Wednesday, November 15, 2006

കുട്ടികളോട്‌ പെരുമാറാന്‍ അറിയാത്തവര്‍

അതൊരു അമ്പലമൊന്നുമായിരുന്നില്ല, ഒരു ചെറിയ ഫ്ലാറ്റ്‌. വളരെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചുകൊണ്ട്‌ കുറച്ചുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു ഫോട്ടോകള്‍ പ്ലാസ്റ്റിക്കിന്റെ മാലയൊക്കെയിട്ട്‌ വച്ചിട്ടുണ്ട്‌. അല്‍പം കഴിഞ്ഞപ്പോള്‍ കുറച്ചു പ്രായമായ ഒരാള്‍ ഷര്‍ട്ടൊക്കെ അഴിച്ചുമാറ്റി പൂജ ചെയ്തുതുടങ്ങി. ഉടനെ തന്നെ എല്ലാവരും കൂടി ഭജന പാടാനും മന്ത്രങ്ങള്‍ ചൊല്ലാനും തുടങ്ങി. നേരത്തേ വളരെ മൃദുവായി സംസാരിച്ചുകൊണ്ടിരുന്നവരാണ്‌ ഇത്ര ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലുന്നത്‌ എന്ന്‌ വിശ്വസിക്കാന്‍ പറ്റിയില്ല. കൂടുതല്‍ ആളുകളും ഒരേ താളത്തിലും രീതിയിലുമായിരുന്നു പാടിയിരുന്നത്‌ എന്നതില്‍നിന്നും അവരെല്ലാം അവിടെ സ്ഥിരമായി വരാറുള്ളവരായിരുന്നിരിക്കണം. എനിക്ക്‌ മന്ത്രങ്ങളൊന്നും അറിയാത്തതുകൊണ്ട്‌ ഞാന്‍ വെറുതേ ഓരോരുത്തരേയും നോക്കിക്കൊണ്ടിരുന്നു. അപ്പോഴാണ്‌ വാതില്‍ തുറന്ന്‌ വളരെയധികം വണ്ണമുള്ള ഒരു ചെറുപ്പക്കാരന്‍ അകത്തേക്ക്‌ വന്നത്‌. അയാള്‍ രണ്ടുവയസ്സില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു ചെറിയ കുട്ടിയെ കയ്യിലെടുത്തിരുന്നു. കുട്ടിക്ക്‌ അയാളേപ്പോലെ അമിതമായി വണ്ണമുണ്ടായിരുന്നില്ലെന്നുമാത്രമല്ല, വളരെ മെലിഞ്ഞിട്ടായിരുന്നു എന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. എന്റെ അല്‍പം മുന്‍പിലായി അയാള്‍ വന്നിരിക്കുകയും കുട്ടിയെ നിലത്തു നിര്‍ത്തുകയും ചെയ്തു. മന്ത്രോച്ചാരണത്തിന്റെ ശബ്ദം കുറച്ചെങ്കിലും കൂടിയിട്ടേയുണ്ടായിരുന്നുള്ളൂ. ഒച്ചയും ബഹളവുമൊന്നും ആ കുട്ടി ശ്രദ്ധിച്ചതായി തോന്നിയില്ല. അവന്‍ ചുറ്റും ഓരോരുത്തരേയും നോക്കിക്കൊണ്ടിരിക്കുകയാണ്‌, അവസാനം എന്റെ നേരെയും. ഞാന്‍ തല ചെരിച്ചുകൊണ്ട്‌ അവനെനോക്കി ചിരിച്ചുകാണിച്ചു. അവന്‍ തിരിച്ചും ചിരിക്കുമെന്ന്‌ എനിക്കുറപ്പായിരുന്നു. പക്ഷേ, അവന്റെ മുഖത്ത്‌ ഒരു വികാരവുമുണ്ടായിരുന്നില്ല. കാണാന്‍ നല്ല ഓമനത്തമുള്ള മുഖമായിരുന്നെങ്കിലും ഒട്ടും തന്നെ ചിരിച്ചിരുന്നില്ല. എനിക്കു വിഷമമായി. എന്നെ എന്താണാവോ ഇഷ്ടപ്പെടാഞ്ഞത്‌? വീണ്ടും അവന്‍ എന്നെത്തന്നെ നോക്കുന്നതുവരെ ഞാന്‍ കണ്ണിമ പൂട്ടാതെ അവനെത്തന്നെ ശ്രദ്ധിച്ചു. കൂടെയുള്ളവരൊക്കെ മന്ത്രം ചൊല്ലലില്‍ തന്നെ മുഴുകിയിരിക്കുന്നു. അടുത്ത തവണ അവനെന്നെ നോക്കിയപ്പോള്‍ ഞാന്‍ അവനെ ചിരിപ്പിക്കാനായി മുഖം കൊണ്ട്‌ എന്തോ ഗോഷ്ടി കാണിച്ചു. പക്ഷേ, അവനത്‌ കണ്ടതായിപ്പോലും ഭാവിച്ചില്ല. ഞാനാകെ എന്തോ നഷ്ടപ്പെട്ടുപോയപോലെ പുറകിലെ ചുമരില്‍ ചാരിയിരുന്നു. എവിടെയോ ഉള്ള ആരുടെയോ കുട്ടിയുടെ ഒരു പുഞ്ചിരി കിട്ടാന്‍ ഞാനിത്ര വിഷമിക്കുന്നതെന്തിനാണെന്ന്‌ എനിക്കുതന്നെ മനസ്സിലായില്ല. ഞാന്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒരു പക്ഷേ ആ കുട്ടിയുടെ രീതി അതാവും, അധികം ചിരിക്കാത്ത കുട്ടിയാവും. പക്ഷേ എന്റെ സ്വസ്ഥത അധികനേരം നീണ്ടില്ല. അടുത്തിരിക്കുന്നുണ്ടായിരുന്നയാള്‍ അയാളുടെ നല്ല ഭംഗിയുള്ള മൊബൈല്‍ ഫോണ്‍ അവന്റെ നേരെ നീട്ടി. പക്ഷേ അവനത്‌ വാങ്ങാതിരുന്നപ്പോള്‍ എനിക്കു നേരത്തേ തോന്നിയ വിഷമം അല്‍പം കുറഞ്ഞപോലെ തോന്നി. മാത്രമല്ല ആ മൊബൈല്‍കാരനോട്‌ അല്‍പം പുച്ഛവും തോന്നാതിരുന്നില്ല. പക്ഷേ രണ്ടുമൂന്നുതവണ ശ്രദ്ധിക്കാതിരുന്നിട്ടും അവസാനം അവനതു വാങ്ങുകതന്നെ ചെയ്തു. നേരത്തേ വല്ലപ്പോഴുമെങ്കിലും എന്റെ നേരെ നോക്കിയിരുന്ന അവനിപ്പോള്‍ ആ ഫോണില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. അവന്റെ മുഖം അല്‍പം കൂടി വികസിച്ച പോലെ തോന്നി. അയാള്‍ ഷേക്ക്‌ഹാന്റിനായി കൈനീട്ടിയപ്പോള്‍ അവനും അവന്റെ കൈ നീട്ടി. അതെനിക്ക്‌ അസഹ്യമായിത്തോന്നി. അയാളുടെ പ്രവൃത്തിയില്‍ എന്തോ കാപട്യമുള്ളപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. അവന്‍ ആ മൊബൈലില്‍ നമ്പറുകള്‍ ഞെക്കാന്‍ തുടങ്ങി. അപ്പോള്‍ അയാള്‍ അവനോട്‌ കുറച്ചുകൂടെ അടുത്തിരുന്നു. എനിക്കയാളോട്‌ കലശലായ ദേഷ്യം വന്നു. മന്ത്രങ്ങളൊന്നും ചൊല്ലാതെ വെറുതെ ചെറിയ കുട്ടികളുമായിട്ട്‌ കളിച്ചുകൊണ്ടിരിക്കുന്നു. പതുക്കെ ഞാനയാളെ തോണ്ടിവിളിച്ചിട്ടു പറഞ്ഞു.

"നിങ്ങളിത്ര വിലപിടിച്ച മൊബൈലൊക്കെയാണോ കുട്ടികള്‍ക്ക്‌ കളിക്കാന്‍ കൊടുക്കുന്നത്‌. നിങ്ങളേപ്പോലുള്ളവരാണ്‌ കുട്ടികളെ ചീത്തയാക്കുന്നത്‌."

അയാള്‍ വെറുതേ എന്നെ നോക്കി ചിരിച്ചു. പക്ഷേ അതൊരു നിരുപദ്രവമായ ചിരിയായിട്ട്‌ എനിക്കു തോന്നിയില്ല. എന്റെ വാക്കുകളെ അയാളൊട്ടും മുഖവിലക്കെടുക്കാത്തപോലെ. എങ്കിലും അയാള്‍ ആ ഫോണ്‍ തിരികെ വാങ്ങുമെന്നും ആ കുട്ടി പിന്നെ അയാളുമായിട്ട്‌ അധികം അടുക്കില്ലെന്നും ഞാന്‍ മനസ്സില്‍ കരുതി. പക്ഷേ അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ആ കുട്ടിയുടെ നേരെ കൈ നീട്ടുകയും അവന്‍ അയാളെ നോക്കി ചെറുതായി ചിരിക്കുകയും ചെയ്തു. എനിക്കത്‌ ഒട്ടും തന്നെ സഹിക്കാനാവുമായിരുന്നില്ല. ഞാന്‍ എഴുന്നേറ്റ്‌ ആ കുട്ടിയുടെ കയ്യില്‍ നിന്നും ബലമായി ഫോണ്‍ വാങ്ങി അയാളുടെ മടിയിലേക്കിട്ടു. കുട്ടി പേടിച്ചുപോയിരുന്നു. അവന്‍ അച്ഛനോടു ചേര്‍ന്നു നിന്നുകൊണ്ട്‌ എന്നെ പകച്ചു നോക്കി. ഞാന്‍ അയാളോട്‌ അല്‍പം ഒച്ച ഉയര്‍ത്തിത്തന്നെയാണ്‌ സംസാരിച്ചത്‌ -

"നിങ്ങള്‍ ഭജന പാടാന്‍ വന്നതാണോ അതോ കുട്ടികളുടെ കൂടെ കളിക്കാന്‍ വന്നതോ?"

മന്ത്രം ചൊല്ലിക്കൊണ്ടിരുന്ന പലരും എന്നെ ശ്രദ്ധിച്ചുതുടങ്ങി. ഒരു കുറ്റവാളിയെ എന്ന പോലെ ഞാനയാളെ നോക്കി. അയാള്‍ ലജ്ജിതനായി തലതാഴ്ത്തിയിരുന്നത്‌ എനിക്കല്‍പം സ്വസ്ഥത നല്‍കി. ഇനി ആ കുട്ടി തന്നെ നോക്കുമ്പോള്‍ എന്തു ചെയ്തു കാണിച്ചാലാണ്‌ അവന്‍ ചിരിക്കുക എന്ന്‌ ഞാന്‍ ഗഹനമായി ആലോചിച്ചുതുടങ്ങി. ഒന്നുരണ്ടു തവണ എന്നെ അവന്‍ നോക്കാന്‍ തുടങ്ങിയപ്പോഴേക്കും ഞാന്‍ കൈകൊണ്ടും തലകൊണ്ടുമൊക്കെ ഓരോ ആംഗ്യങ്ങള്‍ കാണിച്ചെങ്കിലും അവന്‍ വളരെ പേടിച്ചാണ്‌ എന്റെ നേരെ നോക്കിയിരുന്നത്‌ എന്ന്‌ ഞാനൊരു വേദനയോടെ അറിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന ഒരു അഞ്ചുവയസ്സുകാരി പെണ്‍കുട്ടി അവന്റെ അടുത്തുപോയിരുന്നു. അവന്‍ വളരെ കൗതുകത്തോടെ അവളെ നോക്കാന്‍ തുടങ്ങി. എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന വെളുത്തനിറത്തിലുള്ള ഉടുപ്പാണ്‌ അവള്‍ ഇട്ടിരുന്നത്‌. അവള്‍ അവന്റെ കൈകളില്‍ പിടിച്ചുകൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ആട്ടാന്‍ തുടങ്ങി. അവന്‍ വളരെ രസിച്ചുകൊണ്ട്‌ അവന്റെ തലയും രണ്ടുവശത്തേക്കും ആട്ടിക്കൊണ്ടിരുന്നു. എനിക്ക്‌ ആ കുട്ടിയെ വഴക്കുപറയണമെന്നും അവിടെ പിടിച്ചിരുത്തണമെന്നും തോന്നി. പക്ഷേ ഒരു കാരണവുമില്ലാതെ അങ്ങിനെ ചെയ്യാന്‍ എനിക്കൊരു ചമ്മല്‍ തോന്നി. ഉടനെതന്നെ അവര്‍ രണ്ടുംകൂടി ചിരിക്കാന്‍ തുടങ്ങി. ചുറ്റുമുള്ളവരും അതു കണ്ടെങ്കിലും അവരാരുമതു ശ്രദ്ധിച്ചതേയില്ല. ഞാന്‍ അവളുടെ അടുത്തുചെന്നിരുന്ന്‌ അവളെ ഉച്ചത്തില്‍ ശാസിച്ചു. തൊഴുതുപിടിച്ചുകൊണ്ട്‌ ഉച്ചത്തില്‍ നാമം ജപിക്കാന്‍ പറഞ്ഞു ഞാനവളോട്‌. പേടിച്ച്‌ അവള്‍ പെട്ടെന്ന്‌ കൈവലിച്ചു. അവനും വേഗം അവന്റെ അച്ഛന്റെ മടിയിലിരുന്നു. ഇനിയെങ്ങിനെയാണ്‌ അവനെയൊന്ന്‌ സന്തോഷിപ്പിക്കുക എന്നായി ഞാന്‍ വീണ്ടും ചിന്ത. പക്ഷേ അവര്‍ അടങ്ങിയിരുന്നില്ല. ഒരു രണ്ടുനിമിഷം കഴിഞ്ഞപ്പോഴേക്കും അവര്‍ വീണ്ടും കൈകള്‍ പിടിച്ച്‌ ആട്ടിക്കൊണ്ട്‌ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. എനിക്കത്‌ ഒട്ടും തന്നെ സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ ഉറക്കെയുറക്കെ ആ പെണ്‍കുട്ടിയെ ശകാരിക്കാന്‍ തുടങ്ങി. എന്നിട്ടും പോരാഞ്ഞ്‌ അവളുടെ ചെവിയില്‍ വളരെ ശക്തിയായി ഒരു പിച്ചും കൊടുത്തു. അവള്‍ കരഞ്ഞുകൊണ്ട്‌ നേരത്തേ മൊബൈല്‍ കൊടുത്തയാളുടെ അടുത്തേക്കോടി. അതയാളുടെ മകളായിരുന്നോ? പലരും മന്ത്രം ചൊല്ലല്‍ നിര്‍ത്തി തലയുയര്‍ത്തി എന്നെ നോക്കി. അയാള്‍ ആ പെണ്‍കുട്ടിയേയും കൊണ്ട്‌ കുറച്ച്‌ അകലെ നിന്നിരുന്ന ഒരു സ്ത്രീയുടെ അടുത്തേക്കുപോയി. എന്തൊക്കെയോ സംസാരിക്കുകയും എന്നെ കൈചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ പെണ്‍കുട്ടിയും അവളുടെ അച്ഛനും അവന്റെയടുത്തുനിന്നും ദൂരെ പോയപ്പോള്‍ എനിക്കു സമാധാനമായി. ഇനിയെന്തായാലും അവനെനിക്കൊരു ചിരി സമ്മാനിക്കാതിരിക്കില്ല. ഹോ, ഇത്രയും നേരം എന്തൊരു ടെന്‍ഷന്‍ ആയിരുന്നു. ഇപ്പോ എല്ലാം കലങ്ങിത്തെളിഞ്ഞപോലെ. ഭജന കഴിഞ്ഞാലും കുറച്ചുകൂടി കഴിഞ്ഞിട്ടു പോയാല്‍ മതി. അവന്‍ ഒരുപക്ഷേ എന്റെയൊപ്പം കളിക്കാന്‍ കൂടിയേക്കും. അവനിഷ്ടപ്പെട്ട കളികള്‍ എന്തൊക്കെയായിരിക്കും? കുട്ടികള്‍ക്ക്‌ പെട്ടെന്ന്‌ ഇഷ്ടപ്പെടുന്ന ഏതെങ്കിലും ഒന്നുരണ്ടുകളികളെങ്കിലും ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. ഷേക്ക്‌ഹാന്റിനായി ഞാന്‍ അവന്റെ നേരെ കൈനീട്ടി. ഏതോ ഭീകരജീവിയെ കണ്ടിട്ടെന്നപോലെ അവന്‍ ഒരൊറ്റകരച്ചിലായിരുന്നു. വീണ്ടും ആള്‍ക്കാര്‍ എന്നെ ശ്രദ്ധിച്ചുതുടങ്ങി. ഞാനാകെ വല്ലാതായി. അവന്‍ ഉറക്കെയുറക്കെ ഏങ്ങിയേങ്ങി കരയുകയാണ്‌. എന്നാലും ഇതൊക്കെകഴിയുമ്പോള്‍ അവന്‍ എന്റെയൊപ്പം കളിക്കാന്‍ വരുമെന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചു. മൊബൈല്‍ഫോണ്‍ പിടിച്ചയാള്‍ വേറെ ഒന്നുരണ്ടുപേരോട്‌ എന്നെച്ചൂണ്ടി എന്തോ പറയുന്നുണ്ടായിരുന്നു. അതിലൊരാള്‍ വന്ന്‌ എന്നോട്‌ പുറത്തേക്കൊന്നു വരാന്‍ പറഞ്ഞു. പുറത്തെത്തിയപ്പോള്‍ അയാള്‍ ഒന്നും മിണ്ടാതെ എന്നെ അവിടെ നിര്‍ത്തിയിട്ട്‌ അകത്തുകയറി കതകു കുറ്റിയിട്ടു. എനിക്കെന്താണ്‌ ചെയ്യേണ്ടത്‌ എന്നൊരു പിടുത്തവും കിട്ടിയില്ല. പക്ഷേ ഉടനെതന്നെ അകത്തുനിന്നും മണിയൊച്ചയും മറ്റും കേട്ടു. അപ്പോ എല്ലാവരും ഉടനേ തന്നെ പുറത്തുവരുമായിരിക്കും. അവന്റെ ഒരു ചിരികണ്ടിട്ടുവേണം തനിക്ക്‌ പോകാന്‍. നേരത്തേയുണ്ടായതെല്ലാം അവന്‍ മറന്നുകാണും. ഇപ്പോള്‍ കാണുമ്പോള്‍ എന്തായാലും ചിരിക്കാതിരിക്കില്ല. അധികം വൈകാതെ എല്ലാവരും പുറത്തേക്കുവന്നു. ആ തടിയനായ ചെറുപ്പക്കാരന്‍ എന്നെ കണ്ടപ്പോള്‍ അയാളുടെ ഭാര്യയോട്‌ എന്തോ പറയുന്നതും അവരുടെ മുഖം കനക്കുന്നതും ഞാന്‍ കണ്ടു. ആ സ്ത്രീയുടെ കയ്യിലായിരുന്നു അപ്പോള്‍ കുട്ടി. എന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ വെളുക്കെ ചിരിച്ചെങ്കിലും അവന്‍ തല തിരിച്ചുകളഞ്ഞു, മാത്രമല്ല അവന്‍ കരയാന്‍ തുടങ്ങുകയും ചെയ്തു. ഉടനെ ആ സ്ത്രീ അവനെ താഴെയിറക്കി. അയാള്‍ കാറിന്റെ താക്കോല്‍ അവന്റെ കയ്യില്‍ കൊടുത്തു. അതു കിട്ടിയപ്പോള്‍ അവന്‍ അയാളുടെ നേരെ നോക്കി ചിരിച്ചുതുടങ്ങി. പെട്ടെന്ന്‌ ഞാന്‍ മുന്നോട്ട്‌ ചെന്ന്‌ ആ താക്കോല്‍ പിടിച്ചുവാങ്ങി അയാള്‍ക്ക്‌ നേരെ എറിഞ്ഞു.

Monday, November 13, 2006

മഴവെള്ളച്ചാലുകള്‍

ഒരു നനവ്‌ അനുഭവപ്പെടുന്നപോലെ തോന്നി വിജയന്‌. അയാള്‍ വഴിയരുകില്‍ കിടക്കുകയായിരുന്നു. മഴ കുറേശ്ശെ പെയ്യുന്നുണ്ട്‌. വെള്ളം ചാലുകളായി ഒലിച്ചുതുടങ്ങുന്നതേയുള്ളു. മദ്യം മാത്രമാണ്‌ കുറച്ചുദിവസമായി ആഹാരം. കുറച്ചുമാറിയുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലേക്ക്‌ എത്തിപ്പെടാനാവുമോ എന്നയാള്‍ വെറുതേ ശ്രമിച്ചുനോക്കി. തല പൊക്കാനാവുന്നില്ല. എത്രയായി സമയം, ഏതാണ്‌ സ്ഥലം ഒന്നുമറിയില്ല. ഇനിയൊരു തിരിച്ചുപോക്കുണ്ടാകുമോ, അതുമറിയില്ല. വിഭ്രാന്തിയുടെ നിമിഷങ്ങളിലൂടെയുള്ള ഇഴച്ചിലായിരുന്നു വിജയന്റെ. എത്രയോ നേരം മണ്ണിന്റെ മണമുള്ള മഴവെള്ളച്ചാലുകളിലലിഞ്ഞ്‌ അയാളങ്ങിനെ കിടന്നു. അടുത്തുകൂടി വേഗത്തില്‍ പാഞ്ഞുപോയ ഒരു വണ്ടി കുറേ ചെളിവെള്ളം അയാളുടെ മുഖത്ത്‌ തെറിപ്പിച്ചു.

പെട്ടെന്ന്‌ മുഖത്ത്‌ നനവ്‌ തട്ടിയിട്ടാണ്‌ അയാള്‍ ഉണര്‍ന്നത്‌. അശ്വതി മുടിയില്‍ നിന്നും തന്റെ മുഖത്തേക്ക്‌ വെള്ളം ഇറ്റിക്കുന്നു. അവള്‍ വളരെ സുന്ദരിയായിത്തോന്നി വിജയന്‌. ആ കുളിര്‍മ്മ കിനിഞ്ഞിറങ്ങുന്നത്‌ തന്റെ മനസ്സിലേക്കെന്നും.
"ഇന്നെന്താ ബാങ്കില്‍ പോകുന്നില്ലേ, ഇങ്ങനെ കിടന്നാ മതിയോ?"
പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട്‌ വെറുതേ മൂളുകമാത്രം ചെയ്തു. പിന്നെ പെട്ടെന്ന്‌ അവളുടെ സാരിയുടെ തലപ്പില്‍ പിടിച്ച്‌ ശക്തിയായി വലിച്ച്‌ കട്ടിലിലേക്കിട്ട്‌ മുറുകെ പുണര്‍ന്നു. അവള്‍ ഉടനേതന്നെ പിടയുമെന്നും, എന്റെ കൈകള്‍ വിടുവിച്ച്‌ മുഖം വീര്‍പ്പിച്ചപോലെ നില്‍ക്കുമെന്നും, വേഗം എഴുന്നേറ്റുപോയി കുളിക്കാന്‍ പറയുമെന്നും, ഞാന്‍ ദേഷ്യപ്പെട്ട്‌ തിരിഞ്ഞു കിടക്കുമ്പോള്‍ ഒരു ചെറിയ പുഞ്ചിരിയോടെ എന്റെ അടുത്തു വന്നിരിക്കുമെന്നും എനിക്കറിയാമായിരുന്നു. സ്നേഹമയിയായ ഒരു ഭാര്യ എങ്ങിനെയൊക്കെ പെരുമാറണമെന്ന്‌ അവള്‍ക്ക്‌ നല്ല നിശ്ചയമുണ്ടായിരുന്നു. ദേഷ്യം വരുമ്പോള്‍ എന്നെ അനുനയിപ്പിക്കാനും, മടിപിടിച്ചിരിക്കുന്ന എന്നെ കുത്തിപ്പൊക്കാനും അവള്‍ക്ക്‌ നല്ല പാടവമായിരുന്നു. അവളുടെ പിണക്കങ്ങള്‍ക്ക്‌ നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളു.

ഒരാഴ്ചത്തെ പത്രങ്ങള്‍ കിട്ടിയതിലൂടെ വെറുതേ കണ്ണോടിച്ചുകൊണ്ടിരിക്കുകയായിരുന്നു അശ്വതി. പലപ്പോഴും അക്ഷരങ്ങളില്‍ത്തന്നെ ഉടക്കിനില്‍ക്കുകയാവും വായന, വാക്കുകളുടേയും വരികളുടേയും അര്‍ത്ഥങ്ങളിലേക്ക്‌ അത്‌ നീളാറില്ല. ഈ സെല്ലിന്റെ തുരുമ്പിച്ച നിസ്സംഗതയുമായി രണ്ടുവര്‍ഷം. ഇനിയെത്രനാള്‍ ബാക്കിയുണ്ട്‌, കണക്കെടുക്കാറില്ല. സ്നേഹാതുരമായ പൂക്കാലത്തെ വിലങ്ങുവച്ച്‌ ഈ കയ്ക്കുന്ന ഇരുട്ടിലേക്ക്‌ വന്ന ദിനങ്ങളെ ഓര്‍മ്മയില്‍നിന്ന്‌ പറിച്ചെറിയാന്‍ എത്രയേറെ പണിപ്പെട്ടിട്ടും മനസ്സില്‍ നീറിപ്പിടിക്കുന്നു. സ്നേഹത്തിന്റെ പ്രകാശം മാത്രമുണ്ടായിരുന്ന ജീവിതത്തില്‍ നിന്നും ഈ ഇരുളിന്റെ ഒറ്റപ്പെടലിലേക്ക്‌. താനെങ്ങിനെ ഈ രണ്ടുവര്‍ഷങ്ങളെ അതിജീവിച്ചു എന്ന്‌ അശ്വതി അത്ഭുതപ്പെട്ടു.

"ഞാനെങ്ങാനും മരിച്ചുപോയാല്‍ വിജയേട്ടനെന്താ ചെയ്യാ?"
"ഓ, ഒന്നുരണ്ടുകൊല്ലമൊക്കെ ഇങ്ങനെ വിഷമിച്ചിരിക്കും, പിന്നെ നല്ല ഒരു പെണ്ണിനെയൊക്കെക്കെട്ടി അടിച്ചുപൊളിച്ച്‌..."
ദേഷ്യം പിടിപ്പിക്കാന്‍ പറയുന്നതാണെന്ന്‌ അവള്‍ക്കറിയാമെങ്കിലും അതു കേള്‍ക്കുമ്പോളവളുടെ മുഖം കറുക്കും. പിന്നെ ദേഷ്യം തീര്‍ക്കാന്‍ വിജയന്‍ അവളേയും കൊണ്ട്‌ പുറത്തുപോയി തമിഴന്റെ കടയില്‍ നിന്നും രണ്ട്‌ പരിപ്പുവട വാങ്ങിക്കൊടുക്കും. അതില്‍ത്തീരുന്ന പിണക്കങ്ങളേ അവള്‍ക്കുണ്ടാകാറുള്ളൂ. അധികവും പുറത്തുപോകുവാന്‍ അവള്‍ക്ക്‌ താല്‍പര്യമുണ്ടാവാറില്ല. അഥവാ പോയാലും എത്രയും വേഗം തിരിച്ചെത്തണം. ഒരിക്കല്‍ ഒരു സിനിമകാണാന്‍ പോയിട്ട്‌ ഇന്റര്‍വെല്ലായപ്പോള്‍ അവള്‍ തിരിച്ചുപോകാമെന്നു പറഞ്ഞു.

മഴ ഇപ്പോള്‍ കുറേശ്ശെ ചാറുന്നതേയുള്ളു. ഇരുട്ടിനെത്തുളച്ച്‌ അകലെ നിന്നു വരുന്ന വണ്ടികളുടെ വെളിച്ചത്തില്‍ മഴച്ചാറ്റലിന്റെ വരകള്‍ കാണാമായിരുന്നു. കുറേ മഴ നനഞ്ഞപ്പോള്‍ അയാള്‍ അല്‍പം ബോധത്തിലേക്ക്‌ തിരിച്ചെത്തി. തിരിച്ചുപോകാനാവുമോ തനിക്കിനി. വേദനകള്‍ അന്യമായിരുന്ന തന്റെ ജീവിതത്തില്‍ എത്ര പെട്ടെന്നാണ്‌ ദുരന്തങ്ങള്‍ പെരുമഴയായ്‌ പെയ്തിറങ്ങിയത്‌. ബോധം മറഞ്ഞും തെളിഞ്ഞും വേച്ച്‌ വേച്ച്‌ ആ ചെളിപിടിച്ച റോഡിലൂടെ നടക്കുമ്പോള്‍ വിജയന്‍ വിഹ്വലമായ ഓര്‍മ്മത്തുരുത്തുകളിലേക്ക്‌ ഊര്‍ന്നുപോയി.

ശനിയാഴ്ചകളെയായിരുന്നു അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത്‌. അന്ന്‌ ബാങ്ക്‌ ഉച്ചവരെയേ ഉള്ളൂ. അരദിവസം കൂടുതല്‍ കിട്ടുന്ന വിജയന്റെ സാമീപ്യത്തെ അവളേറെ കൊതിച്ചു. ഫസ്റ്റ്‌ഷോയ്ക്ക്‌ പോകാമെന്നു പറഞ്ഞപ്പോള്‍ എതിര്‍ത്ത അവളെ ഒരു ദീര്‍ഘചുംബനത്തിലൂടെ അയാള്‍ സമ്മതിപ്പിച്ചു. വൈകി തിരിച്ചെത്തിയപ്പോള്‍, മുറി അടയ്ക്കാന്‍ മറന്നുപോയപോലെ, വാതില്‍ വെറുതേ ചാരിയിട്ടേ ഉള്ളു. അവള്‍ പരിഭ്രമിച്ചെന്നു തോന്നുന്നു, കയ്യിലെ പിടുത്തം കൂടുതല്‍ മുറുകുന്നത്‌ അറിഞ്ഞു. വണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ അകത്തെന്തോ തട്ടിമറിയുന്നതായി തോന്നി. തിരക്കിട്ടു അകത്തേക്കു പാഞ്ഞ അയാളെ അശ്വതി തടഞ്ഞു. പക്ഷേ അവളുടെ കൈകള്‍ തട്ടിക്കൊണ്ട്‌ അയാള്‍ അകത്തേക്കോടി. പെട്ടെന്ന്‌ തലയ്ക്കു പുറകില്‍ ഭാരമുള്ള എന്തോ വന്ന്‌ ഇടിച്ച പോലെ തോന്നി. ഒരു വലിയ ആള്‍ക്കൂട്ടത്തിലേക്കും അലറിക്കരയുന്ന അവളുടെ മുഖത്തേക്കുമാണ്‌ അയാള്‍ പിന്നെ കണ്ണുതുറന്നത്‌. അയാള്‍ക്കവളോട്‌ വളരെ സഹതാപം തോന്നി. തനിക്കെന്തോ വലുതായി പറ്റിയിരിക്കുന്നു എന്നവള്‍ കരുതുന്നുണ്ടാവും. പതുക്കെ തലപൊക്കി നോക്കിയപ്പോള്‍ നല്ല വേദനയുണ്ട്‌. ഒരു വിധത്തില്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവള്‍ വീണ്ടും കരഞ്ഞു തളരുകയായിരുന്നു. തന്റെ തല പൊട്ടിയിട്ടുണ്ടോ, ഇവളുടെ സാരിയില്‍ ഈ രക്തം എങ്ങിനെ വന്നു. അയാള്‍ക്ക്‌ കാര്യങ്ങള്‍ ശരിക്കും വ്യക്തമായില്ല. പിന്നെയും കുറച്ചുകൂടികഴിഞ്ഞ്‌, മൂലയില്‍ ഒരാള്‍ ചോരയൊലിപ്പിച്ചു കിടക്കുന്നതും അവളുടെ രോദനവും തമ്മില്‍ ചേര്‍ത്തുവായിക്കാന്‍ അയാള്‍ക്ക്‌ കുറച്ചു സമയമെടുത്തു. വീണ്ടും അയാള്‍ ബോധത്തിന്റെ അസ്വസ്ഥതകളില്‍ നിന്നും അബോധത്തിന്റെ ശാന്തിയിലേക്കു വീണു.

ഇന്നു വിവാഹിതരാവുന്നു എന്ന തലക്കെട്ടിനു താഴെ വിജയേട്ടന്റേയും അരുന്ധതിയുടേയും ചിത്രങ്ങള്‍ കണ്ടിട്ടും, ഇതു നേരത്തേ പ്രതീക്ഷിച്ചിരുന്നതിനാല്‍ ഒരു നിര്‍വ്വികാരത മാത്രമാണ്‌ അശ്വതിക്ക്‌ കൂട്ടായത്‌. അസംഭാവ്യങ്ങളെന്ന്‌ കരുതുന്ന പലതും ജീവിതങ്ങളെ മാറ്റിമറിക്കുന്നതെങ്ങിനെയെന്ന്‌ ഒരു നിമിഷം ഓര്‍ത്തുപോയി. ഇത്‌ കഴിഞ്ഞയാഴ്ചത്തെ പേപ്പറാണ്‌, അതായത്‌ ഒരാഴ്ചയായിട്ടുണ്ടാവും അവര്‍ പുതിയ ജീവിതം തുടങ്ങിയിട്ട്‌. ഒരിക്കല്‍ അച്ഛന്‍ കാണാന്‍ വന്നപ്പോള്‍ സൂചിപ്പിച്ചതാണ്‌, അരുന്ധതിക്ക്‌ വേറൊരു ആലോചന വരാന്‍ വിഷമമാണ്‌. ഒരുവിധം ശരിയായ രണ്ടുമൂന്നാലോചനകള്‍ തന്റെപേരില്‍ അലസിപ്പോയത്രേ. ഇതിനു സമ്മതിച്ചില്ലെങ്കില്‍ അവളെക്കൂടി കൊലയ്ക്കുകൊടുക്കുന്നതിനു സമമാണെന്നുവരെ പറഞ്ഞുവച്ചു അച്ഛന്‍. എനിക്കെന്തായിരുന്നു പിന്നെ പറ്റിയതെന്നോര്‍മ്മയില്ല. ഞാനിവിടെ മുഴുവന്‍ അലറിക്കരഞ്ഞു നടന്നിരുന്നതായും അഴികളില്‍ ഉറക്കെയുറക്കെ തലയിടിച്ചിരുന്നതായും കുറെ ദിവസം കഴിഞ്ഞപ്പോള്‍ വാര്‍ഡന്‍ പറഞ്ഞു. പിന്നെയെന്റെ മനസ്സില്‍ ചിമ്മിനിന്നിരുന്ന ചെരാതുകളൊക്കെ ഞാന്‍ കെടുത്തിവച്ചു. മരണത്തിന്റെ ചിറകടികള്‍ക്കായി കൊതിച്ചു. ഉഷ്ണക്കാറ്റുവീശുന്ന ഒരു കൊടുംവേനലിന്റെ ഉച്ചയില്‍ അരുന്ധതി തന്നെക്കാണാന്‍ ഒറ്റയ്ക്കുവന്നു. തികച്ചും അപരിചിതയേപ്പോലെ തോന്നി എനിക്കവളെ. വഴിയരുകിലോ ബസ്റ്റാന്റിലോ നില്‍ക്കുന്ന എതോ ഒരു പെണ്‍കുട്ടി. അവള്‍ പറഞ്ഞു, ഇത്‌ അച്ഛന്റെ വെറും ഭ്രാന്താണെന്ന്‌. വിജയേട്ടനെന്ന കറവപ്പശു കൈവിട്ടുപോകാതിരിക്കാനുള്ള അച്ഛന്റെ വൃത്തികെട്ട തന്ത്രം. അതിനു ബലിയാടാക്കുന്നത്‌ തന്നെയും. ഇല്ല അങ്ങിനെയുണ്ടായാല്‍ പിന്നെ ഈ അനിയത്തിയില്ല എന്നുറപ്പിച്ചോളൂ. ചേച്ചിക്കു തോന്നുന്നുണ്ടോ വിജയേട്ടന്‍ ചേച്ചിയെ മറന്നിട്ട്‌ എന്നെ കൂടെക്കൂട്ടുമെന്ന്‌. പക്ഷേ അച്ഛനെ പേടിക്കണം, എന്തു മാര്‍ഗത്തിലൂടെയും അയാളിതു നടത്താന്‍ നോക്കും. അശ്വതി ഒന്നും പറഞ്ഞില്ല. വാക്കുകള്‍ അവളില്‍ നിന്നും ഒഴിഞ്ഞു പോയിരുന്നു.

തുടര്‍ന്ന്‌ വായിക്കാന്‍ അശ്വതിക്ക്‌ ശ്രദ്ധ കിട്ടിയില്ല. ചിതറിക്കിടക്കുന്ന പേപ്പറുകള്‍ക്കിടയില്‍ നിന്നും രണ്ടുദിവസത്തിനു ശേഷമുള്ള പത്രത്തിന്റെ മുന്‍താളില്‍ വിജയേട്ടന്റെ ഫോട്ടോ വീണ്ടും കണ്ടു. പക്ഷേ അരുന്ധതിയില്ലല്ലോ, അപ്പോഴാണ്‌ തലക്കെട്ട്‌ ശ്രദ്ധിച്ചത്‌ - കാണ്മാനില്ല. വിവാഹദിവസം രാത്രി മുതല്‍ വിജയേട്ടന്‍ മിസ്സിംഗ്‌. തന്റെ കൈകാലുകള്‍ തളരുന്ന പോലെ തോന്നി അശ്വതിക്ക്‌, അക്ഷരങ്ങള്‍ മങ്ങുന്നപോലെയും. അക്ഷരങ്ങള്‍ ഉറുമ്പുകളേപ്പോലെ വരിയിട്ടുനീങ്ങുന്ന പോലെയും പിന്നെ ആ ഉറുമ്പുകള്‍ ആ കടലാസ്സുകളെല്ലാം തിന്നു തീര്‍ക്കുന്നപോലെയും തോന്നി അശ്വതിക്ക്‌.

മഴ ശരിക്കും തോര്‍ന്നിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ്‌ ചോര്‍ന്നൊലിക്കുന്ന ആ വഴിവക്കിലെ വീട്‌ തന്റെ ജീവിതം പോലെ തോന്നി വിജയന്‌. മഴയത്ത്‌ ഒന്നു കേറിനില്‍ക്കാന്‍ പോലും ഉപകാരമില്ലാത്ത കുറെ പഴംചുമരുകള്‍. ഓര്‍മ്മകള്‍ ഒടുങ്ങുന്നവരെയും അവള്‍ മാത്രം മതി തനിക്കെന്ന്‌ വാശിപിടിച്ചിട്ട്‌, പിന്നെ എന്തിന്‌, എന്തിനു ഞാനീ കൊടുംവേനലെടുത്തു തലയില്‍ ചൂടി. ഒരു തെറ്റ്‌, ഒരു നിമിഷാര്‍ത്ഥത്തിലെ പിഴ. അരുന്ധതിയുടെ നനുത്ത കൈകള്‍ക്ക്‌ കത്തിയൊട്ടും ചേരുന്നുണ്ടായില്ല. ഒന്നായാല്‍ പിന്നെ ഒന്നില്ലാതാവുമെന്നവള്‍ പറഞ്ഞു. അവളുടെ കണ്ണുകള്‍ നിര്‍ജ്ജീവങ്ങളായിരുന്നു. ഒട്ടും ആത്മവിശ്വാസത്തോടെയല്ല അവളതു പറഞ്ഞത്‌. അവളുടെ കൈകള്‍ വിറക്കുന്നുമുണ്ടായിരുന്നു. ഞാന്‍ സാവധാനം അവളുടെ വിരലുകള്‍ വിടര്‍ത്തി ആ കത്തി വാങ്ങി മേശമേല്‍ വച്ചു. പിന്നെ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ ചുംബിച്ചു... ഒരു മകളേപ്പോലെ അവളെന്നെച്ചേര്‍ന്നു നിന്നു, ഒരു ജീവനാളത്തെക്കെടുത്തിക്കൊണ്ടെന്നപോലെ എന്റെ കണ്ണീരുപ്പുകള്‍ അവളുടെ മൂര്‍ദ്ധാവിലലിഞ്ഞു. ഞാന്‍ ഒട്ടും ഉറച്ചതല്ലാത്ത കാല്‍വെപ്പുകളോടെ പുറത്തെ മഴയിലേക്കിറങ്ങി.

Sunday, November 05, 2006

ബ്ലോഗുകളും വിമര്‍ശനവും

പെരിങ്ങോടന്റെ "വിമര്‍ശനം- സാധ്യതകളും, അപചയങ്ങളും" എന്ന ലേഖനത്തിനനുബന്ധമായാണ്‌ ഈ പോസ്റ്റെഴുതുന്നത്‌. കൂടുതല്‍ ദൈര്‍ഘ്യമുള്ള കമന്റ്‌ പിന്മൊഴിയില്‍ നിന്നൊഴിവാക്കാനാണ്‌ ഒരു പോസ്റ്റാക്കിയിട്ടത്‌. വീയെമ്മിന്റെ നിലാപാടാണ്‌ കൂടുതല്‍ അഭികാമ്യമായത്‌ എന്നു തോന്നുന്നു. സമാനമനസ്കരായിട്ടുള്ളവരുടെ ബ്ലോഗുകളായിരിക്കും ഓരോരുത്തര്‍ക്കും കൂടുതല്‍ പഥ്യം. പിന്നെ വിമര്‍ശനത്തിന്റെ കാര്യം, കൂടുതല്‍ പേരും തങ്ങളുടെ "അഭിപ്രായം" മാത്രമാണ്‌ കമന്റുരൂപത്തിലിടുന്നതെന്നാണ്‌ തോന്നിയിട്ടുള്ളത്‌. ഓരോരുത്തരുടേയും ചിന്താരീതികളും അഭിരുചികളൂം മാറുന്നതിനനുസരിച്ച്‌ കമന്റിന്റെ രൂപഭാവങ്ങളിലും വ്യതിയാനം കണ്ടേക്കാം. കൂടുതല്‍ ഇഷ്ടം തോന്നുന്ന, അല്ലെങ്കില്‍ തന്റെ ചിന്തകളോട്‌/അനുഭവങ്ങളോട്‌/അഭിരുചികളോട്‌ കൂടുതല്‍ അടുത്തു നില്‍ക്കുന്ന പോസ്റ്റുകളിലായിരിക്കും അധികംപേരും കമന്റിടുക എന്നു തോന്നുന്നു. ഉദാ. ഞാന്‍ അക്ഷരശ്ലോകത്തിന്റെ ബ്ലോഗില്‍ അല്ലെങ്കില്‍ സമസ്യാ പൂരണത്തിന്റെ ബ്ലോഗില്‍ പോകാറില്ല, അഥവാ അവിടെപ്പോയി എന്തെങ്കിലും വായിച്ചാലും നല്ലതെന്നോ ചീത്തയെന്നോ കമന്റിടാറില്ല, കാരണം അക്ഷരശ്ലോകത്തെക്കുറിച്ച്‌ എനിക്കൊരു ചുക്കും അറിയില്ല, അത്രമാത്രം. പക്ഷേ വളരെ ആകാംക്ഷയോടെ അവിടുത്തെ ഒരു പോസ്റ്റിനായി കാത്തിരിക്കുന്നവരുണ്ടാകാം. പക്ഷേ ഞാന്‍ വീയെമ്മിന്റെയോ, മുരളിമേനോന്റെയോ, മറിയത്തിന്റെയോ, മാഗ്നിയുടെയോ, ഇടിവാളിന്റെയോ ഒരുപോസ്റ്റും വായിക്കാതെ വിടാറില്ല, അതു എനിക്കു കൂടുതല്‍ സന്തോഷം/സന്താപം അല്ലെങ്കില്‍ എന്തെങ്കിലും അനുഭവം തരുന്നു. പിന്നെ വിമര്‍ശനത്തെക്കുറിച്ചു പറയുമ്പോള്‍, പാര്‍വതിയുടെ ഒരു ചെറുകഥ, പലരും വായിച്ചിട്ടു പറഞ്ഞു - "നല്ല സബ്ജക്റ്റാണ്‌ പക്ഷേ എന്തോ ഒരു കുറവുണ്ട്‌ എന്ന്‌", എങ്കിലും ആര്‍ക്കും (എനിക്കും) അതെന്താണെന്ന്‌ വിശദീകരിക്കാനായില്ല. അപ്പോഴാണ്‌ പരാജിതന്‍ ഇന്നതായിരിക്കും പ്രശ്നമെന്നു പറഞ്ഞ്‌ ഒരു കമന്റിട്ടത്‌, അതു കണ്ടപ്പോള്‍ പലര്‍ക്കും തോന്നി, തങ്ങള്‍ പറയാനുദ്ദേശിച്ചതിതുതന്നെയാണെന്ന്‌. ഇങ്ങനെയുള്ളതാണ്‌ ക്രിയാത്മക വിമര്‍ശനമെന്നെനിക്കു തോന്നുന്നു. കടുത്ത വിമര്‍ശനം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുകാര്യം, പലരും എഴുതിത്തുടങ്ങുന്നവരായിട്ടുണ്ട്‌. അവര്‍ക്ക്‌ പ്രോത്സാഹനം കൊടുക്കേണ്ടതും അവരെ നേര്‍വഴിക്കു നടത്തേണ്ടതും ഒരു കടമയായിട്ടെടുത്തില്ലെങ്കിലും അവരെ മുളയിലേ നുള്ളിക്കളയരുത്‌. ചിലപ്പോള്‍ ബാലാരിഷ്ടതകള്‍ കാരണമാകാം രചനകളുടെ ഗുണം കുറയുന്നത്‌. പിന്നെ വെറുതേ കമന്റിടുന്നവര്‍ അങ്ങിനെയുള്ളവര്‍ക്ക്‌ രചന നന്നായില്ലെങ്കിലും കൊടുക്കുന്ന "നന്നായി, ഇഷ്ടമായി, ഉഗ്രന്‍" എന്നീ കമന്റുകള്‍ അവരുടെ ഉയര്‍ച്ചക്ക്‌ വിഘ്നം വരുത്തുകയേ ഉള്ളു എന്നു കരുതുന്നു. വാരഫലം സ്റ്റൈലിലുള്ള ബ്ലോഗുകള്‍/വിമര്‍ശനങ്ങള്‍ പലേ ബ്ലോഗുകളേയും ബൂലോഗര്‍ക്കു പരിചയപ്പെടാന്‍ ഇടനല്‍കും. ബ്ലോഗുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍, പലേ നല്ല ബ്ലോഗുകളും പലര്‍ക്കും മിസ്സാവുന്നുണ്ട്‌. ഓരോ വ്യത്യസ്ത വിഭാഗങ്ങളിലും ഓരോ പാനലുണ്ടാക്കി അവര്‍ ബ്ലോഗുകളെ നിരൂപണം ചെയ്യുന്ന ഒരു സംവിധാനം ആലോചിക്കാവുന്നതാണോ? എല്ലായ്പോഴും എതിര്‍പ്പുകളുണ്ടാവും ഏതുകാര്യത്തിനായാലും എന്നതിനു തര്‍ക്കമില്ല. എങ്കിലും ഇങ്ങനെയൊരു സംവിധാനം ബൂലോഗത്തിന്‌ പൊതുവേ ഗുണകരമായേക്കാം. പിന്നെ ഈ ഗ്രൂപ്പ്‌ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുക ഗ്രൂപ്പ്‌വഴക്ക്‌ തന്നെയാണ്‌. എങ്കിലും അതിനെ ഒന്നു മലയാളീകരിച്ച്‌ "കൂട്ടായ്മ" എന്നാക്കുമ്പോള്‍ ഒരു സൗഹൃദത്തിന്റെ ഗന്ധം കിട്ടുന്നു. ഈ സുഗന്ധത്തിനുവേണ്ടിത്തന്നെയാണല്ലോ പലരും ബൂലോഗത്തെത്തുന്നത്‌.