ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Friday, November 26, 2010

വിഷാദം ചുരത്തുന്ന കുറെ ചുവരുകളും ശ്മശാനത്തിലേക്ക്‌ തുറക്കുന്ന ഒരു ജനലും

കുട്ടികള്‍.... ഒന്നല്ല ഒരുപാട്‌ പേര്‍, തനിക്കു ചുറ്റും കൂടിനിന്ന് കളിക്കുന്നു. ചിലര്‍ ചിരിക്കുന്നു, ചിലര്‍ വഴക്കടിക്കുന്നു, വേറെ ചിലര്‍ പിണങ്ങി അല്‍പം ദൂരെ മാറിയിരുന്ന് കിണുങ്ങിക്കൊണ്ടിരിക്കുന്നു. സ്വപ്നമാണെന്ന് കരുതാനാവാത്തവിധം തെളിച്ചമുള്ളതായിരുന്നു ആ കാഴ്ചകളെങ്കിലും വന്യമായ ഏകാന്തതയിലേക്ക്‌ ഷംല നിമിഷാര്‍ദ്ധത്തില്‍ എടുത്തെറിയപ്പെട്ടു. ഈയിടെയാണ്‌ സ്വപ്നങ്ങളെ ഇത്രയധികം ഭയപ്പെടാനും വെറുക്കാനും തുടങ്ങിയത്‌. മായക്കാഴ്ചകളെല്ലാം ഒറ്റപ്പെടലിന്റെ ഇരുളിലേക്കാണ്‌ വിളിച്ചുണര്‍ത്തിക്കൊണ്ടിരുന്നത്‌. കഷ്ടം തന്നെ, വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ഈ നഷ്ടപ്പെടല്‍. ഒരുപക്ഷേ ജീവിതത്തിലിന്നേവരെ ഏകാന്തതയുടെ കൂട്ട്‌ കിട്ടിയിട്ടില്ലാത്തതിനാലാവും ഇത്ര തീവ്രത തോന്നുന്നത്‌. ഒരുപാട്‌ കുട്ടികളും ഉമ്മമാരും വല്യുമ്മമാരും താത്തമാരും വാപ്പമാരുമുള്ള ഒരു കൂട്ടുകുടുംബത്തില്‍ നിന്ന് നാട്ടിന്‍പുറത്തിന്റെ സ്വസ്ഥതയില്‍ പിറന്ന് വളര്‍ന്ന് വികാരങ്ങളില്ലാത്ത നാലു ചുവരുകള്‍ക്കുള്ളിലേക്ക്‌ വലിച്ചെറിയപ്പെട്ടതുകൊണ്ടാണോ ഈ വ്യഥ? ആവാം. ആയിക്കൊള്ളണമെന്നുമില്ല.

"ഷാജീ, നമുക്കീ ഫ്ലാറ്റ്‌ കൊടുത്തിട്ട്‌ ഒരു ചെറിയ വീട്ടിലേക്ക്‌ മാറിയാലോ?" ഒന്നല്ല ഒരുപാട്‌ തവണ ഇതേ ചോദ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്‌. എന്തായിരിക്കും ഉത്തരം എന്നറിയാമെങ്കിലും പ്രതീക്ഷയോടെ ഷംല ഇടക്കിടക്ക്‌ ചോദിച്ചുകൊണ്ടേയിരിക്കും.

"ഇവിടെക്കിട്ടുന്ന ഒരു സെക്യൂരിറ്റിയും സൗകര്യങ്ങളും ഏതെങ്കിലും വീടെടുത്താല്‍ കിട്ടുമോ? പിന്നെ എന്റെ മാര്‍ക്കറ്റിംഗ്‌ വര്‍ക്കുകള്‍ക്ക്‌ ഏറ്റവും പറ്റിയത്‌ ഇവിടെയാണ്‌."

"എത്ര നിര്‍ജ്ജീവമാണീ ചുവരുകളെന്നു നോക്കൂ. ഒരു ദിവസം വൈകീട്ട്‌ ഷാജി വരുമ്പോള്‍ ഞാനീ ചുവരുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന കാണാം, ഒരു കടലാസുപോലെ. ഇവറ്റകള്‍ എന്നെ വിഴുങ്ങുമെന്നുറപ്പാണ്‌."

ചായക്കപ്പ്‌ ടീപ്പോയിയില്‍ വച്ചിട്ട്‌ അവളെ പതുക്കെ തന്നോട്‌ ചേര്‍ത്ത്‌ പുണര്‍ന്നുകൊണ്ട്‌ ഷാജി ടിവിയുടെ ചാനലുകളിലൂടെ പരതി നടന്നു.

"നിങ്ങള്‍ക്ക്‌ സാഹിത്യം തലയ്ക്ക്‌ പിടിച്ചവര്‍ക്കെല്ലാമുള്ളതാണ്‌ ചുവരുകളോടുള്ള ഈ ശത്രുത. നിനക്ക്‌ പകലെന്തെല്ലാം ചെയ്യാം. ഇഷ്ടം പോലെ കിടന്നുറങ്ങാം. ടിവിയില്‍ എത്ര ചാനലുകളാണുള്ളത്‌, അതെല്ലാം കാണാം. പാട്ടു കേള്‍ക്കാം. എന്നിട്ടും നീയൊറ്റക്കാണെന്നു പറഞ്ഞ്‌ പരാതിപ്പെടുന്നു."

"നിനക്കെന്നെ ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാല്‍ കഷ്ടമാണ്‌. ഒന്നര വര്‍ഷമായി നമ്മളൊരുമിച്ചു ജീവിക്കുന്നു. എന്നിട്ടും ടീവി കണ്ടിരിക്കാനും പകല്‍ മുഴുവന്‍ കിടന്നുറങ്ങാനും നിനക്കെന്നോട്‌ എങ്ങിനെ പറയാന്‍ തോന്നുന്നു ഷാജീ?"

ഏതോ സിനിമാ ഗാനത്തില്‍ നായകന്‍ പ്രേമാര്‍ദ്രമായി നായികയെ ചുംബിക്കുന്നത്‌ ടിവിയില്‍ കണ്ട്‌ അത്‌ അനുകരിച്ചുകൊണ്ട്‌ ഷാജി പറഞ്ഞു - "നിനക്ക്‌ വായിച്ചൂടെ, സാഹിത്യത്തിന്റെ അസുഖമുള്ളതല്ലേ?"

"എന്റെ ഓരോ വായനയും എന്നെ ഇവിടെ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുത്തുന്നു. എനിക്കിനിയും വയ്യ. ഇതില്‍ നിന്ന് എങ്ങനെ രക്ഷകിട്ടുമെന്ന് ഒരു വര്‍ഷത്തിലേറെയായി ഞാന്‍ പറയുന്നു." പാതിവഴിയില്‍ ഉപേക്ഷിച്ച ഒരു ചുംബനത്തിന്റെ വേര്‍പാടില്‍, പതിവുള്ള കയ്പേറിയ വാക്കുകള്‍ക്കായി ഷംല കാതോര്‍ത്തു.

"ഷംലാ, എത്ര തവണ പറഞ്ഞിരിക്കുന്നു, ഞാന്‍ ഇപ്പൊഴും ഒരു കുട്ടിക്കായി പ്രിപ്പയേഡ്‌ ആയിട്ടില്ല. ജീവിതത്തിലെ ഈ റൊമാന്റിക്‌ പിരീഡ്‌ ഇനി ഒരിക്കലും തിരിച്ചുകിട്ടുന്നതല്ല. ചുരുങ്ങിയത്‌ ഇനിയും രണ്ടുവര്‍ഷത്തേക്കുകൂടി അത്‌ ഉപേക്ഷിക്കാനും ഞാന്‍ തയ്യാറല്ല."

"ഇതുനല്ല തമാശ. കുട്ടികള്‍ക്കായി സാധാരണ പെണ്‍കുട്ടികള്‍ക്കാണ്‌ തയ്യാറെടുപ്പ്‌ വേണ്ടത്‌. ഷാജിക്കെന്ത്‌ പ്രിപ്പയര്‍ ചെയ്യാന്‍?"

"നമുക്കീ ടോപ്പിക്ക്‌ ഇവിടെ നിര്‍ത്താം. നല്ലൊരു ശനിയാഴ്ച വൈകുന്നേരം എന്തിനാ വഴക്കടിച്ചു കളയുന്നത്‌! നാളെ ഗസ്റ്റുണ്ടെന്നുള്ള കാര്യം മറക്കണ്ട. സമീറും കുടുംബവും നാളെ രാവിലെ വരും."

"അയ്യോ സമീര്‍ മാധ്യമം എഡിറ്റോറിയലില്ലേ വര്‍ക്ക്‌ ചെയ്യുന്നത്‌? അസ്സലായിട്ട്‌ എഴുതും. ഒന്നു രണ്ടാഴ്ചമുന്‍പ്‌, വിവാഹിതരായ സ്ത്രീകള്‍ക്കിടയിലെ ഏകാന്തത എന്ന ഒന്നാന്തരമൊരു ആര്‍ട്ടിക്കിള്‍ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളും എഴുത്തും ശരിക്കും എന്നോട്‌ ചേര്‍ത്ത്‌ വക്കാവുന്നതാണെന്ന് തോന്നി. എന്തായാലും രണ്ടുപേര്‍ക്കുകൂടി ഭക്ഷണം ഉണ്ടാക്കാന്‍ അത്ര വല്യ പ്രശ്നമൊന്നുമില്ല."

"ഉവ്വുവ്വ്‌ ഗഡാഗഡിയന്മാരായ മൂന്നു മക്കളുമുണ്ട്‌"

"മൂന്നു മക്കളോ?!" - വിശ്വസിക്കാനാവാതെ ഒരു നിമിഷം, ഷംല അവനെത്തന്നെ സൂക്ഷിച്ചുനോക്കിയിരുന്നപ്പോള്‍, ആ നോട്ടത്തിന്റെ കൂര്‍ത്ത മുനകള്‍ തന്റെ ഉള്ളിലേക്കെവിടേയോ ആഴ്‌ന്നിറങ്ങുന്ന പോലെ തോന്നി. ഷാജി പെട്ടെന്നെഴുന്നേറ്റ്‌ പുറത്തേക്ക്‌ നടന്നു.

അന്ന് രാത്രി മുഴുവനും സമീര്‍ എഴുതിയ ആ ലേഖനത്തെക്കുറിച്ചും മൂന്നു കുട്ടികള്‍ തിമിര്‍ത്തുനടക്കുന്ന സമീറിന്റെ വീടിനെക്കുറിച്ചുമായിരുന്നു ഷംല ചിന്തിച്ചുകൊണ്ടിരുന്നത്‌. അവര്‍ താമസിക്കുന്നത്‌ എന്തായാലും ഒരു ഫ്ലാറ്റിലാവില്ല എന്ന് അവളുറപ്പിച്ചു. അതൊരു കൊച്ചുവീടായിരിക്കും. ചുവരുകളെല്ലാം പൂത്തുതളിര്‍ത്തിരിക്കുകയായിരിക്കും. ചിലപ്പോള്‍ ചുവരുകള്‍ അ കുട്ടികള്‍ക്കായി നറുമണമുള്ള പൂക്കള്‍ വരെ വിരിയിപ്പിച്ചിട്ടുണ്ടാവും.

നഗ്നയായി, ഷാജിയുടെ ശരീരത്തിന്റെ ഊഷ്മാവു മുഴുവന്‍ പകര്‍ന്ന് കിടന്നിട്ടും ഒറ്റക്കാണെന്ന് തോന്നി. വസ്ത്രങ്ങളെടുത്തു ധരിക്കാന്‍ മെനക്കെടാതെതന്നെ അവള്‍ എഴുന്നേറ്റ്‌ ജനലരുകില്‍ ചെന്ന് അകലെ നിലാവില്‍ തെളിഞ്ഞുകാണുന്ന ശ്മശാനത്തിലേക്ക്‌ നോക്കി. പുറംലോകത്തെ എല്ലാ കാഴ്ചകള്‍ക്കുനേരെയും ചുവരുകള്‍ പണിതിരിക്കുന്ന ഈ ഫ്ലാറ്റിന്റെ ആകെയുള്ള ജനലാണിത്‌. അതാകട്ടെ തുറക്കുന്നത്‌ കത്തിക്കരിയുന്ന ശവശരീരങ്ങളുടെ ദൂരക്കാഴ്ചയിലേക്ക്‌. അതുകൊണ്ടു തന്നെ വളരെ കുറച്ചേ അവള്‍ ആ ജനല്‍ തുറക്കാറുള്ളൂ.

പൊതുവെ നേരത്തേ എഴുന്നേല്‍ക്കാന്‍ വിമുഖതയൊന്നുമില്ലെങ്കിലും അന്നവള്‍ അതിരാവിലെ തന്നെ എഴുന്നേറ്റു. എന്തോ ഒരു പ്രത്യേക ഊര്‍ജ്ജം തന്നില്‍ നിറയുന്ന പോലെ തോന്നി. ഞായറാഴ്ച രാവിലെ ഷാജിയുടെ കരവലയത്തില്‍ നിന്ന് വിട്ടുപോവുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. അവളും ആ രതിയുടെ നിമിഷങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാശിക്കാറില്ല. എന്നിട്ടും എന്തോ അന്നവള്‍ക്ക്‌ നേരത്തേ ഉണരണമെന്ന് തന്നെ തോന്നി.

നിര്‍ത്താതെയുള്ള നീണ്ട കോളിങ്ങ്‌ ബെല്ലും കലപിലയെന്നുള്ള ബഹളങ്ങളുമായാണ്‌ സമീറും സിയയും മൂന്നുകുട്ടികളും എത്തിയത്‌. അവരുടെ ചിരിയും വഴക്കും കുസൃതികളും ആ ഫ്ലാറ്റിന്റെ ഓരോ മൂലയിലും ജീവന്‍ വെപ്പിച്ചു. ഒന്നരവര്‍ഷമായി അണഞ്ഞുകിടന്ന തന്റെ ചേതനകള്‍ ഉയിര്‍ത്തെണീറ്റപോലെ ഷംല ഉത്സാഹവതിയായി. വിഷാദം ചുരത്തിയിരുന്ന ചുവരുകളെ നോക്കി മറ്റാരും കാണാതെ അവള്‍ കൊഞ്ഞനം കാട്ടി. ഇന്നേക്ക്‌ ഒരു ദിവസത്തേക്കെങ്കിലും അവള്‍ ആ ചുവരുകളുടെ അധീശത്വത്തെ വകവച്ചുകൊടുത്തില്ലെന്നുമാത്രമല്ല ഒരു പരിഹാസമാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.

"എടോ സമീറേ എന്റെ ബീവിയും അല്‍പം സാഹിത്യത്തിന്റെ സൂക്കേടുള്ള കൂട്ടത്തിലാ കെട്ടോ" - വായനയുമായി എന്നും പിണങ്ങിപ്പിരിഞ്ഞു നില്‍ക്കുന്നവനാണെങ്കിലും ഷാജിക്ക്‌ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ്‌ ഷംലയോട്‌ അല്‍പം ബഹുമാനമൊക്കെ തോന്നുക.

"ഓ... നല്ലത്‌. പക്ഷേ ഈ ചുവരുകളെ ഷംല എങ്ങിനെ അതിജീവിക്കുന്നു?"

ആദ്യമായി ഒരാള്‍ തനിക്കുവേണ്ടി സംസാരിക്കുന്നു. ഒരേ വേവ്‌ ലെങ്ങ്ത്തിലുള്ളവരുമായി സംവദിക്കുന്നതിന്റെ ആസ്വാദ്യത ഷംല അനുഭവിക്കുകയായിരുന്നു. ഇയാള്‍ക്കെങ്ങിനെയറിയാം ഈ ചുവരുകളെന്നെ കീഴ്പ്പെടുത്തുന്നുവെന്ന്? ഇയാള്‍ക്കെങ്ങിനെയറിയാം പുറത്തേക്കു തുറക്കുന്ന ഏകജാലകം ശ്മശാനത്തിലേക്കെന്ന്? ഒരു പക്ഷേ ഇയാള്‍ക്ക്‌ തന്റെ വേവലാതികളെല്ലാമറിയാമെന്നത്‌ തന്റെ വെറും തോന്നലാണോ? അല്ലെന്ന് തന്നെ വിശ്വസിക്കാന്‍ അവളിഷ്ടപ്പെട്ടു.

അവളെയാകെ പിടിച്ചുലച്ച ഒരു പകല്‍. കുട്ടികള്‍ക്കെല്ലാം അവള്‍ മധുരപലഹാരങ്ങളുണ്ടാക്കുകയും ഓരോരുത്തരെയായി ഊട്ടുകയും ചെയ്തു. ഇതേ മുറികളില്‍ തന്നെയാണോ താന്‍ ഇന്നലെ വരെ ഏകാന്തതയുടെ കയങ്ങളിലേക്ക്‌ ആഴ്‌ന്നുപോയിരുന്നത്‌ എന്ന് അതിശയപ്പെട്ടു. അവളുടെ കുഞ്ഞിനായി കരുതിവച്ചിരുന്ന ലാളനകളെല്ലാം ആ മൂന്നു കുരുന്നുകള്‍ക്കും അവള്‍ പകുത്തുനല്‍കി.

"ഷംല എഴുതാറുണ്ടെങ്കില്‍ എനിക്കയക്കൂ. പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം" - സൗമ്യമായി സമീര്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക്‌ വിശ്വസിക്കാനായില്ല.

"എന്റെ തുറന്നെഴുത്ത്‌ ഷാജിക്ക്‌ തീരെ പഥ്യമല്ല"

"ആഹാ... എങ്കില്‍ ഞാന്‍ പറയും നൂറുപേരില്‍ ഒരാള്‍ക്കേ അങ്ങനെ തുറന്നെഴുതാനുള്ള ആര്‍ജ്ജവവും കരുത്തും കിട്ടൂ. ആ ഒരു എഴുത്തിന്റെ ഭാവം കിട്ടിയിട്ടുള്ളവര്‍ ഭാഗ്യം ചെയ്തവരാണ്‌. എന്തായാലും ഒരേ തൂവല്‍ പക്ഷികളല്ലേ, ഇനി ഞാന്‍ ഇടക്കിടക്കു വരാം, സംസാരിക്കാം."

സമാനമനസ്കര്‍ എന്നാലെന്താണെന്ന് ഷംല അനുഭവിച്ചു. ഇദ്ദേഹത്തെയും കുട്ടികളെയും നേരത്തേ തന്നെ പരിചയപ്പെട്ടിരുന്നെങ്കില്‍ തന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറിപ്പോകുമായിരുന്നു എന്നുതോന്നി അവള്‍ക്ക്‌. ഇരമ്പിക്കയറി വന്ന ഒരു തിര, തീരത്തില്‍ പാറക്കൂട്ടങ്ങളില്‍ തകര്‍ന്ന് പൊലിയുമ്പോള്‍ ഒരു നിശ്ശബ്ദത പടരുന്ന പോലെയായി അവര്‍ പോയപ്പോള്‍ ഷംലക്ക്‌.

ദിശയറിയാതെ ഒഴുകിനടന്ന കപ്പലിനെ സുരക്ഷിതമായി ആരോ തീരത്തണച്ചപോലൊരു സ്വാസ്ഥ്യം. ഇടക്കിടെയുണ്ടായ സമീറിന്റെയും കുടുംബത്തിന്റെയും സന്ദര്‍ശനം ഈയൊരു സ്വാസ്ഥ്യമാണ്‌ ഷംലക്ക്‌ നല്‍കിയത്‌. നീണ്ട കോളിങ്ങ്‌ ബെല്ലുകള്‍ക്ക്‌ കാതോര്‍ത്തുകൊണ്ടുള്ള കാത്തിരിപ്പ്‌ അവളെ തികച്ചും ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നപോലെ തോന്നി. സാഹിത്യ ചര്‍ച്ചകള്‍, ഒറ്റപ്പെട്ടവരുടെ സുവിശേഷങ്ങള്‍, തുറന്നിട്ട വായനയുടെ വാതായനങ്ങള്‍, കുട്ടികളുടെ കളിചിരികള്‍, കലപിലകള്‍. അസ്ഥിപെറുക്കാന്‍ വരുന്നവരുടെയോ നിര്‍ത്താതെ കരഞ്ഞുകൊണ്ടുവരുന്ന ആംബുലന്‍സുകളുടെയോ ദൂരക്കാഴ്ചകളുമായി പതിയിരിക്കുന്ന ജനല്‍ ഇപ്പോള്‍ അവള്‍ തുറക്കാറേയില്ല. ബാല്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കുപോലെ. ഉപാധികളില്ലാത്ത സ്നേഹം, കൊടുക്കല്‍ വാങ്ങലുകള്‍. ഇപ്പോള്‍ ചുവരുകളുടെ അധീശത്വം പൂര്‍ണ്ണമായും അവള്‍ക്കുമുന്നില്‍ അടിയറവ്‌ പറഞ്ഞപോലെ. വിഷാദം ചുരത്തുന്ന ചുവരുകള്‍ ഇപ്പോളവളുടെ സ്മൃതികളില്‍ പോലുമില്ല. ഏകാന്തതയുടെ വേലിയേറ്റങ്ങളില്‍ ഒരു പൊങ്ങുതടിപോലെ നിരാശ്രയയായി നിരര്‍ത്ഥകയായി ഒരിക്കല്‍ താന്‍ ഒഴുകി നടന്നിരുന്നു എന്നുള്ള ഓര്‍മ്മ പോലും അവളില്‍ ഉണര്‍ന്നില്ല. ഇതാണ്‌ ജീവിതം. ഇത്രനാളത്തെ കാത്തിരിപ്പെല്ലാം ഈ സ്വാസ്ഥ്യത്തിന്റെ നിമിഷങ്ങള്‍ക്കായിരുന്നു. നിര്‍ത്താതെയടിക്കുന്ന നീണ്ട കോളിങ്ങ്ബെല്ലുകള്‍ ശാന്തിയേകുന്നു.

എങ്കിലും, അധികം ദൂരെയല്ലാതുള്ള അകാരണമായ ഒരു നഷ്ടപ്പെടലിന്റെ കയ്പ്‌ അവള്‍ക്ക്‌ ഭീതിയേകി. ആ കറുത്ത ഏകാന്തതയിലേക്ക്‌ ഇനിയും വലിച്ചെറിയപ്പെടുന്നത്‌ ഓര്‍ക്കാനേ വയ്യ. ചുവരുകള്‍ക്കുള്ളിലൂടെ, നീണ്ട നഖങ്ങളുള്ള വിരലുകള്‍ നീണ്ടുവരുന്നതും തന്നെ വേട്ടയാടുന്നതും അവളെ ചകിതയാക്കി.

"സമീര്‍, ഈ ശാന്തിയുടെ നിമിഷങ്ങള്‍ എന്നെ എത്രത്തോളം സമാധാനിപ്പിക്കുന്നുവോ അത്ര തന്നെ അസ്വസ്ഥയുമാക്കുന്നു"

"ഷംലക്ക്‌ നന്നായി വായനയുള്ളതല്ലേ. മനസ്സിന്റെ വിഹാരങ്ങള്‍ ഏതൊക്കെ രീതിയിലാണെന്ന് കുറച്ചൊക്കെ ഊഹിച്ചുകൂടേ. വളരെ വ്യക്തതയോടെയാണ്‌ കുട്ടിയിപ്പോള്‍ കാര്യങ്ങളെ നോക്കിക്കാണുന്നത്‌ എന്നത്‌ വളരെ സന്തോഷമുണ്ടാക്കുന്നതാണ്‌. ഈ സ്വാസ്ഥ്യത്തിന്റെ നിമിഷങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ്‌ ഷംലയുടെ വ്യാകുലത. ശരിയല്ലേ?"

'തീര്‍ച്ചയായും, വളരെ ശാന്തതയുള്ള ഒഴുക്കാണിപ്പോള്‍ ജീവിതം, പക്ഷേ..." തികച്ചും വേദനിപ്പിക്കുന്ന നഷ്ടബോധത്തിന്റെ വേലിയേറ്റങ്ങളുമായി അവളുടെ മുഖം വിഹ്വലമായി.

"പെട്ടെന്ന് ഒരു കുട്ടിയുണ്ടാവുകയെന്നതാണ്‌ ഇതിനുള്ള ഏറ്റവും ഐഡിയല്‍ ആയിട്ടുള്ള സൊല്യൂഷന്‍. ഞാന്‍ ഷാജിയുമായി ഇതെക്കുറിച്ച്‌ സംസാരിക്കാം."

അല്‍പനേരത്തേക്ക്‌ ഒരു മറുപടിയും ഷംലയില്‍ നിന്നുമുണ്ടായില്ല. പെട്ടെന്ന് എന്തോ ഉറച്ച ചിന്തകളിലെത്തിയപോലെ അവള്‍ പറഞ്ഞു - "ഒന്നരവര്‍ഷമായി ഇതിനുവേണ്ടി ഞാനവനോട്‌ യാചിക്കുന്നു. പക്ഷേ ഇപ്പോള്‍ മാര്‍ക്കറ്റിങ്ങ്‌ ഭാവങ്ങളുള്ള ജീനുമായി ഒരു കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ എനിക്ക്‌ താല്‍പര്യമില്ല."

"എന്താണ്‌ ഷംല ഉദ്ദേശിച്ചത്‌" ഷംലയുടെ ചിന്തകളുടെ പോക്ക്‌ എത്ര അപകടകരമായ വഴികളിലൂടെയാണെന്നോര്‍ത്ത്‌ സമീര്‍ അല്‍പമൊന്ന് ചകിതനായി.

"എത്ര വിരുദ്ധമായ ജീവിത വ്യവസ്ഥകളിലായാലും സമാനമനസ്കരുടെ സംയോഗമാണ്‌ എപ്പോഴും അഭികാമ്യമായി ഞാന്‍ കരുതുന്നത്‌"

കത്തുന്ന ഒരു പന്തം പോലെയാണ്‌ വാക്കുകള്‍ സമീറില്‍ വന്നുപതിച്ചത്‌. ആ കടുത്ത ചൂടില്‍ ഒന്നു പിടയുക പോലും ചെയ്തു അയാള്‍. അവളുടെ കണ്ണുകളിലെ തീക്ഷ്ണത കണ്ടപ്പോള്‍ അവള്‍ എത്രത്തോളം കടുത്ത മാനസിക അവസ്ഥയിലാണ്‌ എത്തിയിരിക്കുന്നതെന്നറിഞ്ഞ്‌ സമീര്‍ ഒരു നിമിഷം മൗനിയായി. പെട്ടെന്ന് അന്തരീക്ഷത്തെ ലാഘവപ്പെടുത്താനും അവളുദ്ദേശിക്കുന്നത്‌ അയാള്‍ക്ക്‌ ഒട്ടും തന്നെ മനസ്സിലായിട്ടില്ലെന്ന് തോന്നിപ്പിക്കാനുമായി അയാള്‍ പറഞ്ഞു - "ഹഹ... സമാനമനസ്കരൊക്കെ അങ്ങിനെയങ്ങ്‌ ഒരുമിച്ചായാല്‍ പിന്നെ സമൂഹം കുടുംബം ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള സ്ഥിരം സമ്പ്രദായങ്ങളൊക്കെ ഉടച്ചുവാര്‍ക്കേണ്ടി വരുമല്ലോ"

സംഭാഷണം കൂടുതല്‍ തുടരുന്നത്‌ അസ്വാസ്ഥ്യമുളവാക്കുന്ന മറ്റുപലതിലേക്കും എത്തിച്ചേരുമെന്ന് ഭയപ്പെട്ടിട്ടെന്നോണം പെട്ടെന്ന് സമീര്‍ യാത്ര പറഞ്ഞ്‌ പുറത്തുപോയി.

ഷാജിയെ ഇതൊക്കെ എങ്ങിനെ പറഞ്ഞ്‌ മനസ്സിലാക്കും എന്നോര്‍ത്ത്‌ സമീര്‍ വ്യാകുലനായി. എങ്കിലും സൂചനയെങ്കിലും കൊടുക്കാതെയും വയ്യ. ഷംലയുടെ ചിന്താസഞ്ചാരങ്ങള്‍ വഴിമാറിപ്പോകുന്നത്‌ ഷാജി അറിഞ്ഞേ തീരൂ, അതിനവളെ തീര്‍ത്തും കുറ്റപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ പോലും.

"ഷാജീ, നീയിത്‌ വളരെ ഗൗരവത്തോടെ കേള്‍ക്കേണ്ട കാര്യമാണ്‌. ഷംല ഒരു കുട്ടിക്കുവേണ്ടി അത്യധികം തീവ്രമായി ആഗ്രഹിക്കുന്നത്‌ നിനക്കുമറിയാമല്ലോ. ഇപ്പോള്‍ നിനക്കവളെ ശ്രദ്ധിക്കാനായില്ലെങ്കില്‍ അതിന്‌ വലിയ വില കൊടുക്കേണ്ടി വരും. ബാലിശമായ കാരണങ്ങള്‍ ഒഴിവാക്കി നീയവള്‍ക്ക്‌ ഒരു കുഞ്ഞിനെ നല്‍കണം. അതും എത്രയും പെട്ടെന്ന്. ഞാന്‍ ഡല്‍ഹിയിലേക്ക്‌ ട്രാന്‍സ്ഫറാവുന്നു, ഉടനെ... കൂടുതലൊന്നും എന്നോട്‌ ചോദിക്കരുത്‌"

സമീറിന്റെ വാക്കുകള്‍ ഷാജിയില്‍ അഗ്നിയെരിച്ചു. ശരിയാണ്‌, ഇനിയും അവളെ വിഷമിപ്പിക്കരുത്‌. എങ്കിലും സമീര്‍ ഇങ്ങനെയൊരു കാര്യം തന്നോട്‌ പറയാനെന്താണ്‌ ഹേതുവെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്തായാലും ഷംലയോട്‌ തന്നെ സംസാരിക്കാം.

വിവസ്ത്രയാക്കുമ്പോള്‍, അവളുടെ വാക്കുകള്‍ക്ക്‌ മുന്നേ ചെവി കൊടുക്കാഞ്ഞതിന്റെ ഒരു ഖേദം ഷാജിയെ നൊമ്പരപ്പെടുത്തി. ചൂടുള്ള അവളുടെ ഉടലിനെ തന്നിലേക്ക്‌ വലിച്ചടുപ്പിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു - "സമീറിന്‌ ഡല്‍ഹിയിലേക്ക്‌ ട്രാന്‍സ്ഫറാണ്‌. ചോദിച്ചുവാങ്ങിയതാണെന്നും പറഞ്ഞു. അവര്‍ ഉടനെ തന്നെ പോകും"

പെട്ടെന്ന് അവളുടെ ഊഷ്മളമായ ഉടലാകെ തണുത്തുറഞ്ഞപോലെ തോന്നി. എന്തെങ്കിലും ഒരു മറുപടി അവളില്‍ നിന്ന് ഉണ്ടായില്ല. അവളുടെ നഗ്നതകളില്‍ അലഞ്ഞുകൊണ്ടിരുന്ന അയാളുടെ വിരലുകളെ അവളുടെ കൈകള്‍ തടുത്തു. പതുക്കെ അവളെ തന്നോട്‌ ചേര്‍ത്ത്‌ ചെവിയില്‍ ഒരു മര്‍മ്മരം പോലെ അയാള്‍ മൊഴിഞ്ഞു - "നിന്റെ ഒന്നര വര്‍ഷമായുള്ള ആഗ്രഹത്തിന്‌ ഞാനിനി തടസ്സം നില്‍ക്കില്ല"

കെട്ടുപൊട്ടിച്ച ആഹ്ലാദത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്‌ അയാള്‍ പ്രതീക്ഷിച്ചത്‌. പക്ഷേ തികഞ്ഞ നിസ്സംഗതയോടെ മരവിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു - "ഇപ്പോള്‍ വേണ്ട"
എന്നിട്ട്‌ അവന്‌ പുറം തിരിഞ്ഞ്‌ കിടന്ന് പുതപ്പെടുത്ത്‌ തലവഴി മൂടി.

പിറ്റേന്ന് വളരെ ഉച്ചത്തില്‍ അവള്‍ ഓക്കാനിക്കുന്നതുകേട്ടുകൊണ്ടാണ്‌ ഷാജി ഉണര്‍ന്നത്‌. വാഷ്ബേസിനില്‍ കുനിഞ്ഞുനിന്ന് അവള്‍ ശര്‍ദ്ദിക്കുകയാണ്‌. വേഗം ചെന്ന് അവളുടെ പുറത്ത്‌ തടവിക്കൊടുത്തു. അവളുടെ ശരീരമാകെ വിളറിയിരുന്നു. തോളില്‍ കയ്യിട്ട്‌ അവളെ കട്ടിലില്‍ കൊണ്ട്‌ കിടത്തി കാപ്പിയിട്ടുകൊണ്ടുവന്ന് അവള്‍ക്ക്‌ കൊടുത്തു. ഷംല അവന്റെ കൈ പിടിച്ച്‌ അവളുടെ അടുത്തിരിക്കാന്‍ പറഞ്ഞു.

"ഷാജീ, എന്റെ വാക്കുകള്‍ ശാന്തമായി കേള്‍ക്കണം. നിനക്കെന്നെ എങ്ങിനെ വേണമെങ്കിലും കാണാം, തള്ളിപ്പറയാം. ഒന്നിലും ഞാന്‍ പരാതി പറയില്ല. ഞാന്‍ ഗര്‍ഭിണിയാണ്‌. മറ്റൊരു പുരുഷബീജം വഹിക്കുന്ന എന്നോട്‌ നീ പൊറുക്കണം." - ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും അവളുടെ മുഖവും മാസപേശികളും വലിഞ്ഞു മുറുകുകയും പെട്ടെന്ന് എവിടെയോ നഷ്ടപ്പെട്ടവളെപ്പോലെ കുഴഞ്ഞ്‌ കിടക്കയിലേക്ക്‌ വീഴുകയും ചെയ്തു.

എമര്‍ജന്‍സി വാര്‍ഡിനു മുന്നില്‍ കാത്തുനില്‍ക്കുമ്പോള്‍ ഷാജിക്ക്‌ സംഭവങ്ങളൊന്നും എങ്ങും കൂട്ടിമുട്ടിക്കാനാവാതെ ചിന്തകള്‍ക്ക്‌ തീപ്പിടിച്ചു - "ഡോക്ടര്‍, എങ്ങിനെയുണ്ടിപ്പോള്‍?"

"ഹേയ്‌ ഒരു പ്രശ്നവുമില്ല. ഷീ ഈസ്‌ ആള്‍റൈറ്റ്‌. നല്ല ക്ഷീണമുണ്ട്‌. ട്രിപ്പിട്ടിട്ടുണ്ട്‌, അതു തീരുമ്പോഴേക്കും എല്ലാം മാറും. ഇനി ധൈര്യം പോരെങ്കില്‍ രണ്ടു ദിവസം ഇവിടെ കിടന്നോട്ടെ, ഒരു റസ്റ്റ്‌."

"ഈസ്‌ ഷീ ക്യാരിയിങ്ങ്‌?"

"ഹഹ.... തനിക്കിതെങ്ങിനെ ചോദിക്കാന്‍ കഴിയുന്നു? ഒന്നുമില്ലെഡോ. അവരുടെ വിഹ്വലമായ മനസ്സിന്റെ സഞ്ചാരങ്ങള്‍ മാത്രം, അത്രേള്ളൂ."

രണ്ടു ദിവസത്തെ ഹോസ്പിറ്റല്‍ വാസം കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോള്‍ അവള്‍ക്ക്‌ ഉണര്‍വ്വാണോ തളര്‍ച്ചയാണോയെന്ന്‌ ഷാജിക്ക്‌ ഒട്ടും തിരിച്ചറിയാനായില്ല.

"അല്‍പനേരം ഉറങ്ങിക്കോളൂ, ഉണരുമ്പോള്‍ എല്ലാം പഴയപോലെയാവും" - നെറുകയില്‍ നനുത്ത ഒരു ചുംബനമേകി ഷാജി അവളെ ഒരു പുതപ്പെടുത്ത്‌ പുതപ്പിച്ചു.

"ഷാജീ, ആ ജനലൊന്ന് തുറന്നിടൂ"

ആദ്യമായിട്ടാണ്‌ ആ ജനല്‍ തുറന്നിടാന്‍ അവള്‍ പറയുന്നത്‌. കുറെ നാളുകള്‍ തുറക്കാതിരുന്ന കാരണം വിജാഗിരിയിലൊക്കെ കുറേശ്ശെ തുരുമ്പുവന്നു തുടങ്ങിയിരുന്നു. ഒരു ചെറിയ ശബ്ദത്തോടെ ശ്മശാനത്തിന്റെ ദൂരക്കാഴ്ചകളിലേക്ക്‌ ജാലകങ്ങള്‍ തുറന്നു. ഭയപ്പെടുത്തുന്ന നീണ്ട ഹോണ്‍ വിളികളോടെ ഒരു ആംബുലന്‍സ്‌ ശ്മശാനം ലക്ഷ്യമാക്കി വരുന്നത്‌ കാണാമായിരുന്നു. ശവത്തെ പുതപ്പിക്കുന്ന തുണിയുടെ അത്യന്തം വിളറിയ വെളുപ്പുപോലെ ചുവരുകള്‍ തന്നെ നോക്കി പരിഹാസച്ചിരി ചിരിക്കുകയാണോ എന്ന് തോന്നി അവള്‍ക്ക്‌. പെട്ടെന്ന് ചുവരുകളില്‍ നിന്ന് പല വലുപ്പത്തിലുള്ള കുറേയധികം കൈകള്‍ നീണ്ടുവന്നു. കൂര്‍ത്ത നഖങ്ങളുണ്ടായിരുന്നു അതിന്റെ വിരലുകളില്‍.

Labels: