ഒട്ടും ദയയില്ലാതെ ചൂടുകാറ്റ് അയാളുടെ
ദേഹത്തേക്ക് വീശിയടിച്ചുകൊണ്ടിരുന്നു. ആ വർഷത്തെ ഏറ്റവും ചൂടു കൂടിയ
ദിവസങ്ങളിലൊന്നായിരുന്നു അത്. ഒട്ടകങ്ങൾ റോഡിലേക്ക് കടക്കാതെ ഉയർത്തിക്കെട്ടിയ
കമ്പിവേലികൾ വഴിക്കരികിൽ നീണ്ടു കിടന്നു. മണിക്കൂറുകൾ ഓടിക്കഴിഞ്ഞ് ഒരിടത്ത്
പൊളിഞ്ഞുകിടക്കുന്ന കമ്പിവേലികൾ കണ്ടപ്പോൾ ഫോർവീലിലേക്ക് മാറ്റി അയാൾ പജേറൊ
മണൽക്കാട്ടിലേക്കു തിരിച്ചു. മുന്നിൽ മണലിൽ നിന്ന് ആവി പൊങ്ങുന്നതുപോലെ തോന്നി
അയാൾക്ക്. ഉഷ്ണസൂചികൾ അയാളുടെ സിരകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കുത്തിനോവിച്ചു
തുടങ്ങി. മൂക്കിൽ നിന്നും കിനിഞ്ഞിറങ്ങിയ രക്തത്തുള്ളികൾ അയാളപ്പോൾ ധരിച്ചിരുന്ന
നിറമുള്ള മുണ്ടിനെയും പരുക്കൻ ഖാദി ഷർട്ടിനെയും ചുവപ്പിച്ചുകൊണ്ടിരുന്നത് അയാൾ
ശ്രദ്ധിച്ചതേയില്ല. ഓർമ്മകളുടേയും വേദനകളുടേയും ഭാരമിറക്കിവക്കുകയായിരുന്നു അയാൾ.
പെട്ടെന്ന് മരുപ്പച്ചപോലെയൊന്ന് അയാളുടെ മങ്ങിയ കാഴ്ചകളിൽത്തെളിഞ്ഞു. പിന്നീട്
അതിന്റെ പച്ചപ്പു കൂടിക്കൂടി വരികയും, നിറയെ ചെടികളും മരങ്ങളും നിറഞ്ഞ ഒരു കാട്ടിനുള്ളിലാണ്
താനെന്ന് അയാൾക്ക് തോന്നുകയും ചെയ്തു. നിലത്തു പടർന്നു കിടന്ന ഒരു വള്ളിപ്പടർപ്പിൽ
കാൽ തട്ടി ജാനകി വീണുകിടക്കുന്നതു കണ്ടു. സുന്ദരിയായ കുഞ്ഞാത്തോൽ
ദംഷ്ട്രയൊന്നുമില്ലാതെ, ശാന്തയായി
ഏറ്റവും സ്നേഹത്തോടെ ജാനകിയുടെ മുടിയിഴകളിൽ തഴുകുന്ന, സ്വപ്നം പോലുള്ള ദൃശ്യത്തിലേക്ക് അയാളലിഞ്ഞു. ആ മൃദുസ്പർശം
അയാൾ തന്റെ ശിരസ്സിലേറ്റുവാങ്ങി.