അമ്മായിയപ്പന് തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍
ഇടിവാളിന്റെ
അമ്മായിയപ്പനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എന്ന പോസ്റ്റിനു നേരെ പിടിച്ച ഒരു ദര്‍പ്പണമാണ് ഇത്. ഈ കണ്ണാടിയില്‍ കാണുന്നത് പക്ഷെ തികച്ചും വ്യത്യസ്തമാണ്. ബാച്ലേഴ്സിന്റെ കൈക്കൂലിക്കോ പ്രലോഭനങ്ങള്‍ക്കൊ ഇതില്‍ യാതൊരു പങ്കുമില്ലെന്ന് ആണയിടുന്നു.
അമ്മായിയപ്പന് തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍
അന്നും പതിവുപോലെ താമസിച്ചാണെണീറ്റത്, അവള്. അയാള്‍ നാലു മണിക്കു തന്നെ എണീറ്റിരുന്നു. പണികള്‍ക്കിടയിലും അവള് എണീറ്റോ എന്നായിരുന്നു അയാളുടെ വേവലാതി. എണീറ്റാലുടനെ ചായകിട്ടിയില്ലെങ്കില്‍ അവളുടെ വായിലുള്ളത് മുഴുവന്‍ രാവിലെ തന്നെ കേള്‍ക്കണം. തിരക്കിനിടെ വീണ്ടും അയാളത് മറന്നു. ഒരു അലര്‍ച്ച കേട്ടപ്പോഴാണ് അയാള്‍ ചായയും കൊണ്ട് ഓടിച്ചെന്നത്.
"ഇയാള്‍ക്ക് രാവിലെ തന്നെ ഒന്ന് കുളിച്ച് വൃത്തിയായി വന്നാലെന്താ? കണികാണാനായി വന്നു നില്ക്കുന്ന കോലം കണ്ടില്ലേ?" സന്തോഷായി, ഇന്നത്തേക്കുള്ളതായി. ഇന്നത്തെ ദിവസം ഒട്ടും മോശാവില്ല.
"ദാ, ചായ..."
പപ്പടം കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ടായിരുന്നു അയാളുടെ നരച്ച ബര്‍മുഡയ്ക്ക്. ഇന്ന് രാവിലെ പുട്ടും പപ്പടവുമായിരുന്നു അയാള്‍ ഉണ്ടാക്കിയത്.
അയാളോര്‍ത്തു, ബാച്ചിലര്‍ ആയിരുന്നപ്പോള്‍ പറ്റിറങ്ങുന്നതു വരെ കിടന്നുറങ്ങിയിരുന്നത്, വീണ്ടും രാവിലെ കിക്ക് മാറാനായി ഒരു ഷിവാസും കൂടി പിടിപ്പിച്ച്, ശ്ശൊ.. യോഗമാണ് യോഗം.
പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ് തീന്മേശയില് വന്നതും, അയാള്‍ വിഭവങ്ങളെല്ലാം നിരത്തി.
എത്ര നാളായിട്ടു കൊതിക്കുന്നതാണെന്നോ, അപ്പവും സ്റ്റുവും കഴിക്കാനായിട്ട്, പക്ഷേ അവളോടെങ്ങാനും ഇതു പറഞ്ഞാല്‍ കൊന്നു കളയും അതില്‍ ഭേദം അന്നപൂര്‍ണയില്‍ പോയി കഴിക്കുന്നതാണ്.
ഇത്രയൊക്കെ ഒരുക്കിയിട്ടും ജ്യൂസ് കിട്ടാന്‍ വൈകിയതിന് എന്താ ഒരു പുകില്.
എങ്ങിനെയെങ്കിലും പണിയൊക്കെ ഒന്നു തീര്‍ത്ത് തടിതപ്പാന്‍ നോക്കിയപ്പൊഴേക്കും "ഈ ചുരിദാറൊക്കെ തേച്ചുവക്കാന്‍ ഇനി എല്ലാ ദിവസവും പറഞ്ഞിട്ടു വേണോ..." അപ്പൊഴേക്കും ഒരു കെട്ട് തുണികളുമായി അവളെത്തി.
അവള് പുറത്തിറങ്ങി കാറില്‍കയറാന്‍ നേരത്താണ് മുഖത്ത് ഒരു പരിഭവം.
അപ്പോഴാണോര്‍ത്തത്, "ഹോ, പതിവുപോലെ ചെരിപ്പ് തുടച്ച് വച്ചിട്ടില്ലല്ലോ"!
സോറി കുട്ടീ എന്നു പറഞ്ഞ് വേഗം ചെന്ന് രണ്ടു ചെരിപ്പുകളും തുടച്ച് മുന്നില്‍ കൊണ്ടുകൊടുത്തു.
പിന്നേം ബാക്കിയുള്ള പണിയെല്ലാം തീര്‍ത്ത് കുളിച്ചെന്നു വരുത്തി മുറ്റത്തേക്കിറങ്ങിയപ്പോള്‍ അയാള്‍ക്ക് എങ്ങിനെ പോകണമെന്ന് സംശയമൊന്നുമുണ്ടായില്ല. കിട്ടുന്ന നക്കാപ്പിച്ച കൊണ്ടു ലോണെടുത്ത് വാങ്ങിയിട്ട മാരുതി അവളെടുത്തോണ്ടു പോയി. ഇനി അടുത്ത ബസ്സ്റ്റോപ്പുവരെ കാല്‍നട തന്നെ. കല്യാണത്തിന്റെ 10ആം വാര്‍ഷികമായപ്പോള്‍ അമ്മായിയപ്പനോട് ഒരു സെക്കന്റ്ഹാന്റ് അംബാസ്സഡറെങ്കിലും വാങ്ങിത്തരാന്‍ പറഞ്ഞിട്ട്, കക്ഷിയുടെ തേച്ചാലും മായ്ച്ചാലും പോകാത്ത സാഹിത്യം ഇപ്പോഴും ചെവിയിലുണ്ട്.
തിരിച്ചു ബസ്സില്‍ തൂങ്ങി നില്ക്കുമ്പോള് അയാള്‍ ഓര്‍ത്തു, അമ്മായിയപ്പനെ ഒന്നുകൂടി മുട്ടുക തന്നെ, അയാള്‍ ഇങ്ങോട്ടു വന്നിട്ട് നമ്മുടെ കാര്യങ്ങള്‍ നടക്കലുണ്ടാവില്ല.
അവള് ഡ്രൈവു ചെയ്യുമ്പോള്‍ സൈഡിലിരിക്കുന്ന അയാളെ പുഛത്തോടെ നോക്കി. ഭാര്യവീട്ടില്‍ ഭാര്യയും അമ്മായിയമ്മയും കൂടി കുറെ നേരമായിട്ട് കലപിലാന്ന് സംസാരിച്ചോണ്ടിരുന്നിട്ടും അയാള്‍ക്ക് ഒരു ചായപോലും കിട്ടിയില്ല.
കോണികേറി മുകളില്‍ ചെന്നപ്പോള്‍ അമ്മായിയപ്പന് ഇരുന്ന് എതോ എക്സ്മിലിറ്ററിയുടെ കയ്യില്‍ നിന്നും വാങ്ങിയ റം വലിച്ചുകേറ്റിക്കൊണ്ടിരിക്കുന്നു. റമ്മെങ്കില്‍ റം ഒരെണ്ണം വീശാന്‍ തന്നെ തീരുമാനിച്ചു ഒരു ഗ്ലാസ്സിനായി ചുറ്റും പരതി.
"എന്തേ ഇപ്പോ ങ്ങട് കെട്ടിയെടുക്കാന്‍?"
അമ്മായിയപ്പന്റെ കടുപ്പിച്ച ചോദ്യത്തില്‍ അയാള്‍ ചൂളി. ഒന്നു വീശാനുള്ള പൂതി അതോടെ തീര്‍ന്നു. കെളവന് രണ്ട് അറ്റാക്ക് വന്ന് നിക്കുവാണ്, എന്നാലും ഉള്ളതെന്താണെന്നു വച്ചാ ആര്‍ക്കെങ്കിലും കൊടുക്കില്ല.
"അല്ലാ അച്ഛന് പ്രായം കൂടിവരികയല്ലേ?"
"അതിന് നിനക്കെന്നാ ചേതം?"
"അല്ലാ, ആ തെക്കേ മൂലേല് കൃഷിചെയ്യാതിട്ടിരിക്കുന്ന സ്ഥലം..."
"ഡാ, .....മോനേ.... ആ വെള്ളം അങ്ങു വാങ്ങിയേരെ ഇപ്പത്തന്നെ, നടക്കുകേല"
"അല്ല, ഞാന്‍ അതില്‍ കുറച്ച് വാഴവച്ചാലോന്നാലോചിക്കുവായിരുന്നു."
"ഫാ, ചെറ്റേ, സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കാന്‍ നോക്കെടാ..."
"എന്നാല്‍, ആ കലുങ്കിന്റെയടുത്തുള്ള പാറയായിട്ടുള്ള നാലു സെന്റെങ്കിലും...."
"%^&#$$%^*%@^.... നിന്റെ തന്ത സമ്പാദിച്ചു കൂട്ടിയേക്കണതാണോടാ" പുളിച്ച തെറിയുടെ പിന്നാലെ എത്തിയത് പുള്ളീ കുടിച്ചോണ്ടിരുന്ന ഗ്ലാസ്സായിരുന്നു.
രാത്രി ഒരു മണിയായി വീട്ടിലെത്തുമ്പോള്‍, ഹോസ്പിറ്റലില്‍ എന്തു തിരക്കാണ്, നെറ്റിയില്‍ സ്റ്റിച്ചിട്ടു പുറത്തു വന്നപ്പോള്‍ ഈ നേരമായി.
കുളിച്ചു പുതിയ നൈറ്റിയുമിട്ട് അവള് റെഡിയായി, കിടക്കാനായിട്ട്. ബെഡ്ഡിനരികേയുള്ള ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്യാനായി അവളുടെ കൈകള്‍ നീങ്ങി, അയാള്‍ അടുക്കളയിലെ ബാക്കിയുള്ള പാത്രങ്ങള്‍ കഴുകാനും.