ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Friday, March 05, 2010

തട്ടേക്കാട് - സ്വപ്നത്തിലൂടെയൊരു യാത്ര

നല്ലപാതിയെ ചേര്‍ത്തലയില്‍ വീട്ടിലാക്കി തിരിച്ചുപോരുന്ന വഴിക്കാണ്‌ അങ്കമാലിയിലെത്തിയപ്പോള്‍ ഒന്ന് തട്ടേക്കാട്‌ പോയാലോ എന്ന് മോഹമുദിച്ചത്‌. ട്രാന്‍സ്പോര്‍ട്ട്‌ ഓര്‍ഡിനറി ബസ്സിലെ യാത്ര തിരക്കില്ലാത്തപ്പോഴാണെങ്കില്‍ സുഖകരമാണ്‌. ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ഓര്‍ഡിനറിയാണെങ്കില്‍ ഒരു സൂപ്പര്‍ ഫാസ്റ്റിന്റെ ഫലവു ചെയ്യും. ക്രിസ്തുമസ്‌ ദിനമായിരുന്നു. ബസ്സിലും റോഡിലും അധികം തിരക്കില്ല. ഇടക്ക്‌ ചില പള്ളികളില്‍ നിന്ന് കുര്‍ബ്ബാന കഴിഞ്ഞ്‌ ഒരുപാടാളുകള്‍ ഇറങ്ങിവരുന്നുണ്ടായി. നേരിയ തണുപ്പുണ്ട്‌. പ്രസന്നമായ അന്തരീക്ഷം. ഇടത്‌ വശത്ത്‌ നല്ലൊരു വിന്‍ഡോ സീറ്റും കൂടി കിട്ടിയപ്പോള്‍ ചേര്‍ത്തല മുതല്‍ അങ്കമാലി വരെ യാത്ര സുഖം. ഓരോ തവണ ലീവിന്‌ വരുമ്പോഴും റോഡിനിരുവശത്തും ഉണ്ടാകുന്ന മാറ്റങ്ങള്‍ കൗതുകകരമാണ്‌. ഗ്രാമങ്ങള്‍ തീര്‍ത്തും അന്യമായിക്കൊണ്ടിരിക്കുന്നു. ഹൈവേയില്‍ കൂടി പോവുകയാണെങ്കില്‍ ഒരു ടൗണിന്റെ തുടര്‍ച്ചയാണ്‌ അടുത്ത ടൗണ്‍. നഗരങ്ങള്‍ ഗ്രാമങ്ങളിലേക്ക്‌ പടര്‍ന്നുകൊണ്ടിരിക്കുന്നു.

അങ്കമാലിയില്‍ ആനന്ദഭവനില്‍ നിന്ന് ഒരു നെയ്‌റോസ്റ്റും കാപ്പിയും. കഴിച്ചുകൂട്ടാം അത്രേ ഉള്ളൂ. ക്രിസ്തുമസ്‌ ദിനത്തില്‍ സ്റ്റാഫ്‌ കുറവായതിനാലാകണം കുറെ സമയം പിടിച്ചു വല്ലതും കിട്ടാന്‍, നല്ല തിരക്കും. ഇനി തട്ടേക്കാടാണ്‌ ലക്ഷ്യം. ഞാനാണെങ്കില്‍ ഇതിനു മുന്‍പ്‌ ഒരിക്കല്‍ മാത്രേ അവിടെ പോയിട്ടുള്ളൂ അതും പഠനകാലത്ത്‌. കോതമംഗലത്തെത്തിയിട്ടു വേണം പോകാന്‍. എപ്പോഴും ധാരാളം ബസ്സുകള്‍ ഉള്ള റൂട്ടാണെങ്കില്‍ ബസ്സുകള്‍ മുറിച്ച്‌ മുറിച്ച്‌ കയറുന്നതാണ്‌ അഭികാമ്യം. ഒറ്റയാത്രയുടെ വിരസത ഒഴിവാവും, ഇടക്കല്‍പം വിശ്രമവും. അങ്കമാലി - പെരുമ്പാവൂര്‍ - കോതമംഗലം - തട്ടേക്കാട്‌ റൂട്ടില്‍ ഇഷ്ടം പോലെ ബസ്സുകള്‍ എപ്പോഴും ഉള്ള കാരണം പെരുമ്പാവൂര്‍ക്കാണ്‌ ആദ്യം പോയത്‌. കാലടിയില്‍ പെരിയാറിന്റെ മുകളിലൂടെ അതിദീര്‍ഘമായ പാലത്തിലൂടെ കടന്നുപോയപ്പോള്‍ അവിടെയിറങ്ങി അല്‍പം ചിത്രങ്ങള്‍ എടുക്കാന്‍ തോന്നി. ബസ്‌ യാത്രയുടെ അസൗകര്യം ഇതാണ്‌, നമുക്കു വേണ്ടി അത്‌ നിര്‍ത്തിത്തരില്ലല്ലോ. വിശാലമായിട്ടുള്ള മണ്‍തിട്ടകളില്‍ നിറയെ പുല്ലുകള്‍ കാടുപോലെ തഴച്ചുവളര്‍ന്ന് നില്‍ക്കുന്നു, പുഴയുടെ നടുവില്‍. രണ്ടുവശത്തുള്ള ഒഴുക്കുമാത്രമേ ഉള്ളൂ. ആറര രൂപയുടെ വഴി അരമണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നു. പെരുമ്പാവൂര്‍ നിന്ന് ഉടന്‍ തന്നെ കോതമംഗലം ബസ്സ്‌ പിടിച്ചു. വളരെ റാഷ്‌ ആയ ഡ്രൈവ്‌ ആണ്‌ പ്രൈവറ്റ്‌ ബസ്സുകളുടേത്‌ എന്ന് പറയേണ്ടല്ലോ. ഒമ്പതര രൂപയുടെ പെരുമ്പാവൂര്‍ കോതമംഗലം വഴിയും ഏതാണ്ട്‌ അര മണിക്കൂറിനുള്ളില്‍ എത്തി. ഇടക്ക്‌ ഓടക്കാലി എന്ന സ്ഥലം കണ്ടപ്പോള്‍ സംഗീതവിദുഷി ശങ്കരന്‍ നമ്പൂതിരിയെ ഓര്‍ത്തുപോയി. സ്കൂള്‍ സര്‍വ്വകലാശാല യുവജനോത്സവങ്ങളില്‍ ശാസ്ത്രീയ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ പുരസ്കാരങ്ങളും നേടി ഓടക്കാലി എന്ന സ്ഥലത്തെ മലയാളികള്‍ക്കെല്ലാവര്‍ക്കും സുപരിചിതമാക്കിയ സംഗീത വിദ്വാനാണ്‌ അദ്ദേഹം. കോതമംഗലത്തെത്തിയപ്പോള്‍ ആദ്യം കണ്ട വണ്ടി ട്രാന്‍സ്പോര്‍ട്ട ആണ്‌. മണികണ്ഠന്‍ചാല്‍ എന്ന സ്ഥലത്തേക്ക്‌ പോകുന്ന ബസ്സായിരുന്നു. കണ്ടക്ടറുടെ അടുത്തുള്ള സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു. തിരക്കുവന്നാല്‍ ചാടി ഇറങ്ങേണ്ടതല്ലേ, സ്ഥലവും പരിചയമില്ലല്ലോ. ടിക്കറ്റെടുത്തപ്പോള്‍ ആദ്യമേ പറഞ്ഞു ശട്ടം കെട്ടി വഴിയറിയില്ല, കൃത്യസ്ഥലത്ത്‌ ഇറക്കിത്തരണമെന്ന്. കട്ടിക്കാവിയുടെ ഷര്‍ട്ടും മുണ്ടുമൊക്കെ കണ്ട്‌ കണ്ടക്ടര്‍ക്ക്‌ ആളത്ര അപകടകാരിയല്ല എന്ന് തോന്നിയിട്ടാവും കക്ഷി കാര്യം ഏറ്റു. ആറര രൂപയുടെ വഴിയുണ്ട്‌. വഴിക്കിരുവശവും അത്യാഢംബരപൂര്‍ണ്ണമായ വീടുകള്‍ വളരെയധികം കാണാം. കുറച്ചുകൂടി ചെല്ലുമ്പോള്‍ ടാറിടാത്ത റോഡുകള്‍ ധാരാളമായിട്ടുണ്ട്‌. എന്റെ വീടൊക്കെ ഇരിക്കുന്ന ഇരിക്കുന്ന സ്ഥലം ഒരു ഗ്രാമമാണെങ്കില്‍ പോലും ഏറ്റവും ചെറിയ ഇടവഴികള്‍ പോലും ടാര്‍ ചെയ്തതാണ്‌. ചെമ്മണ്‍ നിരത്ത്‌ എന്നത്‌ പുതുതലമുറക്ക്‌ അന്യമാണ്‌.

തട്ടേക്കാട്‌ ഇറങ്ങിയപ്പോള്‍ തന്നെ ദ്വാരപാലകര്‍ പറഞ്ഞു ഉള്ളില്‍ കാട്ടിലേക്ക്‌ ഗൈഡില്ലാതെ പ്രവേശിപ്പിക്കില്ല, ആനയിറങ്ങുന്നതാണ്‌, ഗേറ്റ്‌ ലോക്ക്‌ ചെയ്തിരിക്കുകയാണ്‌ എന്നൊക്കെ. ഒരാള്‍ക്ക്‌ പ്രവേശനഫീസ്‌ പത്തുരൂപ. ക്യാമറക്ക്‌ 25ഉം. താഴെയുള്ള വനത്തിലേക്ക്‌ വേണമെങ്കില്‍ പോകാം പക്ഷേ സ്വന്തം റിസ്കില്‍. കാട്ടിലേക്ക്‌ പോകാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അവിടെ കാണാന്‍ അധികമൊന്നുമില്ല. ഒരാളെക്കൂടി കമ്പനി കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോയി. ഒരു ലാന്റ്ക്രൂയിസറിനെ ഒരു ചെറിയ ട്രക്കിന്റെ രൂപത്തിലാക്കി ഒരു വിദേശിസംഘം അവിടെ താവളമടിച്ചിരിക്കുന്നു. പക്ഷികളെ അധികം കിട്ടിയില്ലെങ്കിലും മനോഹരമായ പ്രകൃതിയുടെ കുറച്ചു ചിത്രങ്ങളെടുത്തു. രണ്ടുവശവും ഇല്ലിക്കാടുകള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന വഴിത്താരയിലൂടെയുള്ള നടത്തം എത്ര ഉന്മേഷദായകമാണെന്ന് പറക വയ്യ.

IMG_0714

ആ വഴിയിലൂടെ അല്‍പം കൂടി നടന്നാല്‍ കാട്ടിലേക്കുള്ള പാത തുടങ്ങുകയായി. അവിടെ ഗേറ്റ്‌ താഴിട്ട്‌ ബന്ധിച്ചിട്ടുണ്ട്‌. പൊതു അവധി ദിവസമായതിനാല്‍ മദ്യപിച്ച്‌ ലക്കുകെട്ട്‌ പലരും വനത്തിലേക്ക്‌ പോയി അപായമുണ്ടാക്കാതിരിക്കാനായി വനപാലകര്‍ തന്നെ വഴി അടച്ചതാണ്‌. മാനത്തേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ വെളിച്ചം അരിച്ചരിച്ചാണ്‌ താഴെയെത്തുന്നത്‌. എത്രമനോഹരമാണ്‌ ആ കാഴ്ച അല്‍പം ഭയപ്പെടുത്തുന്നതും.

IMG_0737

കാട്ടിലേക്ക്‌ പോകാന്‍ കഴിയാത്തതിനാല്‍ അവിടെ വച്ച്‌ തിരിക്കേണ്ടി വന്നു. വനപാലകര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സ്‌ കണ്ടു. അതിനു മുന്നിലായി ഒരു തടാകം പോലെ വെള്ളം. അതിലേക്കിറങ്ങുന്ന കല്‍പ്പടികളും കടവിലേക്ക്‌ തുറന്നുകിടക്കുന്ന ഗേറ്റും. തികച്ചും ഒരു സ്വപ്നം പോലുള്ള കാഴ്ച തന്നെയായിരുന്നു അത്‌. സ്വപ്നത്തിലേക്ക്‌ തുറക്കുന്ന വാതില്‍.

Open to dreams

പടിയിറങ്ങിച്ചെന്നപ്പോള്‍ പ്രതിബിംബങ്ങളുടെ മാസ്മരികതയാണ്‌ എതിരേറ്റത്‌. ഇല്ലിമുളങ്കാടുകള്‍ വെള്ളത്തോട്‌ കിന്നരിക്കുന്നതും, ചെറുകാറ്റിലെ കുഞ്ഞോളങ്ങളും, മണല്‍ക്കൂമ്പാരങ്ങളില്‍നിന്നും അവധിയാഘോഷിക്കാനെത്തുന്നവന്‌ അമൃതുതന്നെ. മറ്റേതോ തലങ്ങളിലേക്ക്‌ നമ്മെ ചിറകേറ്റിക്കൊണ്ടുപോകുന്ന അനുഭവമാണ്‌ അല്‍പസമയം അവിടെ ചെലവഴിക്കുമ്പോഴേക്കും നമുക്കു ലഭിക്കുക.

IMG_0763

IMG_0772

ആ തടാകത്തിന്റെ തീരത്തുകൂടെ അല്‍പം നടക്കാന്‍ തന്നെ തീരുമാനിച്ചു. കരിയിലക്കൂട്ടങ്ങളെയും ചെറുചെടികളെയും വകഞ്ഞുമാറ്റി സുന്ദരമായ ഒരു ചെറുനടത്തം. മരങ്ങളുടെയും ഇലകളുടെയും ഇരുണ്ട നിഴലില്‍ പലതരം പക്ഷികളുടെ കൂജനങ്ങള്‍. നിശ്ശബ്ദതയുടെ സാന്ത്വനവുമായി നേരിയ ഒരു കാറ്റ്‌ തഴുകിക്കടന്നുപോകുന്നു. സുഖം. അല്‍പം അകലെ തെളിനീരിന്റെ പശ്ചാത്തലത്തില്‍ തലചെരിച്ചു നോക്കുന്ന ഒരു സുന്ദരിപ്പക്ഷി (താജുക്കാ, ക്ഷമിക്കണം പേരറിയില്ല).

IMG_0821 copy

കുറച്ചു കൂടി നടന്നപ്പോള്‍ കരയിലെ മരത്തില്‍ ചേര്‍ത്തുകെട്ടിയിരിക്കുന്ന ഒരു തോണി. ബന്ധനം ബന്ധനം തന്നെയാണെങ്കിലും ആ സൗന്ദര്യം എത്രയാണ്‌ നമ്മെ വശീകരിക്കുക എന്ന് പറയാന്‍ വാക്കുകളില്ല. ഹരിതം മനസ്സിനെ കീഴടക്കുന്നു. പ്രതിബിംബങ്ങള്‍ സ്വപ്നച്ചിറകുകളിലേറ്റി നിങ്ങളെ വാനിലുയര്‍ത്തുന്നു. മാസ്മരികമായ കാഴ്ചതന്നെ.

Evergreen Reflections

വാലന്റൈന്‍സ്‌ ഡേയ്ക്ക്‌ തയ്യാറെടുക്കുന്ന ചില കുരങ്ങുകളുടെ ചിത്രം അവിടെ നിന്നും കിട്ടി. മാനുകളുടെയും മ്ലാവുകളുടെയും വേറെ ചില മൃഗങ്ങളുടെയും സാന്നിദ്ധ്യം നിങ്ങളെ അത്രയധികം ആഹ്ലാദിപ്പിക്കല്ല, കാരണം അവയെല്ലാം ബന്ധിതരത്രേ. കൂട്ടിലിട്ട ജീവികള്‍ പാരതന്ത്ര്യത്തിന്റെ വേദനയുമായായിരിക്കും നിങ്ങളോട്‌ സംവദിക്കുക. വന്യതയുടെ ആസ്വാദ്യത നുകരാന്‍ അവര്‍ക്കാവില്ലല്ലോ. കമ്പിയഴികളുടെ വിറങ്ങലിച്ച തടവ്‌, കേവലം നിസ്സംഗത മാത്രമേ നിങ്ങളുടെ കണ്ണുകളിലേക്ക്‌ പകരൂ.

IMG_0884 copy

IMG_0842

ഏതോ സ്കൂളില്‍ നിന്ന് വന്ന ഒരുപറ്റം ആണ്‍കുട്ടികളും പെണ്‍കുട്ടികളും കലപിലാന്ന് സംസാരിച്ചുകൊണ്ട്‌ അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായി. കാടിന്റെ വന്യതയും സൗന്ദര്യവും അധികം പേരും ആസ്വദിക്കുന്നതായി തോന്നിയില്ല. അടുത്തുതന്നെ പൊളിഞ്ഞുകിടക്കുന്ന ഒരു കെട്ടിടം അല്‍പം നിഗൂഢമായിത്തോന്നി. അരണ്ട വെളിച്ചം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

IMG_0868


ഒരു ചെറിയ കറക്കത്തിനുശേഷം പുറത്തിറങ്ങി. മൂന്നോ നാലോ പെട്ടിക്കടകളുള്ള ഒരു ചെറിയ ഗ്രാമപ്രദേശമാണ്‌ അത്‌. പക്ഷിസങ്കേതത്തിന്‌ നേരെ എതിരായി തട്ടേക്കാട്‌ മഹാദേവ ക്ഷേത്രമുണ്ട്‌.വലിയ അമ്പലമാണെങ്കിലും അത്ര പൗരാണികമായിട്ടൊന്നും കണ്ടില്ല. പുതുമയുടെ പണികളാണേറെയും കണ്ടത്‌. കോണ്‍ക്രീറ്റ്‌ പണികള്‍ പക്ഷേ കണ്ണിന്‌ അത്ര ആനന്ദകരമല്ല. ആദ്യത്തെ കടയില്‍ തന്നെ സംഭാരം ചോദിച്ചപ്പോള്‍ കഴിഞ്ഞുവത്രേ. തൊട്ടടുത്ത കടയില്‍ അല്‍പം പ്രായം ചെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവര്‍ ഒരു ഉഗ്രന്‍ സംഭാരം ഉണ്ടാക്കിത്തന്നു. എന്താ അതിന്റെയൊരു സ്വാദ്‌!! ആ പെട്ടിക്കടകളുടെ പുറകില്‍ ജലശേഖരം പരന്നു കിടക്കുന്നുണ്ടായി, നിങ്ങളുടെ കണ്ണുകളെ വിരുന്നൂട്ടാന്‍. മനോഹരമായിരുന്നു പരന്നുകിടക്കുന്ന ആ ജലപ്രതലവും ചുറ്റും നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പും.

IMG_0897

പിന്നെ അല്‍പം വനപ്രദേശത്തുകൂടി നടന്നു. ഒറ്റക്കുള്ള യാത്ര അത്ര സുഖകരമായി തോന്നിയില്ല (അല്ലാതെ ആനയെ പേടിച്ചിട്ടൊന്നുമല്ല...!!!) അതുകാരണം അധികം ഉള്ളിലെക്ക്‌ പോയില്ല.

IMG_0911

അല്‍പദൂരം തിരിച്ചു നടന്നപ്പോള്‍ ഒരു ചെറിയ പാലം കണ്ടു. എങ്കില്‍പ്പിന്നെ അതിനു മുകളില്‍ നിന്നാല്‍ വല്ലതും ചിത്രങ്ങള്‍ കിട്ടുമോ എന്ന് നോക്കാനായി അങ്ങോട്ടു നടന്നു. വളരെ മനോഹരമായ പ്രകൃതിയുടെ മോഹനമായ ഒരു ദൃശ്യമാണ്‌ അവിടുന്നു ലഭിച്ചത്‌. ജലത്തില്‍ പ്രതിഫലിക്കുന്ന മരങ്ങളുടെയും ചെടികളുടെയും ഹരിതാഭമായ ചിത്രങ്ങളും അകലെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും നിങ്ങളുടെ മനസ്സിനെ അഭൗമമായ തലങ്ങളിലേക്കെത്തിക്കും. കുറച്ചു ചിത്രങ്ങള്‍ കൂടി എടുത്ത്‌ ആ യാത്ര അങ്ങിനെ അവസാനിപ്പിച്ചു.

IMG_0932

രാവിലെയുണ്ടായിരുന്ന തിരക്കു കുറഞ്ഞ യാത്രയുടെ സൗന്ദര്യവും സൗകര്യവുമൊന്നും ഉച്ചകഴിഞ്ഞ്‌ കിട്ടിയില്ല. ക്രിസ്മസ്‌ ദിനമായതിനാല്‍ ഉച്ചകഴിഞ്ഞതോടെ ജനമെല്ലാം പുറത്തിറങ്ങിത്തുടങ്ങി. ബസ്സുകളിലെല്ലാം അസാദ്ധ്യ തിരക്ക്‌. തിരിച്ച്‌ വീട്ടിലെത്തിയപ്പോഴേക്കും സൗജന്യമായി ഒരു പിഴിച്ചില്‍ കഴിഞ്ഞപോലായി. എന്തായാലും ഒഴിവുകാലത്തില്‍ ഏറെ ആസ്വദിച്ച ഒരു ദിവസം കൂടി.

ഒഴിവുകാല കുറിപ്പുകള്‍

ഒരു കുഞ്ഞുമഴ

പെട്ടെന്ന് മാനത്ത്‌ വെള്ളിമിന്നല്‍, കൂട്ടുകൂടി പടഹമായി ഇടിവെട്ടും. മാനം പൊട്ടിയൊലിച്ച്‌ മണ്ണിലേക്ക്‌. ശീമക്കൊന്നപ്പൂക്കള്‍ മഴത്തുള്ളികളുടെ ഭാരത്താല്‍ തലകൂമ്പി നിന്നു. വരിയായി ഓടിന്റെ നിരപ്പില്ലാത്ത വരിയിലൂടെ വെള്ളച്ചാല്‍. മഴ കനക്കുമ്പോള്‍ മടക്കുകുടയുടെ ഉള്ളിലൂടെ ഓരോരോ തുള്ളികള്‍ ശിരസ്സിലേക്ക്‌ തണുപ്പുമായി ഒഴുകിയിറങ്ങുന്നു. പതിവുപോലെ മഴക്കിപ്പൊഴും തെറ്റിയിട്ടില്ല, സ്കൂള്‍ വിടുന്ന സമയത്തുതന്നെ പെയ്യും. അവനെ കൊണ്ടുവരാന്‍ പോണം. വഴിയരികിലെ വയലില്‍ പൂവാലിപ്പശുവിനെയും കറുമ്പി എരുമയേയും ചാറ്റല്‍മഴ തെല്ലും ബാധിച്ചിട്ടില്ല, ഒന്നുമറിയാത്ത പോലെ നിന്നു തിന്നുന്നു. മണ്ണിട്ട വഴിയിലെ കുഴികളില്‍ വെള്ളം തളം കെട്ടുമ്പോള്‍ മണ്ണിന്റെ ചുവപ്പുനിറം. ശക്തിയായി തുള്ളികള്‍ വെള്ളത്തില്‍ വീഴുമ്പോള്‍ കുമിളകളുണ്ടാവുന്നു. പക്ഷേ ഒന്നു കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും അവ പൊട്ടിയിട്ടുണ്ടാവും. വഴിയിലുള്ള എല്ലാ വെള്ളക്കെട്ടിലും കാലുകഴുകിക്കൊണ്ടു നടന്നു. മഴ ഒന്നു ശമിച്ചപ്പോള്‍ ആ വെള്ളത്തില്‍ മുഖം നോക്കുന്ന മാനം. മഴ മനസ്സിലേക്ക്‌.


ത്രസിപ്പിക്കും വിരല്‍പ്പെരുക്കങ്ങള്‍

ഉത്സവങ്ങള്‍ ഒരുമയുടേതാണ്‌. നാട്ടുകാര്‍ക്കെല്ലാം വേണ്ടിയാണ്‌ ഉത്സവം. പ്രധാനപ്പെട്ട മിക്ക പരിപാടികളും നടക്കുന്നതും മതില്‍ക്കുപുറത്തായിരിക്കും. ഒഴിവുകാലങ്ങളില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ കിനിയുന്ന അമ്പലപ്പറമ്പുകള്‍ ഒഴിവാക്കാനാവാത്തതത്രേ. താളവാദ്യങ്ങളുടെ തിമിര്‍പ്പില്‍ തായമ്പകയെ മറക്കുവതെങ്ങനെ? കൊരട്ടി ചെറ്റാരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ മുടിയേറ്റും താലപ്പൊലിയും ആണത്രെ. അതിന്‌ തായമ്പകോത്സവം എന്ന് കേട്ടപ്പോള്‍ തന്നെ ഉള്ളൊന്നു കുളിര്‍ത്തു. ഒരു തായമ്പക തന്നെ അത്യധികം ആഹ്ലാദത്തോടെ നോക്കിയിരിക്കുമ്പോള്‍ പന്ത്രണ്ടു ദിവസം തുടര്‍ച്ചയായി കേരളത്തിലെ ഏറ്റവും ഗംഭീരന്മാരായ ചെണ്ടവിദഗ്ദ്ധര്‍ അണിനിരക്കുമ്പോള്‍, ഹാ അതൊരു വിസ്മയം തന്നെ. നാലുകിലോമീറ്ററോളമുണ്ട്‌ അമ്പലത്തിലേക്ക്‌. വിജനമായ റോഡിലൂടെ സാവധാനത്തിലുള്ള ഒരു യാത്ര. ഡിസംബര്‍ പോകാനൊരുങ്ങിയെങ്കിലും തണുപ്പെത്തിയിട്ടില്ല. ചെന്നപ്പോഴേക്കും തുടങ്ങിയിട്ടുണ്ടായിരുന്നു. സ്റ്റേജിലുള്ള തായമ്പക എനിക്ക്‌ പണ്ടേ ഇഷ്ടമല്ല. കൂടാതെ കാണികള്‍ കസേരയിലിരുന്ന് ഒരു തട്ടുപൊളിപ്പന്‍ നാടകം കാണുന്ന ലാഘവത്തോടെ തായമ്പക ആസ്വദിക്കുക - ഒട്ടും സുഖമില്ലാത്ത ഏര്‍പ്പാട്‌. ചുറ്റും കൂടിനിന്ന് താളമിട്ട്‌ ആര്‍പ്പുവിളിച്ച്‌ ഒപ്പം ചേരേണ്ടതാണ്‌ തായമ്പക. ആദ്യം അല്‍പം അകലെ നിന്നെങ്കിലും കൊട്ടു മുറുകിയതോടെ മുന്‍നിരയില്‍ തന്നെ നില്‍പായി. അതിപ്രശസ്തരായ കല്‍പ്പാത്തി ബാലകൃഷ്ണനും അത്താലൂര്‍ ശിവനുമായിരുന്നു തിമിര്‍ത്തുകൊണ്ടിരുന്നത്‌. സിരകളെ ത്രസിപ്പിക്കുന്ന വിരല്‍പ്പെരുക്കങ്ങളുടെ പെരുമഴ. ചെണ്ടയില്‍ മലര്‍ പൊരിയുന്ന കോല്‍വേഗത. ഇലത്താളത്തിന്റെയും വീക്കന്‍ചെണ്ടയുടെയും ഭ്രമിപ്പിക്കുന്ന മാസ്മരതാളം. കുറച്ചുനിമിഷങ്ങള്‍ എല്ലാം മറക്കുന്നു. വിസ്മയിപ്പിക്കുന്ന കൈത്തഴക്കത്തിന്റെ രൗദ്രതാളം. തനിയാവര്‍ത്തനത്തിന്റെ രസിപ്പിക്കല്‍ അതിന്റെ ഉച്ചകോടിയില്‍. ആയിരം കണ്ണുകളിലെ എല്ലാ ശ്രദ്ധയും രണ്ടു ചെണ്ടകളുടെ വിഭ്രമിപ്പിക്കുന്ന ശബ്ദവേഗങ്ങളില്‍. അതെ, ശബ്ദവും വേഗവും തമ്മിലുള്ള മല്‍സരം. കാലങ്ങളിലൂടെ കൊട്ടിക്കയറി, വീണ്ടും പതിഞ്ഞ്‌ അവസാനം കൊട്ടിക്കലാശത്തിന്റെ ആസുരമായ വന്യത. താളമിടുന്ന കൈകള്‍. രോമകൂപങ്ങളില്‍ വിയര്‍പ്പ്‌ പൊടിയുന്നു. കാലുകള്‍ക്ക്‌ ബലം കുറയുന്ന പോലെ. തികച്ചും ഒരു ഉന്മാദാവസ്ഥ. കുറച്ചു നിമിഷങ്ങളെങ്കിലും ലോകം മുഴുവന്‍ ചുരുങ്ങി രണ്ടു ചെണ്ടകള്‍ക്ക്‌ മേലെ. സ്വപ്നം പോലെ മോഹനമായ ഒരവസ്ഥ. ഈ ഒരനുഭവിപ്പിക്കലില്‍ ഒരൊഴിവുകാലം മുഴുവന്‍ സാര്‍ത്ഥകമാവുന്നു. എടക്ക്‌ ഒരു ചെറിയ നനുത്ത മഴ. മന്ദമായി വീശുന്ന കാറ്റില്‍ ഇളകിക്കളിക്കുന്ന ആലിലകള്‍ക്കുള്ളിലൂടെ തണുപ്പിന്റെ സൗമ്യവര്‍ഷം. സുഖം. രണ്ടുമണിക്കൂറിന്റെ ചടുലതാളങ്ങള്‍ക്കുശേഷം വിജനമായ വഴിത്താരകളിലൂടെ, മങ്ങിക്കത്തുന്ന വഴിവിളക്കുകള്‍ക്ക്‌ കീഴെക്കൂടെ, മഴചാറി നനഞ്ഞുകിടക്കുന്ന മണ്‍നിരത്തുകളിലൂടെ, വളരെ വളരെ സാവധാനത്തിലൂടെയുള്ള ഒരു യാത്ര. ധന്യമായ ഒരു ഉത്സവരാത്രി. അനുഭവിപ്പിച്ച ഒരൊഴിവുകാല സായന്തനം. കാമറയെടുത്തിരുന്നില്ല, കാരണം ചിത്രമെടുക്കാന്‍ നിന്നാല്‍ ഈ അനുഭവം നഷ്ടപ്പെടുമായിരുന്നു.

ഇരുട്ടിലൂടെ... മഴ നനഞ്ഞ്‌...

ചന്നം പിന്നം ചാറിപ്പെയ്തു കനക്കുന്ന, മഴ മറച്ച സൂര്യനുമായൊരു സായന്തനം. ഈ മഴക്കാറിന്റെ തണ്ഡവത്തില്‍നിന്ന് രക്ഷയില്ലെന്നറിഞ്ഞിട്ടോ എന്തോ പകലോന്‍ ഇരുട്ടിലൊളിച്ചു. ഇരുട്ട്‌. ഒരു ചെറുമഴ ചാറുമ്പോളേക്കും നാട്ടുമ്പുറത്തിന്റെ ടിപ്പിക്കല്‍ മഴസ്വഭാവം - കറന്റ്‌ പോക്ക്‌!! വഴിത്താരകളില്‍ ഇരുട്ട്‌. ഇടുങ്ങിയ ഇടവഴികളില്‍ ഒളിഞ്ഞുകിടക്കുന്ന ഇരുട്ട്‌. മാനത്ത്‌ മഴക്കാറുമായി ഇണചേരുന്ന ഇരുട്ട്‌. ഈ ഒരു അന്തരീക്ഷം എപ്പോഴും ലഭിക്കുന്നതല്ലാത്തതിനാല്‍ ഒരു നടത്തത്തിനു പ്ലാനിട്ടു. ഒരു പഴയ കുടയും മങ്ങിക്കത്തുന്ന ഒരു ടോര്‍ച്ചും കൂട്ടുകാരായി കൂടെക്കൂടി. തികച്ചും സ്വപ്നസന്നിഭമായ ഒരനുഭവമായിരുന്നു അത്‌. രാക്കിളികളുടെയും ചീവീടുകളുടെയും ശബ്ദം ഉയര്‍ന്നുകേട്ടിരുന്നു. കറന്റില്ലാത്തതിനാല്‍ പലപ്പോഴും നിശ്ശബ്ദതക്ക്‌ ആക്കം കൂടിയിരുന്നു. പതിവുപോലെ ഞായറാഴ്ച വൈകുന്നേരങ്ങളില്‍ കവല പെട്ടെന്ന് ആളൊഴിയും. ഇന്നും പതിവുപോലെ. മിക്ക കടകളും ഏഴരക്കു മുന്‍പേ അടച്ചിരുന്നു. ഗോപിച്ചേട്ടന്‍ പെട്ടിക്കടയില്‍ നിന്ന് മിഠായിഭരണികള്‍ പെറുക്കി അകത്തുവച്ചു തുടങ്ങി. ഇതാണ്‌ വാളൂര്‍. ചാറുന്ന മഴയെവിട്ട്‌ തിരിച്ചുപോരാന്‍ തോന്നിയില്ല. എങ്കില്‍ ഒരു കിലോമീറ്റര്‍ കൂടി അപ്പുറത്തുള്ള അന്നമനട വരെ നടക്കാമെന്നായി. ഇടക്കിടെ പാഞ്ഞുപോകുന്ന ബൈക്കുകളുടെ ലൈറ്റില്‍ ചെരിഞ്ഞുവീഴുന്ന മഴച്ചാറ്റലിന്റെ തിളങ്ങുന്ന സൗന്ദര്യം. പാലം കടന്നുവേണം അക്കരെയെത്താന്‍. ഇരുട്ടിന്റെ രൗദ്രത്തില്‍ പുഴക്ക്‌ നിസ്സംഗഭാവം. ആകാശം കറുത്തിരുണ്ടിരിക്കുന്നു. വഴിവിളക്കുകളെല്ലാം അണഞ്ഞിരിക്കുന്നു. മഴ നന്നായി ചാറുന്നു. മഴക്കു ഘനമേറിയപ്പോള്‍ മടക്കുകുട ചോര്‍ന്നു തുടങ്ങി. അന്നമനടയും വിജനമായിത്തുടങ്ങിയിട്ടുണ്ടായിരുന്നു. വാഹനങ്ങളില്ല, കടകള്‍ അടച്ചു, ജനങ്ങളുമില്ല. വില്ലേജോഫീസിന്റെ വരാന്തയില്‍ മൂക്കറ്റം കുടിച്ച്‌ ഒരാളിരുന്ന് ആരെയോ തെറിപറയുന്നുണ്ട്‌. ഒന്നു കറങ്ങി പതുക്കെ തിരിച്ചു നടന്നു. പെട്രോമാക്സ്‌ കത്തിച്ചുവച്ച്‌ ഒരു കപ്പലണ്ടിക്കാരന്‍ മാത്രമുണ്ട്‌ വഴിയിവക്കില്‍. ചില്ലറ തപ്പിയപ്പോള്‍ രണ്ടര രൂപയേ ഉള്ളൂ കയ്യില്‍. എത്രയാണ്‌ മിനിമം എന്നു ചോദിച്ചപ്പോള്‍ മൂന്നുരൂപയാണത്രേ. എനിക്ക്‌ ഇതിനുള്ളതുമതിയെന്നു പറഞ്ഞപ്പോള്‍ ഒരു അവജ്ഞയോടെ കുട നീക്കിപ്പിടിക്കാന്‍ പറഞ്ഞു പെട്രോമാക്സില്‍ വെള്ളം വീഴാതെ. നല്ല ചൂടന്‍ കപ്പലണ്ടി. ഏറ്റവും ഹൃദ്യമായത്‌. വാക്വം പാക്ക്‌ ചെയ്തുവരുന്ന ഒരൊറ്റ ഇന്റര്‍നാഷണല്‍ ബ്രാന്റിനും ഈ രുചി ഒരിക്കലും കിട്ടില്ല. ചെറുമഴയിലൂടെ കുടയുംചൂടി ടോര്‍ച്ചും തെളിച്ച്‌ ചൂടുകപ്പലണ്ടിയും തിന്ന് മടക്കം. അല്‍പം നടന്നപ്പോള്‍ കേരളത്തിലെ ആദ്യത്തെ ചിരിക്ലബ്ബായ അന്നമനട ചിരിക്ലബ്ബിന്റെ എട്ടാം വാര്‍ഷികം. അതിനുവേണ്ടി തൃശ്ശൂര്‍ ഉള്ള ഏതോ ടീമിന്റെ കോമഡിഷോ. രണ്ട്‌ നിര കെട്ടിടങ്ങളുടെ ഇടയിലുണ്ടാക്കിയ തട്ടിക്കൂട്ട്‌ സ്റ്റേജ്‌. നടുക്കിട്ടിരിക്കുന്ന കസേരകളിലെല്ലാം മഴപെയ്ത്‌ വെള്ളം തെറിക്കുന്നു. ഒരു കോമഡിഷോ കാണാനുള്ള മൂഡില്ലാഞ്ഞതിനാല്‍ അധികം നിന്നില്ല. വീണ്ടും മഴപെയ്ത്‌ നനയുന്ന ഇരുണ്ട വഴിത്താരകളിലേക്ക്‌. ഓര്‍മ്മകളില്‍ ഒരു നേര്‍ത്ത മഴച്ചാറ്റലായി ചാറിനില്‍ക്കുന്ന സുന്ദരമായ ഗൃഹാതുരമായ സായാഹ്നം. രണ്ടുമണിക്കൂറിലേറെ ഹൃദയത്തിലേക്ക്‌ ചാറി നിന്ന എന്റെ ഗ്രാമം, ഒരു പുലര്‍കാല സ്വപ്നം പോലെ ഹൃദ്യം.